ക്രിസ്തുമസ്സിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ബൈബിളിന്റെ വീക്ഷണം
ക്രിസ്തുമസ്സിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ലോകത്തെങ്ങും ദശലക്ഷക്കണക്കിനാളുകൾ 2002-ലെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. അവരിൽ ഒരാളാണോ നിങ്ങൾ? അതോ ഈ പ്രമുഖ ആഘോഷത്തോടു ബന്ധപ്പെട്ട മതപരമായ ആചാരങ്ങളിൽ നിങ്ങൾ പങ്കെടുക്കാറില്ലേ? എന്തുതന്നെ ആയിരുന്നാലും ‘ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഒരുതരത്തിലും എന്നെ ബാധിക്കുന്നില്ല’ എന്നു പറയാൻ നിങ്ങൾക്കാവില്ല. അക്രൈസ്തവ രാജ്യങ്ങളിൽ പോലും വ്യാപാര, വിനോദ മേഖലകളെ ഈ ആഘോഷം ഏറെ സ്വാധീനിക്കുന്നു.
ക്രിസ്തുമസ്സിനെ കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് അറിയാം? ക്രിസ്തുവിന്റെ ജന്മദിന ആഘോഷത്തിന് ബൈബിളിന്റെ പിന്തുണയുണ്ടോ? എല്ലാ വർഷവും ഡിസംബർ 25-ന് കൊണ്ടാടുന്ന ഈ പ്രമുഖ ആഘോഷത്തിന്റെ ചരിത്ര പശ്ചാത്തലം എന്താണ്?
ക്രിസ്തുമസ്സ് നിരോധിക്കപ്പെടുന്നു
ഈ വിഷയത്തെ കുറിച്ചു ഗവേഷണം ചെയ്യാൻ അൽപ്പസമയം ചെലവഴിക്കുകയാണെങ്കിൽ ക്രിസ്തുമസ്സിന് സത്യ ക്രിസ്ത്യാനിത്വവുമായി യാതൊരു ബന്ധവും ഇല്ലെന്നു നിങ്ങൾക്കു ബോധ്യമാകും. വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ട അനവധി ബൈബിൾ പണ്ഡിതന്മാർ ഈ വസ്തുത അംഗീകരിച്ചിട്ടുണ്ട്. ഇതു മനസ്സിൽ പിടിക്കുകയാണെങ്കിൽ 1647-ൽ ക്രോംവെല്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ പാർലമെന്റ് ക്രിസ്തുമസ്സ് പ്രായശ്ചിത്തത്തിന്റെ ഒരു ദിനമായിരിക്കണമെന്ന് അനുശാസിച്ചതും തുടർന്ന് 1652-ൽ അതിന്റെ ആഘോഷത്തെ അപ്പാടെ നിരോധിച്ചതും നിങ്ങളെ അത്ഭുതപ്പെടുത്തുകയില്ല. 1644-1656 കാലഘട്ടത്തിൽ മനഃപൂർവം എല്ലാ വർഷവും പാർലമെന്റ് ഡിസംബർ 25-ന് യോഗം ചേർന്നിരുന്നു. ചരിത്രകാരിയായ പെന്നി എൽ. റെസ്റ്റാഡ് ഇങ്ങനെ പറയുന്നു: “ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു പ്രസംഗിക്കുന്ന ശുശ്രൂഷകർ തടവിലാക്കപ്പെടുമായിരുന്നു. പള്ളി അലങ്കരിച്ചാൽ പള്ളി ഭരണാധികാരികളിൽനിന്ന് പിഴ ഈടാക്കിയിരുന്നു. മറ്റേതൊരു വ്യാപാര ദിവസത്തിലെയും പോലെ ക്രിസ്തുമസ്സ് ദിനത്തിലും കടകൾ തുറന്നു പ്രവർത്തിക്കണം എന്നതു നിർബന്ധമാക്കി.” ഇത്ര കടുത്ത നടപടികൾ സ്വീകരിക്കാനുണ്ടായ കാരണം എന്തായിരുന്നു? തിരുവെഴുത്തുകളിൽ ഇല്ലാത്ത ആചാരങ്ങൾ സ്ഥാപിക്കാൻ സഭയ്ക്ക് അവകാശമില്ലെന്ന് പ്യൂരിറ്റൻ പരിഷ്കരണവാദികൾ വിശ്വസിച്ചു. അവർ തീക്ഷ്ണതയോടെ, ക്രിസ്തുമസ്സ് ആഘോഷത്തെ അപലപിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ നടത്തുകയും സാഹിത്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വടക്കേ അമേരിക്കയിലും സമാനമായ വീക്ഷണങ്ങൾ നിലനിന്നിരുന്നു. 