ദൈവം യുദ്ധങ്ങളെ അംഗീകരിക്കുന്നുവോ?
ബൈബിളിന്റെ വീക്ഷണം
ദൈവം യുദ്ധങ്ങളെ അംഗീകരിക്കുന്നുവോ?
ഭ രണാധിപന്മാരും സേനാപതികളും, എന്തിന് പുരോഹിതന്മാർ പോലും, എത്രയോ തവണ ദൈവനാമത്തിൽ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും യുദ്ധങ്ങൾക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു! 1095-ൽ അർബൻ രണ്ടാമൻ പാപ്പായുടെ അനുഗ്രഹാശിസ്സുകളോടെ ആദ്യത്തെ കുരിശുയുദ്ധം നടന്നു. ‘വിശുദ്ധ നഗരമായ’ യെരൂശലേം തിരിച്ചു പിടിക്കുക എന്നതായിരുന്നു ക്രൈസ്തവരുടെ ലക്ഷ്യം. എന്നാൽ ആ ലക്ഷ്യത്തിൽ എത്തുന്നതിനു മുമ്പ് ഒരു കൂട്ടം കുരിശുയുദ്ധ പടയാളികളെ തുർക്കികൾ വധിച്ചു. കാരണം, അള്ളാഹുവിനോടുള്ള തുർക്കികളുടെ തീക്ഷ്ണത ആ ക്രൈസ്തവരുടെ ത്രിത്വദൈവ വിശ്വാസത്തെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല.
ഒന്നാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കെ, 1914 ആഗസ്റ്റിൽ ഒരു ജർമൻ യുവാവ് തന്റെ സൈനിക പാളയത്തിൽനിന്ന് ഇങ്ങനെ എഴുതി: “മാനവചരിത്രത്തിൽ നീതിയും ദിവ്യ വഴിനടത്തിപ്പും ഉണ്ടെങ്കിൽ—ഉണ്ടെന്ന കാര്യത്തിൽ എനിക്ക് അങ്ങേയറ്റം ഉറപ്പുണ്ട്—വിജയം ഞങ്ങൾക്കായിരിക്കും.” ആ മാസംതന്നെ ജർമനിക്കെതിരെ തന്റെ സേനയെ അയച്ചപ്പോൾ റഷ്യൻ ചക്രവർത്തി നിക്കോളസ് രണ്ടാമൻ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ ധീര പടയാളികൾക്കും ശ്രേഷ്ഠ സഖ്യകക്ഷികൾക്കും ഹൃദയോഷ്മളമായ അഭിവാദനങ്ങൾ. ദൈവം നമ്മോടുകൂടെ ഉണ്ട്!”
ഇങ്ങനെ, ദശലക്ഷക്കണക്കിനു സൈനികർ ദൈവം തങ്ങളുടെ പക്ഷത്തുണ്ടെന്ന ദൃഢവിശ്വാസത്തോടെ യുദ്ധക്കളത്തിലേക്കു പോയിരിക്കുന്നു. സ്വാതന്ത്ര്യത്തിനായി ഒടുക്കേണ്ടി വരുന്ന ഒരു വിലയെന്ന നിലയിൽ ഇത്തരം പോരാട്ടങ്ങളെ ദൈവം അനുവദിക്കുന്നുവെന്നു ചിലർ കരുതുന്നു. അതിനുള്ള തെളിവെന്ന നിലയിൽ അവർ എബ്രായ തിരുവെഴുത്തുകളിൽ (പൊതുവേ പഴയനിയമം എന്നറിയപ്പെടുന്ന ഭാഗം) രേഖപ്പെടുത്തിയിരിക്കുന്ന യുദ്ധങ്ങളിലേക്കു വിരൽചൂണ്ടുന്നു. എന്നാൽ ദൈവവചനത്തിന് അവർ നൽകുന്ന ഈ വ്യാഖ്യാനം ശരിയാണോ?
പുരാതന ഇസ്രായേലിലെ യുദ്ധങ്ങൾ
വാഗ്ദത്ത ദേശത്തുനിന്നു ദുഷിച്ച കനാന്യരെ നീക്കം ചെയ്യുന്നതിനായി യുദ്ധം ചെയ്യാൻ യഹോവയാം ദൈവം ഇസ്രായേല്യരോടു കൽപ്പിച്ചു. (ലേവ്യപുസ്തകം 18:1, 24-28; ആവർത്തനപുസ്തകം 20:16-18) നോഹയുടെ നാളിൽ ജലപ്രളയം വരുത്തിയും സൊദോമിന്റെയും ഗൊമോരയുടെയും കാര്യത്തിൽ തീ ഉപയോഗിച്ചും ദൈവം ദുഷ്പ്രവൃത്തിക്കാരെ നശിപ്പിച്ചതുപോലെ, അവൻ ഇസ്രായേൽ ജനതയെ തന്റെ ന്യായവിധി നടപ്പാക്കാനുള്ള വാളായി ഉപയോഗിക്കുകയായിരുന്നു.—ഉല്പത്തി 6:12, 17; 19:13, 24, 25.
