അനുകൂലനക്ഷമതയുള്ള രോഗാണുക്കൾ—അവ തിരിച്ചടിക്കുന്ന വിധം
അനുകൂലനക്ഷമതയുള്ള രോഗാണുക്കൾ—അവ തിരിച്ചടിക്കുന്ന വിധം
വൈറസുകളും ബാക്ടീരിയങ്ങളും പ്രോട്ടോസോവനുകളും ഫംഗസുകളും മറ്റ് സൂക്ഷ്മാണുജീവികളും ഭൂമിയിൽ ജീവൻ ഉത്ഭവിച്ചപ്പോൾ മുതൽ ഇവിടെ ഉണ്ടായിരുന്നതായി കാണുന്നു. സകല ജീവികളിലും വെച്ച് ഏറ്റവും ലഘുവായ ഘടനയുള്ള ഈ സൂക്ഷ്മാണുക്കളുടെ വിസ്മയകരമായ അനുകൂലനക്ഷമത അല്ലെങ്കിൽ പൊരുത്തപ്പെടൽ പ്രാപ്തി, മറ്റൊരു ജീവിക്കും അതിജീവിക്കാനാകാത്ത ചുറ്റുപാടുകളിൽ കഴിഞ്ഞുകൂടാൻ അവയെ പ്രാപ്തമാക്കിയിരിക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലെ, തിളച്ച വെള്ളവും ധാതുക്കളും പുറത്തേക്കു തുപ്പുന്ന ഉഷ്ണജല ഉറവുകളിലും ആർട്ടിക്കിലെ തണുത്തുറഞ്ഞ വെള്ളത്തിലും അവയെ കാണാം. ഇപ്പോഴിതാ, ഈ അണുക്കൾ അവയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്ന ആക്രമണങ്ങളിൽ ഏറ്റവും തീവ്രമായതിനെ ചെറുത്തുനിൽക്കുകയാണ്—പ്രതിസൂക്ഷ്മജീവീയ ഔഷധങ്ങളെ.
നമുക്ക് ഒരു നൂറു വർഷം പുറകോട്ടു പോകാം. അന്ന്, ചില സൂക്ഷ്മാണുജീവികൾ രോഗം ഉണ്ടാക്കുന്നതായി അറിവുണ്ടായിരുന്നെങ്കിലും പ്രതിസൂക്ഷ്മജീവീയ ഔഷധങ്ങളെ കുറിച്ച് ആരും കേട്ടിരുന്നില്ല. അതുകൊണ്ട് ഒരു വ്യക്തിക്ക് ഗുരുതരമായ ഒരു പകർച്ചവ്യാധി പിടിപെട്ടാൽ പല ഡോക്ടർമാരുടെയും പക്കൽ ചികിത്സയൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് ആകെക്കൂടി നൽകാൻ കഴിയുമായിരുന്നത് ധാർമിക പിന്തുണ മാത്രമായിരുന്നു. രോഗിയുടെ പ്രതിരോധവ്യവസ്ഥതന്നെ രോഗബാധയെ ചെറുത്തുതോൽപ്പിക്കേണ്ടിയിരുന്നു. പ്രതിരോധവ്യവസ്ഥ വേണ്ടത്ര ശക്തമല്ലെങ്കിൽ ഫലം പലപ്പോഴും ദാരുണമായിരുന്നു. അണുബാധിതമായ നേരിയ ഒരു മുറിവു പോലും ഒട്ടുമിക്കപ്പോഴും ആളുകളെ മരണത്തിലേക്കു തള്ളിവിട്ടിരുന്നു.
അതുകൊണ്ടുതന്നെ, ആദ്യത്തെ സുരക്ഷിതമായ പ്രതിസൂക്ഷ്മജീവീയ ഔഷധങ്ങളുടെ—ആന്റിബയോട്ടിക്കുകളുടെ—കണ്ടുപിടിത്തം വൈദ്യശാസ്ത്രത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. a 1930-കളിൽ സൾഫാ മരുന്നുകളുടെയും 1940-കളിൽ പെനിസിലിൻ, സ്ട്രെപ്റ്റോമൈസിൻ തുടങ്ങിയ മരുന്നുകളുടെയും വൈദ്യശാസ്ത്രപരമായ ഉപയോഗം തുടർന്നുവന്ന ദശകങ്ങളിൽ നിരവധി കണ്ടുപിടിത്തങ്ങളിലേക്കു നയിച്ചു. 1990-കൾ ആയപ്പോഴേക്കും ആന്റിബയോട്ടിക് ആയുധശേഖരത്തിൽ 15 വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട 150-ഓളം സംയുക്തങ്ങൾ ഉണ്ടായിരുന്നു.
