ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
വൈദ്യപരിശോധനാ രേഖകൾ—ടിവി കാണൽ ശീലങ്ങൾ ഉൾപ്പെടുത്തണമോ?
സ്പെയിനിലെ ഒരു കൂട്ടം ശിശുരോഗ വിദഗ്ധർ കുട്ടികളുടെ ടിവി കാണൽ ശീലങ്ങൾ അവരുടെ വൈദ്യപരിശോധനാ രേഖകളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. സ്പാനിഷ് വർത്തമാനപ്പത്രമായ ഡിയര്യോ മെഡിക്കോ പറയുന്നതനുസരിച്ച് തങ്ങൾ ചികിത്സിക്കുന്ന കുട്ടികൾ ഒരു ദിവസം എത്ര മണിക്കൂർ ടിവി കാണുന്നുവെന്നും ഏതുതരം പരിപാടികൾ, ആരുടെ കൂടെയിരുന്ന് വീക്ഷിക്കുന്നുവെന്നും തങ്ങൾ അറിയേണ്ടതുണ്ട് എന്ന് ഈ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട്? കാരണം, ടിവി വീക്ഷണം അലസമായ ഒരു ജീവിതശൈലി, വർധിച്ച അക്രമാസക്ത പ്രവണത, സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ആഗ്രഹം, സ്കൂളിലെ മോശമായ പ്രകടനം എന്നിവയിലേക്കു നയിക്കുമെന്നും കുട്ടികൾ ടിവി ആസക്തരായിത്തീരാൻ ഇടയാക്കുമെന്നും ഈ ശിശുരോഗ വിദഗ്ധർ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. “കുട്ടികളുടെ കിടപ്പുമുറി പോലെ അവർക്ക് ഇഷ്ടാനുസരണം ഏതു പരിപാടിയും കാണാൻ കഴിയുന്ന ഒരു സ്ഥാനത്ത് ടെലിവിഷൻ വെക്കാതിരിക്കാൻ ഡോക്ടർമാർ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു” എന്ന് പത്ര റിപ്പോർട്ടു പറയുന്നു. “കൂടാതെ, ഭക്ഷണവേളകളിലെ ടെലിവിഷൻ കാഴ്ച ഒഴിവാക്കേണ്ടതാണ്. മാതാപിതാക്കൾ കുട്ടികളുടെ ടെലിവിഷൻ വീക്ഷണത്തെ ദിവസം രണ്ടു മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തണം, ദിവസം ഒരു മണിക്കൂറിൽ താഴെയാണെങ്കിൽ ഏറെ നല്ലത്.”(g01 11/8)
ചൈനയുടെ ജനസംഖ്യാ വർധന
“ചൈനയുടെ ജനസംഖ്യ 126 കോടി ആയിരിക്കുകയാണ്. ആളുകളുടെ ആയുർദൈർഘ്യം വർധിച്ചിരിക്കുന്നു, അവർ കൂടുതൽ അഭ്യസ്തവിദ്യരും പരിഷ്കൃതരും ആയിത്തീർന്നിരിക്കുന്നു” എന്ന് എബിസിന്യൂസ്ഡോട്ട്കോം (abcNEWS.com) എന്ന വെബ്സൈറ്റ് പറയുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഡയറക്ടർ ജൂ ജിഷിൻ പറയുന്നതനുസരിച്ച് 1990-നു ശേഷം ജനസംഖ്യയിൽ 13.22 കോടി വർധന ഉണ്ടായിട്ടുണ്ട്. പ്രതിവർഷം 1.07 എന്ന കുറഞ്ഞ ജനന നിരക്ക് 1970-കളുടെ അവസാനത്തോടെ ചൈനയിൽ നടപ്പാക്കപ്പെട്ട, ഒരു ദമ്പതികൾക്ക് ഒരു കുട്ടി എന്ന ജനനനിയന്ത്രണ നയത്തിന്റെ ഫലമാണ് എന്നു കരുതപ്പെടുന്നു. എന്നാൽ ഓരോ 100 പെൺകുട്ടികൾക്കും ആനുപാതികമായി 117 ആൺകുട്ടികൾ ജനിക്കുന്നുവെന്നു—സാധ്യതയനുസരിച്ച് കുട്ടി ആണോ പെണ്ണോ എന്നു മനസ്സിലാക്കിയശേഷം ഗർഭച്ഛിദ്രം നടത്തുന്നതിന്റെ ഫലമാണ് ഇത്—വെളിപ്പെടുത്തിയ 1999-ലെ ഒരു സർവേ അധികാരികളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. “ജനന അനുപാതത്തിലെ ഈ അസന്തുലനം മണവാട്ടിമാരുടെ ദൗർലഭ്യം, വർധിച്ച വേശ്യാവൃത്തി, വിവാഹത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, വിൽക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ ഭയപ്പെടു”ന്നതായി റിപ്പോർട്ടു പറയുന്നു. (g01 11/8)
