ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ജോലി കിട്ടാനായി കള്ളം പറയുന്നു
“ജോലിക്കായി അപേക്ഷിക്കുമ്പോൾ നാലിലൊന്നു പേർ കള്ളം പറയുന്നു” എന്ന് ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൺട്രോൾ റിസ്ക്സ് ഗ്രൂപ്പ് എന്ന ഒരു സുരക്ഷാ കമ്പനി, 12 മാസമെടുത്ത് സാമ്പത്തിക സേവന രംഗത്തും വിവര സാങ്കേതികവിദ്യാ രംഗത്തും ഉള്ള 10,435 ഉദ്യോഗാർഥികളെ കുറിച്ച് അന്വേഷണം നടത്തുകയുണ്ടായി. ഫലമോ? “എല്ലാ തസ്തികകളിലും അവർക്കു കള്ളത്തരം കണ്ടെത്താൻ കഴിഞ്ഞു” എന്ന് പത്രം പ്രസ്താവിക്കുന്നു. “അപേക്ഷകളുടെ 34 ശതമാനത്തോളം തൊഴിൽ പരിചയവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ഉൾക്കൊള്ളുന്നവയായിരുന്നെങ്കിൽ, 32 ശതമാനത്തിൽ വിദ്യാഭ്യാസ യോഗ്യതകൾ ഊതിപ്പെരുപ്പിച്ചോ തെറ്റിച്ചോ കാണിച്ചിരുന്നു. മൊത്തം 19 ശതമാനം പേർ സാമ്പത്തിക സ്ഥിതി സംബന്ധിച്ച മോശമായ ഒരു രേഖയോ കടം വീട്ടാൻ കഴിയാതെ പാപ്പരായിത്തീർന്ന ചരിത്രമോ മൂടിവെക്കാൻ ശ്രമിച്ചു. തിരിച്ചറിയിക്കൽ സംബന്ധിച്ച വിശദാംശങ്ങൾ എഴുതാതെ വിട്ടുകളഞ്ഞവരാണ് 11 ശതമാനം പേർ.” മുമ്പ് വിദേശത്തായിരുന്നവർ തങ്ങളുടെ മുൻകാല സാമ്പത്തിക സ്ഥിതിയെ കുറിച്ചു കളവു പറയാൻ കൂടുതൽ ചായ്വു കാട്ടി. കള്ളി വെളിച്ചത്താവില്ല എന്ന് അവർ കരുതിയിട്ടുണ്ടാകും. “കളവു പറയാൻ സ്ത്രീകളെക്കാൾ വളരെയേറെ പ്രവണത കാണിച്ചത്” പുരുഷന്മാരായിരുന്നു. റിക്രൂട്ട്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കോൺഫെഡെറേഷനിലെ റ്റിം നിക്കോൾസൺ പഠന ഫലങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “ജോലിക്ക് ആളെ നിയമിക്കുന്നവർ, ഒരു കടലാസു കഷണത്തിൽ എഴുതിയിരിക്കുന്നത് അപ്പാടെ വിശ്വസിക്കുന്നെങ്കിൽ അവർ തങ്ങളുടെ ജോലി ശരിയായി ചെയ്തിട്ടില്ല.”(g02 7/22)
എണ്ണ പ്രിയരായ ആനകൾ
