സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നുവോ?
സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നുവോ?
“ഒരു ചുഴലിക്കാറ്റിൻ മധ്യേ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതു പോലുള്ള ഒരു വിപത്തിൻ മധ്യേ . . . ജീവിക്കുന്ന പ്രതീതിയാണ് നമുക്കിന്ന്.”—“ലാ റേപ്പൂബ്ലിക്കാ” ദിനപ്പത്രം, റോം, ഇറ്റലി.
കഴിഞ്ഞ വർഷം ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി.സി.-യിലും ഉണ്ടായ ഭീകര ആക്രമണങ്ങൾക്കു ശേഷം മനുഷ്യവർഗത്തിന്റെ ഭാവിയെ കുറിച്ച് കൂടുതൽ പേർ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. കത്തിയമരുന്ന ഇരട്ട ഗോപുരങ്ങളുടെയും പരിഭ്രാന്തരായ അതിജീവകരുടെയും ചിത്രങ്ങൾ ടെലിവിഷനിൽ വീണ്ടും വീണ്ടും പ്രക്ഷേപണം ചെയ്യപ്പെട്ടു. ആ ദൃശ്യങ്ങൾ ഗോളമാസകലമുള്ള ആളുകളെ ദുഃഖത്തിലാഴ്ത്തി. എന്നാൽ അതോടൊപ്പം, ലോകം എങ്ങനെയോ ചരിത്രപ്രധാനമായ ഒരു മാറ്റത്തിനു വിധേയമായിരിക്കുന്നു എന്ന തോന്നലും ഉടലെടുത്തു. അതു വാസ്തവത്തിൽ സത്യമാണോ?
രണ്ടായിരത്തൊന്ന് സെപ്റ്റംബർ 11-ന് അരങ്ങേറിയ സംഭവങ്ങളുടെ പ്രത്യാഘാതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പെട്ടെന്നുതന്നെ, മുമ്പ് ശത്രുതയിൽ ആയിരുന്ന രാഷ്ട്രങ്ങൾ പോലും ഭീകരപ്രവർത്തനം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിൽ ഒന്നുചേർന്നു. തുടർന്നുണ്ടായ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്ക് വളരെ വലുതാണ്. എന്നാൽ ലോകമെങ്ങുമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായ ഒരു മാറ്റം സുരക്ഷിതത്വബോധത്തിന്റെ നഷ്ടമായിരുന്നിരിക്കാം. ആരും എവിടെയും യഥാർഥത്തിൽ സുരക്ഷിതരല്ല എന്ന തോന്നലിനു ശക്തിയേറി.
ലോകനേതാക്കന്മാരുടെ മുന്നിൽ വളരെ വലിയ പ്രശ്നങ്ങളാണ് ഉള്ളത്. ഭീകരപ്രവർത്തനത്തിനു തിരികൊളുത്തുന്ന ദാരിദ്ര്യത്തെയും മതഭ്രാന്തിനെയും നിർമാർജനം ചെയ്യേണ്ടത് എങ്ങനെയെന്ന് ആർക്കും ഒരു എത്തുംപിടിയും ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഭീകരപ്രവർത്തനം കാട്ടുതീ കണക്കെ പടരുന്നത് തടയാനാകുമോ എന്ന കാര്യത്തിൽ പത്രപ്രവർത്തകരും വാർത്താപ്രക്ഷേപകരും ആശങ്ക പ്രകടിപ്പിക്കുന്നു. അനീതി സമസ്തവ്യാപകം ആയിത്തീർന്നിരിക്കുന്നതിനാൽ ലോകരംഗത്ത് ഏതു നിമിഷവും ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകാമെന്ന അവസ്ഥയാണ് ഇപ്പോൾ. സമൂഹത്തിലെ തിന്മകൾ എപ്പോഴെങ്കിലും തുടച്ചുനീക്കപ്പെടുമോ എന്ന് സകല മനുഷ്യരും ചിന്തിക്കുന്നു. യുദ്ധം—അത് ഉളവാക്കുന്ന കഷ്ടപ്പാടും മരണവും വിനാശവും ഉൾപ്പെടെ—എന്നെങ്കിലും അവസാനിക്കുമോ?
ദശലക്ഷക്കണക്കിന് ആളുകൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി സംഘടിത മതത്തിലേക്കു തിരിയുന്നു. എന്നാൽ മറ്റു ചിലർ അങ്ങനെ ചെയ്യാൻ മടിയുള്ളവരാണ്. നിങ്ങളെ സംബന്ധിച്ചെന്ത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മതനേതാക്കന്മാർക്കു കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തങ്ങളുടെ പ്രാർഥനകളിലൂടെ സമാധാനം കൊണ്ടുവരാൻ അവർക്കു യഥാർഥത്തിൽ കഴിയുമോ? (g02 10/22)