പഞ്ചസാരയെ പ്ലാസ്റ്റിക്കാക്കുന്നു
പഞ്ചസാരയെ പ്ലാസ്റ്റിക്കാക്കി മാറ്റാൻ കഴിവുള്ള ഒരു പുതിയ ഇനം ബാക്ടീരിയയെ ബ്രസീലിലെ സാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. നേരത്തേ കണ്ടെത്തപ്പെട്ടിരുന്ന ഇനങ്ങൾക്ക്, ചെറിയ തന്മാത്രകളായി വിഘടിച്ച പഞ്ചസാരയെ മാത്രമേ ദഹിപ്പിക്കാനും പരിവർത്തനത്തിനു വിധേയമാക്കാനും കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ “പഞ്ചസാരയെ നേരിട്ട് പരിവർത്തനത്തിനു വിധേയമാക്കാനുള്ള കഴിവാണ് [പുതുതായി കണ്ടെത്തിയ ബാക്ടീരിയത്തിന്റെ] സവിശേഷത” എന്ന് കാർളൊസ് ഹോസ്യു എന്ന വിദഗ്ധൻ പറയുന്നു. ഭക്ഷണം അമിതമായി അകത്തു ചെന്നു കഴിയുമ്പോൾ കൂടുതലുള്ള പഞ്ചസാര ഉപയോഗിച്ച് ഇവ ജൈവ നിമ്നീകരണീയ പ്ലാസ്റ്റിക്കിന്റെ തരികൾ നിർമിക്കുന്നു. ഒരു ലായകം ഉപയോഗിച്ച് ശാസ്ത്രജ്ഞർക്ക് അവയെ വേർതിരിച്ച് എടുക്കാൻ സാധിക്കും. ഗവേഷകരുടെ അഭിപ്രായത്തിൽ “മൂന്നു കിലോഗ്രാം പഞ്ചസാരയിൽനിന്ന് ഒരു കിലോഗ്രാം പ്ലാസ്റ്റിക് ലഭിക്കും” എന്ന് ഓ എസ്റ്റാഡോ ഡി സൗൻ പൗലൂ എന്ന പത്രം പറയുന്നു.(g01 11/8)
ഭക്ഷണത്തിലെ കൊഴുപ്പ് മനസ്സിനെ മന്ദീഭവിപ്പിക്കുന്നു
“കൊഴുപ്പ് അധികമുള്ള ഭക്ഷണക്രമം നിങ്ങളുടെ മസ്തിഷ്കത്തിന്റെയും ഹൃദയധമനികളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തിയേക്കും” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയ ഒരു ഭക്ഷണക്രമം എന്തു ഫലം ചെയ്യും എന്നു മനസ്സിലാക്കുന്നതിന് കാനഡയിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തി. അവർ “ഒരു മാസം പ്രായമുള്ള എലികൾക്ക് അവയ്ക്കു നാലു മാസം ആകുന്നതു വരെ മൃഗകൊഴുപ്പ് അല്ലെങ്കിൽ സസ്യകൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള തീറ്റ നൽകി.” മറ്റൊരു കൂട്ടം എലികൾക്ക് കൊഴുപ്പു കുറഞ്ഞ തീറ്റയും. എന്നിട്ട് ഈ രണ്ടു കൂട്ടം എലികളെയും ഒരു പരിശീലന പരിപാടിക്ക് വിധേയമാക്കി. ഫലം എന്തായിരുന്നു? മൃഗകൊഴുപ്പ് ആയാലും സസ്യകൊഴുപ്പ് ആയാലും, കൊഴുപ്പ് അധികം ഉള്ള തീറ്റ തിന്ന എലികളുടെ “പ്രകടനം കൊഴുപ്പു കുറഞ്ഞ തീറ്റ തിന്നവയെ അപേക്ഷിച്ച് വളരെ മോശമായിരുന്നു.” ഗവേഷകൻ ഗോർഡൻ വിനൊക്കർ പറഞ്ഞു: “കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണക്രമം എല്ലാ മണ്ഡലങ്ങളിലുമുള്ള നമ്മുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ജീവികളുടെ പ്രവർത്തനം എത്രമാത്രം തകരാറിലായിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്.” റിപ്പോർട്ട് അനുസരിച്ച് “ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിൽനിന്ന് കൊഴുപ്പ് മസ്തിഷ്കത്തെ തടയുന്നു” എന്ന് ഗവേഷകർ കരുതുന്നു. “രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഇൻസുലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതു മൂലമായിരിക്കാം ഇത്.”(g01 11/8)
