അശ്ലീലവിവരങ്ങളും ചിത്രങ്ങളും—നിർദോഷകരമായ ഒരു നേരമ്പോക്കോ?
ബൈബിളിന്റെ വീക്ഷണം
അശ്ലീലവിവരങ്ങളും ചിത്രങ്ങളും—നിർദോഷകരമായ ഒരു നേരമ്പോക്കോ?
പോംപെയ് നഗരത്തിന്റെ പുരാതന ശൂന്യശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയായിരുന്ന വിക്ടോറിയൻ കാലഘട്ടത്തിലെ പുരാവസ്തു ഗവേഷകർ ഞെട്ടിപ്പോയി. മനോഹരമായ ചുവർച്ചിത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും കൂട്ടത്തിൽ, രതിരംഗങ്ങൾ പച്ചയായി ആവിഷ്കരിക്കുന്ന നിരവധി ഛായാചിത്രങ്ങളും ശിൽപ്പങ്ങളും അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു. ഈ ചിത്രീകരണങ്ങൾ വിക്ഷോഭകരമായിരുന്നതിനാൽ അധികൃതർ അവ രഹസ്യ മ്യൂസിയങ്ങളിൽ സൂക്ഷിച്ചുവെച്ചു. ലൈംഗിക സ്വഭാവമുള്ള ഈ ചിത്രങ്ങളെയും ശിൽപ്പങ്ങളെയും പ്രത്യേകമായി സൂചിപ്പിക്കാൻ അവർ “പോർണോഗ്രഫി” എന്ന ഒരു പുതിയ പദത്തിനു രൂപം നൽകി. “വേശ്യകളെ കുറിച്ചുള്ള വിവരണം” എന്നർഥമുള്ള പോർണെ, ഗ്രാഫോസ് എന്നീ ഗ്രീക്ക് വാക്കുകളിൽനിന്നു വന്നതാണ് ഈ പദം. ഇന്ന് പോർണോഗ്രഫി അഥവാ അശ്ലീലം എന്ന പദത്തെ നിർവചിക്കുന്നത്, ലൈംഗിക ഉത്തേജനം ഉളവാക്കുക എന്ന ലക്ഷ്യത്തിൽ പുസ്തകങ്ങളിലും ചിത്രങ്ങളിലും ശിൽപ്പരൂപങ്ങളിലും സിനിമകളിലുമൊക്കെ അവതരിപ്പിക്കപ്പെടുന്നതായ ത്രസിപ്പിക്കുന്ന രതിക്രീഡകൾ എന്നാണ്.
അശ്ലീലം ഇന്ന് ലോകമെങ്ങും അർബുദം പോലെ പടർന്നുപിടിച്ചിരിക്കുകയാണ്. ആധുനിക സമൂഹത്തിലെ മിക്കവരും അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നതായി കാണപ്പെടുന്നു. ഒരുകാലത്ത് നീലച്ചിത്രങ്ങളിലും ചുവന്ന തെരുവുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന അത് ഇപ്പോൾ പല സമൂഹങ്ങളിലും തികച്ചും സാധാരണമായ ഒരു സംഗതിയായി മാറിയിരിക്കുകയാണ്. ഐക്യനാടുകളിൽ മാത്രം അശ്ലീലം പ്രതിവർഷം 48,000 കോടിയിലധികം രൂപ ഉണ്ടാക്കുന്നുണ്ടത്രേ!
