അപ്രതീക്ഷിത ദുരന്തവുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
അപ്രതീക്ഷിത ദുരന്തവുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാനാകും?
“ഭീകരർ എന്തിനാണ് എന്റെ അമ്മയെ കൊന്നത്?”—കെവിൻ. a
“[സെപ്റ്റംബർ 11-നു മുമ്പ്], എനിക്കു തുരങ്കങ്ങൾ വളരെ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ, ഏതെങ്കിലുമൊരു തുരങ്കത്തിൽ വെച്ച് ഉണ്ടാകുന്ന സ്ഫോടനത്തിൽ ഞാൻ കൊല്ലപ്പെടുമെന്ന പേടിയാണ് എനിക്ക്.”—പീറ്റർ.
ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിനു നേർക്ക് 2001 സെപ്റ്റംബർ 11-ന് ഉണ്ടായ ആക്രമണത്തിലാണ് കെവിന്റെ അമ്മ കൊല്ലപ്പെട്ടത്. പീറ്ററിന് ഉണ്ടായ നഷ്ടം അത്ര ഭയങ്കരം ആയിരുന്നില്ലെങ്കിലും ആ സംഭവങ്ങൾ അവനെ പിടിച്ചുലച്ചു.
ഒരു വാർത്താ റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “സെപ്റ്റംബർ 11-നു [നടന്ന ആക്രമണത്തിനു] ശേഷം ന്യൂയോർക്കിലെ ആയിരക്കണക്കിനു കുട്ടികൾ അതിന്റെ ഫലമായുള്ള മാനസിക അസ്വാസ്ഥ്യങ്ങളുമായി മല്ലിടുകയാണ്. പലരുടെയും കാര്യത്തിൽ മുതിർന്ന ശേഷവും അവ നിലനിൽക്കും.” മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ, “സംഭവങ്ങൾ നേരിൽ കണ്ട കുട്ടികളുടെ കാര്യത്തിൽ എന്നപോലെതന്നെ സംഭവ സ്ഥലത്തെങ്ങും ഇല്ലാതിരുന്ന കുട്ടികളിലും വളരെ പ്രകടമായിരുന്നു” എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. b
ഇസ്രായേലിലെ മനുഷ്യബോംബ് ആക്രമണങ്ങൾ, പലയിടത്തും ഉണ്ടാകുന്ന വെടിവെപ്പുകൾ എന്നിവപോലുള്ള മറ്റു ദുരന്തങ്ങളും സമാനമായ ഫലങ്ങൾ ഉളവാക്കിയേക്കാം. മാനസികാഘാതത്തിന്റെ ഫലങ്ങളെപ്പറ്റി പഠിക്കുന്ന ഒരു വിദഗ്ധൻ ഇത്തരം വെടിവെപ്പുകളെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: “സംഭവസ്ഥലത്തുനിന്നു 3,200 കിലോമീറ്റർ അകലെ താമസിക്കുന്ന [കുട്ടികൾക്കു] പോലും ഭയം വർധിക്കാൻ അവ ഇടയാക്കുന്നു.”
എന്താണ് കാരണം? ഇത്തരം ഭീതിദമായ സംഭവങ്ങളെ തുടർന്ന് മാധ്യമങ്ങളിൽ ഇവയുടെ പച്ചയായ ചിത്രീകരണങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടാകുന്നു. കുട്ടികളും ഇതു കാണുന്നു. ഭീകരരുടെ ബോംബാക്രമണങ്ങൾ, സ്കൂളിലെ വെടിവെപ്പുകൾ, പ്രകൃതി വിപത്തുകൾ എന്നിവയുടെ പേടിപ്പെടുത്തുന്ന ചിത്രീകരണങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ചു പ്രക്ഷേപണം ചെയ്യുമ്പോൾ, അവ കാണുന്ന കുട്ടികളുടെ മനസ്സിൽ അതെല്ലാം ആഴത്തിൽ പതിയുന്നു. “വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണ് ആറുമാസം കഴിഞ്ഞും 8,266 പബ്ലിക് സ്കൂൾ വിദ്യാർഥികളിൽ 76 ശതമാനവും ആ ഭീകരാക്രമണങ്ങളെ കുറിച്ചു കൂടെക്കൂടെ ഓർമിച്ചു” എന്ന് ന്യൂയോർക്ക് നഗരത്തിലെ വിദ്യാഭ്യാസ ബോർഡ് നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതിൽ തെല്ലും അതിശയിക്കാനില്ല.
ബൈബിൾ “അതിഭയങ്കരമായ നാളുകൾ” എന്നു വിശേഷിപ്പിക്കുന്ന കാലത്താണു നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5, ന്യൂ ഇന്റർനാഷണൽ വേർഷൻ) ഭീതിദമായ ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ നിങ്ങൾക്ക് അതുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും? c
വേദനാകരമായ സംഗതികൾ സംഭവിക്കുന്നതിന്റെ കാരണം
വികാരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നു തോന്നുമ്പോൾ ചെയ്യാൻ കഴിയുന്ന ഒരു സംഗതി നിങ്ങളുടെ “വ്യക്തമായ ചിന്താപ്രാപ്തികളെ” ഉണർത്തുക എന്നതാണ്. (2 പത്രൊസ് 3:1, 2, NW) സംഗതികളെ യുക്ത്യാനുസരണവും ദൈവിക വീക്ഷണത്തിനു ചേർച്ചയിലും കാണാൻ ശ്രമിക്കുക. ഉദാഹരണത്തിന്, നിരവധി ദുരന്തങ്ങൾ “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” മൂലം വന്നു ഭവിക്കുന്നതാണ് എന്ന് നിങ്ങൾ സ്വയം ഓർമിപ്പിക്കേണ്ടത് ആവശ്യമായിരിക്കാം. (സഭാപ്രസംഗി 9:11, NW) ശീലോഹാമിലെ ഗോപുരം തകർന്നുവീണതിനെ കുറിച്ചു സംസാരിച്ചപ്പോൾ യേശുക്രിസ്തു ഇതിന് ഒരു ഉദാഹരണം നൽകുകയുണ്ടായി. ആ പ്രാദേശിക ദുരന്തത്തിൽ 18 പേർ മരിച്ചു. എന്നിരുന്നാലും, ദുരന്തത്തിന് ഇരയായവർ ദൈവത്താൽ ശിക്ഷിക്കപ്പെടുകയല്ലായിരുന്നു എന്ന് യേശു വ്യക്തമാക്കി. ദുരന്തം നടന്ന ആ സമയത്ത് ആ പ്രത്യേക സ്ഥാനത്ത് ആയിപ്പോയതിനാലാണ് അവർക്കു ജീവൻ നഷ്ടപ്പെട്ടത്. (ലൂക്കൊസ് 13:1-5) ഈ വസ്തുതകളെപ്പറ്റി ചിന്തിക്കുന്നത് ദുരന്തങ്ങളെ കുറിച്ചു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ നിങ്ങളെ സഹായിച്ചേക്കും.
കാര്യങ്ങളെ കുറിച്ചു വ്യക്തമായി ചിന്തിക്കുന്നത് “യഹോവയോടു മുഷിഞ്ഞുപോകുന്ന”തിൽ നിന്നും വേദനാജനകമായ സംഭവങ്ങൾക്ക് അവനെ കുറ്റപ്പെടുത്തുന്നതിൽനിന്നും നിങ്ങളെ തടയും. (സദൃശവാക്യങ്ങൾ 19:3) നമുക്കു ദുരിതം വരുത്തിവെക്കുന്നവനല്ല യഹോവ, പകരം അവൻ “സർവ്വാശ്വാസവും നല്കുന്ന ദൈവ”മാണ്. (2 കൊരിന്ത്യർ 1:3) ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നാം അവനോട് അടുത്തു ചെല്ലേണ്ടതുണ്ട്, അല്ലാതെ കോപിഷ്ഠരായി അകന്നുപോകുകയല്ല വേണ്ടത്. യാക്കോബ് 1:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന ബൈബിളിന്റെ വാക്കുകളെ കുറിച്ചു ധ്യാനിക്കുക: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” d
നൂറ്റാണ്ടുകൾക്കു മുമ്പ് മധ്യപൂർവ ദേശത്ത് ഉണ്ടായ ഒരു ദാരുണ സംഭവത്തെ കുറിച്ചു പരിചിന്തിക്കുന്നത് ഈ കാര്യം വ്യക്തമാക്കാൻ സഹായിച്ചേക്കും. ആ മഹാവിപത്തിനെ അതിജീവിച്ച ഏക വ്യക്തിയുടെ റിപ്പോർട്ട് ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി.” (ഇയ്യോബ് 1:16) എത്ര ഭീകരമായ ദുരന്തം! പേടിച്ചരണ്ട ഈ മനുഷ്യൻ വിചാരിച്ചത് അതു ദൈവം വരുത്തിയതായിരുന്നു എന്നാണ്. എന്നാൽ അതിന് ഉത്തരവാദി ദൈവമല്ലായിരുന്നു. ഇയ്യോബ് 1:7-12 വ്യക്തമാക്കുന്നതുപോലെ, തീ ദൈവത്തിൽനിന്നല്ലായിരുന്നു, മറിച്ച് ദൈവത്തിന്റെ എതിരാളിയായ പിശാചായ സാത്താനിൽനിന്ന് ആയിരുന്നു!
അത് ഒരു അസാധാരണ സന്ദർഭം ആയിരുന്നു: ഇയ്യോബിന്റെ നിർമലത പരീക്ഷിക്കാൻ യഹോവ സാത്താന് പ്രത്യേക അനുമതി നൽകിയതായിരുന്നു. അതുകൊണ്ട്, കൊടുങ്കാറ്റും വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ സാത്താൻ നേരിട്ടു വരുത്തുന്നതാണ് എന്നു നിഗമനം ചെയ്യരുത്. e എന്നിരുന്നാലും, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ബൈബിൾ പറയുന്നുണ്ട്. (1 യോഹന്നാൻ 5:19) അതുകൊണ്ട് മനുഷ്യ ഏജന്റുമാർ മുഖേന അക്രമവും നാശവും വിതയ്ക്കാൻ അവനു കഴിയും.
എന്നിരുന്നാലും, നമുക്കു നിസ്സഹായത തോന്നേണ്ടതില്ല. ബൈബിളിൽ 1 ശമൂവേൽ 22:12-23-ൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവത്തെ കുറിച്ചു ചിന്തിക്കുക. അവിടെ വിശ്വസ്തരായ ഒരുകൂട്ടം പുരോഹിതന്മാരെയും അവരുടെ കുടുംബങ്ങളെയും അതിനീചമായി കൂട്ടക്കൊല ചെയ്തതിനെ കുറിച്ചു നാം വായിക്കുന്നു. അത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ ദുഷ്ടരാജാവായ ശൗലിനെ പ്രേരിപ്പിച്ചതിൽ സാത്താന് ഒരു പങ്കുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്നിരുന്നാലും, പിന്നീട് രാജാവായിത്തീർന്ന വിശ്വസ്തനായ ദാവീദ് 52-ാം സങ്കീർത്തനം എഴുതിയപ്പോൾ, ദുരന്തത്തിനു കാരണക്കാരായ ദുഷ്ടന്മാരെ ദൈവം ഉന്മൂലനം ചെയ്യും എന്നുള്ള പൂർണ ബോധ്യം പ്രകടിപ്പിക്കുകയുണ്ടായി.—സങ്കീർത്തനം 52:5.
സമാനമായി ഇന്നും, സാത്താനാൽ പ്രേരിതമായ കൊലകളും അക്രമങ്ങളും ദൈവം എന്നേക്കും അനുവദിക്കുകയില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവം തന്റെ പുത്രനായ യേശുവിനെ ഉപയോഗിച്ച് പെട്ടെന്നുതന്നെ ‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കും’ എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു! (1 യോഹന്നാൻ 3:8) കാലക്രമത്തിൽ, സാത്താൻ വരുത്തിവെച്ച വിനാശങ്ങളുടെ ഒരു കണികപോലും അവശേഷിക്കില്ല. ഭീകരപ്രവർത്തനവും അക്രമവും മൂലം ദാരുണമായി കൊല്ലപ്പെട്ടവർക്ക്, പുനരുത്ഥാനത്തിലൂടെ ജീവൻ തിരികെ നൽകാൻ പോലും ദൈവത്തിനു കഴിയും.—പ്രവൃത്തികൾ 24:15.
