വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി

പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി

പരി​ശോ​ധ​ന​ക​ളിൻ മധ്യേ​യും മങ്ങലേൽക്കാത്ത പ്രത്യാ​ശ​യു​മാ​യി

ആൻഡ്രേ ഹന്നാക്ക്‌ പറഞ്ഞ​പ്ര​കാ​രം

വർഷം 1943, രണ്ടാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രുന്ന സമയം. എന്റെ നിഷ്‌പക്ഷ നിലപാ​ടു നിമിത്തം ഞാൻ ഹംഗറി​യി​ലെ ബുഡാ​പെ​സ്റ്റിൽ ജയലി​ലാ​യി​രു​ന്നു. അവി​ടെ​വെച്ച്‌, താടി​ക്കാ​ര​നായ ഒരു ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തൻ അദ്ദേഹ​ത്തി​ന്റെ ബൈബിൾ എനിക്കു നൽകാ​മെന്നു പറഞ്ഞു. പകരം ഞാൻ കൊടു​ക്കേ​ണ്ടി​യി​രു​ന്ന​തോ, മൂന്നു ദിവസ​ത്തേ​ക്കുള്ള എന്റെ ഭക്ഷ്യവി​ഹി​ത​മായ റൊട്ടി​യും. വിശപ്പു മൂലം തളർന്നു​പോ​യെ​ങ്കി​ലും ഒരു നല്ല കൈമാ​റ്റ​മാണ്‌ ഞാൻ നടത്തി​യ​തെന്ന്‌ എനിക്കു​റ​പ്പുണ്ട്‌.

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ നാസികൾ ഞങ്ങളുടെ ദേശം പിടി​ച്ചെ​ടു​ത്ത​പ്പോൾ, ശുദ്ധമായ ക്രിസ്‌തീയ മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക എന്നത്‌ ഒരു വെല്ലു​വി​ളി ആയിത്തീർന്നു. പിന്നീട്‌, 40 വർഷത്തി​ല​ധി​കം നീണ്ടു​നിന്ന കമ്മ്യൂ​ണിസ്റ്റ്‌ ഭരണകാ​ല​ത്തും, ബൈബിൾ തത്ത്വങ്ങ​ളിൽ വിട്ടു​വീഴ്‌ച കാണി​ക്കാ​തെ നമ്മുടെ സ്രഷ്ടാ​വായ യഹോ​വയെ സേവി​ക്കാൻ കഠിന​ശ്രമം ആവശ്യ​മാ​യി​രു​ന്നു.

ദൈവ​ത്തോ​ടു നിർമലത പാലി​ക്കു​ന്നത്‌ അക്കാലത്ത്‌ എത്ര​ത്തോ​ളം ബുദ്ധി​മു​ട്ടാ​യി​രു​ന്നു എന്നു വിവരി​ക്കു​ന്ന​തി​നു​മുമ്പ്‌, എന്റെ പശ്ചാത്ത​ലത്തെ കുറിച്ചു ചില വിവരങ്ങൾ ഞാൻ നൽകാം. ആ കാലങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ സഹിച്ചി​രുന്ന കഷ്ടതക​ളെ​പ്പറ്റി മനസ്സി​ലാ​ക്കു​ന്നത്‌ താത്‌പ​ര്യ​ജ​ന​ക​മാ​യി​രി​ക്കു​മെന്ന​തി​നു സംശയ​മില്ല. ആദ്യം​തന്നെ, ഞങ്ങളുടെ പ്രദേ​ശത്തെ പ്രമുഖ മതങ്ങളെ കുറിച്ച്‌ എന്റെ മനസ്സിൽ സംശയങ്ങൾ ഉണർത്തിയ ഒരു സാഹച​ര്യ​ത്തെ കുറിച്ചു ഞാൻ പറയാം.

മതസം​ബ​ന്ധ​മാ​യി എന്നെ കുഴപ്പിച്ച ഒരു ചോദ്യം

സ്ലോവാക്‌ അതിർത്തിക്ക്‌ അടുത്തുള്ള ഒരു ഹംഗേ​റി​യൻ ഗ്രാമ​മായ പാറ്റ്‌സി​നി​ലാണ്‌ ഞാൻ ജനിച്ചത്‌, 1922 ഡിസംബർ 3-ാം തീയതി. സ്ലോവാ​ക്യ അന്ന്‌ ചെക്കോ​സ്ലോ​വാ​ക്യ​യു​ടെ കിഴക്കൻ ഭാഗമാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേഷം സോവി​യറ്റ്‌ യൂണിയൻ ചെക്കോ​സ്ലോ​വാ​ക്യ​യു​ടെ ഒരു വലിയ ഭാഗം കൈവ​ശ​പ്പെ​ടു​ത്തി​യ​തി​നെ തുടർന്ന്‌ യൂ​ക്രെ​യി​നി​ന്റെ അതിർത്തി​ക്കും പാറ്റ്‌സി​നും ഇടയ്‌ക്കുള്ള ദൂരം വെറും 30 കിലോ​മീ​റ്റ​റാ​യി കുറഞ്ഞു.

അടിയു​റച്ച റോമൻ കത്തോ​ലി​ക്കാ വിശ്വാ​സി​ക​ളാ​യി​രു​ന്നു എന്റെ മാതാ​പി​താ​ക്കൾ. അവരുടെ അഞ്ചു മക്കളിൽ രണ്ടാമ​നാ​യി​രു​ന്നു ഞാൻ. എനിക്കു 13 വയസ്സു​ള്ള​പ്പോൾ നടന്ന ഒരു സംഭവം മതത്തെ​ക്കു​റി​ച്ചു ഗൗരവ​ത്തോ​ടെ ചിന്തി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. ഞാനും അമ്മയും 80 കിലോ​മീ​റ്റർ അകലെ​യുള്ള ഹംഗറി​യി​ലെ മോറി​യ​പോച്ച്‌ ഗ്രാമ​ത്തി​ലേക്ക്‌ ഒരു തീർഥാ​ടനം നടത്തി. അത്രയും ദൂരം കാൽന​ട​യാ​യാണ്‌ ഞങ്ങൾ യാത്ര ചെയ്‌തത്‌, കാരണം അതു ദൈവ​ത്തിൽനി​ന്നു കൂടുതൽ അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രു​മെന്നു ഞങ്ങൾ വിശ്വ​സി​ച്ചു. റോമൻ കത്തോ​ലി​ക്ക​രും ഗ്രീക്ക്‌ കത്തോ​ലി​ക്ക​രും ആ തീർഥാ​ടനം നടത്തി​യി​രു​ന്നു. ഈ രണ്ടു സഭകളും, ഏറെക്കു​റെ ഏകീകൃ​ത​മായ ഒരു കത്തോ​ലി​ക്കാ മതത്തിന്റെ ഭാഗമാ​ണെ​ന്നാ​യി​രു​ന്നു ഞാൻ മുമ്പു കരുതി​യി​രു​ന്നത്‌. എന്നാൽ ആ ധാരണ തെറ്റാ​യി​രു​ന്നെന്നു ഞാൻ താമസി​യാ​തെ മനസ്സി​ലാ​ക്കി.

