കൂടെ താമസിക്കുന്ന വ്യക്തിയുമായി എനിക്കെങ്ങനെ ഒത്തുപോകാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
കൂടെ താമസിക്കുന്ന വ്യക്തിയുമായി എനിക്കെങ്ങനെ ഒത്തുപോകാം?
“അടുക്കള വൃത്തിയായിട്ട് ഇടാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ കൂടെ താമസിച്ചിരുന്നവരുടെ രീതി നേരെ വിപരീതമായിരുന്നു. പ്ലേറ്റുകൾ അവിടെയുമിവിടെയും കിടന്നാലോ പാചകം ചെയ്ത പാത്രങ്ങളൊക്കെ അടുപ്പത്തുതന്നെ ഇരുന്നാലോ ഒന്നും അവർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു.”—ലിൻ. a
സഹതാമസക്കാർ. “അവർക്ക് ഉറ്റ മിത്രങ്ങളോ ബദ്ധശത്രുക്കളോ ആയിരിക്കാനാകും” എന്നു ലേഖകനായ കെവിൻ സ്കോലെറി പറയുന്നു. ഇങ്ങനെയൊരു ശക്തമായ അഭിപ്രായം നിങ്ങൾക്കില്ലായിരിക്കാം. എങ്കിലും മറ്റൊരാളോടൊപ്പമുള്ള താമസത്തിന് ഒരു യഥാർഥ വെല്ലുവിളി ആയിരിക്കാനാകും എന്നതിനു സംശയമില്ല. b ഒരുമിച്ചു താമസിക്കുന്നവർക്കിടയിലുള്ള പ്രശ്നങ്ങൾ കോളെജ് വിദ്യാർഥികളുടെ ഇടയിൽ സർവസാധാരണമായതിനാൽ യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നതനുസരിച്ച് പല വിദ്യാലയങ്ങളും സഹതാമസക്കാർ തമ്മിൽ ഒത്തുപോകാൻ സഹായിക്കുന്നതിനായി “പ്രശ്നപരിഹാര പരിപാടികളും” സെമിനാറുകളും സംഘടിപ്പിക്കുന്നത് ഉൾപ്പെടെ “വിപുലമായ ശ്രമങ്ങൾ” ചെയ്യുന്നു.
മുഴുസമയ ശുശ്രൂഷകരായി പ്രവർത്തിക്കുന്നതിനു വീട്ടിൽനിന്നു മാറിത്താമസിക്കുന്ന യുവ ക്രിസ്ത്യാനികളുടെ കാര്യത്തിൽ പോലും മറ്റുള്ളവരുമായി ഒരു മുറിയോ വീടോ പങ്കിടുന്നതു ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിനാലും “പ്രായോഗിക ജ്ഞാനം” പ്രകടമാക്കുന്നതിനാലും പലപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് അറിയുന്നതു പ്രോത്സാഹജനകമാണ്.—സദൃശവാക്യങ്ങൾ 2:7, NW.
പരസ്പരം അടുത്തറിയുക
പുതിയ താമസസ്ഥലത്തേക്കു മാറിയതിന്റെ ഉത്സാഹം കെട്ടടങ്ങുമ്പോൾ, വീട്ടിലായിരിക്കെ ആസ്വദിച്ചിരുന്ന കാര്യങ്ങൾക്കായി നിങ്ങൾ വാഞ്ഛിച്ചേക്കാം. (സംഖ്യാപുസ്തകം 11:4, 5) എന്നാൽ കഴിഞ്ഞകാലത്തെ കുറിച്ച് ഏറെ ചിന്തിക്കുന്നത് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കുകയേ ഉള്ളൂ. സഭാപ്രസംഗി 7:10 ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.” അതേ, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം ആവുന്നത്ര സന്തോഷകരമാക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
ആദ്യംതന്നെ, കൂടെ താമസിക്കുന്ന വ്യക്തിയെ അടുത്തറിയാൻ ശ്രമിക്കുക. സഹതാമസക്കാർ എല്ലായ്പോഴും ഉറ്റ മിത്രങ്ങൾ ആയിരിക്കണമെന്നില്ല. നിങ്ങൾക്കു പ്രത്യേകിച്ചൊരു അടുപ്പം തോന്നുന്ന തരത്തിലുള്ള വ്യക്തിത്വം അല്ലായിരിക്കാം ആ വ്യക്തിയുടേത്. എങ്കിൽപ്പോലും ഒരുമിച്ചു താമസിക്കുമ്പോൾ കഴിയുന്നത്ര സൗഹാർദപരമായ ഒരു ബന്ധം ഉണ്ടായിരിക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്?
