വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിയന്നയുടെ പ്രിയപ്പെട്ട ‘ജയന്റ്‌ വീൽ’

വിയന്നയുടെ പ്രിയപ്പെട്ട ‘ജയന്റ്‌ വീൽ’

വിയന്ന​യു​ടെ പ്രിയ​പ്പെട്ട ‘ജയന്റ്‌ വീൽ’

ഓസ്‌ട്രിയയിലെ ഉണരുക! ലേഖകൻ

കൺമു​മ്പിൽ അതാ പ്രകൃ​തി​ര​മ​ണീ​യ​മായ വിയന്ന നഗരം. അങ്ങക​ലെ​യാ​യി വിയന്നാ വുഡ്‌സി​ലെ പർവത​നി​രകൾ കാണാം. എന്തു​കൊ​ണ്ടും അനു​യോ​ജ്യ​മായ പശ്ചാത്തലം. സ്‌​ട്രോ​സി​ന്റെ ശ്രുതി​മ​ധു​ര​മായ വാൾട്ട്‌സ്‌ സംഗീ​ത​മാ​ണോ ആ കേൾക്കു​ന്നത്‌? ഒരു ചെറു​പ്പ​ക്കാ​രൻ മനഃപൂർവം ഈ പശ്ചാത്തലം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാണ്‌. എന്നാലി​പ്പോൾ തന്റെ പ്രേമ​ഭാ​ജ​ന​ത്തോട്‌ വിവാ​ഹാ​ഭ്യർഥന നടത്താൻ ഒരുങ്ങുന്ന ഈ വേളയിൽ, പടപടാ മിടി​ക്കുന്ന തന്റെ ഹൃദയം ശാന്തമാ​ക്കാൻ പാടു​പെ​ടു​ക​യാണ്‌ അയാൾ. നിലത്തു​നിന്ന്‌ 60 മീറ്റർ ഉയരത്തിൽ ആണവർ. അതെങ്ങനെ? ഇത്തരം വിശേ​ഷ​ത​യാർന്ന ഒരു അവസര​ത്തിൽ വിയന്ന​യു​ടെ പ്രിയ​പ്പെട്ട റിസെ​ന്‌റാഡ്‌ അഥവാ ജയന്റ്‌ വീൽ (ഫെറിസ്‌ ചക്രം) സന്ദർശി​ക്കുന്ന ആദ്യ​ത്തെ​യോ അവസാ​ന​ത്തെ​യോ വ്യക്തിയല്ല ഇയാൾ.

വിയന്ന​യി​ലെ വലിയ പാർക്കായ പ്രാ​റ്റെ​റി​ലാണ്‌ ജയന്റ്‌ വീൽ സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌. 100-ലധികം വർഷമാ​യി നഗരത്തി​ലെ ഒരു വിശിഷ്ട ദൃശ്യം എന്ന നിലയിൽ അത്‌ അവിടെ നില​കൊ​ണ്ടി​രി​ക്കു​ന്നു. ‘വിയന്നയെ അറിയ​ണ​മെ​ങ്കിൽ അതിനെ ജയന്റ്‌ വീലിൽനി​ന്നു കാണണം” എന്ന്‌ ആകർഷ​ണ​കേ​ന്ദ്ര​ത്തി​ന്റെ പ്രവേശന കവാട​ത്തിൽ എഴുതി​വെ​ച്ചി​രി​ക്കു​ന്നതു കാണാം. എന്നാൽ ലോക​ത്തി​ലെ മറ്റേ​തൊ​രു ജയന്റ്‌ വീലി​നെ​ക്കാ​ളും പഴക്കമുള്ള ഇതിന്‌ സംഭവ​ബ​ഹു​ല​മായ ഒരു ചരി​ത്ര​മാ​ണു​ള്ളത്‌. ഈ കൂറ്റൻ ഉരുക്കു നിർമി​തി​യു​ടെ ഉത്ഭവം എന്തായി​രു​ന്നു? കാലത്തി​ന്റെ പ്രതി​ബ​ന്ധ​ങ്ങളെ അത്‌ അതിജീ​വി​ച്ചത്‌ എങ്ങനെ​യാണ്‌?