1659-നും 1681-നും ഇടയ്ക്ക് മസാച്ചുസെറ്റ്സ് ബേ കോളനിയിൽ a ക്രിസ്തുമസ്സ് ആഘോഷം നിരോധിച്ചിരുന്നു. അന്നു പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമപ്രകാരം ഏതു രീതിയിലുമുള്ള ക്രിസ്തുമസ്സ് ആഘോഷവും കുറ്റകരമായിരുന്നു. ഈ നിയമം ലംഘിക്കുന്നവർ പിഴ അടയ്ക്കേണ്ടി വരുമായിരുന്നു. ന്യൂ ഇംഗ്ലണ്ടിലെ പ്യൂരിറ്റന്മാർ മാത്രമല്ല മധ്യ കോളനികളിലുള്ള ചില വിഭാഗങ്ങളും ക്രിസ്തുമസ്സ് ആഘോഷത്തെ എതിർത്തു. പ്യൂരിറ്റന്മാരെ പോലെതന്നെ ഈ വിഷയത്തിൽ കർക്കശ നിലപാട് കൈക്കൊണ്ടവരായിരുന്നു പെൻസിൽവേനിയയിലെ ക്വേക്കർ സഭക്കാർ. ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച് “അമേരിക്കയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടർന്നുള്ള കാലത്ത് ക്വേക്കർ സഭയിൽപ്പെട്ട എലിസബത്ത് ഡിങ്കർ ഫിലദെൽഫിയയിലെ നിവാസികളെ മൂന്നായി വിഭാഗിച്ചു. ‘[ക്രിസ്തുമസ്സിന്] മറ്റൊരു ദിവസത്തെക്കാളും വിശേഷത കൽപ്പിക്കാതിരുന്ന [ക്വേക്കർ സഭക്കാർ],’ മതപരമായ കാരണങ്ങളാൽ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നവർ, ‘കുടിച്ചുകൂത്താടാനുള്ള ഒരു ദിവസമായി അതിനെ കണ്ടവർ.’”
ഒരു യാഥാസ്ഥിതിക കാൽവനിസ്റ്റ് കുടുംബത്തിൽ വളർന്ന പ്രമുഖ അമേരിക്കൻ ഉപദേശിയായ ഹെൻട്രി വാർഡ് ബീച്ചർ ക്രിസ്തുമസ്സിനെ കുറിച്ചു കൂടുതലായി മനസ്സിലാക്കിയത് 30 വയസ്സിനു ശേഷം മാത്രമാണ്. 1874-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “ക്രിസ്തുമസ്സ് വാസ്തവത്തിൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.”
ആദിമ ബാപ്റ്റിസ്റ്റ്, കോൺഗ്രിഗേഷനലിസ്റ്റ് സഭകളും ക്രിസ്തുവിന്റെ ജന്മദിന ആഘോഷത്തിന് തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നു വിശ്വസിച്ചിരുന്നു. ഒരു ഗ്രന്ഥം പറയുന്നത് അനുസരിച്ച് ന്യൂപോർട്ടിലെ
[റോഡ് ഐലന്റ്, യു.എസ്.എ] ബാപ്റ്റിസ്റ്റ് സഭ ആദ്യമായി ക്രിസ്തുമസ്സ് ആഘോഷിച്ചത് 1772 ഡിസംബർ 25-ന് ആയിരുന്നു, ന്യൂ ഇംഗ്ലണ്ടിലെ ആദ്യ ബാപ്റ്റിസ്റ്റ് സഭ നിലവിൽവന്ന് ഏകദേശം 130 വർഷത്തിനു ശേഷം.ക്രിസ്തുമസ്സിന്റെ ഉത്ഭവം
ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ക്രിസ്തുവിന്റെ ജനന തീയതി നമുക്ക് അറിഞ്ഞുകൂടാ. സുവിശേഷവിവരണങ്ങൾ ദിവസമോ മാസമോ സൂചിപ്പിക്കുന്നില്ല . . . എച്ച്. ഉസെന നിർദ്ദേശിക്കുന്നതും . . . ഇന്ന് പൊതുവേ പണ്ഡിതന്മാർ അംഗീകരിച്ചിരിക്കുന്നതുമായ സിദ്ധാന്തമനുസരിച്ച് ക്രിസ്തുവിന്റെ ജന്മദിനം മകരസംക്രാന്തിയായി നിശ്ചയിക്കപ്പെട്ടു (ജൂലിയൻ കലണ്ടർ പ്രകാരം ഡിസംബർ 25, ഈജിപ്തുകാരുടെ കലണ്ടറിൽ ജനുവരി 6), എന്തുകൊണ്ടെന്നാൽ സൂര്യൻ അതിന്റെ വടക്കോട്ടുള്ള നീക്കം ആരംഭിച്ച ഈ ദിവസം മിത്രാ ദേവന്റെ പുറജാതി ഭക്തന്മാർ ഡിയെസ് നാറ്റാലിസ് സോളിസ് ഇൻവിക്റ്റി (അജയ്യനായ സൂര്യന്റെ ജന്മദിനം) ആഘോഷിച്ചിരുന്നു. ഔറേലിയൻ [ചക്രവർത്തി] 274 ഡിസംബർ 25-ന് സൂര്യദേവനെ സാമ്രാജ്യത്തിന്റെ മുഖ്യ സംരക്ഷകനായി പ്രഖ്യാപിക്കുകയും ക്യാമ്പസ് മാർഷിയൂസിൽ സൂര്യദേവന് ഒരു ക്ഷേത്രം സമർപ്പിക്കുകയും ചെയ്തു. റോമിൽ സൂര്യാരാധന വിശേഷാൽ ശക്തമായിരുന്ന കാലത്താണ് ക്രിസ്തുമസ്സ് ഉത്ഭവിച്ചത്.”
മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും സൈക്ലോപീഡിയ പറയുന്നു: “ദൈവകൽപ്പന അനുസരിച്ചുള്ളതല്ല ക്രിസ്തുമസ്സിന്റെ ആഘോഷം, അതിന്റെ ഉത്ഭവം പുതിയനിയമത്തിൽ അടിസ്ഥാനപ്പെട്ടതുമല്ല. ക്രിസ്തു ജനിച്ച ദിവസം ഏതാണെന്ന് പുതിയ നിയമത്തിൽ നിന്നോ മറ്റേതെങ്കിലും ഉറവിൽ നിന്നോ കൃത്യമായി തിട്ടപ്പെടുത്തുക സാധ്യമല്ല.”
“വെറും വഞ്ചന”
മുകളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളുടെ വീക്ഷണത്തിൽ സത്യ ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആചാരങ്ങളിൽ പങ്കെടുക്കണമോ? തന്റെ ആരാധനയെ പുറജാതീയ വിശ്വാസങ്ങളും ആചാരങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്നത് ദൈവത്തിനു പ്രസാദകരമായിരിക്കുമോ? അപ്പൊസ്തലനായ പൗലൊസ് കൊലൊസ്സ്യർ 2:8-ൽ ഈ മുന്നറിയിപ്പു നൽകി: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”
അപ്പൊസ്തലൻ ഇങ്ങനെയും എഴുതി: “നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മിൽ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി [സാത്താനുമായി] എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?”—2 കൊരിന്ത്യർ 6:14, 15, പി.ഒ.സി. ബൈബിൾ.
തർക്കമറ്റ ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ യഹോവയുടെ സാക്ഷികൾ ക്രിസ്തുമസ്സ് ആഘോഷങ്ങളിൽനിന്നു വിട്ടുനിൽക്കുന്നു. തിരുവെഴുത്തുകൾക്കു ചേർച്ചയിൽ, ‘ലോകത്താലുള്ള കളങ്കം പററാതെ’ സ്വയം സൂക്ഷിച്ചുകൊണ്ട് “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി” മുറുകെ പിടിക്കുന്നവർ ആയിരിക്കാൻ അവർ പരിശ്രമിക്കുന്നു.—യാക്കോബ് 1:27. (g02 12/08)
[അടിക്കുറിപ്പുകൾ]
a ഇംഗ്ലണ്ടിലെ പ്യൂരിറ്റന്മാർ 1628-ൽ സ്ഥാപിച്ച മസാച്ചുസെറ്റ്സ് ബേ കോളനി ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും വലുതും വിജയപ്രദവുമായ കോളനി ആയിരുന്നു.
[26-ാം പേജിലെ ആകർഷക വാക്യം]
ഇംഗ്ലണ്ടിലെ പാർലമെന്റ് 1652-ൽ ക്രിസ്തുമസ്സ് നിരോധിച്ചു
[27-ാം പേജിലെ ആകർഷക വാക്യം]
“ക്രിസ്തുമസ്സ് വാസ്തവത്തിൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു”
—ഹെൻട്രി വാർഡ് ബീച്ചർ, അമേരിക്കൻ ഉപദേശി
[27-ാം പേജിലെ ചിത്രം]
മിത്രാസിന്റെയും സൂര്യദേവന്റെയും (ചിത്രത്തിലെ കൊത്തുപണിയിൽ കാണിച്ചിരിക്കുന്നു) പുറജാതീയ ഭക്തന്മാർ ഡിസംബർ 25 ആഘോഷിച്ചിരുന്നു
[കടപ്പാട്]
Musée du Louvre, Paris