എന്റെ ഉദ്ദേശ്യപൂർണമായ ജീവിതത്തിന് അടിത്തറപാകിയ പരിശീലനം
എന്റെ ഉദ്ദേശ്യപൂർണമായ ജീവിതത്തിന് അടിത്തറപാകിയ പരിശീലനം
ഏണസ്റ്റ് പാൻഡചുക്ക് പറഞ്ഞ പ്രകാരം
വിശാലമായ പുൽപ്രദേശങ്ങളുള്ള കാനഡയിലെ സസ്കാച്ചെവനിലാണ് ഞാൻ ജനിച്ചത്. 23 വയസ്സ് ഉള്ളപ്പോൾ ഞാൻ ആഫ്രിക്കയിലേക്കു പോയി, അവിടെ ഒരു മിഷനറിയെന്ന നിലയിൽ ഞാൻ 35 വർഷം വളരെ രസകരവും സന്തോഷപ്രദവുമായ ഒരു ജീവിതം നയിച്ചു. എന്റെ ജീവിതം ഇത്തരത്തിൽ ഇതൾവിരിഞ്ഞത് എങ്ങനെയായിരുന്നു? അത് കേവലം യാദൃച്ഛികമായിരുന്നില്ല. അതിനെ കുറിച്ച് ഞാൻ നിങ്ങളോടു പറയട്ടെ.
ഞങ്ങളുടെ ആദ്യത്തെ വീട് കഴുക്കോലുകളും കളിമണ്ണും പുല്ലും കൊണ്ട് ഉണ്ടാക്കിയതായിരുന്നു. പുൽപ്പുറങ്ങളിലെ രൂക്ഷമായ ശൈത്യത്തിൽനിന്ന് ഞങ്ങളുടെ കുടുംബത്തിനു സംരക്ഷണമേകാൻ മതിയായതായിരുന്നില്ല അത്. 1928-ൽ, ഞങ്ങൾ ഒമ്പതു മക്കളിൽ മിക്കവരും ജനിക്കുന്നതിനു മുമ്പ്, ഞങ്ങളുടെ വീട് സന്ദർശിച്ച ഒരാളിൽനിന്നു ഡാഡിയും മമ്മിയും ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചു. തുടർന്നുവന്ന ദീർഘമായ ശൈത്യകാലത്ത് ഈ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ അവർ ബൈബിൾ പഠിച്ചു. വസന്തകാലം ആയപ്പോഴേക്കും തങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് അവർക്കു ബോധ്യമായിക്കഴിഞ്ഞിരുന്നു. അവർ ബന്ധുക്കളോടും സുഹൃത്തുക്കളോടും അയൽക്കാരോടും പ്രത്യേകിച്ച് തങ്ങളുടെ മക്കളോടും ഇതേക്കുറിച്ചു സംസാരിച്ചു തുടങ്ങി.
അങ്ങനെയിരിക്കെ, 1931-ൽ ഞാൻ ജനിച്ചു, അധികം വൈകാതെ എന്റെ ഇളയവരായ അഞ്ച് ഉടപ്പിറപ്പുകളും. ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ കുടുംബദിനചര്യയുടെ ഭാഗമായിരുന്നു. ഞങ്ങൾ എല്ലാവരും ഒന്നിച്ചുണ്ടായിരുന്ന പ്രഭാതങ്ങൾ ഞാൻ ഇന്നും പ്രിയത്തോടെ ഓർക്കുന്നു. ഒരു ബൈബിൾ വാക്യം പരിചിന്തിക്കുന്നതിൽ ഡാഡി നേതൃത്വം എടുക്കുമായിരുന്നു, വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നപ്പോൾ പോലും ഇതിനു മുടക്കം വന്നിരുന്നില്ല. മമ്മിയും ഡാഡിയും മൂത്ത കുട്ടികളും മാറിമാറി ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഉറക്കെ വായിക്കുമായിരുന്നു.
എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനു പുറമേ, ബൈബിൾ കൺകോർഡൻസുകൾ ഉപയോഗിച്ച് ഗവേഷണം നടത്തേണ്ടത് എങ്ങനെയെന്നും ഡാഡി ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ട്, ഞങ്ങളുടെ വിശ്വാസങ്ങൾ സംബന്ധിച്ചു മറ്റുള്ളവർക്കു വിശദീകരണം നൽകാൻ ബൈബിൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു ഞങ്ങൾ വളരെ വേഗം പഠിച്ചു. ആസ്വാദ്യകരമായ ഇത്തരം ചർച്ചകൾ, ബൈബിൾ വിഷയങ്ങളെ കുറിച്ച് ന്യായവാദം ചെയ്യാൻ എന്നെ പ്രാപ്തനാക്കി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ, വ്യാജ മതോപദേശങ്ങളെ ബൈബിൾ ഉപയോഗിച്ച് ഖണ്ഡിക്കാനും എനിക്കു കഴിഞ്ഞു. മരണത്തെ അതിജീവിക്കുന്ന യാതൊന്നും മനുഷ്യനിൽ ഇല്ല, അഗ്നിനരകം ഇല്ല, ദൈവവും യേശുവും തുല്യരോ ത്രിത്വം എന്നു വിളിക്കപ്പെടുന്നതിന്റെ ഭാഗമോ അല്ല എന്നിവയെല്ലാം തെളിയിക്കാൻ എനിക്കു കഴിഞ്ഞു.—സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4, NW; യോഹന്നാൻ 14:28.
