ക്ഷമ സാധ്യമല്ലാത്ത പാപമുണ്ടോ?
ബൈബിളിന്റെ വീക്ഷണം
ക്ഷമ സാധ്യമല്ലാത്ത പാപമുണ്ടോ?
മരണത്തെക്കാൾ വലിയ ഒരു ശിക്ഷയുണ്ടോ? ഉണ്ട്, ക്ഷമ സാധ്യമല്ലാത്ത ഒരു പാപം ചെയ്തതു നിമിത്തം ഒരുവനു ലഭിക്കുന്ന പുനരുത്ഥാന പ്രത്യാശ ഇല്ലാത്ത മരണമാണ് അത്. ‘ക്ഷമിക്കുകയില്ലാത്ത’ ഒരുതരം പാപം ഉള്ളതായി യേശു പറഞ്ഞു.—മത്തായി 12:31.
എന്നിരുന്നാലും, ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവനായാണ് ബൈബിൾ ദൈവത്തെ വർണിക്കുന്നത്. മനുഷ്യൻ വൈരാഗ്യം വെച്ചുപുലർത്തുകയും ക്ഷമിക്കാൻ വിമുഖത കാട്ടുകയും ചെയ്തേക്കാമെങ്കിലും ദൈവം ‘ധാരാളമായി ക്ഷമിക്കുന്നു.’ (യെശയ്യാവു 55:7-9) വാസ്തവത്തിൽ, താൻതന്നെ വലിയ വില ഒടുക്കേണ്ടി വന്നെങ്കിലും നമ്മുടെ പാപങ്ങളെ നിശ്ശേഷം മായ്ച്ചുകളയാൻതക്ക മൂല്യമുള്ള ഒരു പാപപരിഹാര യാഗമായി അഥവാ പ്രായശ്ചിത്ത യാഗമായിത്തീരാൻ ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്ക് അയച്ചു.—യോഹന്നാൻ 3:16, 17; പ്രവൃത്തികൾ 3:19; 1 യോഹന്നാൻ 2:1, 2.
ഗൗരവമുള്ള പാപങ്ങൾ ചെയ്തിട്ടുള്ളവരെങ്കിലും തങ്ങളുടെ പൂർവകാല ചെയ്തികൾക്കു മേലാൽ കണക്കു ബോധിപ്പിക്കേണ്ടി വരികയില്ലാത്ത നിരവധി ആളുകളെ ദൈവം തന്റെ നിയമിത സമയത്ത് പുനരുത്ഥാനത്തിലേക്കു കൊണ്ടുവരും. (പ്രവൃത്തികൾ 24:15; റോമർ 6:23) വാസ്തവത്തിൽ, ക്ഷമ സാധ്യമല്ലാത്ത പാപം ഒഴികെ “സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും” എന്ന് യേശു പറഞ്ഞു. (മത്തായി 12:31) അതുകൊണ്ട് ദൈവം ക്ഷമിക്കുകയില്ലാത്ത അത്ര നികൃഷ്ടമായ ആ പാപം എന്താണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും.
അനുതാപം സാധ്യമല്ലാതെ വരുമ്പോൾ
‘ആത്മാവിന്നു നേരെയുള്ള [മനഃപൂർവവും കരുതിക്കൂട്ടിയുമുള്ള] ദൂഷണ’ത്തെ കുറിച്ചാണ് യേശു മുന്നറിയിപ്പിൽ പരാമർശിച്ചത്. ഇത്തരം പാപത്തിനു മോചനമില്ല. “ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല,” യേശു കൂട്ടിച്ചേർത്തു. (മത്തായി 12:31, 32) അത്തരം പാപം ചെയ്തവർ പുനരുത്ഥാനത്തിൽ വരുകയില്ല.
