ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മുറിക്കുള്ളിൽ വളർത്തുന്ന ചെടികളുടെ മൂല്യം
“സ്കൂളിലെ ക്ലാസ് മുറികളിൽ ചെടികൾ ഉണ്ടായിരുന്നെങ്കിൽ ആയിരക്കണക്കിനു കുട്ടികൾ ഉയർന്ന മാർക്കു കരസ്ഥമാക്കുമായിരുന്നു” എന്ന് ഗവേഷകർ പറഞ്ഞതായി ലണ്ടന്റെ ദ ടൈംസ് പറയുന്നു. കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്നതും ആവശ്യത്തിനു ജനാലകൾ ഇല്ലാത്തതുമായ ക്ലാസ്മുറികളിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് അനുവദനീയമായതിലും 500 ശതമാനം കൂടുതൽ ആണെന്ന് റീഡിങ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡെറിക് ക്ലമന്റ്സ്-ക്രൂമെ കണ്ടെത്തി. അത് കുട്ടികളുടെ ഏകാഗ്രതയെ നശിപ്പിക്കുകയും അവരുടെ പുരോഗതിക്കു തടസ്സമാവുകയും ചെയ്യുന്നതായും അദ്ദേഹം മനസ്സിലാക്കി. ഓഫീസ് കെട്ടിടങ്ങളിലുള്ള ജീവനക്കാരുടെ ശരാശരി എണ്ണത്തിന്റെ അഞ്ചു മടങ്ങാണ് ക്ലാസ് മുറികളിൽ കുട്ടികളുടെ എണ്ണം. ജോലിക്കാരെയും അവരുടെ ഉത്പാദനക്ഷമതയെയും ബാധിക്കുന്നതായി അറിയപ്പെടുന്ന മേൽപ്പറഞ്ഞ അവസ്ഥ “സിക്ക് ബിൽഡിങ് സിൻഡ്രോം” എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനോടു ചേർച്ചയിൽ, സ്കൂളിലെ ഈ അവസ്ഥയെ പ്രൊഫസർ ഡെറിക് ‘സിക്ക് ക്ലാസ്റൂം സിൻഡ്രോം’ എന്നു വിളിച്ചു. മുറികളിലെ വായു മെച്ചപ്പെടുത്താൻ ഏതുതരം ചെടികളാണ് ഉപയോഗിക്കാവുന്നത്? സ്പൈഡർ ചെടികളാണ് ഏറ്റവും ഫലപ്രദം എന്ന് ഐക്യനാടുകളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ഡ്രാഗൻ ചെടികൾ, ഐവി, റബ്ബർ ചെടികൾ, പീസ് ലില്ലി, യൂക്കാസ് എന്നിവയും വായുമലിനീകരണ ഘടകങ്ങളെ നീക്കം ചെയ്യാൻ വളരെ നല്ലതാണ്. വീടിനുള്ളിൽ വളർത്തുന്ന ഇത്തരം ചെടികൾ കാർബൺ ഡയോക്സൈഡിനെ ഓക്സിജൻ ആക്കി മാറ്റിക്കൊണ്ട് അതിന്റെ അളവു കുറയ്ക്കുന്നു. (g03 6/08)
കൊച്ചു സ്വേച്ഛാധിപതികൾ ആയിരിക്കാൻ പരിശീലനം