ശരിയായതു ചെയ്യുന്നതിനു വേണ്ടി—അത് ജനസമ്മിതി ഇല്ലാത്ത കാര്യങ്ങൾ ആണെങ്കിൽപ്പോലും—ഉറച്ച നിലപാട് എടുക്കാൻ ഡാഡിയും മമ്മിയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവർതന്നെ മാതൃകവെക്കുകയും ചെയ്തു.
ഉദാഹരണത്തിന്, അവർ ഒരിക്കലും പുകയില ഉപയോഗിച്ചിരുന്നില്ല. അതുപോലെ അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും സ്കൂളിൽ ഞങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന സമ്മർദത്തെ കുറിച്ചും അവർ ഞങ്ങൾക്കു മുന്നറിയിപ്പു നൽകി. ഡാഡിയുടെ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു: “പുകവലിക്കാൻ വിസമ്മതിക്കുമ്പോൾ നിന്നെ ആണത്തമില്ലാത്തവൻ എന്നു വിളിച്ചേക്കാം. അങ്ങനെ വിളിക്കുന്ന ആളോട് അപ്പോൾ ചോദിക്കുക, ‘ആരാണ് ആണത്തമുള്ളവൻ? പുകയിലയുടെ നിയന്ത്രണത്തിൽ വരുന്നവനോ അതോ പുകയിലയെ നിയന്ത്രിക്കുന്നവനോ?’”എനിക്കു 11 വയസ്സ് ഉള്ളപ്പോൾ, ബാല്യത്തിൽ ലഭിച്ച ബൈബിൾ അധിഷ്ഠിത ശിക്ഷണത്തോടു ഞാൻ പറ്റിനിൽക്കുമോ ഇല്ലയോ എന്നുള്ള മറ്റൊരു പരിശോധനയെ എനിക്കു നേരിടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധകാലം. സ്കൂൾ കുട്ടികൾ പതാകയോടു കൂറുപ്രഖ്യാപിക്കുന്ന ഒരു പ്രതിജ്ഞ ചൊല്ലാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അത്തരമൊരു പ്രതിജ്ഞ ഒരു ആരാധന പ്രവൃത്തി ആയിരിക്കുമെന്ന് ബൈബിൾ പഠനത്തിൽനിന്നു തിരിച്ചറിഞ്ഞിരുന്നതിനാൽ ഞാൻ അതിനു വിസമ്മതിച്ചു. ഫലമോ? ആറുമാസത്തേക്ക് എന്നെ സ്കൂളിൽനിന്നും പുറത്താക്കി.
എന്നിരുന്നാലും, കാലാന്തരത്തിൽ ഞാൻ സ്കൂൾ പഠനം പൂർത്തിയാക്കുകയും 1947 മാർച്ചിൽ, യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തു. ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു പയനിയർ, സുവാർത്തയുടെ ഒരു മുഴുസമയ പ്രഘോഷകൻ ആയിത്തീർന്നു. ആദ്യം ഞാൻ സേവിച്ചത് ദക്ഷിണ സസ്കാച്ചെവനിൽ ആയിരുന്നു. വിശാലമായ ഈ പ്രദേശത്തെ കർഷകരോടും കുതിരകളെയും കന്നുകാലികളെയും മറ്റും വളർത്തുന്നവരോടും ഞാൻ സാക്ഷീകരിച്ചു. വേനൽക്കാലത്ത് ഞാൻ കുതിരപ്പുറത്തു യാത്ര ചെയ്തു. തണുത്തുറഞ്ഞ ശൈത്യകാലത്ത്, കുതിരകൾ വലിക്കുന്ന, കബൂസ് എന്നു ഞങ്ങൾ വിളിച്ച അടച്ചുകെട്ടിയ ഒരുതരം ഹിമവണ്ടിയിലും. ഇത് മരക്കരി കത്തിച്ചു ചൂടുപിടിപ്പിച്ചിരുന്നു. അതുകൊണ്ട് വണ്ടി ചെരിയാതെ ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നു.
നാട്ടിൻപുറത്തുകാർ സൗഹൃദമനസ്കരും അതിഥിപ്രിയരും ആയിരുന്നു. വൈകുന്നേരമാണ് അവരെ സന്ദർശിക്കുന്നതെങ്കിൽ, അന്നു രാത്രി അവിടെ താമസിക്കാൻ മിക്കപ്പോഴും അവർ എന്നെ ക്ഷണിക്കുമായിരുന്നു. ഇത്തരം അവസരങ്ങളിൽ നടത്തപ്പെട്ട സജീവമായ ബൈബിൾ ചർച്ചകൾ എനിക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്നോ! രാത്രിമുഴുവൻ ദീർഘിച്ച ഒരു ചർച്ചയ്ക്കുശേഷം സത്യത്തോടു പ്രതികരിച്ചവരിൽ പീറ്റേഴ്സൺ കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടുന്നു. ഏളും അവന്റെ അമ്മയും യഹോവയുടെ സജീവ സാക്ഷികളായിത്തീർന്നു.
ക്വിബെക്കിൽ സേവിക്കുന്നു
ക്വിബെക്ക് പ്രവിശ്യയിൽ പ്രസംഗവേല നിർവഹിക്കാൻ പയനിയർമാരോടു സഹായം അഭ്യർഥിച്ചപ്പോൾ ഞാൻ അതിനു തയ്യാറായി. 1949-ൽ ആയിരുന്നു ഇത്. കാനഡയിൽനിന്നുള്ള ഏകദേശം 200 പയനിയർമാർ ഇതിനു സന്നദ്ധത പ്രകടിപ്പിച്ചു. ക്വിബെക്കിൽ എല്ലായിടത്തും നിയമനങ്ങൾ സ്വീകരിക്കാൻ തയ്യാറായിക്കൊണ്ട് സെപ്റ്റംബറിൽ അവർ മോൺട്രിയോൾ നഗരത്തിൽ എത്തിച്ചേർന്നു. യഹോവയുടെ സാക്ഷികളെ പ്രവിശ്യയിൽനിന്ന് ഉന്മൂലനം ചെയ്യും എന്നു ശപഥമെടുത്ത കത്തോലിക്കാ പ്രധാനമന്ത്രി മോറിസ് ഡൂയിപ്ലെസീ അധികാരത്തിലിരുന്ന കാലമായിരുന്നു അത്.
