ഒരു ഹിംസാത്മക നൂറ്റാണ്ട്
ഒരു ഹിംസാത്മക നൂറ്റാണ്ട്
രാഷ്ട്രങ്ങളുടെ കൈവശം മാരകായുധങ്ങൾ ഉണ്ടെങ്കിൽ സമാധാനം നിലനിറുത്താനാകുമെന്ന് ആൽഫ്രഡ് നോബൽ വിശ്വസിച്ചു. അങ്ങനെയാകുമ്പോൾ രാഷ്ട്രങ്ങൾക്കെല്ലാം ഒന്നിച്ചുകൂടി ഏത് അക്രമിയെയും ഉന്മൂലനം ചെയ്യാൻ കഴിയും. “അത് യുദ്ധം അസാധ്യമാക്കുന്ന ഒരു ശക്തിയായി ഉതകും” എന്ന് അദ്ദേഹം എഴുതി. നോബലിന്റെ അഭിപ്രായത്തിൽ, സുബോധമുള്ള ഒരു രാഷ്ട്രവും സ്വന്തം നാശത്തിന് ഇടയാക്കുന്ന ഒരു പോരാട്ടത്തിനായി ഇറങ്ങിത്തിരിക്കുകയില്ല. എന്നാൽ കഴിഞ്ഞ നൂറ്റാണ്ട് എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
നോബൽ മരിച്ച് 20 വർഷം പോലും തികയുന്നതിനു മുമ്പ്, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ പോരാട്ടം പുതിയ പല മാരകായുധങ്ങളുടെയും രംഗപ്രവേശനത്തിനു സാക്ഷ്യം വഹിച്ചു. യന്ത്രത്തോക്ക്, വിഷവാതകം, അഗ്നിവിക്ഷേപണ ആയുധങ്ങൾ, ടാങ്കുകൾ, പോർവിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവ അവയിൽ ചിലതാണ്. ഏകദേശം ഒരു കോടി സൈനികർ യുദ്ധത്തിൽ മരണമടഞ്ഞു. പരിക്കേറ്റവരുടെ എണ്ണം അതിന്റെ ഇരട്ടിയിലധികമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ കിരാതത്വം സമാധാന ശ്രമങ്ങൾ പുനരാരംഭിക്കുന്നതിനു കാരണമായി. ഇത് സർവരാജ്യസഖ്യത്തിന്റെ സ്ഥാപനത്തിനു വഴിതെളിച്ചു. അതിൽ പ്രമുഖ പങ്കു വഹിച്ച യു.എസ്. പ്രസിഡന്റ് വുഡ്രോ വിൽസൺ 1919-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി.
എന്നാൽ യുദ്ധം എന്നേക്കുമായി അവസാനിക്കുമെന്ന പ്രതീക്ഷകളെയെല്ലാം തച്ചുടച്ചുകൊണ്ട് 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പല വിധങ്ങളിലും ഒന്നാം ലോകമഹായുദ്ധത്തെക്കാൾ ഭീകരമായിരുന്നു അത്. ഈ സമയത്ത് അഡോൾഫ്
ഹിറ്റ്ലർ ക്രുയെമെലിലെ നോബലിന്റെ ഫാക്ടറി വിപുലീകരിച്ച് അതിനെ 9,000-ത്തിലധികം തൊഴിലാളികളുള്ള ജർമനിയിലെ ഏറ്റവും വലിയ ആയുധശാലയാക്കി മാറ്റി. എന്നാൽ യുദ്ധത്തിന്റെ ഒടുവിൽ സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ നോബലിന്റെ ഫാക്ടറി തരിപ്പണമാക്കപ്പെട്ടു, അതിന്മേൽ ആയിരത്തിലധികം ബോംബുകളാണ് അവർ വർഷിച്ചത്. വൈരുദ്ധ്യമെന്നു പറയട്ടെ, നോബലിന്റെ സ്വന്തം കണ്ടുപിടിത്തങ്ങളുടെ സഹായത്തോടെയായിരുന്നു ആ ബോംബുകൾ നിർമിക്കപ്പെട്ടത്.നോബലിന്റെ മരണത്തെ തുടർന്നുള്ള നൂറ്റാണ്ട് രണ്ടു ലോകമഹായുദ്ധങ്ങൾക്കു മാത്രമല്ല അതിനെക്കാൾ ചെറിയ അസംഖ്യം പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചു. ആ കാലഘട്ടത്തിൽ ആയുധങ്ങൾ വൻതോതിൽ നിർമിക്കപ്പെട്ടു. കൂടാതെ അവ ഏറെ ബീഭത്സവും ആയിത്തീർന്നു. നോബലിന്റെ കാലശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ചില സൈനിക ഉപകരണങ്ങളെ കുറിച്ചു ചിന്തിക്കുക.
