കുട്ടികൾക്കു വായിച്ചുകൊടുക്കേണ്ടത് എന്തുകൊണ്ട്?
കുട്ടികൾക്കു വായിച്ചുകൊടുക്കേണ്ടത് എന്തുകൊണ്ട്?
‘പീനട്ട് ബട്ടർ പുരണ്ട, അരികു മടങ്ങിയ താളുകളോടു കൂടിയ ഒരു പുസ്തകവുമായി അവൾ എന്റെ മടിയിലേക്കു വലിഞ്ഞു കയറി, എന്നിട്ടു പറഞ്ഞു . . . , “ഡാഡീ, എനിക്കിതു വായിച്ചു താ ഡാഡീ, എനിക്കിതു വായിച്ചു താന്നേ.”’—ഡോ. ക്ലിഫൊർഡ് ഷിമ്മെൽസ്, വിദ്യാഭ്യാസ പ്രൊഫസർ.
കുട്ടികൾ—അവർ വളരെ പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കുന്നു. മൂന്നു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ ത്വരിതഗതിയിലുള്ള മസ്തിഷ്ക വളർച്ച നടക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. വായിച്ചുകൊടുക്കൽ, പാട്ടുപാടൽ, സ്നേഹപ്രകടനങ്ങൾ എന്നിങ്ങനെയുള്ള മാതാപിതാക്കളുടെ അനുദിന പ്രവൃത്തികൾക്ക് ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ നിർണായകമായി ബാധിക്കാനാകും. എന്നാൽ, ഒരു പഠനം വെളിപ്പെടുത്തുന്നത് അനുസരിച്ച് രണ്ടിനും എട്ടിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളിൽ പകുതിയോളം പേർ മാത്രമേ ദിവസവും തങ്ങളുടെ കുട്ടികൾക്കു വായിച്ചുകൊടുക്കാൻ സമയം എടുക്കാറുള്ളൂ. നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം: ‘എന്റെ കുട്ടിക്ക് വായിച്ചുകൊടുക്കുന്നത് വാസ്തവത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യുമോ?’
വായനാപ്രിയം നട്ടുവളർത്തൽ
പ്രയോജനം ചെയ്യും എന്നാണ് വിദഗ്ധ മതം. വായനാപ്രിയരുടെ രാഷ്ട്രമായിത്തീരൽ (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നല്ല വായനാപ്രാപ്തി വികസിപ്പിച്ചെടുക്കുന്നതിന് ആവശ്യമായ അറിവു സമ്പാദിക്കുന്നതിൽ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് കുട്ടികൾക്കു വായിച്ചുകൊടുക്കുന്നത്. സ്കൂളിൽ പോയിത്തുടങ്ങുന്നതിനു മുമ്പ് ഇതു വിശേഷിച്ചും സത്യമാണ്.”
ഒരു പുസ്തകത്തിൽനിന്ന് കഥകൾ വായിച്ചുകേൾക്കുമ്പോൾ കടലാസിലെ അക്ഷരങ്ങൾക്ക് നമ്മുടെ സംസാരവുമായി ബന്ധമുണ്ടെന്ന് വളരെ ചെറു പ്രായത്തിൽത്തന്നെ കുട്ടികൾ മനസ്സിലാക്കുന്നു. കൂടാതെ പുസ്തകങ്ങളിലെ ഭാഷയുമായി പരിചയത്തിലാകാനും അത് അവരെ സഹായിക്കുന്നു. ഉച്ചത്തിൽ വായിക്കുന്നതിനെ കുറിച്ചുള്ള ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “ഓരോ പ്രാവശ്യവും കുട്ടിക്കു വായിച്ചുകൊടുക്കുമ്പോൾ അവന്റെ മനസ്സിലേക്കു നാം സന്തോഷത്തിന്റെ ഒരു സന്ദേശം അയയ്ക്കുകയാണ്. ഒരു പരസ്യമെന്നു പോലും അതിനെ വിളിക്കാം, പുസ്തകങ്ങളെയും അച്ചടിച്ച വിവരങ്ങളെയും സന്തോഷവുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ കുട്ടിയുടെ മനസ്സിനെ പരുവപ്പെടുത്തുന്ന ഒരു പരസ്യം.” മാതാപിതാക്കൾ കുട്ടികളിൽ പുസ്തകങ്ങളോട് ഇത്തരമൊരു പ്രിയം ഉൾനടുന്നെങ്കിൽ അത് അവരുടെ ജീവിതകാലം മുഴുവനും നിലനിൽക്കും.
ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ സഹായിക്കൽ
കുട്ടികൾക്കു വായിച്ചുകൊടുക്കുന്ന മാതാപിതാക്കൾ അവർക്കു വിലയേറിയ ഒരു സമ്മാനമാണു നൽകുന്നത്—വ്യക്തികളെയും സ്ഥലങ്ങളെയും വസ്തുക്കളെയും കുറിച്ചുള്ള അറിവ്. പുസ്തകത്താളുകളിലൂടെ താരതമ്യേന കുറഞ്ഞ ചെലവിൽ അവർക്കു ലോകം ‘ചുറ്റി സഞ്ചരിക്കാൻ’ കഴിയും. രണ്ടു വയസ്സുള്ള ആന്തണിയുടെ ദൃഷ്ടാന്തം എടുക്കുക. ജനിച്ചപ്പോൾ മുതൽ അവന്റെ അമ്മ അവനു പുസ്തകങ്ങൾ വായിച്ചുകൊടുത്തിട്ടുണ്ട്. അവർ ഇങ്ങനെ പറയുന്നു: “മൃഗശാലയിലേക്കുള്ള അവന്റെ ആദ്യ സന്ദർശനം പുനർകണ്ടെത്തലിന്റെ ഒരു സമയമായിരുന്നു.” പുനർകണ്ടെത്തലോ? അതേ, സീബ്രാ, സിംഹം, ജിറാഫ് എന്നിങ്ങനെയുള്ള മൃഗങ്ങളെ ആന്തണി നേരിൽ കാണുന്നത് ആദ്യമായിട്ട് ആയിരുന്നെങ്കിലും അതിനോടകം തന്നെ അവന് അവയെല്ലാം വളരെ പരിചിതമായിരുന്നു.
അവന്റെ അമ്മ തുടർന്നു വിശദീകരിക്കുന്നു: “രണ്ടു വയസ്സിനുള്ളിൽത്തന്നെ ആന്തണി നിരവധി ആളുകളെ പരിചയപ്പെട്ടിരിക്കുന്നു. വിവിധ മൃഗങ്ങളും വസ്തുക്കളും ആശയങ്ങളുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നു. എല്ലാം പുസ്തകത്താളുകളിലൂടെ. അത് അവനെ വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.” അതേ, ചെറുതായിരിക്കുമ്പോൾ കുട്ടികൾക്കു വായിച്ചുകൊടുക്കുന്നത് തങ്ങൾ ജീവിക്കുന്ന ലോകത്തെ കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ അവരെ സഹായിക്കും.
അടുത്ത ബന്ധം സ്ഥാപിക്കൽ
വളരുന്ന പ്രായത്തിൽ കുട്ടികളിൽ വികാസം പ്രാപിക്കുന്ന മനോഭാവങ്ങൾ ഭാവിയിലെ അവരുടെ പ്രവർത്തനത്തെ സ്വാധീനിക്കും. അതുകൊണ്ട് വിശ്വാസം, പരസ്പര ബഹുമാനം, പരസ്പര ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനം മാതാപിതാക്കൾ ഇടേണ്ടതുണ്ട്. ഇതിൽ വായനയ്ക്ക് ഒരു പ്രധാന പങ്കു വഹിക്കാൻ കഴിയും.
കുട്ടികളെ ചേർത്തുപിടിച്ച് അവർക്കു വായിച്ചുകൊടുക്കാൻ മാതാപിതാക്കൾ സമയം എടുക്കുമ്പോൾ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന വ്യക്തമായ സന്ദേശമാണ് അവർക്കു നൽകുന്നത്. കാനഡയിൽനിന്നുള്ള ഒരു മാതാവായ ഫീബി ഇപ്പോൾ എട്ടു വയസ്സുള്ള മകനു വായിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “നേഥന് ഞങ്ങളോട് ഇത്രയും അടുപ്പം ഉണ്ടാകാൻ നല്ലൊരളവോളം ഇതു സഹായിച്ചിട്ടുണ്ടെന്നാണ് എനിക്കും ഭർത്താവിനും തോന്നുന്നത്. അവൻ ഞങ്ങളോടു വളരെ തുറന്ന് ഇടപെടുന്നു. പലപ്പോഴും തന്റെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെ കുറിച്ചുപോലും ഒന്നും മറച്ചുവെക്കാതെ അവൻ ഞങ്ങളോടു സംസാരിക്കുന്നു. അത് ഞങ്ങളുടെ ഇടയിൽ ഒരു പ്രത്യേക അടുപ്പം ഉടലെടുക്കുന്നതിന് ഇടയാക്കിയിരിക്കുന്നു.”
