ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
“ടെലിഫോൺ അമ്മമാർ” ഒരുക്കുന്ന കൊതിയൂറും വിഭവങ്ങൾ
രുചിയോടെ ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഒന്നുകിൽ പാചകത്തിനു സമയമില്ല അല്ലെങ്കിൽ അതിൽ താത്പര്യമില്ല. സ്പെയിനിലെ മാഡ്രിഡിലുള്ള അവിവാഹിതരായ ചെറുപ്പക്കാർ ഇതിനൊരു പുതിയ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇന്റർനെറ്റിലൂടെ അവർ ഒരു “അമ്മയെ” വാടകയ്ക്കെടുക്കുന്നു എന്ന് സ്പെയിനിലെ വർത്തമാനപ്പത്രമായ എൽ പോയിസ് പറയുന്നു. ആഴ്ചയിൽ രണ്ടു തവണ ഈ ദത്തുമാതാവ് വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം ടാക്സിയിൽ എത്തിക്കുന്നു. മത്സ്യം, പാസ്റ്റ, പച്ചക്കറികൾ, പയറുവർഗങ്ങൾ, മാംസം, പഴങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിങ്ങനെ കുറെ ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടായിരിക്കും. “ടെലിഫോൺ അമ്മ” തന്റെ ഓരോ ദത്തുപുത്രനെയും ഇടയ്ക്കിടെ ഫോണിൽ വിളിക്കും. ആവശ്യത്തിനു ഭക്ഷണം ഫ്രിഡ്ജിലുണ്ടോ, ഏതൊക്കെ തരം ആഹാരമാണ് ഇഷ്ടം, ഇനിയും എന്തെങ്കിലും ആവശ്യമുണ്ടോ എന്നെല്ലാം അറിയാനാണത്. നാലോ അതിലധികമോ പേരുണ്ടെങ്കിൽ എന്നും ഓഫീസിലും ഭക്ഷണം എത്തിക്കുന്നതാണ്. വാരാന്തത്തേക്ക് ഒരു പ്രത്യേക മെനു ഉണ്ടായിരിക്കും.(g03 1/22)
ചൊറിത്തവളകൾക്ക് ഒരു തുരങ്കം
കാനഡയിലെ വാൻകൂവർ ഐലന്റ് ഹൈവേയിൽ ജോലി ചെയ്യുകയായിരുന്ന എൻജിനീയർമാർ തങ്ങളുടെ ഹൈവേക്കു കുറുകെ മറ്റൊരു റോഡു കണ്ട് അതിശയിച്ചുപോയി. അത് “ചൊറിത്തവളകൾ തീർത്ത റോഡ്” ആയിരുന്നു. ബ്യൂട്ടിഫുൾ ബ്രിട്ടീഷ് കൊളംബിയ മാസിക പറയുന്നതനുസരിച്ച്, “മൂന്നു സെന്റിമീറ്റർ വലിപ്പമുള്ള ലക്ഷക്കണക്കിനു ചൊറിത്തവളകൾ” ചതുപ്പുനിലത്തു പോയി പ്രജനനം നടത്തിയശേഷം പണിതീരാത്ത ഹൈവേക്കു കുറുകെ തങ്ങളുടെ സ്വാഭാവിക വാസസ്ഥലമായ കുന്നിൻ പ്രദേശത്തേക്കു മടങ്ങവേ രൂപംകൊണ്ട പാതയായിരുന്നു അത്. ഈ ഹൈവേ പണിതീർന്നാൽ ചൊറിത്തവളകൾക്ക് ഉണ്ടാകാവുന്ന “ആപത്തിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് എൻജിനീയർമാർ തലപുകഞ്ഞ് ആലോചിച്ചു.” അവർ ഇത് എങ്ങനെ പരിഹരിക്കുമായിരുന്നു? എൻജിനീയർമാർ കണ്ടുപിടിച്ച പോംവഴിയെക്കുറിച്ച്, ഈ പദ്ധതിയുടെ പരിസ്ഥിതി വിഭാഗം കോ-ഓർഡിനേറ്റർ ആയ ക്രേഗ് ബാർലോ പറയുന്നു, “ഹൈവേക്ക് അടിയിലൂടെ നനവില്ലാത്ത തുരങ്കങ്ങൾ ഉണ്ടാക്കി, അതിലേക്ക് അവയെ നയിക്കാൻ തക്കവണ്ണം അവർ ഒരു വേലിയും ഉണ്ടാക്കി.” പാശ്ചാത്യ ചൊറിത്തവളകൾ “ജല മലിനീകരണത്തിന്റെയും സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഇരകളാണ്” എന്ന് മാസിക കൂട്ടിച്ചേർത്തു. (g03 1/22)
ക്ഷയരോഗം തേർവാഴ്ച തുടരുന്നു
ക്ഷയരോഗത്തെ നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് ബ്യൂനസ് ഐറിസ് വർത്തമാനപ്പത്രമായ ക്ലൂറിൻ റിപ്പോർട്ടു ചെയ്യുന്നു, പ്രത്യേകിച്ചും ദാരിദ്ര്യം പ്രബലമായിരിക്കുന്ന രാജ്യങ്ങളിൽ. അർജന്റീനയിൽ “വർഷം തോറും 14,000 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു” എന്ന് ലേഖനം പറയുന്നു. “ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് . . . , ഈ രോഗം ഓരോ വർഷവും 20 ലക്ഷം പേരുടെ ജീവൻ അപഹരിക്കുന്നു.” വികലപോഷണവും ദാരിദ്ര്യവുമാണ് ക്ഷയത്തിന്റെ പ്രധാന കാരണമെങ്കിലും, ഇതൊരു പകർച്ചവ്യാധി ആയതിനാൽ ആർക്കും അതു പിടിപെട്ടേക്കാം. “ക്ഷയം ഒരു സാംക്രമിക രോഗമാണ്, എല്ലാ സാമൂഹിക അതിർവരമ്പുകളെയും ഇതു ഭേദിക്കുന്നു” എന്ന് ക്ഷയത്തിനെതിരെയുള്ള മരുന്നുകളുടെ ഉപയോഗത്തിൽ മുന്നണി പ്രവർത്തകനായിരുന്ന മൊൺടോനർ പറയുന്നു. ഒരാൾക്ക് വിമാനത്തിൽ വെച്ചോ സ്വന്തസമൂഹത്തിൽ വെച്ചോ ജോലിസ്ഥലത്തു വെച്ചോ ഈ രോഗം പിടിപെടാം (g03 1/22)
പ്രകാശ മലിനീകരണത്തിനെതിരെ പ്രഥമ നിയമം
പ്രകാശ മലിനീകരണത്തിനെതിരെ നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യം ചെക്ക് റിപ്പബ്ലിക്കാണ്. ബെർലിന്നർ മൊർഗൻപോസ്റ്റ ആണ് അപ്രകാരം റിപ്പോർട്ടു ചെയ്തത്. 2002 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇത്, അന്തരീക്ഷ സംരക്ഷണ നിയമം എന്നാണ് അറിയപ്പെടുന്നത്. ഈ നിയമത്തിനു ജ്യോതിശ്ശാസ്ത്രജ്ഞരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പിന്തുണ ലഭിക്കുകയുണ്ടായി. പ്രകാശ മലിനീകരണത്തെ നിയമം ഇപ്രകാരമാണു നിർവചിക്കുന്നത്: “ഏതു കൃത്രിമ വെളിച്ചം ഉപയോഗിക്കുമ്പോഴും നിർദിഷ്ട പരിധിക്കപ്പുറം, പ്രത്യേകിച്ച് ചക്രവാള നിരപ്പിനു മുകളിലേക്കു, പ്രകാശം ചിതറിക്കപ്പെടുന്നെങ്കിൽ അതു പ്രകാശമലിനീകരണമാണ്.” ഇത്തരത്തിൽ ചിതറിപ്പോകുന്ന പ്രകാശം