ലോകത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ ആർ നിറവേറ്റും?
ലോകത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ ആർ നിറവേറ്റും?
ജൈവവൈവിധ്യം നശിപ്പിക്കുന്നതിനു പകരം മനുഷ്യൻ എന്നെങ്കിലും അതു സംരക്ഷിക്കാൻ തുടങ്ങുമോ? അതു സാധ്യമാകണമെങ്കിൽ ജീവശാസ്ത്രജ്ഞനായ ജോൺ ടക്സിലിന്റെ അഭിപ്രായത്തിൽ ഇപ്പോൾ പിന്തുടർന്നു പോരുന്ന “നയത്തിൽ വലിയ മാറ്റം” വരേണ്ടത് ആവശ്യമാണ്. എന്നാൽ “സസ്യ ജൈവവൈവിധ്യത്തിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള ആളുകളുടെ അവബോധത്തിൽ കാര്യമായ വ്യത്യാസം വരികയും നിലവിലുള്ള പ്രവർത്തനരീതികൾ മാറ്റാനുള്ള ആഗ്രഹവും പുതിയ സമീപനങ്ങൾ പരീക്ഷിച്ചു നോക്കാനുള്ള സന്നദ്ധതയും അവർ വളർത്തിയെടുക്കുകയും ചെയ്യാത്ത പക്ഷം” അത്തരമൊരു മാറ്റം “ഉണ്ടാകാനുള്ള സാധ്യതയില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ അത്തരത്തിലുള്ള വലിയ മാറ്റങ്ങൾ വരുമെന്നു വിശ്വസിക്കാൻ അനേകർക്കും ബുദ്ധിമുട്ടു തോന്നുന്നു. കൂടാതെ പലരും ടക്സലിന്റെ നിഗമനത്തോട് യോജിക്കുന്നുമില്ല. ജൈവവൈവിധ്യത്തിന്റെ പങ്ക് ഇപ്പോഴും പൂർണമായും മനസ്സിലാക്കപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ സഹപ്രവർത്തകരിൽ ചിലർ ഒരുപക്ഷേ അതിനെ പെരുപ്പിച്ചുകാണിക്കുകയായിരിക്കാമെന്നും വിചാരിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞർ ഉണ്ട്. എന്നിരുന്നാലും ഈ വിഷയത്തിൽ ശാസ്ത്രജ്ഞർ തമ്മിൽ ഇപ്പോഴും സംവാദങ്ങൾ തുടർന്നുപോരുന്ന സാഹചര്യത്തിൽ ഈ രംഗത്തെ ചില വിദഗ്ധർ നൽകുന്ന മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കുന്നത് ബുദ്ധിയായിരിക്കുമെന്നു തോന്നുന്നു. ജൈവവൈവിധ്യത്തിന്റെ നഷ്ടം മാത്രമല്ല അത്തരം നഷ്ടങ്ങൾക്കു പിന്നിലുള്ള അത്യാഗ്രഹവും ദീർഘവീക്ഷണമില്ലായ്മയും അവരെ അസ്വസ്ഥരാക്കുന്നതായി കാണുന്നു. ചില എഴുത്തുകാരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.
“ഒരു നൂറ്റാണ്ടു മുമ്പു വരെ ഗോളമെങ്ങുമുള്ള കർഷകർക്ക് സ്വന്തം വിത്തു ശേഖരങ്ങളുടെ മേൽ നിയന്ത്രണം ഉണ്ടായിരുന്നു. . . . എന്നാൽ ഇന്ന്, അന്താരാഷ്ട്ര കമ്പനികളാണ് വിത്തുകളിൽ ഭൂരിഭാഗവും വിപണിയിൽ എത്തിക്കുന്നത്. അവർ അവയെ ജനിതക വ്യതിയാനത്തിനു വിധേയമാക്കുകയും അവയുടെ നിർമാണ കുത്തകാവകാശം നേടിയെടുക്കുകയും ബൗദ്ധിക സ്വത്തായി സൂക്ഷിക്കുകയും ചെയ്യുന്നു. . . . നശീകരണ ശ്രമങ്ങളെ ചെറുക്കാൻ കഴിവുള്ള പുതിയ രോഗങ്ങളിൽനിന്നും സൂപ്പർ കീടങ്ങളിൽനിന്നുമൊക്കെ സംരക്ഷണം പ്രദാനം ചെയ്യുന്നതിൽ അമൂല്യമെന്നു തെളിഞ്ഞേക്കാവുന്ന വിലയേറിയ ജനിതക പൈതൃകത്തിന് തുരങ്കം വെക്കാനാണ് താത്കാലിക ലാഭത്തിൽ മാത്രം കണ്ണുനട്ടിരിക്കുന്ന ജൈവസാങ്കേതിക വ്യവസായം തുനിയുന്നത്.”—ശാസ്ത്ര ലേഖകനായ ജെറമി റിഫ്കിൻ.