തന്റെ മകൾക്ക് ഏകദേശം ഒരു വയസ്സായപ്പോൾ മുതൽ, അതായത് ഒന്നുരണ്ടു മിനിട്ടു നേരത്തേക്ക് ഇരുന്നു ശ്രദ്ധിക്കാൻ അവൾ പ്രാപ്തി നേടിയപ്പോൾ മുതൽ സിൻഡി അവൾക്കു വായിച്ചുകൊടുക്കുന്നത് ഒരു പതിവാക്കി. അതിനു ചെലവഴിച്ച സമയവും ശ്രമവും തക്ക മൂല്യമുള്ളതാണെന്നു തെളിഞ്ഞിട്ടുണ്ടോ? സിൻഡി പറയുന്നു: “സ്കൂളിൽ നടന്ന ഒരു സംഭവത്തെ കുറിച്ചോ കൂട്ടുകാരുമായുള്ള എന്തെങ്കിലും പ്രശ്നത്തെ കുറിച്ചോ അബീഗയിലിൽനിന്ന് അറിയണമെങ്കിൽ അവളെ അടുത്തു വിളിച്ചിരുത്തി എന്തെങ്കിലും വായിച്ചുകൊടുത്താൽ മതി. സൗഹാർദപരവും സമാധാനപരവുമായ ആ അന്തരീക്ഷത്തിൽ, മനസ്സിലുള്ളതെല്ലാം അവൾ തുറന്നു പറഞ്ഞുകൊള്ളും. ഇത്തരമൊരു പ്രതികരണം തന്റെ കുട്ടിയിൽനിന്നു ലഭിക്കാൻ ആഗ്രഹമില്ലാത്ത മാതാപിതാക്കൾ ഉണ്ടാകുമോ?” തീർച്ചയായും കുട്ടിക്കു വായിച്ചുകൊടുക്കുന്നതു മുഖാന്തരം മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാകും.
ജീവിതത്തിന് ആവശ്യമായ വൈദഗ്ധ്യങ്ങൾ ഉൾനടൽ
കെട്ടുറപ്പുള്ള ഒരു കുടുംബത്തിലേക്കു നയിക്കുന്ന 3 പടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “നമ്മുടെ കുട്ടികൾ ഇന്ന് ടെലിവിഷനിൽനിന്നും മറ്റ് ഉറവുകളിൽനിന്നും ലഭിക്കുന്ന ചപ്പുചവറുകൊണ്ട് തങ്ങളുടെ മനസ്സുകളെ നിറയ്ക്കുന്നതിനാൽ തങ്ങളുടെ മൂല്യങ്ങൾക്കൊത്തു ജീവിക്കാനും ജീവിതം സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കാനും കഴിയണമെങ്കിൽ കുറച്ചു മാനസിക പോഷണം, വ്യക്തമായ ആശയങ്ങൾ, ജ്ഞാനം, മാനസിക ഭദ്രത എന്നിവ അവർക്കു ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.” ക്രിയാത്മകവും ആരോഗ്യാവഹവുമായ സ്വാധീനം ചെലുത്താൻ ഏറ്റവും പറ്റിയ സ്ഥാനത്ത് ആയിരിക്കുന്നതു മാതാപിതാക്കളാണ്.
പുസ്തകങ്ങളിലെ നല്ല വാക്യഘടനയുള്ള, സങ്കീർണമായ വാചകങ്ങളുമായി പരിചയപ്പെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത് സംസാരത്തിലൂടെയും എഴുത്തിലൂടെയും ആശയങ്ങൾ കൂടുതൽ മെച്ചമായി പ്രകടിപ്പിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിൽ വളരെ സഹായകമായിരിക്കും. ശിശുക്കൾക്ക് പുസ്തകങ്ങൾ വേണം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരി ഡോറത്തി ബട്ട്ലർ പറയുന്നു: “ഒരു വ്യക്തിയുടെ ചിന്തകളുടെ ഗുണനിലവാരം അയാളുടെ ഭാഷയുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും. പഠനപ്രാപ്തിയും ബുദ്ധിയും വികസിപ്പിക്കുന്നതിൽ ഭാഷ ഒരു മുഖ്യ പങ്കു വഹിക്കുന്നു.” നന്നായി ആശയവിനിമയം നടത്താനുള്ള കഴിവാണ് നല്ല ബന്ധങ്ങളുടെ ജീവരക്തം.