ആദ്യത്തെ ഫെറിസ്‌ ചക്രം

ജയന്റ്‌ വീലിന്റെ ഉത്ഭവം തേടി​പ്പോ​യാൽ നാം ചെന്നെ​ത്തുക 19-ാം നൂറ്റാ​ണ്ടി​ലാണ്‌, അതായത്‌ വ്യാവ​സാ​യിക വിപ്ലവ​ത്തി​ന്റെ കാലഘ​ട്ട​ത്തിൽ. ആ സമയത്ത്‌ വ്യാവ​സാ​യിക രംഗത്ത്‌ നിർമാ​ണ​ത്തി​നാ​യി ഉപയോ​ഗി​ച്ചി​രുന്ന വസ്‌തു​ക്ക​ളിൽ ഏറ്റവും പ്രചാരം ഉരുക്കിന്‌ ആയിരു​ന്നു. ലോക​ത്തി​ന്റെ വിവിധ പ്രധാന നഗരി​ക​ളിൽ പുതു​മ​യുള്ള പ്രൗഢ​ഗം​ഭീ​ര​മായ രൂപമാ​തൃ​ക​ക​ളോ​ടു കൂടിയ ഉരുക്കു നിർമി​തി​കൾ ഉയരാൻ തുടങ്ങി. ഉരുക്കും ചില്ലും ഉപയോ​ഗി​ച്ചു നിർമിച്ച ലണ്ടനിലെ ക്രിസ്റ്റൽ പാലസ്‌, വിയന്ന​യി​ലെ പാം ഹൗസ്‌, പാരീ​സി​ലെ ഈഫൽ ഗോപു​രം എന്നിവ അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. എന്നാൽ ഇത്തരത്തി​ലുള്ള വാസ്‌തു​ശിൽപ്പ​വി​ദ്യക്ക്‌ ഏറ്റവും പേരു​കേട്ട നഗരം ചിക്കാ​ഗോ ആയിരു​ന്നു. അവിടെ, 1893-ൽ നടന്ന ലോക​മേ​ള​യോട്‌ അനുബ​ന്ധി​ച്ചാണ്‌ അമേരി​ക്കൻ എഞ്ചിനീ​യ​റായ ജോർജ്‌ ഫെറിസ്‌ ആദ്യത്തെ ജയന്റ്‌ വീൽ നിർമി​ച്ചത്‌.

ഫെറി​സി​ന്റെ കൗതു​ക​മു​ണർത്തുന്ന ചക്രത്തി​ന്റെ വ്യാസം 76 മീറ്ററാ​യി​രു​ന്നു. അതിന്റെ 36 കമ്പാർട്ടു​മെ​ന്റു​ക​ളിൽ ഓരോ​ന്നി​ലും 40 പേർക്കു വീതം ഇരിക്കാ​നുള്ള സൗകര്യം ഉണ്ടായി​രു​ന്നു. അതിൽ ഇരുന്നു​കൊണ്ട്‌ അവർക്ക്‌ 20 മിനിട്ടു നേര​ത്തേക്ക്‌ ചിക്കാ​ഗോ​യു​ടെ​യും പരിസ​ര​ത്തി​ന്റെ​യും നല്ല ഒരു വീക്ഷണം ആസ്വദി​ക്കാൻ കഴിയു​മാ​യി​രു​ന്നു. മേളയ്‌ക്ക്‌ എത്തിയ സന്ദർശ​ക​രിൽ അനേക​രെ​യും ഏറ്റവു​മ​ധി​കം ആകർഷി​ച്ചത്‌ ഈ ജയന്റ്‌ വീൽ ആയിരു​ന്നു. എന്നാൽ ക്രമേണ ചിക്കാ​ഗോ​യി​ലെ ഫെറിസ്‌ ചക്രത്തിന്‌ അതിന്റെ പുതുമ നഷ്ടപ്പെട്ടു. രണ്ടു വട്ടം സ്ഥലം മാറ്റി സ്ഥാപിച്ച ശേഷം 1906-ൽ ലോഹ​ത്തി​നു വേണ്ടി അതു പൊളി​ച്ചു മാറ്റി. എന്നിരു​ന്നാ​ലും അതി​നോ​ടകം ജയന്റ്‌ വീൽ നിർമി​ക്കു​ക​യെന്ന ആശയം മറ്റിട​ങ്ങ​ളിൽ തലപൊ​ക്കി തുടങ്ങി​യി​രു​ന്നു.

