മനുഷ്യൻ സ്വന്തം ഭക്ഷ്യശേഖരം നശിപ്പിക്കുകയാണോ?
മനുഷ്യൻ സ്വന്തം ഭക്ഷ്യശേഖരം നശിപ്പിക്കുകയാണോ?
“അന്താരാഷ്ട്ര കിടമത്സരമോ കടങ്ങളോ കമ്മികളോ ഒന്നുമല്ല ഇന്നു നാം അഭിമുഖീകരിക്കുന്ന യഥാർഥ വെല്ലുവിളികൾ. മറിച്ച് സർവ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായ നമ്മുടെ ഗ്രഹത്തിന്റെ ജീവമണ്ഡലത്തെ നശിപ്പിക്കാതെതന്നെ നമുക്കെങ്ങനെ അർഥപൂർണവും സംതൃപ്തിദായകവുമായ ജീവിതം നയിക്കാൻ കഴിയും എന്നതാണ്. ഇതുപോലൊരു ഭീഷണിയെ—നമ്മെ ജീവനോടെ നിലനിറുത്തുന്ന ഘടകങ്ങളുടെ നാശം—മനുഷ്യവർഗം മുമ്പൊരിക്കലും നേരിട്ടിട്ടില്ല.”—ജനിതക ശാസ്ത്രജ്ഞനായ ഡേവിഡ് സൂസൂക്കി.
ഒരു ആപ്പിളിന് നിങ്ങൾ വലിയ വിലയൊന്നും കൽപ്പിക്കുന്നില്ലായിരിക്കാം. ആപ്പിൾ ധാരാളമായി വളരുന്ന ഒരു പ്രദേശത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ വളരെ സുലഭമായ, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനാകുംവിധം വൈവിധ്യമാർന്ന ഇനങ്ങളുള്ള, ഒരു ഫലമാണ് അതെന്ന് നിങ്ങൾ നിഗമനം ചെയ്തേക്കാം. എന്നാൽ 100 വർഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ തീരെ കുറച്ച് ഇനങ്ങൾ മാത്രമേ ഇന്നുള്ളൂ എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ?
ഐക്യനാടുകളിൽ 1804-നും 1905-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ 7,098 ഇനം ആപ്പിളുകൾ കൃഷി ചെയ്തിരുന്നു. ഇന്ന് അവയിൽ 6,121 ഇനങ്ങളും—86 ശതമാനം—അപ്രത്യക്ഷമായിരിക്കുന്നു. പെയറിന്റെ ഗതിയും സമാനമാണ്. ഒരു കാലത്ത് കൃഷിചെയ്തിരുന്ന 2,683 ഇനങ്ങളിൽ ഏകദേശം 88 ശതമാനവും ഇന്നില്ല. പച്ചക്കറികളുടെ കാര്യമെടുത്താൽ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ജൈവവൈവിധ്യം എന്നറിയപ്പെടുന്ന സംഗതി—ജീവിവർഗങ്ങളിലെ സമൃദ്ധമായ വൈവിധ്യം മാത്രമല്ല വർഗത്തിനുള്ളിലെ ഇനങ്ങളിലുള്ള വൈവിധ്യവും—ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. 80 വർഷത്തിൽ കുറഞ്ഞ കാലയളവുകൊണ്ട് ഐക്യനാടുകളിൽ കൃഷിചെയ്യുന്ന പച്ചക്കറിയിനങ്ങളുടെ എണ്ണത്തിൽ 97 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്! എന്നാൽ വൈവിധ്യം അത്രയ്ക്കും പ്രാധാന്യമുള്ള ഒരു കാര്യമാണോ?
ആണെന്നാണ് അനേകം ശാസ്ത്രജ്ഞരും പറയുന്നത്. ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും സംവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഭൂമിയിലെ ജീവന് അത് അനിവാര്യമാണെന്ന് പല പരിസ്ഥിതി വിദഗ്ധരും പറയുന്നു. ഭക്ഷണത്തിനായി നാം കൃഷി ചെയ്യുന്ന സസ്യങ്ങളുടെ കാര്യത്തിലെന്ന പോലെ തന്നെ വനങ്ങളിലും കുറ്റിക്കാടുകളിലും പുൽമേടുകളിലുമൊക്കെ തനിയെ വളരുന്നവയുടെ കാര്യത്തിലും ഇതു മർമപ്രധാനമാണെന്നാണ് അവരുടെ അഭിപ്രായം. അതുപോലെ വർഗങ്ങൾക്ക് ഉള്ളിലെ വൈവിധ്യവും പ്രധാനമാണ്. ഉദാഹരണത്തിന്, പലയിനം നെല്ല് ഉണ്ടെങ്കിൽ അവയിൽ ചിലതിനെങ്കിലും സാധാരണമായി കണ്ടുവരുന്ന രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടായിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അതുകൊണ്ട് ഭൂമിയുടെ ജൈവവൈവിധ്യത്തിനു തുരങ്കം വെക്കുന്നത് എത്രമാത്രം ഗൗരവമേറിയതാണെന്ന് മനുഷ്യർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഏറ്റവും പറ്റിയ ഒരു മാർഗം നമ്മുടെ ഭക്ഷ്യലഭ്യതയെ അത് എങ്ങനെ ബാധിക്കും എന്നു കാണിക്കുന്നതാണെന്നു വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറഞ്ഞു.
