നീരാവിക്കുളി—അന്നും ഇന്നും
നീരാവിക്കുളി—അന്നും ഇന്നും
നൂറ്റാണ്ടുകളോളം നിരവധി സംസ്കാരങ്ങൾ നീരാവിക്കുളി ആസ്വദിച്ചിട്ടുണ്ട്. ഉത്തര അമരിന്ത്യരുടെ ഈനീപീ, റഷ്യക്കാരുടെ ബാന്യാ, തുർക്കികളുടെ ഹാമാൻ, ജപ്പാൻകാരുടെ മുഷിബൂറോ എന്നിവയാണ് പലതരം നീരാവിക്കുളികളിൽ ചിലത്.
ചൂടേൽക്കാനുള്ള ഒരു മുറിയും ഒരു നീരാവിപ്പുരയും അടങ്ങുന്ന കുളിപ്പുരകൾ പുരാതന റോമിലും ഉണ്ടായിരുന്നു. റോമിൽ പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി കുഴിച്ചെടുത്തിട്ടുള്ള കുളിപ്പുരകളിൽ വെച്ച് ഏറ്റവും മനോഹരവും ആർഭാടം നിറഞ്ഞതുമാണ് കാരക്കാല കുളിപ്പുരകൾ. ഇവ 28 ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതും 1,600 പേർക്കു കുളിക്കാവുന്നതും ആയിരുന്നു.
അതിരിക്കട്ടെ, ഇന്നുവരെ പ്രയോഗത്തിലിരിക്കുന്ന രണ്ടുതരം നീരാവിക്കുളികളെ കുറിച്ചു പരിചിന്തിക്കുന്നതിന് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ഒന്ന്, മെക്സിക്കോക്കാരുടെ ടെമെസ്കാൾ ആണ്. മറ്റൊന്ന് ഫിന്നിഷുകാരുടെ സോണയും. ഇതേക്കുറിച്ചു വായിച്ചു കഴിയുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കാൻ മിക്കവാറും നിങ്ങൾക്കും തോന്നും!
ടെമെസ്കാൾ
സ്പാനീഷുകാർ മെക്സിക്കോയെ തങ്ങളുടെ അധീനതയിലാക്കുന്നതിനു മുമ്പ്, ആസ്ടെക്കുകൾ, സാപോടെക്കുകൾ, മിക്സ്ടെക്കുകൾ, മായകൾ എന്നിവർ ചികിത്സയ്ക്കും ശുദ്ധീകരണത്തിനും ടെമെസ്കാൾ ഉപയോഗിച്ചിരുന്നു. പ്രായപൂർത്തി ആകുന്നതിനോട് അനുബന്ധിച്ചുള്ള ആചാരങ്ങൾ, പ്രസവം, ബന്ധുവിന്റെ ശവസംസ്കാരം, മറ്റു ഗോത്ര ചടങ്ങുകൾ എന്നിവയോടു ബന്ധപ്പെട്ടാണ് ഇത്തരം കുളി നടത്തിയിരുന്നത്. ടെമെസ്കാൾ എന്നത് നഹുവാറ്റ്ൽ ജനതയുടെ ഭാഷയിലെ ടെമാസ്കാളി എന്ന വാക്കിൽനിന്നും വന്നതാണ്, “കുളിപ്പുര” എന്നാണ് അതിന്റെ അർഥം. വെയിലത്ത് ഉണക്കിയ ഇഷ്ടികകൊണ്ട് നിർമിച്ചിരുന്ന ഇവ ദീർഘചതുരാകൃതിയിലോ വൃത്താകൃതിയിലോ ഉള്ളവയായിരുന്നു. ഇവയുടെ മേൽക്കൂരയ്ക്ക് കമാനാകൃതിയായിരുന്നു. ഇതിൽ അഗ്നിപർവത ശിലകൾ ഇട്ട് ചൂടുപിടിപ്പിച്ചിരുന്നു. നീരാവി ഉത്പാദിപ്പിക്കുന്നതിനായി റോസ്മേരി, യൂക്കാലിപ്റ്റസ് തുടങ്ങിയ ഔഷധ ഇലകൾ ശിലകൾക്കു മീതെ എറിയുമായിരുന്നു. കുളിക്കുന്ന വ്യക്തിയെ ആചാരപരമായി ഔഷധ