വെല്ലുവിളികൾ നിറഞ്ഞതും തിരക്കേറിയതും എന്നാൽ രസകരവുമായ സമയമായിരുന്നു അത്. അതായത്, ഞങ്ങൾ ഫ്രഞ്ചുഭാഷ പഠിക്കുന്നുണ്ടായിരുന്നു. അറസ്റ്റിനെയും ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളെയും നേരിടേണ്ടതുണ്ടായിരുന്നു. മതഭ്രാന്തന്മാർ വന്ന് ക്രിസ്തീയ കൂടിവരവുകൾ അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, അസഹിഷ്ണുതാപരമായ അത്തരം പ്രവൃത്തികൾ എന്നെ ഭയപ്പെടുത്തുകയോ ദൈവത്തിന്റെ ശുശ്രൂഷകനെന്ന നിലയിൽ സേവിക്കുക എന്ന എന്റെ ജീവിതലക്ഷ്യത്തിനു ചാഞ്ചല്യം വരുത്തുകയോ ചെയ്തില്ല. ശരിയായതിനോടുള്ള സ്നേഹം എന്റെ മാതാപിതാക്കൾ എന്നിൽ നട്ടുവളർത്തിയിട്ടുണ്ടായിരുന്നു, മാത്രമല്ല എതിർപ്പുകൾ ഉണ്ടായിരുന്നാലും യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞ ലോകവ്യാപക പ്രസംഗവേല നിർവഹിക്കപ്പെടുമെന്നുള്ള ബോധ്യവും അവർ എന്നിൽ ഉൾനട്ടിരുന്നു.—ഞാൻ ക്വിബെക്കിൽ ആയിരുന്നപ്പോൾ സസ്കാച്ചെവനിൽനിന്നുള്ള ഒരു വിശ്വസ്ത പയനിയറായ എമിലി ഹൗറിഷിനെ കണ്ടുമുട്ടി. 1951 ജനുവരി 27-നു ഞങ്ങൾ വിവാഹിതരായി, അന്നുമുതൽ എമിലി എന്റെ വിശ്വസ്തയായ സഹപ്രവർത്തകയും പ്രോത്സാഹനം പകരുന്ന സുഹൃത്തും ആയിരുന്നിട്ടുണ്ട്. ശുശ്രൂഷയിൽ കൂടുതൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കുക എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും ലക്ഷ്യമായിരുന്നതുകൊണ്ട് ഞങ്ങൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്ക് അപേക്ഷ നൽകി. ഞങ്ങളെ വിദ്യാർഥികളായി തിരഞ്ഞെടുക്കുകയും മിഷനറി സേവനത്തിന് ശുശ്രൂഷകരെ ഒരുക്കാനുള്ള അനേക മാസത്തെ പരിശീലനം നൽകുകയും ചെയ്തു. ഒടുവിൽ, 1953 ഫെബ്രുവരിയിൽ ഗിലെയാദിലെ 20-ാമത്തെ ക്ലാസ്സിൽനിന്ന് ഞങ്ങൾ ബിരുദം നേടി.
ആഫ്രിക്കയിൽ കാലുകുത്തുന്നതിന് ആവശ്യമായ രേഖകൾ ശരിയാക്കി കിട്ടുന്നതിനുള്ള കാലയളവിൽ കാനഡയിലെ ഒൺടേറിയോയിലും ആൽബെർട്ടയിലും ഉള്ള യഹോവയുടെ സാക്ഷികളുടെ സഭകളെ സഹായിക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. ആ കാലത്ത് ഒരു സഭയിൽനിന്ന് മറ്റൊരിടത്തേക്കു പോകുന്നതിന് ഞങ്ങൾ പൊതുവാഹനത്തെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങൾക്കുള്ളതെല്ലാം ഒരു സ്യൂട്ട്കേസിൽ ഒതുക്കിക്കൊണ്ട് ജീവിതം ലളിതമാക്കുന്നതിനു ഞങ്ങൾ പഠിച്ചു. കുറച്ചുമാസങ്ങൾക്കു ശേഷം, ഞങ്ങളുടെ യാത്രയ്ക്കും മറ്റും വേണ്ട എല്ലാ രേഖകളും തയ്യാറായിക്കഴിഞ്ഞപ്പോൾ ഞങ്ങൾ കാനഡയോടു യാത്രപറഞ്ഞ് ഇന്നു സിംബാബ്വേ എന്നറിയപ്പെടുന്ന ദക്ഷിണ റൊഡേഷ്യയിൽ എത്തി.