“വാണിജ്യ മേഖലയും സ്വതന്ത്ര വ്യാപാരവും ആഗോള സമ്പദ്വ്യവസ്ഥയുമാണ് ഏറ്റവും പ്രധാനപ്പെട്ട
സംഗതികൾ എന്ന ആപ്തവാക്യം മാധ്യമങ്ങൾ ആവർത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുന്നു. പണവും വൻ ബിസിനസ് സ്ഥാപനങ്ങളുടെ താത്പര്യങ്ങളും മാധ്യമങ്ങളെ അടക്കിവാഴുമ്പോൾ ഒരു മതപഠിപ്പിക്കലിന്റെ കാര്യത്തിലെന്ന പോലെ സമ്പത്തിലുള്ള ഈ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആരുംതന്നെ ഒരുമ്പെടുന്നില്ല.”—ജനിതക ശാസ്ത്രജ്ഞനായ ഡേവിഡ് സൂസൂക്കി.മാറ്റത്തിന്റെ വിത്തുകൾ—ജീവനുള്ള നിധി എന്ന പുസ്തകത്തിൽ കെന്നി ഓസുബെൽ വികസിത രാഷ്ട്രങ്ങളിലെ “ഗവൺമെന്റുകളും ബിസിനസ് സ്ഥാപനങ്ങളും മനുഷ്യവർഗത്തിന്റെ ‘പൊതു പൈതൃക’മായ ജീൻ സഞ്ചയത്തിന്റെ നാശം എന്ന അടുത്തുവന്നുകൊണ്ടിരിക്കുന്ന ആഗോള വിപത്തിനെച്ചൊല്ലി വിലപിക്കുന്നതിലെ” കാപട്യം തുറന്നു കാട്ടുന്നു. ആധുനിക കൃഷിരീതികളെയും ഏകവിള സമ്പ്രദായത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് അവരും ജൈവവൈവിധ്യ ശോഷണത്തിന് സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പരിസ്ഥിതിശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ ആശങ്കകൾ യഥാർഥ അടിസ്ഥാനം ഉള്ളവയാണെങ്കിലും അല്ലെങ്കിലും
ശുഭാപ്തിവിശ്വാസത്തോടെ ഈ ഗ്രഹത്തിന്റെ ഭാവിയിലേക്കു നോക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മനുഷ്യൻ അത്യാഗ്രഹത്താൽ നയിക്കപ്പെടുന്ന സാഹചര്യത്തിൽ എത്രകാലം കൂടെ അതിന് അതിജീവിക്കാൻ കഴിയും? ഉത്തരങ്ങൾക്കായി പരതവേ ശാസ്ത്രം നമ്മുടെ രക്ഷയ്ക്കെത്തുമെന്ന് അനേകരും പ്രത്യാശിക്കുന്നു.ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും നമ്മെ രക്ഷിക്കാനാകുമോ?
ശാസ്ത്രീയ മുന്നേറ്റങ്ങൾ വളരെ ശീഘ്രവും സങ്കീർണവും ആയതിനാൽ ഈ മുന്നേറ്റങ്ങളുടെ പാർശ്വഫലങ്ങൾ പൂർണമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്കു കഴിയാതെ വന്നേക്കാമെന്ന ഉത്കണ്ഠ എഡിൻബർഗ് റോയൽ സൊസൈറ്റി അടുത്തയിടെ പ്രകടിപ്പിക്കുകയുണ്ടായി. “പ്രകൃതിയെ സംബന്ധിച്ച അൽപ്പവും അപൂർണവുമായ ഉൾക്കാഴ്ചയേ ശാസ്ത്രം പ്രദാനം ചെയ്യുന്നുള്ളു” എന്ന് ഡേവിഡ് സൂസൂക്കി എഴുതി. “ഭൂമിയിലെ ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും ആശ്രയിച്ചിരിക്കുന്നതും എങ്ങനെയെന്നതു പോയിട്ട് അവയുടെ ജൈവശാസ്ത്രപരമായ ഘടനയെ കുറിച്ചു പോലും നമുക്ക് ഒന്നുംതന്നെ അറിയില്ല.”