ഗ്രീക്ക്‌ കത്തോ​ലി​ക്കാ സഭയുടെ കുർബാന ആയിരു​ന്നു ആദ്യം നടന്നത്‌. അതു​കൊണ്ട്‌ അതിൽ സംബന്ധി​ക്കാൻ ഞാൻ നിശ്ചയി​ച്ചു. എന്നാൽ ഞാൻ ആ കുർബാ​ന​യി​ലാണ്‌ പങ്കെടു​ത്ത​തെന്നു മനസ്സി​ലാ​യ​പ്പോൾ അമ്മയ്‌ക്ക്‌ ആകെ വിഷമ​മാ​യി. അമ്പര​പ്പോ​ടെ ഞാൻ ചോദി​ച്ചു: “ഏതു കുർബാ​ന​യിൽ സംബന്ധി​ച്ചാ​ലെന്താ? നമ്മൾ എല്ലാവ​രും ക്രിസ്‌തു​വി​ന്റെ ഏക ശരീര​ത്തി​ലല്ലേ പങ്കുപ​റ്റു​ന്നത്‌?”

ഉത്തരം മുട്ടി​പ്പോ​യ​തു​കൊണ്ട്‌ അമ്മ ഇങ്ങനെ​യൊ​രു താക്കീതു നൽകി: “മോനേ, ഇങ്ങനെ​യൊ​ക്കെ ചോദി​ക്കു​ന്നതു പാപമാണ്‌ കേട്ടോ.” എന്റെ ചോദ്യ​ങ്ങൾ ഉത്തരം കിട്ടാതെ അവശേ​ഷി​ച്ചു.

എന്റെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം ലഭിക്കു​ന്നു

എനിക്കു 17 വയസ്സു​ള്ള​പ്പോൾ—1939-ൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം തുടങ്ങി അധികം കഴിയു​ന്ന​തി​നു മുമ്പ്‌—ഏതാനും കിലോ​മീ​റ്റ​റു​കൾ അകലെ​യുള്ള സ്റ്റ്രെഡാ നഡ്‌ ബോ​ഡ്രോ​ഗോ​മി​ലേക്കു ഞാൻ താമസം മാറി. ഒരു കൊച്ചു പട്ടണമായ അത്‌ ഇപ്പോൾ കിഴക്കൻ സ്ലോവാ​ക്യ​യി​ലാ​ണു സ്ഥിതി ചെയ്യു​ന്നത്‌. അവി​ടെ​യുള്ള ഒരു കൊല്ല​പ്പ​ണി​ക്കാ​രന്റെ കൂടെ​നിന്ന്‌ പണി പഠിക്കാ​നാ​ണു ഞാൻ പോയത്‌. എന്നാൽ കുതിര ലാടവും ലോഹം​കൊ​ണ്ടുള്ള മറ്റു വസ്‌തു​ക്ക​ളും നിർമി​ക്കു​ന്ന​തി​നെ​ക്കാൾ മൂല്യ​വ​ത്തായ ചില കാര്യങ്ങൾ അദ്ദേഹ​ത്തി​ന്റെ ഭവനത്തി​ലാ​യി​രി​ക്കെ എനിക്കു പഠിക്കാൻ കഴിഞ്ഞു.

അദ്ദേഹ​ത്തി​ന്റെ ഭാര്യ മാരിയ പൻക്കോ​വിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു. അങ്ങനെ ഞാൻ, പകൽ സമയം അവരുടെ ഭർത്താ​വി​ന്റെ പക്കൽനി​ന്നു കൊല്ല​പ്പണി പഠിക്കും, വൈകു​ന്നേ​ര​ങ്ങ​ളിൽ ബൈബിൾ പഠിക്കു​ക​യും സാക്ഷി​ക​ളോ​ടൊ​പ്പം യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്യും. കൊല്ല​പ്പ​ണി​യിൽ പരിശീ​ലനം നേടി​ക്കൊ​ണ്ടി​രുന്ന ഞാൻ സങ്കീർത്തനം 12:6-ലെ വാക്കുകൾ ഏറെ വിലമ​തി​ക്കാൻ ഇടയായി: “യഹോ​വ​യു​ടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴു​പ്രാ​വ​ശ്യം ശുദ്ധി​ചെയ്‌ത വെള്ളി​പോ​ലെ തന്നേ.” യഹോ​വ​യു​ടെ വചനങ്ങൾ പരിചി​ന്തി​ക്കാ​നും എന്റെ ബൈബിൾ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താ​നും കഴിഞ്ഞ ആ സായാ​ഹ്നങ്ങൾ എത്ര സന്തോ​ഷ​ക​ര​മാ​യി​രു​ന്നു!

എന്നാൽ താമസി​യാ​തെ​തന്നെ, രണ്ടാം ലോക​മ​ഹാ​യു​ദ്ധം കൊടു​മ്പി​രി​കൊ​ള്ളവേ, പുതു​താ​യി കണ്ടെത്തിയ എന്റെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​മെന്നു ഞാൻ കരുതി​യതേ ഇല്ല.

വിശ്വാ​സ​ത്തി​ന്റെ പേരിൽ തടവി​ലാ​ക്ക​പ്പെ​ടു​ന്നു

ഞാൻ കൊല്ല​പ്പ​ണി​യിൽ പരിശീ​ലനം നേടാൻ തുടങ്ങി അധികം കഴിയു​ന്ന​തി​നു മുമ്പ്‌ ഹംഗറി​യി​ലെ ചെറു​പ്പ​ക്കാർക്ക്‌ സൈനിക പരിശീ​ല​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള ഉത്തരവു ലഭിച്ചു. എന്നാൽ, യെശയ്യാ​വു 2:4-ൽ നൽകി​യി​രി​ക്കുന്ന, ‘യുദ്ധം അഭ്യസി​ക്ക​രുത്‌’ എന്ന തത്ത്വം പിൻപ​റ്റാൻ ഞാൻ തീരു​മാ​നി​ച്ചു. ആ തീരു​മാ​നത്തെ പ്രതി എന്നെ പത്തു ദിവസത്തെ തടവു​ശി​ക്ഷ​യ്‌ക്കു വിധിച്ചു. തടവിൽനി​ന്നു മോചി​ത​നാ​യ​ശേഷം ഞാൻ ബൈബിൾ പഠനം തുടർന്നു. 1941 ജൂലൈ 15-ന്‌ യഹോ​വ​യ്‌ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി.

അപ്പോ​ഴേ​ക്കും സോവി​യറ്റ്‌ യൂണിയൻ നാസി ജർമനി​യു​ടെ അധീന​ത​യിൽ ആയിക്ക​ഴി​ഞ്ഞി​രു​ന്നു. പൂർവ യൂറോപ്പ്‌ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. യുദ്ധ പ്രചാ​ര​ണങ്ങൾ തീവ്ര​മാ​യി, ദേശീയ വികാ​രങ്ങൾ ആളിക്കത്തി. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ഉറച്ച ബൈബി​ള​ധി​ഷ്‌ഠിത വിശ്വാ​സ​ങ്ങൾക്കു ചേർച്ച​യിൽ നിഷ്‌പക്ഷത പാലിച്ചു.