ബൈബിളിൽ കാണുന്ന പ്രകാരം ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ ഇസ്രായേല്യർ മറ്റു യുദ്ധങ്ങളും നടത്തി, പലപ്പോഴും യാതൊരു പ്രകോപനവും കൂടാതെ ഇങ്ങോട്ടു വന്ന് ആക്രമിച്ച ശത്രുക്കളെ ചെറുക്കാനായിരുന്നു അവ. ജനം യഹോവയെ അനുസരിച്ചപ്പോൾ, അവർ യുദ്ധങ്ങളിൽ വിജയം കണ്ടു. (പുറപ്പാടു 34:24; 2 ശമൂവേൽ 5:17-25) എന്നാൽ ദിവ്യഹിതത്തിന് എതിരായി ഇസ്രായേൽ യുദ്ധത്തിൽ ഏർപ്പെട്ട സന്ദർഭങ്ങളിലെല്ലാം അതു സാധാരണഗതിയിൽ വലിയ വിപത്തിൽ കലാശിച്ചു. യൊരോബെയാം രാജാവിന്റെ കാര്യം എടുക്കുക. നേരിട്ടുള്ള പ്രാവചനിക മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അവൻ സഹോദര രാജ്യമായ യഹൂദയ്ക്കെതിരെ ഒരു വൻ സൈന്യത്തെ അയച്ചു. ആ യുദ്ധം യൊരോബെയാമിന്റെ 5,00,000 പടയാളികളുടെ മരണത്തിൽ കലാശിച്ചു. (2 ദിനവൃത്താന്തം 13:12-18) വിശ്വസ്ത രാജാവായിരുന്ന യോശീയാവു പോലും ഒരിക്കൽ അനാവശ്യമായ ഒരു യുദ്ധത്തിൽ ഏർപ്പെട്ടു. അവന്റെ ആ തെറ്റായ തീരുമാനത്തിന്റെ ഫലം സ്വന്തം ജീവന്റെ നഷ്ടമായിരുന്നു.—2 ദിനവൃത്താന്തം 35:20-24.
ഈ സംഭവങ്ങളെല്ലാം എന്താണു കാണിക്കുന്നത്? പുരാതന ഇസ്രായേലിൽ ഒരു യുദ്ധം നടത്തണോ വേണ്ടയോ എന്നു തീരുമാനിച്ചിരുന്നത് ദൈവമാണ്. (ആവർത്തനപുസ്തകം 32:35, 43) ചില പ്രത്യേക ഉദ്ദേശ്യങ്ങൾ നിറവേറ്റാനാണ് യുദ്ധം ചെയ്യാൻ യഹോവ തന്റെ ജനത്തോട് ആവശ്യപ്പെട്ടത്. ഈ ഉദ്ദേശ്യങ്ങളെല്ലാം വളരെ കാലങ്ങൾക്കു മുമ്പേതന്നെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, “അന്ത്യകാലത്തു” തന്നെ സേവിക്കുന്നവർ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും’ എന്നും അവർ ‘യുദ്ധം അഭ്യസിക്കയില്ല’ എന്നും യഹോവ മുൻകൂട്ടി പറഞ്ഞു. (യെശയ്യാവു 2:2-4) തീർച്ചയായും ബൈബിളിലെ യുദ്ധങ്ങൾ ആധുനികകാല പോരാട്ടങ്ങളെ—അവയൊന്നും ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിലോ അവന്റെ കൽപ്പന പ്രകാരമോ അല്ല നടത്തപ്പെടുന്നത്—യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ല.
ക്രിസ്തുവിന്റെ പഠിപ്പിക്കലിന്റെ ഫലം
യേശു ഭൂമിയിലായിരുന്നപ്പോൾ വിദ്വേഷത്തിനു പകരം എങ്ങനെ നിസ്വാർഥ സ്നേഹം പ്രകടിപ്പിക്കാമെന്നു കാണിച്ചുകൊണ്ട് അവൻ ഇങ്ങനെ കൽപ്പിച്ചു: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം.” (യോഹന്നാൻ 15:12) അവൻ ഇങ്ങനെയും പറഞ്ഞു: “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:9) തന്മൂലം, സമാധാനം നട്ടുവളർത്തുന്നതും നല്ല ബന്ധങ്ങൾ ഉന്നമിപ്പിക്കാൻ സജീവമായി ശ്രമിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
യേശുവിന്റെ അറസ്റ്റിന്റെ സമയത്ത് അപ്പൊസ്തലനായ പത്രൊസ് ഒരു മാരകായുധം ഉപയോഗിച്ച് അതു തടുക്കാൻ ശ്രമിച്ചു. എന്നാൽ ദൈവപുത്രൻ അവനെ ശാസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആ വാക്കുകൾ എങ്ങനെയാണ് ബാധകമാക്കിയത്? പിൻവരുന്ന ഉദ്ധരണികൾ ശ്രദ്ധിക്കുക.
