രണ്ട് യജമാനന്മാരെ സേവിക്കാൻ ഞാൻ ശ്രമിച്ചു
രണ്ട് യജമാനന്മാരെ സേവിക്കാൻ ഞാൻ ശ്രമിച്ചു
കെൻ പാൻ പറഞ്ഞപ്രകാരം
ഞാൻ ജനിച്ചത് 1938-ലായിരുന്നു. യു.എസ്.എ.-യിലെ ന്യൂ മെക്സിക്കോയിലുള്ള എന്റെ മുത്തച്ഛന്റെ വിശാലമായ കൃഷിയിടത്തിലാണ് ഞാൻ വളർന്നത്. പർവതങ്ങളുടെ പശ്ചാത്തലത്തിൽ അരുവികളും പുൽപ്പുറങ്ങളും നിറഞ്ഞ 24,000 ഏക്കർ വരുന്ന സ്ഥലമായിരുന്നു അത്. ചെമ്മരിയാടുകളുടെയും കന്നുകാലികളുടെയും ശബ്ദവും കാലിമേയ്ക്കുന്നവരുടെ ബൂട്ടുകളിൽ നിന്ന് ഉയരുന്ന കിലുക്കവും എല്ലാം എന്റെ ഓർമകളിൽ നിറയുന്നു. ചിലപ്പോൾ ഞാൻ പുല്ലുകളെ തഴുകിയെത്തുന്ന കാറ്റിന്റെ മർമര ശബ്ദം ശ്രദ്ധിച്ചിട്ട്, വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന ടാങ്കിനു ചുറ്റും ഉച്ചത്തിൽ ചിലച്ചു മറിയുന്ന കുളക്കോഴികളുടെ തുളച്ചുകയറുന്ന ശബ്ദവുമായി താരതമ്യം ചെയ്യുമായിരുന്നു.
ഇളം പ്രായത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെലുത്തപ്പെടുന്ന സ്വാധീനം അയാളിൽ നിലനിൽക്കുന്നതും ആഴത്തിലുള്ളതുമായ ഫലം ഉളവാക്കും. മുത്തച്ഛനോടൊപ്പം ഞാൻ മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു. നിരവധി പാശ്ചാത്യ സാഹസിക കഥകൾ പൊടിപ്പുംതൊങ്ങലും ചേർത്തു വിവരിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. മാത്രമല്ല, ബില്ലി എന്നു പേരുള്ള സാമൂഹ്യവിരുദ്ധനായ കുപ്രസിദ്ധ യുവാവിനോടൊപ്പം അവന്റെ കൊലപാതക പരമ്പരകളിൽ അവനെ അനുഗമിച്ചവരെയും മുത്തച്ഛന് അറിയാമായിരുന്നു. ബില്ലിയുടെ ഈ വിചിത്ര ഉല്ലാസം 1881-ൽ 21-ാം വയസ്സിൽ അവന്റെ ജീവൻ അപഹരിച്ചു.
എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികൾ ആയിരുന്നു. ഏകാന്തമായ കൃഷിയിടങ്ങളിലും ഹോൺടോ താഴ്വരയിൽ അങ്ങോളമിങ്ങോളമുള്ള ഇഷ്ടിക കൊണ്ടു നിർമിച്ച ലളിതമായ ഭവനങ്ങളിലും ക്രിസ്തീയ ശുശ്രൂഷയ്ക്കായി പോകുമ്പോൾ അവർ എന്നെയും കൊണ്ടുപോകുമായിരുന്നു. ജെ. എഫ്. റഥർഫോർഡിന്റെ റെക്കോഡിങ്ങുകൾ ഉള്ള ഒരു ഗ്രാമഫോൺ ആണ് അവർ മിക്കപ്പോഴും ഉപയോഗിച്ചിരുന്നത്. ആ റെക്കോഡിങ്ങുകൾ ക്രമേണ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. a അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഞങ്ങൾ എല്ലാത്തരം ആളുകളെയും—കാലിമേയ്ക്കുന്നവരെയും മെക്സിക്കൻ കർഷകരെയും അപ്പാച്ചെ, പ്യൂബ്ലോകൾ തുടങ്ങിയ സ്വദേശികളായ അമേരിക്കക്കാരെയും—കേൾപ്പിക്കുമായിരുന്നു. മാസികകൾ ഉപയോഗിച്ച് തെരുവു സാക്ഷീകരണം നടത്തുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. യുദ്ധം അലയടിക്കുന്ന സമയം ആയിരുന്നിട്ടുപോലും, ഒരു ചെറിയ കുട്ടിയായ എന്റെ പക്കൽനിന്നു മാസികകൾ സ്വീകരിക്കാൻ ആരുംതന്നെ വിസമ്മതിച്ചിരുന്നില്ല.
