കാറ്റിനെയും കടലിനെയും ആകാശത്തെയും ആശ്രയിച്ചുള്ള നാവികവിദ്യ
കാറ്റിനെയും കടലിനെയും ആകാശത്തെയും ആശ്രയിച്ചുള്ള നാവികവിദ്യ
ഭൂമിയുടെ വക്കിൽനിന്ന് താഴേക്കു വീണുപോയാലോ എന്നു നിങ്ങൾ എപ്പോഴെങ്കിലും ഭയന്നിട്ടുണ്ടോ? സാധ്യതയില്ല. എന്നാൽ പണ്ടുകാലത്ത് ചില നാവികർ അങ്ങനെ ഭയന്നിരുന്നതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ പലരും തീരത്തോടു ചേർന്നാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ ഈ ഭയത്തെ കുടഞ്ഞെറിഞ്ഞ് ചില ധീര നാവികർ ആഴക്കടലിലേക്കു യാത്ര തിരിച്ചു.
ഏതാണ്ട് 3,000 വർഷം മുമ്പ് ഫിനീഷ്യക്കാരായ കടൽയാത്രികർ യൂറോപ്പിലും ഉത്തരാഫ്രിക്കയിലും കച്ചവടം നടത്തുന്നതിനായി മധ്യധരണ്യാഴിയുടെ കിഴക്കൻ തീരത്തുള്ള തങ്ങളുടെ തുറമുഖങ്ങളിൽനിന്നു പുറപ്പെട്ടു. പൊ.യു.മു. നാലാം നൂറ്റാണ്ടിൽ പിത്തിയസ് എന്ന ഗ്രീക്ക് പര്യവേക്ഷകൻ കപ്പലിൽ ബ്രിട്ടനു ചുറ്റും യാത്ര ചെയ്തു. അദ്ദേഹം ഐസ്ലൻഡ് വരെ എത്തിയിരിക്കാൻ സാധ്യതയുണ്ട്. യൂറോപ്യൻ കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പ്രവേശിക്കുന്നതിനു വളരെ മുമ്പുതന്നെ കിഴക്കുനിന്നുള്ള അറബ്, ചൈനീസ് നാവികർ അതിലൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. വാസ്തവത്തിൽ, ഇന്ത്യയിലേക്കു വന്ന ആദ്യത്തെ യൂറോപ്യൻ നാവികനായ വാസ്കോ ഡ ഗാമ ഇവിടെ എത്തിയത് ഇബൻ മജീദ് എന്ന അറബിക്കാരനായ ഒരു കപ്പിത്താന്റെ സഹായത്താലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള 23 ദിവസത്തെ യാത്രയിൽ ഗാമയുടെ കപ്പലുകളെ നയിച്ചത് മജീദ് ആയിരുന്നു. പണ്ടത്തെ ഈ നാവികർ കടലിൽ തങ്ങളുടെ വഴി കണ്ടുപിടിച്ചിരുന്നത് എങ്ങനെ ആയിരുന്നു?
അവരെ സഹായിച്ച ഒരു വിദ്യ
ആദ്യകാല നാവികർ ഡെഡ് റെക്കണിങ് എന്ന ഒരു രീതി ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്. അതിനായി നാവികൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ മൂന്ന് കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു. (1) കപ്പൽ പുറപ്പെടുന്ന സ്ഥാനം, (2) അതിന്റെ വേഗം, (3) അത് യാത്ര ചെയ്യുന്ന ദിശ. കപ്പൽ പുറപ്പെടുന്ന സ്ഥാനം അറിയാൻ എളുപ്പമായിരുന്നു. എന്നാൽ അത് പൊയ്ക്കൊണ്ടിരിക്കുന്ന ദിശ എങ്ങനെ നിർണയിക്കാൻ കഴിയുമായിരുന്നു?
