പോലീസ് നമുക്ക് അവരെ ആവശ്യമുള്ളത് എന്തുകൊണ്ട്?
പോലീസ് നമുക്ക് അവരെ ആവശ്യമുള്ളത് എന്തുകൊണ്ട്?
പോലീസ് ഇല്ലായിരുന്നെങ്കിൽ ജീവിതം എങ്ങനെ ആയിരുന്നേനെ? പത്തു ലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്ന റെസിഫെ എന്ന ബ്രസീലിയൻ നഗരത്തിൽ 18,000 പോലീസ് ഉദ്യോഗസ്ഥർ 1997-ൽ പണിമുടക്കിയപ്പോൾ എന്താണു സംഭവിച്ചതെന്നു നോക്കുക.
“സമുദ്രതീരത്തെ ഈ വൻനഗരത്തിൽ അരാജകത്വം നടമാടിയ അഞ്ചു ദിവസംകൊണ്ട് പ്രതിദിന കൊലപാതകങ്ങളുടെ നിരക്ക് മൂന്ന് ഇരട്ടിയായി വർധിച്ചിരിക്കുന്നു” എന്ന് ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. “എട്ടു ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടു. ഗുണ്ടാസംഘങ്ങൾ ഒരു ഷോപ്പിങ് സെന്റർ തകർക്കുകയും സമുദായത്തിലെ ഉയർന്ന തട്ടിലുള്ളവർ താമസിക്കുന്ന ഇടങ്ങളിൽ വെടിയുതിർത്തുകൊണ്ട് അതിക്രമങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്തു. ആരും ഗതാഗത നിയമങ്ങൾ അനുസരിക്കുന്നില്ല. . . . കുറ്റകൃത്യത്തിലെ ഈ വർധനയുടെ ഫലമായി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയിലേക്കു ജനപ്രവാഹമാണ്, വെടികൊണ്ടവരെയും കുത്തേറ്റവരെയുമൊക്കെ ആശുപത്രി ഇടനാഴികളിൽ നിരത്തി കിടത്തിയിരിക്കുകയാണ്.” അവിടത്തെ നീതിന്യായ വിഭാഗത്തിന്റെ സെക്രട്ടറി ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു: “ഇതു പോലുള്ള നിയമരാഹിത്യം ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല.”
നാം ജീവിക്കുന്നത് എവിടെയായിരുന്നാലും, നാഗരികതയുടെ പുറംപൂച്ചിനടിയിൽ ദുഷ്ടത മറഞ്ഞിരിപ്പുണ്ട്. നമുക്കു പോലീസ് സംരക്ഷണം ആവശ്യമാണ്. പോലീസുകാരുടെ ഇടയിലെ ക്രൂരത, അഴിമതി, നിസ്സംഗത, അധികാര ദുർവിനിയോഗം എന്നിവയെ കുറിച്ചുള്ള റിപ്പോർട്ടുകൾ നമ്മിൽ മിക്കവരും കേട്ടിട്ടുണ്ട്. ഓരോ രാജ്യത്തും ഇങ്ങനെയുള്ള സംഭവങ്ങളുടെ തോതു വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ പോലീസ് ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്തേനെ? അവർ മിക്കപ്പോഴും നമുക്കു വളരെ വിലപ്പെട്ട സേവനങ്ങൾ ചെയ്തുതരുന്നു എന്നതു ശരിയല്ലേ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് അവർ ഈ കർമരംഗം തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ഉണരുക! ചോദിക്കുകയുണ്ടായി.
ഒരു സാമൂഹിക സേവനം
“ജനങ്ങളെ സഹായിക്കുന്നത് എനിക്ക് ഇഷ്ടമാണ്,” ബ്രിട്ടനിലെ പോലീസ് ഉദ്യോഗസ്ഥനായ ഐവൻ പറഞ്ഞു. “ജോലിയുടെ വൈവിധ്യമാണ് എന്നെ ആകർഷിച്ചത്. പോലീസുകാരുടെ ജോലിയുടെ 20 മുതൽ 30 വരെ
ശതമാനം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടുള്ളൂ എന്നതു പൊതുവേ ആളുകൾ മനസ്സിലാക്കാത്ത ഒരു വസ്തുതയാണ്. പല വിധങ്ങളിൽ അത് ഒരു സാമൂഹിക സേവനമാണ്. റോന്തുചുറ്റൽ ഡ്യൂട്ടിയുള്ള ഒരു ദിവസം സാധാരണഗതിയിൽ പെട്ടെന്നുള്ള ഒരു മരണമോ വാഹനാപകടമോ കുറ്റകൃത്യമോ കൈകാര്യം ചെയ്യേണ്ടതായി വരും. അതുപോലെ ആശയക്കുഴപ്പത്തിലായ പ്രായമായ ഒരു വ്യക്തിയെ സഹായിക്കാനും കഴിഞ്ഞേക്കും. കാണാതായ ഒരു കുട്ടിയെ മാതാപിതാക്കൾക്കു തിരിച്ചേൽപ്പിക്കുമ്പോഴും കുറ്റകൃത്യത്തിന് ഇരയായ ഒരു വ്യക്തിയെ വൈകാരിക ഞെട്ടലിനെ തരണം ചെയ്യാൻ സഹായിക്കുമ്പോഴും ഒരു പ്രത്യേക സംതൃപ്തി ലഭിക്കുന്നു.”