അങ്ങനെ​യി​രി​ക്കെ, 1942 ആഗസ്റ്റിൽ ഞങ്ങളുടെ നേർക്ക്‌ കടുത്ത ഒരാ​ക്ര​മണം ഉണ്ടായി. അധികാ​രി​കൾ പ്രായ​ഭേ​ദ​മ​ന്യേ യഹോ​വ​യു​ടെ സാക്ഷി​കളെ ഒന്നടങ്കം പിടി​കൂ​ടി പത്തു താവള​ങ്ങ​ളി​ലേക്കു മാറ്റി. ഞങ്ങളു​മാ​യി സമ്പർക്കം പുലർത്തി​യി​രു​ന്ന​വ​രും എന്നാൽ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാ​ഞ്ഞ​വ​രു​മായ ആളുക​ളെ​പ്പോ​ലും അവർ വെറു​തെ​വി​ട്ടില്ല. ഷാരൊ​ഷ്‌പാ​റ്റ​ക്കി​ലുള്ള ജയിലി​ലേക്കു കൊണ്ടു​പോ​യ​വ​രു​ടെ കൂട്ടത്തിൽ ഞാനും ഉണ്ടായി​രു​ന്നു. എന്റെ ഗ്രാമ​മായ പാറ്റ്‌സി​നിൽനിന്ന്‌ ഏകദേശം 20 കിലോ​മീ​റ്റർ അകലെ​യാ​യി​രുന്ന ഷാരൊ​ഷ്‌പാ​റ്റക്ക്‌ നഗരം.

ജയിലി​ലെ ഏറ്റവും പ്രായം കുറഞ്ഞ തടവു​പു​ള്ളിക്ക്‌ മൂന്നു മാസം പ്രായമേ ഉണ്ടായി​രു​ന്നു​ള്ളൂ. സാക്ഷി​യായ അമ്മയോ​ടൊ​പ്പം അവനെ​യും തടവി​ലാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. കുഞ്ഞി​നെ​ങ്കി​ലും അൽപ്പം ആഹാരം നൽകാൻ ഞങ്ങൾ അഭ്യർഥി​ച്ച​പ്പോൾ ഗാർഡ്‌ പരിഹാ​സ​പൂർവം പറഞ്ഞു: “അവൻ കിടന്നു​ക​ര​യട്ടെ. ശക്തനായ ഒരു സാക്ഷി​യാ​യി വളരാൻ അത്‌ അവനെ സഹായി​ക്കും.” ആ കുഞ്ഞിന്റെ കാര്യ​ത്തിൽ ഞങ്ങൾക്കു സങ്കടം തോന്നി, മാത്രമല്ല, ചെറു​പ്പ​ക്കാ​ര​നായ ആ ഗാർഡി​ന്റെ ഹൃദയം ദേശീയ പ്രചാ​ര​ണ​ങ്ങ​ളാൽ ഇത്രയ്‌ക്കു തഴമ്പിച്ചു പോയ​ല്ലോ എന്ന ചിന്തയും ഞങ്ങളെ അത്യധി​കം ദുഃഖി​പ്പി​ച്ചു.

വിചാരണ സമയത്ത്‌ എനിക്കു രണ്ടു വർഷത്തെ തടവു​ശി​ക്ഷ​യാ​ണു നൽകി​യത്‌. പിന്നീട്‌ എന്നെ ബുഡാ​പെ​സ്റ്റി​ലുള്ള 85 മോർഗീറ്റ്‌ കറൂട്ടി​ലുള്ള ജയിലി​ലേക്കു മാറ്റി. ഏതാണ്ട്‌ 4 മീറ്റർ നീളവും 6 മീറ്റർ വീതി​യും മാത്ര​മുള്ള തടവറ​ക​ളിൽ ഏകദേശം 50 മുതൽ 60 വരെ ആളുകളെ പാർപ്പി​ച്ചി​രു​ന്നു. കുളി​മു​റി​യോ കക്കൂസോ ഇല്ലായി​രുന്ന അവിടെ ഞങ്ങൾ എട്ടു മാസ​ത്തോ​ളം കഴിഞ്ഞു​കൂ​ടി. ആ കാലമ​ത്ര​യും കുളി​ക്കാ​നോ തുണി​യ​ല​ക്കാ​നോ ഞങ്ങൾക്കു കഴിഞ്ഞി​രു​ന്നില്ല. എല്ലാവ​രു​ടെ​യും മേൽ പേൻ വന്നുനി​റഞ്ഞു. രാത്രി കാലങ്ങ​ളിൽ ഞങ്ങളുടെ വൃത്തി​ഹീ​ന​മായ ശരീര​ങ്ങ​ളി​ലൂ​ടെ കീടങ്ങൾ ഇഴഞ്ഞു​ന​ട​ക്കു​മാ​യി​രു​ന്നു.

വെളു​പ്പിന്‌ നാലു മണിക്കു ഞങ്ങൾ ഉണരണ​മാ​യി​രു​ന്നു. ഒരു ചെറിയ കപ്പ്‌ കാപ്പി മാത്ര​മാ​യി​രു​ന്നു ഞങ്ങളുടെ പ്രഭാ​ത​ഭ​ക്ഷണം. ഉച്ചയ്‌ക്ക്‌ ഒരു ചെറിയ കപ്പ്‌ സൂപ്പും 150 ഗ്രാ​മോ​ളം വരുന്ന റൊട്ടി​യും അൽപ്പം കുറു​ക്കു​മാണ്‌ ലഭിച്ചി​രു​ന്നത്‌. വൈകിട്ട്‌ ഭക്ഷിക്കാൻ ഒന്നും തന്നിരു​ന്നില്ല. 20 വയസ്സു​കാ​ര​നാ​യി​രുന്ന ഞാൻ നല്ല ആരോ​ഗ്യ​മുള്ള വ്യക്തി​യാ​യി​രു​ന്നെ​ങ്കി​ലും ക്രമേണ തീർത്തും അവശനാ​യി നടക്കാൻ പോലും പറ്റാത്ത അവസ്ഥയി​ലാ​യി. പട്ടിണി​യും രോഗ​ബാ​ധ​യും നിമിത്തം തടവു​കാർ മരിക്കാൻ തുടങ്ങി.

ആ സമയത്താണ്‌ പുതിയ ഒരു തടവു​കാ​രൻ കൂടെ ഞങ്ങളുടെ തടവറ​യി​ലേക്കു വന്നത്‌, ഞാൻ തുടക്ക​ത്തിൽ പരാമർശിച്ച ആ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തൻതന്നെ. ബൈബിൾ കൈവശം വെക്കാൻ അദ്ദേഹ​ത്തിന്‌ അനുവാ​ദം ഉണ്ടായി​രു​ന്നു. അതൊന്നു വായി​ക്കാൻ ഞാൻ എത്ര കൊതി​ച്ചെ​ന്നോ! എന്നാൽ, അതു വായി​ക്കാൻ തരാമോ എന്നു ചോദി​ച്ച​പ്പോൾ അദ്ദേഹം വിസമ്മ​തി​ച്ചു. എങ്കിലും പിന്നീട്‌ അദ്ദേഹം എന്റെയ​ടു​ക്കൽ വന്നുപ​റഞ്ഞു: “ചെറുക്കാ, നീ വേണ​മെ​ങ്കിൽ ഈ ബൈബിൾ എടുത്തോ. ഞാൻ ഇതു നിനക്കു വിൽക്കാം.”