ക്രിസ്റ്റഫർ കൊളംബസ് 1492-ലെ തന്റെ യാത്രയിൽ ദിശാനിർണയത്തിന് വടക്കുനോക്കി യന്ത്രമാണ് ഉപയോഗിച്ചത്. എന്നാൽ പൊ.യു. 12-ാം നൂറ്റാണ്ടു മുതൽ മാത്രമാണ് വടക്കുനോക്കി യന്ത്രങ്ങൾ യൂറോപ്പിൽ ലഭ്യമായി തുടങ്ങിയത്. ഈ ഉപകരണം ലഭ്യമല്ലാതിരുന്ന സമയത്ത് കപ്പലിനെ ശരിയായ ദിശയിൽ നയിക്കാൻ കപ്പിത്താന്മാർ സൂര്യനെയും നക്ഷത്രങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. മേഘങ്ങൾ കാഴ്ചയ്ക്കു തടസ്സം സൃഷ്ടിച്ചപ്പോൾ യാത്രികർ കടലിൽ പതിവായി ഉണ്ടാകാറുള്ള, നീണ്ട തിരയുയർച്ചകളെ ആശ്രയിച്ചു. ഒരേ ദിശയിലേക്കു വീശിയടിക്കുന്ന കാറ്റുകളാണ് ഈ പ്രതിഭാസത്തിനു കാരണം. നക്ഷത്രങ്ങളോടും അതുപോലെ സൂര്യന്റെ ഉദയത്തോടും അസ്തമയത്തോടും ഉള്ള ബന്ധത്തിൽ ഈ തിരയുയർച്ചകളുടെ സ്ഥാനം അവർ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നു.
അവർ വേഗം കണക്കാക്കിയിരുന്നത് എങ്ങനെയാണ്? കപ്പലിന്റെ
മുൻഭാഗത്തായി വെള്ളത്തിലേക്കിടുന്ന ഒരു വസ്തുവിനെ കടന്നുപോകാൻ കപ്പൽ എത്ര സമയം എടുക്കുന്നു എന്ന് കണക്കാക്കുന്നതായിരുന്നു ഒരു മാർഗം. പിന്നീട് കുറേക്കൂടെ കൃത്യമായ ഒരു മാർഗം ആവിഷ്കരിക്കപ്പെട്ടു. ഒരു മരക്കഷണം, നിശ്ചിത അകലം ഇടവിട്ട് കെട്ടുകളിട്ട ഒരു കയറുമായി ബന്ധിപ്പിച്ച് കടലിലേക്ക് എറിയുമായിരുന്നു. കപ്പൽ മുമ്പോട്ടു പോകുമ്പോൾ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മരക്കഷണം കയറിനെ വലിച്ചുകൊണ്ടുപോകും. നിശ്ചിത സമയത്തിനു ശേഷം കയർ തിരികെ വലിച്ചെടുത്ത് മരക്കഷണം പുറത്തേക്കു വലിച്ചുകൊണ്ടുപോയ അത്രയും ഭാഗത്തുള്ള കെട്ടുകളുടെ എണ്ണം അവർ നോക്കുമായിരുന്നു. അത് കപ്പലിന്റെ, ‘നോട്സിലുള്ള’ വേഗത്തെ സൂചിപ്പിച്ചു. കപ്പൽ മണിക്കൂറിൽ എത്ര നോട്ടിക്കൽ മൈൽ സഞ്ചരിച്ചു എന്ന് കാണിക്കുന്ന ഈ യൂണിറ്റ് ഇന്നും ഉപയോഗത്തിലുണ്ട്. വേഗം അറിയാൻ കഴിഞ്ഞാൽ നാവികന് ഒരു ദിവസം കപ്പൽ എത്ര ദൂരം സഞ്ചരിച്ചു എന്ന് കണക്കുകൂട്ടാൻ കഴിയും. തുടർന്ന് ഒരു ചാർട്ടിൽ, കടലിന്റെ മാപ്പിൽ, കപ്പൽ എത്ര ദൂരം മുന്നേറി എന്നു കാണിക്കാനായി അയാൾ ഒരു വര വരയ്ക്കുമായിരുന്നു.