നിശാനഭസ്സ് നിരീക്ഷിക്കുന്നതിനു തടസ്സം സൃഷ്ടിക്കുമെന്നതിനാൽ, ലൈറ്റുകൾക്കു മറ പിടിപ്പിക്കാൻ പൗരന്മാരോടും സംഘടനകളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂൺ 1-നു മുമ്പുതന്നെ ബർണോ നഗരത്തിലെ പ്രധാന ബിസിനസ്സ് മേഖലയിൽ ഇത്തരം മറകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, അതു വളരെ ഫലകരമാണെന്നു കണ്ടെത്തുകയും ചെയ്തു. “പുരോഗതി വളരെ അമ്പരപ്പിക്കുന്നതാണ്” എന്നു ചെക്ക് ജ്യോതിശ്ശാസ്ത്രജ്ഞനായ യാൻ ഹോല്ലാൻ പറയുന്നു. (g03 1/22)
സാക്ഷരതാ പ്രശ്നം ലോകവ്യാപകം
ഇക്കാലത്തു വിദ്യാർഥികളെ എത്ര കാര്യക്ഷമതയോടെ പഠിപ്പിക്കുന്നുണ്ട്? സാമ്പത്തിക സഹകരണ വികസന സംഘടന 32 രാജ്യങ്ങളിൽ നിന്നായി 15 വയസ്സുകാരായ 2,65,000 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പഠനം നടത്തുകയുണ്ടായി. “നിർബന്ധിത വിദ്യാഭ്യാസത്തിന്റെ കാലയളവു പൂർത്തിയാക്കാറായ വിദ്യാർഥികൾ സമൂഹത്തിലേക്കു പൂർണമായും ഇറങ്ങിച്ചെല്ലാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും എത്രത്തോളം നേടിയെടുത്തിട്ടുണ്ട് എന്ന് അറിയാനായിരുന്നു ഇത്.” വിദ്യാർഥികളിൽ ആറു ശതമാനത്തിന്റെ വായനാപ്രാപ്തി “ഏറ്റവും കുറഞ്ഞ വായനാ പ്രാപ്തിയായി കണക്കാക്കുന്ന നിലവാരത്തിലും താഴെയാണ്.” മറ്റൊരു 12 ശതമാനത്തിന്, “നുറുങ്ങു വിവരങ്ങളോ അല്ലെങ്കിൽ ഒരു പാഠത്തിന്റെ പ്രധാന വിഷയമോ പോലുള്ള തികച്ചും അടിസ്ഥാനപരമായ കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയേ ഉള്ളൂ.” സാക്ഷരതയിൽ പെൺകുട്ടികളായിരുന്നു ആൺകുട്ടികളെക്കാൾ മിടുക്കർ. ഫിന്നിഷ് വിദ്യാർഥികൾ വായനയിൽ മുന്നിട്ടു നിന്നപ്പോൾ, ജപ്പാനിലും കൊറിയയിലുമുള്ള വിദ്യാർഥികൾ സയൻസിനും കണക്കിനുമായിരുന്നു മുൻപന്തിയിൽ. “28 രാജ്യങ്ങളിൽ 20 എണ്ണത്തിൽ നിന്നുള്ള കുട്ടികളോടു ചോദിച്ചപ്പോൾ അവരിൽ നാലു കുട്ടികളിൽ ഒന്നിലധികം പേരും പോകാനിഷ്ടമില്ലാത്ത സ്ഥലങ്ങളിലൊന്നായിട്ടാണു സ്കൂളിനെ കണക്കാക്കിയത്,” എന്നു റിപ്പോർട്ടു പറയുന്നു. (g03 1/22)
40 വർഷത്തെ പുകവലി സമ്മാനിച്ചത്