അതേ, എനിക്ക് നല്ല അടിസ്ഥാനം ഉണ്ടായിരുന്നു. എന്നിരുന്നാലും, യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചെവികൊടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മററവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പററിച്ചേർന്നു മററവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24) മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് ഞാൻ എന്റെ ജീവിതം ആസ്വദിച്ചിരിക്കുന്നു എന്ന് എനിക്കു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. പക്ഷേ, ബാല്യകാലത്തെ സ്വാധീനം മൂലം മറ്റൊരു ‘യജമാനൻ’ എന്റെ ജീവിതത്തിന്റെ ഗതിമാറ്റി വിട്ടു, എനിക്കു മൂന്നു വയസ്സുള്ളപ്പോൾ ആയിരുന്നു അതിന്റെ തുടക്കം. എന്താണു സംഭവിച്ചത്?
പറക്കാനുള്ള എന്റെ തീവ്രാഭിലാഷം
ഒരു ദിവസം ധാന്യപ്പുരയുടെ സമീപം ഇരട്ട സീറ്റുള്ള ഒരു വിമാനം വന്നിറങ്ങി. 1941-ൽ ആയിരുന്നു അത്. ഞങ്ങളുടെ ആടുകളെ പിടിച്ചുകൊണ്ടുപോകുന്ന ഒരിനം ചെന്നായ്ക്കളെ വേട്ടയാടാനാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. ഒരു വൈമാനികൻ ആകണമെന്ന് അപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചു. അന്നെനിക്ക് വെറും മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ കടന്നുപോയി, 17 വയസ്സായപ്പോൾ ഞാൻ വീടുവിട്ട് ന്യൂ മെക്സിക്കോയിലെ ഹോബ്സിലുള്ള വിമാനത്താവളത്തിൽ ജോലിചെയ്യാൻ പോയി. വിമാനം പറപ്പിക്കാൻ പഠിപ്പിക്കുന്നതിനു പകരമായി ഞാൻ വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡ് അടിച്ചുവാരുകയും വിമാനങ്ങളിൽ ജോലിചെയ്യുകയും ചെയ്തിരുന്നു. ക്രിസ്തീയ ശുശ്രൂഷ എന്റെ ജീവിതത്തിൽ പിൻനിരയിലേക്കു തള്ളപ്പെട്ടു.