പാഴാക്കിക്കളയുന്ന ഭക്ഷണം
“വിവാഹസദ്യകളിലും മറ്റു വലിയ വിരുന്നുകളിലും പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ അളവ് അവിശ്വസനീയമാണ്” എന്ന് ജപ്പാനിലെ മൈനിച്ചി ഡെയ്ലി ന്യൂസ് പറയുന്നു. എത്രമാത്രം ഭക്ഷണമാണു പാഴാക്കിക്കളയുന്നത് എന്നറിയാനായി ഗവൺമെന്റ് നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നതനുസരിച്ച് വീടുകളിൽ ശരാശരി 7.7 ശതമാനം ഭക്ഷണം പാഴാക്കിക്കളയുമ്പോൾ ഭക്ഷണസാധനങ്ങളുടെ
വിൽപ്പനക്കാർ 1.1 ശതമാനവും റെസ്റ്ററന്റുകൾ പാകം ചെയ്യാത്ത ആഹാരസാധനങ്ങളിൽ 5.1 ശതമാനവും വെറുതെ കളയുന്നു. എന്നിരുന്നാലും പത്ര റിപ്പോർട്ട് അനുസരിച്ച് “ബൂഫേ രീതിയിൽ നടത്തുന്ന സദ്യകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ 15.7 ശതമാനമാണ് കളയുന്നത്.” കൂടാതെ, വിവാഹസദ്യകൾക്കായി ഒരുക്കുന്ന ഭക്ഷണത്തിൽ ഏകദേശം 24 ശതമാനം “മിച്ചം വരികയോ പാഴാക്കിക്കളയുകയോ ചെയ്യുന്നു.” “ഭക്ഷണം ഒട്ടുംതന്നെ പാഴാക്കുന്നില്ലെന്നു” റിപ്പോർട്ടു ചെയ്തത് ഉത്പാദകർ മാത്രമാണ്.(g01 11/8)ഒന്നാം നമ്പർ കൊലയാളി
“മദ്യം പ്രതിവർഷം 55,000 യുവാക്കളുടെ മരണത്തിന് ഇടയാക്കുന്നു” എന്ന് ഫ്രഞ്ച് ദിനപത്രമായ ല ഫിഗാറോ റിപ്പോർട്ടു ചെയ്യുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് യൂറോപ്പിൽ 15-നും 29-നും ഇടയ്ക്കു പ്രായമുള്ള പുരുഷന്മാരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കൊലയാളി മദ്യമാണ്. കൂടാതെ, അവിടെ നടക്കുന്ന മൊത്തം മരണങ്ങളുടെ 25 ശതമാനത്തിലും മദ്യപാനം ഒരു പങ്കു വഹിക്കുന്നു. “അമിത മദ്യപാനത്താലുള്ള വിഷബാധ, വാഹനാപകടങ്ങൾ, ആത്മഹത്യ, കൊലപാതകം” എന്നിവ മൂലമുള്ള മരണങ്ങൾ ഇതിൽ പെടുന്നു എന്നു പത്രം പറയുന്നു. ചില പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതി വിശേഷാൽ ഗുരുതരമാണ്. അവിടങ്ങളിലുള്ള “യുവാക്കളിൽ മൂന്നിലൊന്ന് താമസിയാതെ അമിത മദ്യപാനത്തിന്റെ ഫലമായി മരിക്കുമെന്നു തീർച്ചയാണ്.” യുവാക്കൾക്ക് “മദ്യപാനത്തോട് സന്തുലിതവും ആരോഗ്യകരവുമായ ഒരു മനോഭാവം” ഉണ്ടായിരിക്കുക അങ്ങേയറ്റം ബുദ്ധിമുട്ടാക്കിത്തീർക്കുന്ന മദ്യ കമ്പനികളുടെ തീവ്രമായ വിപണന ശ്രമങ്ങളെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ഗ്രോ ഹാർളെം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഒരു കോൺഫറെൻസിൽ അപലപിച്ചു. (g01 11/22)
ആനയുടേതു പോലുള്ള ഓർമശക്തിയോ?