ആഫ്രിക്കയിലെ ജീവിതവുമായി പൊരുത്തപ്പെടുന്നു
ഞങ്ങൾ എത്തിച്ചേർന്ന് അഞ്ചുമാസത്തിനുള്ളിൽ, സിംബാബ്വേയിലും ബോട്സ്വാനയിലും ഉത്തര റൊഡേഷ്യയുടെ (ഇപ്പോൾ സാംബിയ) തെക്കുഭാഗങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളുടെ കൂട്ടങ്ങളെ സന്ദർശിക്കാൻ ഞങ്ങളെ നിയമിച്ചു. ഞങ്ങളുടെ വിദേശ നിയമനങ്ങളെ സ്വന്തം നാടുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും ഏതു സാഹചര്യത്തിൽ ആയാലും നമ്മുടെ അനുഭവങ്ങളിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാൻ ഉണ്ടാകുമെന്നുമുള്ള പ്രോത്സാഹനം ഗിലെയാദ് സ്കൂളിൽ ഞങ്ങൾക്ക് ലഭിച്ചിരുന്നു. അത്തരം ജ്ഞാനപൂർവകമായ വാക്കുകൾ ഞങ്ങളുടെ ചിന്തയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സഹായിച്ചു. പിൻവരുന്ന വാക്കുകളോട് ഞാനും എമിലിയും ഇന്നും യോജിക്കുന്നു: “എല്ലാ സാഹചര്യങ്ങളിൽനിന്നും പരമാവധി പ്രയോജനം നേടുക; പിന്നീട് ഒരിക്കലും അതുണ്ടായെന്നു വരില്ല.”
ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിന് ട്രെയിൻ, ബസ്സ്, ട്രക്ക്, സൈക്കിൾ എന്നിങ്ങനെ ഞങ്ങൾക്കു ലഭ്യമായിരുന്ന ഏതുതരം വാഹനസൗകര്യങ്ങളും ഞങ്ങൾ ഉപയോഗിച്ചു. ഇതുതന്നെ പ്രയാസമുള്ള കാര്യമായിരുന്നെങ്കിലും “എല്ലാ സാഹചര്യങ്ങളിൽനിന്നും പരമാവധി പ്രയോജനം നേടുക” എന്നുള്ള തീരുമാനം പരിശോധിക്കപ്പെട്ട മറ്റു സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. നിയമപരമായ ചില നിയന്ത്രണങ്ങൾ നിമിത്തം ആദ്യത്തെ രണ്ടുവർഷം, എമിലിക്ക് എന്റെകൂടെ ഗോത്രവർഗക്കാരുടെ പ്രദേശത്തേക്കു വരാൻ കഴിയില്ലായിരുന്നു. അതുകൊണ്ട്, റെയിൽ പാത അവസാനിക്കുന്നിടത്തുള്ള പട്ടണങ്ങളിൽ, മിക്കപ്പോഴും സാക്ഷികളൊന്നും ഇല്ലാത്തയിടങ്ങളിൽ എന്റെ ഭാര്യ ഒറ്റയ്ക്കു കഴിയേണ്ടിവന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടാണെങ്കിൽ ഏതാനും വർഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എമിലിയുടെ വിശ്വസ്തതയും ധൈര്യവും നിശ്ചയദാർഢ്യവും അവളോടുള്ള എന്റെ ആദരവും സ്നേഹവും വർധിപ്പിക്കുക മാത്രമല്ല ഈ സമുദായങ്ങളിൽ എല്ലാം രാജ്യഫലം പുറപ്പെടുവിക്കാൻ ഇടയാക്കുകയും ചെയ്തു.
തദ്ദേശവാസികളായ ആരുടെയെങ്കിലും വീട്ടിൽ താമസസൗകര്യം ക്രമീകരിച്ചശേഷം ഞാൻ ഗോത്രവർഗക്കാരുടെ പ്രദേശത്തേക്കു പോകും. ഞാൻ തിരിച്ചുവരുന്നതുവരെ എമിലി അടുത്ത പ്രദേശങ്ങളിലെല്ലാം സാക്ഷീകരണം നടത്തും. ചിലപ്പോഴൊക്കെ അവൾ ഒരുമാസത്തോളം ഒറ്റയ്ക്കു പ്രവർത്തിച്ചിട്ടുണ്ട്. യഹോവയുടെ അതിശക്തമായ കരങ്ങളിൽ ആശ്രയിച്ചതു നിമിത്തം അവൾക്ക് ബലവും സംരക്ഷണവും ലഭിക്കുകയും അവളുടെ ശുശ്രൂഷ ഫലം കായ്ക്കുകയും ചെയ്തു. ഒരു സന്ദർഭത്തിൽ, റീറ്റാ ഹാൻകോക്ക് എന്ന ഒരു സ്ത്രീ ബൈബിൾ സത്യത്തോടു പ്രതികരിക്കുകയും പിന്നീട് അവരുടെ ഭർത്താവും അവരോടു ചേരുകയും ചെയ്തു. അദ്ദേഹം വിശ്വസ്തനായ ഒരു സഹോദരനായിത്തീർന്നു, മരണംവരെ ഒരു ക്രിസ്തീയ മൂപ്പനായി സേവിക്കുകയും ചെയ്തു. എമിലി ബൈബിൾ സത്യത്തിന്റെ വിത്തുവിതച്ച ചില പട്ടണങ്ങളിൽ ഇന്നു തഴച്ചുവളരുന്ന സഭകളുണ്ട്.