ഇംഗ്ലണ്ടിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് 1962-ൽ പ്രസിദ്ധീകരിച്ച പുകവലിയും ആരോഗ്യവും (ഇംഗ്ലീഷ്) എന്ന പുസ്തകം, “പുകയിലയുടെ അപകടങ്ങളെപ്പറ്റി ബ്രിട്ടനിലെ ഒരു ഔദ്യോഗിക സംഘം നൽകുന്ന ആദ്യത്തെ വ്യക്തമായ മുന്നറിയിപ്പാണ്” എന്ന് ലണ്ടന്റെ ദി ഇൻഡിപ്പെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. ആ സമയത്ത്, 70 ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളും പുകവലിക്കാരായിരുന്നു. തുടർന്നുവന്ന 40 വർഷങ്ങളിൽ, “ഇംഗ്ലണ്ടിൽ മാത്രം 50 ലക്ഷം ആളുകൾ പുകവലി നിമിത്തം മരണമടഞ്ഞു, രണ്ടാം ലോകമഹായുദ്ധത്തിൽ ഇവിടെ മരിച്ചവരുടെ എണ്ണത്തിന്റെ 12 ഇരട്ടിയാണിത്.” ഇപ്പോൾ ഇവിടെ 29 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും മാത്രമേ പുകവലിക്കാരായി ഉള്ളുവെങ്കിലും, കമ്പനികൾ പുകവലിയെ “അനുഭൂതി പകരുന്ന ഒന്നായി അവതരിപ്പിച്ചുകൊണ്ട് യുവജനങ്ങൾക്കിടയിൽ ഇന്നും വ്യാപകമായി [സിഗരറ്റുകൾ] വിറ്റഴിക്കുന്നു” എന്ന് ദി ഇൻഡിപ്പെൻഡന്റ് പറയുന്നു. പുകയിലയുടെ ഉപയോഗം വീണ്ടും വർധിച്ചിരിക്കുകയാണെന്നും പൊതുജനാരോഗ്യത്തിന് ഒരു മുഖ്യ ഭീഷണിയായി അത് ഇന്നും തുടരുകയാണെന്നും റോയൽ കോളജിന്റെ അടുത്തകാലത്തെ റിപ്പോർട്ടു ചൂണ്ടിക്കാണിക്കുന്നു. 1950-ൽ, പുകവലിയും ശ്വാസകോശ അർബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ചു വെളിപ്പെടുത്തിയ സർ റിച്ചാർഡ് ഡോൾ പറയുന്നത്, ദീർഘനാൾ ഈ ശീലം തുടർന്നവർക്കുപോലും ഇനിയാണെങ്കിലും അത് ഉപേക്ഷിക്കാൻ സമയമുണ്ടെന്നാണ്. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്, പുകവലി നിറുത്തുക, ആയുസ്സു വർധിപ്പിച്ചുകൊണ്ടു ജീവിതം ആസ്വദിക്കുക.” (g03 1/22)
പൊണ്ണത്തടി—വർധിച്ചുവരുന്ന ഒരു ആഗോള പ്രശ്നം
പൊണ്ണത്തടി മുതിർന്നവർക്കും കുട്ടികൾക്കും ഇടയിൽ “ലോക വ്യാപകമായി, ഉത്കണ്ഠയുളവാക്കുംവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് ദ ലാൻസെറ്റ് റിപ്പോർട്ടു ചെയ്യുന്നു. ചില ദരിദ്ര രാജ്യങ്ങളിൽപ്പോലും ഇത് ഒരു പ്രശ്നമായി മാറിയിരിക്കുകയാണെന്നു പത്രം കൂട്ടിച്ചേർക്കുന്നു. ഒരു പരിധിവരെ പൊണ്ണത്തടിക്കു കാരണം സാങ്കേതികവിദ്യയാണ് എന്നു നോർത്ത് കരോലിന സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിദഗ്ധനും പോഷക-സാംക്രമികരോഗ ശാസ്ത്രജ്ഞനും ആയ ബാരീ പോപ്കിൻ പറയുന്നു. ഇന്നു സാങ്കേതികവിദ്യയിലൂടെ ചോളം, സോയാബീൻ, പരുത്തി എന്നിവയിൽ നിന്നു ഭക്ഷ്യയോഗ്യമായ എണ്ണ വേർതിരിച്ചെടുക്കാൻ സാധിക്കുന്നു. “ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിൽ നിത്യ ഭക്ഷണത്തിൽ ചേരുന്ന അധിക കലോറി ഇത്തരം എണ്ണയിൽ നിന്നാണു മുഖ്യമായും വരുന്നത്” എന്ന് ദ ലാൻസെറ്റ് പറയുന്നു. കൂടാതെ, ഗവൺമെന്റിന്റെ കാർഷിക വ്യാപാര നയങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് പഞ്ചസാര കയറ്റുമതി ചെയ്യുക സാധ്യമാക്കിയിരിക്കുന്നു. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകർക്കു ചെലവു കുറഞ്ഞ ഒരു വസ്തു ഉപയോഗിച്ച് തങ്ങളുടെ ഉത്പന്നങ്ങളുടെ രുചി വർധിപ്പിക്കാൻ കഴിയുന്നു. ഇതിനുപുറമേ, സാങ്കേതികവിദ്യ വളർന്നതോടെ പല മേഖലകളിലും ജോലിഭാരം വളരെ കുറഞ്ഞിരിക്കുന്നു, ഊർജം ചെലവിടാൻ അധികം മാർഗങ്ങൾ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ക്രമേണ ആളുകളുടെ തൂക്കം വർധിക്കുന്നു. പൊണ്ണത്തടി ഗുരുതര രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയ-ധമനീ രോഗം എന്നിവയ്ക്ക് കാരണമായേക്കാം എന്നതാണ് ആരോഗ്യ വിദഗ്ധരെ ഉത്കണ്ഠപ്പെടുത്തുന്നത്. (g03 1/8)
ലോകത്തിലെ അന്ധന്മാരുടെ 25 ശതമാനം ഇന്ത്യയിൽ
“ഇന്ത്യയിൽ 1.2 കോടി അന്ധന്മാരുണ്ട്. അതാകട്ടെ, ലോകത്താകെയുള്ള അന്ധന്മാരുടെ 25 ശതമാനമാണ്.” ഇന്ത്യയുടെ ഡെക്കാൻ ഹെറാൾഡ് ആണ് ഇതു പറയുന്നത്. കൂടാതെ, യൂത്ത് വിഷൻ ഇന്ത്യയുടെ 2002-ലെ റിപ്പോർട്ടു പ്രകാരം, ഇന്ത്യയിലെ 40-ലധികം നഗരങ്ങളിലെ കോളെജുകളിൽനിന്നും സ്കൂളുകളിൽനിന്നും ശേഖരിച്ച വിവരങ്ങൾ കാണിച്ചത്, “50 ശതമാനം യുവജനങ്ങൾക്കും കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവർ അതേപ്പറ്റി ബോധവാന്മാരല്ല” എന്നാണ്. റെറ്റിനയിലെ അപവർത്തന തകരാറുകളും (refractive errors) തിമിരവും ആണ് പ്രധാനമായും ഈ രാജ്യത്തുള്ള ആളുകളുടെ നേത്ര വൈകല്യങ്ങൾ എന്നു പഠനം തെളിയിക്കുന്നു. എന്നാൽ ഇതു ചികിത്സിച്ചു ഭേദമാക്കാവുന്നതേ ഉള്ളൂ. “ഈ സംഗതികളെക്കുറിച്ചൊന്നും വേണ്ടത്ര അറിവില്ലാത്തതും ആവശ്യത്തിനു നേത്രരോഗ വിദഗ്ധർ ഇല്ലാത്തതുമാണ്” ഇന്ത്യയിലെ പ്രശ്നത്തിനു കാരണം എന്നു വർത്തമാനപ്പത്രം പറയുന്നു. അത് ഇങ്ങനെ തുടരുന്നു: “ഇന്ത്യയിൽ 5,000 നേത്രപരിശോധകരേ ഉള്ളൂ. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ചാണെങ്കിൽ 40,000 പേർ വേണം.” (g03 1/8)