ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
സ്നേഹശൂന്യമായ ദാമ്പത്യങ്ങൾ എന്റെ ദാമ്പത്യത്തിനു ലക്ഷ്യബോധം നഷ്ടപ്പെട്ടിരുന്നു. ഞാനും ഭർത്താവും പരസ്പര സ്നേഹമില്ലാതെ ഒന്നിച്ചു കഴിഞ്ഞുകൂടുക മാത്രമാണു ചെയ്യുന്നതെന്നു തോന്നിയിരുന്നു. വിവാഹമോചനം നേടുന്നതിനെ കുറിച്ചു പോലും ഞാൻ ചിന്തിച്ചു. എന്നാൽ “തകരുന്ന ദാമ്പത്യങ്ങൾ—പരിഹാരം സാധ്യമോ?” (ഫെബ്രുവരി 8, 2001) എന്ന ലേഖന പരമ്പര വളരെ സഹായകമായി. നഷ്ടപ്പെട്ട സ്നേഹം വീണ്ടെടുക്കാൻ ഞങ്ങൾക്കു സാധിച്ചിരിക്കുന്നു.
ഇ. ആർ., സ്പെയിൻ (g01 9/8)
ഞാനൊരു ക്രിസ്തീയ ഭാര്യയാണ്. എന്നാൽ കഴിഞ്ഞ വർഷം എന്റെ വിവാഹജീവിതം പ്രശ്നങ്ങളുടെ നീർച്ചുഴിയിലായിരുന്നു. ഞാനും ഭർത്താവും പരസ്പരം വളരെയധികം മുറിപ്പെടുത്തിയിരുന്നതിനാൽ ഞങ്ങളുടെ ബന്ധം വിളക്കിച്ചേർക്കുക അസാധ്യമാണെന്നു തോന്നിയിരുന്നു. എന്നാൽ ഈ ലേഖനങ്ങൾ വായിച്ചപ്പോൾ ‘നിരുത്സാഹപ്പെടരുത്!’ എന്ന് യഹോവ എന്നോടു പറയുന്നതു പോലെ തോന്നി. ഞങ്ങൾ തമ്മിൽ ഒരിക്കൽ ഉണ്ടായിരുന്ന ഊഷ്മള സ്നേഹം വീണ്ടും ഊതിക്കത്തിക്കുന്നതിനു വേണ്ടി ചില ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നതിന് മുൻകൈയെടുക്കാൻ ഞാൻ പ്രചോദിതയായി. എന്റെ ഭർത്താവ് അനുകൂലമായി പ്രതികരിക്കുന്നത് എനിക്ക് ഇപ്പോൾത്തന്നെ കാണാൻ കഴിയുന്നുണ്ട്. ഞാൻ ഈ ലേഖനങ്ങൾ പലയാവർത്തി വായിക്കും.
എൻ. എച്ച്., ജപ്പാൻ (g01 9/8)
എന്റെ ദാമ്പത്യം സന്തുഷ്ടമായതിനാൽ ഈ ലേഖനങ്ങളിലെ വിവരങ്ങൾ മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാം എന്നു വിചാരിച്ചാണ് ഞാൻ അവ വായിക്കാൻ തുടങ്ങിയത്. എന്നാൽ എന്റെതന്നെ ദാമ്പത്യബന്ധം അരക്കിട്ടുറപ്പിക്കാൻ സഹായകമായ പ്രായോഗിക നിർദേശങ്ങൾ തുടക്കം മുതൽ അതിൽ അടങ്ങിയിരുന്നു.
എം. ഡി., ഇറ്റലി (g01 9/8)
ഒരു പ്രശ്നം ഉണ്ടായതിനെ തുടർന്ന് എന്റെ സഭയിലെ ഒരു ക്രിസ്തീയ സഹോദരിയും അവരുടെ അവിശ്വാസിയായ ഭർത്താവും വേർപിരിഞ്ഞു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവസ്ഥകൾ വളരെ മെച്ചപ്പെട്ടെന്ന് സഹോദരി എന്നോടു പറഞ്ഞു. അവർ ഈ ലേഖനങ്ങൾ വളരെ ആസ്വദിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് അവ ആ സഹോദരിയെ വളരെയധികം സഹായിച്ചു. ആശയവിനിമയത്തെ കുറിച്ചുള്ള പ്രസ്താവനകൾ വിശേഷിച്ചും പ്രയോജനപ്രദമായിരുന്നെന്ന് അവർ പറഞ്ഞു. ഇപ്പോൾ അവരും ഭർത്താവും വീണ്ടും ഒന്നിച്ചിരിക്കുന്നു.