പതിനെട്ടാം വയസ്സിൽ ഞാൻ വിവാഹിതനായി. ക്രമേണ ഞങ്ങൾക്കു മൂന്നു മക്കളും ജനിച്ചു. എന്നാൽ ഞാൻ എങ്ങനെയായിരുന്നു ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്? വിളകൾക്കു മരുന്നടിക്കാനുള്ള വിമാനങ്ങൾ, ചാർട്ടർ വിമാനങ്ങൾ, ഇരപിടിയൻ മൃഗങ്ങളെ വേട്ടയാടാനുള്ള വിമാനങ്ങൾ എന്നിവ പറപ്പിച്ചുകൊണ്ട്. ഇതിനുപുറമേ, വിമാനം പറപ്പിക്കാൻ ഞാൻ പഠിപ്പിക്കുകയും ചെയ്തിരുന്നു. ആറു വർഷത്തിനു ശേഷം ഞാൻ ടെക്സസിലെ ഡലാസിൽനിന്നു പുറപ്പെടുന്ന, ടെക്സസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനങ്ങൾ പറപ്പിക്കാൻ തുടങ്ങി. ഈ സന്ദർഭത്തിൽ എന്റെ ജീവിതം കൂടുതൽ സ്ഥിരപ്പെട്ടു, ടെന്റൺ സഭയിൽ ഒരു മൂപ്പനായി സേവിക്കാൻപോലും എനിക്കു കഴിഞ്ഞു. നിരവധി ബൈബിളധ്യയനങ്ങൾ എനിക്കുണ്ടായിരുന്നു. അവയിൽ ഒന്ന് ഒരു എയർലൈൻ ക്യാപ്റ്റനും ഭാര്യയും അവരുടെ കുടുംബവും ഉൾപ്പെട്ടതായിരുന്നു. അവർ എല്ലാവരും സത്യം സ്വീകരിക്കുകയും ചെയ്തു.
ഞാൻ 1970 മുതൽ 1973 വരെ പ്രോപ്ജെറ്റ് വിമാനങ്ങൾ പറപ്പിച്ചു. എന്നാൽ ഡിസി-3 വിമാനങ്ങൾ നിറുത്തലാക്കിയപ്പോൾ എനിക്കു വിമാനം പറപ്പിക്കലിലുള്ള താത്പര്യം കുറഞ്ഞു. എങ്കിലും എന്റെ മനസ്സു മുഴുവൻ ന്യൂ മെക്സിക്കോയിൽത്തന്നെ ആയിരുന്നു. എന്നാൽ ഞാൻ ആ ജോലി ഉപേക്ഷിച്ചാൽ മറ്റെന്തു ജീവിതമാർഗം കണ്ടെത്തും?
കലയോടുള്ള അഭിനിവേശം
ഒരു ഹോബി എന്ന നിലയിൽ 1961-ൽ ഞാൻ പെയിന്റിങ് തുടങ്ങിയിരുന്നു, ഞാൻ വരച്ച പടിഞ്ഞാറൻ അമേരിക്കൻ ചിത്രങ്ങൾ നന്നായി വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് ഞാൻ എയർലൈനിൽനിന്നും രാജിവെച്ച് മാസ്മരഭൂമി എന്നു വിളിപ്പേരുള്ള ന്യൂ മെക്സിക്കോയിലേക്കു പോയി. എന്നിരുന്നാലും എന്റെ ജീവിതത്തിന് ഒരു സമനില ഇല്ലായിരുന്നു. കലാപ്രേമം എന്നെ വിഴുങ്ങിക്കളയാൻ ഞാൻ അനുവദിച്ചു. പെയിന്റിങ്ങും ശിൽപ്പവേലയും വിമാനം പറപ്പിക്കലും എല്ലാംകൂടി എന്റെ സമയം അപ്പാടെ അപഹരിച്ചു. ദിവസം 12-നും 18-നും ഇടയ്ക്ക് മണിക്കൂർ ഞാൻ ജോലി ചെയ്യുമായിരുന്നു. അത് എന്റെ കുടുംബത്തെയും ദൈവത്തെയും അവഗണിക്കുന്നതിലേക്കു നയിച്ചു. എന്തായിരുന്നു ഫലം?