പൊരുത്തപ്പെടുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ
ബൈബിളധിഷ്ഠിതമായ ഈ പ്രത്യാശ, ഭയത്തിനു കീഴ്പെട്ടു പോകാതിരിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ പിൻപറ്റാൻ കഴിയുന്ന മറ്റു പ്രായോഗിക പടികളും ഉണ്ട്. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 12:25-ലെ ബൈബിൾ തത്ത്വം ശ്രദ്ധിക്കുക. നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചാൽ മാത്രമേ പ്രോത്സാഹനത്തിന്റെ ‘നല്ല വാക്ക്’ നിങ്ങൾക്കു ലഭിക്കുകയുള്ളൂ. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കഠിനപരീക്ഷയിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്നും നിങ്ങൾ തിരിച്ചറിയും. നിങ്ങൾക്കു വലിയ ദുഃഖം അനുഭവപ്പെടുന്നെങ്കിൽ മാതാപിതാക്കളോടോ ക്രിസ്തീയ സഭയിലെ പക്വതയുള്ള ഒരു അംഗത്തോടോ നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയാൻ ശ്രമിക്കുക. f
മറ്റൊരു നിർദേശം ഇതാണ്: ദുരന്തങ്ങളെ കുറിച്ച് മാധ്യമങ്ങൾ പുറത്തുവിടുന്ന പച്ചയായ ചിത്രീകരണങ്ങൾ നിരന്തരം കാണരുത്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിൽ പതിയുന്ന അസ്വാസ്ഥ്യജനകമായ ചിത്രങ്ങൾ മായിച്ചു കളയാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയേ ഉള്ളൂ.—സങ്കീർത്തനം 119:37.
നിങ്ങൾ ഒരു ക്രിസ്ത്യാനി ആണോ? എങ്കിൽ ക്രിസ്തീയ പ്രവർത്തനങ്ങൾക്കായുള്ള നിങ്ങളുടെ പട്ടികയോടു പറ്റിനിൽക്കുക. (ഫിലിപ്പിയർ 3:16) അത്തരം പ്രവർത്തനങ്ങളിൽ സഹക്രിസ്ത്യാനികളോടൊപ്പം യോഗങ്ങൾക്കു ഹാജരാകുന്നതും നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ഉൾപ്പെടുന്നു. (എബ്രായർ 10:23-25) ഇപ്രകാരം ചെയ്യുന്നത് വിഷാദം ഉളവാക്കുന്ന തരം കാര്യങ്ങൾ ചിന്തിച്ചുകൂട്ടുന്നതിൽ നിന്നു നിങ്ങളെ തടയും. സ്വയം ഒറ്റപ്പെടുത്തുന്നത് വൈകാരികമായും ആത്മീയമായും നിങ്ങളെ തകർക്കുകയേ ഉള്ളൂ.—സദൃശവാക്യങ്ങൾ 18:1.
ബൈബിൾ ദിവസവും വായിക്കുന്നതിൽ തുടരുന്നത് സമ്മർദപൂരിതമായ ഏത് അവസ്ഥയിലും വിശേഷാൽ സഹായകമാണ്. ലൊറേൻ എന്ന യുവതിയുടെ അമ്മ കാൻസർ പിടിപെട്ടു മരിക്കാറായിരുന്നു. ദുഃഖകരമായ ആ സാഹചര്യവുമായി ലൊറേൻ പൊരുത്തപ്പെട്ടത് എങ്ങനെ എന്നു നോക്കുക: “കഠിനപരീക്ഷയുടെ ആ നാളുകളിൽ ഇയ്യോബിന്റെ പുസ്തകം പലതവണ വായിക്കുന്നത് ഞാൻ ഓർക്കുന്നു. സങ്കീർത്തന പുസ്തകവും എനിക്ക് ആശ്വാസത്തിന്റെ വലിയൊരു ഉറവായിരുന്നു. തിരുവെഴുത്തുകളിൽനിന്ന് സാന്ത്വനദായകമായ വാക്കുകൾ വായിക്കുമ്പോൾ യഹോവ എന്നെ ആശ്ലേഷിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.” അവളുടെ സഹോദരി മിഷായെൽ ഇപ്രകാരം അനുസ്മരിക്കുന്നു: “ഞാൻ ഒരു ദിവസം ബൈബിൾ വായിച്ചില്ലെങ്കിൽ അത് അറിയാനുണ്ടായിരുന്നു. എന്റെ മനസ്സ് നിഷേധാത്മക ചിന്തകളുമായി അലഞ്ഞുതിരിയാൻ തുടങ്ങും. ഓരോ ദിവസവും കഴിച്ചുകൂട്ടാനുള്ള ആത്മീയ പോഷണം എനിക്കു ബൈബിൾ വായനയിലൂടെ ലഭിച്ചു.”
