“ബ്രോളി എടുക്കാൻ മറക്കല്ലേ!”
“ബ്രോളി എടുക്കാൻ മറക്കല്ലേ!”
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ബ്രിട്ടനിൽ സാധാരണമായി മിക്ക ആളുകളും കുട കൊണ്ടുനടക്കാറുണ്ട്. മഴ പെയ്യില്ല എന്നു തീർത്തുപറയാൻ പറ്റില്ല. അതുകൊണ്ട് ഞങ്ങൾ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ “ബ്രോളി എടുക്കാൻ മറക്കല്ലേ!” എന്നു പരസ്പരം ഓർമിപ്പിക്കും. a എന്നാൽ ചിലപ്പോൾ ഞങ്ങൾ അത് ബസ്സിലോ ട്രെയിനിലോ കടയിലോ മറന്നു വെച്ചെന്നും വരാം. അതേ, കൊണ്ടുനടക്കാവുന്ന ഈ കൂടാരത്തെ നമ്മിൽ പലരും നിസ്സാരമായി കരുതാൻ ഇടയുണ്ട്. കാരണം കളഞ്ഞുപോയാൽ മറ്റൊരെണ്ണം വാങ്ങാമല്ലോ. പക്ഷേ കുടയെ എല്ലായ്പോഴും ഇത്ര നിസ്സാരമായല്ല കരുതിപ്പോന്നിരുന്നത്.
ഒരു ഉത്കൃഷ്ട ചരിത്രം
ചരിത്രത്തിലെ ആദ്യത്തെ കുടയ്ക്ക് മഴയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അവ പദവിയുടെയും ആഭിജാത്യത്തിന്റെയും ചിഹ്നങ്ങൾ ആയിരുന്നു, ഉന്നതരായവർക്കു മാത്രമായുള്ളത്. അസീറിയ, ഈജിപ്ത്, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ ആയിരക്കണക്കിനു വർഷം മുമ്പുള്ള കൊത്തുപണികളിലും ചിത്രങ്ങളിലും, രാജാക്കന്മാരെ വെയിലിൽനിന്നു സംരക്ഷിക്കുന്നതിനായി മറക്കുട പിടിച്ചുകൊണ്ടുനിൽക്കുന്ന സേവകന്മാരെ കാണാം. അസീറിയയിൽ, രാജാവിനു മാത്രമേ ഒരു കുട ഉണ്ടായിരിക്കാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ.
ചരിത്രത്തിലുടനീളം, കുട അധികാരത്തിന്റെ പ്രതീകമായി തുടർന്നു, പ്രത്യേകിച്ച് ഏഷ്യയിൽ. ഒരു ഭരണാധികാരിയുടെ ഔന്നത്യം കണക്കാക്കിയിരുന്നത് അദ്ദേഹത്തിന് സ്വന്തമായി എത്ര കുടയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. ബർമയിലെ ഒരു രാജാവ് ‘ഇരുപത്തിനാല് കുടകളുടെ നാഥൻ’ എന്ന് അറിയപ്പെട്ടിരുന്നു. ചിലപ്പോൾ കുടയ്ക്ക് എത്ര നിലകളുണ്ട് എന്നതിനും പ്രാധാന്യം കൽപ്പിച്ചിരുന്നു. ചൈനയിലെ
ചക്രവർത്തിയുടെ കുടയ്ക്ക് നാല് നിലകൾ ഉണ്ടായിരുന്നു, സയമിലെ രാജാവിന്റെ കുടകൾക്കാകട്ടെ ഏഴോ ഒമ്പതോ എണ്ണവും. ചില പൗരസ്ത്യ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും കുട ഇന്നും അധികാരത്തിന്റെ ചിഹ്നമാണ്.കുടയുടെ ഉപയോഗം മതങ്ങളിലും
കുടയുടെ ചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ അതിനു മതവുമായി ബന്ധമുണ്ടായിരുന്നു. നട്ട് ദേവത തന്റെ ശരീരം ഒരു കുടപോലെ നിവർത്തി ഭൂമിക്കു തണലേകുന്നു എന്ന് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് അവളുടെ സംരക്ഷണം ലഭിക്കാൻ ആളുകൾ കൊണ്ടുനടക്കാവുന്ന തങ്ങളുടെ സ്വന്തം “മേൽക്കൂര”യ്ക്കു കീഴെ നടക്കുമായിരുന്നു. നിവർത്തിയ കുട ആകാശ കമാനത്തെ അർഥമാക്കുന്നുവെന്ന് ഇന്ത്യയിലും ചൈനയിലും ഉള്ളവർ വിശ്വസിച്ചു. ആദിമ ബുദ്ധമതക്കാർ കുടയെ ബുദ്ധന്റെ പ്രതീകമായി ഉപയോഗിച്ചു. അവർ തീർത്ത സ്മാരകങ്ങളുടെ കുംഭഗോപുരങ്ങൾക്കു മീതെ മിക്കപ്പോഴും നിവർത്തിയ കുടകൾ സ്ഥാപിച്ചിരുന്നു. കുട ഹിന്ദുമതത്തിന്റെയും ഭാഗമായിരുന്നു.