എന്നാൽ പലപ്പോഴും സമുദ്രജലപ്രവാഹങ്ങളും പാർശ്വവാതങ്ങളും കപ്പലിനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗതിയിൽനിന്നു വ്യതിചലിപ്പിച്ചിരുന്നു. അതുകൊണ്ട് നാവികൻ ഇടയ്ക്കിടെ, കപ്പലിനെ ശരിയായ ദിശയിൽ കൊണ്ടുപോകാൻ വരുത്തേണ്ടിവരുന്ന ക്രമപ്പെടുത്തലുകൾ കണക്കുകൂട്ടി രേഖപ്പെടുത്തിവെക്കുമായിരുന്നു. ഓരോ ദിവസവും, നിറുത്തിവെച്ചിടത്തുനിന്ന് അയാൾ വീണ്ടും ആരംഭിക്കും—അളക്കലും കണക്കുകൂട്ടലും വരയ്ക്കലുമെല്ലാം. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, തന്റെ ചാർട്ടുകളിൽ അയാൾ ദിവസവും രേഖപ്പെടുത്തിവെച്ച ഈ കാര്യങ്ങൾ ആ നാവികയാത്രയുടെ ശാശ്വത രേഖയായി വർത്തിക്കുമായിരുന്നു. 500-ലധികം വർഷം മുമ്പ് കൊളംബസ് സ്പെയിനിൽനിന്ന് വടക്കേ അമേരിക്കയിലേക്കും തിരിച്ചും കപ്പൽയാത്ര നടത്തിയത് മേൽ വിവരിച്ച മാർഗം ഉപയോഗിച്ചാണ്. കൊളംബസ് അതീവ ശ്രദ്ധയോടെ തയ്യാറാക്കിയ ചാർട്ടുകൾ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ സമുദ്രപര്യടനം ആവർത്തിക്കാൻ ആധുനിക നാവികരെ സഹായിക്കുന്നു.
ആകാശത്തെ വഴികാട്ടിയാക്കി
കപ്പലുകളുടെ ഗതി നിർണയിക്കാൻ പണ്ടത്തെ നാവികർ ജ്യോതിർഗോളങ്ങളെ ആശ്രയിച്ചത് എങ്ങനെയാണ്? സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത ദിക്കുകൾ നോക്കി അവർ കിഴക്കും പടിഞ്ഞാറും മനസ്സിലാക്കി. പുലർച്ചയ്ക്ക്, മറഞ്ഞുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളോടുള്ള ബന്ധത്തിൽ സൂര്യന്റെ സ്ഥാനം നിരീക്ഷിച്ചുകൊണ്ട് സംഭവിച്ചിരിക്കുന്ന സ്ഥാനഭ്രംശം എത്രയാണെന്ന് നാവികർക്കു മനസ്സിലാക്കാൻ കഴിയുമായിരുന്നു. രാത്രിയിൽ അവർക്ക് പോളാരിസിനെ അഥവാ ഉത്തര നക്ഷത്രത്തെ നോക്കിക്കൊണ്ട് തങ്ങളുടെ സ്ഥാനം നിർണയിക്കാൻ സാധിക്കുമായിരുന്നു. സന്ധ്യ മയങ്ങുമ്പോൾ ഉത്തരധ്രുവത്തിന് ഏതാണ്ട് നേരെ മുകളിലാണ് പോളാരിസ് പ്രത്യക്ഷപ്പെടുക. തെക്കാകട്ടെ സതേൺ ക്രോസ് എന്ന് അറിയപ്പെടുന്ന തേജോമയമായ നക്ഷത്ര സമൂഹം ദക്ഷിണധ്രുവം കണ്ടുപിടിക്കാൻ നാവികരെ സഹായിച്ചിരുന്നു. അതുകൊണ്ട് ഒരു തെളിഞ്ഞ രാത്രിയിൽ, സമുദ്രത്തിന്റെ ഏതു ഭാഗത്തുള്ള നാവികർക്കും ചുരുങ്ങിയത് ഒരു ജ്യോതിർഗോളത്തിന്റെയെങ്കിലും സഹായത്തോടെ തങ്ങളുടെ ദിശ നിർണയിക്കാൻ കഴിയുമായിരുന്നു.