“കുട്ടികളാണ് വീടു ഭരിക്കുന്നത്!” പോളീഷ് വാരികയായ വ്പ്രോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “കൂടുതലും അവർക്കുവേണ്ടിയാണു നാം വിലകൂടിയ വസ്ത്രങ്ങളും, സൗന്ദര്യവർധക വസ്തുക്കളും, നവീന ഉപകരണങ്ങളുമൊക്കെ വാങ്ങുന്നത്. താഴ്ന്ന വരുമാനക്കാരും ഇടത്തട്ടുകാരും വീട്ടുചെലവുകൾക്കായി നീക്കിവെച്ചിരിക്കുന്ന പണത്തിന്റെ 80 ശതമാനവും ചെലവാക്കുന്നത് കൗമാരപ്രായക്കാർക്കുവേണ്ടിയാണ്.” മാതാപിതാക്കൾക്കായുള്ള വാഴ്സോ സർവകലാശാലയിലെ, മൗഗോർഷാറ്റാ റിംകെവിച്ചിന്റെ ഗവേഷണ റിപ്പോർട്ട്, കുട്ടികളിലെ സ്വേച്ഛാധിപത്യ പെരുമാറ്റത്തിന്റെ ലക്ഷണങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഉദാഹരണത്തിന്, മാതാപിതാക്കളോട് നന്ദിയുള്ളവർ ആയിരിക്കുന്നതിനു പകരം, “അവർ കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു, തങ്ങൾക്കു ലഭിക്കുന്നവയിലൊന്നും അവർ സന്തുഷ്ടരല്ല, അവർ വഴക്കാളികളാണ്, മറ്റുള്ളവരോട് അവർക്ക് ഒരു പരിഗണനയുമില്ല.” റിംകെവിച്ച് ഇപ്രകാരം പറയുന്നു: “കുട്ടികളെ വളർത്തുന്ന കാര്യത്തിൽ നാം ഗുരുതരമായ പിശകു വരുത്തുന്നു, തീരെ ചെറിയ കുട്ടികളെപ്പോലും നമ്മൾ തന്നിഷ്ടത്തിനു വിടുകയാണ്.” മനശ്ശാസ്ത്രജ്ഞരുടെ പോളീഷ് സംഘടന ഇപ്രകാരം പറയുന്നു. കൗമാരപ്രായത്തിലുള്ള ഒരു കുട്ടി തനിക്കുള്ള പരിധികൾ അംഗീകരിക്കുന്നത് ഒരു വയസ്സിനും നാലു വയസ്സിനും ഇടയ്ക്ക് അവന്റെ കാര്യത്തിൽ വെച്ചിരുന്ന പരിധികളുടെ അടിസ്ഥാനത്തിലാണ്. . . . കൗമാരപ്രായക്കാരുടെ എല്ലാ പ്രതിഷേധങ്ങൾക്കും മുട്ടാളത്തരങ്ങൾക്കും വഴങ്ങുകയാണെങ്കിൽ നാം കുറെ സ്വേച്ഛാധിപതികളെയായിരിക്കും വളർത്തിവിടുന്നത്.”(g03 6/22)
“മരണാനന്തര” അനുഭവങ്ങളെ കുറിച്ച് പുതിയ വിവരങ്ങൾ
സ്വിസ്സ് നാഡീശാസ്ത്രജ്ഞർ, ഒരു സ്ത്രീയുടെ അപസ്മാര ആഘാതത്തിന്റെ ഉത്ഭവം കണ്ടുപിടിക്കാൻ ഇലക്ട്രോഡുകൾ ഉപയോഗിച്ചപ്പോൾ ആ സ്ത്രീക്ക് യാദൃശ്ചികമായി, ‘മരണാനന്തരം ഉണ്ടാകുന്ന അനുഭവം’ എന്നു വിളിക്കുന്ന പ്രതിഭാസം അനുഭവപ്പെട്ടെന്ന് ജർമൻ സയൻസ് ന്യൂസ് സർവീസ് ആയ ബിൽറ്റ് ഡേർ വിസൻഷാഫ്റ്റ്-ഓൺലൈൻ പറയുന്നു. ഓരോ തവണയും തലച്ചോറിന്റെ വലത്തെ കോർട്ടക്സ് ഉത്തേജിപ്പിക്കപ്പെട്ടപ്പോൾ, താൻ ശരീരം വിട്ടുപോകുന്നതായും എന്നിട്ട് മുകളിൽനിന്നു സ്വന്ത ജഡശരീരത്തെ കാണുന്നതായും തോന്നിയെന്ന് ആ സ്ത്രീ റിപ്പോർട്ടു ചെയ്തു. കാഴ്ചയും സംവേദകത്വവും തമ്മിൽ ബന്ധിപ്പിക്കുന്നത് തലച്ചോറിന്റെ വലത്തെ കോർട്ടക്സ് ആണെന്നു കാണപ്പെടുന്നു. “ഇലക്ട്രോഡുകൾകൊണ്ട് ഉത്തേജിപ്പിക്കപ്പെട്ടപ്പോൾ രോഗിയിൽ ഈ പ്രതിപ്രവർത്തനത്തിനു തടസ്സം നേരിട്ടതിനാൽ ശരീരത്തിനു സംവേദകത്വം നഷ്ടപ്പെട്ടെന്നു തോന്നുന്നു” എന്ന് ബിൽറ്റ് ഡേർ വിസൻഷാഫ്റ്റ് പറയുന്നു. ഇത്തരം ‘മരണാനന്തര അനുഭവങ്ങൾ’ “ശരീരത്തിൽ നിന്നും വേറിട്ട ആത്മാവ് എന്ന ഊഹാപോഹം മിക്കപ്പോഴും വളർത്തിയിട്ടുണ്ട്.” (g03 6/08)
പരിഷ്കരിച്ച ജപമാല
“റോമൻ കത്തോലിക്ക സഭയിലെ ഭക്തർ 500 വർഷമായി മന്ത്രം പോലെ ഉരുവിടുന്ന ജപമാണ് സ്വർഗസ്ഥനായ പിതാവും, നന്മനിറഞ്ഞ മറിയവും. യേശുവിന്റെയും അമ്മയുടെയും ജീവിതത്തിലെ 15 സുപ്രധാന സംഭവങ്ങളോട് അഥവാ ‘ദിവ്യസാരങ്ങളോട്’ ഉള്ള ബന്ധത്തിൽ ധ്യാനിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് ഈ ജപംചൊല്ലൽ രൂപകൽപ്പന ചെയ്തത്” എന്ന് ന്യൂസ് വീക്ക് റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ ഒക്ടോബറിൽ നിലവിലുള്ള കൊന്തയോടു നാലാമതൊരു പരിവൃത്തി കൂടി കൂട്ടിക്കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പാ ഒരു അപ്പൊസ്തലിക ലേഖനം പുറത്തിറക്കി. സ്നാപനം മുതൽ ഒടുവിലത്തെ അത്താഴം വരെയുള്ള യേശുവിന്റെ ശൂശ്രൂഷയെ അടിസ്ഥാനമാക്കിയുള്ളതാണിത്. “രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ തന്റെ ‘പ്രിയപ്പെട്ട’ കൊന്ത ചൊല്ലലിനു നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കുക എന്നതാണ് പാപ്പായുടെ ലക്ഷ്യം” എന്നു മാസിക കൂട്ടിച്ചേർക്കുന്നു. “പാപ്പാ ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ഉദ്ദേശ്യം, കത്തോലിക്കർ മാത്രം അനുവർത്തിച്ചു വരുന്ന ഈ ആചാരത്തിലൂടെ, യേശുവിന് മറിയയോടുള്ള—കൊന്ത എന്നു പറയുമ്പോൾ മുന്നിൽ തെളിയുന്ന രൂപം—ബന്ധത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുക എന്നതാണ്.” “പൗരസ്ത്യ മതങ്ങളുടെ ധ്യാനരീതികൾ ക്രിസ്ത്യാനിത്വത്തെ സ്വാധീനിച്ചിരിക്കുന്ന” ഈ കാലഘട്ടത്തിൽ ഇതു കത്തോലിക്കരെ ധ്യാനശീലം വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കും എന്നു പാപ്പാ പ്രത്യാശിക്കുന്നു. (g03 6/08)
വിവാഹം കലക്കൽ ഏജൻസികൾ
ജപ്പാനിൽ അസന്തുഷ്ടരായ ദമ്പതികൾ തങ്ങളുടെ വിവാഹബന്ധം തകർക്കാനായി ചില ഏജൻസികൾക്കു പണം നൽകുന്നു എന്ന് ടോക്കിയോയുടെ ഐഎച്ച്റ്റി ആസാഹി ഷിംബൂൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു ഭർത്താവിനു ഭാര്യയെ ഉപേക്ഷിക്കണം എന്നിരിക്കട്ടെ, എന്നാൽ വിവാഹമോചനത്തിനു മതിയായ കാരണമൊട്ട് ഇല്ലതാനും. അപ്പോൾ അയാൾ ‘വിവാഹം കലക്കൽ’ ഏജൻസിക്ക് പണം നൽകുന്നു. ഏജൻസി, സുമുഖനായ ഒരു പുരുഷനെ ആവശ്യക്കാരന്റെ ഭാര്യയുടെ അടുത്തേക്കു വിടും, “യാദൃശ്ചികമായി” അവളെ കാണുന്നതിനും അവളുമായി ഒരു പ്രണയബന്ധം തുടങ്ങുന്നതിനും വേണ്ടി. അധികം താമസിയാതെ ഭാര്യ വിവാഹമോചനത്തിനു സമ്മതിക്കും. ദൗത്യം പൂർത്തിയായാൽ വാടക-കാമുകൻ സ്ഥലം വിടും. ഇനി ഭാര്യയ്ക്ക് ഭർത്താവിനെയാണ് ഒഴിവാക്കേണ്ടതെങ്കിലോ? ഏജൻസി, സുന്ദരിയായ ഒരു യുവതിയെ അയയ്ക്കും. അവൾ അയാളെ കിടപ്പറയിലേക്കു വശീകരിച്ചുവരുത്തും. 24-കാരിയായ ഒരു യുവതി പറയുന്നത് അവൾ സമീപിക്കുന്ന പുരുഷന്മാരിൽ മിക്കവരും “ഒഴിഞ്ഞുമാറാറില്ല” എന്നാണ്. “ഇക്കാര്യത്തിൽ ഞാൻ 85 മുതൽ 90 വരെ ശതമാനം വിജയിക്കാറുണ്ട്,” അവൾ പറയുന്നു. അഞ്ചിൽ മൂന്നു തവണയും പരാജയപ്പെടുന്ന തൊഴിലാളികളെ ഇത്തരം ഒരു ഏജൻസിയുടെ പ്രസിഡന്റ് പിരിച്ചുവിടുന്നതായി പത്രം പറയുന്നു. “അവർ വിജയിച്ചേ മതിയാകൂ, ഇതു ബിസിനസ്സാണ്” എന്ന് അയാൾ പറഞ്ഞു. (g03 6/22)
കുട്ടികൾ തെരുവിലാകുന്നത് എന്തുകൊണ്ട്?