ലഘു ആയുധങ്ങൾ. ഇവയിൽ കൈത്തോക്കുകൾ, റൈഫളുകൾ, ഗ്രനേഡുകൾ, യന്ത്രത്തോക്കുകൾ, മോർട്ടാറുകൾ എന്നിവയും കൊണ്ടുനടക്കാവുന്ന മറ്റ് ആയുധങ്ങളും ഉൾപ്പെടുന്നു. ലഘു ആയുധങ്ങൾ അധികം ചെലവേറിയവ അല്ല. മാത്രമല്ല, അവ പരിരക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പവുമാണ്.
ഈ ആയുധങ്ങളും പൊതുജനത്തിന് അവ ഉയർത്തുന്ന ഭീഷണിയും യുദ്ധം അവസാനിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടോ? തീർച്ചയായുമില്ല! “ശീതയുദ്ധാനന്തര കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം പോരാട്ടങ്ങളിലും മുഖ്യമായും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്” ലഘു ആയുധങ്ങൾ ആണെന്ന് ബുള്ളറ്റിൻ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്സിൽ മൈക്കൾ ക്ലാർ എഴുതുന്നു. വാസ്തവത്തിൽ, സമീപകാല യുദ്ധങ്ങളിൽ 90 ശതമാനം മരണങ്ങൾക്കും പരിക്കുകൾക്കും കാരണം ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം ആയിരുന്നു. 1990-കളിൽ മാത്രം ഈ ഉപകരണങ്ങളാൽ 40 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. പലപ്പോഴും യാതൊരു സൈനിക പരിശീലനവും ലഭിച്ചിട്ടില്ലാത്ത, പരമ്പരാഗത യുദ്ധ ചട്ടങ്ങൾ ലംഘിക്കാൻ യാതൊരു മടിയും ഇല്ലാത്ത യുവജനങ്ങളാണ് ഈ ലഘു ആയുധങ്ങൾ ഉപയോഗിക്കുന്നത്.
കുഴിബോംബുകൾ. 20-ാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും ദിവസവും ശരാശരി 70 ആളുകൾ കുഴിബോംബുകളാൽ അംഗഹീനരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ടായിരുന്നു! അവരിൽ മിക്കവരും സൈനികരല്ല, സാധാരണക്കാരായിരുന്നു. പലപ്പോഴും ആളുകളെ കൊല്ലാനല്ല മറിച്ച് അംഗഭംഗം വരുത്തിക്കൊണ്ട് അതിന്റെ ക്രൂര ഫലങ്ങൾക്ക് ഇരയാകുന്നവർക്കിടയിൽ സംഭ്രാന്തിയും ഭീതിയും പരത്താനാണു കുഴിബോംബുകൾ ഉപയോഗിക്കുന്നത്.
