ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദുരന്തത്തിന്മധ്യേ ധൈര്യം “ദുരന്തമുഖത്തും ധൈര്യത്തോടെ—ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ ദിനം” (ഫെബ്രുവരി 8, 2002) എന്ന ആമുഖ ലേഖനപരമ്പരയ്ക്കു നന്ദി. ഈ ലേഖനങ്ങൾ എന്നെ ആഴത്തിൽ സ്പർശിച്ചു. കാലവും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളും നമ്മിൽ ആരെ വേണമെങ്കിലും ബാധിക്കാം എന്നു തിരിച്ചറിയാൻ അത് എന്നെ സഹായിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട അനേകരെ കുറിച്ച് ഓർത്ത് ഞാൻ ദുഃഖിക്കുന്നു.
എസ്.ബി.ആർ., ഡെൻമാർക്ക് (g02 8/22)
“ടാറ്റ്യാനയുടെ പ്രാർഥന” പ്രസിദ്ധീകരിച്ചതിന് നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലേഖനങ്ങൾ വായിച്ചപ്പോൾത്തന്നെ ഞാൻ കരയുകയായിരുന്നു. എന്നാൽ ഈ ചതുരം വായിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഭീകരരുടെ ആക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കായി ഞാൻ പ്രാർഥിക്കുന്നു. അങ്ങനെയാകുമ്പോൾ പുതിയ ഭൂമിയിൽ അവർക്കു വീണ്ടും തങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിയുമല്ലോ. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ എനിക്കുള്ള ശോഭനമായ ഭാവി പ്രത്യാശയെ കൂടുതൽ വിലമതിക്കാനും ഈ ലേഖനം എന്നെ സഹായിച്ചു.
ടി. എ., ജപ്പാൻ (g02 8/22)
ഞങ്ങൾ ജീവിക്കുന്നത് ജർമനിയിൽ ആണെങ്കിലും സെപ്റ്റംബർ 11-ന് നടന്ന സംഭവങ്ങൾ ഞങ്ങളുടെ കുടുംബത്തെ വല്ലാതെ നടുക്കിക്കളഞ്ഞു. മൂന്നു മാസങ്ങൾക്കു ശേഷവും ഒമ്പതു വയസ്സുള്ള എന്റെ മകൾ, ഉയർന്ന ഒരു കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചു കയറുന്നതിന്റെ ചിത്രങ്ങൾ വരയ്ക്കുന്നതു നിറുത്തിയിരുന്നില്ല. ഇത്തരം ദുരന്തങ്ങൾ മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത സമയത്തിനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു.
ഇ. ജി., ജർമനി (g02 8/22)
ന്യൂയോർക്കിൽ നടന്ന സംഭവങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ അതിജീവകരെ ശക്തീകരിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു പ്രത്യാശ പകരാനും ഞാൻ യഹോവയോടു പ്രാർഥിച്ചു. ഈ ലേഖനങ്ങൾ വായിച്ചപ്പോൾ എന്റെയും മറ്റു പലരുടെയും പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചതായി ഞാൻ മനസ്സിലാക്കി. ഏതു സമയത്തു വേണമെങ്കിലും ദുരന്തം ഉണ്ടായേക്കാം എന്ന അറിവ് എന്റെ ജീവിതത്തെ പുനഃപരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു.
എം. വി., ഇറ്റലി (g02 8/22)
നടന്ന സംഭവങ്ങൾ വ്യക്തിപരമായി അനുഭവിച്ചവരുടെ പ്രസ്താവനകൾ ഞങ്ങൾ പ്രത്യേകിച്ചും വിലമതിക്കുന്നു. അതിജീവകരുടെ വാക്കുകൾ വായിച്ചപ്പോൾ കരഞ്ഞുപോയി. ദുരന്തത്താൽ ബാധിക്കപ്പെട്ടിട്ടുള്ള സകലരെയും സഹായിക്കാനും ഉണരുക!യിലൂടെ അവർക്ക് ആശ്വാസം പകരാനും ഞങ്ങൾ യഹോവയോടു പ്രാർഥിക്കുന്നു. നമ്മുടെ ജീവിതരീതിയെയും മുൻഗണനകളെയും കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ യുവപ്രായക്കാരായ ഞങ്ങൾക്കു പ്രോത്സാഹനമേകി. ഈ മാസിക പ്രസിദ്ധീകരിക്കുന്നതു നിങ്ങൾ ഒരിക്കലും നിറുത്തിക്കളയില്ല എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.
ടി. എം. & എ. പി., സ്ലോവേനിയ (g02 8/22)
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന 14 വയസ്സുള്ള ഒരു വിദ്യാർഥിനി ആണു ഞാൻ. ഈ ലേഖനങ്ങൾ വായിച്ചപ്പോൾ ആ സംഭവത്തിന്റെ ഭയാനകത മനസ്സിലാക്കാൻ എനിക്കു സാധിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ചിലർ സ്വന്തം ജീവൻ ബലികഴിക്കുക പോലും ചെയ്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. പല അഗ്നിശമന പ്രവർത്തകർ മരിച്ചെന്ന് ഞാൻ വാർത്തയിൽ കേട്ടിരുന്നു. എന്നാൽ അത് എന്റെ ഹൃദയത്തെ അത്രയ്ക്കു സ്പർശിച്ചിരുന്നില്ല. “ടാറ്റ്യാനയുടെ പ്രാർഥന” എന്ന ചതുരം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. രണ്ടു വർഷം മുമ്പ് രോഗം വന്ന് എന്റെ പിതാവ് മരിച്ചു. ‘ടാറ്റ്യാനയെ പോലെ, എന്റെ കാര്യത്തിൽ പുതിയ ലോകം ശരിക്കുമൊരു യാഥാർഥ്യമാണോ?’ എന്നു ചിന്തിക്കാൻ ആ ചതുരം എന്നെ പ്രേരിപ്പിച്ചു. ഈ മാസിക സ്കൂളിലെ എന്റെ അധ്യാപകർക്കും പല സുഹൃത്തുക്കൾക്കും കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി, വിശിഷ്ടമായ ഈ മാസിക തുടർന്നും പ്രസിദ്ധീകരിക്കുക!
എച്ച്. ടി., ജപ്പാൻ (g02 8/22)
പുതിയ ഡിസൈൻ 1978-ൽ ഞാൻ ആദ്യമായി ഉണരുക! വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ അത് കാഴ്ചയ്ക്ക് എത്രമാത്രം മെച്ചപ്പെട്ടിരിക്കുന്നു എന്നു കാണുന്നത് സന്തോഷകരമാണ്. 2002 ഫെബ്രുവരി 8 ലക്കം ശരിക്കും എന്നെ വളരെ ആകർഷിച്ചു. ലേഖനങ്ങളുടെ ശീർഷകങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ഉള്ളവയാണ്, ചിത്രങ്ങൾ മനോഹരവും. അവയുടെ ക്രമീകരണരീതി വായന കൂടുതൽ ആസ്വാദ്യമാക്കുന്നു. മാസികയുടെ ഈ പുതിയ മുഖച്ഛായ ആത്മാർഥ ഹൃദയരായ കൂടുതൽ ആളുകളെ യഹോവയിലേക്ക് ആകർഷിക്കുന്നതിനു സഹായകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വി.പി.എൽ., ബ്രസീൽ (g02 8/22)