ഒരു നൂതന തരംഗം ഇലക്ട്രോണിക് ഗെയിമുകളിൽ
ഒരു നൂതന തരംഗം ഇലക്ട്രോണിക് ഗെയിമുകളിൽ
“കഴിഞ്ഞ വർഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വീഡിയോ ഗെയിം ഗ്രാന്റ് തെഫ്റ്റ് ഓട്ടോ 3” ആയിരുന്നെന്ന് “ന്യൂസ്വീക്ക്” മാസിക പറയുന്നു. കളി ഇങ്ങനെയാണ്: പങ്കെടുക്കുന്ന ഓരോരുത്തരും ഒരു സാങ്കൽപ്പിക കൊള്ളസംഘത്തിലെ അംഗമാണ്. വ്യഭിചാരം, കൊലപാതകം എന്നിങ്ങനെ കമ്പ്യൂട്ടർ സ്ക്രീനിൽ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് കളിക്കാർക്ക് കൊള്ളസംഘത്തിൽ സ്ഥാനക്കയറ്റം കിട്ടുന്നു. അങ്ങനെ കളി പുരോഗമിക്കുന്നു. “നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും അനന്തരഫലങ്ങളും പ്രോഗ്രാം ചെയ്തുവെച്ചിട്ടുണ്ട്,” “ന്യൂസ്വീക്ക്” തുടരുന്നു. ദൃഷ്ടാന്തത്തിന് മോഷ്ടിച്ച ഒരു കാറിൽ ഇരുന്ന് നിങ്ങൾ വഴിയാത്രക്കാരെ കൊല്ലുന്നെങ്കിൽ പോലീസ് നിങ്ങളെ പിന്തുടർന്നു പിടികൂടാൻ ശ്രമിക്കും. അവരിൽ ഒരാളെ നിങ്ങൾ വെടിവെച്ചു വീഴ്ത്തിയാൽ കുറ്റാന്വേഷക സംഘം (എഫ്ബിഐ) രംഗത്തെത്തും. ഒരു എഫ്ബിഐ ഏജന്റിനെ നിങ്ങൾ വകവരുത്തിയാൽ പിന്നെ പട്ടാളത്തിന്റെ വരവായി. 17 വയസ്സിനു മുകളിൽ ഉള്ളവർക്കു വേണ്ടിയാണ് ഗെയിം നിർമിച്ചിരിക്കുന്നതെങ്കിലും ചില കടകൾ കൊച്ചുകുട്ടികൾക്കും ഇത് വിൽക്കുന്നുണ്ടെന്നാണ് അറിവ്. 12 വയസ്സുകാർക്കു പോലും ഇതു ഹരമാണത്രെ!
ആദ്യത്തെ ആധുനിക കമ്പ്യൂട്ടർ ഗെയിം ആയ ‘സ്പേസ്വാർ’ 1962-ലാണ് പുറത്തിറങ്ങിയത്. ഛിന്നഗ്രഹങ്ങളെയും അന്യഗ്രഹ ശത്രുക്കളുടെ പേടകങ്ങളെയും വെട്ടിച്ചു മുന്നേറിയാണ് ഈ ഗെയിം ജയിക്കേണ്ടത്. തുടർന്ന് ഇതേ മാതൃകയിലുള്ള ഒട്ടനവധി ഗെയിമുകൾ പുറത്തിറങ്ങുകയുണ്ടായി. 1970-കളിലും 80-കളിലും കൂടുതൽ ക്ഷമതയുള്ള സ്വകാര്യ കമ്പ്യൂട്ടറുകൾ രംഗത്തു വന്നതോടെ കമ്പ്യൂട്ടർ ഗെയിമുകൾ പ്രചുരപ്രചാരം നേടി. സാഹസികത നിറഞ്ഞവ, പൊതുവിജ്ഞാന ചോദ്യങ്ങൾ അടങ്ങിയവ, തന്ത്രങ്ങൾ മെനയാനുള്ളവ (സ്ട്രാറ്റജി ഗെയിം), അക്രമ നടപടികൾ നിറഞ്ഞവ എന്നിങ്ങനെ നൂറു നൂറു ഗെയിമുകൾ. സങ്കൽപ്പ നഗരങ്ങളെയും അവയുടെ നാഗരികതയെയും ഭാവനയ്ക്കൊത്ത് കരുപ്പിടിപ്പിക്കുന്നതാണ് സ്ട്രാറ്റജിക് ഗെയിമുകളിൽ ഒന്നിൽ ഉൾപ്പെട്ടിരിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ ഐസ് ഹോക്കിയും ഗോൾഫും കളിക്കാൻ സൗകര്യമൊരുക്കുന്ന ഗെയിമുകളുമുണ്ട്.