എന്നാൽ ഇവയ്ക്കു പുറമേ ആകാശത്ത് വേറെയും ‘ഗൈഡ്പോസ്റ്റുകൾ’ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, പോളിനേഷ്യക്കാർക്കും മറ്റ് പസിഫിക് നാവികർക്കും നിശാനഭസ്സിനെ ഒരു റോഡ് മാപ്പ് പോലെ വായിക്കാൻ കഴിയുമായിരുന്നു. അവർ അവലംബിച്ചിരുന്ന രീതികളിലൊന്നിൽ, ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശയിലെ ചക്രവാളത്തിൽ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിരുന്നതായി അവർക്ക് അറിയാമായിരുന്ന എതെങ്കിലും ഒരു നക്ഷത്രത്തെ പിൻചെല്ലുന്നത് ഉൾപ്പെട്ടിരുന്നു. രാത്രി മുഴുവൻ ഈ നാവികർ, ശരിയായ ദിശയിലാണ് തങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഉറപ്പുവരുത്താനായി മറ്റു നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും പരിശോധിക്കുമായിരുന്നു. ദിശ തെറ്റിയാൽ നക്ഷത്രങ്ങളുടെ സഹായത്താൽ ശരിയായ ഗതി നിർണയിക്കാൻ അവർക്കു കഴിഞ്ഞിരുന്നു.
ഈ മാർഗം എത്രത്തോളം ആശ്രയയോഗ്യമായിരുന്നു? പരന്ന ഭൂമിയുടെ വക്കിൽനിന്നു വീണുപോയാലോ എന്ന ഭയത്താൽ യൂറോപ്യൻ നാവികർ കരയോടു ചേർന്ന് യാത്ര ചെയ്തിരുന്ന കാലത്ത് പസിഫിക് നാവികർ ആഴക്കടലിൽ, താരതമ്യേന ചെറിയ ദ്വീപുകൾക്കിടയിലൂടെ നീണ്ട യാത്രകൾ നടത്തുന്നുണ്ടായിരുന്നു. ഉദാഹരണത്തിന് 1,500-ലധികം വർഷം മുമ്പ് പോളിനേഷ്യക്കാർ മാർക്കസസ് ദ്വീപുകളിൽനിന്ന് പസിഫിക് സമുദ്രത്തിന്റെ വിരിമാറിലൂടെ വടക്കോട്ടു യാത്ര തിരിച്ചു. ഹവായ് ദ്വീപിൽ എത്തിയപ്പോഴേക്കും അവർ 3,700 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരുന്നു! ദ്വീപുകളിലെ നാടോടിക്കഥകളിൽ പുരാതന പോളിനേഷ്യക്കാർ ഹവായ് ദ്വീപിൽനിന്ന് തഹീതിയിലേക്കും തിരിച്ചും നടത്തിയ
കപ്പൽയാത്രകളെ കുറിച്ചു പറയുന്നു. ഇവ വെറും കെട്ടുകഥകളാണെന്നാണ് ചില ചരിത്രകാരന്മാരുടെ ഭാഷ്യം. എന്നിരുന്നാലും ആധുനികകാലത്തെ നാവികർ, ഉപകരണങ്ങളുടെ സഹായം കൂടാതെ നക്ഷത്രങ്ങളെയും തിരയുയർച്ചകൾ പോലെയുള്ള പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ആശ്രയിച്ചുകൊണ്ട് ഈ യാത്രകൾ ആവർത്തിച്ചിട്ടുണ്ട്.കാറ്റിന്റെ ചിറകിലേറി