ജയന്റ്‌ വീൽ വിയന്ന​യിൽ എത്തുന്നു

ചിക്കാ​ഗോ​യി​ലെ ജയന്റ്‌ വീൽ, എഞ്ചിനീ​യ​റും ഒരു മുൻ ബ്രിട്ടീഷ്‌ നാവിക ഉദ്യോ​ഗ​സ്ഥ​നു​മായ വോൾട്ടർ ബാസെ​റ്റി​നെ വളരെ​യ​ധി​കം ആകർഷി​ച്ചു. 1894-ൽ അദ്ദേഹം ലണ്ടനിലെ ഏൾസ്‌ കോർട്ടിൽ സ്ഥാപി​ക്കു​ന്ന​തി​നാ​യി ഒരു ജയന്റ്‌ വീൽ രൂപസം​വി​ധാ​നം ചെയ്‌തു​തു​ടങ്ങി. പിന്നീട്‌ ഇംഗ്ലണ്ടി​ലെ ബ്ലാക്ക്‌പൂ​ളി​ലും പാരീ​സി​ലും അദ്ദേഹം ജയന്റ്‌ വീലുകൾ പണിതു. വിയന്ന​യി​ലെ വിനോദ വ്യവസാ​യി ഗാബോർ ഷ്‌​റ്റൈ​നെർ പുതിയ ആകർഷ​ണ​ങ്ങൾക്കാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സമയം ആയിരു​ന്നു അത്‌. ഒരു ദിവസം വാൾട്ടർ ബാസെ​റ്റി​ന്റെ ഒരു പ്രതി​നി​ധി ഷ്‌​റ്റൈ​നെറെ സന്ദർശിച്ച്‌ വിയന്ന​യിൽ ഒരു ജയന്റ്‌ വീൽ പണിയു​ന്ന​തിൽ പങ്കാളി ആകാൻ ക്ഷണിച്ചു. പെട്ടെ​ന്നു​തന്നെ അവർ ഒരു കരാർ ഉണ്ടാക്കു​ക​യും ഇംഗ്ലണ്ടിൽ നിന്നുള്ള ആവേശ​ജ​ന​ക​മായ പുതിയ കൗതു​ക​വ​സ്‌തു സ്ഥാപി​ക്കു​ന്ന​തിന്‌ സ്ഥലം കണ്ടെത്തു​ക​യും ചെയ്‌തു. എന്നാൽ പണി തുടങ്ങു​ന്ന​തി​നുള്ള ഔദ്യോ​ഗിക അനുമ​തി​യു​ടെ കാര്യ​മോ?