“ലഭ്യമായ എല്ലാ വിവരങ്ങളുടെയും ഒരു സൂക്ഷ്മ അവലോകനം, മാർക്കസ് ഔറേലിയസിന്റെ കാലം വരെ [പൊ.യു. 121-180] ഒരു ക്രിസ്ത്യാനിയും പട്ടാളക്കാരൻ ആയിരുന്നില്ല എന്നു കാണിക്കുന്നു. ക്രിസ്ത്യാനിയായ ശേഷം ഒരു പട്ടാളക്കാരനും സൈനിക സേവനത്തിൽ തുടർന്നുമില്ല.”—ക്രിസ്ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്).
“[ആദിമ] ക്രിസ്ത്യാനികളുടെ പെരുമാറ്റം റോമാക്കാരുടേതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. . . . ക്രിസ്തു സമാധാനത്തെക്കുറിച്ചു പ്രസംഗിച്ചിരുന്നതിനാൽ അവർ പടയാളികൾ ആകാൻ വിസമ്മതിച്ചു.”—നമ്മുടെ ലോകം യുഗങ്ങളിലൂടെ (ഇംഗ്ലീഷ്).
ക്രിസ്തുവിന്റെ ശിഷ്യന്മാർ ചക്രവർത്തിയുടെ സൈന്യത്തിൽ സേവിക്കാൻ വിസമ്മതിച്ചതിനാൽ റോമാക്കാർ അവരിൽ പലരെയും വധിച്ചു. തങ്ങളെ ഇത്രയധികം വിദ്വേഷത്തിനു പാത്രമാക്കിയ ഒരു നില ക്രിസ്ത്യാനികൾ കൈക്കൊണ്ടത് എന്തുകൊണ്ടാണ്? കാരണം, സമാധാനം ഉണ്ടാക്കുന്നവർ ആയിരിക്കാൻ യേശു അവരെ പഠിപ്പിച്ചു.
ആധുനിക യുദ്ധങ്ങൾ
ക്രിസ്തുവിന്റെ അനുയായികൾ ശത്രു സൈന്യങ്ങളിൽ ആയിരുന്നുകൊണ്ട് പരസ്പരം കൊന്നൊടുക്കുന്ന ഭീകരമായ അവസ്ഥയെ കുറിച്ചു ചിന്തിക്കുക. അതു തീർച്ചയായും ക്രിസ്തീയ തത്ത്വങ്ങൾക്കു വിരുദ്ധമായിരിക്കും. വാസ്തവത്തിൽ, ബൈബിളിലെ ദൈവത്തെ അനുസരിക്കുന്നവർ ആരെയും—ശത്രുക്കളെ പോലും—ഉപദ്രവിക്കുകയില്ല. a—മത്തായി 5:43-45.
വ്യക്തമായും മനുഷ്യർ തമ്മിൽ നടത്തുന്ന മൃഗീയമായ ആധുനിക യുദ്ധങ്ങളുടെമേൽ ദൈവത്തിന്റെ അനുഗ്രഹം ഇല്ല. സമാധാനം ഉണ്ടാക്കുന്നവർ എന്ന നിലയിൽ സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തിൻ കീഴിൽ ലോകവ്യാപകമായി സ്ഥാപിക്കപ്പെടാൻ പോകുന്ന സമാധാനത്തിനായി നിലകൊള്ളുന്നു. (g02 5/8)
[അടിക്കുറിപ്പ്]
a ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ എന്നും വിളിക്കപ്പെട്ടിരിക്കുന്ന ‘ഹർമ്മഗെദോനെ’ കുറിച്ചു ബൈബിൾ പറയുന്നുണ്ട്. ഇത് ഒരു മാനുഷ യുദ്ധത്തെയല്ല, മറിച്ച് ദൈവം ദുഷ്പ്രവൃത്തിക്കാരെ മാത്രം തിരഞ്ഞെടുത്തു നശിപ്പിക്കുന്നതിനെ കുറിക്കുന്നു. അതിനാൽ ആധുനികകാല മനുഷ്യ പോരാട്ടങ്ങളെ ന്യായീകരിക്കാനോ അവയുടെമേൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെന്നു സ്ഥാപിക്കാനോ അതിനെ ഉപയോഗിക്കാനാവില്ല.—വെളിപ്പാടു 16:14, 16; 21:8.
[22-ാം പേജിലെ ചിത്രം]
സ്പാനിഷ് സേനാപതി ഫ്രാൻസിസ്കോ ഫ്രാങ്കോ ഏതാനും കത്തോലിക്കാ വൈദികരോടൊപ്പം
[കടപ്പാട്]
U.S. National Archives photo
[23-ാം പേജിലെ ചിത്രം]
കൊസോവോയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാർ സൈനികരെ അനുഗ്രഹിക്കുന്നു, 1999 ജൂൺ 11
[കടപ്പാട്]
AP Photo/Giorgos Nissiotis