എൻ. എസ്., കാനഡ (g01 9/8)
ശബ്ദവിഡംബനം “ആരാണു സംസാരിക്കുന്നത്?” (ഫെബ്രുവരി 8, 2001) എന്ന ലേഖനം എന്നെ ആശയക്കുഴപ്പത്തിലാക്കി. ഹവ്വായെ വഞ്ചിക്കാൻ സാത്താൻ ഉപയോഗിച്ച മാർഗമല്ലേ ഇത്? കാപട്യത്തിനും വഞ്ചനയ്ക്കും ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ സ്ഥാനം ഉണ്ടായിരിക്കരുത്.
ബി. എച്ച്., ഐക്യനാടുകൾ
സാത്താൻ ഹവ്വായെ വഞ്ചിച്ചത് എങ്ങനെ ആയിരുന്നാലും അതു ശബ്ദവിഡംബനത്തിന്റെ തനി രൂപം ആയിരുന്നിരിക്കാൻ ഇടയില്ല. കാരണം ഈ കലയിൽ ഒരു പ്രത്യേക രീതിയിൽ ശ്വാസം കഴിക്കുന്നതും ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ സാത്താൻ ഒരു ആത്മജീവിയാണല്ലോ. വിനോദത്തിനായി ശബ്ദവിഡംബനം ഉപയോഗിക്കുന്നതിനെ തിരുവെഴുത്തുകൾ യാതൊരു വിധത്തിലും വിലക്കുന്നില്ല. എന്നാൽ മറ്റുള്ളവരെ വഞ്ചിക്കുന്നതിനോ ബൈബിൾ കാലങ്ങളിൽ ചിലർ ചെയ്തിരിക്കാവുന്നതു പോലെ ആത്മവിദ്യാചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ ഈ കല ഉപയോഗിക്കുന്നത് തീർച്ചയായും തെറ്റാണ്. (യെശയ്യാവു 8:19)—പത്രാധിപർ (g01 9/8)
ശബ്ദവിഡംബനം നടത്തുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. ക്രിസ്ത്യാനികൾ കൂടിവരുന്ന പല അവസരങ്ങളിലും ഞാൻ ഇതു ചെയ്തിട്ടുണ്ട്. ലേഖനം ചൂണ്ടിക്കാട്ടിയതു പോലെ ശബ്ദത്തിന്റെ ദിശ മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവ് വളരെ മോശമാണ്. എന്നാൽ ഈ കാര്യത്തിൽ ഒരു മൃഗത്തെ കളിപ്പിക്കാൻ പറ്റില്ല എന്നതാണ് വിസ്മയകരമായ സംഗതി. പാവയെ ഉപയോഗിച്ച് ഞാൻ എന്റെ നായോട് സംസാരിച്ചാൽ അവൻ പാവയെയല്ല മറിച്ച് എന്നെയാണു നോക്കുക. യഹോവ മൃഗങ്ങൾക്ക് അതിസൂക്ഷ്മമായ കേൾവിശക്തിയാണ് നൽകിയിരിക്കുന്നത്.
എൽ. ആർ., ഐക്യനാടുകൾ (g01 9/8)
കൗമാര ഡേറ്റിങ് എനിക്ക് 15 വയസ്സുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു ഡേറ്റിങ്ങിനുള്ള പ്രായമായിട്ടില്ലെന്ന് എന്റെ മാതാപിതാക്കൾ കരുതുന്നുവെങ്കിലോ?” (ഫെബ്രുവരി 8, 2001) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഡേറ്റിങ്ങിൽ ഏർപ്പെടാത്തതിനാൽ ഞാൻ സ്വവർഗരതിക്കാരിയാണോ എന്ന് സ്കൂളിലെ കുട്ടികൾ എന്നോടു ചോദിക്കാറുണ്ട്. എന്റെ മാതാപിതാക്കൾ ഡേറ്റിങ്ങിൽ ഏർപ്പെടാൻ എന്നെ അനുവദിക്കില്ല എന്നാണ് ഞാൻ സാധാരണ പറഞ്ഞിരുന്നത്. എന്നാൽ അതിനെക്കാൾ നല്ല ഒരു ഉത്തരം കൊടുക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം കൊടുക്കാമെന്നു കാണാൻ ഈ ലേഖനം എന്നെ സഹായിച്ചു. കൗമാരപ്രായക്കാരായ ഞങ്ങളെ കുറിച്ചു ചിന്തിക്കുന്നതിനു വളരെ നന്ദി.
സി. ജി., ഐക്യനാടുകൾ (g01 9/22)