അടുത്തകാലത്ത് കുഴിബോംബുകൾ നീക്കം ചെയ്യാനായി വലിയ ശ്രമങ്ങൾ നടത്തപ്പെട്ടിട്ടുണ്ട് എന്നുള്ളതു ശരിയാണ്. എന്നാൽ ചില കണക്കുകളനുസരിച്ച്, ഒരു കുഴിബോംബു നീക്കം ചെയ്യുമ്പോൾ പകരം 20 എണ്ണമാണു പാകുന്നത്. ലോകമെമ്പാടുമായി ആറു കോടിയോളം കുഴിബോംബുകൾ പാകിയിരിക്കുന്നതായി പറയപ്പെടുന്നു. പാടത്തു
കളിക്കുന്ന ഒരു കുഞ്ഞിന്റെയും ഒരു സൈനികന്റെയും കാലടിശബ്ദം വേർതിരിച്ചറിയാനുള്ള കഴിവ് കുഴിബോംബുകൾക്കില്ല എന്നത് ഈ ക്രൂര ഉപകരണങ്ങൾ നിർമിക്കുന്നതിൽനിന്നും ഉപയോഗിക്കുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിച്ചിട്ടില്ല.അണ്വായുധങ്ങൾ. അണ്വായുധങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ ചരിത്രത്തിൽ ആദ്യമായി സൈനികർ തമ്മിലുള്ള ചെറിയൊരു ഏറ്റുമുട്ടലിന്റെ പോലും ആവശ്യമില്ലാതെ മുഴു നഗരങ്ങളെത്തന്നെ നിമിഷങ്ങൾക്കുള്ളിൽ തകർത്തുതരിപ്പണമാക്കാമെന്ന അവസ്ഥ നിലവിൽവന്നു. ഉദാഹരണത്തിന്, 1945-ൽ ഹിരോഷിമാ, നാഗസാക്കി നഗരങ്ങളിൽ അണുബോംബു വീണപ്പോൾ ഉണ്ടായ അതിഭയങ്കര നാശത്തെക്കുറിച്ചു ചിന്തിക്കുക. ബോംബു വിസ്ഫോടനത്തിന്റെ ഫലമായുള്ള അസഹനീയ പ്രകാശം നിമിത്തം ചിലർക്കു കാഴ്ചശക്തി നഷ്ടപ്പെട്ടു. അനേകമാളുകളുടെയും ശരീരം അണുപ്രസരണത്താൽ വിഷലിപ്തമാക്കപ്പെട്ടു. അഗ്നിയും ചൂടും പലരുടെയും ജീവൻ അപഹരിച്ചു. രണ്ടു നഗരങ്ങളിലും കൂടെ ഏകദേശം 3,00,000 ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു!
എന്നാൽ ആ നഗരങ്ങളിൽ ബോംബ് ഇട്ടില്ലായിരുന്നെങ്കിൽ, പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള പോരാട്ടം തുടരുകയും തത്ഫലമായി കുറേക്കൂടെ ആളുകൾ മരിക്കുകയും ചെയ്യുമായിരുന്നു എന്നു ചിലർ പറഞ്ഞേക്കാം. എന്നിരുന്നാലും, അതിഭീമമായ ജീവനഷ്ടം ഉളവാക്കിയ ഞെട്ടലിന്റെ ഫലമായി ഈ ഭീകരായുധത്തിന്റെ ഉപയോഗത്തിന്മേൽ ലോകവ്യാപകമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ചിലർ ശ്രമിക്കാൻ തുടങ്ങി. മനുഷ്യൻ സ്വയം നശിപ്പിക്കാനുള്ള പ്രാപ്തി നേടിയതായി പലരും ഭയപ്പെട്ടു.
