പൊണ്ണത്തടി ഒരു ആഗോള പകർച്ചവ്യാധിയായി മാറുന്നുവോ?
പൊണ്ണത്തടി ഒരു ആഗോള പകർച്ചവ്യാധിയായി മാറുന്നുവോ?
“സമ്പന്നമായ വികസിത രാജ്യങ്ങളിലെ ആധുനിക ജീവിതത്തിന്റെ ഉപോത്പന്നം എന്ന് മിക്കപ്പോഴും അറിയപ്പെട്ടിരുന്ന പൊണ്ണത്തടി ഇപ്പോൾ വികസ്വര രാജ്യങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുകയാണ്.” ബ്രിട്ടീഷ് മെഡിക്കൽ ജേർണലായ ദ ലാൻസെറ്റ് ആണ് അപ്രകാരം റിപ്പോർട്ട് ചെയ്തത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, ഹൃദയ-ധമനീരോഗം എന്നിവയുടെ “ഒരു ആഗോള പകർച്ചവ്യാധി” ഉണ്ടാകുമെന്ന് പോഷക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നതായും പ്രസ്തുത റിപ്പോർട്ട് പറയുകയുണ്ടായി.
ചൈനയിൽ കഴിഞ്ഞ എട്ടു വർഷംകൊണ്ട്, അമിതതൂക്കമുള്ള പുരുഷന്മാരുടെ എണ്ണം മൂന്നിരട്ടിയും സ്ത്രീകളുടെ എണ്ണം ഇരട്ടിയും ആയിരിക്കുന്നു. തത്ഫലമായി ഇവിടെ ഉയർന്ന രക്തസമ്മർദം ഉള്ളവരുടെ എണ്ണം ഐക്യനാടുകളിൽ ഉള്ളതിനോടു തുല്യമാണ്. ഇന്ന് പ്രമേഹരോഗികളിൽ പകുതിയിൽ അധികവും ഉള്ളത് ഇന്ത്യയിലും ചൈനയിലുമാണ്. ഈജിപ്തിൽ, പ്രമേഹമുള്ളവരുടെ എണ്ണം ഐക്യനാടുകളിൽ ഉള്ളതിനു തുല്യമാണ്. ഇപ്പോൾ ഈജിപ്തിലെ സ്ത്രീകളിൽ പകുതിയും അമിത തൂക്കമുള്ളവരാണ്. മെക്സിക്കോയിൽ എങ്ങും സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കിടയിലും പൊണ്ണത്തടി വ്യാപകമാണ്. അതിന്റെ ഫലമായി പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. സഹാറയുടെ തെക്കുള്ള തീരെ ദരിദ്രമായ ആഫ്രിക്കൻ രാജ്യങ്ങളിൽപ്പോലും, പൊണ്ണത്തടിയും പ്രമേഹവും ഉള്ളവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
കൊഴുപ്പ് അടങ്ങിയ ഫാസ്റ്റ് ഫുഡ് ആണ് ചില രാജ്യങ്ങളിൽ പൊണ്ണത്തടിക്കു കാരണമാകുന്നതെങ്കിലും, ആഹാര സാധനങ്ങളുടെ “രുചി വർധിപ്പിക്കാൻ” ഉത്പാദകർ അവയിൽ കൂടുതൽ പഞ്ചസാര ചേർക്കുന്നതാണ് ഇതിനു മുഖ്യകാരണം. കൂടാതെ, ഏഷ്യയിലും ആഫ്രിക്കയിലും ഭക്ഷ്യവിഭവങ്ങളിൽ കൂടുതൽ എണ്ണ ഉപയോഗിക്കുന്നതിനാൽ ശരീരത്തിന് ആവശ്യത്തിലധികം കലോറി ലഭിക്കാനും അത് ഇടയാക്കുന്നു. ഫാക്ടറികളിലും കാർഷികമേഖലയിലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ ശാരീരിക അധ്വാനം നന്നേ കുറവാണ്. ആളുകൾ കുറച്ചു ജോലിചെയ്യാനും കൂടുതൽ വിശ്രമിക്കാനും ഇഷ്ടപ്പെടുന്നു. കമ്പ്യൂട്ടറും ടിവിയുമെല്ലാം തൊഴിലാളികൾക്ക് വ്യായാമത്തിനുള്ള അവസരം കുറയ്ക്കുന്നു. “ഇ-മെയിലുകൾ വന്നതോടെ സുഹൃത്തുക്കളോടു സംസാരിക്കുന്നതിന് എഴുന്നേറ്റു പോകേണ്ട ആവശ്യം പോലും വരുന്നില്ല.”
കളികളും ശാരീരിക അധ്വാനം ആവശ്യമായ പ്രവർത്തനങ്ങളും കുറഞ്ഞതിനാൽ സ്കൂൾ കുട്ടികൾക്കിടയിൽ പൊണ്ണത്തടി വർധിച്ചുവരുന്നു. വിദ്യാഭ്യാസപരമായി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതും ആഹാരശീലവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അധ്യാപകരുടെ ഇടയിൽ ബോധവത്കരണം നടത്തേണ്ടത് അടിയന്തിരമാണ്. പൊണ്ണത്തടിയെയും അതിന്റെ ചുവടുപിടിച്ചെത്തുന്ന രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് പ്രാദേശികമായ ശ്രമങ്ങൾ മാത്രം പോരാ, മറിച്ച്, “പ്രവർത്തന പദ്ധതികളും പ്രവർത്തന വൈദഗ്ധ്യവും ബൃഹത്തായ സേവനപരിപാടികളും സഹിതം ആഗോളതലത്തിൽ ഒരു പൊതു കാര്യപരിപാടി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്” എന്ന് കാലിഫോർണിയ സർവകലാശാലയിലെ പൊതുജനാരോഗ്യ സ്കൂളിലെ ഗെയ്ൽ ഹാരിസൺ അഭിപ്രായപ്പെടുന്നു.
(g03 4/08)