ഫിലിപ്പിയർ 2:4 “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്നു പറയുന്നു. ചോദ്യം ചെയ്യുകയാണെന്ന തോന്നൽ ഉളവാക്കാതെതന്നെ കൂടെ താമസിക്കുന്ന വ്യക്തിയുടെ കുടുംബ പശ്ചാത്തലം, താത്പര്യങ്ങൾ, ലക്ഷ്യങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെ കുറിച്ചെല്ലാം ചോദിച്ചു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയില്ലേ? നിങ്ങളെപ്പറ്റിയും സംസാരിക്കുക. പരസ്പരം നിങ്ങൾ എത്ര നന്നായി അറിയുന്നുവോ അത്ര നന്നായി നിങ്ങൾക്ക് അന്യോന്യം മനസ്സിലാക്കാൻ കഴിയും.
ഇടയ്ക്കൊക്കെ ഒരുമിച്ച് എന്തെങ്കിലും ചെയ്യാൻ ആസൂത്രണം ചെയ്യുക. ലീ പറയുന്നു: “ചിലപ്പോൾ ഞങ്ങൾ എല്ലാവരും ഒന്നിച്ചു പുറത്തു പോയി ഭക്ഷണം കഴിക്കുകയോ ഒരു ചിത്രകലാ പ്രദർശനത്തിനോ മറ്റോ പോകുകയോ
ചെയ്യും.” ഒരുമിച്ചു താമസിക്കുന്നവർ ക്രിസ്ത്യാനികൾ ആയിരിക്കുമ്പോൾ സഭായോഗങ്ങൾക്കു തയ്യാറാകുന്നതും പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതും പോലെയുള്ള ആത്മീയ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ഏർപ്പെടുന്നതു സൗഹൃദ ബന്ധം വളർത്തുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ്.ഡേവിഡ് പറയുന്നു: “എന്റെ സഹതാമസക്കാരന് ഒരു പരസ്യപ്രസംഗ നിയമനം ഉള്ളപ്പോൾ അവനെ പ്രോത്സാഹിപ്പിക്കാനായി അന്നു ഞാൻ അവന്റെ സഭയിലെ യോഗത്തിൽ പങ്കെടുക്കുമായിരുന്നു.” സ്പോർട്സിന്റെയും സംഗീതത്തിന്റെയും കാര്യത്തിൽ അവർ ഇരുവരുടെയും അഭിരുചികൾ വ്യത്യസ്തമാണെങ്കിലും ആത്മീയ കാര്യങ്ങളോടുള്ള സ്നേഹം അവർ തമ്മിൽ ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിലേക്കു നയിച്ചിരിക്കുന്നു. “ഞങ്ങൾ ആത്മീയ കാര്യങ്ങളെ കുറിച്ചു വളരെയധികം സംസാരിക്കാറുണ്ട്” എന്നു ഡേവിഡ് പറയുന്നു. “ചിലപ്പോൾ മണിക്കൂറുകളോളം ഞങ്ങൾ അത്തരം വിഷയങ്ങൾ സംസാരിച്ചിരിക്കും.”
എന്നാൽ ഒരു മുന്നറിയിപ്പ്: മറ്റ് ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽനിന്നു നിങ്ങളെ തടയുന്ന അളവോളം കൂടെ താമസിക്കുന്ന വ്യക്തിയുമായി അടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. എവിടെ പോയാലും നിങ്ങളെയും കൂടെ കൊണ്ടുപോകേണ്ടതാണെന്ന് ഒപ്പം താമസിക്കുന്ന വ്യക്തിക്കു തോന്നിയാൽ അത് അവന് അല്ലെങ്കിൽ അവൾക്ക് ആകെയൊരു ശ്വാസംമുട്ടൽ ഉളവാക്കിയേക്കാം. സുഹൃദ്ബന്ധങ്ങളുടെ കാര്യത്തിൽ ‘വിശാലതയുള്ളവരായിരിക്കാൻ’ ആണു ബൈബിൾ ബുദ്ധിയുപദേശിക്കുന്നത്.—2 കൊരിന്ത്യർ 6:13.