ഐക്യനാടുകളിലെ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനാണ് സ്റ്റീവൻ. അദ്ദേഹം പറയുന്നു: “ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ആളുകൾ സഹായത്തിനായി നിങ്ങളിലേക്കു നോക്കുമ്പോൾ അവർക്ക് ഏറ്റവും നല്ല സഹായം നൽകാനുള്ള സാഹചര്യവും സമയവും നിങ്ങൾക്കുണ്ട്. അതാണ് ഈ തൊഴിലിലേക്ക് എന്നെ ആകർഷിച്ചത്. ആളുകളെ സഹായിക്കാനും അവരുടെ ഭാരങ്ങൾ ചുമക്കാനും ഞാൻ ആഗ്രഹിച്ചു. ജനങ്ങളെ ഒരളവോളം കുറ്റകൃത്യത്തിൽനിന്നു സംരക്ഷിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അഞ്ചു വർഷത്തിനിടയിൽ 1,000-ത്തിലേറെ പേരെ ഞാൻ അറസ്റ്റു ചെയ്തു. എന്നാൽ കാണാതായ കുട്ടികളെ കണ്ടുപിടിക്കുന്നതും അലഞ്ഞുതിരിയുന്ന അൽസൈമേഴ്സ് രോഗികളെ സഹായിക്കുന്നതും കളവുപോയ വാഹനങ്ങൾ കണ്ടെത്തുന്നതുമൊക്കെ സംതൃപ്തി നൽകി. അതുപോലെ, കുറ്റവാളികളെന്നു സംശയമുള്ളവരെ പിന്തുടർന്നു പിടിക്കുന്നതിന്റെ ആവേശവും ഉണ്ടായിരുന്നു.”
“അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു,” ബൊളീവിയയിലെ ഒരു പോലീസ് ഓഫീസറായ റോബർട്ടോ പറയുന്നു. “ജനങ്ങളെ അപകടത്തിൽനിന്നു സംരക്ഷിക്കുന്നതിനാൽ പോലീസുകാരെ വീരപുരുഷന്മാരായാണ് കുട്ടിക്കാലത്തു ഞാൻ കണ്ടിരുന്നത്. ജോലിയിൽ പ്രവേശിച്ച കാലത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് ഗവൺമെന്റ് ഓഫീസുകളെല്ലാം സ്ഥിതി ചെയ്തിരുന്നിടത്തെ കാൽനട റോന്തുചുറ്റൽ വിഭാഗത്തിന്റെ ചുമതലയായിരുന്നു എനിക്ക്. എല്ലാ ദിവസവുംതന്നെ ഞങ്ങൾക്കു രാഷ്ട്രീയ പ്രകടനങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമായിരുന്നു. കാര്യങ്ങൾ അക്രമാസക്തമാകുന്നതു തടയുക എന്നതായിരുന്നു എന്റെ ജോലി. നേതാക്കന്മാരോടു സൗഹാർദമായി, ന്യായയുക്തതയോടെ പെരുമാറിയാൽ അനേകം ആളുകൾക്കു പരിക്കേൽപ്പിച്ചേക്കാവുന്ന അക്രമങ്ങൾ ഒഴിവാക്കാനാകുമെന്നു ഞാൻ കണ്ടെത്തി. അത് സംതൃപ്തിദായകമായിരുന്നു.”
പോലീസുകാരുടെ സേവനങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. മരത്തിൽ കുടുങ്ങിപ്പോയ ഒരു പൂച്ചയെ രക്ഷിക്കുന്നതു മുതൽ ഭീകരപ്രവർത്തകർ ബന്ദികളാക്കിയവരെ രക്ഷിക്കുന്നതും ബാങ്ക് കൊള്ളക്കാരുമായി ഏറ്റുമുട്ടുന്നതും വരെയുള്ള സാഹചര്യങ്ങളെ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആധുനിക പോലീസ് സേനയുടെ ഉത്ഭവം മുതൽ അവർ പ്രതീക്ഷകളുടെയും ഭയാശങ്കകളുടെയും കേന്ദ്രമായിരുന്നിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യുന്നു. (g02 7/8)
[2, 3 പേജുകളിലെ ചിത്രങ്ങൾ]
2, 3 പേജുകൾ: ചൈനയിലെ ചെങ്ഡൂവിൽ വാഹനഗതാഗതം നിയന്ത്രിക്കുന്നു; ഗ്രീക്ക് കലാപ പോലീസ്; ദക്ഷിണാഫ്രിക്കയിലെ പോലീസ് ഉദ്യോഗസ്ഥർ
[കടപ്പാട്]
Linda Enger/Index Stock Photography
[3-ാം പേജിലെ ചിത്രം]
ബ്രസീലിലെ സാൽവഡോറിൽ പോലീസ് പണിമുടക്കിയപ്പോൾ കൊള്ളയടിക്കപ്പെട്ട ഒരു കട, ജൂലൈ 2001
[കടപ്പാട്]
Manu Dias/Agência A Tarde
[4-ാം പേജിലെ ചിത്രം]
സ്റ്റീവൻ, യു.എസ്.എ.
[4-ാം പേജിലെ ചിത്രം]
റോബർട്ടോ, ബൊളീവിയ