എന്റെ വിവാഹം തകർന്നു, അത് വിവാഹമോചനത്തിൽ കലാശിച്ചു. ഞാൻ മൊൺടാനയിലേക്കു പോയി, മദ്യപാനത്തിൽ അഭയം തേടി. ക്രിസ്തീയമല്ലാത്ത ജീവിതശൈലി, യേശുവിന്റെ ഉപമയിലെ മുടിയനായ പുത്രൻ പിന്തുടർന്ന അതേ ചിന്താശൂന്യമായ പാതയിലേക്ക് എന്നെയും തള്ളിവിട്ടു. (ലൂക്കൊസ് 15:11-32) അങ്ങനെയിരിക്കെ, എനിക്ക് ആത്മാർഥതയുള്ള ഒരൊറ്റ സുഹൃത്തുപോലും ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹതാശരായ ആളുകളെ കണ്ടുമുട്ടുമ്പോൾ ഞാൻ അവരോട് ഇങ്ങനെ പറയും: “യഹോവയുടെ സാക്ഷികളെ കണ്ടെത്തുക. അവർക്കു നിങ്ങളെ യഥാർഥത്തിൽ സഹായിക്കാൻ കഴിയും.” അപ്പോൾ അവർ ചോദിക്കും: “പിന്നെ, താൻ എന്താണ് ഒരു യഹോവയുടെ സാക്ഷി അല്ലാത്തത്?” ഒരു യഹോവയുടെ സാക്ഷി ആയിരിക്കാനും അതേസമയം എന്റേതുപോലുള്ള ജീവിതം നയിക്കാനും കഴിയില്ല എന്ന് എനിക്കു സമ്മതിക്കേണ്ടിവന്നു.
ഒടുവിൽ, 1978-ൽ ഞാൻ ന്യൂ മെക്സിക്കോയിൽ എന്നെ അറിയാവുന്ന സാക്ഷികളുള്ള സഭയിലേക്കു തിരിച്ചുപോയി.
കുറെ വർഷങ്ങൾക്കു ശേഷമായിരുന്നു ഞാൻ രാജ്യഹാൾ കാണുന്നത്. വിങ്ങിവിങ്ങിക്കരയാനല്ലാതെ എനിക്കു മറ്റൊന്നിനുമായില്ല. യഹോവ എന്നോട് എത്ര കരുണ ഉള്ളവനായിരുന്നു. സഭയിലെ സുഹൃത്തുക്കൾ എന്നോടു വളരെ ദയ കാട്ടി, തിരികെ യഹോവയുടെ വഴികളിൽ നടക്കാൻ അവർ എന്നെ സഹായിച്ചു.പുതിയ ജീവിതസഖിയും പുതിയ തുടക്കവും
എനിക്കു ദീർഘനാളായി പരിചയമുള്ള ഒരു സാക്ഷിയായ, സുന്ദരിയായ കാരെനെ ഞാൻ വിവാഹം കഴിച്ചു. 1980-ൽ ആയിരുന്നു അത്. അവൾക്ക് മുൻ വിവാഹത്തിൽനിന്ന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു, ജെയ്സണും ജോനാഥാനും. യഹോവയോട് അവൾക്കുണ്ടായിരുന്ന അഗാധസ്നേഹം നിമിത്തം അവൾ എന്റെ ജീവിതത്തിനു സ്ഥിരത നൽകി. ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺമക്കൾ കൂടെ ഉണ്ടായി—ബെന്നും ഫിലിപ്പും. പക്ഷേ ജീവിതം ഒരു പൂമെത്തയല്ലെന്ന് ഞാൻ വീണ്ടും കണ്ടെത്തി. ദുരന്തം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
ചിത്രകലയെ കുറിച്ച് ഞാൻ ഒരു പഠനം നടത്തി, മനുഷ്യന്റെയും മൃഗങ്ങളുടെയും—പ്രത്യേകിച്ച് കുതിരകളുടെ—ശരീരഘടനാശാസ്ത്രം പഠിക്കാൻ ഞാൻ അനേകം മണിക്കൂറുകൾ ചെലവഴിച്ചു. അതുപോലെ ചിത്ര സംയോജനം, അനുപാതം, ത്രിമാന ചിത്രണം എന്നിവയെ കുറിച്ചും പഠിച്ചു. ഞാൻ കളിമൺ ശിൽപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി, പ്രത്യേകിച്ച് പണ്ടത്തെ പാശ്ചാത്യ നാടിനെ ചിത്രീകരിക്കുന്നവ. കുതിരകൾ, കുതിരപ്പുറത്തിരിക്കുന്ന ഇന്ത്യക്കാർ, കൗബോയ്സ്, ഒറ്റക്കുതിരയെ പൂട്ടിയ വണ്ടിയിൽ യാത്രചെയ്യുന്ന ഡോക്ടർ എന്നിങ്ങനെ പല ശിൽപ്പങ്ങൾക്കും ഞാൻ രൂപംനൽകി. ഈ ഉദ്യമത്തിൽ ഞാൻ വിജയം നേടിത്തുടങ്ങി. അതുകൊണ്ട് ഒരു പ്രദർശന ശാല തുറക്കാൻ ഞങ്ങൾ തീരുമാനിച്ചു. കാരെൻ അതിന് ഒരു പേരും കണ്ടുപിടിച്ചു, മൗണ്ടൻ ട്രെയിൽസ് ഗാലറി.
