എന്റെ ആത്മീയ ദാഹം ശമിച്ച വിധം
എന്റെ ആത്മീയ ദാഹം ശമിച്ച വിധം
ലൂചീയാ മൂസാനെറ്റ് പറഞ്ഞപ്രകാരം
സ്വിസ് ആൽപ്സിനും ഫ്രാൻസിലെ പ്രസിദ്ധമായ മോണ്ട് ബ്ലാനിനും അടുത്തുള്ള ഇറ്റലിയിലെ വടക്കുപടിഞ്ഞാറൻ പർവതനിരകളുടെ ഇടയിലാണ് വാലേഡാവോസ്റ്റാ എന്ന സ്വയംഭരണ മേഖല സ്ഥിതിചെയ്യുന്നത്. അവിടത്തെ ഷലന്റ് സെന്റ് ആൻസെലം എന്ന കൊച്ചു പ്രദേശത്ത് 1941-ൽ ഞാൻ ജനിച്ചു.
അഞ്ചുമക്കളിൽ മൂത്തതായിരുന്നു ഞാൻ. ബാക്കി നാലുപേർ ആൺകുട്ടികളായിരുന്നു. ഞങ്ങളുടെ അമ്മ കഠിനാധ്വാനിയും ഒരു ഉറച്ച കത്തോലിക്ക വിശ്വാസിയും ആയിരുന്നു. പിതാവിന്റെ വീട്ടുകാരും മതഭക്തരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാർ കന്യാസ്ത്രീകളായിരുന്നു. എന്നെ പഠിപ്പിക്കുന്നത് ഉൾപ്പെടെ എനിക്കുവേണ്ടി മാതാപിതാക്കൾ ഭൗതികമായി വളരെ ത്യാഗങ്ങൾ സഹിച്ചു. ഞങ്ങളുടെ പ്രദേശത്ത് സ്കൂളുകളൊന്നും ഇല്ലായിരുന്നതിനാൽ എനിക്ക് 11 വയസ്സുള്ളപ്പോൾ എന്നെ കന്യാസ്ത്രീകൾ നടത്തുന്ന ഒരു സ്കൂളിൽ നിറുത്തി പഠിപ്പിച്ചു.
അവിടെ ഞാൻ പല വിഷയങ്ങളോടൊപ്പം ലത്തീനും ഫ്രഞ്ചും പഠിച്ചു. 15 വയസ്സായപ്പോൾ ഞാൻ ദൈവത്തെ സേവിക്കേണ്ട വിധത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങി. ഒരു മഠത്തിൽ ചേരുന്നതാണ് അതിന് ഏറ്റവും പറ്റിയ മാർഗമെന്നു ഞാൻ നിഗമനം ചെയ്തു. എന്നിരുന്നാലും, മാതാപിതാക്കൾക്ക് ഇതിനോട് യോജിപ്പില്ലായിരുന്നു. കാരണം, ഞാനങ്ങനെ പോയാൽ എന്റെ ആങ്ങളമാരുടെ കാര്യങ്ങളൊക്കെ അമ്മ തന്നെ നോക്കേണ്ടി വരുമായിരുന്നു. ഞാൻ പഠിച്ച് ഒരു നല്ല ജോലി നേടി കുടുംബത്തെ സഹായിക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്.
അവരുടെ പ്രതികരണം എന്നെ സങ്കടപ്പെടുത്തിയെങ്കിലും, ജീവിതത്തിൽ ഒരു യഥാർഥ ഉദ്ദേശ്യം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു, കൂടാതെ ദൈവത്തിന് പ്രഥമസ്ഥാനം
കൊടുക്കണമെന്നും എനിക്കു തോന്നി. അതുകൊണ്ട് 1961-ൽ ഞാൻ ഒരു റോമൻ കത്തോലിക്ക മഠത്തിൽ ചേർന്നു.എന്റെ കന്യാസ്ത്രീ ജീവിതം
ആദ്യമാസങ്ങളിൽ, ഞാൻ സഭയുടെ ചിട്ടവട്ടങ്ങൾ പഠിക്കുകയും മഠത്തിലെ കായിക വേലയിൽ ഏർപ്പെടുകയും ചെയ്തു. 1961 ആഗസ്റ്റിൽ, കന്യാസ്ത്രീ ജീവിതത്തിനുള്ള എന്റെ പരിശീലനം തുടങ്ങുകയും ഞാൻ ഉടുപ്പിടുകയും ചെയ്തു. സ്വയം ഒരു പേരും നിർദേശിച്ചു, എന്റെ അമ്മയുടെ പേരായ ഈനേസ്. അതു സ്വീകരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ഞാൻ സിസ്റ്റർ ഈനേസ് എന്നറിയപ്പെടാൻ തുടങ്ങി.