വിജയപ്രതീക്ഷ തകിടംമറിയുന്നു
ചില ആളുകൾ 1950-കളും 60-കളും ആയപ്പോഴേക്കും പകർച്ചവ്യാധികളുടെ മേലുള്ള വിജയം കൊണ്ടാടാൻ തുടങ്ങിയിരുന്നു. ഈ രോഗങ്ങൾ താമസിയാതെ കഴിഞ്ഞകാലത്തിന്റെ മാത്രം ഒരു പേടിസ്വപ്നമായി മാറുമെന്നു പോലും ചില സൂക്ഷ്മജീവിശാസ്ത്രജ്ഞർ കരുതി. പെട്ടെന്നുതന്നെ മാനവരാശിയുടെ മുന്നിൽ “പകർച്ചവ്യാധികൾ എന്നത് ഒരു അടഞ്ഞ അധ്യായം” ആയിത്തീർന്നേക്കാം എന്ന് 1969-ൽ യു.എസ്. സർജൻ ജനറൽ, കോൺഗ്രസ്സ് കമ്മിറ്റിക്കു മുമ്പാകെ പ്രസ്താവിക്കുകയുണ്ടായി. 1972-ൽ, നോബൽ സമ്മാന ജേതാവായ മക്ഫാർലൻ ബർനെറ്റും ഡേവിഡ് വൈറ്റും ഇപ്രകാരം എഴുതി: “പകർച്ചവ്യാധിയുടെ ഭാവി ഇരുളടഞ്ഞതായിരിക്കാനുള്ള സർവസാധ്യതയും കാണുന്നുണ്ട്.” വാസ്തവത്തിൽ, അത്തരം രോഗങ്ങൾ പാടേ നിർമാർജനം ചെയ്യപ്പെട്ടേക്കാമെന്നു ചിലർ കരുതി.
പകർച്ചവ്യാധികളെ ഫലത്തിൽ തറപറ്റിക്കാൻ കഴിഞ്ഞു എന്ന ധാരണ അമിത ആത്മവിശ്വാസം പരക്കാൻ ഇടയാക്കി. ആന്റിബയോട്ടിക്കുകളുടെ ആഗമനത്തിനു മുമ്പ് രോഗാണുക്കൾ ഉയർത്തിയ ഘോരമായ ഭീഷണിയെ കുറിച്ച് അറിയാവുന്ന ഒരു നേഴ്സ് ചെറുപ്പക്കാരികളായ ചില നേഴ്സുമാർ അടിസ്ഥാന ശുചിത്വത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കാൻ തുടങ്ങിയതായി പറയുകയുണ്ടായി. കൈകൾ കഴുകാൻ അവരെ ഓർമിപ്പിക്കുമ്പോൾ അവരുടെ മറുപടി ഇതായിരുന്നത്രേ: “പേടിക്കേണ്ടെന്നേ! നമുക്ക് ഇപ്പോൾ ആന്റിബയോട്ടിക്കുകളല്ലേ ഉള്ളത്.”
എന്നാൽ, ആന്റിബയോട്ടിക്കുകളിലുള്ള ആശ്രയവും അവയുടെ അമിത ഉപയോഗവും വിപത്കരമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. പകർച്ചവ്യാധികൾ പിടിച്ചുനിന്നിരിക്കുന്നു. മാത്രമല്ല, അവ വളരെയേറെ ശക്തിയോടെ തിരിച്ചടിക്കുകയും ലോകത്തിൽ മരണം വിതയ്ക്കുന്ന പ്രമുഖ ഘടകം ആയിത്തീരുകയും ചെയ്തിരിക്കുന്നു! യുദ്ധം സൃഷ്ടിക്കുന്ന ക്രമരാഹിത്യം, വികസ്വര രാജ്യങ്ങളിൽ വ്യാപകമായിരിക്കുന്ന വികലപോഷണം, ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം, ദ്രുതഗതിയിലുള്ള രാജ്യാന്തര യാത്ര, കാലാവസ്ഥയിൽ വരുന്ന ആഗോള മാറ്റം എന്നിവയാണ് പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കിയിരിക്കുന്ന മറ്റു ഘടകങ്ങൾ.