“വിൽക്കാ​മെ​ന്നോ, പക്ഷേ എന്റെ പക്കൽ പണമൊ​ന്നു​മി​ല്ല​ല്ലോ,” ഞാൻ പറഞ്ഞു.

അപ്പോ​ഴാണ്‌, ബൈബി​ളി​നു പകരം മൂന്നു ദിവസ​ത്തേ​ക്കുള്ള എന്റെ ഭക്ഷ്യവി​ഹി​ത​മായ റൊട്ടി നൽകി​യാൽ മതി​യെന്ന്‌ അദ്ദേഹം പറഞ്ഞത്‌. ആ കൈമാ​റ്റം എത്ര പ്രതി​ഫ​ല​ദാ​യകം ആയിരു​ന്നെ​ന്നോ! ശാരീ​രി​ക​മാ​യി പട്ടിണി കിട​ക്കേണ്ടി വന്നെങ്കി​ലും, ആ പ്രക്ഷുബ്ധ നാളു​ക​ളിൽ പിടി​ച്ചു​നിൽക്കാൻ എന്നെയും മറ്റുള്ള​വ​രെ​യും സഹായിച്ച ആത്മീയ ആഹാരം അങ്ങനെ എനിക്കു ലഭിച്ചു. ആ ബൈബിൾ ഇന്നും ഞാൻ സൂക്ഷി​ക്കു​ന്നു.—മത്തായി 4:4.

ഞങ്ങളുടെ നിഷ്‌പക്ഷത പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

ഹംഗറി​യി​ലെ​ങ്ങു​നി​ന്നു​മുള്ള സാക്ഷി​ക​ളായ യുവാ​ക്കളെ—ഞാൻ ഉൾപ്പെടെ ഏതാണ്ട്‌ 160 പേരെ—1943 ജൂണിൽ ബുഡാ​പെ​സ്റ്റി​ന​ടു​ത്തുള്ള ഒരു പട്ടണമായ യാസ്‌ബെ​റേ​നി​ലേക്കു കൊണ്ടു​പോ​യി. സൈനിക തൊപ്പി​യും ത്രിവർണ കൈപ്പ​ട്ട​യും ധരിക്കാൻ വിസമ്മ​തി​ച്ച​തി​നെ തുടർന്ന്‌ അധികാ​രി​കൾ ഞങ്ങളെ ചരക്കു​തീ​വ​ണ്ടി​ക​ളിൽ കയറ്റി ബുഡാ​പെസ്റ്റ്‌-കോ​യെ​ബാ​ന്യ റെയിൽവേ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി. അവിടെ, സൈനിക ഉദ്യോ​ഗസ്ഥർ ഞങ്ങളെ ഓരോ​രു​ത്തരെ പേരു വിളിച്ച്‌ വണ്ടിയിൽനി​ന്നി​റക്കി, എന്നിട്ട്‌ സൈനി​ക​രാ​യി റിപ്പോർട്ടു ചെയ്യാൻ കൽപ്പിച്ചു.

“ഹെയ്‌ൽ ഹിറ്റ്‌ലർ”—“ഹിറ്റ്‌ലർ വാഴ്‌ത്ത​പ്പെ​ടട്ടെ” എന്നർഥം—എന്നു പറയാൻ അവർ ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. ഓരോ സാക്ഷി​യും അതിനു വിസമ്മ​തി​ച്ച​പ്പോൾ ഉദ്യോ​ഗസ്ഥർ അയാളെ ക്രൂര​മാ​യി മർദിച്ചു. ഒടുവിൽ, ഞങ്ങളെ ഉപദ്ര​വി​ച്ചവർ ക്ഷീണി​ച്ചു​പോ​യി. അതു​കൊണ്ട്‌ അവരിൽ ഒരാൾ പറഞ്ഞു: “ഒരുത്തനെ കൂടെ നമുക്കു തല്ലാം, പക്ഷേ അത്‌ അവന്റെ അവസാനം ആയിരി​ക്കും.”

കാലങ്ങ​ളാ​യി ഒരു സാക്ഷി​യാ​യി​രുന്ന റ്റീബോർ ഹോഫ്‌നർ എന്ന പ്രായ​മായ സഹോ​ദ​രന്‌ വണ്ടിയിൽ വെച്ച്‌ സാക്ഷി​ക​ളു​ടെ ലിസ്റ്റിന്റെ ഒരു പ്രതി ലഭിച്ചി​രു​ന്നു. അദ്ദേഹം എന്റെ ചെവി​യിൽ മന്ത്രിച്ചു: “സഹോ​ദരാ, അടുത്തതു താങ്കളാണ്‌. ധൈര്യ​മാ​യി​രി​ക്കുക! യഹോ​വ​യിൽ ആശ്രയി​ക്കുക.” അപ്പോൾത്തന്നെ അവർ എന്റെ പേരു വിളിച്ചു. ഞാൻ വണ്ടിയു​ടെ വാതിൽക്കൽനി​ന്നു. എന്നോട്‌ ഇറങ്ങി​ച്ചെ​ല്ലാൻ അവർ ആവശ്യ​പ്പെട്ടു. “ഇവന്റെ ശരീര​ത്തിൽ അൽപ്പ​മെ​ങ്കി​ലും മാംസം ഉണ്ടെങ്കി​ലല്ലേ നമുക്കു തല്ലാൻ പറ്റൂ,” ഒരു പട്ടാള​ക്കാ​രൻ പറഞ്ഞു. എന്നിട്ട്‌ അയാൾ എന്നോട്‌ പറഞ്ഞു: “മര്യാ​ദ​യ്‌ക്ക്‌ ഞങ്ങൾ പറയു​ന്നതു കേട്ടാൽ, നിന്നെ അടുക്ക​ള​യിൽ ഭക്ഷണം പാകം ചെയ്യാ​നി​ടാം. ഇല്ലെങ്കിൽ നിനക്കു ചാകേ​ണ്ടി​വ​രും.”

“ഞാൻ യാതൊ​രു​വിധ സൈനിക സേവന​ത്തി​നും റിപ്പോർട്ട്‌ ചെയ്യില്ല, എനിക്ക്‌ വണ്ടിയിൽ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടു​ത്തേക്കു തിരി​ച്ചു​പോ​യാൽ മതി,” ഞാൻ മറുപടി നൽകി.