വിരസമായ ദാമ്പത്യത്തെ ഉഷാറാക്കാനുള്ള ഒരു മാർഗമാണ് അശ്ലീലം എന്നു പറഞ്ഞുകൊണ്ട് ചിലർ അതിനെ പിന്താങ്ങുന്നു. ഒരു എഴുത്തുകാരൻ പറഞ്ഞത് ഇങ്ങനെയാണ്: “അത് സങ്കൽപ്പങ്ങൾക്ക് എരിവും പുളിയും പകരുന്നു, ലൈംഗിക സുഖം നേടുന്നതിനു വേണ്ട നിർദേശം നൽകുന്നു.” ലൈംഗിക കാര്യങ്ങൾ മൂടിവെക്കാതിരിക്കാൻ അതു പ്രോത്സാഹിപ്പിക്കുന്നു എന്നാണു മറ്റു ചിലരുടെ പക്ഷം. “അശ്ലീലം സ്ത്രീകൾക്കു പ്രയോജനം ചെയ്യുന്നു” എന്ന് എഴുത്തുകാരനായ വെൻഡി മക്കെൽറോയ് അവകാശപ്പെടുന്നു.
എന്നാൽ എല്ലാവരും ഇതിനോടു യോജിക്കുന്നില്ല. ദോഷകരമായ ഒട്ടനവധി പരിണതഫലങ്ങൾക്കും മനോഭാവങ്ങൾക്കും അശ്ലീലം മിക്കപ്പോഴും കാരണമായിട്ടുണ്ട്. അശ്ലീലത്തിന് ബലാത്സംഗവും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള മറ്റ് അതിക്രമങ്ങളും ആയി ബന്ധമുണ്ടെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു. തനിക്ക് “അക്രമാസക്തമായ അശ്ലീലത്തോടു വല്ലാത്തൊരു അഭിനിവേശം” ഉണ്ടായിരുന്നതായി കൊലപാതക പരമ്പരതന്നെ നടത്തിയിട്ടുള്ള കുപ്രസിദ്ധ കൊലയാളി ടെഡ് ബൻഡി സമ്മതിക്കുന്നു. അയാൾ പറയുന്നു: “ഈ അവസ്ഥയെ കുറിച്ചു വ്യക്തി ഉടനടി മനസ്സിലാക്കുകയോ തന്റേത് ഗുരുതരമായ ഒരു പ്രശ്നമാണെന്നു തിരിച്ചറിയുകയോ ചെയ്യുന്നില്ല. . . . എന്നാൽ ഈ താത്പര്യം . . . പതുക്കെ അക്രമം ഉൾപ്പെട്ട ലൈംഗിക വിഷയങ്ങളിലേക്കു തിരിയുന്നു. അതു ക്രമേണ സംഭവിക്കുന്ന ഒരു കാര്യമാണെന്നു ഞാൻ തീർത്തു പറയാം, അല്ലാതെ പെട്ടെന്ന് ഒരു ദിവസംകൊണ്ട് ഉണ്ടാകുന്നതല്ല.”
അശ്ലീലം ഇന്നു വ്യാപകമായിരിക്കുന്നതിനാലും ഈ വിഷയം സംബന്ധിച്ച് അസംഖ്യം സംവാദങ്ങൾ നിലവിലുള്ളതിനാലും, ‘ഇതു സംബന്ധിച്ചു് ബൈബിൾ എന്തെങ്കിലും മാർഗനിർദേശം പ്രദാനം ചെയ്യുന്നുണ്ടോ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
ബൈബിൾ ലൈംഗികതയെ കുറിച്ചു തുറന്നു സംസാരിക്കുന്നു
ലൈംഗിക വിഷയങ്ങളെ കുറിച്ച് ബൈബിൾ ലജ്ജ കൂടാതെ തുറന്നു സംസാരിക്കുന്നു. (ആവർത്തനപുസ്തകം 24:5; 1 കൊരിന്ത്യർ 7:3, 4) ശലോമോൻ ഇങ്ങനെ പറഞ്ഞു: “നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. . . . അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ.” (സദൃശവാക്യങ്ങൾ 5:18, 19) ലൈംഗിക ബന്ധങ്ങൾ സംബന്ധിച്ച്, ഏതു പരിധിക്കുള്ളിൽ നിന്നുകൊണ്ട് അത് ആസ്വദിക്കണം എന്നത് ഉൾപ്പെടെ, വളരെ വ്യക്തമായ ബുദ്ധിയുപദേശം നമുക്കു നൽകപ്പെട്ടിരിക്കുന്നു. ദാമ്പത്യ ബന്ധത്തിനു വെളിയിലുള്ള ലൈംഗികതയെ ബൈബിൾ വിലക്കുന്നു, അതുപോലെതന്നെ എല്ലാത്തരം രതിവൈകൃതങ്ങളെയും.—ലേവ്യപുസ്തകം 18:22, 23; 1 കൊരിന്ത്യർ 6:9; ഗലാത്യർ 5:19.