ബാക്ടീരിയങ്ങൾ പ്രതിരോധശേഷി ആർജിച്ചപ്പോൾ
സാധാരണ രോഗാണുക്കളുടെ വിസ്മയാവഹമായ അനുകൂലനക്ഷമത ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു, സാധാരണഗതിയിൽ ആരും പ്രതീക്ഷിക്കാതിരുന്ന ഒന്നുതന്നെ. എങ്കിലും പിന്തിരിഞ്ഞുനോക്കുമ്പോൾ, രോഗാണുക്കൾ ഔഷധ പ്രതിരോധശേഷി വളർത്തിയെടുക്കും എന്നത് പ്രതീക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. എന്തുകൊണ്ട്? ഉദാഹരണത്തിന് 1940-കളുടെ മധ്യത്തിൽ ഡിഡിറ്റി എന്ന കീടനാശിനിയുടെ ആഗമനത്തോട് അനുബന്ധിച്ച് ഉണ്ടായ സമാനമായ ഒരു കാര്യം പരിചിന്തിക്കുക. b അന്ന്, ഡിഡിറ്റി തളിച്ചതിന്റെ ഫലമായി ഈച്ചകൾ മിക്കവാറും അപ്രത്യക്ഷമായതു കണ്ട് ക്ഷീരവ്യവസായികൾ ആഹ്ലാദിച്ചു. എന്നാൽ ഏതാനും ഈച്ചകൾ അതിജീവിച്ചു. ഡിഡിറ്റി-യെ പ്രതിരോധിക്കാനുള്ള ശേഷി അവയുടെ സന്താനങ്ങളിലേക്കു കൈമാറപ്പെടുകയും ചെയ്തു. ഡിഡിറ്റി-യാൽ ലവലേശം ബാധിക്കപ്പെടാത്ത ഇത്തരം ഈച്ചകൾ പെട്ടെന്നുതന്നെ കൂട്ടമായി പെരുകി.
ഡിഡിറ്റി ഉപയോഗിച്ചു തുടങ്ങും മുമ്പേ, 1944-ൽ പെനിസിലിൻ മരുന്നുകടകളിൽ ലഭ്യമാകും മുമ്പുതന്നെ, ഉപദ്രവകാരികളായ ബാക്ടീരിയങ്ങൾ അവയുടെ അത്ഭുതകരമായ പ്രതിരോധ സന്നാഹത്തെ കുറിച്ച് മുൻസൂചന നൽകിയിരുന്നു. പെനിസിലിൻ കണ്ടുപിടിച്ച ഡോ. അലക്സാണ്ടർ ഫ്ളെമിങ് ഇതേക്കുറിച്ച് മനസ്സിലാക്കാനിടയായി. സ്റ്റാഫിലോകോക്കസ് ഓറിയസ് (ഹോസ്പിറ്റൽ സ്റ്റാഫ്) എന്ന ബാക്ടീരിയങ്ങളുടെ പിൻതലമുറകൾ, താൻ കണ്ടുപിടിച്ച മരുന്നിനെ പ്രതിരോധിക്കാൻ കൂടുതൽ കൂടുതൽ ശേഷിയുള്ള കോശഭിത്തികൾ വികസിപ്പിച്ചെടുക്കുന്നത് അദ്ദേഹം തന്റെ പരീക്ഷണശാലയിൽ നിരീക്ഷിച്ചു.
ഈ നിരീക്ഷണം, അണുബാധിതനായ ഒരു വ്യക്തിയിലുള്ള ഉപദ്രവകാരികളായ ബാക്ടീരിയങ്ങൾക്ക് പെനിസിലിനെ പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കാനാകും എന്ന് ഏതാണ്ട് 60 വർഷം മുമ്പ് മുന്നറിയിപ്പു നൽകാൻ ഡോ. ഫ്ളെമിങ്ങിനെ പ്രേരിപ്പിച്ചു. അതുകൊണ്ട് പെനിസിലിന്റെ മാത്രകൾ ഉപദ്രവകാരികളായ ബാക്ടീരിയങ്ങളുടെ മതിയായ എണ്ണത്തെ കൊന്നില്ലെങ്കിൽ, ഔഷധ പ്രതിരോധശേഷിയുള്ള അവയുടെ സന്താനം പെരുകും. ഫലമോ? പെനിസിലിന് ഭേദമാക്കാൻ കഴിയുന്നതിലും ശക്തിയോടെ രോഗം വീണ്ടും തലപൊക്കും.