അണ്വായുധങ്ങളുടെ രംഗപ്രവേശം സമാധാന സാധ്യത വർധിപ്പിച്ചിട്ടുണ്ടോ? ഉണ്ടെന്നു ചിലർ പറയുന്നു. അര നൂറ്റാണ്ടിലേറെയായിട്ട് ശക്തിയേറിയ ഈ ആയുധം
യുദ്ധങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടില്ല എന്ന വസ്തുതയിലേക്ക് അവർ വിരൽ ചൂണ്ടുന്നു. എന്നിരുന്നാലും, വൻ നാശം വിതയ്ക്കാൻ കഴിയുന്ന ആയുധങ്ങളുടെ ആവിർഭാവം യുദ്ധത്തിന് അറുതി വരുത്തുമെന്ന നോബലിന്റെ വിശ്വാസം ശരിയാണെന്നു തെളിഞ്ഞിട്ടില്ല. കാരണം, പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധങ്ങൾ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഏതു സമയത്തും പ്രയോഗിക്കാൻ പാകത്തിന് ആയിരക്കണക്കിന് അണ്വായുധങ്ങൾ സജ്ജമാക്കി വെച്ചിട്ടുള്ളതായി ‘അണ്വായുധനയ കമ്മിറ്റി’ പറയുന്നു. ഇനി, ഭീകരപ്രവർത്തനം കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്ന ഇക്കാലത്ത് ന്യൂക്ലിയർ ബോംബുകളുടെ നിർമാണത്തിനാവശ്യമായ പദാർഥങ്ങൾ “ഭദ്രമല്ലാത്ത” കരങ്ങളിൽ എത്തിയാലുള്ള സ്ഥിതിയെ കുറിച്ചും അനേകർ ഭയപ്പെടുന്നു. “ഭദ്രമായ” കരങ്ങളിൽ ആയിരിക്കുമ്പോൾ പോലും ആരുടെയെങ്കിലും പക്ഷത്തെ ഒരു അബദ്ധം ഒരു ആഗോള ആണവ വിപത്തിനിടയാക്കിയേക്കാം എന്ന ആശങ്കയും നിലവിലുണ്ട്. വ്യക്തമായും വിനാശക ആയുധങ്ങൾക്ക് നോബൽ സ്വപ്നം കണ്ട സമാധാനം കൈവരുത്താൻ കഴിഞ്ഞിട്ടില്ല.ജൈവ, രാസ ആയുധങ്ങൾ. ജൈവയുദ്ധത്തിൽ ആന്ത്രാക്സ് പോലുള്ള മാരക ബാക്ടീരിയയുടെയും വസൂരി വൈറസ് പോലുള്ള വൈറസുകളുടെയും ഉപയോഗം ഉൾപ്പെടുന്നു. വളരെ പെട്ടെന്നു പടരുന്നതിനാൽ വസൂരി പ്രത്യേകിച്ചും അപകടകരമാണ്. കൂടാതെ വിഷവാതകം പോലുള്ള രാസ ആയുധങ്ങളുടെ ഭീഷണിയും ഉണ്ട്. ഈ വിഷവസ്തുക്കൾ പല രൂപത്തിൽ വരുന്നു. ദശകങ്ങളായി നിലവിലിരിക്കുന്ന നിരോധനത്തിന് അവയുടെ ഉപയോഗത്തെ തടയാൻ കഴിഞ്ഞിട്ടില്ല.