സയൻസ് മാസിക വിശദീകരിച്ചതുപോലെ “ജനിതക വ്യതിയാനത്തിനു വിധേയമാക്കപ്പെട്ട ജീവികളുടെ പ്രയോജനങ്ങളെ കുറിച്ചോ അപകടങ്ങളെ കുറിച്ചോ ഉള്ള അറിവു പൂർണമോ സാർവത്രികമോ അല്ല . . . ജനിതക വ്യതിയാനം വരുത്തിയ ജീവികൾ ഉൾപ്പെടെ പുതുതായി അവതരിപ്പിക്കപ്പെടുന്ന വർഗങ്ങൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കും എന്നു പ്രവചിക്കാനുള്ള നമ്മുടെ കഴിവ് പരിമിതമാണ്.”
മിക്ക “മുന്നേറ്റങ്ങൾക്കും” യഥാർഥത്തിൽ രണ്ടു വശങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. ചില പ്രയോജനങ്ങൾ കൈവരുത്തിയിട്ടുണ്ടെങ്കിലും അവ മനുഷ്യന്റെ ജ്ഞാനത്തിന്റെ അഭാവവും പലപ്പോഴും അത്യാഗ്രഹവും വിളിച്ചറിയിക്കുന്നവയാണ്. (യിരെമ്യാവു 10:23) ഉദാഹരണത്തിന്, ഹരിത വിപ്ലവം ഭക്ഷ്യ സമൃദ്ധിയിലേക്കു നയിക്കുകയും അനേകരുടെയും വിശപ്പകറ്റുകയും ചെയ്തെങ്കിലും അത് ജൈവവൈവിധ്യത്തിന്റെ ശോഷണത്തിന് ഇടയാക്കി. കീടനാശിനികളുടെയും മറ്റു ചെലവേറിയ വിളവുത്പാദന രീതികളുടെയും ഉപയോഗം ആത്യന്തികമായി “സാധാരണക്കാരുടെ ചെലവിൽ വ്യാവസായിക സസ്യ പ്രജനകരും മൂന്നാം ലോകത്തിലെ പ്രമുഖരും പരിപോഷിപ്പിക്കപ്പെടുന്നതിലേക്ക്” ആണു നയിച്ചത് എന്ന് ഡോ. മെയ്-വാൻ ഹോ എഴുതി. ഈ പ്രവണത തുടരുകയാണ്. ജൈവസാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി കൂടുതൽ വലുതും ശക്തവുമായ ഒരു വ്യവസായമായി മാറുകയാണ്. ഭക്ഷ്യ സുരക്ഷ കൂടുതലായും ശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്ന ഒരു ഭാവിയിലേക്ക് അതു നമ്മെ നയിക്കുന്നു.
എന്നാൽ ഈ പ്രശ്നങ്ങൾ നമ്മെ വിഷാദചിത്തർ ആക്കേണ്ടതില്ല. യഥാർഥത്തിൽ ഇവയെല്ലാം പ്രധാനപ്പെട്ട ഒരു വസ്തുതയ്ക്ക് അടിവരയിടുക മാത്രമാണു ചെയ്യുന്നത്. ഇപ്പോൾ ഭൂമിയുടെയും അതിലെ വിഭവങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന അപൂർണ മനുഷ്യരിൽ നിന്ന് നാം വളരെയധികം പ്രതീക്ഷിക്കരുതെന്നു കാണാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. പരാജയവും ദുർവിനിയോഗവും തടുക്കാൻ മനുഷ്യനു സാധിക്കുകയില്ല. അതുകൊണ്ട് സങ്കീർത്തനം 146:3 ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” എന്നാൽ നമുക്കു ദൈവത്തിൽ പൂർണമായും ആശ്രയിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 3:5, 6) അവനു നമ്മെ സഹായിക്കാനുള്ള ആഗ്രഹം മാത്രമല്ല അതിനുള്ള കഴിവും ഉണ്ട്.—യെശയ്യാവു 40:25, 26.