ദി ആന്റിബയോട്ടിക് പാരഡോക്സ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ഫ്ളെമിങ്ങിന്റെ പ്രവചനങ്ങൾ അദ്ദേഹം അനുമാനിച്ചതിനെക്കാൾ വിനാശകമായ വിധത്തിൽ സത്യമെന്നു തെളിഞ്ഞു.” അതെങ്ങനെ? ബാക്ടീരിയങ്ങളുടെ ചില ഇനങ്ങളിൽ ജീനുകൾ—ബാക്ടീരിയത്തിന്റെ ഡിഎൻഎ-യിലെ കൊച്ചു ബ്ലൂപ്രിന്റുകൾ—പെനിസിലിനെ നിർവീര്യമാക്കുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തപ്പെട്ടു. അതിന്റെ ഫലമായി, പെനിസിലിന്റെ നീണ്ട കോഴ്സുകൾ പോലും പലപ്പോഴും നിഷ്ഫലമെന്നു തെളിയുന്നു. എത്ര ഞെട്ടിക്കുന്ന ഒരു യാഥാർഥ്യം!
സാംക്രമിക രോഗങ്ങൾക്ക് എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാനുള്ള ശ്രമത്തിൽ, 1940-കൾ മുതൽ 70-കൾ വരെയുള്ള കാലഘട്ടത്തിൽ പുതിയ പുതിയ ആന്റിബയോട്ടിക്കുകൾ ക്രമമായി വൈദ്യചികിത്സയിൽ ഉപയോഗിച്ചുതുടങ്ങി. അതുപോലെതന്നെ 1980-കളിലും 90-കളിലും ഏതാനും പുതിയ ആന്റിബയോട്ടിക്കുകൾ രംഗപ്രവേശം ചെയ്തു. നേരത്തേ ഉപയോഗിച്ചുപോന്നിരുന്ന ഔഷധങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുത്ത ബാക്ടീരിയങ്ങൾക്കെതിരെയുള്ള ചികിത്സയ്ക്ക് ഇവ ഉപകരിച്ചു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ, ഈ പുതിയ മരുന്നുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയാ ഇനങ്ങൾ തലപൊക്കി.
ബാക്ടീരിയങ്ങളുടെ പ്രതിരോധ സംവിധാനം അത്ഭുതകരമാംവിധം കാര്യക്ഷമമാണെന്ന് മനുഷ്യർ മനസ്സിലാക്കാൻ ഇടവന്നിരിക്കുന്നു. ബാക്ടീരിയങ്ങൾക്ക്, ആന്റിബയോട്ടിക് ഉള്ളിൽ കടക്കുന്നത് തടയാനായി അവയുടെ കോശഭിത്തിയിൽ മാറ്റം വരുത്താനോ ആന്റിബയോട്ടിക്കിന് അവയെ നശിപ്പിക്കാൻ കഴിയാത്ത വിധം സ്വന്തം രസതന്ത്രത്തിൽ വ്യതിയാനം വരുത്താനോ ഉള്ള കഴിവുണ്ട്. ഇനിയും അവ ആന്റിബയോട്ടിക് കടക്കുന്ന ഉടൻതന്നെ അതിനെ നീക്കംചെയ്യുകയോ അതിനെ വിഘടിപ്പിച്ചുകൊണ്ട് നിർവീര്യമാക്കുകയോ ചെയ്തേക്കാം.
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വർധിച്ചതോടെ ബാക്ടീരിയങ്ങളുടെ പ്രതിരോധശേഷിയുള്ള ഇനങ്ങൾ പെരുകുകയും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ അർഥം ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പൂർണ പരാജയമാണെന്നാണോ? മിക്ക സന്ദർഭങ്ങളിലും അങ്ങനെയല്ല. ഒരു പ്രത്യേക അണുബാധയ്ക്ക് ഒരു ആന്റിബയോട്ടിക് ഫലിക്കുന്നില്ലെങ്കിൽ സാധാരണഗതിയിൽ മറ്റൊന്ന് ഫലിക്കാറുണ്ട്. ബാക്ടീരിയങ്ങളുടെ പ്രതിരോധശേഷി ഒരു വലിയ തലവേദന തന്നെ ആണ്. എങ്കിലും, അടുത്തകാലം വരെ അതിനെ പൊതുവേ നിയന്ത്രിക്കാനായിട്ടുണ്ട്.