“വീട്ടിലെ അക്രമമാണ് കുട്ടികളും കൗമാരപ്രായക്കാരും വീടുവിട്ട് തെരുവിനെ അഭയം പ്രാപിക്കുന്നതിന്റെ മുഖ്യകാരണം” എന്ന് ബ്രസീൽ വർത്തമാനപത്രമായ ഓ എസ്റ്റാഡോ ഡെ സൗങ് പൗലൂ പറയുന്നു. റിയോ ഡി ജനീറോയിലെ, കുട്ടികളെയും കൗമാരപ്രായക്കാരെയും സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന 1,000 തെരുവു കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സർവേ വെളിപ്പെടുത്തുന്നത് അവരിൽ 39 ശതമാനവും ദുഷ്പെരുമാറ്റത്തിന് ഇരയാകുകയോ വീട്ടിലെ അക്രമരംഗങ്ങൾ നേരിട്ടു കാണുകയോ ചെയ്തിട്ടുണ്ട് എന്നാണ്. “ഈ കുട്ടികൾ അന്തസ്സായ ഒരു ചുറ്റുപാടിനായുള്ള അന്വേഷണത്തിലാണ്. അത് തെരുവിൽ കണ്ടെത്താനാകും എന്ന് അവർ വെറുതേ മോഹിക്കുന്നു” എന്ന് സാമൂഹികശാസ്ത്രജ്ഞയായ ലെനി ഷ്മിറ്റ്സ് പറയുന്നു. ഈ കുട്ടികളിൽ 34 ശതമാനവും താണതരം ജോലികൾ ചെയ്യാനോ ഭിക്ഷ യാചിക്കാനോ ആണ് തെരുവിലെത്തിയത്. മറ്റൊരു 10 ശതമാനം തെരുവിൽ എത്തിപ്പെട്ടത് മയക്കുമരുന്നുകളുമായി ബന്ധപ്പെട്ടാണ്. 14 ശതമാനം പേർ തങ്ങൾ സ്വന്ത ഇഷ്ടപ്രകാരം വന്നതാണ് എന്നു പറയുന്നുണ്ടെങ്കിലും ഗവേഷകരുടെ അഭിപ്രായത്തിൽ അതിന്റെ പിന്നിലെ യഥാർഥ കാരണം ലൈംഗിക ദുഷ്പെരുമാറ്റംപോലുള്ള സംഗതികളാണ്. ഏതാണ്ട് 71 ശതമാനവും മറ്റു തെരുവുകുട്ടികളോടൊപ്പം ആണ് ജീവിച്ചത്. “തെരുവുകുട്ടികളെ സഹോദരന്മാരും അമ്മാവന്മാരും അച്ഛന്മാരും അമ്മമാരും ഒക്കെയായി കരുതിക്കൊണ്ട് അവർ തെരുവിൽ തങ്ങളുടേതായ ചില കുടുംബബന്ധങ്ങൾക്കു രൂപം നൽകി” എന്ന് ഷ്മിറ്റ്സ് പറയുന്നു. (g03 6/22)
പ്ലാസ്റ്റിക് കറൻസി
പ്ലാസ്റ്റിക് കറൻസികൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2002 ഒക്ടോബറിൽ മെക്സിക്കോയും പേർ ചാർത്തി. പടിപടിയായി, കടലാസു നോട്ടുകളുടെ സ്ഥാനം പ്ലാസ്റ്റിക് നോട്ടുകൾ കീഴടക്കുകയാണ്. ഓസ്ട്രേലിയ, ബ്രസീൽ, ന്യൂസിലൻഡ്, റൊമേനിയ എന്നീ രാജ്യങ്ങൾ ഇപ്പോൾത്തന്നെ പ്ലാസ്റ്റിക് കറൻസികൾ ഉപയോഗിച്ചു തുടങ്ങി എന്ന് എൽ യൂണിവേഴ്സൽ വർത്തമാനപത്രം പറയുന്നു. കടലാസു നോട്ടുകൾക്കു നാം ചൈനാക്കാരോടു കടപ്പെട്ടിരിക്കുന്നു. എന്നാൽ ഈ പുതിയ നോട്ടുകൾക്കുള്ള പോളിമെറുകൾ വികസിപ്പിച്ചെടുത്തത് ഓസ്ട്രേലിയക്കാരാണ് എന്ന് പത്രം റിപ്പോർട്ടു ചെയ്യുന്നു. പ്ലാസ്റ്റിക് നോട്ടുകൾക്ക് പല പ്രയോജനങ്ങൾ ഉണ്ട്. കൂടുതൽ വൃത്തിയുള്ളതായിരിക്കും എന്നതിലുപരി “അവയ്ക്ക് കടലാസു നോട്ടുകളുടെ നാലിരട്ടി ആയുസ്സുണ്ട്, നിത്യോപയോഗത്തിനു പറ്റിയതാണ്, . . . ഇതിന്റെ വ്യാജനോട്ടുകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്, ഉപയോഗകാലം കഴിയുമ്പോൾ പുനഃസംസ്കരണം നടത്താനും കഴിയും.” (g03 6/22)