എന്നോടു സഹതാപം തോന്നിയ ഒരു പട്ടാള​ക്കാ​രൻ എന്നെ തൂക്കി​യെ​ടുത്ത്‌ വീണ്ടും വണ്ടിയി​ലേ​ക്കി​ട്ടു. 40 കിലോ​ഗ്രാ​മിൽ താഴെ മാത്രം തൂക്കമു​ണ്ടാ​യി​രുന്ന എന്നെ പൊക്കി​യെ​ടു​ക്കാൻ അയാൾക്കു പ്രയാ​സ​മു​ണ്ടാ​യി​രു​ന്നില്ല. ഹോഫ്‌നർ സഹോ​ദരൻ എന്റെ അടുക്കൽവന്നു തോളിൽ കൈ​വെച്ചു, എന്നിട്ട്‌ എന്റെ മുഖം തലോ​ടി​ക്കൊണ്ട്‌ സങ്കീർത്തനം 20:1 ഉദ്ധരിച്ചു: “യഹോവ കഷ്ടകാ​ല​ത്തിൽ നിനക്കു ഉത്തരമ​രു​ളു​മാ​റാ​കട്ടെ; യാക്കോ​ബിൻ ദൈവ​ത്തി​ന്റെ നാമം നിന്നെ ഉയർത്തു​മാ​റാ​കട്ടെ.”

തൊഴിൽപ്പാ​ള​യ​ത്തിൽ

അതിനു​ശേഷം ഞങ്ങളെ ഒരു ബോട്ടിൽ കയറ്റി ഡാന്യൂബ്‌ നദിവഴി യൂഗോ​സ്ലാ​വി​യ​യി​ലേക്കു കൊണ്ടു​പോ​യി. 1943 ജൂ​ലൈ​യിൽ ഞങ്ങൾ, യൂറോ​പ്പി​ലെ ഏറ്റവും വലിയ ചെമ്പു ഖനിക​ളിൽ ഒന്ന്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ബോർ നഗരത്തി​ന​ട​ത്തുള്ള തൊഴിൽപ്പാ​ള​യ​ത്തിൽ എത്തി. ക്രമേണ, ഏതാണ്ട്‌ 6,000 യഹൂദ​ന്മാ​രും 160 യഹോ​വ​യു​ടെ സാക്ഷി​ക​ളും ഉൾപ്പെടെ വിവിധ ദേശങ്ങ​ളിൽനി​ന്നുള്ള 60,000-ത്തോളം പേർ പാളയ​ത്തി​ലെത്തി.

സാക്ഷി​ക​ളെ​ല്ലാം ഒരു വലിയ ബാരക്കി​ലാ​യി​രു​ന്നു. അതിന്റെ നടുവി​ലാ​യി മേശക​ളും ബെഞ്ചു​ക​ളും ഉണ്ടായി​രു​ന്നു, ആഴ്‌ച​യിൽ രണ്ടു പ്രാവ​ശ്യം ഞങ്ങൾ അവിടെ യോഗങ്ങൾ നടത്തി. ക്യാമ്പി​ലേക്കു കടത്തി​ക്കൊ​ണ്ടു​വന്ന വീക്ഷാ​ഗോ​പു​രം മാസി​കകൾ ഞങ്ങൾ പഠിച്ചു, അതു​പോ​ലെ എന്റെ ഭക്ഷ്യവി​ഹി​തം കൊടു​ത്തു ഞാൻ വാങ്ങിയ ബൈബിൾ ഞങ്ങൾ വായിച്ചു. ഞങ്ങൾ ഗീതങ്ങൾ ആലപി​ക്കു​ക​യും ഒരുമി​ച്ചു പ്രാർഥി​ക്കു​ക​യും ചെയ്‌തു.

മറ്റ്‌ അന്തേവാ​സി​ക​ളു​മാ​യി നല്ല ബന്ധം പുലർത്താൻ ഞങ്ങൾ ശ്രമി​ച്ചി​രു​ന്നു, അത്‌ പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളിഞ്ഞു. ഒരിക്കൽ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു കടുത്ത വയറു​വേദന വന്നു, സഹായ​ത്തി​നാ​യി എന്തെങ്കി​ലും ക്രമീ​ക​ര​ണങ്ങൾ ചെയ്യാൻ ഗാർഡു​കൾ തയ്യാറാ​യില്ല. അദ്ദേഹ​ത്തി​ന്റെ നില വഷളാ​യ​പ്പോൾ ഒരു യഹൂദ അന്തേവാ​സി​യാ​യി​രുന്ന ഡോക്ടർ ശസ്‌ത്ര​ക്രിയ നടത്താ​മെന്നു സമ്മതിച്ചു. ഡോക്ടർ കാലഹ​ര​ണ​പ്പെട്ട ചില രീതികൾ ഉപയോ​ഗിച്ച്‌ അദ്ദേഹ​ത്തി​ന്റെ ബോധം​കെ​ടു​ത്തി, എന്നിട്ട്‌ ഒരു സ്‌പൂ​ണി​ന്റെ പിടിക്കു മൂർച്ച​വ​രു​ത്തി അതുപ​യോ​ഗി​ച്ചു ശസ്‌ത്ര​ക്രിയ നടത്തി. സഹോ​ദരൻ സുഖം പ്രാപി​ച്ചു, യുദ്ധ​ശേഷം വീട്ടി​ലേക്കു തിരി​ച്ചു​പോ​വു​ക​യും ചെയ്‌തു.

ഖനിയി​ലെ പണി തളർത്തു​ന്ന​താ​യി​രു​ന്നു, ലഭിച്ചി​രുന്ന ആഹാര​മാ​കട്ടെ വളരെ തുച്ഛവും. പണിക്കി​ട​യിൽ അപകട​ത്തിൽപ്പെട്ട്‌ രണ്ടു സഹോ​ദ​ര​ന്മാർ മരിച്ചു, മറ്റൊരു സഹോ​ദരൻ അസുഖം മൂലവും. റഷ്യൻ സൈന്യം സമീപി​ച്ചു​കൊ​ണ്ടി​രി​ക്കുക ആയിരു​ന്ന​തി​നാൽ 1944 സെപ്‌റ്റം​ബ​റിൽ പാളയം ഒഴിപ്പി​ക്കാൻ അധികാ​രി​കൾ തീരു​മാ​നി​ച്ചു. തുടർന്നു​ണ്ടായ കാര്യങ്ങൾ സ്വന്ത കണ്ണു​കൊണ്ട്‌ കണ്ടില്ലാ​യി​രു​ന്നെ​ങ്കിൽ എനിക്കു വിശ്വ​സി​ക്കാൻ പ്രയാ​സ​മാ​യി​രി​ക്കു​മാ​യി​രു​ന്നു.

ഭയാന​ക​മായ ഒരു പ്രയാണം

ഒരാഴ്‌ച നീണ്ടു​നിന്ന കാൽന​ട​യാ​ത്ര​യ്‌ക്കു ശേഷം ഒട്ടേറെ യഹൂദ തടവു​കാ​രോ​ടൊ​പ്പം ഞങ്ങൾ അവശരാ​യി ബെൽ​ഗ്രേ​ഡിൽ എത്തി​ച്ചേർന്നു. വീണ്ടും കുറേ ദിവസത്തെ യാത്ര​യ്‌ക്കു ശേഷം ഞങ്ങൾ ചെർവെ​ങ്കോ ഗ്രാമ​ത്തിൽ എത്തി.