സസ്യങ്ങളുടെ വംശനാശം ഭക്ഷ്യവിളകളെ കുറഞ്ഞത് രണ്ടുവിധങ്ങളിൽ ബാധിച്ചേക്കാം: ഒന്നാമത്, കാർഷിക വിളകളുടെ വന്യ ബന്ധുക്കളെ നശിപ്പിക്കുമ്പോൾ ഭാവി പ്രജനനത്തിന് ആവശ്യമായ ജീനുകളുടെ സാധ്യതയുള്ള ഒരു ഉറവ് നഷ്ടമാകുന്നു. രണ്ടാമത്, കൃഷിചെയ്യപ്പെടുന്ന സസ്യവർഗത്തിന് ഉള്ളിലെ വ്യത്യസ്ത ഇനങ്ങളുടെ എണ്ണം കുറയുന്നു. ഉദാഹരണത്തിന്, 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏഷ്യയിൽ നെല്ലിന്റെ 1,00,000-ത്തിലേറെ നാടൻ ഇനങ്ങൾ കൃഷി ചെയ്തിരുന്നു, അവയിൽ കുറഞ്ഞത് 30,000 എണ്ണം ഇന്ത്യയിൽ മാത്രമാണ് കൃഷി ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 75 ശതമാനവും വരുന്നത് വെറും പത്ത് ഇനങ്ങളിൽനിന്നാണ്. ശ്രീലങ്കയിലാണെങ്കിൽ 2,000 നെല്ലിനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഉള്ളത് അഞ്ചെണ്ണം മാത്രം. ചോളക്കൃഷിയുടെ ഈറ്റില്ലമായ മെക്സിക്കോ 1930-കളിൽ അവിടെയുണ്ടായിരുന്ന ഇനങ്ങളിൽ 20 ശതമാനമേ ഇപ്പോൾ കൃഷിചെയ്യുന്നുള്ളൂ.
എന്നാൽ ഭക്ഷ്യവസ്തുക്കൾ മാത്രമല്ല പ്രതികൂലമായി ബാധിക്കപ്പെടുന്നത്. വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെടുന്ന മരുന്നുകളിൽ ഏകദേശം 25 ശതമാനവും ലഭിക്കുന്നത് ചെടികളിൽനിന്നാണ്. പുതിയ പുതിയ ഔഷധ ചെടികൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും സസ്യങ്ങളെ
തുടർച്ചയായി നാം ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫലത്തിൽ, മനുഷ്യൻ താൻ ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കുകയാണോ?വേൾഡ് കൺസർവേഷൻ യൂണിയന്റെ കണക്കുപ്രകാരം, പഠനം നടത്തിയ ഏകദേശം 18,000 സസ്യജന്തുജാലങ്ങളിൽ 11,000-ത്തിലധികം വംശനാശ ഭീഷണിയെ നേരിടുകയാണ്. ഇന്തൊനീഷ്യ, മലേഷ്യ, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ കൃഷി ചെയ്യുന്നതിനായി വനങ്ങൾ വലിയ തോതിൽ വെട്ടിത്തെളിച്ചിട്ടുള്ളിടങ്ങളിൽ എത്ര ജീവിവർഗങ്ങളാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നതെന്ന്—അല്ലെങ്കിൽ ഇതിനോടകംതന്നെ നാമാവശേഷമായിരിക്കുന്നതെന്ന്—ഊഹിക്കാനേ ഗവേഷകർക്ക് കഴിയൂ. എന്നിരുന്നാലും ദ യുനെസ്കോ കുരിയർ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് വംശനാശം “വിപത്കരമായ വേഗത്തിൽ” മുന്നേറുകയാണെന്ന് ചിലർ പറയുന്നു.
ഭൂമി ഇപ്പോഴും ഭക്ഷ്യവസ്തുക്കൾ വലിയ അളവിൽ ഉത്പാദിപ്പിക്കുന്നുണ്ട് എന്നുള്ളതു ശരിയാണ്. എന്നാൽ ഈ ഗ്രഹത്തിന്റെ ജൈവവൈവിധ്യം ശോഷിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യസമുദായത്തെ പരിപോഷിപ്പിക്കാൻ അതിന് എത്രകാലം സാധിക്കും? അനേകം രാജ്യങ്ങൾ ഇത്തരം ഉത്കണ്ഠകളോടു പ്രതികരിച്ചുകൊണ്ട് പ്രധാന സസ്യങ്ങളുടെ നാശത്തിനെതിരായുള്ള ഇൻഷ്വറൻസ് എന്ന നിലയിൽ വിത്തു ബാങ്കുകൾ സ്ഥാപിച്ചിരിക്കുന്നു. ചില സസ്യശാസ്ത്ര ഉദ്യാനങ്ങൾ വർഗപരിരക്ഷണം എന്ന ദൗത്യം സ്വയം ഏറ്റെടുത്തിരിക്കുന്നു. ശാസ്ത്രം ജനിതക എഞ്ചിനീയറിങ്ങിന്റെ ശക്തിയേറിയ പുതിയ ഉപകരണങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു. എന്നാൽ വിത്തു ബാങ്കുകൾക്കും ശാസ്ത്രത്തിനും യഥാർഥത്തിൽ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുമോ? അടുത്ത ലേഖനം അതിനെ കുറിച്ചു ചർച്ച ചെയ്യും. (g01 9/22)