ചെടികൾകൊണ്ട് മൃദുവായി തല്ലുകയും ചെയ്തിരുന്നു. തണുത്ത വെള്ളം തളിച്ചുകൊണ്ടാണ് ഈ ആചാരം അവസാനിപ്പിച്ചിരുന്നത്.വൈസ്രോയിയുടെ ഭരണകാലത്ത് സ്പാനിഷ് സന്ന്യാസിമാർ ഈ ആചാരത്തിനെതിരെ പോരാടി, കാരണം സ്ത്രീപുരുഷന്മാർ ഒന്നിച്ചു കുളിക്കുന്നത് അനുചിതമാണെന്ന് അവർ കരുതി. പക്ഷേ, ടെമെസ്കാൾ അതിനെയെല്ലാം അതിജീവിച്ചു, ഇന്നും മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ ഇതു നിലവിലുണ്ട്. കുളി നടത്തുന്നതിനും രോഗനിവാരണത്തിനും പ്രസവരക്ഷയ്ക്കും വേണ്ടിയാണ് മുഖ്യമായും ഇതുപയോഗിക്കുന്നത്. എന്നിരുന്നാലും, രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗം എന്നനിലയിൽ ടെമെസ്കാളിന്റെ മതപരമായ പ്രാധാന്യം സംബന്ധിച്ച പരമ്പരാഗത വിശ്വാസങ്ങൾ പുനരുദ്ധരിക്കാനുള്ള താത്പര്യം ഉയരുന്നുണ്ട്.
ഫിന്നിഷ് സോണ
സാധ്യതയനുസരിച്ച് ഏറ്റവും പ്രസിദ്ധിയാർജിച്ചിട്ടുള്ള നീരാവിക്കുളി ഫിന്നിഷ് സോണതന്നെയാണ്. വാസ്തവത്തിൽ “സോണ” എന്നത് ഒരു ഫിന്നിഷ് പദമാണ്. സോണയ്ക്ക് ഏകദേശം 2,000 വർഷം പഴക്കമുണ്ട്. നന്നായി മൂടാത്ത ഒരു കുഴിയും അതിന്റെ നടുവിലോ കോണിലോ ഒരു അടുപ്പും ചേർന്നതായിരുന്നു ഏറ്റവും പഴയ സോണ. പിന്നീട്, പൊ.യു. 12-ാം നൂറ്റാണ്ടോടെ വീടുകൾക്കു വെളിയിൽ, ക്യാബിൻ-സോണകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇന്ന്, ഫിൻലൻഡിൽ മിക്ക വീടുകളിലും ഒരു സോണയുണ്ട്—പലകയടിച്ച, വൈദ്യുതികൊണ്ടോ വിറകിട്ടു കത്തിച്ചോ ചൂടുപിടിപ്പിക്കുന്നവ. ക്യാബിൻ-സോണകളിലും ഗ്രാമപ്രദേശത്തുള്ളവയിലും വിറകിട്ടു കത്തിക്കുന്നതു വളരെ സാധാരണമാണ്. വിറകാണെങ്കിലും വൈദ്യുതിയാണെങ്കിലും അടുപ്പിനു മുകളിൽ കല്ലുകൾ നിരത്താറുണ്ട്. കുളിക്കാർ ഒരു തവികൊണ്ടു കല്ലുകളിൽ വെള്ളം കോരിയൊഴിച്ച് ഈർപ്പം വർധിപ്പിക്കുന്നു. റോമാക്കാരുടെയും തുർക്കികളുടെയും കുളിപ്പുരയും ഫിന്നിഷ് സോണയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, സോണകൾ സാധാരണഗതിയിൽ പലകയടിച്ചവയും തടികൊണ്ടുള്ള സജ്ജീകരണങ്ങളോടു കൂടിയവയും ആയിരിക്കും എന്നതാണ്. തടി വേഗം ചൂടുപിടിക്കില്ലാത്തതിനാൽ ഉയർന്ന ചൂടിൽപ്പോലും ഇരിപ്പിടങ്ങളിൽനിന്നോ അഴികളിൽനിന്നോ ഭിത്തിയിൽനിന്നോ കുളിക്കാർക്കു പൊള്ളലേൽക്കുകയില്ല.