ഈ ഭീകര ആയുധങ്ങളും അവ ഉയർത്തുന്ന ഭീഷണിയും നോബലിന്റെ പ്രവചനം പോലെ പ്രവർത്തിക്കാൻ, അതായത് ‘ഭീതിപൂണ്ട് തങ്ങളുടെ സൈന്യങ്ങളെ പിരിച്ചുവിടാൻ,’ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടോ? നേരെ മറിച്ച്, പ്രത്യേക പരിശീലനമൊന്നും ലഭിക്കാത്തവർ പോലും ഒരിക്കൽ ഈ ആയുധങ്ങൾ പ്രയോഗിച്ചേക്കാം എന്ന വർധിച്ച ഭയം ഉളവാക്കുക മാത്രമേ ഇവ ചെയ്തിട്ടുള്ളൂ. ഒരു പതിറ്റാണ്ടിനു മുമ്പ് ‘യു.എസ്. ആയുധനിയന്ത്രണ-നിരായുധീകരണ ഏജൻസി’യുടെ ഡയറക്ടർ ഇങ്ങനെ പറഞ്ഞു: “ഹൈസ്കൂളിൽ അൽപ്പം രസതന്ത്രം പഠിച്ചിട്ടുള്ള ഏതൊരാൾക്കും
സ്വന്തം വീട്ടിൽവെച്ചുതന്നെ രാസായുധങ്ങൾ ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ.”മറ്റേതൊരു കാലഘട്ടത്തിലും ഉണ്ടായിട്ടുള്ളതിനെക്കാൾ വിനാശകമായ യുദ്ധങ്ങൾ 20-ാം നൂറ്റാണ്ടിൽ നടന്നിട്ടുണ്ട് എന്നതിനു സംശയമില്ല. ഇപ്പോൾ നാം 21-ാം നൂറ്റാണ്ടിലേക്കു കാലെടുത്തു വെച്ചിരിക്കുന്ന ഈ സമയത്ത് സമാധാനത്തിനുള്ള സാധ്യതയ്ക്കു കൂടുതൽ മങ്ങലേറ്റിരിക്കുന്നതായാണ് കാണപ്പെടുന്നത്—പ്രത്യേകിച്ചും 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി. സി.-യിലും ഭീകരപ്രവർത്തകർ നടത്തിയ ആക്രമണത്തിനു ശേഷം. “നൂതന സാങ്കേതിക വിദ്യകൾ നല്ല ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പകരം ദുഷ്ട ശക്തികളുടെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുമോ എന്നു ചോദിക്കാൻ ആരുംതന്നെ ധൈര്യപ്പെടുന്നില്ല” എന്ന് ന്യൂസ്വീക്ക് മാസികയിൽ സ്റ്റീവൻ ലീവി എഴുതി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അത്തരമൊരു സ്ഥിതിവിശേഷം സംജാതമായാൽ അതിനെ എങ്ങനെ നേരിടാമെന്ന് ആർക്കാണ് അറിയാവുന്നത്? പുരോഗതി എന്നു തങ്ങൾ വിചാരിക്കുന്നതിനു പിന്നാലെ പായുകയും അതിന്റെ വരുംവരായ്കകളെ കുറിച്ചു പിന്നീടു മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഒരു ചരിത്രമാണ് മനുഷ്യർക്കുള്ളത്. ഒരു അതിഘോര വിപത്ത് യഥാർഥത്തിൽ സംഭവിച്ചേക്കും എന്നു ചിന്തിക്കാൻ വിസമ്മതിക്കുന്ന നാം അതു സംഭവിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.”
ഇതുവരെയുള്ള ചരിത്രം കാണിക്കുന്നത് ഘോരമായ സ്ഫോടക വസ്തുക്കളുടെയും മാരകായുധങ്ങളുടെയും കണ്ടുപിടിത്തം ഒരു വിധത്തിലും ഈ ലോകത്തെ സമാധാനത്തോട് അടുപ്പിച്ചിട്ടില്ല എന്നാണ്. അപ്പോൾ ലോകസമാധാനം എന്നതു വെറുമൊരു സ്വപ്നമാണോ? (g02 5/8)
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നൈട്രൊഗ്ലിസറിനെ നിയന്ത്രണാധീനമാക്കുന്നു
ഇറ്റാലിയൻ രസതന്ത്രജ്ഞൻ ആസ്കാനിയോ സോബ്രേറോ 1846-ൽ നൈട്രൊഗ്ലിസറിൻ കണ്ടുപിടിച്ചു. എണ്ണക്കൊഴുപ്പുള്ള ഘനമേറിയ ആ ദ്രാവകം സ്ഫോടക ശക്തിയുള്ളതായിരുന്നു. അത് അപകടകരമായ ഒരു പദാർഥമാണെന്നു തെളിഞ്ഞു. ഒരു സ്ഫോടനത്തിൽ പൊട്ടിച്ചിതറിയ ചില്ലുകഷണങ്ങൾ സോബ്രേറോയുടെ മുഖത്തിനു സാരമായ പരിക്കേൽപ്പിച്ചു. ഒടുവിൽ ഈ പദാർഥം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു. കൂടാതെ, ഈ ദ്രാവകത്തിന് ഒരു പ്രശ്നം ഉണ്ടായിരുന്നു: അത് ഒരു പ്രതലത്തിൽ ഒഴിച്ചിട്ട് ഒരു ചുറ്റികകൊണ്ട് അടിക്കുകയാണെങ്കിൽ അടി കൊള്ളുന്ന ഭാഗം മാത്രമേ പൊട്ടിത്തെറിക്കുമായിരുന്നുള്ളൂ. ബാക്കി ദ്രാവകത്തിന് ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല. ഇതിന് ഒരു പരിഹാരം കാണാൻ സോബ്രേറോയ്ക്കു കഴിഞ്ഞില്ല.
