അമ്മമാരുടെ വിവിധ ധർമങ്ങൾ
അമ്മമാരുടെ വിവിധ ധർമങ്ങൾ
പുലർച്ചെ 4:50.പാതി ഉറക്കത്തിൽ കുഞ്ഞ് (അലിക്സ്) കരഞ്ഞുകൊണ്ട് ഹെലന്റെ ദേഹത്തു പിടിച്ചുകയറാൻ ശ്രമിക്കുന്നു. മൂത്ത കുട്ടികളായ പെന്നിയും (5) ജോവാനയും (12) ഭർത്താവ് നിക്കും നല്ല ഉറക്കമാണ്. ഹെലൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നു. പിന്നെ, കിടന്നിട്ടും അവർക്ക് ഉറക്കം വരുന്നില്ല.
5:45.ഹെലൻ ശബ്ദം ഉണ്ടാക്കാതെ മെല്ലെ അടുക്കളയിലേക്കു പോയി കാപ്പിയിടുന്നു. കുറച്ചുനേരം ഇരുന്നു വായിക്കുന്നു.
6:15–7:20.നിക്ക് ഉണരുന്നു. ഹെലൻ പെന്നിയെയും ജോവാനയെയും വിളിച്ച് എഴുന്നേൽപ്പിക്കുന്നു, പ്രഭാത ഭക്ഷണം തയ്യാറാക്കുന്നു, കുറച്ചു വീട്ടുജോലികൾ ചെയ്യുന്നു. 7:15-ന് നിക്ക് ജോവാനയെ സ്കൂളിൽ കൊണ്ടുപോയി ആക്കിയിട്ട് നേരെ ജോലിക്കു പോകുന്നു. അലിക്സിനെ നോക്കാൻ ഹെലന്റെ അമ്മ എത്തുന്നു.
7:30.പെന്നിയെ നഴ്സറിയിൽ കൊണ്ടുപോയി വിട്ടിട്ട് ഹെലൻ ജോലിസ്ഥലത്തേക്കു തിരിക്കുന്നു. യാത്രാമധ്യേ, ഒരു അമ്മയായിരിക്കുക എന്നതിൽ യഥാർഥത്തിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചു ഹെലൻ ചിന്തിക്കുന്നു. “ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിലേക്കും ബുദ്ധിമുട്ടുള്ള ജോലിയാണിത്,” അവർ പറയുന്നു.
8:10.ഹെലന്റെ മുമ്പിൽ മേശപ്പുറത്ത് ചെയ്തുതീർക്കേണ്ട ജോലികൾ കുമിഞ്ഞുകൂടി കിടക്കുകയാണ്. ഇനി ഒരിക്കൽക്കൂടി ഗർഭിണി ആയാൽ തന്റെ ജോലി നഷ്ടപ്പെട്ടേക്കുമെന്ന് അവർ ഭയപ്പെടുന്നു. ഹെലനും കൂടെ ജോലി ചെയ്താലേ അവരുടെ വീട്ടു ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയുകയുള്ളൂ.
10:43.ഹെലൻ ഫോൺ താഴെവെക്കുമ്പോൾ—കുട്ടികളെ കുറിച്ചുള്ള ഒരു കോൾ ആയിരുന്നു അത്—സഹപ്രവർത്തകയായ നാൻസി ആശ്വസിപ്പിക്കുന്നു: “നീ അവരുടെ കാര്യങ്ങളൊക്കെ വളരെ ഭംഗിയായി നോക്കുന്നുണ്ട്.” ഹെലന്റെ കവിളിലൂടെ കണ്ണീർ ഒഴുകുന്നു.
ഉച്ചകഴിഞ്ഞ് 12:05.ഒരു സാൻഡ്വിച്ച് ധൃതിപിടിച്ചു കഴിക്കുന്നതിനിടയ്ക്ക് ഹെലൻ തന്റെ മൂത്ത മകൾ ജനിക്കുന്നതിനു മുമ്പുള്ള കാലത്തെ കുറിച്ച് ഓർത്തു. അന്നൊക്കെ, “ഒഴിവു” സമയത്ത് ചെയ്യാൻ അവർ ഓരോ കാര്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ‘തമാശതന്നെ!’ അവർ ചിന്തിക്കുന്നു.
3:10.അലിക്സിന്റെ വികൃതിത്തരങ്ങളെ കുറിച്ചു വീട്ടിൽനിന്ന് കുറെ ഫോൺ കോളുകൾ വന്ന ശേഷം തന്റെ കുഞ്ഞുങ്ങളുമായുള്ള പ്രത്യേക ബന്ധത്തെ കുറിച്ച് ഹെലൻ പറയുന്നു: “വേറെ ആരോടും എനിക്കു തോന്നിയിട്ടില്ലാത്ത ഒരുതരം സ്നേഹമാണ് ഇത്.” ആദ്യകാലത്ത് നേരിടേണ്ടിവന്ന അപ്രതീക്ഷിത ബുദ്ധിമുട്ടുകളെ തരണംചെയ്യാൻ ഈ ആഴമേറിയ വികാരം ഹെലനെ സഹായിച്ചു.
5:10.ജോവാനയെ സ്കൂളിൽപോയി കൂട്ടിയ ശേഷം ഹെലൻ പുറത്തെ ചില ജോലികളൊക്കെ ചെയ്തുതീർക്കുന്നു. പിന്നെ നിക്കിനെ വിളിച്ച്, പെന്നിയെ അന്ന് സ്കൂളിൽനിന്നു കൊണ്ടുവരേണ്ടത് നിക്കാണെന്ന കാര്യം ഓർമിപ്പിക്കുന്നു.
6:00–7:30.വീട്ടിൽ തിരിച്ചെത്തിയ ഹെലൻ, ‘അലിക്സ് ഡ്യൂട്ടി’യിൽനിന്നു മുത്തശ്ശിയെ മോചിപ്പിക്കുന്നു, വീട്ടുജോലികൾ ചെയ്യുന്നു, അത്താഴം തയ്യാറാക്കുന്നു. ഒരു കുഞ്ഞിനെ നോക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ നെടുവീർപ്പോടെ ഹെലൻ പറയുന്നു: “ഒരു കുഞ്ഞിന് അമ്മയെ മുഴുവനായിത്തന്നെ വേണം. അവളുടെ കൈകൾ, ശരീരം, പാല്, ഉറക്കം പോലും.”
8:30–10:00.ഹെലൻ ജോവാനയെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്നു, അലിക്സിനു പാല് കൊടുക്കുന്നു. അര മണിക്കൂറു നേരം നിക്ക് പെന്നിക്ക് വായിച്ചു കൊടുക്കുമ്പോൾ ഹെലൻ മറ്റു വീട്ടുജോലികൾ ചെയ്യുന്നു.
11:15.പെന്നിയും ജോവാനയും ഉറക്കംപിടിച്ചു കഴിഞ്ഞു. എന്നാൽ അലിക്സ് ഇപ്പോഴും അമ്മയുടെ കൈയിൽ കണ്ണും തുറന്ന് കിടക്കുകയാണ്. ഒടുവിൽ അവന്റെ കണ്ണുകൾ അടയുന്നു. “കുഞ്ഞ് ഉറങ്ങിയെന്നു തോന്നുന്നു,” പകുതി ഉറക്കംപിടിച്ച നിക്കിനോടു ഹെലൻ പറയുന്നു. (g02 4/8)