കന്യാസ്ത്രീ ജീവിതത്തിനുള്ള പരിശീലനം നേടിക്കൊണ്ടിരുന്ന മിക്കവരും കായിക വേലയിലാണ് ഏർപ്പെട്ടിരുന്നതെങ്കിലും, ആവശ്യത്തിനു വിദ്യാഭ്യാസം ഉണ്ടായിരുന്നതിനാൽ എനിക്ക് ഒരു പ്രാഥമിക സ്കൂൾ അധ്യാപികയായി ജോലി ചെയ്യാൻ സാധിച്ചു. രണ്ടു വർഷംകഴിഞ്ഞ് 1963 ആഗസ്റ്റിൽ ഇറ്റലിയിലെ ആവോസ്റ്റായിലുള്ള സിസ്റ്റേഴ്സ് ഓഫ് സാൻ ജൂസെപ്പേ എന്ന കന്യാസ്ത്രീ വിഭാഗത്തിലെ ഒരു അംഗമായി ഞാൻ പ്രതിജ്ഞയെടുത്തു. പിന്നീട്, മഠത്തിൽനിന്ന് എന്നെ റോമിലെ മാരീയാ സാന്റീസിമാ ആസുന്റാ യൂണിവേഴ്സിറ്റിയിൽ അയച്ച് പഠിപ്പിച്ചു.
റോമിലെ പഠനശേഷം 1967-ൽ ആവോസ്റ്റായിൽ തിരിച്ചെത്തിയ ഞാൻ ഒരു ഹൈസ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. 1976-ൽ എനിക്ക് ആ സ്കൂളിന്റെ ഡയറക്ടർ സ്ഥാനം ലഭിച്ചു. അപ്പോഴും ഞാൻ ചില ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നെങ്കിലും സ്കൂളിന്റെ ഭരണചുമതല ലഭിക്കുകയും വാലേഡാവോസ്റ്റാ റീജിയണൽ സ്കൂൾ ബോർഡിലെ ഒരു അംഗമായിത്തീരുകയും ചെയ്തു.
പാവപ്പെട്ടവരെ സഹായിക്കുക എന്നത് എന്റെ ആത്മാർഥമായ ആഗ്രഹമായിരുന്നു. എനിക്ക് അവരോടു വളരെ സഹാനുഭൂതി തോന്നി. അതുകൊണ്ട്, സ്വന്തമായി ആരോരുമില്ലാത്ത, മാരക രോഗം ബാധിച്ചവരെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പരിപാടികൾ ഞാൻ സംഘടിപ്പിച്ചു. കുടിയേറ്റക്കാരുടെ കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു പദ്ധതിക്കും തുടക്കമിട്ടു. കൂടാതെ, പാവപ്പെട്ടവരെ പാർപ്പിടവും തൊഴിലും കണ്ടെത്താൻ സഹായിക്കുകയും ആവശ്യക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുമുണ്ടായി. സഭാമാർഗത്തിൽത്തന്നെ ജീവിതം നയിക്കാൻ ഞാൻ ശ്രമിച്ചു.
ത്രിത്വം, ആത്മാവിന്റെ അമർത്യത തുടങ്ങിയ സഭയുടെ ഉപദേശങ്ങളും മനുഷ്യന്റെ നിത്യഭാവി സംബന്ധിച്ച കത്തോലിക്ക വീക്ഷണങ്ങളും ഉൾപ്പെടെയുള്ള കത്തോലിക്ക ദൈവശാസ്ത്രം ആ സമയത്ത് ഞാൻ അംഗീകരിച്ചിരുന്നു. ബഹുവിശ്വാസം, അതായത് മറ്റു മതങ്ങളെ അംഗീകരിക്കുകയും അവയുമായി കൈകോർത്തു നീങ്ങുകയും ചെയ്യുക എന്നിങ്ങനെയുള്ള വീക്ഷണങ്ങൾ വെച്ചുപുലർത്താൻ കത്തോലിക്ക ദൈവശാസ്ത്രം അനുമതി നൽകിയിരുന്നു.
എന്നെ അസ്വസ്ഥയാക്കിയ കാര്യങ്ങൾ
എങ്കിലും, കത്തോലിക്ക സഭയ്ക്കുള്ളിലെ ചില പ്രവർത്തനങ്ങൾ എന്നെ അസ്വസ്ഥയാക്കി. ഉദാഹരണത്തിന്, മാമ്മോദീസയ്ക്കും സ്ഥൈര്യലേപനത്തിനും മുമ്പായി അവയുടെ അർഥമെന്താണെന്ന് മാതാപിതാക്കളും കുട്ടികളും പഠിക്കേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, അവരിൽ ഭൂരിപക്ഷവും ക്ലാസ്സുകൾക്ക് വരുമായിരുന്നില്ല, ബാക്കിയുള്ളവരാകട്ടെ, പഠിക്കാനൊട്ടു ശ്രമിച്ചതുമില്ല. മാത്രമല്ല, മാമ്മോദീസയ്ക്കും സ്ഥൈര്യലേപനത്തിനും ഒരു ഇടവകയിൽ അംഗീകാരം ലഭിക്കാഞ്ഞവർ മറ്റൊരു ഇടവകയിലേക്കു പോയി അതു ചെയ്യുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് നിരർഥകവും കപടഭക്തിപരവുമായിരുന്നു.
