ക്രിസ്ത്യാനികൾ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കണമോ?
ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കണമോ?
“പുതുവത്സര തലേന്ന് ഉച്ചകഴിഞ്ഞുള്ള സമയം അസാധാരണമാംവിധം ശാന്തമായിരിക്കും,” ബ്രസീലിൽ ഉള്ള ഫെർണാൻഡൂ എന്ന ഒരു ഡോക്ടർ പറയുന്നു. “എന്നാൽ, രാത്രി ഏകദേശം 11 മണിയോടെ പരിക്കേറ്റവരുടെ പ്രവാഹം തുടങ്ങും. കുത്തേറ്റവരും വെടിയേറ്റവരും വാഹന അപകടങ്ങളിൽ പെട്ട കൗമാരപ്രായക്കാരും ഭർത്താക്കന്മാരുടെ മർദനമേറ്റ ഭാര്യമാരുമൊക്കെ അക്കൂട്ടത്തിലുണ്ടാകും. എല്ലായ്പോഴുംതന്നെ ഇവയ്ക്കെല്ലാം പിന്നിലെ ഒരു മുഖ്യ ഘടകം മദ്യമാണ്.”
ഇതു പരിചിന്തിക്കുമ്പോൾ, ബ്രസീലിലെ ഒരു പത്രിക പുതുവത്സര ദിനത്തെ ‘അന്താരാഷ്ട്ര “ഹാങ്ങോവർ” ദിനം’ അതായത് മൂക്കറ്റം മദ്യപിച്ചതിന്റെ അനന്തരഫലങ്ങൾ അനുഭവപ്പെടുന്ന ദിവസം എന്നു വിളിച്ചതിൽ ഒട്ടും ആശ്ചര്യമില്ല. “ഉല്ലാസപ്രിയരായ സാധാരണക്കാർക്ക് ഉള്ളതാണു പുതുവത്സരം” എന്ന് ഒരു യൂറോപ്യൻ വാർത്താ ഏജൻസി പറയുന്നു. “മനുഷ്യനും മദ്യവും തമ്മിലുള്ള അനന്തമായ പോരാട്ടത്തിലെ മറ്റൊരു വട്ടം കൂടി” എന്ന് ഇതേക്കുറിച്ച് ആ ഏജൻസി കൂട്ടിച്ചേർക്കുന്നു.
അമിതമായി മദ്യപിച്ചും അക്രമപ്രവൃത്തികളിൽ ഏർപ്പെട്ടുമൊന്നുമല്ല എല്ലാവരും പുതുവത്സരം ആഘോഷിക്കുന്നത് എന്നതു ശരിതന്നെ. വാസ്തവത്തിൽ, പ്രസ്തുത അവസരത്തെ കുറിച്ചു പലർക്കും മധുരിക്കുന്ന ഓർമകളുണ്ട്. മുമ്പ് ഉദ്ധരിച്ച ഫെർണാൻഡൂ ഇപ്രകാരം പറയുന്നു: “കുട്ടികളായിരുന്നപ്പോൾ ഞങ്ങൾ പുതുവത്സര ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. ധാരാളം കളികളും ഭക്ഷണ-പാനീയങ്ങളും ഉണ്ടായിരുന്നു. പാതിരാത്രിയാകുമ്പോൾ ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും അന്യോന്യം ‘പുതുവത്സരാശംസകൾ’ നേരുകയും ചെയ്യുമായിരുന്നു.”
സമാനമായി, ഇന്നു പലരും തങ്ങൾ അതിരു കടക്കാതെയാണു പുതുവത്സര ആഘോഷങ്ങളിൽ ഏർപ്പെടുന്നതെന്നു വിചാരിക്കുന്നു. എന്നാൽ, ജനരഞ്ജകമായ ഈ ആഘോഷത്തിന്റെ ഉത്ഭവവും അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികളും ക്രിസ്ത്യാനികൾ പരിശോധിക്കേണ്ടതുണ്ട്. പുതുവത്സര ആഘോഷങ്ങൾ ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണോ?