സോണ ഫിന്നിഷ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. 3 ഫിന്നിഷ്കാർക്ക് ഒരു സോണവീതം ഉണ്ടെന്നു കണക്കുകൾ കാണിക്കുന്നു. ഫിന്നിഷ് ജനതയിൽ മിക്കവരും ആഴ്ചയിൽ ഒരിക്കലെങ്കിലും നീരാവിക്കുളി ആസ്വദിക്കുന്നവരാണ്. വേനൽ അവധികൾ തടാകക്കരയിൽ ചെലവഴിക്കാൻ എത്തുന്നവരിൽ അനേകരും മിക്കവാറും എല്ലാ ദിവസവും നീരാവിക്കുളി നടത്തുന്നു! അവർ നീരാവിക്കുളി കഴിഞ്ഞ് തടാകത്തിലെ തണുത്ത വെള്ളത്തിൽ നീന്തുന്നു. ഇങ്ങനെ മാറിമാറിയുള്ള കുളി വർഷത്തിൽ ഏതു സമയത്തും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി, തണുത്തുറഞ്ഞ തടാകങ്ങളുടെ കരയിൽ ധാരാളം സോണകൾ സ്ഥാപിച്ചിട്ടുണ്ട്. നീരാവിക്കുളി കഴിഞ്ഞ് തണുത്ത വെള്ളത്തിലേക്ക് ഊളിയിടുന്നതിനായി ഐസിൽ ഒരു ദ്വാരം ഇട്ടിട്ടുണ്ട്.
നീരാവിക്കുളിയും ആരോഗ്യവും
നീരാവിക്കുളി ആരോഗ്യത്തിനു നല്ലതായതിനാൽ ഫിന്നിഷുകാർ ദീർഘകാലമായി ഇതിന്റെ വക്താക്കൾ ആയിരുന്നിട്ടുണ്ട്. ഒരു ഫിന്നിഷ് പഴമൊഴി ശ്രദ്ധിക്കുക: “സോണ പാവപ്പെട്ടവന്റെ ചികിത്സാവിധിയാണ്.” അതേ, 19-ാം നൂറ്റാണ്ടുവരെ സോണ ഒരു കുളിപ്പുര എന്നതിൽ ഉപരി ഒരുതരം ആശുപത്രിയും പ്രസവവാർഡും കൂടി ആയിരുന്നു.
അസ്സൽ ഒരു നീരാവിക്കുളി, 80 മുതൽ 100 വരെ ഡിഗ്രി സെൽഷ്യസ് ചൂടിൽ 10 മുതൽ 15 വരെ മിനിട്ടു നേരത്തേക്കുള്ളതാണ്. ഇടയ്ക്ക് ഒന്നു വിശ്രമിക്കുകയോ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ചെയ്തതിനു ശേഷം പലരും ഇത് ആവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. ശരീരത്തിൽ ചൂടു തട്ടുമ്പോൾ രക്തപ്രവാഹം വർധിക്കുന്നു. ത്വക്കിലെ ചെറു സുഷിരങ്ങൾ തുറക്കുന്നു, ലാക്ടിക് ആസിഡുപോലെയുള്ള മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നു, അങ്ങനെ വിഷാംശങ്ങൾ നീക്കം ചെയ്യപ്പെടുകയും ശുചിത്വം കൈവരുകയും ചെയ്യുന്നു. വ്യായാമം ചെയ്തതിനു ശേഷമുണ്ടാകുന്ന കഴപ്പും വേദനയും ശമിക്കാനും അലർജികൾ, ജലദോഷം, സന്ധിവാതം എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കാനുമാണ് മിക്കപ്പോഴും നീരാവിക്കുളി നടത്തുന്നത്. ആരോഗ്യകരമായ ഇത്തരം പ്രയോജനങ്ങളെ കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും നീരാവിക്കുളി പ്രസരിപ്പും ക്ഷമതയും ശുചിത്വവും പ്രദാനം ചെയ്യുന്നു എന്നാണ് ഇതു പ്രിയപ്പെടുന്നവർ പറയുന്നത്. ശരീരത്തിനും മനസ്സിനും അയവുകിട്ടുന്നതിനു ചിലർ ദിവസത്തിന്റെ ഒടുവിൽ നീരാവിക്കുളി ആസ്വദിക്കുന്നു. ചൂടും തണുപ്പും ഇടകലർന്ന കുളി നവോന്മേഷം നൽകുന്നതിനാൽ പകൽസമയത്തു നീരാവിക്കുളി നടത്താനാണ് മറ്റു ചിലർ താത്പര്യപ്പെടുന്നത്. a
സോണകൾക്ക് ലോകമെമ്പാടും മുമ്പെന്നത്തെക്കാൾ പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഹോട്ടലുകളിലും സ്പോർട്സ് നടത്തുന്ന സ്ഥലങ്ങളിലും മറ്റും. എന്നാൽ ഒരു മുന്നറിയിപ്പുണ്ട്: ചില രാജ്യങ്ങളിൽ “സോണ” എന്ന പദം ചില വേശ്യാലയങ്ങളെ കുറിക്കാൻ ഉപയോഗിക്കുന്നു. അതുകൊണ്ട് നിങ്ങൾ സന്ദർശിക്കുന്ന സോണ മാന്യമായ ഉദ്ദേശ്യത്തിന് ഉപയോഗിക്കുന്ന യഥാർഥ സോണയാണെന്ന് ഉറപ്പുവരുത്തുക.