ഈ പരിധികൾക്കുള്ളിൽ പോലും ഒരുവൻ നിയന്ത്രണവും മാന്യതയും പാലിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. (എബ്രായർ 13:4) അശ്ലീലത്തിന്റെ ഉദ്ദേശ്യത്തിനും അതു നൽകുന്ന സന്ദേശത്തിനും കടകവിരുദ്ധമാണ് ഈ ബുദ്ധിയുപദേശം.
അശ്ലീലം ലൈംഗികതയെ വികലമാക്കുന്നു
മാന്യമായ വിവാഹജീവിതത്തിലെ, ഒരു പുരുഷന്റെയും സ്ത്രീയുടെയും ഗാഢമായ സ്നേഹത്തിന്റെ മനോഹരമായ പ്രകടനമെന്ന നിലയിൽ ലൈംഗികതയെ ചിത്രീകരിക്കുന്നതിനു പകരം അശ്ലീലം ലൈംഗിക ബന്ധത്തെ വികലമാക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നു. നിസ്സംഗവും വികൃതവുമായ രതിക്രീഡകൾ, ലഹരി പിടിപ്പിക്കുന്നതും രസം പകരുന്നതുമായി അവതരിപ്പിക്കപ്പെടുന്നു. മറ്റേ വ്യക്തിയുടെ സംതൃപ്തി ഗണ്യമാക്കാതെ സ്വന്തം തൃഷ്ണ ശമിപ്പിക്കുക എന്ന സന്ദേശമാണ് അതു നൽകുന്നത്.
കേവലം ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള ഉപകരണങ്ങൾ ആയിട്ടാണു സ്ത്രീപുരുഷന്മാരും കുട്ടികളും ചിത്രീകരിക്കപ്പെടുന്നത്. “ശരീരാവയവങ്ങളുടെ അനുപാതം നോക്കിയാണു സൗന്ദര്യം അളക്കപ്പെടുന്നത്,” ഒരു റിപ്പോർട്ടു പറയുന്നു. “അത് അവാസ്തവികമായ പ്രതീക്ഷകൾക്കു രൂപം നൽകുന്നു.” “പണമുണ്ടാക്കാനും വിനോദിപ്പിക്കാനും വേണ്ടി വസ്ത്രമുരിഞ്ഞു നഗ്നത പ്രദർശിപ്പിക്കുകയും അവസരങ്ങൾക്കായി സദാ കാത്തുകെട്ടിനിന്നുകൊണ്ടു പുരുഷന്മാരുടെ കാമാർത്തി ശമിപ്പിക്കുന്ന വ്യക്തിത്വമില്ലാത്ത കളിപ്പാട്ടങ്ങളായി വർത്തിക്കുകയും ചെയ്യുന്നവരെന്ന നിലയിൽ സ്ത്രീകളെ വരച്ചുകാട്ടുന്ന രീതി അവർക്കു സമത്വമോ മാന്യതയോ മാനുഷിക മൂല്യമോ നേടിക്കൊടുക്കുകയില്ല” എന്നു മറ്റൊരു റിപ്പോർട്ടു പറയുന്നു.