സുവർണ നിയമം അനുസരിച്ചു ജീവിക്കൽ
പരസ്പരം അറിയാനിടയാകുമ്പോൾ നിങ്ങളുടെ ശീലങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും വീക്ഷണങ്ങളിലും ഉള്ള വ്യത്യാസങ്ങളെ കുറിച്ചും നിങ്ങൾ മനസ്സിലാക്കും. യുവാവായ മാർക്ക് മുന്നറിയിപ്പു നൽകുന്നതു പോലെ “നിങ്ങൾ അപൂർണതകൾ പ്രതീക്ഷിക്കണം.” വഴക്കമില്ലായ്മയും സ്വാർഥതയും പിരിമുറുക്കത്തിന് ഇടയാക്കും. അതുപോലെ തന്നെയാണ് കൂടെ താമസിക്കുന്ന വ്യക്തി നിങ്ങളുടെ ഇഷ്ടങ്ങൾക്കൊത്തു വലിയ മാറ്റങ്ങൾ വരുത്തണമെന്നു പ്രതീക്ഷിക്കുന്നതും.
മറ്റുള്ളവരോടൊപ്പം താമസിക്കുമ്പോൾ “തന്നെക്കുറിച്ചു മാത്രം ചിന്തിക്കാതെ നിസ്വാർഥനായിരിക്കേണ്ടതുണ്ടെന്ന്” ഫെർണാൻഡോ മനസ്സിലാക്കിയിരിക്കുന്നു. ആ പ്രസ്താവന “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്ന വിഖ്യാതമായ സുവർണ നിയമത്തിനു ചേർച്ചയിലുള്ളതാണ്. (മത്തായി 7:12) ഉദാഹരണത്തിന് ഫെർണാൻഡോ മറ്റൊരു വ്യക്തിയോടൊപ്പം താമസിക്കാൻ തുടങ്ങി ഏറെക്കഴിയുന്നതിനു മുമ്പുതന്നെ ഒരു പ്രശ്നം ഉയർന്നു വന്നു. രാത്രിയിൽ മുറിയിൽ അധികം തണുപ്പുള്ളത് അവന് ഇഷ്ടമില്ലായിരുന്നു. എന്നാൽ കൂടെ താമസിക്കുന്ന വ്യക്തിക്കാണെങ്കിൽ നേരെ മറിച്ചും. എന്തായിരുന്നു പരിഹാരം? ഫെർണാൻഡോ പറയുന്നു: “ഞാൻ ഒരു കമ്പിളി വാങ്ങി.” അതേ, മാർക്ക് പറയുന്നതുപോലെ “വഴക്കമുള്ളവർ” ആയിരിക്കേണ്ടതുണ്ട്. “നിങ്ങളുടെ എല്ലാ ശീലങ്ങളും ഉപേക്ഷിക്കേണ്ടതില്ല, എന്നാൽ ഒന്നുരണ്ടെണ്ണമൊക്കെ മാറ്റേണ്ടതായി വന്നേക്കും.”
സുവർണ നിയമം ബാധകമാക്കാൻ കഴിയുന്ന മറ്റൊരു മണ്ഡലമിതാ: കൂടെ താമസിക്കുന്ന വ്യക്തിയുടെ അഭിരുചികളുമായി പൊരുത്തപ്പെടാൻ പഠിക്കുക. ‘എനിക്ക് അവന്റെ സംഗീതം ഇഷ്ടമല്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. സാധ്യതയനുസരിച്ച് മറ്റേ വ്യക്തിക്ക് നിങ്ങളുടെ സംഗീതത്തെ സംബന്ധിച്ചും അതുതന്നെയായിരിക്കും തോന്നുന്നത്. അതുകൊണ്ട് കൂടെ താമസിക്കുന്ന വ്യക്തിയുടെ സംഗീതാഭിരുചികൾ ധാർമികമായി അധഃപതിപ്പിക്കുന്നതല്ലെങ്കിൽ അവയുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. ഫെർണാൻഡോ പറയുന്നു: “എന്റെ കൂടെ താമസിക്കുന്ന വ്യക്തിയുടെ സംഗീതം എനിക്ക് ഇഷ്ടമല്ല. എന്നാൽ ഞാൻ അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു.” അതുപോലെ കൂടെയുള്ള ആൾ പഠിക്കുകയാണെങ്കിൽ ആ വ്യക്തിയെ ശല്യപ്പെടുത്താതിരിക്കാൻ സംഗീതം ഹെഡ്ഫോൺ ഉപയോഗിച്ചു കേൾക്കാൻ കഴിയും.