ആഫ്രിക്കക്കാരുടെ ആതിഥ്യമര്യാദയും കൽപ്പനാവൈഭവവും
ഗോത്രവർഗക്കാരുടെ പ്രദേശത്തെ ആഫ്രിക്കൻ സാക്ഷികൾക്ക് യഹോവയുടെ സംഘടനയോടും അതിന്റെ സഞ്ചാരപ്രതിനിധികളോടുമുള്ള അഗാധമായ വിലമതിപ്പ് എന്റെ ഹൃദയത്തെ സ്പർശിച്ചു. സ്നേഹധനരായ ഈ സഹോദരങ്ങൾ എന്നെ പൊന്നുപോലെ നോക്കി. എല്ലാ തിങ്കളാഴ്ചയും ഞാൻ ഒരു സമ്മേളനസ്ഥലത്തുനിന്ന് അടുത്തതിലേക്കു യാത്രചെയ്തു. പുല്ലുകൊണ്ടു പുതിയതായി നിർമിച്ച ഒരു കുടിലായിരിക്കും എന്റെ താമസസ്ഥലം, ഇത് സസ്കാച്ചെവനിലെ കൃഷിയിടത്തിലെ ഞങ്ങളുടെ ഭവനത്തെ കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിലേക്കു കൊണ്ടുവരുമായിരുന്നു. 30 സെന്റിമീറ്റർ കനത്തിൽ തറയിൽ പുല്ല് വിരിച്ചിട്ടതായിരുന്നു എന്റെ കിടക്ക. അതിനുമുകളിൽ ഒരു ഷീറ്റും വിരിച്ചിട്ടുണ്ടാകും.
ഗോത്രവർഗക്കാരുടെ പ്രദേശത്തെ സമ്മേളനങ്ങൾ കാടിന്റെ സ്വാഭാവിക പശ്ചാത്തലത്തിലാണ് സാധാരണ നടത്തിയിരുന്നത്. ഇതിൽ പങ്കെടുക്കാൻ എത്തുന്നവർ, പടർന്നുപന്തലിച്ചുനിൽക്കുന്ന വൃക്ഷങ്ങൾ തണലിനായി നിറുത്തിക്കൊണ്ട് പ്രദേശം വെട്ടിത്തെളിക്കും. കെട്ടുകണക്കിനു പുല്ലു വൃത്തിയായും ചിട്ടയായും നിരത്തിവെച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. അവസാനം, ചുറ്റും മനോഹരമാക്കുന്നതിന് പുല്ലുകൊണ്ടൊരു വേലിയും തീർക്കുമായിരുന്നു. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് കാടിന്റെ പശ്ചാത്തലത്തിൽ അവിസ്മരണീയമായ
താളപ്പൊരുത്തത്തോടെ യഹോവയ്ക്കു സ്തുതിഗീതങ്ങൾ ആലപിക്കുന്ന നമ്മുടെ ആഫ്രിക്കൻ സഹോദരീസഹോദരന്മാരുടെ ശ്രുതിമധുരമായ സ്വരം എനിക്ക് എല്ലായ്പ്പോഴും എത്ര ഹൃദയസ്പർശി ആയിരുന്നെന്നോ.സ്മരണീയമായ ഒരു അനുഭവം
എന്റെ ശുശ്രൂഷ അനവരതം തുടരവേ, ഞാൻ ഗിഡിയൊൻ സെൻഡായെ കണ്ടുമുട്ടി. ആംഗ്ലിക്കൻ സഭ നടത്തുന്ന മിഷൻ സ്കൂളുകളുടെ ചീഫ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം. ഗിഡിയൊന് സർവകലാശാല പഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം ലഭിച്ചത് സഭ വഴിയായിരുന്നു. എന്നിരുന്നാലും, തന്റെ നിരവധി ബൈബിൾ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. അതുകൊണ്ട്, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാനായി അദ്ദേഹത്തെയും കുറെ സഹപ്രവർത്തകരെയും സന്ദർശിക്കാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവിടെ സ്കൂൾ ഇൻസ്പെക്ടർമാർ, ഹെഡ്മാസ്റ്റർമാർ, അധ്യാപകർ എന്നിവർ ഉൾപ്പെടെ 50-ഓളം പേർ ചർച്ചയ്ക്കു സന്നിഹിതരായിരുന്നു. ഗിഡിയൊൻ ആയിരുന്നു അധ്യക്ഷൻ. ക്രമീകൃതമായ രീതിയിൽ ഞങ്ങൾ ഒന്നിനു പുറകെ ഒന്നായി വിഷയങ്ങൾ ചർച്ചചെയ്തു. ഒരു വിഷയത്തെ കുറിച്ച് ഞാൻ 15 മിനിട്ടു സംസാരിക്കും, അതിനുശേഷം ചോദ്യങ്ങൾ ഉള്ളവരെല്ലാം അവ ചോദിക്കും. ഈ ചർച്ച അനേകം മണിക്കൂറുകൾ നീണ്ടുനിന്നു.
ഈ അസാധാരണ ചർച്ചയുടെ ഫലം എന്തായിരുന്നെന്നോ? ഗിഡിയൊനും കുടുംബവും അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരു വലിയ ഗണവും സമർപ്പിച്ചു സ്നാപനമേറ്റ് യഹോവയുടെ ദാസന്മാരായിത്തീർന്നു. പക്ഷേ, ആംഗ്ലിക്കൻ വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്തിരുന്ന അവരെ പ്രാദേശിക ബിഷപ്പ് പിരിച്ചുവിട്ടു. എന്നിരുന്നാലും, അവർ എല്ലാവരും നിർഭയരും യഹോവയുടെ സേവനത്തിൽ അചഞ്ചലരുമായി നിലകൊണ്ടു. ചിലർ പയനിയർ ശുശ്രൂഷ ഏറ്റെടുത്തു.