ചരിത്ര വസ്തുതകൾ
പുതുവത്സര ആഘോഷങ്ങൾ പുതിയ ഒരു സംഗതിയല്ല. പൊ.യു.മു. മൂന്നാം സഹസ്രാബ്ദത്തിൽ പോലും അതു ബാബിലോണിൽ നടത്തപ്പെട്ടിരുന്നു എന്നു പുരാതന ലിഖിതങ്ങൾ സൂചിപ്പിക്കുന്നു. മാർച്ചു മാസം മധ്യത്തിൽ നടത്തപ്പെട്ടിരുന്ന
ഈ ആഘോഷം വളരെ നിർണായകമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. “ആ അവസരത്തിൽ, മർദൂക്ക് ദേവൻ വരുംവർഷത്തിൽ രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്നു നിർണയിച്ചിരുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ബാബിലോണിയൻ പുതുവത്സര ആഘോഷം 11 ദിവസം നീണ്ടുനിന്നിരുന്നു. അതിൽ ബലികളും ഘോഷയാത്രകളും ഉർവരതാ ചടങ്ങുകളും ഉൾപ്പെട്ടിരുന്നു.കുറെ കാലം, റോമാക്കാരും തങ്ങളുടെ വർഷം ആരംഭിച്ചിരുന്നത് മാർച്ചു മാസത്തിൽ ആയിരുന്നു. എന്നാൽ പൊ.യു.മു. 46-ൽ ജൂലിയസ് സീസർ ചക്രവർത്തി അത് ജനുവരി ഒന്നാം തീയതിയിലേക്കു മാറ്റാൻ ഉത്തരവിട്ടു. മുമ്പുതന്നെ ആ ദിവസം ആരംഭങ്ങളുടെ ദേവനായ ജേനസിന് അർപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതു റോമൻ വർഷത്തിന്റെ ആരംഭത്തെയും കുറിക്കുമായിരുന്നു. തീയതി മാറിയെങ്കിലും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കു മാറ്റം വന്നില്ല. ജനുവരി ഒന്നാം തീയതി ആളുകൾ “അങ്ങേയറ്റത്തെ അമിതത്വങ്ങളിലും അന്ധവിശ്വാസപരമായ നാനാതരം പുറജാതീയ ആചാരങ്ങളിലും ഏർപ്പെട്ടു” എന്ന് മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും സൈക്ലോപീഡിയ പറയുന്നു.
ഇന്നും പുതുവത്സര ആഘോഷങ്ങളിൽ അന്ധവിശ്വാസപരമായ ആചാരങ്ങൾക്കു സ്ഥാനമുണ്ട്. ഉദാഹരണത്തിന്, തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങളിൽ പുതുവത്സര ദിനത്തെ വലതുകാലിൽ നിന്ന് സ്വീകരിക്കുന്ന ഒരു പതിവുണ്ട്. മറ്റു ചിലർ കാഹളം മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. പുതുവത്സരത്തലേന്ന് പയറു സൂപ്പു കഴിക്കുന്നതാണു ചെക്ക് റിപ്പബ്ലിക്കിൽ ഉള്ളവരുടെ ഒരു രീതി. എന്നാൽ മേശവിരിപ്പിനടിയിൽ പൈസയോ മീൻചെതുമ്പലോ വെക്കുന്നതാണ് സ്ലൊവാക്യൻ സമ്പ്രദായം. ദൗർഭാഗ്യം അകറ്റാനും സമ്പദ്സമൃദ്ധി ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ള അത്തരം ചടങ്ങുകൾ, ഭാവി നിശ്ചയിക്കപ്പെടുന്ന ഒരു സമയമാണു വർഷാരംഭം എന്ന പുരാതന വിശ്വാസത്തിന്റെ പിന്തുടർച്ച മാത്രമാണ്.
ബൈബിളിന്റെ വീക്ഷണം
“വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല,” ‘പകൽസമയത്തു എന്നപോലെ മര്യാദയായി നടക്കാൻ’ ക്രിസ്ത്യാനികളെ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. a (റോമർ 13:12-14; ഗലാത്യർ 5:19-21; 1 പത്രൊസ് 4:3) പുതുവത്സര ആഘോഷങ്ങളിൽ മിക്കപ്പോഴും ബൈബിൾ കുറ്റം വിധിക്കുന്ന അമിതത്വങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ക്രിസ്ത്യാനികൾ അവയിൽ പങ്കെടുക്കുന്നില്ല. എന്നാൽ അതിന്റെ അർഥം അവർ രസംകൊല്ലികൾ ആണെന്നല്ല. മറിച്ച്, ബൈബിൾ സത്യദൈവത്തിന്റെ ആരാധകരോടു സന്തോഷിക്കാൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിരിക്കുന്നതായി അവർക്ക് അറിയാം, അതിനു നിരവധി കാരണങ്ങൾ ഉണ്ടുതാനും. (ആവർത്തനപുസ്തകം 26:10, 11; സങ്കീർത്തനം 32:11; സദൃശവാക്യങ്ങൾ 5:15-19; സഭാപ്രസംഗി 3:22; 11:9) സന്തോഷാവസരങ്ങളിൽ മിക്കപ്പോഴും ഭക്ഷണ-പാനീയങ്ങൾക്ക് ഒരു സ്ഥാനം ഉണ്ടെന്ന സംഗതി ബൈബിൾ അംഗീകരിക്കുന്നു.—സങ്കീർത്തനം 104:15; സഭാപ്രസംഗി 9:7.