പൊ.യു.മു. 500-ാം ആണ്ടോടെയാണ് കുട ഗ്രീസിൽ എത്തിയത്. അവിടത്തെ ഉത്സവങ്ങളിൽ അവർ ദേവീദേവന്മാരുടെ പ്രതിമകളെ കുട ചൂടിക്കുമായിരുന്നു. ഏഥെൻസിലെ സ്ത്രീകളെ മറക്കുട ചൂടിക്കാൻ വേലക്കാരുണ്ടായിരുന്നു. എന്നാൽ പുരുഷന്മാർ വിരളമായേ കുട ഉപയോഗിക്കുമായിരുന്നുള്ളൂ. ഗ്രീസിൽനിന്ന് ഈ രീതികൾ റോമിലേക്കു പ്രചരിച്ചു.
റോമൻ കത്തോലിക്കാ സഭ കുടയെ തങ്ങളുടെ ആചാരചിഹ്നങ്ങളിൽ ഉൾപ്പെടുത്തി. പാപ്പാ മുഖം കാണിക്കാൻ വരുന്നത് ചുവപ്പും മഞ്ഞയും വരകളുള്ള സിൽക്ക് കുടക്കീഴിലായി. അതേസമയം, കർദിനാളന്മാർക്കും ബിഷപ്പുമാർക്കും ചൂടാനായി ഉപയോഗിച്ചിരുന്നത് വയലറ്റോ പച്ചയോ കുടകളായിരുന്നു. ബസിലിക്കകളിൽ പാപ്പായുടെ സിംഹാസനത്തിനു മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങളുള്ള ഓംബ്രെലോൻ അഥവാ ‘അംബ്രെല’ നിവർത്തി വെക്കുന്ന പതിവ് ഇന്നും തുടരുന്നു. ഒരു പാപ്പായുടെ മരണശേഷം മറ്റൊരു പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെയുള്ള ഇടക്കാലത്ത് സഭാതലവന്റെ സ്ഥാനം അലങ്കരിക്കുന്ന കർദിനാളിനും ആ കാലയളവിൽ തന്റെ അധികാര ചിഹ്നമായി ഉപയോഗിക്കാൻ ഒരു ഓംബ്രെലോൻ ഉണ്ട്.
മറക്കുടയിൽനിന്ന് മഴക്കുടയിലേക്ക്
ഇന്നു വെയിലിൽനിന്ന് തണൽ നൽകുന്ന മറക്കുടയും (parasol) മഴയിൽനിന്നു സംരക്ഷണം നൽകുന്ന കുടയും (umbrella) ഉണ്ട്. എന്നാൽ ഇവയ്ക്ക് ഇംഗ്ലീഷിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടു വാക്കുകൾക്കും മഴയുമായി യാതൊരു ബന്ധവുമില്ല. ഇംഗ്ലീഷ് വാക്കായ “അംബ്രെല” ലാറ്റിൻ പദമായ അംബ്രയിൽനിന്നും വന്നതാണ്. “തണൽ” അഥവാ “നിഴൽ” എന്നൊക്കെയാണ് അതിന്റെ അർഥം. “പാരസോൾ” എന്ന പദം വന്നത് “തണലേകുക” “സൂര്യൻ” എന്ന അർഥങ്ങൾ വരുന്ന വാക്കിൽനിന്നാണ്. കടലാസു കുടയിൽ എണ്ണയും മെഴുകും പുരട്ടി മഴയിൽനിന്നുള്ള സംരക്ഷണമായി ഉപയോഗിക്കാൻ തുടങ്ങിയത് ചൈനാക്കാരോ സാധ്യതയനുസരിച്ച് പുരാതന റോമിലെ സ്ത്രീകളോ ആയിരുന്നു. എന്നിരുന്നാലും, മറക്കുടയുടെയും മഴക്കുടയുടെയും ആശയം 16-ാം നൂറ്റാണ്ടുവരെ യൂറോപ്പിൽനിന്ന് അപ്രത്യക്ഷമായിരുന്നു, ഇറ്റലിക്കാരും പിന്നീട് ഫ്രഞ്ചുകാരുമാണ് അതു വീണ്ടും കണ്ടെത്തി ഉപയോഗിച്ചു തുടങ്ങിയത്.