താമസിയാതെ, 1987 ആയപ്പോഴേക്ക് അരിസോണയിലെ സെഡോണയിൽ ഇതേ പേരിൽ ഞങ്ങൾ ഒരു പ്രദർശന ശാല തുറന്നു. കാരെൻ പ്രദർശന ശാല നോക്കിനടത്തിയപ്പോൾ ഞാൻ വീട്ടിലെ സ്റ്റുഡിയോയിൽ ജോലിനോക്കുകയും ഞങ്ങളുടെ കൊച്ചുകുട്ടികളെ പരിപാലിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ, കുട്ടികൾക്കു സുഖമില്ലാതായി. കച്ചവടമാണെങ്കിൽ മോശവുമായിരുന്നു. അപ്പോൾ കാരെൻ വീട്ടിലിരുന്നു കുട്ടികളെ നോക്കി, ഞാൻ കളിമണ്ണെടുത്ത് സ്റ്റോറിൽ കൊണ്ടുപോയി ആവശ്യക്കാരുടെ മുമ്പിൽ വെച്ചുതന്നെ ശിൽപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അത് ഞങ്ങളുടെ കച്ചവടം എത്ര വിജയകരമാക്കിയെന്നോ!
ഞാൻ നിർമിക്കുന്ന വെങ്കല ശിൽപ്പങ്ങളെപ്പറ്റി ആളുകൾ എന്നോടു ചോദിക്കാൻ തുടങ്ങി. അതേക്കുറിച്ചു വിശദീകരിക്കുന്നതോടൊപ്പംതന്നെ ഉപയോഗിക്കുന്ന ശിൽപ്പമാതൃകകളെ കുറിച്ചും ഞാൻ അവരോടു പറയുമായിരുന്നു. പണ്ടത്തെ പാശ്ചാത്യ നാടുകളിൽ അറിയപ്പെട്ടിരുന്ന പേരുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിങ്ങനെ എന്റെ വിപുലമായ വായനയിലൂടെ ഗ്രഹിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അവർക്കു ഞാൻ ഒരു ചരിത്രക്ലാസ്സ്തന്നെ എടുക്കുമായിരുന്നു. ഞാൻ ഉണ്ടാക്കുന്ന ശിൽപ്പ മാതൃകകളിൽ ആളുകൾ ആത്മാർഥമായ താത്പര്യം കാണിക്കാൻ തുടങ്ങി. ചിലരാണെങ്കിൽ പണിപ്പുരയിലായിരിക്കുന്ന ഒരു ശിൽപ്പം കണ്ട് അതിനുവേണ്ടി മുൻകൂർ പണം നൽകാനും തുടങ്ങി. ബാക്കി പണം ശിൽപ്പം പൂർത്തിയായതിനു ശേഷമായിരിക്കും നൽകുക. അങ്ങനെ “ശിൽപ്പം വാർക്കുന്നതിനു മുമ്പെ വിൽപ്പന” എന്നൊരു ചൊല്ലും ഉണ്ടായി. വിജയം ദ്രുതഗതിയിലായിരുന്നു. എന്റെ ബിസിനസ്സ് തഴച്ചുവളർന്നു. തത്ഫലമായി ഞങ്ങൾക്ക് മൂന്നു പ്രദർശന ശാലകളും 32 തൊഴിലാളികൾ ഉള്ള ഒരു വലിയ ആലയും ഉണ്ടായി. പക്ഷേ ഇതെല്ലാം എന്റെ ഊർജം ഊറ്റിയെടുത്തു. ശ്വാസം വിടാൻ പോലും