വിസ്മയാവഹമായ ഒരു ചലച്ചിത്രത്തോടുള്ള പ്രതികരണം
പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം യഹോവയുടെ സാക്ഷികൾ 1954-ൽ പ്രകാശനം ചെയ്തു. തൊട്ടടുത്തവർഷം, ഗോത്രവർഗക്കാരുടെ പ്രദേശത്തേക്ക് ഭർത്താവിന്റെ കൂടെ ഭാര്യയും പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് എടുത്തുകളഞ്ഞു. അതുകൊണ്ട് എമിലിക്ക് എന്നോടൊപ്പം വരാമെന്നായി. അപ്പോൾ ഞങ്ങൾക്ക് ഒരു മോട്ടോർ വാഹനവും ഒരു വൈദ്യുത ജനറേറ്ററും ഒരു പ്രൊജക്ടറും നൽകി. ഗോത്രവർഗക്കാരുടെ പ്രദേശങ്ങളിൽ എല്ലാം ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിനായിരുന്നു ഇത്. അനേകരും അതിനു മുമ്പ് ഒരു ചലച്ചിത്രം കണ്ടിട്ടില്ലായിരുന്നു. അതിനാൽ ഞങ്ങളുടെ പ്രദർശനങ്ങൾ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള നമ്മുടെ വലിയ അച്ചടിശാലയിൽ ബൈബിളും ബൈബിൾ സാഹിത്യങ്ങളും ഉത്പാദിപ്പിക്കുന്നത് ഇതിലൂടെ പടിപടിയായി ചിത്രീകരിച്ചിരുന്നു.
ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ 1953-ൽ നടന്ന കൺവെൻഷനിൽ, യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര സഹോദരവർഗം ആരാധനയിൽ പങ്കുപറ്റുന്നതിന്റെ ദൃശ്യങ്ങളും പ്രസ്തുത ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. വർഗവർണ വിവേചനയില്ലാത്ത, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഇത്തരമൊരു പ്രകടനം ഈ ആഫ്രിക്കക്കാർ കണ്ടിട്ടേയില്ലായിരുന്നു. ബൈബിൾ പഠിക്കാനും സാക്ഷികളോടൊത്തു സഹവസിക്കാനും സിംബാബ്വേക്കാരായ നിരവധി കുടുംബങ്ങളെ ഈ ചലച്ചിത്രം പ്രചോദിപ്പിച്ചു. ഇത്തരമൊരു ദൃശ്യമാധ്യമത്തിന്റെ വിദ്യാഭ്യാസ മൂല്യം തിരിച്ചറിഞ്ഞ, രാജ്യത്തുടനീളമുള്ള ഹെഡ്മാസ്റ്റർമാരിൽനിന്ന് തങ്ങളുടെ വിദ്യാർഥികളെ ചിത്രം കാണിക്കാനുള്ള അഭ്യർഥനകൾ പ്രവഹിക്കുകയായിരുന്നു.
ഒരു ദിവസം രാത്രി ഏറെ വൈകി സാക്ഷികളിൽ ചിലർ എന്നെ വിളിച്ചുണർത്തി. ഈ ചിത്രം കാണിക്കണമെന്നുള്ള അഭ്യർഥനയുമായാണ് അവർ വന്നത്. ഇതു കാണുന്നതിനായി 500-ഓളം ആളുകൾ മണിക്കൂറുകൾ നടന്ന് എത്തിച്ചേർന്നത് എന്നെ അതിശയിപ്പിച്ചു. ഞാൻ ആ പ്രദേശത്തുണ്ടെന്നും ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ടെന്നും കേട്ടറിഞ്ഞു വന്നതായിരുന്നു അവർ. ആദ്യത്തെ ജനക്കൂട്ടം പിരിഞ്ഞുപോയപ്പോഴേക്കും 300 പേരടങ്ങുന്ന മറ്റൊരു കൂട്ടം എത്തിച്ചേർന്നിരുന്നു. അതുകൊണ്ട് ഞാൻ പിന്നെയും ചിത്രം പ്രദർശിപ്പിച്ചു. ഒടുവിലത്തെ കൂട്ടം പിരിഞ്ഞുപോയപ്പോൾ സമയം വെളുപ്പിനു മൂന്നുമണിയായിരുന്നു! 17 വർഷക്കാലയളവിനിടെ സാംബിയയിൽ മാത്രം പത്തുലക്ഷത്തിലധികം ആളുകൾ ശക്തമായ പ്രഭാവം ചെലുത്തുന്ന ഈ ചലച്ചിത്രം കാണാനിടയായി.
ആഫ്രിക്കയിലെ പുതിയ നിയമനങ്ങൾ
സിംബാബ്വേയിൽ അഞ്ചര വർഷത്തിലധികം സേവിച്ചശേഷം ഞങ്ങൾക്ക് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റം കിട്ടി. ഇപ്പോൾ ഞങ്ങൾക്ക് ആഫ്രിക്കാൻസ് ഭാഷ പഠിക്കേണ്ടിയിരുന്നു. പിന്നീട് ഞങ്ങൾ സെസുറ്റു, സുളു എന്നീ ഭാഷകളും സംസാരിക്കാൻ പഠിച്ചു. ദൈവവചനം മറ്റുഭാഷകളിലും പഠിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞത് ശുശ്രൂഷയിലുള്ള ഞങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കാനും ഞങ്ങൾക്ക് ഏറെ സംതൃപ്തി ലഭിക്കാനും ഇടയാക്കി.