ചില സ്ഥലങ്ങളിൽ സോണ ശരിയായ വിധത്തിൽ അല്ല പ്രവർത്തിപ്പിക്കുന്നത്. ഉദാഹരണത്തിന്, ആവശ്യത്തിനു കല്ലുകൾ ഉപയോഗിക്കാത്ത അടുപ്പിന്മേൽ വെള്ളം തളിച്ചാൽ നീരാവി പെട്ടെന്ന് ഉയരുകയും അത് അസ്വസ്ഥത ഉളവാക്കുകയും ചെയ്യും. മാത്രമല്ല, വെള്ളം തീയിലേക്ക് അരിച്ചിറങ്ങുകയും ചെയ്യും. വൈദ്യുത അടുപ്പാണെങ്കിൽ അതിന്റെ കോയിലുകൾക്കും കേടുവരും. അതുകൊണ്ട്, നിർമാതാവിന്റെ നിർദേശങ്ങൾ പിൻപറ്റുന്നു എന്നും സോണ വൃത്തിയുള്ളതും നന്നായി വായുകടക്കുന്നതും ആക്കി സൂക്ഷിക്കുന്നു എന്നും ഉറപ്പുവരുത്തുക. ഈ നിർദേശങ്ങൾ എല്ലാം പാലിക്കപ്പെടുന്ന ഒരു സോണയിൽ പോകാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ, പുരാതനമെങ്കിലും നവീനമായ ഈ നീരാവിക്കുളി ഒന്നു പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കും. (g03 7/22)
[അടിക്കുറിപ്പ്]
a നിങ്ങൾ പ്രായമായ വ്യക്തിയോ ഗർഭിണിയോ ഹൃദ്രോഗിയോ ആണെങ്കിൽ നീരാവിക്കുളി നടത്തുന്നതിനു മുമ്പു ഡോക്ടറെ സമീപിക്കുക.
[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നീരാവിക്കുളിക്കുള്ള ചില നിർദേശങ്ങൾ
● നീരാവിക്കുളിക്കു മുമ്പ് മദ്യവും അമിത ഭക്ഷണവും ഒഴിവാക്കുക.
● ഒരു കുളിയോടെ തുടങ്ങുക.
● കട്ടിയുള്ള ഒരു തോർത്തിൽ ഇരിക്കുക.
● ഇരിപ്പിടം എത്ര താഴെയാണോ അത്രയും കുറവായിരിക്കും താപനില.
● അടുപ്പിനു മുകളിൽ വെച്ചിരിക്കുന്ന കല്ലുകളിൽ വെള്ളം അൽപ്പാൽപ്പമായി കോരിയൊഴിച്ചുകൊണ്ട് ഈർപ്പത്തിന്റെ അളവു ക്രമീകരിക്കുക.
● അങ്ങേയറ്റത്തെ ചൂടു സഹിക്കാനോ അപകടകരമാംവിധം കൂടുതൽ സമയം സോണയിൽ ഒറ്റയിരിപ്പ് ഇരിക്കാനോ കുളിക്കാർ തമ്മിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കുകൊള്ളരുത്.
● തണുത്ത വെള്ളത്തിൽ കുളി അവസാനിപ്പിക്കുക.
[21-ാം പേജിലെ ചിത്രം]
ഒരു “ടെമെസ്കാൾ” നീരാവിക്കുളി
[കടപ്പാട്]
Courtesy of James Grout/Soprintendenza Archeologica di Roma
[21-ാം പേജിലെ ചിത്രം]
റോമിലെ കാരക്കാല കുളിപ്പുരകൾ