ബഹുഔഷധ പ്രതിരോധശേഷി
അങ്ങനെയിരിക്കെയാണ്, കിടിലംകൊള്ളിക്കുന്ന ആ സംഗതി വൈദ്യശാസ്ത്രജ്ഞർ മനസ്സിലാക്കിയത്. ബാക്ടീരിയങ്ങൾ പരസ്പരം ജീനുകൾ
കൈമാറുന്നു. ഒരേ ഇനം ബാക്ടീരിയങ്ങൾക്കു മാത്രമേ ജീനുകൾ കൈമാറാൻ കഴിയൂ എന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട്, പ്രതിരോധശേഷി നൽകുന്ന ഒരേ ജീനുകളെ തന്നെ തികച്ചും വ്യത്യസ്ത ഇനം ബാക്ടീരിയങ്ങളിൽ കണ്ടെത്തുകയുണ്ടായി. അത്തരം കൈമാറ്റങ്ങളുടെ ഫലമായി, ബാക്ടീരിയങ്ങളുടെ വ്യത്യസ്ത ഇനങ്ങൾ സാധാരണ ഉപയോഗിച്ചുവരുന്ന പലതരം മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി ആർജിച്ചിരിക്കുകയാണ്.ഇതിനെല്ലാം പുറമേ, കാര്യങ്ങളെ കൂടുതൽ വഷളാക്കിക്കൊണ്ട്, ചില ബാക്ടീരിയങ്ങൾക്ക് ഔഷധ പ്രതിരോധശേഷി തനിയെ കൈവരിക്കാൻ കഴിയുന്നതായി 1990-കളിലെ പഠനങ്ങൾ കാണിച്ചു. ഒറ്റയൊരു ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തിൽത്തന്നെ ചിലയിനം ബാക്ടീരിയങ്ങൾ പ്രകൃതിദത്തവും കൃത്രിമവുമായ പല ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുന്നു.
ഒരു ഇരുളടഞ്ഞ ഭാവി
മിക്ക ആന്റിബയോട്ടിക്കുകളും ഇപ്പോഴും ഭൂരിപക്ഷം ആളുകളുടെ കാര്യത്തിലും ഫലകരമാണെങ്കിലും ഭാവിയിൽ ആ മരുന്നുകൾ എത്രത്തോളം ഗുണംചെയ്യും? ദി ആന്റിബയോട്ടിക് പാരഡോക്സ് എന്ന പുസ്തകം ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഏതെങ്കിലും അണുബാധ, തിരഞ്ഞെടുക്കുന്ന ആദ്യത്തെ ആന്റിബയോട്ടിക്കുകൊണ്ട് ഭേദമാകുമെന്ന് നമുക്ക് മേലാൽ പ്രതീക്ഷിക്കാനാവില്ല.” ആ പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആന്റിബയോട്ടിക് ശേഖരം പരിമിതമായിരിക്കുന്ന ലോകത്തിന്റെ ചില ഭാഗങ്ങളിൽ ലഭ്യമായ ഒരു ആന്റിബയോട്ടിക്കും ഫലകരമല്ലെന്നു വരുന്നു. . . . ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ചിലർ 50 വർഷം മുമ്പ് പ്രവചിച്ച രോഗങ്ങൾ നിമിത്തം ആളുകൾ യാതന അനുഭവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.”
ഔഷധ പ്രതിരോധശേഷി ആർജിച്ചിട്ടുള്ള രോഗാണുക്കൾ ബാക്ടീരിയങ്ങൾ മാത്രമല്ല. വൈറസുകളും ഫംഗസുകളും മറ്റു തീരെ ചെറിയ പരാദങ്ങളും എല്ലാം അത്ഭുതകരമായ പൊരുത്തപ്പെടൽ പ്രാപ്തി പ്രകടിപ്പിച്ചിരിക്കുന്നു. ഇതാകട്ടെ, രോഗാണുപ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാനും ഉത്പാദിപ്പിക്കാനും ഉള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കുമെന്ന ഭീഷണിയുമായി നിൽക്കുന്ന രോഗാണു ഇനങ്ങളെ ലോകത്തിനു സമ്മാനിച്ചിരിക്കുന്നു.
അപ്പോൾപ്പിന്നെ, എന്താണ് ചെയ്യാൻ കഴിയുക? ഔഷധ പ്രതിരോധശേഷി ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം നിയന്ത്രിക്കാനോ കഴിയുമോ? പകർച്ചവ്യാധികൾ സംഹാരതാണ്ഡവമാടുന്ന ഒരു ലോകത്തിൽ ആന്റിബയോട്ടിക്കുകളും മറ്റു പ്രതിസൂക്ഷ്മജീവീയങ്ങളും വരിച്ച വിജയത്തിന്റെ തിളക്കം എങ്ങനെ മങ്ങാതെ നിലനിറുത്താനാകും? (g03 10/22)
[അടിക്കുറിപ്പുകൾ]
a ബാക്ടീരിയങ്ങളെ ചെറുക്കുന്ന ഔഷധം എന്ന അർഥത്തിലാണ് “ആന്റിബയോട്ടിക്” എന്ന പദം സാധാരണമായി ഉപയോഗിച്ചുവരുന്നത്. “പ്രതിസൂക്ഷ്മജീവീയം” എന്നത് കുറേക്കൂടെ പൊതുവായ അർഥം ഉൾക്കൊള്ളുന്ന ഒരു പദമാണ്. വൈറസുകൾ, ബാക്ടീരിയങ്ങൾ, ഫംഗസുകൾ, തീരെ ചെറിയ പരാദങ്ങൾ എന്നിങ്ങനെയുള്ള രോഗകാരികളായ സൂക്ഷ്മാണുക്കളെ ചെറുക്കുന്ന ഏത് ഔഷധവും ഈ ഗണത്തിൽ പെടുന്നു.