ഒരു ആനപ്പറ്റത്തിന്റെ അതിജീവനത്തിൽ ഏറ്റവും പ്രായമേറിയ പിടിയാനയുടെ ഓർമശക്തി നിർണായക പങ്കുവഹിക്കുന്നതായി കെനിയയുടെ ആംബോസെലി ദേശീയ പാർക്കിലെ ഗവേഷകർ കണ്ടെത്തി. “പിടിയാനകളുടെ കൂട്ടത്തിലെ പ്രായം കൂടിയവയ്ക്ക്, അതായത് 55 വയസ്സെങ്കിലും ഉള്ളവയ്ക്ക് അപരിചിതരെ സുഹൃത്തുക്കളിൽനിന്നു തിരിച്ചറിയാൻ 35 വയസ്സുള്ള . . . ആനകളെക്കാൾ കഴിവുണ്ട്” എന്ന് സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. കൂട്ടത്തിലെ ആനകളുടെ ആശയവിനിമയ ശബ്ദങ്ങൾ അല്ലെങ്കിൽ താഴ്ന്ന ആവൃത്തിയിലുള്ള ചിന്നം വിളികൾ ഓർത്തുവെച്ചുകൊണ്ട് അപരിചിതമായ ശബ്ദങ്ങൾ തിരിച്ചറിയാൻ മുതിർന്ന പിടിയാനകൾക്കു സാധിക്കും. അങ്ങനെയുള്ളപ്പോൾ ശത്രുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്നതിനായി അവ കൂട്ടത്തിലെ ആനകളെ ഒരുമിച്ചു ചേർക്കുന്നു. “സാധാരണഗതിയിൽ ഒരു പിടിയാനയ്ക്ക് നൂറോളം സുഹൃത്തുക്കളെ അവയുടെ ചിന്നം വിളിയാൽ തിരിച്ചറിയാൻ കഴിയും” എന്ന് റിപ്പോർട്ടു പറയുന്നു. അതുകൊണ്ട് വേട്ടക്കാർ പ്രായമുള്ള ഒരു പിടിയാനയെ കൊല്ലുമ്പോൾ മുഴു ആനപ്പറ്റത്തിനും വിവരങ്ങളുടെ ഒരു വൻ ശേഖരമാണു നഷ്ടപ്പെടുന്നത്.(g01 11/22)
സന്തുഷ്ടി എങ്ങനെ നേടാം?