വിദ്യാഭ്യാസ മൂല്യമുള്ളവയും ഒപ്പം വിനോദദായകവും എന്ന് ചില ഗെയിമുകൾ പുകഴ്ത്തപ്പെടുന്നു. മറ്റു ചിലതിലാകട്ടെ, നിങ്ങൾക്കു വിമാനം നിലത്തിറക്കാനും കാറോട്ട മത്സരത്തിൽ കുതിച്ചുപായാനും തീവണ്ടി ഓടിക്കാനും മഞ്ഞിൽ തെന്നിനീങ്ങി രസിക്കാനും സാധിക്കുന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു ആഗോളപര്യടനം നടത്താൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഗെയിമുകൾ പോലുമുണ്ട്. എന്നിരുന്നാലും, അടിപിടി-വെടിവെപ്പ് രംഗങ്ങൾ ചിത്രീകരിക്കുന്ന ഗെയിമുകൾ അക്രമവാസന വളർത്തുന്നതായി അപലപിക്കപ്പെടുന്നുണ്ട്. ആയുധങ്ങൾ യഥേഷ്ടം തിരഞ്ഞെടുത്ത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപങ്ങളെ അല്ലെങ്കിൽ സങ്കൽപ്പ കഥാപാത്രങ്ങളെ വെടിവെച്ചിടുകയാണ് ഇത്തരം കളികളിൽ കളിക്കാരനു ചെയ്യാനുള്ളത്.
ഓൺ-ലൈൻ ഗെയിമുകൾ—ഒരു പുത്തൻ തരംഗം
ബ്രിട്ടാനിയ എന്ന രാജ്യത്ത് 2,30,000 പേർ വസിക്കുന്നു. അവരിൽ പടയാളികളും തയ്യൽക്കാരും കൊല്ലപ്പണിക്കാരും സംഗീതജ്ഞരുമുണ്ട്. അവർ പട വെട്ടുകയും നഗരങ്ങൾ പണിയുകയും കടകൾ നടത്തുകയും ചെയ്യുന്നുണ്ട്. അവർ വിവാഹിതരാകുന്നുണ്ട്, മരിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു ബ്രിട്ടാനിയ രാജ്യം സ്ഥിതിചെയ്യുന്നേയില്ല എന്നുള്ളതാണ് വാസ്തവം. ഇത് കമ്പ്യൂട്ടർ കൽപ്പിതമായ ഒരു മധ്യയുഗ ലോകമാണ്, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്നുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഒരേ സമയം പരസ്പരം സംസാരിക്കുന്നതിനും മത്സരിക്കുന്നതിനും അരങ്ങൊരുക്കുന്ന സങ്കൽപ്പ ദേശം. ഓൺ-ലൈൻ ഗെയിം എന്നറിയപ്പെടുന്ന ഒരുതരം കമ്പ്യൂട്ടർ ഗെയിം ആണ് ഇതു സാധ്യമാക്കുന്നത്. വളരെ വേഗം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഈ ഗെയിമായിരിക്കും കമ്പ്യൂട്ടർ ഗെയിം രംഗത്ത് ഏറ്റവും വലിയ തരംഗം സൃഷ്ടിക്കാൻ പോകുന്നതെന്നു പ്രതീക്ഷിക്കപ്പെടുന്നു. ബ്രിട്ടാനിയ എന്ന സങ്കൽപ്പ രാജ്യത്തെ കേന്ദ്രീകരിച്ച് ‘അൾട്ടിമ ഓൺലൈൻ’ എന്ന പേരിൽ 1997-ൽ അവതരിപ്പിക്കപ്പെട്ട ഈ കളിയായിരുന്നു ഇന്റർനെറ്റ് ഉപയോഗിച്ചുള്ള ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം. അതിനെ തുടർന്ന് മറ്റു നിരവധി ഇന്റർനെറ്റ് ഗെയിമുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്, പലതും പണിപ്പുരയിലുമാണ്.