അങ്ങനെയിരിക്കെ, 1960-കളുടെ തുടക്കത്തിൽ ആഫ്രിക്കയുടെ ദക്ഷിണഭാഗത്ത് ഞങ്ങളെ സഞ്ചാര വേലയ്ക്കായി നിയമിച്ചു. തുടർന്നുവന്ന 27 വർഷം ഞങ്ങൾ ലെസോത്തോ, നമീബിയ, ദക്ഷിണാഫ്രിക്ക, സ്വാസിലാൻഡ്, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ അസെൻഷൻ ദ്വീപുകൾ, സെന്റ് ഹെലീന ദ്വീപുകൾ എന്നിവിടങ്ങളിൽ എല്ലാം വിപുലമായി സഞ്ചരിച്ചു. നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ സേവിക്കുന്നതിനായി ഞങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്റർ യാത്രചെയ്തു. വിഷമകരമായ സാഹചര്യങ്ങളിലും അവർ പ്രകടമാക്കിയ വിശ്വാസവും വിശ്വസ്തതയും ഒരിക്കലും മടുത്തു പിന്മാറാതിരിക്കാൻ ഞങ്ങൾക്കു പ്രോത്സാഹനം പകർന്നു.
ഉദാഹരണത്തിന്, സ്വാസിലാൻഡിലെ സോബൂസ രണ്ടാമൻ രാജാവ് നാടുനീങ്ങിയപ്പോൾ തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ അനുരഞ്ജനപ്പെടാതിരുന്ന സാക്ഷികളെ അടുത്തുപരിചയപ്പെടാനുള്ള അവസരം എനിക്കു ലഭിച്ചു. രാജ്യത്തെ അതിവിശിഷ്ടവ്യക്തികളുടെ മരണാനന്തരം നടത്തപ്പെടുന്ന തിരുവെഴുത്തു വിരുദ്ധമായ ചടങ്ങുകളിൽ പങ്കുകൊള്ളാൻ അവർ വിസമ്മതിച്ചതുമൂലം അവരെ ജോലിയിൽനിന്നും പിരിച്ചുവിടുകയും പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇല്ലായ്മയുടെയും കഷ്ടപ്പാടുകളുടെയും വർഷങ്ങൾക്കിടയിലും അവർ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല.
ഉത്തമരായ ഈ ക്രിസ്തീയ സഹോദരീസഹോദരന്മാരെ അടുത്തറിയാനും അവരോടു മുഖാമുഖം സംസാരിക്കാനും കഴിഞ്ഞത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. അങ്ങനെ ഒരവസരം എനിക്കു തന്നതിന് എല്ലായ്പോഴും ഞാൻ യഹോവയ്ക്കു നന്ദിപറയുകയും ചെയ്യുന്നു.മറ്റൊരു മങ്ങാത്ത സ്മരണ ഫിലെമോൻ മാഫരെക്കായെ കുറിച്ചുള്ളതാണ്. 3,000 മീറ്റർ ഉയരത്തിൽ പർവതപ്രദേശത്തു സ്ഥിതിചെയ്യുന്ന, ലെസോത്തോയിലെ മൊക്ഹോട്ട്ലോങ്ങിൽ നിന്നുള്ള പയനിയർ ആണ് ഇദ്ദേഹം. വാഹനസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അദ്ദേഹവും പ്രിയഭാര്യയും രണ്ടുമക്കളും സ്നാപനാർഥികളായ മറ്റു നാലുപേരും കൂടി 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സമ്മേളന സ്ഥലത്തെത്താൻ 100-ലധികം കിലോമീറ്റർ നടന്നു. കുത്തനെ കയറ്റിറക്കങ്ങളുള്ള പ്രദേശത്തുകൂടിയായിരുന്നു മിക്കപ്പോഴും അവർക്കു പോകേണ്ടിയിരുന്നത്. ഇടുങ്ങിയ മലമ്പാതകൾ കയറിയിറങ്ങാൻ അവർ കാലുകൾ മാത്രമല്ല കൈകളും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. അനവധി അരുവികളും നദികളും അവർക്കു കുറുകെ കടക്കേണ്ടതുണ്ടായിരുന്നു.
സമ്മേളന സ്ഥലത്തുനിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ, അവർ നിത്യജീവനിലേക്കു നയിക്കുന്ന സത്യം പുസ്തകത്തിന്റെ നൂറുപ്രതികൾ കൂടെക്കരുതി. മൊക്ഹോട്ട്ലോങ്ങിൽ ഉള്ള ആളുകൾക്കുവേണ്ടിയായിരുന്നു അത് കൊണ്ടുപോയത്. പക്ഷേ, അവർ യാത്ര ചെയ്ത വഴികളിലെല്ലാം ബൈബിൾ സാഹിത്യത്തോട് ആളുകൾ കാണിച്ച താത്പര്യം നിമിത്തം അവരുടെ കൈവശമുണ്ടായിരുന്ന പുസ്തകമെല്ലാം വീട്ടിൽ എത്തും മുമ്പേ തീർന്നു. ഫിലെമോനെയും ഭാര്യയെയും പോലെ തീക്ഷ്ണരും അർപ്പിതരുമായ ക്രിസ്തീയ സഹോദരീസഹോദരന്മാരെ നേരിട്ടു കാണാനിടയായത് എന്നെയും എമിലിയെയും സംബന്ധിച്ചിടത്തോളം ഒരു പദവിയായിരുന്നു. ഇന്നും ഞങ്ങൾ അതു പ്രിയങ്കരമായി കരുതുന്നു.
ചിലപ്പോഴൊക്കെ, ഞങ്ങൾക്ക് മൂർഖൻ പോലുള്ള വിഷപ്പാമ്പുകളിൽനിന്നുള്ള അപകടം, പൊടുന്നനെ ഉണ്ടാകുന്ന പ്രളയം, മറ്റ് ആപത്തുകൾ എന്നിവ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ആയിരുന്നെങ്കിലും യഹോവയുടെ സേവനത്തിലെ പ്രതിഫലങ്ങളും സന്തോഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതെല്ലാം എത്രയോ നിസ്സാരം. തന്റെ വിശ്വസ്തരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു ഞങ്ങൾ പഠിച്ചു.
എമിലിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ, സമനിലയോടെ ആ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതിനുവേണ്ട ജ്ഞാനം യഹോവ ഞങ്ങൾക്കു നൽകി. ആഹാരശീലങ്ങളിൽ മാറ്റം വരുത്തുകയും ചുറ്റുപാടുകൾ കൂടുതൽ ശുചിത്വമുള്ളതാക്കിത്തീർക്കുകയും ചെയ്തപ്പോൾ അവൾ സുഖം പ്രാപിച്ചു. ഒരു ചെറിയ ട്രക്കിനെ ഞങ്ങൾ ഒരു വാഹനഭവനമാക്കി. അതാകുമ്പോൾ ഞങ്ങൾ യാത്ര ചെയ്യുമ്പോഴും എമിലിക്ക് വൃത്തിയുള്ള ചുറ്റുപാടിൽ ആയിരിക്കാൻ കഴിയുമായിരുന്നല്ലോ. കാലക്രമേണ അവൾ നല്ല ആരോഗ്യം വീണ്ടെടുത്തു.
കാനഡയിലേക്കു മടങ്ങുന്നു
വിസ്മയങ്ങൾ നിറഞ്ഞ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, മിഷനറി സേവനത്തിന്റെ 35 വർഷങ്ങൾ പിന്നിട്ടശേഷം 1988-ൽ ഞങ്ങളെ തിരികെ കാനഡയിലേക്കു നിയമിച്ചു. 1991-ൽ, ഞാൻ വീണ്ടും സഞ്ചാരമേൽവിചാരകനായി സേവിക്കാൻ തുടങ്ങി. എട്ടുവർഷങ്ങൾക്കു ശേഷം എനിക്ക് മസ്തിഷ്കാഘാതം ഉണ്ടായി. അതിനുശേഷം എന്റെ പ്രവർത്തനങ്ങൾ വളരെ പരിമിതപ്പെട്ടിരിക്കുന്നു. എങ്കിലും ഒൺടേറിയോയിലെ ലണ്ടനിലുള്ള സഭകളിലൊന്നിൽ ഒരു മൂപ്പനായി സേവിക്കുന്നതിന്റെ സന്തോഷം ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു.
ഏകദേശം 56 വർഷങ്ങൾക്കു മുമ്പ് തെക്കൻ സസ്കാച്ചെവനിൽ കുതിരപ്പുറത്ത് ഒരു പയനിയറായി തുടക്കമിട്ട കാലത്തേക്കു തിരിഞ്ഞുനോക്കുമ്പോൾ എനിക്കു നിറഞ്ഞ സംതൃപ്തിയാണ്. ആത്മീയരായ വ്യക്തികൾ ചിന്തിക്കുന്നതു പോലെ ചിന്തിക്കാനും സത്യത്തിനും നീതിക്കുംവേണ്ടി നിർഭയം നിലകൊള്ളാനും ഞങ്ങളെ പഠിപ്പിക്കുന്നതിൽ ഡാഡി വീഴ്ചവരുത്താതിരുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവനാണെന്നോ! ഉദ്ദേശ്യപൂർണമായ ഒരു ജീവിതം എനിക്കു നൽകിയ ദൈവവചനം അദ്ദേഹം എന്നെ പഠിപ്പിച്ചു. ആ പൈതൃകം എന്റെ ജീവനാളുകളിലെല്ലാം എന്റെ നിഴലായിരുന്നിട്ടുണ്ട്. ഈ പഴയ വ്യവസ്ഥിതി വെച്ചുനീട്ടിയേക്കാവുന്ന യാതൊന്നിനും വേണ്ടി യഹോവയുടെ സേവനത്തിൽ ഞാൻ ചെലവഴിച്ച ജീവിതം വെച്ചുമാറാൻ ഞാൻ ഒരിക്കലും തയ്യാറാകുകയില്ല. (g03 10/22)
[21-ാം പേജിലെ ചിത്രം]
ഒമ്പതു കുട്ടികളടങ്ങുന്ന ഞങ്ങളുടെ കുടുംബം, മമ്മിയുടെ കൈയിൽ ഏറ്റവും ഇളയകുട്ടി. മമ്മിയുടെ പുറകിൽ നിൽക്കുന്നത് ഞാൻ, 1949-ൽ
[22-ാം പേജിലെ ചിത്രം]
എന്റെ ശുശ്രൂഷയിൽ ഉപയോഗിക്കാനായി ഞാൻ ഉണ്ടാക്കിയ “കബൂസ്”
[22-ാം പേജിലെ ചിത്രം]
പ്രസംഗവേല ചെയ്തതിന് ക്വിബെക്കിൽ അറസ്റ്റിലായ സ്ത്രീകൾ
[24, 25 പേജുകളിലെ ചിത്രം]
സിംബാബ്വേയിലെ ഈ സഞ്ചാര മേൽവിചാരകന്മാരെ പഠിപ്പിക്കുന്നതിൽ ഞാൻ പങ്കെടുത്തു
[25-ാം പേജിലെ ചിത്രം]
എമിലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഞങ്ങൾ പണിത വാഹനഭവനം
[25-ാം പേജിലെ ചിത്രം]
എമിലിയോടൊപ്പം, അടുത്തകാലത്ത് എടുത്ത ഒരു ഫോട്ടോ