ഇതിനു വിരുദ്ധമായി, സ്നേഹം “അന്തസ്സില്ലാതെ പെരുമാറുന്നില്ല” എന്നു പൗലൊസ് എഴുതി. അത് “സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5, NW) സ്ത്രീകളെ വെറും ലൈംഗിക സംതൃപ്തി നേടാനുള്ള ഉപകരണങ്ങളായി കണക്കാക്കാതെ, “തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹി”ക്കാനും “അവർക്കു ബഹുമാനം കൊടു”ക്കാനും ബൈബിൾ പുരുഷന്മാരെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 5:28; 1 പത്രൊസ് 3:7) ഒരു വ്യക്തി—പുരുഷനോ സ്ത്രീയോ ആയിക്കൊള്ളട്ടെ—മറ്റുള്ളവരുടെ രതിലീലകളുടെ രംഗങ്ങൾ സ്ഥിരമായി കണ്ടാസ്വദിക്കുന്നെങ്കിൽ അയാൾ അല്ലെങ്കിൽ അവൾ അന്തസ്സോടെയാണു പെരുമാറുന്നതെന്നു യഥാർഥത്തിൽ പറയാൻ കഴിയുമോ? ആ വ്യക്തി വാസ്തവത്തിൽ ആദരവും ബഹുമാനവും പ്രകടമാക്കുകയാണോ ചെയ്യുന്നത്? അശ്ലീലം സ്നേഹത്തിനു പകരം സ്വാർഥ മോഹമാണു നട്ടുവളർത്തുന്നത്.
പരിചിന്തിക്കേണ്ട മറ്റൊരു ഘടകം കൂടെയുണ്ട്. താമസിയാതെ, അനുചിതമായ മറ്റേതൊരു ഉത്തേജനത്തിന്റെയും കാര്യത്തിലെന്ന പോലെ, ആദ്യമൊക്കെ ലൈംഗിക വികാരങ്ങളെ ഉണർത്തിയിരുന്ന സംഗതികൾ പിന്നീട് അതിനു പര്യാപ്തമല്ലാത്തവയായി മാറുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “[അശ്ലീലം സ്ഥിരമായി ആസ്വദിക്കുന്നവർക്ക്] ക്രമേണ കൂടുതൽ കട്ടിയേറിയതും വ്യത്യസ്തവുമായ അശ്ലീല രംഗങ്ങൾ വേണ്ടിവരും . . . അവർ തങ്ങളുടെ പങ്കാളികളെ കൂടുതൽ വികൃതമായ ലൈംഗിക നടപടികൾക്കു നിർബന്ധിച്ചേക്കാം . . . , അത് യഥാർഥ പ്രേമപ്രകടനങ്ങൾ നടത്താനുള്ള അവരുടെതന്നെ പ്രാപ്തിയെ ക്ഷയിപ്പിച്ചേക്കാം.” ഈ പറഞ്ഞതിന്റെ വീക്ഷണത്തിൽ അശ്ലീലം നിരുപദ്രവകരമായ ഒരു നേരമ്പോക്കാണെന്നു തോന്നുന്നുണ്ടോ? എന്നാൽ അശ്ലീലം ഉപേക്ഷിക്കാൻ മറ്റൊരു പ്രധാന കാരണമുണ്ട്.
ബൈബിളും ലൈംഗിക തൃഷ്ണയും
രതിഭാവനകളിൽ മുഴുകുന്നതിൽ തെറ്റോ അപകടമോ ഇല്ലെന്നു പലരും ഇന്നു കരുതുന്നുണ്ടെങ്കിലും ബൈബിൾ അതിനോടു യോജിക്കുന്നില്ല. നാം നമ്മുടെ മനസ്സിൽ നിറയ്ക്കുന്ന കാര്യങ്ങൾക്കും നമ്മുടെ പ്രവൃത്തികൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് അതു വ്യക്തമാക്കുന്നു. “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ യാക്കോബ് 1:14, 15) യേശു പറയുന്നു: “ഒരു സ്ത്രീയോട് ആസക്തി തോന്നത്തക്കവണ്ണം അവളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്ന ഏവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 5:28, NW.
ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു” എന്ന് ക്രിസ്തീയ ശിഷ്യനായ യാക്കോബ് പറയുന്നു. “മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” (യാക്കോബും യേശുവും സൂചിപ്പിച്ചതുപോലെ, മനുഷ്യർ തങ്ങളുടെ ആന്തരിക മോഹങ്ങളുടെ പ്രേരണയ്ക്കൊത്താണു പ്രവർത്തിക്കുന്നത്. ആ മോഹങ്ങളെ ഊട്ടിവളർത്തുമ്പോൾ ക്രമേണ അവ ശക്തമായ ആസക്തികളായി പരിണമിച്ചേക്കാം. ആസക്തികളെ ചെറുക്കാൻ വളരെ പ്രയാസമാണ്, അവ ക്രമേണ ഒരു വ്യക്തിയെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു. അങ്ങനെ, നാം മനസ്സിൽ നിറയ്ക്കുന്ന കാര്യങ്ങൾക്കു നമ്മുടെ പ്രവൃത്തികളുടെ മേൽ ശക്തമായ സ്വാധീനം ചെലുത്താനാകും.
രതിഭാവനകൾ നമ്മുടെ ദൈവാരാധനയെ നേരിട്ടു ബാധിച്ചേക്കാം. അതുകൊണ്ടാണു പൗലൊസ് ഇങ്ങനെ എഴുതിയത്: “പരസംഗം, അശുദ്ധി, ലൈംഗിക തൃഷ്ണ, ദ്രോഹകരമായ മോഹങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിവ സംബന്ധിച്ച് . . . നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”—കൊലൊസ്സ്യർ 3:5, NW.
പൗലൊസ് ഇവിടെ ലൈംഗിക തൃഷ്ണയെ അത്യാഗ്രഹവുമായി, അതായത് സ്വന്തമായി ഇല്ലാത്ത ഒന്നിനോടുള്ള അമിതമായ ആഗ്രഹവുമായി ബന്ധിപ്പിക്കുന്നു. a അത്യാഗ്രഹം ഒരുതരം വിഗ്രഹാരാധന കൂടെയാണ്. എന്തുകൊണ്ട്? അത്യാഗ്രഹമുള്ള ഒരു വ്യക്തി, താൻ ആഗ്രഹിക്കുന്ന സംഗതിയെ ദൈവം ഉൾപ്പെടെ മറ്റെല്ലാത്തിനും ഉപരിയായി പ്രതിഷ്ഠിക്കുന്നു എന്നതുകൊണ്ടുതന്നെ. അശ്ലീലം ഒരു വ്യക്തിയിൽ തനിക്കില്ലാത്ത ഒന്നിനോടുള്ള തൃഷ്ണ ജനിപ്പിക്കുന്നു. ഒരു എഴുത്തുകാരൻ പറയുന്നതു ശ്രദ്ധിക്കുക: “മറ്റൊരാളുടെ ലൈംഗിക ജീവിതത്തെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. . . . നിങ്ങൾക്കില്ലാത്ത ആ സംഗതിയോടുള്ള അടങ്ങാത്ത ദാഹമല്ലാതെ മറ്റൊന്നും നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കുകയില്ല. . . . നമുക്ക് എന്തിനോട് ആസക്തി തോന്നുന്നുവോ അതിനെ നാം ആരാധിക്കുന്നു.”
അശ്ലീലം ദുഷിപ്പിക്കുന്നു
‘നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ ആയത് ഒക്കെയും ചിന്തിച്ചുകൊൾവിൻ’ എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (ഫിലിപ്പിയർ 4:8) അശ്ലീലംകൊണ്ട് തന്റെ കണ്ണുകൾക്കും മനസ്സിനും വിരുന്നൂട്ടുന്ന ഒരുവൻ പൗലൊസിന്റെ ഈ ഉദ്ബോധനം തള്ളിക്കളയുകയാണ്. രണ്ടു വ്യക്തികൾ തമ്മിലുള്ള ഏറ്റവും ഗാഢവും സ്വകാര്യവുമായ പ്രകടനങ്ങളെ മറ്റുള്ളവരുടെ മുമ്പാകെ നിർലജ്ജം പ്രദർശിപ്പിക്കുന്നതിനാൽ അശ്ലീലം ആഭാസമാണ്. അതു നിന്ദ്യവുമാണ്, കാരണം അത് ആളുകളെ തരംതാഴ്ത്തുകയും മനുഷ്യരെന്ന നിലയിലുള്ള അവരുടെ മാന്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആർദ്രതയെയോ പരിഗണനയെയോ പ്രോത്സാഹിപ്പിക്കുന്നില്ലാത്തതിനാൽ അതു സ്നേഹരഹിതമായ ഒരു സംഗതിയാണ്. അശ്ലീലം സ്വാർഥപരമായ തൃഷ്ണയെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ.