സുവർണ നിയമം ബാധകമാക്കുന്നത് സാധനങ്ങളുടെ ഉപയോഗത്തെ ചൊല്ലിയുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാനും സഹായിക്കും. ഉദാഹരണത്തിന് ഫ്രിഡ്ജിലുള്ളതെല്ലാം നിങ്ങൾ ഇഷ്ടംപോലെ എടുക്കുകയും എന്നാൽ ഒരിക്കലും ഒന്നും വാങ്ങി വെക്കാതിരിക്കുകയും ചെയ്താൽ അതു നീരസത്തിന് ഇടയാക്കിയേക്കാം. അതുപോലെതന്നെ, നിങ്ങൾ വാങ്ങിവെച്ച എന്തെങ്കിലും കൂടെ താമസിക്കുന്ന വ്യക്തി ഉപയോഗിക്കുമ്പോൾ ദേഷ്യപ്പെടുകയോ ഇഷ്ടക്കേടു പ്രകടിപ്പിക്കുംവിധം തുറിച്ചു നോക്കുകയോ ചെയ്താൽ 1 തിമൊഥെയൊസ് 6:18) എന്നാൽ നിങ്ങളെ മുതലെടുക്കുകയാണെന്നു തോന്നുന്നെങ്കിൽ മിണ്ടാതിരിക്കേണ്ടതില്ല. നിങ്ങളുടെ പ്രശ്നം ശാന്തമായി, ദയാപൂർവം അറിയിക്കാൻ കഴിയും.
അതും ഒരു നല്ല ബന്ധം വളർത്തുന്നതിനു സഹായിക്കുകയില്ല. “ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഓരോരുത്തരുടെയും വ്യക്തിപരമായ സാധനങ്ങളോട് ആദരവു കാണിക്കുക. അനുവാദം ചോദിക്കാതെ എന്തെങ്കിലും എടുക്കുന്നതു ധിക്കാരമാണ്. (സദൃശവാക്യങ്ങൾ 11:2, NW) അതുപോലെ കൂടെ താമസിക്കുന്ന വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ചും പരിഗണന ഉള്ളവരായിരിക്കുക. മുറിയിൽ പ്രവേശിക്കുന്നതിനു മുമ്പു വാതിലിൽ മുട്ടുന്നതു പോലെയുള്ള ചെറിയ മര്യാദകൾ സംബന്ധിച്ചു ശ്രദ്ധയുള്ളവർ ആയിരിക്കുക. നിങ്ങൾ ആദരവു പ്രകടമാക്കുമ്പോൾ കൂടെ താമസിക്കുന്ന വ്യക്തിയും അതേ വിധത്തിൽ പെരുമാറാനാണു സാധ്യത. “ഞങ്ങൾക്കു രണ്ടുപേർക്കും വീട്ടിലിരുന്നു പഠിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല” എന്നു ഡേവിഡ് പറയുന്നു. “ഇരുവരും അതു മാനിക്കുകയും ആ സമയത്തു ശബ്ദം ഉണ്ടാക്കാതിരിക്കുകയും ചെയ്യും. ഇനി, അവന് മറ്റെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ചിലപ്പോൾ ഞാൻ ഏതെങ്കിലും ലൈബ്രറിയിൽ പോയിരുന്നു വായിക്കും.”