ചെർവെ​ങ്കോ​യിൽവെച്ച്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ അഞ്ചു പേർ വീതം ഓരോ വരിയിൽ നിൽക്കാൻ പറഞ്ഞു. പിന്നീട്‌ ഓരോ രണ്ടാമത്തെ വരിയിൽനി​ന്നും ഓരോ സാക്ഷിയെ വിളി​ച്ചു​കൊ​ണ്ടു​പോ​യി. കണ്ണീ​രോ​ടെ ഞങ്ങൾ അതു നോക്കി​നി​ന്നു, അവരെ വധിക്കാൻ കൊണ്ടു​പോ​വു​ക​യാ​യി​രി​ക്കും എന്നാണു ഞങ്ങൾ കരുതി​യത്‌. എന്നാൽ കുറച്ചു കഴിഞ്ഞ​പ്പോൾ അവർ തിരി​ച്ചു​വന്നു. എന്താണു സംഭവി​ച്ചത്‌? ജർമൻ പട്ടാള​ക്കാർ അവരോ​ടു ശവക്കു​ഴി​കൾ കുഴി​ക്കാൻ ആവശ്യ​പ്പെട്ടു, എന്നാൽ അവർ ഒരാഴ്‌ച​യാ​യി ഒന്നും കഴിച്ചി​ട്ടി​ല്ലെ​ന്നും അതു​കൊണ്ട്‌ അവർക്കു ജോലി ചെയ്യാ​നുള്ള ശേഷി​യി​ല്ലെ​ന്നും ഹംഗറി​ക്കാ​ര​നായ ഒരു കമാൻഡർ ആ പട്ടാള​ക്കാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു.

അന്നു വൈകു​ന്നേരം ഞങ്ങൾ സാക്ഷി​ക​ളെ​യെ​ല്ലാം ഇഷ്ടിക ഉണക്കാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു കെട്ടി​ട​ത്തി​ന്റെ മേൽമു​റി​യി​ലേക്കു കൊണ്ടു​പോ​യി. ഒരു ജർമൻ ഉദ്യോ​ഗസ്ഥൻ ഞങ്ങളോ​ടു പറഞ്ഞു: “മിണ്ടാതെ ഇവിടെ ഇരുന്നു​കൊ​ള്ളണം. ഇതൊരു കാളരാ​ത്രി​യാ​യി​രി​ക്കും.” എന്നിട്ട്‌ അയാൾ വാതിൽ പൂട്ടി പുറത്തു​പോ​യി. ഏതാനും നിമി​ഷ​ങ്ങൾക്കു​ശേഷം ഞങ്ങൾ പട്ടാള​ക്കാ​രു​ടെ അലർച്ച കേട്ടു: “വേഗം! വേഗം!” പിന്നെ തോക്കു​ക​ളു​ടെ ഗർജനം, അതുക​ഴിഞ്ഞ്‌ പേടി​പ്പി​ക്കുന്ന നിശ്ശബ്ദ​ത​യും. വീണ്ടും അവർ വിളിച്ചു പറഞ്ഞു, “വേഗം! വേഗം!” പിന്നെ ഞങ്ങൾ കൂടുതൽ വെടി​യൊ​ച്ചകൾ കേട്ടു.

സംഭവി​ക്കു​ന്നത്‌ എന്താ​ണെന്നു മേൽക്കൂ​ര​യ്‌ക്കി​ട​യി​ലൂ​ടെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. പട്ടാള​ക്കാർ യഹൂദ അന്തേവാ​സി​കളെ കൂട്ട​ത്തോ​ടെ കൊണ്ടു​വ​രും, എന്നിട്ട്‌ അവരെ ഒരു കുഴി​യു​ടെ വക്കിൽ നിറുത്തി വെടി​വെ​ക്കും. അതിനു​ശേഷം കൂടി​ക്കി​ട​ന്നി​രുന്ന ശവശരീ​ര​ങ്ങൾക്കു മീതെ പട്ടാള​ക്കാർ കൈ​ബോം​ബു​കൾ എറിയും. നേരം പുലർന്ന​പ്പോൾ യഹൂദ തടവു​കാ​രിൽ എട്ട്‌ പേരൊ​ഴി​കെ ബാക്കി എല്ലാവ​രും മരിച്ചി​രു​ന്നു. ജർമൻ പട്ടാള​ക്കാർ ഓടി​പ്പോ​കു​ക​യും ചെയ്‌തി​രു​ന്നു. ഞങ്ങൾ മാനസി​ക​മാ​യും ശാരീ​രി​ക​മാ​യും തളർന്നു​പോ​യി. ഈ കൂട്ട​ക്കൊല നടന്ന സമയത്ത്‌ സാക്ഷി​ക​ളായ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായി​രുന്ന യാനോഷ്‌ ടൊ​യെ​റോ​യെ​ക്കും യാൻ ബോല്ലി​യും ഇന്നും ജീവി​ച്ചി​രി​പ്പുണ്ട്‌.

ജീവ​നോ​ടെ സംരക്ഷി​ക്ക​പ്പെ​ടു​ന്നു

ഹംഗറി​ക്കാ​രായ പട്ടാള​ക്കാ​രു​ടെ അകമ്പടി​യോ​ടെ ഞങ്ങൾ പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടു​മുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു. സൈനിക പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ കൂടെ​ക്കൂ​ടെ അവർ ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. എങ്കിലും നിഷ്‌പക്ഷത പാലി​ച്ചു​കൊ​ണ്ടു​തന്നെ ജീവ​നോ​ടി​രി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഞങ്ങൾ, 1945 ഏപ്രി​ലിൽ ഓസ്‌ട്രിയ-ഹംഗറി അതിർത്തി​ക്കു സമീപ​മുള്ള സോം​ബോ​റ്റ്‌ഹേ നഗരത്തിൽ ജർമൻ സൈന്യ​ത്തി​നും റഷ്യൻ സൈന്യ​ത്തി​നും ഇടയിൽ കുടു​ങ്ങി​പ്പോ​യി. വ്യോ​മാ​ക്ര​മണം ഉണ്ടാകാൻ സാധ്യ​ത​യു​ള്ള​താ​യി അറിഞ്ഞ​പ്പോൾ ഞങ്ങളുടെ ഗാർഡാ​യി​രുന്ന ഹംഗറി​ക്കാ​ര​നായ ഒരു ക്യാപ്‌റ്റൻ ചോദി​ച്ചു: “ഞാനും നിങ്ങ​ളോ​ടൊ​പ്പം അഭയം തേടി​ക്കോ​ട്ടേ? ദൈവം നിങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു.” ബോം​ബാ​ക്ര​മണം കഴിഞ്ഞ​പ്പോൾ, ഞങ്ങൾ ആ നഗരം വിട്ടു. വഴിയി​ലു​ട​നീ​ളം മൃഗങ്ങ​ളു​ടെ​യും മനുഷ്യ​രു​ടെ​യും ശവശരീ​രങ്ങൾ ചിതറി​ക്കി​ടന്നു.