നേരമില്ലാതെയുള്ള ഈ അധ്വാനത്തിൽനിന്ന് എങ്ങനെ തലയൂരാം എന്നു ഞാനും കാരെനും ചിന്തിച്ചു. ഞങ്ങൾ ഇതേക്കുറിച്ചു പ്രാർഥിച്ചു. ഈ സമയത്ത് ഞാൻ സഭയിലെ ഒരു മൂപ്പനായിരുന്നു. യഹോവയ്ക്കു വേണ്ടി കൂടുതൽ ചെയ്യാൻ എനിക്കു കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.
വീണ്ടും ഏക യജമാനനെ സേവിക്കുന്നു
അങ്ങനെയിരിക്കെ, 1996-ൽ ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ സഭയിൽ വന്നപ്പോൾ അദ്ദേഹം ഉച്ചഭക്ഷണത്തിനായി ഞങ്ങളെ ക്ഷണിച്ചു. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ചോദിച്ചു. നാവഹോ ഇന്ത്യക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന മേഖലയിലേക്കു മാറിത്താമസിച്ച് ചിൻലിയിൽ ഒരു പുതിയ സഭ തുടങ്ങാൻ സഹായിക്കാമോ എന്ന്. എത്ര വലിയ വെല്ലുവിളി! ഞങ്ങൾ ആ സംവരണ മേഖല പല പ്രാവശ്യം സന്ദർശിക്കുകയും അവിടത്തെ ചില വിദൂര പ്രദേശങ്ങളിലെ പ്രസംഗവേലയിൽ സഹായിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഞങ്ങൾക്ക് ഒരു പുതിയ ലക്ഷ്യം തുറന്നുതന്നു. ഭൗതികത്വത്തിന്റെ മടുപ്പിക്കുന്ന തിരക്കിൽനിന്ന് ഒഴിഞ്ഞ് യഹോവയെയും അവന്റെ ജനത്തെയും കൂടുതൽ സമയം സേവിക്കുന്നതിന് ഞങ്ങൾക്കുള്ള അവസരമായിരുന്നു ഇത്. അതേ, ഞങ്ങൾ ഒരു യജമാനനെ മാത്രം സേവിക്കാൻ തീരുമാനിച്ചു.
ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ കാരുസെറ്റാസ് കുടുംബം—മറ്റൊരു മൂപ്പനും കുടുംബവും—ഈ സാഹസിക ഉദ്യമം ഏറ്റെടുക്കുന്നതിൽ ഞങ്ങളോടൊപ്പം ചേർന്നു. സംവരണ മേഖലയിലേക്കു പോകേണ്ടതിന് ഞങ്ങൾ ഇരുകൂട്ടരും ഞങ്ങളുടെ സുഖകരമായ പാർപ്പിടങ്ങൾ വിറ്റ് സഞ്ചരിക്കുന്ന ഭവനങ്ങൾ വാങ്ങി. ഞാൻ പ്രദർശന ശാലകളും പിന്നീട് ആലയും വിറ്റു. ഞങ്ങൾ ജീവിതം ലളിതമാക്കി. അപ്പോൾ ഞങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് ഇഷ്ടംപോലെ സമയം കിട്ടി.