“സംതൃപ്തിദായകമായ ഒരു ജീവിതത്തിനുള്ള താക്കോൽ ഒരു വലിയ ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കുന്നതല്ല. വാസ്തവത്തിൽ, പണം, പ്രശസ്തി, സ്വാധീനം എന്നിവ സംതൃപ്തി നേടിത്തരാനുള്ള സാധ്യത തീരെ കുറവാണ്” എന്ന് മനശ്ശാസ്ത്രജ്ഞരുടെ നൂതന ഗവേഷണങ്ങൾ തെളിയിക്കുന്നു. ഐക്യനാടുകളിലെ മിസൗറി-കൊളംബിയ സർവകലാശാലയിലെ കെനൻ ഷെൽഡൻ ഇങ്ങനെ പറയുന്നു: “പാശ്ചാത്യ സംസ്കാരങ്ങളിൽ പല പരസ്യങ്ങളും നമുക്ക് സൗന്ദര്യവും പ്രശസ്തിയും പണവും അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു. ഇത് ഒരു നല്ല വിപണന തന്ത്രമായിരിക്കാം, എന്നാൽ അതിന് ഇരയാകുന്നവർ ഏറ്റവും സന്തുഷ്ടരായിരിക്കുന്നതായി കാണുന്നില്ല.” ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടു ചെയ്തതനുസരിച്ച് 700 കോളേജ് വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനം, വിദ്യാർഥികൾ തങ്ങളുടെ സന്തുഷ്ടിയെ ഏറ്റവും ബാധിക്കുന്നത് “ആത്മാഭിമാന”വും “മറ്റുള്ളവരുമായുള്ള അടുത്ത ബന്ധങ്ങ”ളും ആണെന്നു പറഞ്ഞതായി വെളിപ്പെടുത്തി. സന്തുഷ്ടിയിലേക്കു നയിക്കുന്ന ഘടകങ്ങളിൽ ഏറ്റവും ചുരുക്കമായി പരാമർശിക്കപ്പെട്ടത് പണമായിരുന്നു. “പണത്തിന്റെ പ്രയോജനത്തെ കുറിച്ച് അറിയാത്തവരാണ് പണംകൊടുത്ത് സന്തുഷ്ടി വാങ്ങാനാവില്ലെന്നു പറയുന്നത് എന്ന ധാരണ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു” എന്ന് പത്രം പറയുന്നു. (g01 11/22)
മാതൃകാ ഡ്രൈവിങ്
“സ്വന്തമായി ഡ്രൈവിങ് ലൈസൻസ് കിട്ടുന്നതിനു മുമ്പും അതുപോലെ ഡ്രൈവിങ് പഠിക്കുമ്പോഴും കുട്ടികൾ മാതൃക എന്ന നിലയിൽ തങ്ങളിലേക്കു നോക്കിയേക്കാം എന്ന വസ്തുത സംബന്ധിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കേണ്ടതുണ്ട്” എന്ന് ‘ഹൈവേ സുരക്ഷയ്ക്കായുള്ള ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ടി’ലെ സൂസൻ ഫെർഗുസൺ പറയുന്നു. ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്ത പ്രകാരം അവരും സഹപ്രവർത്തകരും 1,40,000 അമേരിക്കൻ കുടുംബങ്ങളുടെ വാഹനാപകട രേഖകൾ പരിശോധിച്ച് 18-നും 21-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ വരുത്തിയിരിക്കുന്ന അപകടങ്ങളെ അവരുടെ മാതാപിതാക്കളുടേതിനോടു താരതമ്യം ചെയ്തു. അപകടങ്ങളൊന്നും വരുത്തിയിട്ടില്ലാഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ അപേക്ഷിച്ച് മൂന്നോ അതിലധികമോ വാഹനാപകടങ്ങൾ വരുത്തിയ മാതാപിതാക്കളുടെ കുട്ടികൾ സ്വന്തമായി വണ്ടിയോടിക്കുമ്പോൾ അപകടം വരുത്താനുള്ള സാധ്യത 22 ശതമാനം കൂടുതലായിരുന്നു. വേഗതാ പരിധി ലംഘിക്കുക, ചുവന്ന ലൈറ്റ് അവഗണിച്ചുകൊണ്ട് വണ്ടിയോടിച്ചു പോകുക എന്നിങ്ങനെയുള്ള ഗതാഗത നിയമങ്ങളുടെ ലംഘനത്തിന്റെ കാര്യത്തിലും ഇതു സത്യമായിരുന്നു. ഇത്തരം കാര്യങ്ങളിൽ കുട്ടികൾ മാതാപിതാക്കളെ പോലെതന്നെ പെരുമാറാനുള്ള സാധ്യത 38 ശതമാനമായിരുന്നു. ‘ബ്രിട്ടന്റെ വാഹനാപകട നിർമാർജന റോയൽ സൊസൈറ്റി’യിലെ ജെയ്ൻ ഈസൻ പറയുന്നു: “മാതാപിതാക്കൾ കുട്ടികൾക്കു നല്ല മാതൃക വെക്കണം. എത്ര നേരത്തേ അവരെ റോഡ് സുരക്ഷയെ കുറിച്ചു പഠിപ്പിക്കുന്നോ അത്രയും നല്ലത്.”(g01 9/22)