യുദ്ധം ഉടനെ അവസാ​നി​ക്കു​മെന്നു മനസ്സി​ലാ​യ​പ്പോൾ മുമ്പു പറഞ്ഞ അതേ ക്യാപ്‌റ്റൻ ഞങ്ങളെ വിളി​ച്ചു​കൂ​ട്ടി ഇങ്ങനെ പറഞ്ഞു: “എന്നോടു നിങ്ങൾ ബഹുമാ​ന​പൂർവം പെരു​മാ​റി​യ​തി​നു നന്ദി. നിങ്ങൾ ഓരോ​രു​ത്തർക്കും നൽകാൻ എന്റെ കയ്യിൽ അൽപ്പം തേയി​ല​യും പഞ്ചസാ​ര​യു​മുണ്ട്‌. ഇതെങ്കി​ലു​മി​രി​ക്കട്ടെ.” ഞങ്ങളോ​ടു മനുഷ്യ​ത്വ​പ​ര​മാ​യി പെരു​മാ​റി​യ​തി​നു ഞങ്ങൾ അദ്ദേഹ​ത്തി​നു നന്ദി പറഞ്ഞു.

ഏതാനും ദിവസ​ങ്ങൾക്കകം റഷ്യക്കാർ എത്തി​ച്ചേർന്നു, ചെറിയ കൂട്ടങ്ങ​ളാ​യി ഞങ്ങൾ സ്വദേ​ശ​ത്തേക്കു യാത്ര തിരിച്ചു. എന്നാൽ ഞങ്ങളുടെ കഷ്ടതകൾ അവിടം​കൊണ്ട്‌ അവസാ​നി​ച്ചി​രു​ന്നില്ല. ബുഡാ​പെ​സ്റ്റിൽ എത്തി​ച്ചേർന്ന​ശേഷം റഷ്യക്കാർ ഞങ്ങളെ കസ്റ്റഡി​യിൽ എടുത്തു. ഇപ്രാ​വ​ശ്യം ഞങ്ങളെ സോവി​യറ്റ്‌ സേനയി​ലേക്കു ചേർക്കാ​നുള്ള ശ്രമമാ​യി​രു​ന്നു.

നടപടി​ക്ര​മ​ങ്ങ​ളു​ടെ മേൽനോ​ട്ടം വഹിച്ചത്‌ ഒരു ഡോക്ടർ ആയിരു​ന്നു, ഉന്നതത​ല​ത്തി​ലുള്ള ഒരു റഷ്യൻ ഉദ്യോ​ഗസ്ഥൻ. ഞങ്ങൾ മുറി​യിൽ പ്രവേ​ശി​ച്ച​പ്പോൾ ഞങ്ങൾ അദ്ദേഹത്തെ തിരി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും അദ്ദേഹം ഞങ്ങളെ തിരി​ച്ച​റി​ഞ്ഞു. ബോറി​ലെ തൊഴിൽപ്പാ​ള​യ​ത്തിൽ അദ്ദേഹം ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു, നാസി വംശഹ​ത്യ​യെ അതിജീ​വിച്ച ഏതാനും യഹൂദ​രിൽ ഒരാളാ​യി​രു​ന്നു അദ്ദേഹം. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഗാർഡു​ക​ളോട്‌ ഉത്തരവി​ട്ടു: “ഇവർ എട്ടു പേരും വീട്ടിൽ പൊയ്‌ക്കോ​ട്ടെ.” ഞങ്ങൾ അദ്ദേഹ​ത്തി​നു നന്ദി പറഞ്ഞു, സർവോ​പരി ഞങ്ങൾ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യി അവനു നന്ദി നൽകി.

എന്റെ പ്രത്യാശ ഇന്നും ജ്വലിച്ചു നിൽക്കു​ന്നു

ഒടുവിൽ 1945 ഏപ്രിൽ 30-ന്‌ ഞാൻ പാറ്റ്‌സി​നി​ലുള്ള എന്റെ വീട്ടിൽ എത്തി. അധികം വൈകാ​തെ ഞാൻ എന്റെ പരിശീ​ലനം പൂർത്തി​യാ​ക്കാ​നാ​യി സ്റ്റ്രെഡാ നഡ്‌ ബോ​ഡ്രോ​ഗോ​മി​ലെ കൊല്ല​പ്പ​ണി​ക്കാ​രന്റെ വീട്ടി​ലേക്കു പോയി. അവി​ടെ​വെച്ച്‌ ഒരു ഉപജീവന മാർഗം മാത്രമല്ല അതിലു​പരി എന്റെ ജീവി​തത്തെ മാറ്റി​മ​റിച്ച ബൈബിൾ സത്യങ്ങ​ളും ഞാൻ പഠിച്ചി​രു​ന്നു. ഇപ്പോൾ പൻക്കോ​വിച്ച്‌ ദമ്പതികൾ എനിക്കു മറ്റൊന്നു കൂടെ തന്നു. 1946 സെപ്‌റ്റം​ബർ 23-ന്‌ യോലാന്ന എന്ന അവരുടെ സുന്ദരി​യായ മകൾ എന്റെ ഭാര്യ​യാ​യി.

യോലാ​ന്ന​യും ഞാനും ക്രമമായ ബൈബിൾ പഠനവും പ്രസം​ഗ​വേ​ല​യും തുടർന്നു. 1948-ൽ ഒരു മകനെ, ആൻ​ഡ്രേയെ, നൽകി യഹോവ ഞങ്ങളെ അനു​ഗ്ര​ഹി​ച്ചു. എന്നാൽ, മതസ്വാ​ത​ന്ത്ര്യം ലഭിച്ച​തി​ലുള്ള ഞങ്ങളുടെ സന്തോഷം അധിക​നാൾ നീണ്ടു​നി​ന്നില്ല. താമസി​യാ​തെ കമ്മ്യൂ​ണി​സ്റ്റു​കാർ ഞങ്ങളുടെ ദേശം കൈയ്യ​ടക്കി, വീണ്ടും പീഡന​ത്തി​ന്റെ അലകളു​യർന്നു. 1951-ൽ ചെക്കോ​സ്ലോ​വാ​ക്യൻ കമ്മ്യൂ​ണിസ്റ്റ്‌ അധികാ​രി​കൾ എന്നെ സൈന്യ​ത്തി​ലേക്ക്‌ എടുത്തി​രി​ക്കു​ന്ന​താ​യി അറിയി​ച്ചു. വീണ്ടും പഴയ രംഗങ്ങൾതന്നെ ആവർത്തി​ച്ചു: വിചാരണ, വിധി, തടവു​ശിക്ഷ, അടിമ​ത്തൊ​ഴിൽ, പട്ടിണി. എന്നാൽ ദൈവ​ത്തി​ന്റെ സഹായ​ത്താൽ ഞാൻ വീണ്ടും അതിജീ​വി​ച്ചു. ഒരു പൊതു​മാപ്പ്‌ പ്രഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നെ തുടർന്ന്‌ 1952-ൽ ഞാൻ മോചി​ത​നാ​കു​ക​യും സ്ലോവാ​ക്യ​യി​ലെ ലാഡ്‌മോ​വ്‌സെ​യി​ലുള്ള എന്റെ കുടും​ബ​ത്തോ​ടു ചേരു​ക​യും ചെയ്‌തു.

