കാർപ്പെറ്റുകൾ എത്രത്തോളം സുരക്ഷിതം?
കാർപ്പെറ്റുകൾ എത്രത്തോളം സുരക്ഷിതം?
കാർപ്പെറ്റിട്ട സ്ഥലങ്ങളിൽ നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നുണ്ട്? ന്യൂ സയന്റിസ്റ്റ് മാസികയിൽ വന്ന ഒരു റിപ്പോർട്ടു സൂചിപ്പിക്കുന്ന പ്രകാരം അതിനുള്ള ഉത്തരം ഉത്കണ്ഠയ്ക്കു കാരണമായിരുന്നേക്കാം, വിശേഷിച്ചും കൊച്ചു കുട്ടികളുടെ കാര്യത്തിൽ.
മാസിക ഇങ്ങനെ പറഞ്ഞു: “വീടിനുള്ളിലോ ഏതെങ്കിലും കെട്ടിടത്തിനകത്തോ ആയിരിക്കുമ്പോൾ, വിഷമുള്ള മലിനീകാരികളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യത പുറത്തായിരിക്കുമ്പോഴത്തേതിനെക്കാൾ 10 മുതൽ 50 വരെ ശതമാനം കൂടുതലാണ്.” സാധാരണ വീടുകളിൽനിന്നുള്ള കാർപ്പെറ്റുകളിലെ പൊടിയുടെ സാമ്പിളുകളിൽ മലിനീകാരികൾ ഉയർന്ന അളവിൽ കണ്ടെത്തിയിട്ടുള്ളതായി ഐക്യനാടുകളിലെ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായ ജോൺ റോബർട്ട്സ് പറയുന്നു. ഇവയിൽ ഈയം, കാഡ്മിയം, മെർക്കുറി, കീടനാശിനികൾ, അർബുദകാരികളായ പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ (പിസിബി-കൾ), പോളിസൈക്ലിക് അരോമറ്റിക് ഹൈഡ്രോകാർബണുകൾ (പഎഎച്ച്-കൾ) എന്നിവ ഉൾപ്പെടുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രകാരം പാദരക്ഷകളിലും ഓമനമൃഗങ്ങളുടെ കാലിലും മറ്റും പറ്റി വീടിനകത്തേക്കു കൊണ്ടുവരപ്പെടുന്ന കീടനാശിനികൾ കാർപ്പെറ്റുകളിലെ കീടനാശിനിയുടെ അളവ് 400 മടങ്ങ് വരെ വർധിക്കാൻ ഇടയാക്കുന്നു. ഈ മലിനീകാരികൾ വർഷങ്ങളോളം അവിടെത്തന്നെ തങ്ങിനിൽക്കുകയും ചെയ്തേക്കാം. കീടനാശിനികളും പിഎഎച്ച്-കളും അർധ ബാഷ്പശീലമുള്ളവ ആയതിനാൽ അവ ബാഷ്പീകരിക്കപ്പെടുകയും വായുവിലൂടെ സഞ്ചരിച്ച് വീണ്ടും കാർപ്പെറ്റിൽത്തന്നെയോ മറ്റെവിടെയെങ്കിലുമോ തങ്ങുകയും ചെയ്യുന്നു.
കൊച്ചു കുട്ടികൾ പലപ്പോഴും നിലത്തിരുന്നാണു കളിക്കുന്നത്. കളിക്കിടയിൽ അവർ കൈവിരലുകൾ വായിലിടുക പതിവാണ്. അതുകൊണ്ട് ഈ മലിനീകാരികൾ ഏറ്റവുമധികം ദ്രോഹം ചെയ്യാൻ ഇടയുള്ളതും അവർക്കുതന്നെ. ആനുപാതികമായി നോക്കിയാൽ ചെറിയ കുട്ടികൾക്ക് മുതിർന്നവരെക്കാൾ തൂക്കം കുറവാണെങ്കിലും അവരിൽ കൂടുതൽ ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുതിർന്നവരെ അപേക്ഷിച്ച് അവർ കൂടുതൽ വായു ശ്വസിക്കുന്നു.
കുട്ടികൾക്കിടയിൽ ആസ്തമ, അലർജികൾ, കാൻസർ എന്നിവ പെട്ടെന്നു വർധിക്കാൻ ഇടയാക്കിയിരിക്കുന്നത് കാർപ്പെറ്റിന്റെ ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർധനയാണോ എന്ന് ചില ഗവേഷകർ സംശയിക്കുന്നു. റോബർട്ട്സ് പറയുന്നു: “തറയാകെ കാർപ്പെറ്റിടുന്നതിനു പകരം അങ്ങിങ്ങായി ഏതാനും ചവിട്ടികൾ മാത്രം ഇട്ടിട്ടുള്ള വീടുകളിൽ, മുഴു നിലവും കാർപ്പെറ്റിട്ട വീടുകളിൽ കാണുന്ന പൊടിയുടെ പത്തിലൊന്നേ കാണൂ.”
കാർപ്പെറ്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് പൊടി നന്നായി വലിച്ചെടുക്കുന്ന തരം വാക്വം ക്ലീനർ ഉപയോഗിക്കാൻ റോബർട്ട്സ് നിർദേശിക്കുന്നു. ആഴ്ചയിലൊരിക്കൽ പ്രധാന വാതിലുകളിൽനിന്നു 1.3 മീറ്റർ നീളത്തിൽ 25 പ്രാവശ്യം കാർപ്പെറ്റ് വാക്വം ചെയ്യേണ്ടതാണ്, കാൽപ്പെരുമാറ്റം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ 16 പ്രാവശ്യവും ബാക്കിയുള്ള സ്ഥലങ്ങളിൽ 8 പ്രാവശ്യവും. ഏതാനും ആഴ്ചത്തേക്ക് അതു തുടരണമെന്നും അദ്ദേഹം പറയുന്നു.
ഈ ലളിതമായ നടപടിക്രമം പിൻപറ്റിയ ശേഷം പിന്നീട് ഓരോ ആഴ്ചയും മുകളിൽ കൊടുത്തിരിക്കുന്നതിന്റെ പകുതി തവണ വീതം ചെയ്യുകയാണെങ്കിൽ പൊടിയുടെ അളവു വളരെ കുറയ്ക്കാനാകും. റോബർട്ട്സ് ഇങ്ങനെയും നിർദേശിക്കുന്നു: “വീട്ടിനുള്ളിലേക്കു പ്രവേശിക്കുന്നതിനുള്ള വാതിലുകളിൽ ഓരോന്നിന്റെയും മുന്നിൽ നല്ല കട്ടിയുള്ള ഒരു ചവിട്ടി ഇടുക; അകത്തു കയറുന്നതിനു മുമ്പ് കാല് രണ്ടു തവണ അതിൽ തുടയ്ക്കുക.” (g02 4/22)