ബ്രിട്ടനിലെ സ്ത്രീകൾ 18-ാം നൂറ്റാണ്ടോടെ കുട കൊണ്ടുനടക്കാൻ തുടങ്ങി. എന്നാൽ പുരുഷന്മാർ ഇതിനെ സ്ത്രൈണത നിഴലിക്കുന്ന ഒരു അലങ്കാര വസ്തുവായി കരുതി കൊണ്ടുനടക്കാൻ വിസമ്മതിച്ചു. എന്നാൽ കോഫീഹൗസുകളുടെ ഉടമസ്ഥർ കുടയുടെ പ്രയോജനം തിരിച്ചറിഞ്ഞു, കാരണം മഴയോ നല്ല വെയിലോ ഉള്ള ദിവസങ്ങളിൽ തങ്ങളുടെ ഉപഭോക്താക്കൾ അവരുടെ കുതിരവണ്ടിയിൽനിന്നു പുറത്തിറങ്ങുമ്പോൾ അവർക്കുവേണ്ടി ഒരു കുട തയ്യാറാക്കിവെക്കുന്നത് നല്ലതായിരിക്കുമെന്ന് അവർക്കു തോന്നി. കോരിച്ചൊരിയുന്ന മഴയത്ത് പള്ളിയങ്കണത്തിൽനിന്നുകൊണ്ട് ശവസംസ്കാര ശുശ്രൂഷ നടത്തുമ്പോൾ കുട തികച്ചും ഉപകാരപ്രദമാണെന്നു പുരോഹിതന്മാരും തിരിച്ചറിഞ്ഞു.
അങ്ങനെയിരിക്കെ, ഒരു സഞ്ചാരിയും മനുഷ്യസ്നേഹിയുമായ ജോനാസ് ഹാൻവേ ഇംഗ്ലണ്ടിൽ കുടയുടെ ചരിത്രം തിരുത്തിക്കുറിച്ചു. ലണ്ടനിൽ പരസ്യമായി ഒരു കുട കൊണ്ടുനടക്കാനുള്ള ധൈര്യം കാണിച്ചത് അദ്ദേഹമാണെന്നു പറയപ്പെടുന്നു. തന്റെ വിദേശയാത്രകൾക്കിടയിൽ, മറ്റു ദേശങ്ങളിലെ പുരുഷന്മാർ കുട ഉപയോഗിക്കുന്നത് അദ്ദേഹം കണ്ടു. ദേഷ്യത്തിൽ വണ്ടിയോടിച്ചു പോകുന്നവർ കുഴിയിൽ കിടക്കുന്ന ചെളിവെള്ളം മനഃപൂർവം തന്റെ ദേഹത്തു തെറിപ്പിക്കുന്നതു തടയാനായി കുട ഉപയോഗിക്കാൻ അദ്ദേഹം നിശ്ചയിച്ചു. 30 വർഷത്തോളം ഹാൻവേയുടെ സന്തതസഹചാരി ആയിരുന്നു കുട. 1786-ൽ അദ്ദേഹം മരിക്കുമ്പോൾ പുരുഷന്മാരും സ്ത്രീകളും യാതൊരു മടിയുമില്ലാതെ കുട കൊണ്ടുനടക്കാൻ തുടങ്ങിയിരുന്നു.