ചിൻലിയിൽ, 1996 ഒക്ടോബറിൽ, ഞങ്ങളുടെ പുതിയ സഭയുടെ ആദ്യ യോഗം നടന്നു. അന്നുമുതൽ, പ്രസംഗവേല നാവഹോ ജനതയ്ക്കിടയിൽ കൂടുതൽ വിപുലമായിരിക്കുന്നു. നാവഹോ ഭാഷ സംസാരിക്കുന്ന തീക്ഷ്ണരായ പയനിയർമാർ ഞങ്ങളുടെ സഭയിലുണ്ട്. പഠിക്കാൻ ബുദ്ധിമുട്ടായ ഈ ഭാഷ ഞങ്ങളും മെല്ലെ പഠിച്ചെടുക്കാൻ ശ്രമം തുടങ്ങി. കാരണം, ഞങ്ങൾ നാവഹോകൾ അല്ലെങ്കിലും അവരുടെ ഭാഷ പറയുമ്പോൾ അവർക്ക് താത്പര്യം തോന്നുമല്ലോ. സ്വദേശ അമരിന്ത്യൻ അധികാരികളുടെ അനുമതിയോടെ ഞങ്ങൾ ഒരു സ്ഥലം വാങ്ങി ചിൻലിയിൽ ഒരു രാജ്യഹാൾ പണിതു. ഇക്കഴിഞ്ഞ ജൂണിൽ അതിന്റെ സമർപ്പണവും നടന്നു.
ദുരന്തം ആഞ്ഞടിക്കുന്നു!
അങ്ങനെയിരിക്കെ, 1996 ഡിസംബറിൽ ഒരു ദിവസം, കാരെൻ ഞങ്ങളുടെ മക്കളെയും കൂട്ടി ന്യൂ മെക്സിക്കോയിലെ റൂയിഡോസോയിലേക്ക് ഒരു ഹ്രസ്വ സന്ദർശനത്തിനു പോയി. എനിക്കു പോകാൻ പറ്റാതെ ചിൻലിയിൽത്തന്നെ താമസിക്കേണ്ടി വന്നു. ഞങ്ങളുടെ 14 വയസ്സുള്ള മകൻ
ബെൻ, മഞ്ഞിൽ സ്കീയിങ് നടത്തിക്കൊണ്ടിരിക്കെ ഒരു പാറക്കെട്ടിൽ ഇടിച്ച് മരിച്ചു എന്ന ദുരന്തവാർത്ത കേട്ടപ്പോഴുള്ള ഞെട്ടലും ദുഃഖവും ഒന്ന് ഓർത്തുനോക്കൂ! ഇത് ഞങ്ങൾക്കെല്ലാവർക്കും ഒരു കഠിന പരിശോധന ആയിരുന്നു. ഞങ്ങളെ താങ്ങിനിറുത്തിയത് പുനരുത്ഥാനത്തെ കുറിച്ചുള്ള ബൈബിൾ പ്രത്യാശയാണ്. ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ പിന്തുണയും വലിയ ആശ്വാസമായിരുന്നു. വളരെക്കാലം ഞങ്ങൾ താമസിച്ച സെഡോണയിലെ രാജ്യഹാളിൽ വെച്ചായിരുന്നു ശവസംസ്കാര ശുശ്രൂഷ. ഞങ്ങളുടെ അയൽക്കാർക്ക് തങ്ങൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര നാവഹോക്കാരെ അവിടെ കാണാൻ കഴിഞ്ഞു. സംവരണ മേഖലയിൽനിന്നുള്ള സഹോദരീസഹോദരന്മാർ 300-ലധികം കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ഞങ്ങളെ പിന്തുണയ്ക്കാനെത്തി.ബെന്നിന്റെ ഇളയ സഹോദരൻ ഫിലിപ്പ് വരുത്തിയ ആത്മീയ പുരോഗതി കാണുന്നത് ഒരു അനുഗ്രഹമാണ്. അവന് നല്ല ആത്മീയ ലക്ഷ്യങ്ങൾ ഉണ്ട്, അതു ഞങ്ങൾക്ക് ഏറെ സന്തോഷം പകരുന്നു. ഇപ്പോൾ അവൻ നിരവധി ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു അധ്യാപകനോടൊത്തും അവൻ അധ്യയനം നടത്തിയിരുന്നു. ഞങ്ങൾ എല്ലാവരും, യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ ബെൻ തിരികെ വരുമ്പോൾ അവനെ കാണാൻ അതിയായി ആഗ്രഹിക്കുന്നു.—ഇയ്യോബ് 14:14, 15; യോഹന്നാൻ 5:28, 29; വെളിപ്പാടു 21:1-5.