കപ്പലുകളുടെ സഞ്ചാരം പൂർണമായും കാറ്റുകളെ ആശ്രയിച്ചാണിരുന്നത്. പിന്നിൽനിന്നുള്ള കാറ്റ് കപ്പലിനെ സുഗമമായി മുന്നോട്ടു നീക്കുമായിരുന്നു, എന്നാൽ എതിർദിശയിലേക്കു വീശുന്ന കാറ്റ് അതിന്റെ വേഗത്തെ ഗണ്യമായി കുറച്ചിരുന്നു. കാറ്റില്ലെങ്കിൽ കപ്പൽ മുന്നോട്ടു പോകുമായിരുന്നില്ല എന്നർഥം! ഡോൾഡ്രംസുകളിൽ—ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള ഭാഗത്ത്—മിക്കപ്പോഴും ഇങ്ങനെയൊരു അവസ്ഥ സംജാതമാകാറുണ്ടായിരുന്നു. കാലാന്തരത്തിൽ, കൂടെക്കൂടെ വീശിയടിക്കുന്ന കടൽക്കാറ്റുകൾ ഏതൊക്കെയാണെന്ന് നാവികർ മനസ്സിലാക്കി. പുറങ്കടലിൽ കപ്പലുകൾക്കു സഞ്ചരിക്കാനുള്ള പ്രധാനപാതകൾ സ്ഥാപിക്കാൻ അതു സഹായകമായി. നാവികർ ഈ കാറ്റുകളെ നന്നായി പ്രയോജനപ്പെടുത്തിയിരുന്നു.
പ്രതികൂലമായ കാറ്റ് ജീവഹാനിക്കും ദുരിതത്തിനും ഇടയാക്കിയിരുന്നു എന്നതും വാസ്തവമാണ്. ഉദാഹരണത്തിന്, 1497-ൽ വാസ്കോ ഡ ഗാമ പോർച്ചുഗലിൽനിന്ന് ഇന്ത്യയിലെ പ്രഖ്യാതമായ മലബാർ തീരത്തേക്ക് യാത്ര തിരിച്ചപ്പോൾ, കടൽക്കാറ്റ് അദ്ദേഹത്തെ ദക്ഷിണ അറ്റ്ലാന്റിക്കിലേക്കും തിരിച്ച് തെക്കുകിഴക്കു ഭാഗത്തേക്കും തുടർന്ന് ആഫ്രിക്കയുടെ ഗുഡ്ഹോപ്പ് മുനമ്പിനു ചുറ്റും കൊണ്ടുപോയി. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അദ്ദേഹത്തിന് ഋതുഭേദം അനുസരിച്ച് ഗതി മാറി വീശുന്ന കാലവർഷക്കാറ്റുകളെ നേരിടേണ്ടിവന്നു. ഓരോ വർഷത്തിന്റെയും ആരംഭത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് രൂപംകൊള്ളുന്ന വേനൽ കാലവർഷക്കാറ്റുകൾ മാസങ്ങളോളം, കടലിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളെ ഏഷ്യയുടെ സമീപത്തേക്കു കൊണ്ടുപോകുന്നു. ശരത്കാലത്തിന്റെ അവസാനത്തിൽ ശൈത്യ കാലവർഷക്കാറ്റ് വീശാൻ തുടങ്ങുന്നു. വടക്കുകിഴക്കു ഭാഗത്തുനിന്ന് ആഞ്ഞടിക്കുന്ന അത് തിരിച്ച് ആഫ്രിക്കയിലേക്ക് വീശുന്നു. എന്നാൽ ഗാമ ഇന്ത്യ വിട്ടത് ആഗസ്റ്റിലായിരുന്നു. താമസിയാതെ അദ്ദേഹത്തിന് പ്രതികൂലമായ കാറ്റിനെ നേരിടേണ്ടിവന്നു. 