“മറ്റു തരത്തിലുള്ള പ്രവൃത്തികൾക്കായി നമ്മെത്തന്നെ ഉഴിഞ്ഞുവെക്കുന്നതിനു പകരം നാം സുവിശേഷം പ്രസംഗിക്കേണ്ടതല്ലേ?” എന്നു ഞാൻ ചിലപ്പോഴൊക്കെ എന്നോടുതന്നെയും മറ്റു കന്യാസ്ത്രീകളോടും ചോദിച്ചിട്ടുണ്ട്. “സത്പ്രവൃത്തികൾ ചെയ്തുകൊണ്ടാണ് നാം പ്രസംഗിക്കുന്നത്” എന്നായിരുന്നു മറ്റുള്ളവരിൽനിന്നു ലഭിച്ച ഉത്തരം.
കൂടാതെ, പുരോഹിതന്റെ അടുക്കൽ ചെന്ന് പാപങ്ങൾ ഏറ്റുപറയണമെന്ന ആശയവും അംഗീകരിക്കുക എനിക്കു ബുദ്ധിമുട്ടായിരുന്നു. അത്തരം വ്യക്തിപരമായ കാര്യങ്ങൾ ഞാൻ ദൈവത്തോടല്ലേ പറയേണ്ടതെന്ന് ഞാൻ ചിന്തിച്ചു. പ്രാർഥനകൾ മനഃപാഠമാക്കി ഉരുവിടുന്നതിനോടും എനിക്കു തീരെ യോജിക്കാനായില്ല. കൂടാതെ, പാപ്പായുടെ അപ്രമാദിത്വത്തിലും എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, അത്തരം കാര്യങ്ങളിൽ സ്വന്തമായ ഒരു വിശ്വാസം നിലനിറുത്തിക്കൊണ്ട് ഭക്തിമാർഗത്തിലുള്ള എന്റെ ജീവിതം തുടരാൻ ഞാൻ തീരുമാനിച്ചു.
ബൈബിൾ പരിജ്ഞാനത്തിനായുള്ള ദാഹം
എനിക്ക് എല്ലായ്പോഴും ബൈബിളിനോടു വളരെയേറെ ആദരവും അതിനെക്കുറിച്ച് അറിയണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴും ദൈവസഹായം ആവശ്യമാണെന്നു തോന്നുമ്പോഴും ഒക്കെ ഞാൻ ബൈബിൾ വായിക്കുമായിരുന്നു. മഠത്തിൽ ബൈബിൾ പഠനത്തിനുള്ള ക്രമീകരണമൊന്നും ഇല്ലായിരുന്നെങ്കിലും ഞാൻ സ്വന്തമായി അതു വായിക്കുമായിരുന്നു. എന്നിൽ എപ്പോഴും മതിപ്പുണർത്തിയിട്ടുള്ള ഒരു വിവരണമാണ് യെശയ്യാവു 43:10-12-ലെ ‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’ എന്ന യഹോവയാം ദൈവത്തിന്റെ വാക്കുകൾ. എന്നാൽ അപ്പോഴൊന്നും അതിന്റെ പൂർണ അർഥം എനിക്ക് അറിയില്ലായിരുന്നു.