ഇത്തരം ഗെയിമുകളുടെ വിശേഷത എന്താണ്? സാധാരണ കമ്പ്യൂട്ടർ ഗെയിമുകളിൽ നിന്നു വ്യത്യസ്തമായി ഇന്റർനെറ്റ് ഗെയിമിൽ നിങ്ങളോടൊപ്പം കളിക്കുന്നത് കമ്പ്യൂട്ടറല്ല, മറിച്ച് സ്ക്രീനിൽ തെളിയുന്ന കഥാപാത്രങ്ങളെ ലോകത്തിന്റെ മറ്റെവിടെയോ ഇരുന്ന് നിയന്ത്രിക്കുന്ന സഹകളിക്കാരാണ്. ഒരേ കളിയിൽ ആയിരക്കണക്കിന് ആളുകൾക്ക് ഉൾപ്പെടാൻ കഴിയും. ദൃഷ്ടാന്തത്തിന്, 114 രാജ്യങ്ങളിലിരുന്നുകൊണ്ട് കളിക്കാർക്ക് ഒരേസമയം പങ്കുപറ്റാനാകുന്ന ഒരു ഗെയിമാണത്രെ ‘അൾട്ടിമ ഓൺലൈൻ.’ കളിക്കുന്നതോടൊപ്പം അന്യോന്യം സംസാരിക്കാനും കഴിയും എന്നതായിരിക്കാം ആളുകൾക്ക് ഇത്തരം ഗെയിമുകളോടു പ്രിയം വർധിക്കാനുള്ള പ്രധാന കാരണം. കളിക്കാർക്ക് ഇത്തരത്തിൽ പരസ്പരം സംസാരിക്കാനാവുന്നത് തങ്ങൾ ഒരു ആഗോള സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ അവരിൽ ഉളവാക്കുന്നു.
വൻ വ്യവസായം
ഇലക്ട്രോണിക് ഗെയിം വ്യവസായ രംഗത്ത് വമ്പിച്ച ശുഭപ്രതീക്ഷകളാണ് ഉള്ളത്. 1997-ൽ അമേരിക്കയിലെ കമ്പ്യൂട്ടർ, വീഡിയോ ഗെയിം വ്യവസായത്തിന്റെ വാർഷിക വിറ്റുവരവ് 530 കോടി ഡോളറിൽ എത്തി, ലോകവ്യാപകമായി അത് 1,000 കോടി ഡോളർ ആയിരുന്നു. ഈ കുതിപ്പു തുടരാനാണു സാധ്യത. അടുത്ത അഞ്ചു വർഷംകൊണ്ട് വിപണിയിൽ 50 മുതൽ 75 വരെ ശതമാനം വർധന പ്രതീക്ഷിക്കുന്നു.
ദിനമ്പ്രതി പത്തു ലക്ഷത്തിൽ അധികം ആളുകൾ ഇന്റർനെറ്റ് ഗെയിമുകളിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന് ഫോറസ്റ്റർ റിസേർച്ച് എന്ന സംഘടന പറയുന്നു. ബൃഹത്തായ അളവിലുള്ള വിവരങ്ങൾ ഞൊടിയിടയിൽ കൈമാറാൻ സഹായിക്കുന്ന, ‘ബ്രോഡ് ബാൻഡ്’ എന്ന ഒരുതരം ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ പ്രചാരത്തിലാകുന്നതോടെ ഓൺ-ലൈൻ ഗെയിമുകളോടുള്ള പ്രിയം ഇനിയും വർധിക്കുമെന്നു കരുതപ്പെടുന്നു. കുട്ടിക്കാലം മുതലേ കമ്പ്യൂട്ടർ ഗെയിം കളിച്ചു ശീലിച്ചവർ മുതിർന്ന ശേഷവും കളി അതേ മുറയ്ക്കു തുടരുന്നതായാണ് കണ്ടുവരുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഒരാൾ ഇങ്ങനെ പറയുന്നു: “കമ്പ്യൂട്ടർ ഗെയിമുകൾ ലോകത്തെമ്പാടുമുള്ള സുഹൃത്തുക്കളുമായി സഹവസിക്കാനുള്ള ഒരു മാർഗമായിത്തീർന്നിരിക്കുന്നു.”
എല്ലാ കമ്പ്യൂട്ടർ ഗെയിമുകളും നിരുപദ്രവകരമായ വിനോദങ്ങളാണോ? അതോ, അവയിൽ അപകടങ്ങൾ പതിയിരിപ്പുണ്ടോ? നമുക്കു പരിശോധിക്കാം. (g02 12/22)