ഉചിതമായ പുസ്തകങ്ങളിൽനിന്നുള്ള വായനയ്ക്ക് നല്ല ധാർമിക നിലവാരങ്ങളും മൂല്യങ്ങളും ആഴത്തിൽ പതിപ്പിക്കുന്നതിലും സഹായിക്കാൻ കഴിയും. കുട്ടികളോടൊപ്പം ഇരുന്നു വായിക്കുകയും അവരുമായി ന്യായവാദം ചെയ്യുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് പ്രശ്നപരിഹാര പ്രാപ്തി വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കാനാകും. സിൻഡി തന്റെ മകൾ
അബീഗയിലിനു വായിച്ചുകൊടുക്കവേ കഥകളിലെ ഓരോ സാഹചര്യങ്ങളോടുമുള്ള അവളുടെ പ്രതികരണം സുസൂക്ഷ്മം നിരീക്ഷിച്ചു. “അവളുടെ വ്യക്തിത്വത്തിലെ മറഞ്ഞിരിക്കുന്ന വശങ്ങൾ മനസ്സിലാക്കാൻ മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കു കഴിയുന്നു. തെറ്റായ ചിന്തകൾ മുളയിലേ നുള്ളി കളയാൻ അവളെ സഹായിക്കുന്നതിന് അതു ഞങ്ങളെ പ്രാപ്തരാക്കുമെന്നു പ്രത്യാശിക്കുന്നു.” തീർച്ചയായും കുട്ടികൾക്കു വായിച്ചുകൊടുക്കുന്നത് അവരുടെ മനസ്സിനും ഹൃദയത്തിനും പരിശീലനം നൽകാനുള്ള ഒരു മാർഗമാണ്.വായന ഉല്ലാസപ്രദമാക്കുക
വായിച്ചുകൊടുക്കുമ്പോൾ കുട്ടിയുടെമേൽ “സമ്മർദം ചെലുത്താതിരിക്കാൻ” ശ്രദ്ധിക്കുക. അന്തരീക്ഷം പിരിമുറുക്കം ഇല്ലാത്തതും അനൗപചാരികവും ആസ്വാദ്യവുമാണെന്ന് ഉറപ്പു വരുത്തുക. വിവേചനയുള്ള മാതാപിതാക്കൾക്ക് എപ്പോൾ വായന നിറുത്തണം എന്നറിയാം. ലീന പറയുന്നു: “ചിലപ്പോൾ രണ്ടുവയസ്സുള്ള ആൻഡ്രൂ വളരെ ക്ഷീണിതനായിരിക്കും, അവന് അധികം സമയം അടങ്ങിയിരിക്കാൻ കഴിയില്ല. അവന്റെ മൂഡ് അനുസരിച്ച് ഞങ്ങൾ വായനാ സമയം വെട്ടിച്ചുരുക്കുന്നു. വായനയെ കുറിച്ച് ആൻഡ്രൂവിനു മോശമായ ഒരു ധാരണ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവനു സാധിക്കുന്നതിനെക്കാൾ കൂടുതൽ സമയം ഇരുന്നു ശ്രദ്ധിക്കാൻ ഞങ്ങൾ അവനെ നിർബന്ധിക്കാറില്ല.”
വായിച്ചുകൊടുക്കുക എന്നു പറയുമ്പോൾ അച്ചടിച്ചിരിക്കുന്നത് കേവലം വായിക്കുന്നതിനെക്കാൾ ഉൾപ്പെട്ടിട്ടുണ്ട്. ആകാംക്ഷ ജനിപ്പിക്കാൻ തക്കവണ്ണം ചിത്രങ്ങൾ അടങ്ങിയ ഒരു പുസ്തകത്തിന്റെ പേജ് എപ്പോഴാണ് മറിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കുക. ഒഴുക്കോടെ വായിക്കുക. കഥ ജീവസ്സുറ്റത് ആക്കിത്തീർക്കുന്നതിൽ ഉച്ചനീചത്വവും ഊന്നലും വലിയ പങ്കു വഹിക്കുന്നു. നിങ്ങളുടെ സ്വരത്തിലെ ഊഷ്മളതയ്ക്ക് കുട്ടിയിൽ സുരക്ഷിതത്വ ബോധം ജനിപ്പിക്കാൻ കഴിയും.
ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നത് കുട്ടിയെയും കൂടെ സജീവമായി പങ്കെടുപ്പിക്കുമ്പോഴാണ്. ഇടയ്ക്കിടയ്ക്ക് വായന നിറുത്തി, ചിന്തിച്ച് ഉത്തരം പറയാൻ കുട്ടിയെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുക. മറ്റു സാധ്യതകൾ നൽകിക്കൊണ്ട് കുട്ടിയുടെ ഉത്തരത്തെ കൂടുതലായി വികസിപ്പിക്കുക.
പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുക
ഒരുപക്ഷേ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നത് ആയിരിക്കാം ഏറ്റവും പ്രധാനം. ഇതിന് നിങ്ങളുടെ പക്ഷത്ത് കുറച്ചു ശ്രമം ആവശ്യമായി വന്നേക്കാം. പുസ്തകം ശ്രദ്ധാപൂർവം വായിക്കുക. ക്രിയാത്മകവും പ്രബോധനാത്മകവുമായ സന്ദേശമുള്ളതും നല്ല ഒരു ഗുണപാഠം ഉള്ളതുമായ കഥകൾ മാത്രം തിരഞ്ഞെടുക്കുക. പുസ്തകത്തിന്റെ പുറംചട്ട, ചിത്രങ്ങൾ, പൊതു ശൈലി എന്നിവയ്ക്കും ശ്രദ്ധ നൽകേണ്ടതാണ്. കുട്ടിക്കും നിങ്ങൾക്കും താത്പര്യമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുക. വായിച്ച കഥ തന്നെ പിന്നെയും പിന്നെയും വായിക്കാൻ പലപ്പോഴും കുട്ടികൾ ആവശ്യപ്പെടാറുണ്ട്.
ലോകമെമ്പാടുമുള്ള മാതാപിതാക്കൾ വളരെ വിലമതിച്ചിട്ടുള്ള ഒന്നാണ് എന്റെ ബൈബിൾ കഥാ പുസ്തകം. a മാതാപിതാക്കൾക്ക് തങ്ങളുടെ കൊച്ചു കുട്ടികളെ വായിച്ചു കേൾപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് അതു തയ്യാറാക്കിയിരിക്കുന്നത്. നല്ല വായനാപ്രാപ്തി വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക മാത്രമല്ല അതു ചെയ്യുന്നത്. ബൈബിളിൽ അവരുടെ താത്പര്യം ഉണർത്താനും അത് ഇടയാക്കുന്നു.
കുട്ടികൾക്കു വായിച്ചുകൊടുത്തുകൊണ്ട് മാതാപിതാക്കൾക്ക് അവരിൽ നല്ല വായനാ ശീലം ഉൾനടാൻ കഴിയും. ജീവിതകാലം മുഴുവനും ഇത് അവർക്ക് പ്രയോജനപ്പെട്ടേക്കാം. തന്റെ മകളെ കുറിച്ചു ജോവാൻ പറഞ്ഞു: “സ്കൂളിൽ പോകുന്നതിനു മുമ്പുതന്നെ ജെന്നിഫർ എഴുതാനും വായിക്കാനും പഠിക്കുകയും വായനാപ്രിയം നട്ടുവളർത്തുകയും ചെയ്തു. എന്നാൽ അതിലുപരി, നമ്മുടെ മഹാ സ്രഷ്ടാവായ യഹോവയോടു സ്നേഹം വളർത്തിയെടുക്കാനും ഇതു സഹായിച്ചിരിക്കുന്നു. തന്റെ എല്ലാ തീരുമാനങ്ങളിലും തന്നെ വഴിനയിക്കുന്നതിന് അവന്റെ ലിഖിത വചനമായ ബൈബിളിലേക്കു തിരിയാൻ അവൾ പഠിച്ചിരിക്കുന്നു.” കുട്ടിയെ എന്തു പഠിക്കാൻ സഹായിക്കുന്നു എന്നതിനെക്കാൾ എന്തിനെ സ്നേഹിക്കാൻ സഹായിക്കുന്നു എന്നത് തീർച്ചയായും പ്രധാനമായിരുന്നേക്കാം.(g01 11/22)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
[18-ാം പേജിലെ ചതുരം/ചിത്രം]
കുട്ടിക്കു വായിച്ചുകൊടുക്കുമ്പോൾ
• ശൈശവം മുതൽതന്നെ തുടങ്ങുക.
• കുട്ടി അടങ്ങിയിരുന്നതിനു ശേഷം വായിക്കാൻ ആരംഭിക്കുക.
• നിങ്ങൾക്ക് ഇരുവർക്കും ഇഷ്ടപ്പെട്ട കഥകൾ വായിക്കുക.
• വികാരം ഉൾക്കൊണ്ടു വായിക്കുക, സാധിക്കുന്നത്ര കൂടെക്കൂടെ അതു ചെയ്യുക.
• ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് കുട്ടിയെ ഉൾപ്പെടുത്തുക.
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ ബ്രോങ്ക്സ് മൃഗശാലയിൽ എടുത്ത ഫോട്ടോ