എന്നാൽ, നാം കണ്ടുകഴിഞ്ഞതുപോലെ, പുതുവത്സര ആഘോഷങ്ങൾ പുറജാതീയ ആചാരങ്ങളിൽ വേരൂന്നിയതാണ്. യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ വ്യാജാരാധന അശുദ്ധവും മ്ലേച്ഛവുമാണ്. അത്തരം ആരാധനാ രീതികളിൽനിന്ന് ഉത്ഭവിച്ച ആചാരങ്ങൾ ക്രിസ്ത്യാനികൾ തള്ളിക്കളയുന്നു. (ആവർത്തനപുസ്തകം 18:9-12; യെഹെസ്കേൽ 22:3, 4) പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: ‘നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം?’ നല്ല കാരണത്തോടെ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അശുദ്ധമായതു ഒന്നും തൊടരുതു.”—2 കൊരിന്ത്യർ 6:14-16.
അന്ധവിശ്വാസപരമായ ആചാരങ്ങളിൽ പങ്കെടുക്കുന്നതു സന്തോഷവും സമൃദ്ധിയും ഉറപ്പു നൽകുന്നില്ല എന്നും ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു, പ്രത്യേകിച്ചും അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ദൈവത്തിന്റെ അപ്രീതിയിൽ കലാശിക്കുമ്പോൾ. (സഭാപ്രസംഗി 9:11; യെശയ്യാവു 65:11, 12, പി.ഒ.സി. ബൈബിൾ) മാത്രമല്ല, തങ്ങളുടെ നടത്തയിൽ മിതത്വവും ആത്മനിയന്ത്രണവും പുലർത്താൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 3:2, 11, ഓശാന ബൈബിൾ) ക്രിസ്തുവിന്റെ പഠിപ്പിക്കലുകളെ പിൻപറ്റുന്നു എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി അങ്ങേയറ്റത്തെ അമിതത്വങ്ങൾ ഉൾപ്പെട്ട ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നതു വ്യക്തമായും അനുചിതമായിരിക്കും.
പുതുവത്സര ആഘോഷങ്ങൾ എത്ര ആകർഷകവും ഇമ്പകരവും ആയി തോന്നിയേക്കാമെങ്കിലും, ‘അശുദ്ധമായത് ഒന്നും തൊടരുത്’ എന്നും ‘ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കുക’ എന്നും ബൈബിൾ നമ്മോടു പറയുന്നു. അത് അനുസരിക്കുന്നവർക്ക് യഹോവ ഹൃദ്യമായ ഈ ഉറപ്പു നൽകുന്നു: “ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും.” (2 കൊരിന്ത്യർ 6:16ബി-7:1) അതേ, തന്നോടു വിശ്വസ്തർ ആയിരിക്കുന്നവർക്ക് അവൻ നിത്യാനുഗ്രഹങ്ങളും സമൃദ്ധിയും വാഗ്ദാനം ചെയ്യുന്നു.—സങ്കീർത്തനം 37:18, 28; വെളിപ്പാടു 21:3-5, 7. (g02 1/8)
[അടിക്കുറിപ്പ്]
a ‘വെറിക്കൂത്തുകളെയും മദ്യപാനങ്ങളെയും’ കുറിച്ചുള്ള പൗലൊസിന്റെ പരാമർശത്തിൽ പുതുവത്സര ആഘോഷ വേളകളിൽ നടന്നിരുന്നവയും ഉൾപ്പെട്ടിരിക്കാം. കാരണം, ഒന്നാം നൂറ്റാണ്ടിൽ റോമിൽ അത്തരം ആഘോഷങ്ങൾ സാധാരണമായിരുന്നു.