സ്നേഹവും പിന്തുണയും നൽകുന്ന കുടുംബത്താൽ ഞങ്ങൾ അനുഗൃഹീതരാണ്. കാരെന്റെ ആദ്യവിവാഹത്തിലെ മകനായ ജോനാഥാനും ഭാര്യ കെന്നയും എന്റെ ആദ്യവിവാഹത്തിലെ ഇളയ മകൻ ക്രിസ്സും ഭാര്യ ലോറീയും യഹോവയെ സേവിക്കുന്നു. ഞങ്ങളുടെ പേരക്കുട്ടികളായ വുഡ്റോയും ജോനായും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ വിദ്യാർഥി പ്രസംഗങ്ങൾ നിർവഹിക്കുന്നുണ്ട്. എന്റെ പിതാവ് 1987-ൽ മരിച്ചു. 84 വയസ്സുള്ള അമ്മ ഇപ്പോഴും യഹോവയുടെ സേവനത്തിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നു, എന്റെ ഇളയ സഹോദരനായ ജോണും ഭാര്യ ചെറിയും അങ്ങനെതന്നെ.
യേശുവിന്റെ വാക്കുകൾ എത്ര സത്യമാണെന്ന് അനുഭവത്തിലൂടെ ഞാൻ പഠിച്ചു: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല . . . നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” ഇപ്പോൾപ്പോലും കലാപ്രേമത്തിന് എന്റെ മേൽ ഒരു യജമാനൻ ആയിരിക്കാൻ കഴിയും. എന്റെ കലാവാസന എന്നെ ഇനിയും വഴിതിരിച്ചു വിടാതിരിക്കാൻ സമനിലയും ജാഗ്രതയും ഉള്ളവനായിരിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ നന്നായി മനസ്സിലാക്കുന്നു. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതു പിൻപറ്റുന്നത് എത്രയോ മെച്ചമാണ്: “ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:58. (g03 7/08)
[അടിക്കുറിപ്പ്]
a ജെ. എഫ്. റഥർഫോർഡ് 1942-ൽ തന്റെ മരണംവരെ യഹോവയുടെ സാക്ഷികൾക്കിടയിൽ നേതൃത്വം വഹിച്ചു.
[14, 15 പേജുകളിലെ ചിത്രം]
ചിൻലിയിൽ, 1966-ലെ എന്റെ വിമാനം
[15-ാം പേജിലെ ചിത്രം]
“ശങ്കിച്ചു നിൽക്കാൻ നേരമില്ല” എന്നു പേരുള്ള ഒരു വെങ്കല ശിൽപ്പം
[17-ാം പേജിലെ ചിത്രം]
ഞങ്ങൾ ബൈബിൾ പഠനത്തിനായി കൂടിവന്ന ഈ സ്ഥലത്ത് പിന്നീട് രാജ്യഹാൾ പണിതു
[17-ാം പേജിലെ ചിത്രം]
ഭാര്യ കാരെനോടൊപ്പം
[17-ാം പേജിലെ ചിത്രം]
തടിയും മണ്ണുംകൊണ്ട് നിർമിച്ച ഒരു നാവഹോ പാർപ്പിടത്തിൽ സാക്ഷീകരിക്കുന്നു