ലോക സമാധാനം വെറുമൊരു സ്വപ്നമല്ല!
ലോക സമാധാനം വെറുമൊരു സ്വപ്നമല്ല!
കഴിഞ്ഞ നൂറ്റാണ്ടിലേക്കു പിന്തിരിഞ്ഞു നോക്കാൻ ആൽഫ്രഡ് നോബലിനു സാധിച്ചാൽ, ലോക സമാധാനത്തിനുള്ള സാധ്യത സംബന്ധിച്ച് അദ്ദേഹത്തിനു ശുഭപ്രതീക്ഷ തോന്നാൻ ഇടയുണ്ടോ? യുദ്ധത്തിന് അറുതി വരുത്താൻ പലരും ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട് എന്നറിയുന്നത് അദ്ദേഹത്തെ സന്തോഷിപ്പിക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, അദ്ദേഹം കയ്പേറിയ ഒരു യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരും. പ്രൊഫസർ ഹ്യൂ തോമസ് പിൻവരുന്ന വാക്കുകളിൽ ഈ സ്ഥിതിവിശേഷം നന്നായി സംഗ്രഹിച്ചു: “യന്ത്രത്തോക്ക്, ടാങ്ക്, ബി-52 പോർവിമാനം, ആണവബോംബ് എന്നിവയും ഒടുവിൽ മിസൈലും ഇരുപതാം നൂറ്റാണ്ടിനുമേൽ—അതു പൊതുവേ സാമൂഹിക അഭിവൃദ്ധിയുടെയും പാവപ്പെട്ടവരുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള വർധിച്ച സർക്കാർ ശ്രമങ്ങളുടെയും ഒരു നൂറ്റാണ്ട് ആയിരുന്നിട്ടുണ്ടെങ്കിലും—ആധിപത്യം പുലർത്തിയിരിക്കുന്നു. മറ്റ് ഏതൊരു യുഗത്തിലും നടന്നിട്ടുള്ളതിനെക്കാൾ രക്തപങ്കിലവും വിനാശകവുമായ യുദ്ധങ്ങൾ അതിന്റെ കുറിയടയാളമായിരിക്കുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അതുകൊണ്ട് ഇതിനെ യഥാർഥത്തിൽ പുരോഗതിയുടെ യുഗം എന്നു വിശേഷിപ്പിക്കാമോ എന്നതു സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാകാം.”
ഇപ്പോൾ 21-ാം നൂറ്റാണ്ടിലേക്കു കാലെടുത്തു വെച്ചിരിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം സമാധാനത്തിനുള്ള ഭാവിപ്രതീക്ഷകൾ കൂടുതൽ ശോഭനമായിട്ടുണ്ടോ? തീർച്ചയായുമില്ല! 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി.സി.-യിലും ഉണ്ടായ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ന്യൂസ്വീക്ക് മാസിക പറയുന്നു: “ബോയിങ് 767 ജെറ്റ് വിമാനങ്ങളെ നിയന്ത്രിത മിസൈലുകളാക്കി മാറ്റാൻ കഴിയുന്ന ഈ ലോകത്ത് ഒന്നും അസാധ്യമോ യുക്തിഹീനമോ അതിലുപരി പ്രതിരോധിക്കാൻ കഴിയുന്നതോ ആയി പോലും കാണപ്പെടുന്നില്ല.”
ലോക സമാധാനം ഒരു യാഥാർഥ്യമായിത്തീരണമെങ്കിൽ രണ്ടു കാര്യങ്ങൾ നടക്കേണ്ടതുണ്ടെന്നു ചിലർ പറയുന്നു: ഒന്നാമത്, മനുഷ്യന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും സമൂല മാറ്റം ഉണ്ടാകണം; രണ്ടാമതായി, എല്ലാ രാജ്യങ്ങളും ഒരൊറ്റ ഗവൺമെന്റിനു കീഴിൽ ഒന്നിക്കണം. സമാധാനം സ്ഥാപിക്കപ്പെടുന്ന ഒരു സമയത്തെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു. എന്നാൽ അതു മാനുഷ ശ്രമങ്ങളാൽ ആയിരിക്കില്ല. സങ്കീർത്തനം 46:9 സ്രഷ്ടാവായ യഹോവയാം ദൈവത്തെ കുറിച്ചു പറയുന്നു: “അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) ദൈവം ഇത് എങ്ങനെയാണു ചെയ്യുക? ആത്മാർഥ ഹൃദയരായ പലരും വരാനായി ആവർത്തിച്ചു പ്രാർഥിച്ചിട്ടുള്ള അവന്റെ രാജ്യം മുഖാന്തരം. ആ രാജ്യം ഹൃദയത്തിന്റെ ദുർഗ്രഹവും അവർണനീയവുമായ ഒരു അവസ്ഥയല്ല, മറിച്ച് ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാധാനം സ്ഥാപിക്കാൻ ദൈവം ഉപയോഗിക്കാനിരിക്കുന്ന ഒരു യഥാർഥ ഗവൺമെന്റാണ്. ആ ഗവൺമെന്റിന്റെ പ്രജകൾ ‘യുദ്ധം അഭ്യസിക്കുകയില്ല’ എന്നു നിശ്വസ്ത പ്രവാചകനായ യെശയ്യാവു മുൻകൂട്ടി പറഞ്ഞു. (യെശയ്യാവു 2:4) ലോകവ്യാപകമായ ഒരു വിദ്യാഭ്യാസ പരിപാടി മുഖാന്തരം ആളുകൾ സമാധാനത്തിൽ വസിക്കാൻ പഠിക്കുകയും അങ്ങനെ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കു”കയും ചെയ്യും.
ഇപ്പോൾ പോലും യഹോവയുടെ സാക്ഷികൾ ഇതു ചെയ്യുന്നുണ്ട്. വിവിധ വംശീയ കൂട്ടങ്ങളിൽനിന്നുള്ള അവർ 200-ലധികം വ്യത്യസ്ത ദേശങ്ങളിലാണ് വസിക്കുന്നതെങ്കിൽ പോലും അവർ സഹമനുഷ്യന് എതിരെ ആയുധം പ്രയോഗിക്കാൻ വിസമ്മതിക്കുന്നു. യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട ഒരു ലോകത്ത് അവർ കൈക്കൊണ്ടിരിക്കുന്ന ഈ നിഷ്പക്ഷ നിലപാട് സമാധാനം വെറുമൊരു സ്വപ്നമല്ല, മറിച്ച് സാധ്യമായ ഒന്നാണെന്നു തെളിയിക്കുന്നു.
യഥാർഥ സമാധാനത്തെ കുറിച്ചുള്ള ഈ ബൈബിളധിഷ്ഠിത പ്രത്യാശയെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? കൂടുതൽ വിവരങ്ങൾക്ക്, ദയവായി 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസം ഉപയോഗിച്ച് ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ചെയ്യുക. (g02 5/8)