അധാർമികവും അധമവുമായ ചെയ്തികളെ പച്ചയായി ആവിഷ്കരിക്കുകവഴി അശ്ലീലം, ‘തിന്മയോട് വെറുപ്പ്’ വളർത്താനുള്ള ഒരു ക്രിസ്ത്യാനിയുടെ ശ്രമങ്ങളെ ദുർബലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. (ആമോസ് 5:15, NW) അതു പാപം ചെയ്യാൻ പ്രോത്സാഹനം നൽകുന്നു. എഫെസ്യർക്ക് പൗലൊസ് നൽകിയ ഈ പ്രോത്സാഹനത്തിനു കടകവിരുദ്ധമാണ് അത്: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ . . . ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു.”—എഫെസ്യർ 5:3, 4.
അശ്ലീലം നിരുപദ്രവകരമാണെന്ന് ഒരു പ്രകാരത്തിലും പറയാൻ കഴിയില്ല. അത് ഒരു വ്യക്തിയെ ചൂഷണം ചെയ്യുകയും ദുഷിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ രീതിയിലൂടെ ലൈംഗിക സംതൃപ്തി നേടുന്നതിനു പകരം, അന്യരുടെ ലൈംഗിക പ്രവൃത്തികൾ കണ്ടു നിർവൃതിയടയാൻ പ്രേരിപ്പിക്കുന്നതിനാൽ അതിനു ബന്ധങ്ങളെ തകർക്കാനാകും. അത് ഒരു വ്യക്തിയുടെ മനസ്സിനെയും ആത്മീയതയെയും വിഷലിപ്തമാക്കുന്നു. അതു സ്വാർഥതയെയും അത്യാഗ്രഹത്തെയും പ്രോത്സാഹിപ്പിക്കുന്നു, മറ്റുള്ളവരെ തങ്ങളുടെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനുള്ള വെറും ഉപകരണങ്ങളായി കാണാൻ അത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. നന്മ ചെയ്യാനും ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് അതു തുരങ്കം വെക്കുന്നു. സർവോപരി, അതിന് ഒരു വ്യക്തിക്ക് ദൈവവുമായുള്ള ആത്മീയ ബന്ധത്തിനു പ്രതിബന്ധം സൃഷ്ടിക്കാനോ അതിനെ നശിപ്പിക്കാൻ പോലുമോ കഴിയും. (എഫെസ്യർ 4:17-19) അതേ, അശ്ലീലം തീർച്ചയായും അകറ്റിനിറുത്തേണ്ട ഒരു ബാധയാണ്.—സദൃശവാക്യങ്ങൾ 4:14, 15. (g02 7/8)
[അടിക്കുറിപ്പ്]
a പൗലൊസ് ഇവിടെ സ്വാഭാവികമായ ലൈംഗിക മോഹത്തെ, സ്വന്തം വിവാഹ ഇണയുമായി സ്വാഭാവികമായ ലൈംഗിക അടുപ്പം ഉണ്ടായിരിക്കാനുള്ള ആഗ്രഹത്തെ, കുറിച്ചു സംസാരിക്കുകയായിരുന്നില്ല.
[20-ാം പേജിലെ ചിത്രം]
അശ്ലീലം എതിർലിംഗത്തിൽ പെട്ടവരെ കുറിച്ചുള്ള ഒരുവന്റെ വീക്ഷണത്തെ വികലമാക്കുന്നു