23 ദിവസം മാത്രം ആവശ്യമായിരുന്ന അദ്ദേഹത്തിന്റെ കിഴക്കോട്ടുള്ള മടക്കയാത്രയ്ക്ക് ഏതാണ്ട് മൂന്നു മാസം വേണ്ടിവന്നു. ഈ കാലതാമസം മൂലം സംഘത്തിന്റെ ഭക്ഷ്യശേഖരം തീർന്നുപോയി. കൂടാതെ കൂട്ടത്തിലെ ഒട്ടേറെ പേർ സ്കർവി രോഗം നിമിത്തം മരണമടയുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്ര ചെയ്തിരുന്ന ബുദ്ധിമാന്മാരായ നാവികർ കലണ്ടർ പരിശോധിക്കാനും വടക്കുനോക്കി യന്ത്രം ഉപയോഗിക്കാനും പഠിച്ചു. ഇന്ത്യയിലേക്കു വരാനായി ഗുഡ്ഹോപ്പ് മുനമ്പ് കടന്ന് കിഴക്കുഭാഗത്തേക്കു യാത്ര ചെയ്യുന്ന കപ്പലുകൾ വേനലിന്റെ ആരംഭത്തിൽ തന്നെ യാത്ര തുടങ്ങേണ്ടിയിരുന്നു. അല്ലാത്തപക്ഷം അനുകൂലമായ കാറ്റിനു വേണ്ടി അവയ്ക്ക് മാസങ്ങളോളം കാത്തുകിടക്കേണ്ടി വരുമായിരുന്നു. അതേസമയം, ഇന്ത്യയിൽനിന്ന് യൂറോപ്പിലേക്കു പോകുന്ന കപ്പലുകൾ വേനൽ കാലവർഷക്കാറ്റുമായുള്ള പോരാട്ടം ഒഴിവാക്കാനായി ശരത്കാലത്തിന്റെ ഒടുവിലാണ് യാത്ര തിരിച്ചിരുന്നത്. അതുകൊണ്ട്, ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള പാത, ഗതിമാറുന്ന ഒരു വൺവേ പോലെ ആയിരുന്നു. യൂറോപ്പിനും ഇന്ത്യയുടെ മലബാർ തീരത്തിനും ഇടയ്ക്ക് ഒരു സമയത്ത് ഒരു ദിശയിൽ മാത്രമാണ് ഒട്ടുമിക്കപ്പോഴും കപ്പലുകൾ സഞ്ചരിച്ചിരുന്നത്.
നാവികവിദ്യ മുന്നോട്ട്
കാലം കടന്നുപോകവേ നാവികവിദ്യ ഒരു പുതിയ ദിശയിലൂടെ മുന്നേറി. യന്ത്രോപകരണങ്ങൾ രംഗപ്രവേശം ചെയ്തതോടെ നഗ്നനേത്രങ്ങളെയും ഊഹക്കണക്കുകളെയും ആശ്രയിക്കുന്ന രീതിക്കു മാറ്റം വരാൻ തുടങ്ങി. ആസ്ട്രോലാബും പിന്നീട്,
കുറേക്കൂടെ കൃത്യതയുള്ള അളവുകൾ നൽകുന്ന സെക്സ്റ്റന്റും—സൂര്യൻ അല്ലെങ്കിൽ ചക്രവാളത്തിനു മുകളിലുള്ള ഏതെങ്കിലും നക്ഷത്രം എത്ര ഉയരത്തിലാണ് നിലകൊള്ളത് എന്നു നിർണയിക്കുന്ന ഉപകരണങ്ങൾ—തങ്ങൾ നിൽക്കുന്ന അക്ഷാംശം ഭൂമധ്യരേഖയുടെ തെക്കാണോ വടക്കാണോ എന്നു കണ്ടെത്താൻ നാവികരെ സഹായിച്ചു. മെറൈൻ ക്രോണോമീറ്റർ—സമുദ്രപര്യടനത്തിന് അനുയോജ്യമായ, ആശ്രയയോഗ്യമായ ഘടികാരം—ആണ് രേഖാംശം, അതായത് കിഴക്ക്-പടിഞ്ഞാറ് സ്ഥാനങ്ങൾ, നിർണയിക്കാൻ ഉപയോഗിച്ചിരുന്നത്. ഈ ഉപകരണങ്ങൾ ഊഹക്കണക്കുകൾ നടത്തി ദിശ നിർണയിക്കുന്ന രീതിയെക്കാൾ കൃത്യതയോടെ കണക്കുകൂട്ടലുകൾ നടത്താൻ നാവികരെ സഹായിച്ചു.