ഒരു സ്ഫോടക വസ്തുവിന്റെ ചെറിയൊരു അംശം ഉപയോഗിച്ച് വലിയ അളവിലുള്ള മറ്റൊരു സ്ഫോടക വസ്തുവിനെ ജ്വലിപ്പിക്കാൻ കഴിയുന്ന പ്രായോഗികമായ ഒരു സ്ഫോടകമാധ്യമം (detonator) കണ്ടുപിടിച്ചുകൊണ്ട് നോബൽ പ്രസ്തുത പ്രശ്നം പരിഹരിച്ചു. പിന്നീട്, 1865-ൽ നോബൽ സ്ഫോടക കൂട്—മെർക്കുറി ഫൾമിനേറ്റ് അടങ്ങിയ ഒരു ചെറിയ കാപ്സ്യൂൾ കണ്ടുപിടിച്ചു. അത് നൈട്രൊഗ്ലിസറിൻ അടങ്ങിയ ഒരു പാത്രത്തിലേക്കു കടത്തിവെച്ച് ഒരു ഫ്യൂസ് ഉപയോഗിച്ച് കത്തിക്കുകയും ചെയ്തു.
എന്നാൽ, നൈട്രൊഗ്ലിസറിൻ കൈകാര്യം ചെയ്യുന്നത് അപ്പോഴും സുരക്ഷിതമായിരുന്നില്ല. ഉദാഹരണത്തിന്, 1864-ൽ സ്റ്റോക്ക്ഹോമിനു വെളിയിലുള്ള നോബലിന്റെ പണിശാലയിൽ ഉണ്ടായ ഒരു സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ ഇളയ അനുജൻ എമിൽ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. ജർമനിയിലെ ക്രുയെമെലിലുള്ള നോബലിന്റെ ഫാക്ടറി രണ്ടു തവണ സ്ഫോടനത്തിൽ തകർന്നു. അപ്പോൾ പോലും, ചിലയാളുകൾ ഈ ദ്രാവകം വിളക്കെണ്ണയായും ഷൂപോളിഷായും വണ്ടി ചക്രങ്ങളിൽ ഒഴിക്കാനുള്ള എണ്ണയായും മറ്റും ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിച്ചു. പാറപൊട്ടിക്കുമ്പോൾപ്പോലും കൂടുതലായുള്ള ദ്രാവകം വിള്ളലുകൾക്കിടയിലേക്ക് ഒഴുകിവീണ് പിന്നീട് അപകടങ്ങൾക്ക് ഇടയാക്കുമായിരുന്നു.