നികത്താനാവാത്തതെന്നു തോന്നുന്ന ഒരു നഷ്ടം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, വിശേഷിച്ചും പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” g എന്ന ലഘുപത്രിക വായിക്കുന്നത് തികച്ചും ആശ്വാസകരമായിരിക്കും. അതിൽ കൊടുത്തിരിക്കുന്ന എല്ലാ തിരുവെഴുത്തുകളും വായിക്കാനും ധ്യാനിക്കാനും സമയമെടുക്കുക. പുനരുത്ഥാന പ്രത്യാശയെ കുറിച്ചും ധ്യാനിക്കുക. “എന്റെ അമ്മ പുനരുത്ഥാനത്തിൽ തിരികെ വരുന്നത് ഞാൻ ഭാവനയിൽ കാണുമായിരുന്നു” എന്ന് ലൊറേൻ പറയുന്നു. “‘ഞാൻ തിരിച്ചെത്തിയല്ലോ, നീ അത്താഴത്തിന് എന്താണ് ഒരുക്കിയിരിക്കുന്നത്?’ എന്ന അമ്മയുടെ വാക്കുകൾ കേൾക്കുന്നതായി ഞാൻ സങ്കൽപ്പിക്കുമ്പോൾ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോകുമായിരുന്നു.”
പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുന്നത് ഏറ്റവും കഠിനമായ ദുരന്തങ്ങളിലും സഹിച്ചുനിൽക്കാൻ നിങ്ങൾക്കു ശക്തി പകരും. ലൊറേൻ ഇപ്രകാരം ഓർമിക്കുന്നു: “എന്റെ അമ്മ അന്ത്യശ്വാസം വലിച്ചപ്പോൾ ഞാൻ ആ മുറിയിൽ ഉണ്ടായിരുന്നു. സഹിച്ചുനിൽക്കാൻ എനിക്കു ശക്തിതരണേ എന്ന് യഹോവയോടു ഞാൻ അപ്പോൾത്തന്നെ അപേക്ഷിച്ചു. ഉടനെതന്നെ ദൈവിക സമാധാനം എനിക്ക് അനുഭവപ്പെട്ടു.” നിങ്ങളുടെ ആവശ്യങ്ങൾ യഹോവയോടു പ്രത്യേകം പറഞ്ഞ് പ്രാർഥിക്കുക. നിങ്ങളുടെ വികാരങ്ങൾ അങ്ങനെതന്നെ അവനെ അറിയിക്കുക. “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്ന് സങ്കീർത്തനക്കാരൻ പ്രോത്സാഹിപ്പിക്കുന്നു.—സങ്കീർത്തനം 62:8.
കാലം മുന്നോട്ടു പോകുന്തോറും ഭൂമിയിലെ ദുരിതങ്ങളും വർധിക്കാൻ സാധ്യത ഏറുന്നു. (2 തിമൊഥെയൊസ് 3:13, 14എ) എന്നിരുന്നാലും, ബൈബിൾ പിൻവരുന്ന വാഗ്ദാനം നൽകുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:9-11, 29) ഈ പ്രത്യാശയെ മുറുകെ പിടിക്കുന്നത് ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ അതുമായി വിജയകരമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കും. (g03 6/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് അത്തരം ലക്ഷണങ്ങളിൽ നിർവികാരത, പേടിസ്വപ്നങ്ങൾ, ഒറ്റപ്പെടൽ, പതിവു പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക, കുറ്റബോധവും ദേഷ്യവും തോന്നുക എന്നിവ ഉൾപ്പെടുന്നു.
c ഈ ലേഖനം വിശേഷാൽ വലിയ ദുരന്തങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെങ്കിലും പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുന്നതുപോലെ വ്യക്തിപരമായി ബാധിക്കുന്ന ദുരന്തങ്ങളുടെ കാര്യത്തിലും ഇതിലെ ബുദ്ധിയുപദേശങ്ങൾ പിൻപറ്റാവുന്നതാണ്.
d ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെ കുറിച്ചുള്ള ചർച്ചയ്ക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകത്തിന്റെ 7-ാം അധ്യായം കാണുക.
e 1974 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
f അങ്ങേയറ്റത്തെ വൈകാരിക തകർച്ചയോ വിഷാദമോ ഉണ്ടാകുന്നപക്ഷം വൈദ്യസഹായം ആവശ്യമായി വന്നേക്കാം.
g യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[16-ാം പേജിലെ ചിത്രം]
മാധ്യമങ്ങൾ പുറത്തുവിടുന്ന, മനസ്സിന് അസ്വസ്ഥത ഉളവാക്കുന്നതരം ചിത്രങ്ങൾ വീക്ഷിക്കുന്നതിനു പരിധി വെക്കുന്നത് ജ്ഞാനപൂർവകം ആയിരുന്നേക്കാം