b കീടനാശിനികൾ വിഷപദാർഥങ്ങളാണ്. മരുന്നുകളും അങ്ങനെതന്നെയാണ്. രണ്ടിനും ഗുണവുമുണ്ട്, ദോഷവുമുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ കൊന്നേക്കാം, എന്നാൽ അക്കൂട്ടത്തിൽ അവ ഉപകാരികളായ ബാക്ടീരിയങ്ങളെയും കൊല്ലുന്നു.
[6-ാം പേജിലെ ചതുരം/ചിത്രം]
പ്രതിസൂക്ഷ്മജീവീയങ്ങൾ എന്നാൽ എന്ത്?
ഒരു ഡോക്ടർ നിങ്ങൾക്കു കുറിച്ചു തരുന്ന ആന്റിബയോട്ടിക് പ്രതിസൂക്ഷ്മജീവീയങ്ങൾ എന്നു വിളിക്കപ്പെടുന്ന ഔഷധ ഗണത്തിലാണു പെടുന്നത്. ഇവ “കിമോതെറാപ്പി” (രാസചികിത്സ) എന്ന പൊതു വിഭാഗത്തിൽ പെടുന്നു. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള രോഗചികിത്സയാണ് അത്. “കിമോതെറാപ്പി” എന്ന പദം അർബുദ ചികിത്സയോടുള്ള ബന്ധത്തിലാണ് പലപ്പോഴും ഉപയോഗിച്ചു വരുന്നതെങ്കിലും, യഥാർഥത്തിൽ മുമ്പ് അത് പകർച്ചവ്യാധി ചികിത്സയെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്; ഇന്നും ആ അർഥത്തിൽ അത് ഉപയോഗിക്കുന്നുണ്ട്. പകർച്ചവ്യാധി ചികിത്സയെ കുറിക്കുമ്പോൾ അത് പ്രതിസൂക്ഷ്മജീവീയ രാസചികിത്സ (antimicrobial chemotherapy) എന്നാണ് അറിയപ്പെടുന്നത്.
സൂക്ഷ്മദർശിനിയുടെ സഹായത്താൽ മാത്രം കാണാൻ കഴിയുന്ന തീരെ ചെറിയ ജീവികളാണ് സൂക്ഷ്മാണുക്കൾ അഥവാ സൂക്ഷ്മാണുജീവികൾ. രോഗകാരികളായ സൂക്ഷ്മാണുക്കൾക്ക് എതിരെ പ്രവർത്തിക്കുന്ന രാസവസ്തുക്കളാണ് പ്രതിസൂക്ഷ്മജീവീയങ്ങൾ. എന്നാൽ സങ്കടകരമെന്നു പറയട്ടെ പ്രതിസൂക്ഷ്മജീവീയങ്ങൾക്ക്, ഉപകാരികളായ സൂക്ഷ്മാണുക്കൾക്കെതിരെയും പ്രവർത്തിക്കാനാകും.
സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചവരിൽ ഒരാളായ സെൽമൻ വോക്സ്മൻ 1941-ൽ “ആന്റിബയോട്ടിക്” എന്ന പദം ചില സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന പ്രതിബാക്ടീരിയങ്ങളെ കുറിക്കാനായി ഉപയോഗിക്കുകയുണ്ടായി. ആന്റിബയോട്ടിക്കുകളും വൈദ്യചികിത്സയിൽ ഉപയോഗിച്ചുവരുന്ന മറ്റു പ്രതിസൂക്ഷ്മജീവീയങ്ങളും നിർധാരണ വിഷാലുത്വം (selective toxicity) എന്നു വിളിക്കപ്പെടുന്ന അവയുടെ സവിശേഷത നിമിത്തം വിലപ്പെട്ടവയാണ്. നിങ്ങൾക്ക് ഗുരുതരമായി വിഷബാധ ഏൽപ്പിക്കാതെ രോഗകാരികളായ സൂക്ഷ്മാണുക്കൾക്ക് വിഷബാധ ഏൽപ്പിക്കാനുള്ള അവയുടെ കഴിവിനെയാണ് ഇത് അർഥമാക്കുന്നത്.