ജീവസ്സുറ്റ, ഫലസമൃദ്ധമായ ഒരു ഭൂമി തൊട്ടുമുന്നിൽ
ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു വീട് പുതുക്കിപ്പണിയുന്നതിനു മുമ്പ് ആദ്യം തന്നെ പാഴ്വസ്തുക്കൾ നീക്കം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സമാനമായി യഹോവയാം ദൈവം പെട്ടെന്നുതന്നെ ഭൂമിയിൽനിന്നു ദുഷ്ടന്മാരെയെല്ലാം നീക്കം ചെയ്യും. നമ്മുടെ ഗ്രഹത്തെയും അതിലെ പ്രകൃതി വിഭവങ്ങളെയും സഹ മനുഷ്യരെ പോലും വ്യക്തിപരവും വ്യവസായപരവുമായ സാമ്പത്തിക നേട്ടങ്ങൾക്കായി ചൂഷണം ചെയ്യാവുന്ന വെറും വസ്തുക്കളായി കണക്കാക്കുന്നവർ അവരിൽ ഉൾപ്പെടും. (സങ്കീർത്തനം 37:10, 11; വെളിപ്പാടു 11:18) എന്നാൽ തന്നെ സ്നേഹിക്കുകയും തന്റെ ഇഷ്ടം ചെയ്യാൻ യത്നിക്കുകയും ചെയ്യുന്നവരെയെല്ലാം യഹോവ സംരക്ഷിക്കും.—1 യോഹന്നാൻ 2:15-17.
അതിനുശേഷം ഭൂമിയുടെയും അനുസരണമുള്ള മനുഷ്യർ ഉൾപ്പെടെയുള്ള അതിലെ എണ്ണമറ്റ ജീവജാലങ്ങളുടെയും ഭരണം ദൈവത്താൽ സ്ഥാപിതമായ ഒരു ഗവൺമെന്റ്—മിശിഹൈക രാജ്യം—ഏറ്റെടുക്കും. (ദാനീയേൽ 7:13, 14; മത്തായി 6:10) ജ്ഞാനപൂർവകമായ ആ ഭരണത്തിൻ കീഴിൽ ഭൂമി എത്ര ഫലസമൃദ്ധമായിരിക്കും! സങ്കീർത്തനം 72:16 പറയുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവും ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.” അതേ, ഭക്ഷ്യവസ്തുക്കൾ മേലാൽ തർക്കങ്ങൾക്കോ ഉത്കണ്ഠയ്ക്കോ കാരണമായിരിക്കില്ല. പകരം അതു സുരക്ഷിതവും സുലഭവും ആയിരിക്കും.
അതുകൊണ്ട് ഇപ്പോഴത്തെ വ്യവസ്ഥിതി നിരാശയും അനിശ്ചിതത്വവും നിറഞ്ഞ അവസ്ഥയിലേക്കു കൂപ്പുകുത്തവേ യഹോവയിൽ ആശ്രയിക്കുന്നവർക്ക് ഈ ഭൂമിയിൽത്തന്നെ മഹത്തായ ഒരു ഭാവി ജീവിതം ആസ്വദിക്കുന്നതിനായി പ്രത്യാശിക്കാൻ കഴിയും. മെച്ചപ്പെട്ട അവസ്ഥകളോടു കൂടിയ നീതിനിഷ്ഠമായ ഒരു ലോകം ആഗ്രഹിക്കുന്നവരുമായി യഹോവയുടെ സാക്ഷികൾ സന്തോഷപൂർവം പങ്കുവെക്കുന്ന ‘രാജ്യത്തിന്റെ സുവിശേഷത്തിൽ’ ഈ പ്രത്യാശയും അടങ്ങിയിരിക്കുന്നു. (മത്തായി 24:14) ഈ പ്രത്യാശയും തന്റെ ജനത്തോടുള്ള ദൈവത്തിന്റെ പിതൃനിർവിശേഷമായ കരുതലും നിമിത്തം ഇപ്പോൾ പോലും നമുക്ക് ‘നിർഭയം വസിക്കാനും ദോഷഭയം കൂടാതെ സ്വൈരമായിരിക്കാനും കഴിയും.’—സദൃശവാക്യങ്ങൾ 1:33.(g01 9/22)
[10-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിൻ കീഴിൽ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതവും സുലഭവും ആയിരിക്കും
[8-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
FAO Photo/K. Dunn
[9-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Tourism Authority of Thailand