വാടകയിലെ പങ്കു സമയത്തു നൽകുന്നതിലും വീട്ടു ജോലികളുടെ പങ്കു നിർവഹിക്കുന്നതിലും ഉത്തരവാദിത്വബോധമുള്ളവർ ആയിരിക്കുന്നതും സുവർണ നിയമം ബാധകമാക്കാനാകുന്ന ഒരു വിധമാണ്.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ
ബൈബിൾ കാലങ്ങളിലെ ആദരണീയരായ രണ്ടു ക്രിസ്ത്യാനികളായിരുന്നു പൗലൊസും ബർന്നബാസും. എന്നാൽ അവർ തമ്മിൽ ഒരു ‘ഉഗ്രവാദം’ ഉണ്ടായതായി പറഞ്ഞിരിക്കുന്നു. (പ്രവൃത്തികൾ 15:38) നിങ്ങൾക്കിടയിലും അതുപോലെ എന്തെങ്കിലും ഉണ്ടാകുന്നെങ്കിലോ? ഒരുപക്ഷേ ഒരു വ്യക്തിത്വ ഭിന്നതയോ അലോസരപ്പെടുത്തുന്ന വ്യക്തിപരമായ ഒരു ശീലമോ നിമിത്തം നിങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടേക്കാം. ഒരു തർക്കം അല്ലെങ്കിൽ വാഗ്വാദം ഉണ്ടാകുന്നെങ്കിൽ നിങ്ങൾ ഒരുമിച്ചുള്ള താമസം മതിയാക്കണമെന്നുണ്ടോ? അങ്ങനെ ചെയ്യണമെന്നില്ല. പൗലൊസിനും ബർന്നബാസിനും തങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. താമസം മാറുന്നതു പോലെയുള്ള വലിയൊരു പടി സ്വീകരിക്കുന്നതിനു മുമ്പ് നിങ്ങൾക്കും ഒരുപക്ഷേ അതുതന്നെ ചെയ്യാൻ കഴിഞ്ഞേക്കും. സഹായകമായിരുന്നേക്കാവുന്ന ചില ബൈബിൾ തത്ത്വങ്ങൾ ഇതാ:
● “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”—ഫിലിപ്പിയർ 2:3.
● “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:31, 32.
● “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”—മത്തായി 5:23, 24; എഫെസ്യർ 4:26.
പ്രയോജനങ്ങൾ
മറ്റുള്ളവരോടൊപ്പം താമസിക്കുന്ന പല യുവ ക്രിസ്ത്യാനികളും (യുവപ്രായം കടന്നവരും) ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകളുടെ സത്യത നേരിട്ട് അനുഭവിച്ചറിഞ്ഞിരിക്കുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു.” (സഭാപ്രസംഗി 4:9) മറ്റൊരാളോടൊപ്പം താമസിക്കുന്നത് പ്രയോജനപ്രദമാണെന്ന് അനേകരും കണ്ടെത്തിയിരിക്കുന്നു. “ആളുകളുമായി നല്ല രീതിയിൽ ഇടപെടാനും പൊരുത്തപ്പെട്ടുപോകാനും ഞാൻ പഠിച്ചിരിക്കുന്നു” എന്നു മാർക്ക് പറയുന്നു. റെന്നേ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്ക് നിങ്ങളെ കുറിച്ചുതന്നെ വളരെയധികം മനസ്സിലാക്കാൻ സാധിക്കുന്നു. അതുപോലെ കൂടെ താമസിക്കുന്നവർക്ക് നിങ്ങളുടെമേൽ ആരോഗ്യകരമായ സമ്മർദം ചെലുത്താനും കഴിയും.” ലിൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “മറ്റുള്ളവരോടൊപ്പം താമസം തുടങ്ങിയ സമയത്ത് എല്ലാം എനിക്ക് എന്റെ ഇഷ്ടത്തിനു നടന്നു കാണണമായിരുന്നു. എന്നാൽ അത്തരം ദുർവാശി ഉപേക്ഷിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ആരെങ്കിലും ഞാൻ ചെയ്യുന്നതിൽനിന്നു വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടു മാത്രം അതു തെറ്റാകുന്നില്ല എന്നു ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.”
കൂടെ താമസിക്കുന്ന വ്യക്തിയുമായി ഒത്തുപോകാൻ ശ്രമവും ത്യാഗവും ആവശ്യമാണെന്നതു ശരിയാണ്. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ കഠിനമായി ശ്രമിക്കുകയാണെങ്കിൽ കൂടെ താമസിക്കുന്നവരുമായി ഒത്തുപോകാൻ മാത്രമല്ല, അവരോടൊപ്പമുള്ള താമസം ആസ്വദിക്കാൻ പോലും നിങ്ങൾക്കു കഴിഞ്ഞേക്കാം. (g02 6/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b ഞങ്ങളുടെ 2002 മേയ് 8 ലക്കത്തിൽ വന്ന “സഹതാമസക്കാരനുമായി പൊരുത്തപ്പെട്ടു പോകുക ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[16-ാം പേജിലെ ചിത്രം]
മറ്റുള്ളവരുടെ സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നത് നീരസത്തിന് ഇടയാക്കിയേക്കാം
[17-ാം പേജിലെ ചിത്രം]
പരസ്പരം പരിഗണന പ്രകടമാക്കുക