എന്നാൽ, ആന്റിബയോട്ടിക്കുകളെല്ലാം നമുക്കും കുറച്ചെങ്കിലും വിഷബാധ ഏൽപ്പിക്കുന്നുണ്ട് എന്നതാണു വാസ്തവം. രോഗാണുക്കളെ ബാധിക്കുന്ന ഔഷധ മാത്രയ്ക്കും (dosage) നമുക്കു ഹാനി വരുത്തുന്ന മാത്രയ്ക്കും ഇടയ്ക്കുള്ള സുരക്ഷാ മാർജിന് തെറാപ്യൂട്ടിക് ഇൻഡെക്സ് എന്നാണു പറയുന്നത്. ഈ ഇൻഡെക്സ് എത്ര വലുതാണോ മരുന്ന് അത്രകണ്ട് സുരക്ഷിതമായിരിക്കും; അത് എത്ര ചെറുതാണോ അത്രകണ്ട് അപകടകരവും. ആയിരക്കണക്കിന് ആന്റിബയോട്ടിക് പദാർഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയിൽ മിക്കതും വൈദ്യശാസ്ത്രത്തിൽ ഉപയോഗപ്രദമല്ല. കാരണം അവ മനുഷ്യർക്കും ജന്തുക്കൾക്കും അങ്ങേയറ്റം വിഷകരമാണ്.
ആന്തരികമായി ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ പ്രകൃതിദത്ത ആന്റിബയോട്ടിക്കായിരുന്നു പെനിസിലിൻ. പെനിസിലിയം നൊട്ടാറ്റം എന്നു വിളിക്കപ്പെടുന്ന ഒരു പൂപ്പലിൽനിന്ന് വേർതിരിച്ചെടുത്തതാണ് അത്. പെനിസിലിൻ ആദ്യമായി കുത്തിവെച്ചത് 1941-ൽ ആണ്. അധികം താമസിയാതെ 1943-ൽ, മണ്ണിൽ കണ്ടുവരുന്ന സ്ട്രെപ്റ്റോമൈസെസ് ഗ്രിസെയുസ് എന്ന ബാക്ടീരിയത്തിൽനിന്ന് സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുക്കുകയുണ്ടായി. കാലാന്തരത്തിൽ, നിരവധി ആന്റിബയോട്ടിക്കുകൾ കൂടെ വികസിപ്പിച്ചെടുത്തു. അവയിൽ ചിലത് ജീവികളിൽനിന്നു വേർതിരിച്ചെടുത്തതും മറ്റു ചിലത് കൃത്രിമമായി ഉണ്ടാക്കിയതും ആയിരുന്നു. എന്നാൽ ബാക്ടീരിയങ്ങൾ ഈ ആന്റിബയോട്ടിക്കുകളിൽ പലതിനെയും ചെറുത്തുനിൽക്കാനുള്ള വഴികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് ഒരു ആഗോള വൈദ്യശാസ്ത്ര പ്രശ്നത്തിന് ഇടയാക്കിയിരിക്കുകയാണ്.
[ചിത്രം]
ഈ പാത്രത്തിന്റെ അടിയിൽ കാണുന്ന പെനിസിലിൻ പൂപ്പൽ ബാക്ടീരിയങ്ങളുടെ വളർച്ച തടയുന്നു
[6-ാം പേജിലെ തലവാചകം]
[കടപ്പാട്]
Christine L. Case/Skyline College
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വിവിധയിനം സൂക്ഷ്മാണുക്കൾ
വൈറസുകൾ. സൂക്ഷ്മാണുക്കളിൽ ഏറ്റവും ചെറുതാണ് അവ. ജലദോഷം, ഫ്ളൂ, തൊണ്ടവേദന തുടങ്ങിയ സാധാരണ രോഗങ്ങൾക്കു പിന്നിലെ വില്ലൻ വൈറസാണ്. പോളിയോ, ഇബോള, എയ്ഡ്സ് തുടങ്ങിയ മഹാവ്യാധികൾക്കും വൈറസ് ഇടയാക്കുന്നു.
