ബാമക്കോയിലെ വസ്ത്രം തല്ലുകാർ
ബാമക്കോയിലെ വസ്ത്രം തല്ലുകാർ
പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമാണു ബാമക്കോ. ദിവസം മുഴുവനും അവിടെ ഒരേ താളത്തിലുള്ള ഒരു കൊട്ടു കേൾക്കാം. എന്നാൽ ചെണ്ടകൊട്ടുന്നതു പോലുള്ള ഈ ശബ്ദം പുറപ്പെടുവിക്കുന്നതു വാദ്യക്കാരല്ല. വസ്ത്രം തല്ലുകാരുടെ ചെറിയ കുടിലുകളിൽനിന്നാണ് അതു കേൾക്കുന്നത്. വസ്ത്രം തല്ലുകയോ, അതെന്തിനാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത.
അസാധാരണമായ ഒരു വസ്ത്രനിർമാണ പ്രക്രിയയിലെ അവസാന പടിയായാണ് വസ്ത്രം തല്ലുന്നത്. ആദ്യം ഒരു കഷണം വെള്ള തുണിയോ ഏതെങ്കിലും വസ്ത്രമോ എടുത്ത് അതിൽ വ്യത്യസ്ത നിറങ്ങളിലും മാതൃകകളിലും ചായം മുക്കുന്നു. പിന്നെ കപ്പക്കിഴങ്ങ് പൊടിച്ചതുകൊണ്ട് ഉണ്ടാക്കുന്ന കൊഴുത്ത ഒരു ദ്രാവകത്തിലോ വിവിധ പശമരങ്ങളുടെ കറയിലോ അതു മുക്കുന്നു. ഇത് വെയിലത്തിട്ട് ഉണക്കുന്നതോടെ തുണി വടിപോലെ ആയിത്തീരും. ഇപ്പോൾ അവസാനത്തെ പടിക്കായി അത് വസ്ത്രം തല്ലുകാരുടെ അടുത്തേക്കു വിടുന്നു.
കട്ടിയുള്ള ആ തുണിയിലെ ചുളിവുകൾ അടിച്ചടിച്ചു നിവർക്കുക എന്നതാണു വസ്ത്രം തല്ലുകാരുടെ മുഖ്യ ജോലി. സാധാരണമായി കൊച്ചു കുടിലുകളിൽ വെണ്ണമരത്തിന്റെ ഒരു തടിക്ക് അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുന്ന രണ്ടു ചെറുപ്പക്കാരെ കാണാം. അവർ വസ്ത്രത്തിൽ അൽപ്പം മെഴുകു പുരട്ടിയ ശേഷം അത് തടിയിൽ നിവർത്തിയിടുന്നു. പിന്നെ, വെണ്ണമരത്തിന്റെ തടികൊണ്ടുതന്നെ ഉണ്ടാക്കുന്ന വലിയ കൊട്ടുവടികൾ ഉപയോഗിച്ച് അവർ വസ്ത്രത്തിൽ മാറിമാറി അടിക്കുന്നു. ഒരാൾ അടിക്കാൻ വിട്ടുപോകുന്ന ഭാഗത്ത് വളരെ കൃത്യമായി മറ്റെയാൾ അടിക്കുന്നു.
എന്തിനാണ് ഇത്ര പാടുപെടുന്നത്, ഒരു ഇസ്തിരിപ്പെട്ടി ഉപയോഗിക്കേണ്ട കാര്യമല്ലേ ഉള്ളൂ? അല്ല. ഒരു സംഗതി ഇസ്തിരിപ്പെട്ടിയുടെ ചൂട് തുണിയുടെ നിറം പെട്ടെന്നു മങ്ങാൻ ഇടയാക്കും എന്നതാണ്. മാത്രമല്ല, വസ്ത്രം തല്ലുകവഴി തുണിക്കു കിട്ടുന്ന ഉജ്ജ്വല നിറങ്ങൾ നൽകാൻ ഇസ്തിരിപ്പെട്ടിക്കു കഴിയില്ല. കൊട്ടുവടി കൊണ്ട് ഓരോ പ്രാവശ്യം അടിക്കുമ്പോഴും നിറത്തിന്റെ മാറ്റു കൂട്ടുന്ന ഒരു തിളക്കം തുണിക്കു ലഭിക്കുന്നു. നന്നായി അടിച്ചു കഴിഞ്ഞ തുണി കണ്ടാൽ അതിൽ അപ്പോൾ ചായം പുരട്ടിയതേ ഉള്ളുവെന്നു തോന്നും.
അതുകൊണ്ട് നിങ്ങൾ ഈ നഗരത്തിന്റെ തെരുവുകളിലൂടെ നടക്കാൻ ഇടയായാൽ ചെണ്ടയടിപോലെ തോന്നിക്കുന്ന താളാത്മകമായ കൊട്ട് കേൾക്കുമ്പോൾ ചുറ്റുമുള്ള കുടിലുകളിലേക്ക് ഒന്നു നോക്കുക. അത് ചെണ്ടകളിൽനിന്ന് ഉതിരുന്ന ശബ്ദമേ ആയിരിക്കില്ല; ബാമക്കോയിലെ വസ്ത്രം തല്ലുകാർ ഉണ്ടാക്കുന്ന ശബ്ദമായിരിക്കാം. (g02 9/22)