നേത്രങ്ങളിൽ ഒരു അതിഗംഭീര കണ്ടുപിടിത്തം
നേത്രങ്ങളിൽ ഒരു അതിഗംഭീര കണ്ടുപിടിത്തം
സസ്തനികളുടെ നേത്രങ്ങളിൽ പ്രകാശത്തോടു പ്രതികരിക്കുകയും ശരീരത്തിലെ ജൈവഘടികാരത്തെ ക്രമീകരിക്കുകയും ചെയ്യുന്ന നാഡീകോശങ്ങൾ ഉള്ളതായി വളരെ കാലം മുമ്പുതന്നെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രകാശ സംവേദക ധർമം നിറവേറ്റുന്നത് ദണ്ഡുകളെന്നും (rods) കോണുകളെന്നും (cones) അറിയപ്പെടുന്ന നേത്ര കോശങ്ങളാണ് എന്നാണ് ദീർഘനാളായി കരുതിപ്പോന്നിരുന്നത്. എന്നാൽ 1999-ൽ “ദണ്ഡുകളും കോണുകളും ഇല്ലാഞ്ഞ [അതായത് കാഴ്ചശക്തിയില്ലാഞ്ഞ] ഉത്പരിവർത്തിത എലികൾക്കും പ്രകാശ സംവേദക ഘടികാരങ്ങൾ ഉള്ളതായി” ഗവേഷകർ കണ്ടെത്തി എന്ന് സയൻസ് പത്രിക റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ ഫലമായി “കണ്ണിലെ മറ്റേതോ കോശങ്ങൾ പ്രകാശത്തോടു പ്രതികരിക്കുന്നു” എന്ന നിഗമനത്തിൽ ഗവേഷകർ എത്തി.
ഇപ്പോൾ ഈ പ്രകാശ സംവേദനികളുടെ രഹസ്യം ചുരുളഴിഞ്ഞിരിക്കുകയാണ്. പ്രതിബിംബങ്ങൾക്കു രൂപം നൽകുന്ന ദണ്ഡുകളും കോണുകളുമായി കൂടിക്കലർന്നു കിടക്കുന്നവയെങ്കിലും ഈ സംവേദനികൾ “പ്രതിബിംബ നിർമാണ ദൃശ്യവ്യവസ്ഥയോടൊപ്പം പ്രവർത്തിക്കുന്ന മറ്റൊരു ദൃശ്യ പരിപഥത്തിനു (circuit)” രൂപം നൽകുന്നു എന്ന് സയൻസ് വിശദീകരിക്കുന്നു. കൃഷ്ണമണിയുടെ വലിപ്പത്തെയും മെലറ്റോനിൻ എന്ന ഹോർമോണിന്റെ സ്രവണത്തെയും നിയന്ത്രിക്കുക, ശരീരത്തിലെ ജൈവഘടികാരത്തെ പ്രകാശ-അന്ധകാര ചക്രവുമായി ഏകകാലികമാക്കുക തുടങ്ങിയ ധർമങ്ങളാണ് പുതുതായി കണ്ടെത്തിയ ഈ പരിപഥം നിർവഹിക്കുന്നത്. ഭാവ വ്യത്യാസങ്ങൾ പ്രകടമാകുന്നതിൽ പോലും ഇതിനു പങ്കുണ്ടായിരുന്നേക്കാം എന്നു കരുതപ്പെടുന്നു.
രസകരമെന്നു പറയട്ടെ, ഈ പ്രകാശ സംവേദനികൾ ഏറെ നേരത്തേക്കു നീണ്ടുനിൽക്കുന്ന പ്രകാശ വ്യതിയാനങ്ങളോടേ പ്രതികരിക്കാറുള്ളൂ. പ്രകാശ തീവ്രതയിൽ ക്ഷണികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളോടു പ്രതികരിച്ചിരുന്നെങ്കിൽ അവ ജൈവ ഘടികാരത്തിനു വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചേനെ. ഒരു ശാസ്ത്രജ്ഞൻ ഈ കണ്ടുപിടിത്തത്തെ “അതിഗംഭീരം” എന്നു വിശേഷിപ്പിച്ചു. “സസ്തനികളിലെ പ്രകാശഗ്രാഹികൾ ഏതാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്” എന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായും, ജീവനെ കുറിച്ച് എത്രയധികം മനസ്സിലാക്കുന്നുവോ അത്രയധികമായി, ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ളതെങ്കിലും അങ്ങേയറ്റം വിദഗ്ധമായ രൂപകൽപ്പനയുടെ തെളിവുകൾ നാം ദർശിക്കുന്നു. അത്തരം അറിവ് സ്രഷ്ടാവിനെ സ്തുതിച്ചുകൊണ്ടുള്ള ബൈബിളിലെ ഈ വാക്കുകൾ ഏറ്റുപാടാൻ അനേകരെ പ്രേരിപ്പിക്കുന്നു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”—സങ്കീർത്തനം 139:14. (g02 11/22)