ഷ്‌​റ്റൈ​നെർ തന്റെ നിർമാണ പ്ലാൻ നഗരസ​ഭ​യു​ടെ മുമ്പാകെ സമർപ്പി​ച്ച​പ്പോൾ അവിടത്തെ ഉദ്യോ​ഗസ്ഥൻ ആ കടലാ​സി​ലേ​ക്കും ഷ്‌​റ്റൈ​നെ​റി​ന്റെ മുഖ​ത്തേ​ക്കും മാറി​മാ​റി നോക്കി. പിന്നെ നിഷേ​ധാർഥ​ത്തിൽ തലയാ​ട്ടി​ക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഈ സത്ത്വത്തെ നിർമി​ക്കു​ന്ന​തിന്‌ അനുമതി നൽകി​യിട്ട്‌ അതിന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ ആരെങ്കി​ലും തയ്യാറാ​കു​മെന്ന്‌ ഡയറക്ടർ സാർ ശരിക്കും വിചാ​രി​ക്കു​ന്നു​ണ്ടോ?” ഷ്‌​റ്റൈ​നെർ അപേക്ഷാ​സ്വ​ര​ത്തിൽ പറഞ്ഞു: “ഇത്തരം ചക്രങ്ങൾ ലണ്ടനി​ലും ബ്ലാക്ക്‌പൂ​ളി​ലു​മൊ​ക്കെ ഉണ്ട്‌. അവയെ​ല്ലാം ഒരു കുഴപ്പ​വും കൂടാതെ പ്രവർത്തി​ക്കു​ന്നു!” എന്നാൽ ഉദ്യോ​ഗ​സ്ഥനെ ഒരു തരത്തി​ലും പറഞ്ഞു ബോധ്യ​പ്പെ​ടു​ത്താ​നാ​യില്ല. “ഇംഗ്ലീ​ഷു​കാർ അവർക്കി​ഷ്ട​മു​ള്ളതു പോലെ ചെയ്‌തു​കൊ​ള്ളട്ടെ, എന്നാൽ ഞാൻ എന്റെ തടി​കേ​ടാ​ക്കാൻ ഉദ്ദേശി​ക്കു​ന്നില്ല” എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. എന്നാൽ ഇതൊ​ന്നും ഷ്‌​റ്റൈ​നെ​റി​ന്റെ നിശ്ചയ​ദാർഢ്യ​ത്തെ കെടു​ത്തി​ക്ക​ള​ഞ്ഞില്ല. അശ്രാന്ത പരി​ശ്ര​മ​ത്തി​ലൂ​ടെ ഒടുവിൽ അദ്ദേഹം നിർമാണ അനുമതി നേടി​യെ​ടു​ത്തു.

ഈ പടുകൂ​റ്റൻ ഉരുക്കു നിർമി​തി​യു​ടെ പണി അതിൽത്തന്നെ ഒരു മഹാസം​ഭ​വ​മാ​യി​രു​ന്നു. ആളുകൾ ദിവസ​വും പണിസ്ഥ​ലത്തു വന്ന്‌ കൗതു​ക​പൂർവം പണി കാണു​ക​യും അതിന്റെ പുരോ​ഗ​തി​യെ കുറിച്ച്‌ അഭി​പ്രാ​യം പറയു​ക​യും ചെയ്‌തി​രു​ന്നു. വെറും എട്ടു മാസം​കൊ​ണ്ടു നിർമാ​ണം പൂർത്തി​യാ​യി. 1897 ജൂൺ 21-ന്‌ വിയന്ന രാജ​കൊ​ട്ടാ​ര​ത്തി​ലെ ഇംഗ്ലണ്ട്‌ സ്ഥാനപ​തി​യു​ടെ ഭാര്യ പ്രഭ്വി ഹോ​റെസ്‌ റംബോൾഡ്‌ അവസാ​നത്തെ ആണികൾ അടിച്ചി​റക്കി. ഏതാനും ദിവസ​ത്തി​നകം ജയന്റ്‌ വീൽ പ്രവർത്തനം ആരംഭി​ച്ചു. ഷ്‌​റ്റൈ​നെർ പിന്നീടു പറഞ്ഞതു​പോ​ലെ “എല്ലാവ​രും ആഹ്ലാദ​ഭ​രി​ത​രാ​യി​രു​ന്നു. ടിക്കറ്റ്‌ ഓഫീ​സു​ക​ളി​ലേക്ക്‌ ജനങ്ങളു​ടെ പ്രവാ​ഹ​മാ​യി​രു​ന്നു.”