സ്ഫോടക സ്വഭാവം ഇല്ലാത്ത കീസൽഗുർ എന്ന സരന്ധ്ര പദാർഥത്തോടൊപ്പം നൈട്രൊഗ്ലിസറിൻ ചേർക്കുകവഴി ആ ദ്രാവകത്തെ ഖരരൂപത്തിലേക്കു മാറ്റാമെന്ന് 1867-ൽ നോബൽ കണ്ടെത്തി. അതിനെ അദ്ദേഹം ഡൈനമൈറ്റ് എന്നു വിളിച്ചു. അദ്ദേഹത്തിന് ആ പേര് കിട്ടിയത് “ശക്തി” എന്നർഥമുള്ള ഡൈനമൈസ് എന്ന ഗ്രീക്കു പദത്തിൽനിന്നായിരുന്നു. പിന്നീട് നോബൽ കുറെക്കൂടെ ശക്തി കൂടിയ സ്ഫോടക വസ്തുക്കൾ നിർമിച്ചെങ്കിലും ഡൈനമൈറ്റിനെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു കണക്കാക്കുന്നത്.
നോബലിന്റെ സ്ഫോടക വസ്തുക്കൾക്ക് യുദ്ധേതര ഉപയോഗങ്ങളും ഉണ്ടായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, സെന്റ് ഗോട്ട്ഹാർട്ട് തുരങ്കങ്ങളുടെ നിർമാണത്തിലും (1872-82) ന്യൂയോർക്കിലെ ഈസ്റ്റ് നദിയിലെ പാറ പൊട്ടിക്കുന്നതിലും (1876, 1885) ഗ്രീസിലെ കൊരിന്ത് കനാൽ കുഴിക്കുന്നതിലും (1881-93) അതു വഹിച്ച പങ്കു വലുതാണ്. എന്നിരുന്നാലും, കണ്ടുപിടിക്കപ്പെട്ടതു മുതൽ നാശവും മരണവും വിതയ്ക്കാൻ കഴിയുന്ന ഒരു ഉപകരണം എന്ന നിലയിൽ ഡൈനമൈറ്റ് പെട്ടെന്നു തന്നെ പ്രശസ്തിയാർജിച്ചു.
[ചിത്രം]
ഡൈനമൈറ്റ് ഘടിപ്പിച്ച സ്ഫോടക വസ്തുക്കളാൽ തകർക്കപ്പെട്ട കൊളംബിയയിലെ ഒരു പോലീസ് സ്റ്റേഷൻ
[കടപ്പാട്]
© Reuters NewMedia Inc./CORBIS
[4-ാം പേജിലെ ചിത്രം]
നോബൽ മരിച്ച് 20 വർഷം പോലും തികയുന്നതിനു മുമ്പ് നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ പുതിയ മാരകായുധങ്ങൾ പ്രയോഗിക്കപ്പെട്ടു
[കടപ്പാട്]
U.S. National Archives photo
[6-ാം പേജിലെ ചിത്രങ്ങൾ]
കംബോഡിയ, ഇറാഖ്, അസർബൈജാൻ എന്നിവിടങ്ങളിൽ കുഴിബോംബ് സ്ഫോടനത്തിന് ഇരകളായവർ
[കടപ്പാട്]
UN/DPI Photo 186410C by P.S. Sudhakaran ▼
UN/DPI Photo 158198C by J. Isaac
UN/DPI Photo by Armineh Johannes
[6-ാം പേജിലെ ചിത്രം]
ഏതു സമയത്തും പ്രയോഗിക്കാൻ പാകത്തിന് ആയിരക്കണക്കിന് അണ്വായുധങ്ങൾ സജ്ജമാക്കി വെച്ചിട്ടുള്ളതായി ‘അണ്വായുധനയ കമ്മിറ്റി’ പറയുന്നു
[കടപ്പാട്]
UNITED NATIONS/PHOTO BY SYGMA ▸
[7-ാം പേജിലെ ചിത്രങ്ങൾ]
1995-ൽ ടോക്കിയോയിലെ ഭൂഗർഭ റെയിൽ പാതയിൽ സാറിൻ ഗ്യാസ് പ്രയോഗിക്കപ്പെട്ടപ്പോൾ രാസായുധങ്ങളുടെ ഭീകരത പൊതുജന ശ്രദ്ധ പിടിച്ചുപറ്റി
[കടപ്പാട്]
Asahi Shimbun/Sipa Press
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
UN/DPI Photo 158314C by J. Isaac