ഇന്ന്, കാന്തിക സൂചി ഇല്ലാതെതന്നെ വടക്കുദിശ സൂചിപ്പിക്കുന്ന ജൈറോകോമ്പസുകൾ ഉണ്ട്. ആഗോള സ്ഥാനനിർണയ സംവിധാനം നിലവിൽ വന്നിരിക്കുന്നതിനാൽ, ഏതാനും ബട്ടനുകൾ അമർത്തിയാൽ മതി ഒരു വ്യക്തിക്ക് താൻ നിൽക്കുന്ന കൃത്യസ്ഥാനം അറിയാൻ കഴിയും. അതുപോലെ ഇപ്പോൾ പേപ്പർ ചാർട്ടുകൾക്കു പകരം ഭൂപടങ്ങൾ സ്ക്രീനിൽ കാണിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ട്. അതേ, നാവികവിദ്യ കൃത്യതയുള്ള ഒരു ശാസ്ത്രശാഖയായി മാറിയിരിക്കുന്നു. എന്നാൽ ഈ മുന്നേറ്റങ്ങളെല്ലാം, കാറ്റിനെയും കടലിനെയും ആകാശത്തെയും കുറിച്ചുള്ള അറിവിനെ മാത്രം ആശ്രയിച്ച്, കരകാണാക്കടലിലൂടെ യാത്രകൾ നടത്തിയിരുന്ന പുരാതന നാവികരുടെ ധീരതയോടും നിപുണതയോടുമുള്ള നമ്മുടെ ആദരവിനെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. (g03 8/22)
[10, 11 പേജുകളിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഡെഡ് റെക്കണിങ്
ഡെഡ് റെക്കണിങ്ങിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ഭാവിയിലെ നാവികയാത്രകൾക്കുവേണ്ടി ശ്രദ്ധാപൂർവം രേഖപ്പെടുത്തിവെച്ചിരുന്നു
1 ആരംഭ സ്ഥാനം
↓
2 മരക്കഷണവും നിശ്ചിത അകലം ഇടവിട്ട് കെട്ടുകളിട്ട
ഒരു കയറും ടൈമറും ഉപയോഗിച്ച് വേഗം നിർണയിക്കുന്ന
↓
3 ജലപ്രവാഹങ്ങളെയും നക്ഷത്രങ്ങളെയും സൂര്യനെയും
കാറ്റിനെയും നിരീക്ഷിച്ചുകൊണ്ട് പോകേണ്ട ദിശ നിർണയിക്കുന്നു
[ചിത്രങ്ങൾ]
വടക്കുനോക്കി യന്ത്രം
സെക്സ്റ്റന്റ്
[12-ാം പേജിലെ ചിത്രങ്ങൾ]
അത്യാധുനിക ഉപകരണങ്ങൾ ഇന്നത്തെ നാവികവിദ്യയെ കൃത്യതയുള്ള ഒരു ശാസ്ത്രശാഖ ആക്കിത്തീർത്തിരിക്കുന്നു
[കടപ്പാട്]
Kværner Masa-Yards