“അത്യുത്തമ പ്രകാശം”
“അത്യുത്തമ പ്രകാശം”
കുറച്ചുനേരമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു വൈദ്യുത ബൾബ് നിങ്ങൾ എപ്പോഴെങ്കിലും തൊട്ടു നോക്കിയിട്ടുണ്ടോ? എങ്കിൽ അതിനു നല്ല ചൂട് ഉണ്ടായിരുന്നെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പാഴായിപ്പോകുന്ന ഊർജമാണു താപമായി മാറുന്നത്. ഒരു സാധാരണ ബൾബിന്റെ ഊർജത്തിൽ 10 ശതമാനം മാത്രമാണു പ്രകാശം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്നത്. ബാക്കി 90 ശതമാനം താപത്തിന്റെ രൂപത്തിൽ നഷ്ടമാകുന്നു. എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി മിന്നാമിനുങ്ങ് എന്ന കൊച്ചു പ്രാണി, (മുകളിൽ വലുതാക്കി കാണിച്ചിരിക്കുന്നു) പ്രകാശം ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഏതാണ്ട് 100 ശതമാനം കാര്യക്ഷമത പ്രകടമാക്കുന്നു.
മിന്നാമിനുങ്ങുകൾ താപത്തിന്റെ രൂപത്തിൽ ഊർജം പാഴാക്കുന്നില്ലെന്നുതന്നെ പറയാം. അതുകൊണ്ട് അവ ഉത്പാദിപ്പിക്കുന്ന പ്രകാശത്തെ “അത്യുത്തമ പ്രകാശം” എന്നു വിളിച്ചിരിക്കുന്നു. ഇത് എങ്ങനെയാണു സാധ്യമാകുന്നത്? മിന്നാമിനുങ്ങിന്റെ ഉദരത്തിൽ ലൂസിഫെറിൻ എന്നറിയപ്പെടുന്ന ഒരു ജൈവ പദാർഥം ഉണ്ട്. ഉദര ശ്വാസനാളി എന്നറിയപ്പെടുന്ന ഒരു കുഴലിലൂടെ ഉദരത്തിൽ എത്തുന്ന ഓക്സിജൻ ലൂസിഫെറിനുമായി കലരുന്നു. തുടർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി ഇളം മഞ്ഞ നിറത്തിലോ ചുവപ്പു കലർന്ന പച്ച നിറത്തിലോ ഉള്ള വെളിച്ചം ഉത്പാദിപ്പിക്കപ്പെടുന്നു.
മിന്നാമിനുങ്ങിന്റെ, പ്രകാശം ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ യൂറിക്ക് ആസിഡ് പരലുകളും ഉണ്ട്. പ്രാണിയുടെ ഉദരത്തിൽനിന്നുള്ള പ്രകാശം ദൂരേക്ക് പ്രതിഫലിക്കാൻ അത് ഇടയാക്കുന്നു. മിന്നാമിനുങ്ങുകൾ ഈ പ്രകാശം ഇണയെ ആകർഷിക്കാൻ ഉപയോഗിക്കുന്നുവെന്നും ഓരോ സ്പീഷീസും പുറപ്പെടുവിക്കുന്ന പ്രകാശം ഓരോ തരത്തിലാണു മിന്നുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഈ കൊച്ചു ജീവികൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിധം അവയുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? അതേ, സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചതുപോലെ, “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ.”—സങ്കീർത്തനം 150:6. (g02 9/22)
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Darwin Dale/Photo Researchers, Inc.