1960-കളുടെ മധ്യത്തിൽ റോമിലെ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെ, വത്തിക്കാന്റെ ചെലവിലുള്ള നാലു വർഷത്തെ ഒരു ദൈവശാസ്ത്ര കോഴ്സ് ഞാൻ പൂർത്തിയാക്കിയിരുന്നു. എന്നാൽ അതിൽ ബൈബിളിനെ ഒരു പാഠപുസ്തകമായി ഉൾപ്പെടുത്തിയിരുന്നില്ല. ആവോസ്റ്റായിലേക്ക് മടങ്ങിവന്നശേഷം
ഞാൻ അനേകം സഭൈക്യ സമ്മേളനങ്ങളിൽ പങ്കെടുത്തു, അതിൽ കത്തോലിക്ക സഭയ്ക്കുള്ളിലെ ഇതര വിഭാഗങ്ങളും കത്തോലിക്കേതര സംഘടനകളും സംഘടിപ്പിച്ചവ ഉണ്ടായിരുന്നു. ബൈബിൾ ഉപദേശങ്ങൾ അറിയാനുള്ള എന്റെ ആഗ്രഹത്തിന് അതു ശക്തികൂട്ടി. ഒരേ പുസ്തകത്തെ കുറിച്ച് പഠിപ്പിക്കുന്നതായി അവകാശപ്പെട്ട കൂട്ടങ്ങൾക്കിടയിൽ എത്ര വലിയ ആശയക്കുഴപ്പമാണ് ഉണ്ടായിരുന്നത്!ബൈബിളിനെ കുറിച്ചു കൂടുതലായി പഠിക്കുന്നു
യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്ത്രീ ഒരു ദിവസം ഞാൻ സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സ്ഥലത്തുവന്ന് എന്നോട് ബൈബിളിനെ കുറിച്ചു പറയാൻ തുടങ്ങി. 1982-ലായിരുന്നു അത്. വളരെ തിരക്കായിരുന്നെങ്കിലും, ബൈബിളിനെ കുറിച്ചു പഠിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നതിനാൽ, ‘എന്റെ സ്കൂളിലേക്കു വരുമോ, എനിക്ക് ഒഴിവു സമയമുള്ളപ്പോൾ സംസാരിക്കാം’ എന്നു ഞാൻ അവരോടു പറഞ്ഞു.
ആ സ്ത്രീ പിന്നീട് എന്നെ സന്ദർശിച്ചെങ്കിലും എനിക്ക് ‘ഒഴിവു സമയം’ ഇല്ലായിരുന്നു. പിന്നെ എന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചപ്പോൾ സഹായത്തിനായി ഞാൻ അവധിയെടുത്തു. 1983 ഏപ്രിലിൽ അമ്മ മരിച്ചശേഷം ഞാൻ ജോലിയിൽ തിരിച്ചുകയറി. എന്നാൽ അപ്പോഴേക്കും സാക്ഷികൾക്ക് ഞാനുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടിരുന്നു. എങ്കിലും, അധികം താമസിയാതെ 25-നോട് അടുത്ത് പ്രായമുള്ള വേറൊരു സാക്ഷി എന്റെ അടുത്തുവന്ന് ബൈബിളിനെ കുറിച്ചു സംസാരിച്ചു. ഞാൻ ബൈബിളിലെ വെളിപ്പാടു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട്, “വെളിപ്പാടു 14-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന 1,44,000 പേർ ആരാണ്?” എന്നു ഞാൻ അവരോടു ചോദിച്ചു.
എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്നാണ് എന്നെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് സ്വർഗത്തിലെ മറ്റുള്ളവരിൽനിന്ന് ഈ 1,44,000 പേരെ മാത്രം വേർതിരിക്കുന്നതിന്റെ യുക്തി എനിക്കു മനസ്സിലായില്ല. ‘ഈ 1,44,000 പേർ ആരാണ്, അവർ എന്താണു ചെയ്യുന്നത്,’ ഞാൻ ചിന്തിച്ചു. ഈ ചോദ്യങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിൽ ഉയർന്നുവന്നുകൊണ്ടിരുന്നു. ആ സാക്ഷി വീണ്ടും പല പ്രാവശ്യം എന്നെ കാണാൻ ശ്രമിച്ചെങ്കിലും ഞാൻ മിക്കപ്പോഴും സ്ഥലത്തില്ലാഞ്ഞതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ല.
ഒടുവിൽ ആ സാക്ഷി തന്റെ സഭയിലെ മാർകോ എന്നു പേരുള്ള മൂപ്പന് എന്റെ മേൽവിലാസം നൽകി. 1985 ഫെബ്രുവരിയിൽ അദ്ദേഹം എന്നെ കണ്ടുമുട്ടി. എനിക്കു തിരക്കുണ്ടായിരുന്നതിനാൽ ഞങ്ങൾ ഏതാനും മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എങ്കിലും, വീണ്ടും സംസാരിക്കാനായി ഞങ്ങൾ ഒരു സമയം പറഞ്ഞൊത്തു. പിന്നീട് അദ്ദേഹവും ഭാര്യ ലീനായും ക്രമമായി എന്നെ സന്ദർശിച്ച് ബൈബിൾ മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകാഗ്നി എന്നിങ്ങനെയുള്ള കത്തോലിക്ക ഉപദേശങ്ങൾ ബൈബിളധിഷ്ഠിതമല്ലെന്നു പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി.