ആത്മാവിനു നേരെയുള്ള ദൂഷണം എന്നാൽ എന്താണ്? ദ്രോഹകരമായ മനോഭാവവും ദുരുദ്ദേശ്യവും വെളിവാക്കിക്കൊണ്ട് അതു ഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ എതിർക്കാനുള്ള മനഃപൂർവ ഉദ്ദേശ്യം ഈ പാപത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, കൊലപാതകത്തെ രണ്ടു തരമായി ചില രാജ്യങ്ങളിലെ നിയമം വേർതിരിക്കുന്നു, കരുതിക്കൂട്ടി ചെയ്യുന്നതും അല്ലാത്തതും. മനഃപൂർവമോ കരുതിക്കൂട്ടിയോ നടത്തുന്ന കൊലപാതകത്തിനു മാത്രമാണ് വധശിക്ഷ നടപ്പിലാക്കുന്നത്.
അപ്പൊസ്തലനായ പൗലൊസ് മുൻകാലത്തു ദൈവദൂഷകനായിരുന്നു, എന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.” (1 തിമൊഥെയൊസ് 1:13) പരിശുദ്ധാത്മാവിന് എതിരെ പാപം ചെയ്യുക എന്നു പറഞ്ഞാൽ അതിനെ മനഃപൂർവം എതിർക്കുക എന്നാണ്. ഒരു തിരിച്ചുപോക്കു സാധ്യമല്ലാത്ത ഘട്ടത്തിലെത്തുന്ന ഒരു ദുഷ്ട ഹൃദയനില അതിൽ ഉൾപ്പെടുന്നു.
എബ്രായർ 6:4-6) അപ്പൊസ്തലൻ ഇങ്ങനെയും പറയുകയുണ്ടായി: ‘സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല.’ (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—എബ്രായർ 10:26.
“ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയ ദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ . . . അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല” എന്ന് എഴുതിയപ്പോൾ സാധ്യതയനുസരിച്ച് പൗലൊസ് ഈ തരത്തിലുള്ള പാപത്തെ പരാമർശിക്കുകയായിരുന്നു. (യേശുവിന്റെ നാളുകളിലെ ചില മതനേതാക്കന്മാരുടെ പെരുമാറ്റമാണ് ക്ഷമ സാധ്യമല്ലാത്ത പാപത്തെ കുറിച്ചു മുന്നറിയിപ്പു നൽകാൻ അവനെ പ്രേരിപ്പിച്ചത്. എന്നാൽ അവർ അവന്റെ മുന്നറിയിപ്പിനു ശ്രദ്ധ നൽകിയില്ല. മറിച്ച്, അവർ അവനെ കൊല്ലിക്കുകയാണു ചെയ്തത്. തുടർന്ന്, പരിശുദ്ധാത്മാവ് അത്ഭുതകരമായ ഒരു സംഗതി ചെയ്തിരിക്കുന്നു എന്നതിന് അനിഷേധ്യമായ തെളിവ് അവർക്കു ലഭിച്ചു. അതേ, യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് അവർക്കു ബോധ്യമായി! യേശു വാസ്തവത്തിൽ ക്രിസ്തു ആയിരുന്നു എന്ന് വ്യക്തമായിരുന്നു! എന്നിട്ടും, റോമൻ പടയാളികൾക്കു പണം കൊടുത്ത് യേശുവിന്റെ പുനരുത്ഥാനത്തെ കുറിച്ച് അവരെക്കൊണ്ടു നുണ പറയിച്ച് അവർ പരിശുദ്ധാത്മാവിനെതിരെ ദുഷ്ടതയോടെ പ്രവർത്തിച്ചു.—മത്തായി 28:11-15.