വടക്കുകിഴക്കൻ ഇന്ത്യയിലെ ഡിഗ്ബോയിയിലുള്ള ആനകൾക്ക് എണ്ണയോട് ഒരു പ്രത്യേക കമ്പമാണ്. “എണ്ണപ്പാടങ്ങളിലൂടെ യഥേഷ്ടം ചുറ്റിയടിക്കുന്ന ആനകൾ, പലപ്പോഴും എണ്ണക്കിണറുകളെ ശുദ്ധീകരണശാലയുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനുകളിലെ പ്രധാനപ്പെട്ട വാൽവുകൾ തുറന്നുവിടുന്നു” എന്ന് ഓയിൽ ഇൻഡ്യ ലിമിറ്റഡിൽ പ്രവർത്തിക്കുന്ന ഒരു മുതിർന്ന എൻജിനീയറായ രാമൻ ചക്രവർത്തി പറയുന്നു. “വാൽവ് തുറക്കുമ്പോഴുള്ള ശബ്ദം ആനകൾക്കു വലിയ ഇഷ്ടമാണെന്നു തോന്നുന്നു. അസംസ്കൃത പെട്രോളിയം പാരഫിൻ ആയി മാറുന്നതു തടയുന്നതിന് ഉപയോഗിക്കുന്ന ആവിയെ നിയന്ത്രിക്കുന്ന വാൽവ് ആണെങ്കിൽ പ്രത്യേകിച്ചും.” എണ്ണ പുറത്തേക്കു ചീറ്റുമ്പോഴുള്ള “വൂഷ് ശബ്ദം” ആനകൾ ആസ്വദിക്കുന്നതിനു പുറമേ, “അസംസ്കൃത എണ്ണയോടൊപ്പം കിനിയുന്ന ചെളിയും വെള്ളവും” അവയെ എണ്ണക്കിണറുകളിലേക്ക് ആകർഷിക്കുന്നതായി കാണുന്നു എന്ന് ഇൻഡ്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ടു ചെയ്യുന്നു. “ഉപ്പുരസം കലർന്നതാണ് വെള്ളം. അത് ആനകൾക്ക് ഇഷ്ടവുമാണ്.” വാസ്തവത്തിൽ, അവിടത്തെ എണ്ണയുടെ കണ്ടുപിടിത്തത്തിലേക്കു നയിച്ചതുതന്നെ ഒരു ആനയായിരുന്നു എന്നുള്ളതാണ് രസകരമായ സംഗതി. ആ പ്രദേശത്തെ ആദ്യത്തെ റെയിൽവേ ലൈനിന്റെ നിർമാണത്തിന് ആവശ്യമായ പാളങ്ങൾ ചുമന്ന ശേഷം താവളത്തിൽ മടങ്ങിയെത്തിയ ആനയുടെ കാലുകളിൽ എണ്ണപോലുള്ള ഒരു പദാർഥം പറ്റിപ്പിടിച്ചിരിക്കുന്നതായി ബ്രിട്ടീഷ് ഓഫീസർമാർ ശ്രദ്ധിച്ചു. ആനയുടെ കാൽപ്പാടുകൾ പിന്തുടർന്നുപോയ അവർ ചെന്നെത്തിയത് എണ്ണ ഊറുന്ന ഒരു കുഴിയുടെ അരികിലാണ്. ഇത് 1889-ൽ ഏഷ്യയിലെ ആദ്യത്തെ എണ്ണക്കിണർ തുറക്കുന്നതിലേക്കു നയിച്ചു. (g02 7/22)
ശരീരം കുത്തിത്തുളയ്ക്കുന്നതിന്റെ അപകടങ്ങൾ
ആഭരണങ്ങൾ അണിയാൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കുത്തിത്തുളയ്ക്കുന്നത് പ്രത്യേകിച്ചും യുവജനങ്ങൾക്കിടയിൽ വളരെ പ്രചാരംനേടിയ ഒരു ഹരമാണ്. “അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചൊന്നും അവർ അത്ര ചിന്തിക്കാറില്ലെന്നതാണു സങ്കടകരം. യുവജനസഹജമായ മത്സരബുദ്ധിയുടെ കാലഘട്ടം മാറുന്നു. ലോഹക്കഷണങ്ങൾ ഘടിപ്പിച്ച പുരികം ഒരു അലങ്കാരമായി കണക്കാക്കപ്പെടാതാകുന്നു” എന്ന് പോളണ്ടിലെ മാസികയായ ഷ്വിയാറ്റ് കോബ്യെറ്റി പറയുന്നു. ലോഹം നീക്കം ചെയ്താലും വടുക്കൾ അവശേഷിക്കും. മാത്രമല്ല, മുഖചർമം തുളയ്ക്കുന്നത് നാഡികൾക്കും രക്തക്കുഴലുകൾക്കും