ബാക്ടീരിയങ്ങൾ. ഏകകോശജീവികളാണ് ബാക്ടീരിയങ്ങൾ. തീരെ ലഘുവായ ഘടനയുള്ള ഇവയ്ക്ക് കോശമർമം ഇല്ല. മാത്രമല്ല സാധാരണഗതിയിൽ ഒരു ക്രോമസോം മാത്രമേ ഉള്ളൂ. നമ്മുടെ ശരീരത്തിൽ ശതസഹസ്രകോടിക്കണക്കിന് ബാക്ടീരിയങ്ങൾ ഉണ്ട്. അവയിൽ അധികവും നമ്മുടെ ദഹനവ്യവസ്ഥയിൽ ആണുള്ളത്. ആഹാരത്തിന്റെ ദഹനത്തിൽ അവ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ കെ-യുടെ പ്രധാന ഉറവാണ് അവ. രക്തം കട്ടപിടിക്കാൻ വിറ്റാമിൻ കെ-യുടെ സാന്നിധ്യം ആവശ്യമാണ്.
ഏതാണ്ട് 4,600 ഇനം ബാക്ടീരിയങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. അതിൽ 300-ഓളം എണ്ണം മാത്രമേ രോഗകാരികളായി കണക്കാക്കപ്പെടുന്നുള്ളൂ. എങ്കിലും ബാക്ടീരിയങ്ങൾ സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും നിരവധി രോഗങ്ങൾക്ക് ഇടയാക്കുന്നു. അവ മനുഷ്യരിൽ ഉണ്ടാക്കുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് ക്ഷയം, കോളറ, ഡിഫ്തീരിയ, ആന്ത്രാക്സ്, ദന്തക്ഷയം, ചിലതരം ന്യൂമോണിയ, പല തരത്തിലുള്ള രതിജന്യ രോഗങ്ങൾ എന്നിവ.
പ്രോട്ടോസോവനുകൾ. ബാക്ടീരിയങ്ങളെ പോലെതന്നെ ഇവയും ഏകകോശജീവികളാണ്. എങ്കിലും അവയ്ക്ക് ഒന്നിലധികം കോശമർമങ്ങൾ കണ്ടേക്കാം. അമീബകൾ, ട്രിപ്പനോസോമുകൾ, മലമ്പനി ഉണ്ടാക്കുന്ന പരാദം എന്നിവയെല്ലാം ഈ ഗണത്തിൽ പെടുന്നു. ജീവജാലങ്ങളിൽ മൂന്നിൽ ഒന്നോളം പരാദങ്ങളാണ്. 10,000-ത്തോളം ഇനം പരാദങ്ങളുണ്ട്. എന്നാൽ ഇവയിൽ ഏതാനും എണ്ണം മാത്രമേ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നുള്ളൂ.
ഫംഗസുകൾ. ഇവയും രോഗത്തിനു കാരണമായേക്കാം. ഇവയ്ക്ക് കോശമർമം ഉണ്ട്. ഇവയുടെ തന്തുക്കൾ കെട്ടുപിണഞ്ഞ് ഒരു കൂട്ടമായി കിടക്കുന്നു. ഇവ ഉണ്ടാക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളാണ് പുഴുക്കടി—ഇതിലൊന്നാണ് വളംകടി—കാൻഡിഡിയാസിസ് (കാൻഡിഡ) എന്നിവ. വികലപോഷണം, കാൻസർ, മരുന്നുകൾ, പ്രതിരോധവ്യവസ്ഥയെ തകരാറിലാക്കുന്ന വൈറസ് ബാധകൾ എന്നിവയാൽ പ്രതിരോധശേഷി ദുർബലമായിത്തീർന്നിട്ടുള്ളവരാണ് ഗുരുതരമായ ഫംഗസ് ആക്രമണങ്ങൾക്ക് സാധാരണ വിധേയമാകുന്നത്.
[ചിത്രങ്ങൾ]
ഇബോള വൈറസ്
“സ്റ്റാഫിലോകോക്കസ് ഓറിയസ്” ബാക്ടീരിയ
“ജിയാർഡിയ ലാംബ്ലിയ” പ്രോട്ടോസോവൻ
പുഴുക്കടി ഉണ്ടാക്കുന്ന ഫംഗസ്
CDC/C. Goldsmith
CDC/Janice Carr
Courtesy Dr. Arturo Gonzáles Robles, CINVESTAV, I.P.N. México
© Bristol Biomedical Image Archive, University of Bristol
[4-ാം പേജിലെ ചിത്രം]
പെനിസിലിൻ കണ്ടുപിടിച്ച അലക്സാണ്ടർ ഫ്ളെമിങ്