ജയന്റ്‌ വീലിന്റെ ഉയർച്ച​ക​ളും താഴ്‌ച​ക​ളും

ഓസ്‌ട്രോ-ഹംഗേ​റി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ കിരീ​ടാ​വ​കാ​ശി​യായ ഫ്രാൻസിസ്‌ ഫെർഡി​നാൻഡ്‌ രാജകു​മാ​രൻ ജയന്റ്‌ വീലിന്റെ മുകളി​ലി​രു​ന്നു സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാനം വീക്ഷി​ക്കു​ന്നത്‌ ആസ്വദി​ച്ചി​രു​ന്നു. 1914-ലെ അദ്ദേഹ​ത്തി​ന്റെ വധം—ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ലേക്കു നയിച്ച ഘടകമാ​യി​രു​ന്നു അത്‌—ജയന്റ്‌ വീലി​നെ​യും ബാധിച്ചു. ജയന്റ്‌ വീലിന്‌ അതിന്റെ പ്രശസ്‌ത അതിഥി​യെ നഷ്ടമാ​യെന്നു മാത്രമല്ല അത്‌ ഒരു സൈനിക നിരീക്ഷണ സ്ഥാനമാ​യി​ത്തീർന്ന​തി​നാൽ പൊതു​ജ​ന​ത്തിന്‌ അതിൽ സവാരി നടത്താൻ കഴിയാ​തെ​യു​മാ​യി. 1915 മേയിൽ ജയന്റ്‌ വീൽ വീണ്ടും പ്രവർത്തനം ആരംഭി​ച്ചു. എന്നാൽ ആ സമയത്ത്‌ രാജ്യം വലിയ ഇരുമ്പ്‌ ക്ഷാമം അനുഭ​വി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ സ്വാഭാ​വി​ക​മാ​യി ഏവരു​ടെ​യും ശ്രദ്ധ ജയന്റ്‌ വീലി​ലാ​യി. അതു പൊളി​ക്കാ​നുള്ള നിർദേശം ഉയർന്നു വന്നു. 1919-ൽ അത്‌ പ്രാഗി​ലെ ഒരു കച്ചവട​ക്കാ​രനു വിറ്റു. മൂന്നു മാസത്തി​നു​ള്ളിൽ അതു പൊളി​ച്ചു മാറ്റാ​നാ​യി​രു​ന്നു പദ്ധതി​യി​ട്ടി​രു​ന്നത്‌. എന്നാൽ സങ്കീർണ​മായ ആ നിർമി​തി പൊളി​ച്ചു​മാ​റ്റു​ന്ന​തി​നു വലിയ ചെലവു വരുമാ​യി​രു​ന്നു. അത്‌ അതിൽനി​ന്നു ലഭിക്കു​മാ​യി​രുന്ന ഇരുമ്പി​ന്റെ മൂല്യ​ത്തെ​ക്കാൾ അധികം ആകുമാ​യി​രു​ന്നു. അങ്ങനെ, ഇതി​നോ​ട​കം​തന്നെ പ്രശസ്‌ത​മാ​യി​ക്ക​ഴി​ഞ്ഞി​രുന്ന ജയന്റ്‌ വീൽ ‘മരണശി​ക്ഷാ​വി​ധി​യിൽ’ നിന്നു കഷ്ടിച്ചു രക്ഷപ്പെ​ടു​ക​യും സന്തുഷ്ട​രായ പൊതു​ജ​നത്തെ ഉല്ലസി​പ്പി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തു.