ക്ഷതമേൽപ്പിക്കുകയും “സ്പർശന ശക്തി നഷ്ടമാകുന്നതിനും സുഖപ്പെടാൻ ദീർഘനാൾ ആവശ്യമായ അണുബാധകളും ക്ഷതങ്ങളും ഉണ്ടാകുന്നതിനും” ഇടയാക്കുകയും ചെയ്യും. വായുടെ “നനവും ഇളംചൂടുമുള്ള ചുറ്റുപാട്” ബാക്ടീരിയയുടെ വളർച്ചയ്ക്കു പറ്റിയതാണ്. അതുകൊണ്ട് അവിടം തുളയ്ക്കുന്നത് പലപ്പോഴും അണുബാധകൾക്കും പല്ലിനു കേടു വരുന്നതിനു പോലും കാരണമാകുന്നു. കൊഴുപ്പു കോശങ്ങൾ ധാരാളമുള്ള പൊക്കിൾ, കാതുകൾ തുടങ്ങിയ ഭാഗങ്ങൾ തുളയ്ക്കുമ്പോൾ കൊഴുപ്പു നിറഞ്ഞ കട്ടിയുള്ള കുരുക്കൾ രൂപം കൊണ്ടെന്നു വരാം. “ലോഹ ആഭരണങ്ങളിൽ മിക്കതിലും നിക്കലിന്റെ ഒരു മിശ്രിതം അടങ്ങിയിട്ടുണ്ട്. ആ ലോഹത്തോട് അലർജിയുള്ളവർ അലർജിയുടേതായ ലക്ഷണങ്ങൾ കാണിച്ചേക്കാം. അതായത് അവരുടെ ശരീരഭാഗങ്ങൾ ചൊറിഞ്ഞു തടിക്കുകയും വീർക്കുകയും മറ്റും ചെയ്തേക്കാം” എന്ന് ആ ലേഖനം മുന്നറിയിപ്പു നൽകുന്നു. (g02 8/08)
ഏഷ്യയിലെ വായു മലിനീകരണ വിപത്ത്
“ഇന്ത്യയിൽ, വായു മലിനീകരണത്തിന്റെ ഫലമായി ഓരോ വർഷവും 40,000-ത്തിലധികം പേർ മരണമടയുന്ന”തായി പരിസ്ഥിതി മാഗസിനായ ഡൗൺ ടു എർത്ത് പ്രസ്താവിക്കുന്നു. ഏഷ്യയിലെ വായു മലിനീകരണം യൂറോപ്പിലും അമേരിക്കയിലും കൂടിയുള്ളതിനെക്കാൾ വളരെ കൂടുതലാണെന്നും സോൾ, ബെയ്ജിങ്, ബാങ്കോക്ക്, ജക്കാർത്ത, മനില എന്നിവിടങ്ങളിൽ ആയിരക്കണക്കിനു പേരുടെ മരണത്തിന് ഇടയാക്കുന്നുവെന്നും വേൾഡ് ബാങ്കും സ്റ്റോക്ക്ഹോം പരിസ്ഥിതി ഇൻസ്റ്റിറ്റ്യൂട്ടും കൂടി നടത്തിയ ഒരു ഗവേഷണം വെളിപ്പെടുത്തി. ഉദാഹരണത്തിന്, മനിലയിൽ ശ്വസനസംബന്ധിയായ രോഗങ്ങൾ പിടിപെട്ട് ഓരോ വർഷവും 4,000-ത്തിലധികം പേരാണ് മരിക്കുന്നത്. വിട്ടുമാറാത്ത, ഗുരുതരമായ ശ്വാസനാളവീക്കം പിടിപെട്ടവരുടെ എണ്ണമാകട്ടെ 90,000-ഉം. ബെയ്ജിങ്ങിലും ജക്കാർത്തയിലും മരണനിരക്ക് അതിലും കൂടുതലാണ്. “ഗുണനിലവാരം കുറഞ്ഞ ഇന്ധനത്തിന്റെ ഉപയോഗം, കാര്യക്ഷമമല്ലാത്ത മാർഗങ്ങൾ ഉപയോഗിച്ചുള്ള ഊർജോത്പാദനം, മോശമായ സ്ഥിതിയിലുള്ള വാഹനങ്ങൾ ഉപയോഗിക്കൽ, ഗതാഗത തിരക്ക്” എന്നിവയൊക്കെയാണു പ്രശ്നത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നതെന്ന് ആ മാഗസിൻ പറയുന്നു. (g02 8/22)