സാക്ഷികളുമായുള്ള സഹവാസം
യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു പോയ ഞാൻ കണ്ട കാര്യങ്ങൾ കത്തോലിക്ക സഭയിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ പാട്ടു പാടിയത് ഒരു ഗായകസംഘമല്ല, എല്ലാവരുമാണ്. അവർ യോഗത്തിൽ പങ്കുപറ്റുകയും ചെയ്തു. അവരുടെ സംഘടനയിൽ എല്ലാവരും പരസ്പരം “സഹോദരൻ” എന്നും “സഹോദരി” എന്നുമാണ് സംബോധന ചെയ്തിരുന്നത്. അവർ എല്ലാവരും പരസ്പരം കരുതലുള്ളവരായിരുന്നു. ഇക്കാര്യങ്ങൾ എന്നിൽ മതിപ്പുളവാക്കി.
ആ സമയത്ത് ഞാൻ കന്യാസ്ത്രീവേഷത്തിലാണ് യോഗങ്ങൾക്കു ഹാജരായത്. രാജ്യഹാളിൽ ഒരു കന്യാസ്ത്രീയെ കണ്ടത് ചിലരുടെ ഹൃദയത്തെ വളരെയധികം സ്പർശിച്ചെന്നു വ്യക്തമായിരുന്നു. സ്നേഹമുള്ള ഒരു വലിയ കുടുംബത്തോടൊപ്പം ആയിരിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും ഞാൻ ആസ്വദിച്ചു. കൂടാതെ പഠനം പുരോഗമിച്ചപ്പോൾ, ഞാൻ പിൻപറ്റിയിരുന്ന അനേക കാര്യങ്ങളും ദൈവവചനത്തിന് അനുസൃതമല്ലെന്ന് എനിക്കു മനസ്സിലായിത്തുടങ്ങി. ഉദാഹരണത്തിന്, ദൈവദാസന്മാർ വിശേഷ വസ്ത്രം ധരിക്കണമെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല. സഭാപുരോഹിതാധിപത്യവും ആർഭാടപ്രദർശനവും സഭയിൽ നേതൃത്വമെടുക്കുന്ന താഴ്മയുള്ള മൂപ്പന്മാരെ കുറിച്ചുള്ള ബൈബിളിന്റെ പഠിപ്പിക്കലിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
ഒരു മണൽച്ചുഴിയിൽ കാലുറപ്പിക്കാനാവാതെ നിൽക്കുന്നതുപോലെ എനിക്കു തോന്നി. 24 വർഷമായി തെറ്റായ വിശ്വാസങ്ങളാണു വെച്ചുപുലർത്തിയതെന്ന് എനിക്കു വിശ്വസിക്കാനായില്ല. എങ്കിലും ബൈബിൾ സത്യം ഇതാണെന്നു ഞാൻ വ്യക്തമായി തിരിച്ചറിഞ്ഞു. 44-ാമത്തെ വയസ്സിൽ ജീവിതം ആദ്യം മുതൽ വീണ്ടും തുടങ്ങണമല്ലോ എന്നോർത്തപ്പോൾ ഞാൻ ഭയന്നുപോയി. ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയ സ്ഥിതിക്ക് വീണ്ടും കണ്ണുമടച്ച് നടക്കാൻ എനിക്ക് എങ്ങനെ കഴിയുമായിരുന്നു?
ഒരു സുപ്രധാന തീരുമാനം
മഠത്തിൽനിന്നു പോന്നാൽ എനിക്കു ഭൗതികമായി യാതൊന്നും ഉണ്ടായിരിക്കുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും, നീതിമാനെ കുറിച്ച് ‘അവൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും കണ്ടിട്ടില്ല’ എന്ന ദാവീദിന്റെ വാക്കുകൾ ഞാൻ ഓർത്തു. (സങ്കീർത്തനം 37:25) എന്റെ ഭൗതിക സുരക്ഷിതത്വം കുറെയൊക്കെ നഷ്ടമാകുമെന്ന് അറിയാമായിരുന്നെങ്കിലും ഞാൻ ദൈവത്തിൽ ആശ്രയമർപ്പിക്കുകയും ‘ഞാൻ എന്തിനെയാണ് യഥാർഥത്തിൽ ഭയക്കേണ്ടത്?’ എന്നു ചിന്തിക്കുകയും ചെയ്തു.
മത്തായി 10:37) അതേസമയം, സാക്ഷികളുടെ കൊച്ചു കൊച്ചു പ്രവൃത്തികൾ എന്നെ ധൈര്യപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്തു. കന്യാസ്ത്രീവേഷത്തിൽ തെരുവിലൂടെ നടക്കുന്ന എന്നെ കണ്ടാൽ അവർ അടുത്തുവന്ന് അഭിവാദനം ചെയ്യാതെ പോകുമായിരുന്നില്ല. അത് സഹോദരവർഗത്തോടു കൂടുതൽ അടുപ്പവും അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന തോന്നലും എന്നിൽ ഉളവാക്കി.