സത്യക്രിസ്ത്യാനികൾക്കുള്ള മുന്നറിയിപ്പ്
ക്ഷമ സാധ്യമല്ലാത്ത പാപത്തെ കുറിച്ചുള്ള മുന്നറിയിപ്പിനെ സത്യക്രിസ്ത്യാനികൾ തികഞ്ഞ ഗൗരവത്തോടെ വീക്ഷിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ദൈവത്തെയും അവന്റെ ആത്മാവിന്റെ പ്രവർത്തനത്തെയും സംബന്ധിച്ച് നമുക്കു സൂക്ഷ്മ പരിജ്ഞാനം ഉണ്ടെങ്കിൽപ്പോലും ഒരു ദുഷ്ടഹൃദയം നമ്മിൽ വികാസം പ്രാപിച്ചെന്നു വരാം. (എബ്രായർ 3:12) ഇത് എനിക്ക് ഒരിക്കലും സംഭവിക്കുകയില്ല എന്നു ചിന്തിക്കാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. ഈസ്കര്യോത്താ യൂദായുടെ കാര്യം എടുക്കുക. ഒരിക്കൽ അവൻ യേശുവിന്റെ ഒരു വിശ്വസ്ത അനുഗാമി ആയിരുന്നു. 12 അപ്പൊസ്തലന്മാരിൽ ഒരാളായി അവനെ തിരഞ്ഞെടുത്തതുതന്നെ അവനിൽ നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ ഏതോ ഒരു ഘട്ടത്തിൽ ദുഷ്ട ചിന്തകളും ആഗ്രഹങ്ങളും തന്നിൽ വളരാൻ അവൻ അനുവദിച്ചു. ക്രമേണ അവൻ അവയുടെ പൂർണനിയന്ത്രണത്തിലായി. യേശുവിന്റെ അതിമഹത്തായ അത്ഭുത പ്രവൃത്തികൾക്കു ദൃക്സാക്ഷി ആയിരിക്കെത്തന്നെ അവൻ പണം മോഷ്ടിച്ചിരുന്നു. ഒടുവിൽ പണത്തിനുവേണ്ടി മനഃപൂർവം അവൻ ദൈവപുത്രനെ ഒറ്റിക്കൊടുത്തു.
മുമ്പ് വിശ്വസ്ത ക്രിസ്ത്യാനികൾ ആയിരുന്ന ചിലർ മനഃപൂർവം ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു. നീരസമോ അഹങ്കാരമോ അത്യാഗ്രഹമോ നിമിത്തം ആയിരിക്കാം അത്. ഇന്നവർ ദൈവാത്മാവിനെതിരെ പോരാടുന്ന വിശ്വാസത്യാഗികളാണ്. ദൈവാത്മാവ് വളരെ വ്യക്തമായി നിവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഇക്കൂട്ടർ മനഃപൂർവം എതിർക്കുന്നു. ഇത്തരക്കാർ ക്ഷമ സാധ്യമല്ലാത്ത പാപമാണോ ചെയ്തിരിക്കുന്നത്? അന്തിമ ന്യായാധിപൻ യഹോവയാണ്.—റോമർ 14:12.
മറ്റുള്ളവരെ വിധിക്കുന്നതിനു പകരം, ക്രമേണ നമ്മുടെ ഹൃദയങ്ങൾ തഴമ്പിച്ചുപോകാൻ ഇടയാക്കുന്നതരം രഹസ്യപാപങ്ങൾ ചെയ്യുന്നതിനെതിരെ നാം വ്യക്തിപരമായി ജാഗ്രതപാലിക്കുകയാണു ചെയ്യേണ്ടത്. (എഫെസ്യർ 4:30) അതോടൊപ്പം, ധാരാളമായി ക്ഷമിക്കുന്നവനായ യഹോവ, അനുതപിക്കുന്നപക്ഷം നാം ചെയ്തുപോയ ഗുരുതരമായ പാപങ്ങൾ പോലും ക്ഷമിച്ചു തരുമെന്ന വസ്തുതയിൽ നമുക്ക് ആശ്വാസം കണ്ടെത്താം.—യെശയ്യാവു 1:18, 19. (g03 2/08)
[12, 13 പേജുകളിലെ ചിത്രം]
ചില പരീശന്മാർ ക്ഷമ സാധ്യമല്ലാത്ത പാപം ചെയ്തു