മഴക്കുട ഉപയോഗിക്കാൻ അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. അത്തരം കുടകൾ വലുപ്പവും ഭാരവും ഉള്ളവയും അതേസമയം ഗുണമേന്മ ഇല്ലാത്തവയും ആയിരുന്നു. അവയുടെ ശീല എണ്ണപുരട്ടിയ സിൽക്കോ കാൻവാസോ കൊണ്ടുള്ളതും കമ്പികളും കുടക്കാലും മറ്റും മുളകൊണ്ടോ തിമിംഗലത്തിന്റെ എല്ലുകൊണ്ടോ നിർമിച്ചവയും ആയിരുന്നു. അതുകൊണ്ട് നനഞ്ഞിരിക്കുമ്പോൾ കുട നിവർത്താൻ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല കുട ചോരുകയും ചെയ്യുമായിരുന്നു. എങ്കിലും, അവയ്ക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിക്കൊണ്ടിരുന്നു, കാരണം മഴ വരുമ്പോഴെല്ലാം ഒരു വാടകവണ്ടി വിളിക്കുന്നതിലും ചെലവു കുറവ് ഒരു കുട വാങ്ങാനായിരുന്നു. കുട നിർമാണവും കുട വിൽപ്പനയും തകൃതിയായി വർധിച്ചു, കുടയ്ക്ക് പുതിയ രൂപവും ഭാവവും വരുത്തുന്നതിലായി നിർമാതാക്കളുടെ ശ്രദ്ധ. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാമുവൽ ഫോക്സ് മേൽത്തരമായ ഒരു കുടയുടെ നിർമാണത്തിന്റെ കുത്തക ഏറ്റെടുത്തു. ഇത്തരം കുടയ്ക്ക് ഭാരം കുറഞ്ഞ ബലമുള്ള സ്റ്റീൽ ചട്ടക്കൂട് ഉണ്ടായിരുന്നു, എണ്ണതേച്ചു മിനുക്കിയ പണ്ടത്തെ ഭാരിച്ച കാൻവാസ് ശീലകൾ സിൽക്ക്, കോട്ടൺ, മെഴുകുതേച്ചു മിനുക്കിയ ചണത്തുണി തുടങ്ങിയ കനം കുറഞ്ഞ ശീലകൾക്കു വഴിമാറി. അങ്ങനെ ആധുനിക കുട രംഗപ്രവേശം ചെയ്തു.
ഫാഷന്റെ സന്തത സഹചാരി
ഇംഗ്ലണ്ടിലെ അണിഞ്ഞൊരുങ്ങി നടക്കുന്ന വനിതയുടെ കൈയിലെ കമനീയമായ ഒരു ഫാഷൻവസ്തു ആയി മാറി അലങ്കാരക്കുട. ഫാഷൻ തരംഗങ്ങൾ മാറുന്നത് അനുസരിച്ച് അവളുടെ കുടയ്ക്ക് വലുപ്പം കൂടുകയും അതിൽ വർണശബളമായ എല്ലാത്തരം സിൽക്കും സാറ്റിനും സ്ഥാനം പിടിക്കുകയും ചെയ്തു. മിക്കപ്പോഴും അവളുടെ വേഷഭൂഷാദികൾക്കു ചേരുന്നതരം കുടയായിരുന്നു അവൾ കൊണ്ടുനടന്നിരുന്നത്, അതിൽ ലേസുകൾ പിടിപ്പിച്ച് മോടികൂട്ടുകയും തൊങ്ങലും റിബണുകളും ഞൊറിവുകളും തൂവലുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്യുമായിരുന്നു. 20-ാം നൂറ്റാണ്ട് ആയപ്പോഴേക്ക്, തന്റെ മൃദുലചർമത്തെ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മാന്യവനിതകളുടെയും കൈയിൽ കുട സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു.
എന്നാൽ, 1920-കൾ ആയപ്പോഴേക്ക്, വെയിൽ കൊള്ളിച്ച് ചർമത്തിന്റെ നിറത്തിനു മങ്ങലേൽപ്പിക്കുന്നത് ഒരു ഫാഷനായി മാറി, ഫലമോ നമ്മുടെ അലങ്കാരക്കുട അപ്രത്യക്ഷമായി. അങ്ങനെയിരിക്കെ, ഇംഗ്ലണ്ടിലെ ചില കുലീനർ കറുത്ത കമ്പിളിത്തൊപ്പി ധരിച്ച്, മടക്കിയ കറുത്ത കുടയെ വിശേഷപ്പെട്ട ഒരു ഊന്നുവടിയായി ഉപയോഗിക്കുന്ന കാലഘട്ടം വന്നു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, പുതിയ സാങ്കേതിക വിദ്യകൾ പുതിയ മുഖച്ഛായകളുമായി കുടയെ വിപണിയിൽ എത്തിച്ചു. പലതായി മടക്കാവുന്നതും വെള്ളം പിടിക്കാത്ത നൈലോൺ, പോളിസ്റ്റർ, പ്ലാസ്റ്റിക്ക് ശീലകൾ ഉള്ളതുമായിരുന്നു അവ. വിലപിടിപ്പുള്ള മെച്ചപ്പെട്ട കുടകൾ കൈകൊണ്ടു നിർമിക്കുന്ന ചില കടകൾ ഇപ്പോഴുമുണ്ട്. എന്നാൽ ഇപ്പോൾ, എല്ലാ നിറത്തിലും വലുപ്പത്തിലും ഉള്ള കുടകൾ ഫാക്ടറികൾ വൻതോതിൽ ഉത്പാദിപ്പിക്കുന്നു. അതിൽ വലിയ ഗോൾഫ് കളിക്കളത്തിലും പുറത്തെ ഭക്ഷണവേളകളിലും ഉപയോഗിക്കുന്ന വലിയ കുട മുതൽ ഒരു പേഴ്സിൽ മടക്കി വെക്കാൻ പാകത്തിന് 15 സെന്റിമീറ്റർ വലുപ്പമുള്ളവ വരെയുണ്ട്.