ഏതാണ്ട്‌ 40 വർഷ​ത്തേക്ക്‌ ഞങ്ങളുടെ ക്രിസ്‌തീയ ശുശ്രൂഷ നിരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ വിശുദ്ധ സേവനം തുടർന്നു. 1954 മുതൽ 1988 വരെ ഒരു സഞ്ചാര മേൽവി​ചാ​രകൻ ആയി സേവി​ക്കാൻ എനിക്കു പദവി ലഭിച്ചു. വാരാ​ന്ത​ങ്ങ​ളിൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ സന്ദർശി​ക്കു​ക​യും തങ്ങളുടെ നിർമലത കാത്തു​സൂ​ക്ഷി​ക്കാൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. മറ്റു ദിവസ​ങ്ങ​ളിൽ ഞാൻ കുടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു, ഞങ്ങളുടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി കരുതാൻ എനിക്ക്‌ ലൗകിക തൊഴിൽ ചെയ്യേ​ണ്ടി​യി​രു​ന്നു. ആ സമയങ്ങ​ളി​ലൊ​ക്കെ​യും യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ വഴിന​ടത്തൽ ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. ബൈബി​ളി​ലെ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ സത്യമാ​ണെന്നു ഞാൻ കണ്ടെത്തി: “മനുഷ്യർ നമ്മോടു എതിർത്ത​പ്പോൾ, യഹോവ നമ്മുടെ പക്ഷത്തി​ല്ലാ​യി​രു​ന്നെ​ങ്കിൽ, അവരുടെ കോപം നമ്മു​ടെ​നേരെ ജ്വലി​ച്ച​പ്പോൾ, അവർ നമ്മെ ജീവ​നോ​ടെ വിഴു​ങ്ങി​ക്ക​ള​യു​മാ​യി​രു​ന്നു.”—സങ്കീർത്തനം 124:2, 3.

കാലാ​ന്ത​ര​ത്തിൽ, ആൻഡ്രേ വിവാ​ഹി​ത​നാ​യ​തും ക്രമേണ പക്വത​യുള്ള ഒരു ക്രിസ്‌തീയ മേൽവി​ചാ​ര​ക​നാ​യി പുരോ​ഗ​മി​ച്ച​തും കാണാൻ സാധി​ച്ചത്‌ എന്നെയും യോലാ​ന്ന​യെ​യും സന്തോ​ഷി​പ്പി​ച്ചു. അവന്റെ ഭാര്യ എലിഷ്‌ക​യും മക്കളായ റാഡി​മും ഡാനി​യേ​ലും സജീവ ക്രിസ്‌തീയ ശുശ്രൂ​ഷകർ ആയിത്തീർന്നു. 1998-ൽ എന്റെ പ്രിയ​പ്പെട്ട യോലാ​ന്ന​യു​ടെ മരണം എനിക്ക്‌ ഒരു കനത്ത നഷ്ടം ആയിരു​ന്നു. ഞാൻ അനുഭ​വിച്ച പരി​ശോ​ധ​ന​ക​ളിൽ എനിക്കു സഹിക്കാൻ ഏറ്റവും പ്രയാസം ഇതാണ്‌. ഓരോ ദിവസ​വും അവളുടെ അഭാവം എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും വിലതീ​രാത്ത പുനരു​ത്ഥാന പ്രത്യാ​ശ​യിൽ ഞാൻ ആശ്വാസം കണ്ടെത്തു​ന്നു.—യോഹ​ന്നാൻ 5:28, 29.

ഇപ്പോൾ 79-ാമത്തെ വയസ്സിൽ ഞാൻ സ്ലോവാ​ക്യ​യി​ലുള്ള സ്ലോ​വെൻസ്‌ക്കെ നോവെ മെസ്റ്റോ ഗ്രാമ​ത്തി​ലെ സഭയിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു. ഇവിടെ, എന്റെ അയൽക്കാ​രു​മാ​യി അമൂല്യ​മായ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാശ പങ്കു​വെ​ക്കു​ന്ന​തിൽ ഞാൻ അങ്ങേയറ്റം സന്തോഷം അനുഭ​വി​ക്കു​ന്നു. കഴിഞ്ഞ കാലത്തെ കുറിച്ച്‌, യഹോ​വ​യു​ടെ സേവന​ത്തിൽ ചെലവ​ഴിച്ച 60-ലധികം വർഷത്തെ കുറിച്ചു ചിന്തി​ക്കു​മ്പോൾ അവന്റെ സഹായ​ത്താൽ നമുക്ക്‌ ഏതു പ്രതി​ബ​ന്ധ​ങ്ങ​ളെ​യും പരി​ശോ​ധ​ന​ക​ളെ​യും തരണം ചെയ്യാൻ സാധി​ക്കു​മെന്ന്‌ എനിക്കു ബോധ്യ​മാ​കു​ന്നു. എന്റെ ആഗ്രഹ​വും പ്രത്യാ​ശ​യും സങ്കീർത്തനം 86:12-ൽ പറഞ്ഞി​രി​ക്കു​ന്ന​തി​നു ചേർച്ച​യി​ലാണ്‌: “എന്റെ ദൈവ​മായ കർത്താവേ, ഞാൻ പൂർണ്ണ ഹൃദയ​ത്തോ​ടെ നിന്നെ സ്‌തു​തി​ക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.”(g02 4/22)

[18-ാം പേജിലെ ചിത്രം]

എന്റെ ഭക്ഷ്യവി​ഹി​ത​മായ റൊട്ടി​ക്കു പകരം എനിക്കു ലഭിച്ച ബൈബിൾ

[19-ാം പേജിലെ ചിത്രം]

പരിശോധനാ സമയത്ത്‌ എനിക്കു പ്രോ​ത്സാ​ഹ​ന​മേ​കിയ റ്റീബോർ ഹോഫ്‌നർ

[20-ാം പേജിലെ ചിത്രം]

ബോർ തൊഴിൽപ്പാ​ള​യ​ത്തി​ലെ സാക്ഷികൾ

[20-ാം പേജിലെ ചിത്രം]

ബോർ തൊഴിൽപ്പാ​ള​യ​ത്തിൽ ജർമൻ പട്ടാള​ക്കാ​രു​ടെ സാന്നി​ധ്യ​ത്തിൽ ഒരു സാക്ഷി​യു​ടെ ശവസം​സ്‌കാ​ര​ച്ച​ടങ്ങ്‌ നടത്തുന്നു

[21-ാം പേജിലെ ചിത്രം]

യാനോഷ്‌ ടൊ​യെ​റോ​യെ​ക്കും യാൻ ബോല്ലി​യും (ഇൻസെ​റ്റിൽ) കൂട്ട​ക്കൊ​ല​യു​ടെ സമയത്ത്‌ സന്നിഹി​ത​രാ​യി​രു​ന്നു

[21-ാം പേജിലെ ചിത്രം]

1946 സെപ്‌റ്റം​ബ​റിൽ യോലാന്ന എന്റെ ഭാര്യ​യാ​യി

[22-ാം പേജിലെ ചിത്രം]

മകനോടും മരുമ​ക​ളോ​ടും പേരക്കു​ട്ടി​ക​ളോ​ടു​മൊ​പ്പം