യുദ്ധവും ഓസ്‌ട്രോ-ഹംഗേ​റി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ തകർച്ച​യും വിയന്ന​യിൽ വളരെ വലിയ മാറ്റങ്ങൾക്ക്‌ ഇടയാക്കി. 1930-കളിൽ അവിടത്തെ സാമ്പത്തിക സ്ഥിതി വഷളായി, രാഷ്‌ട്രീയ രംഗത്തി​ന്റെ സ്ഥിരത നഷ്ടപ്പെട്ടു. ഒരിക്കൽ ആദരണീ​യ​നാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രുന്ന ഷ്‌​റ്റൈ​നെ​റിന്‌ യഹൂദ​വം​ശ​ജ​നാ​യി​രു​ന്ന​തി​ന്റെ പേരിൽ ജീവര​ക്ഷാർഥം ഓടി​പ്പോ​കേ​ണ്ടി​വന്നു. എന്നിട്ടും 1939 മുതൽ 1940 വരെയുള്ള കാലഘ​ട്ട​ത്തിൽ ജയന്റ്‌ വീലിനു റെക്കോർഡ്‌ സന്ദർശ​ക​രാ​യി​രു​ന്നു. അതി​നോ​ടകം പൊട്ടി​പ്പു​റ​പ്പെ​ട്ടി​രുന്ന രണ്ടാം ലോക​മ​ഹാ​യു​ദ്ധം ആളുകൾക്കി​ട​യിൽ ഉല്ലാസ​ഭ്രാന്ത്‌ ഇളക്കി​വി​ട്ടതു പോലെ തോന്നി​ച്ചു. എന്നാൽ 1944 സെപ്‌റ്റം​ബ​റിൽ നഗരത്തിൽ ഞെട്ടി​ക്കുന്ന വാർത്ത പരന്നു—ജയന്റ്‌ വീലിനു തീ പിടി​ച്ചി​രി​ക്കു​ന്നു! അടുത്തുള്ള റോളർ കോസ്റ്റ​റിൽ ഉണ്ടായ വൈദ്യു​ത തകരാ​റി​ന്റെ ഫലമായി ഉണ്ടായ തീ ജയന്റ്‌ വീലി​ലേ​ക്കും പടർന്ന്‌ അതിന്റെ ആറ്‌ കമ്പാർട്ടു​മെ​ന്റു​കൾ നശിപ്പി​ച്ചു. എന്നാൽ അതി​നെ​ക്കാൾ വലിയ ദുരന്തം വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.

രണ്ടാം ലോക​മ​ഹാ​യു​ദ്ധം കെട്ടട​ങ്ങി​ക്കൊ​ണ്ടി​രുന്ന സമയമായ 1945 ഏപ്രി​ലിൽ ജയന്റ്‌ വീലിനു വീണ്ടും തീപി​ടി​ച്ചു. ഇത്തവണ അതിന്റെ 30 കമ്പാർട്ടു​മെ​ന്റു​ക​ളും നിയന്ത്രണ സംവി​ധാ​ന​ങ്ങ​ളും കത്തിന​ശി​ച്ചു. ആകെക്കൂ​ടെ അവശേ​ഷി​ച്ചത്‌ കേടു​പാ​ടു സംഭവിച്ച ഇരുമ്പ്‌ ചട്ടക്കൂടു മാത്ര​മാ​യി​രു​ന്നു. എന്നാൽ ഇതിനു പോലും ജയന്റ്‌ വീലിനെ നാമാ​വ​ശേ​ഷ​മാ​ക്കാൻ ആയില്ല. യുദ്ധാ​ന​ന്തരം വീടുകൾ കൂട്ടം​കൂ​ട്ട​മാ​യി തകർന്നു​ത​രി​പ്പ​ണ​മാ​യി കിടന്ന​പ്പോൾ ജയന്റ്‌ വീൽ അടിയ​റവു പറയാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ തല ഉയർത്തി നിന്നു. അതു പൊളി​ച്ചു മാറ്റു​ന്നത്‌ അങ്ങേയറ്റം ചെല​വേ​റിയ കാര്യ​മാ​ണെന്നു വീണ്ടും കണ്ടെത്തി. എന്തായി​രു​ന്നു പരിഹാ​രം?