എനിക്ക് വട്ടാണെന്നു വീട്ടുകാർ കരുതി. അതിൽ ദുഃഖം തോന്നിയെങ്കിലും യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഞാൻ മനസ്സിൽപ്പിടിച്ചു: “എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.” (ഒടുവിൽ മദർ സുപ്പീരിയറിന്റെ അടുക്കൽ ചെന്ന് ഞാൻ മഠത്തിൽനിന്നു പോകാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു പറഞ്ഞു. ഈ തീരുമാനത്തിന്റെ കാരണം ബൈബിളിൽനിന്നു കാണിച്ചുകൊടുക്കാമെന്നു പറഞ്ഞെങ്കിലും അവർ അതു നിരസിച്ചു. അവർ പറഞ്ഞു: “എനിക്കു ബൈബിളിലെ എന്തെങ്കിലും മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ഞാൻ ഒരു ബൈബിൾ വിദഗ്ധനെ വിളിച്ചോളാം!”
എന്റെ തീരുമാനം കത്തോലിക്ക സഭയെ ഞെട്ടിച്ചു. ഞാൻ പിഴച്ചവളും തലയ്ക്ക് സ്ഥിരതയില്ലാത്തവളുമാണെന്ന് അവർ ആരോപിച്ചു. എങ്കിലും എന്നെ പരിചയമുള്ളവർക്ക് അറിയാമായിരുന്നു അതൊക്കെ വ്യാജമാണെന്ന്. എന്റെ സഹജോലിക്കാരുടെ പ്രതികരണം പല വിധത്തിലായിരുന്നു. ചിലർ ഞാൻ ചെയ്യുന്ന സംഗതിയെ ഒരു വീരകൃത്യമായിട്ടാണ് വീക്ഷിച്ചത്. മറ്റുചിലർ വഴിപിഴച്ചുപോകുകയാണല്ലോ എന്നോർത്ത് ദുഃഖിച്ചു. ഇനിയും ചിലർ എന്നോട് സഹതാപം കാണിച്ചു.
1985 ജൂലൈ 4-ന് ഞാൻ കത്തോലിക്ക സഭ വിട്ടു. അങ്ങനെ ചെയ്ത മറ്റുചിലരുടെ അനുഭവങ്ങളെ കുറിച്ച് അറിയാമായിരുന്നതിനാൽ സാക്ഷികൾ സുരക്ഷയെ പ്രതി ഒരു മാസത്തോളം എന്നെ ഒളിപ്പിച്ചു. അവർ എന്നെ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവിടുകയും ചെയ്യുമായിരുന്നു. സ്ഥിതിഗതികൾ ഒന്നു തണുക്കുന്നതുവരെ ഞാൻ ആരുടെയും കണ്ണിൽപ്പെടാതെ കഴിഞ്ഞു. തുടർന്ന്, 1985 ആഗസ്റ്റ് 1-ന് ഞാൻ യഹോവയുടെ സാക്ഷികളോടൊത്ത് ശുശ്രൂഷയിൽ ഏർപ്പെട്ടു തുടങ്ങി.
ആഗസ്റ്റ് മാസത്തിൽത്തന്നെ യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചപ്പോൾ ഞാൻ സഭ വിട്ടുപോന്ന കാര്യം വാർത്താമാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും അക്കാര്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1985 ഡിസംബർ 14-ാം തീയതി ഞാൻ സ്നാപനമേറ്റപ്പോൾ അതിനെ തികച്ചും അസാധാരണമായ ഒരു പ്രവൃത്തിയായി കണ്ട പ്രാദേശിക പത്രവും ടെലവിഷൻ കേന്ദ്രവും വാർത്ത മുഴുവനും വീണ്ടും റിപ്പോർട്ടു ചെയ്തുകൊണ്ട് സംഭവം എല്ലാവരുടെയും ചെവിയിലെത്തുന്നുവെന്ന് ഉറപ്പുവരുത്തി.
