മിമിക്രിക്കാർ വംശനാശ ഭീഷണിയിൽ
മിമിക്രിക്കാർ വംശനാശ ഭീഷണിയിൽ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ഭൂമുഖത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നാണ്” തത്തകൾ എന്ന് യു.എസ്.എ.-യിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ ഡോ. തിമൊത്തി റൈറ്റ് പറയുന്നു. സങ്കടകരമെന്നു പറയട്ടെ, അവയുടെ വർണാഭമായ തൂവലുകളും മനുഷ്യശബ്ദം അനുകരിക്കാനുള്ള ആകർഷകമായ പ്രാപ്തിയും അവയെ വംശനാശത്തിന്റെ അപകടത്തിലേക്കു തള്ളിവിട്ടിരിക്കുന്ന ഘടകങ്ങളാണ്.
രസകരമെന്നു പറയട്ടെ, ഒരു വളർത്തു തത്തയെ കുറിച്ചുള്ള അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ലിഖിത വിവരണം തയ്യാറാക്കിയത് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് വൈദ്യനായിരുന്നു. നീണ്ട വാലുള്ള ആ ചെറിയ ഇനം തത്ത അതിന്റെ സ്വദേശമായ ഇന്ത്യയിലെ ഒരു ഭാഷയിലെ ഏതാനും പദങ്ങൾക്കു പുറമേ ഗ്രീക്ക് പദങ്ങളും പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹം അമ്പരന്നുപോയി.
ഇന്ന് തത്തയുടെ ശബ്ദാനുകരണ പ്രാപ്‌തി, ഓമനിച്ചു വളർത്തുന്ന പക്ഷി എന്ന നിലയിലുള്ള അതിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. അത് അതിനെ അനധികൃതമായി പിടിച്ച് കൂടുതലായി വിറ്റഴിക്കാനും ഇടയാക്കിയിരിക്കുന്നു. അനധികൃത നായാട്ടുകാർ 14 രാജ്യങ്ങളിലെ 21 സ്പീഷീസുകളുടെ 30 ശതമാനം കൂടുകളും 4 സ്പീഷീസുകളുടെ 70 ശതമാനം കൂടുകളും നശിപ്പിച്ചിരിക്കുന്നതായി കഴിഞ്ഞ 20 വർഷത്തെ പഠനങ്ങൾ കാണിക്കുന്നു. ഈ പക്ഷിയുടെ സാവധാനത്തിലുള്ള പ്രജനന നിരക്കും—സാധാരണഗതിയിൽ ഒരു വർഷം ഒരു തവണയേ അവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാറുള്ളൂ—അതിന്റെ സ്വാഭാവിക ആവാസസ്ഥലത്തിന്റെ നാശവും അവയുടെ വില ഉയരാൻ ഇടയാക്കിയിരിക്കുന്നു, തത്തയുടെ എണ്ണം കുറയുന്തോറും അതിന്റെ വില കൂടുന്നു.
ചില സ്പീഷീസുകളുടെ എണ്ണം വളരെ കുറഞ്ഞുപോയിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ അവ നേരിടുന്ന വംശനാശ ഭീഷണി എത്ര ഗുരുതരമാണെന്നു വെളിപ്പെടുത്തുന്നു. ബ്രസീലിൽ ലിയർസ് മാക്കതത്തകളുടെ എണ്ണം 200-ലും കുറവാണെന്നു കണക്കാക്കപ്പെടുന്നു. പോർട്ടോറിക്കൻ തത്തയുടെ കാര്യം അതിനെക്കാൾ കഷ്ടമാണ്. അവയിൽ 50-ൽ താഴെ എണ്ണമേ ഇപ്പോൾ വനത്തിലുള്ളൂ. വന്യപരിസ്ഥിതിയിൽ വംശനാശത്തിന് ഇരയായി എന്ന് കരുതപ്പെടുന്ന സ്‌പിക്‌സസ് മാക്കതത്തയുടെ നിലനിൽപ്പ്, കൂട്ടിലാക്കി പ്രജനനം നടത്തുന്നതിനുള്ള ശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു.
അവ ഈ ഭൂമുഖത്ത് നിലനിൽക്കുന്നിടത്തോളം കാലം, കണ്ണഞ്ചിപ്പിക്കുംവിധം സുന്ദരമായ ഈ പക്ഷികൾ അവയുടെ ഉത്കൃഷ്ടമായ സൗന്ദര്യത്തിലും അത്ഭുതകരമായ പ്രാപ്തികളിലും സ്പഷ്ടമായും ആനന്ദം കണ്ടെത്തുന്ന ഒരു സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്നു. മനുഷ്യന്റെ അത്യാർത്തി തത്തകളെ വംശനാശത്തിൽ കൊണ്ടെത്തിക്കുമോ? കാത്തിരുന്നു കാണാം. ഏതായാലും, ഇപ്പോൾ ഈ മിമിക്രിക്കാർ വംശനാശ ഭീഷണിയിലാണ്. (g02 7/22)
[31-ാം പേജിലെ ചിത്രങ്ങൾ]
പോർട്ടോറിക്കൻ തത്തകൾ
ലിയർസ് മാക്കതത്ത
സ്‌പിക്‌സസ് മാക്കതത്തകൾ
[കടപ്പാട്]
പോർട്ടോറിക്കൻ തത്തകൾ: U.S. Geological Survey/Photo by James W. Wiley; ലിയർസ് മാക്കതത്ത: © Kjell B. Sandved/Visuals Unlimited; സ്‌പിക്‌സസ് മാക്കതത്തകൾ: Progenies of and courtesy of Birds International, Inc.