ഒരിക്കൽ ആർഭാടവും പദവിചിഹ്നവും ആയി വീക്ഷിച്ചിരുന്ന കുട ഇന്ന് കുറഞ്ഞ വിലയ്ക്കു കിട്ടുന്നതും കളഞ്ഞുപോകുന്ന സാധനങ്ങളിൽ മുമ്പനുമാണ്. എന്നാൽ ലോകത്ത് എവിടെ ആയിരുന്നാലും മോശമായ കാലാവസ്ഥകളിൽനിന്ന് സംരക്ഷണം നേടുന്നതിന് പറ്റിയ ഒരു ഉപകരണമാണ് ഇത്. സൂര്യാതപം ഏൽക്കുന്നതിന്റെ അപകട സാധ്യതകളെപ്പറ്റി കൂടെക്കൂടെ മുന്നറിയിപ്പു ലഭിക്കുന്നതിനാൽ ചില രാജ്യങ്ങളിൽ, പണ്ടത്തെപ്പോലെതന്നെ സൂര്യരശ്മികളിൽനിന്നു സംരക്ഷണം നേടാനായി ഇത് ഉപയോഗിച്ചുവരുന്നു. അതുകൊണ്ട് ഇന്നു നിങ്ങൾ വീട്ടിൽനിന്നും പുറത്തുപോകുമ്പോൾ നിങ്ങളെയും ആരെങ്കിലും ഓർമിപ്പിച്ചെന്നു വരും: “ബ്രോളി എടുക്കാൻ മറക്കല്ലേ!” (g03 7/22)
[അടിക്കുറിപ്പ്]
a ബ്രിട്ടീഷ് സംസാരഭാഷയിൽ കുടയ്ക്ക് പറയുന്ന പദമാണ് “ബ്രോളി.”
[20-ാം പേജിലെ ചതുരം/ചിത്രം]
കുട വാങ്ങുകയും സംരക്ഷിക്കുകയും ചെയ്യേണ്ട വിധം
സൗകര്യമാണോ ബലമാണോ കുടയ്ക്കു വേണ്ടത് എന്നു നിങ്ങൾതന്നെ തീരുമാനിക്കുക. പോക്കറ്റിൽ കൊള്ളുന്നതരം വിലകുറഞ്ഞ മടക്കുകുടയ്ക്ക് സാധാരണമായി കമ്പികൾ കുറവാണ്, ശക്തിയായ കാറ്റിൽ ചെറുത്തു നിൽക്കാനുള്ള കരുത്തും കുറവാണ്. അതേസമയം, പരമ്പരാഗത കാലൻകുടയ്ക്ക് ഒരുപക്ഷേ വില അൽപ്പം കൂടിയേക്കാം എങ്കിലും അത് കാലാവസ്ഥയെ ചെറുക്കുകയും ഈടുനിൽക്കുകയും ചെയ്യും. അതേ, നല്ല ഒരു കുട വളരെക്കാലം നിലനിൽക്കും. നിങ്ങൾ ഏതു തിരഞ്ഞെടുത്താലും ശരി, കുട കരിമ്പനടിക്കാതെയും തുരുമ്പെടുക്കാതെയും ശ്രദ്ധിക്കണം. കുട നിവർത്തി നന്നായി ഉണങ്ങിയശേഷം മാത്രം മടക്കിവെക്കുക. കുട അതിന്റെ കവറിൽത്തന്നെ ഇട്ടുസൂക്ഷിക്കുകയാണെങ്കിൽ പൊടിപിടിക്കാതെ വൃത്തിയായി ഇരിക്കും.
[19-ാം പേജിലെ ചിത്രങ്ങൾ]
അസീറിയൻ രാജാവിനെ ഒരു സേവകൻ കുട ചൂടിക്കുന്നു
കുടപിടിച്ചിരിക്കുന്ന പുരാതന ഗ്രീസിലെ ഒരു സ്ത്രീ
[കടപ്പാട്]
ചിത്രങ്ങൾ: The Complete Encyclopedia of Illustration/J. G. Heck
[20-ാം പേജിലെ ചിത്രം]
ഏതാണ്ട് 1900-ാം ആണ്ടിലെ ഒരു അലങ്കാരക്കുട
[കടപ്പാട്]
Culver Pictures