മഠത്തിൽനിന്നു പോന്നപ്പോൾ എനിക്കു ഭൗതികമായി യാതൊന്നുമില്ലായിരുന്നു. ജോലിയോ വീടോ പെൻഷനോ അങ്ങനെ ഒന്നും. അതുകൊണ്ട്,
തളർന്നുപോയ ഒരു സ്ത്രീയെ ശുശ്രൂഷിച്ചുകൊണ്ട് ഒരു വർഷത്തോളം ഞാൻ ജോലി ചെയ്തു. 1986 ജൂലൈ മുതൽ ഞാൻ പയനിയർ—യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ് അറിയപ്പെടുന്നത്—ആയി പ്രവർത്തിക്കാൻ തുടങ്ങി. പുതുതായി രൂപീകരിച്ച ഒരു ചെറിയ സഭയുണ്ടായിരുന്ന പ്രദേശത്തേക്കു ഞാൻ മാറി. ലഭിച്ച വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിക്കൊണ്ട്, അവിടെ ഞാൻ സ്വകാര്യ ഭാഷാധ്യാപനം നടത്തുകയും മറ്റു വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് എന്റെ സൗകര്യത്തിനനുസരിച്ച് കാര്യാദികൾ ക്രമീകരിക്കാൻ എനിക്കു കഴിഞ്ഞു.ഒരു വിദേശ വയലിൽ സേവിക്കുന്നു
ഞാൻ മനസ്സിലാക്കിയ ബൈബിൾ സത്യങ്ങൾ കഴിയുന്നത്ര ആളുകളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചു. ഫ്രഞ്ച് അറിയാമായിരുന്നതിനാൽ, ഫ്രഞ്ച് ഉപയോഗിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്തു സേവിക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചു. അങ്ങനെയിരിക്കെ, അയൽരാജ്യമായ അൽബേനിയയിൽ യഹോവയുടെ സാക്ഷികൾക്ക് 1992-ൽ നിയമാംഗീകാരം ലഭിച്ചു. ആ വർഷാവസാനം ഇറ്റലിയിൽനിന്നുള്ള ഏതാനും പയനിയർമാർ അവിടേക്കു നിയമിക്കപ്പെട്ടു. അവരിൽ എന്റെ സഭയിൽനിന്നുള്ള മാരിയോ ഫാറ്റ്സിയോയും ഭാര്യ ക്രിസ്റ്റീനയും ഉണ്ടായിരുന്നു. അവരെ ചെന്നു കാണാനും അൽബേനിയയിൽ സേവിക്കുന്നതിനെ കുറിച്ച് ആലോചിക്കാനും അവർ എന്നോട് പറഞ്ഞു. അങ്ങനെ, നല്ലവണ്ണം ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്തശേഷം 52-ാം വയസ്സിൽ, എനിക്ക് ഉണ്ടായിരുന്ന ഒരളവിലുള്ള സുരക്ഷിതത്വം ഒരിക്കൽക്കൂടി ഉപേക്ഷിച്ചുകൊണ്ട് തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളിലേക്കു കാലെടുത്തുവെക്കാൻ ഞാൻ തീരുമാനിച്ചു.
അത് 1993 മാർച്ചിൽ ആയിരുന്നു. മാതൃരാജ്യത്തുനിന്നും ഭൂമിശാസ്ത്രപരമായി വിദൂരത്തിൽ അല്ലായിരുന്നെങ്കിൽപ്പോലും ഞാൻ എത്തിപ്പെട്ടിരിക്കുന്നത് വേറൊരു ലോകത്ത് ആണെന്ന് അവിടെ ചെന്നയുടനെ എനിക്കു ബോധ്യമായി. അവിടത്തുകാർ എല്ലായിടത്തും നടന്നാണ് പോയിരുന്നത്, ഭാഷയാണെങ്കിൽ എനിക്ക് ഒരുവിധത്തിലും മനസ്സിലാകാത്ത അൽബേനിയനും. കൂടാതെ ഭരണകൂടങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കുകയായിരുന്നതിനാൽ രാജ്യം വലിയ മാറ്റത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്നു. എങ്കിലും ആളുകൾ ബൈബിൾ സത്യത്തിനുവേണ്ടി ദാഹിച്ചിരുന്നു. അവർക്ക് വായനയും പഠനവും ഇഷ്ടമായിരുന്നു. ബൈബിൾ വിദ്യാർഥികളുടെ ആത്മീയ പുരോഗതി പെട്ടെന്നായിരുന്നു. അത് എന്നെ സന്തോഷിപ്പിക്കുകയും പുതിയ ചുറ്റുപാടുകളുമായി ഇണങ്ങാൻ സഹായിക്കുകയും ചെയ്തു.
ഞാൻ 1993-ൽ തലസ്ഥാന നഗരിയായ റ്റിറാനയിൽ എത്തിയപ്പോൾ അൽബേനിയയിൽ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, മുഴു രാജ്യത്തുമുള്ള സാക്ഷികളുടെ എണ്ണമാകട്ടെ വെറും നൂറിലധികവും. ആ മാസം, റ്റിറാനയിൽവെച്ച് ആദ്യമായി നടത്തപ്പെട്ട പ്രത്യേക സമ്മേളന ദിന പരിപാടിയിൽ 585 പേർ ഹാജരാകുകയും 42 പേർ സ്നാപനമേൽക്കുകയും ചെയ്തു. എനിക്ക് ഒന്നുംതന്നെ മനസ്സിലായില്ലെങ്കിലും സാക്ഷികൾ പാട്ടു പാടുന്നതും പരിപാടികൾക്കു സൂക്ഷ്മ ശ്രദ്ധ നൽകുന്നതും കാണുന്നത് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ഏപ്രിലിൽ നടന്ന യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരക ആചരണത്തിൽ 1,318 പേർ സന്നിഹിതരായി! അവിടം മുതൽ, അൽബേനിയയിലെ ക്രിസ്തീയ പ്രവർത്തനത്തിന്റെ വളർച്ചയ്ക്ക് ആക്കംകൂടി.
നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് റ്റിറാന നഗരത്തെ നോക്കിക്കൊണ്ട് “ഈ ആളുകളുടെയെല്ലാം അടുത്ത് ഏതു കാലത്താണോ ഞങ്ങൾ എത്തിച്ചേരുക” എന്നു ഞാൻ ചിന്തിക്കുമായിരുന്നു. യഹോവയാം ദൈവം വേണ്ടതു ചെയ്തു. റ്റിറാനയിൽ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ 23 സഭകളുണ്ട്. രാജ്യത്തൊട്ടാകെ 68 സഭകളും 22 കൂട്ടങ്ങളും ഉണ്ട്. മൊത്തം സാക്ഷികളുടെ എണ്ണം 2,846 ആണ്. ഏതാനും വർഷംകൊണ്ട് എത്ര വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്! 2002-ലെ സ്മാരകാചരണത്തിന് 12,795 പേർ ഹാജരായി!
അൽബേനിയയിലെ ഈ പത്തു വർഷത്തിനിടെ കുറഞ്ഞത് 40 പേരെ സ്നാപനമേൽക്കാൻ സഹായിച്ചതിന്റെ സന്തോഷം എനിക്കുണ്ട്. അവരിൽ അനേകർ ഇപ്പോൾ പയനിയർമാരായും മുഴുസമയ സേവനത്തിന്റെ മറ്റു മേഖലകളിലും പ്രവർത്തിക്കുന്നു. ഈ സമയത്ത്, അൽബേനിയയിലെ വേലയെ പിന്തുണയ്ക്കാനായി ഇറ്റലിയിൽനിന്നുള്ള പയനിയർമാരുടെ ആറു സംഘങ്ങളെ ഇങ്ങോട്ട് അയച്ചിട്ടുണ്ട്. ഓരോ സംഘത്തിനും മൂന്നു മാസത്തെ ഒരു ഭാഷാപഠന കോഴ്സ് നൽകിയിരുന്നു, അവസാനത്തെ നാലു ക്ലാസ്സുകളിൽ പഠിപ്പിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു.
സഭ വിടാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ സ്നേഹിതർ വളരെ ശക്തമായാണ് പ്രതികരിച്ചത്. എന്നാൽ ഇത്രയും വർഷങ്ങൾക്കുശേഷം, എന്റെ ശാന്തതയും സമാധാനവും കണ്ടിട്ട് അവരുടെ മനോഭാവത്തിനു മാറ്റംവന്നിരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ഒരു കന്യാസ്ത്രീയായ 93 വയസ്സുള്ള എന്റെ ആന്റി ഉൾപ്പെടെയുള്ള എന്റെ കുടുംബാംഗങ്ങളും എന്നെ ഇപ്പോൾ കൂടുതലായി പിന്തുണയ്ക്കുന്നു.
യഹോവയെ അറിയാൻ ഇടയായതു മുതൽ വിവിധ സാഹചര്യങ്ങളിൽ അവൻ എന്നെ പരിപാലിച്ചു വഴിനടത്തിയിരിക്കുന്നു! അവന്റെ സംഘടനയിലേക്കുള്ള വഴി അവൻ എനിക്കു കാണിച്ചുതന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ, പാവപ്പെട്ടവരെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കാനും ദൈവസേവനത്തിൽ പൂർണമായി മുഴുകിയിരിക്കാനുമുള്ള എന്റെ ആഗ്രഹത്തെ കുറിച്ചു ഞാൻ ഓർമിക്കുന്നു. അതുകൊണ്ട് ഞാൻ യഹോവയ്ക്ക് നന്ദി പറയുന്നു. എന്റെ ആത്മീയ ദാഹം ശമിച്ചുവെന്ന് അവൻ ഉറപ്പുവരുത്തി. (g03 6/22)
[23-ാം പേജിലെ ചിത്രം]
ഞാൻ ബൈബിൾ പഠിപ്പിച്ച ഒരു അൽബേനിയൻ കുടുംബം, പതിനൊന്നുപേർ സ്നാപനമേറ്റു
[23-ാം പേജിലെ ചിത്രം]
അൽബേനിയയിൽവെച്ച് ഞാൻ ബൈബിൾ പഠിപ്പിച്ച ഈ സ്ത്രീകളിൽ മിക്കവരും ഇപ്പോൾ മുഴുസമയ ശുശ്രൂഷകരാണ്