അത്‌ വീണ്ടും പുതു​ക്കി​പ്പ​ണി​തു! എന്നാൽ സുരക്ഷാ​കാ​ര​ണങ്ങൾ നിമിത്തം മുമ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ നേർ പകുതി കമ്പാർട്ടു​മെ​ന്റു​കൾ മാത്രമേ പുതു​താ​യി പണിതു​ള്ളൂ. 1947 മേയ്‌ മുതൽ ഇന്നോളം, ഉല്ലാസ​ഭ​രി​ത​രായ സവാരി​ക്കാ​രെ​യും കൊണ്ട്‌ അതു കറങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അവിസ്‌മ​ര​ണീ​യ​മായ സിതെർ സംഗീ​ത്തോ​ടു​കൂ​ടിയ ദ തേർഡ്‌ മാൻ എന്നതു പോലുള്ള സിനി​മ​ക​ളി​ലൂ​ടെ ഈ ജയന്റ്‌ വീൽ വിയന്ന​യ്‌ക്കു പുറത്തും പ്രസി​ദ്ധ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.

ചിക്കാ​ഗോ, ലണ്ടൻ, ബ്ലാക്ക്‌പൂൾ, പാരീസ്‌ എന്നിവി​ട​ങ്ങ​ളിൽ ആദ്യമാ​യി സ്ഥാപി​ക്ക​പ്പെട്ട ജയന്റ്‌ വീലു​ക​ളെ​ല്ലാം വെറും ഇരുമ്പ്‌ തുണ്ടു​ക​ളാ​യി തീർന്നി​ട്ടും വിയന്ന​യു​ടെ ജയന്റ്‌ വീൽ ഇന്നും നിലനിൽക്കു​ന്നു. പുതുക്കി പണിയാ​നുള്ള യുദ്ധാ​നന്തര തലമു​റ​യു​ടെ ദൃഢനി​ശ്ച​യ​ത്തി​നുള്ള സാക്ഷ്യ​വും വിയന്ന​യു​ടെ പ്രതീ​ക​വു​മെന്ന നിലയിൽ അത്‌ നില​കൊ​ള്ളു​ന്നു. എന്നെങ്കി​ലും വിയന്ന സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ ജയന്റ്‌ വീലിൽ ഒരു സവാരി നടത്താൻ മറക്കരു​തേ! ജയന്റ്‌ വീലിൽ ഇരുന്നു​കൊണ്ട്‌ മുത്തശ്ശി തന്നെ വിവാഹം കഴിക്കാ​മെന്നു സമ്മതി​ച്ച​പ്പോൾ പടപടാ മിടി​ക്കുന്ന ഹൃദയം ശാന്തമാ​ക്കാൻ ശ്രമി​ച്ച​തി​നെ​കു​റിച്ച്‌ തന്റെ പേരക്കി​ടാ​ങ്ങ​ളോ​ടു വിവരി​ക്കുന്ന ഒരു വൃദ്ധനെ നിങ്ങൾ അവി​ടെ​വെച്ച്‌ ഒരുപക്ഷേ കണ്ടുമു​ട്ടി​യെ​ന്നും വരാം.(g01 11/8)

[13-ാം പേജിലെ ചതുരം/ചിത്രം]

റിസെന്‌റാഡ്‌ (ജയന്റ്‌ വീൽ)

നിർമാണം: 1897-ൽ

ഉയരം: 64.75 മീറ്റർ

ചക്രത്തിന്റെ വ്യാസം: 60.96 മീറ്റർ

ചക്രത്തിന്റെ ഭാരം: 245 ടൺ

ഇരുമ്പുനിർമിത ജയിന്റ്‌ വീലിന്റെ മൊത്ത ഭാരം: 430 ടൺ

വേഗം: മണിക്കൂ​റിൽ 2.7 കിലോ​മീ​റ്റർ

[കടപ്പാട്‌]

ഉറവിടം: ഹെൽമൂട്ട്‌ യാനും പേറ്റർ പേറ്റ്‌റി​ച്ചും 1989-ൽ പ്രസി​ദ്ധീ​ക​രിച്ച ദ വിയന്ന ജയന്റ്‌ ഫെറിസ്‌ വീൽ, പേജ്‌ 39

[15-ാം പേജിലെ ചിത്രം]

ജയന്റ്‌ വീലിൽനി​ന്നു കാണുന്ന വിയന്ന​യു​ടെ വടക്കു​കി​ഴക്കൻ ചക്രവാ​ള​രേഖ