സാംക്രമിക രോഗങ്ങൾ വിപത്‌കരമെങ്കിലും പ്രതിരോധിക്കാനാവുന്നത്
സാംക്രമിക രോഗങ്ങൾ വിപത്‌കരമെങ്കിലും പ്രതിരോധിക്കാനാവുന്നത്
നാശം വിതയ്‌ക്കുന്ന ഭൂകമ്പങ്ങളും വെള്ളപ്പൊക്കങ്ങളും പ്രധാന വാർത്തകളിൽ സ്ഥാനം പിടിക്കുമ്പോൾ സാംക്രമിക രോഗങ്ങളുടെ നിശ്ശബ്ദ വ്യാപനത്തിന് മാധ്യമങ്ങൾ വലിയ ശ്രദ്ധയൊന്നും നൽകുന്നില്ല. എന്നാൽ, 2000 ജൂണിലെ റെഡ്ക്രോസ്/റെഡ്ക്രെസെന്റ് വാർത്താ റിപ്പോർട്ട് അനുസരിച്ച് “പ്രകൃതി വിപത്തുകളിൽ മരിച്ചവരുടെ 160 ഇരട്ടി ആളുകളാണ് സാംക്രമിക രോഗങ്ങളുടെ (എയ്‌ഡ്‌സ്, മലമ്പനി, ശ്വസനസംബന്ധ രോഗങ്ങൾ, അതിസാരം തുടങ്ങിയവ) ഫലമായി കഴിഞ്ഞ വർഷം മരണമടഞ്ഞത്. മാത്രമല്ല, ഈ അവസ്ഥ ഒന്നിനൊന്ന് വഷളായിക്കൊണ്ടിരിക്കുകയുമാണ്.”
ഞെട്ടിക്കുന്ന ഈ കണക്കിനു പിന്നിൽ രണ്ടു മുഖ്യ ഘടകങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഒന്ന്, മണിക്കൂറിൽ 300 പേരുടെ വീതം ജീവൻ അപഹരിക്കുന്ന എയ്ഡ്സിന്റെ അനിയന്ത്രിത വ്യാപനമാണ്. എയ്‌ഡ്‌സ് “മേലാൽ ഒരു രോഗമല്ല, മറിച്ച് ഒരു വിപത്താണ്. ഇത്ര വ്യാപകമായ ഒരു രോഗം തൊഴിലാളികളെ കൊന്നൊടുക്കുകയും സമ്പദ്വ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്യുന്നു” എന്ന് റെഡ്ക്രോസ്-റെഡ്ക്രെസെന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷന്റെ വിപത്തുനയ ഡയറക്‌ടർ, പീറ്റർ വാക്കർ പറയുന്നു. രണ്ടാമത്തെ ഘടകം പൊതുജനാരോഗ്യ സംവിധാനങ്ങളുടെ തകർച്ചയാണ്. ഇത് ക്ഷയം, സിഫിലിസ്, മലമ്പനി എന്നിങ്ങനെയുള്ള പഴയ രോഗങ്ങളുടെ ശക്തമായ ഒരു തിരിച്ചുവരവിന് ഇടയാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ഏഷ്യൻ രാജ്യം ഇപ്പോൾ ഓരോ വർഷവും പുതുതായി 40,000 പേർക്കു ക്ഷയരോഗം പിടിപെടുന്നതായി റിപ്പോർട്ടു ചെയ്യുന്നു. ഒരു പൂർവ യൂറോപ്യൻ രാജ്യത്ത് കഴിഞ്ഞ ഒരു ദശകത്തിൽ സിഫിലിസ് രോഗബാധയിൽ 40 മടങ്ങ് വർധനവ് ഉണ്ടായി.
എന്നിരുന്നാലും വൈരുദ്ധ്യം എന്നു പറയട്ടെ, സാംക്രമിക രോഗങ്ങൾ വിപത്തുകളായി മാറിയിട്ടുണ്ടെങ്കിലും അവ ഏറ്റവും എളുപ്പം പ്രതിരോധിക്കാനാവുന്ന വിപത്തുകളാണ് എന്നതാണു വാസ്‌തവം. 1999-ൽ സാംക്രമിക രോഗങ്ങളുടെ ഫലമായി സംഭവിച്ച 1 കോടി 30 ലക്ഷം മരണങ്ങളിൽ ഭൂരിപക്ഷവും “ഓരോ വ്യക്തിക്കും 5 യുഎസ് ഡോളർ [ഏകദേശം 225 രൂപ] വെച്ച് ചെലവഴിച്ചിരുന്നെങ്കിൽ ഒഴിവാക്കാനാവുമായിരുന്നു” എന്ന് ആ റിപ്പോർട്ട് പറയുന്നു. ഒന്ന് ഓർത്തു നോക്കൂ: ഓരോ വ്യക്തിയുടെയും ആരോഗ്യ പരിപാലനത്തിനായി ഏകദേശം 225 രൂപ—മൊത്തം 1,35,000 കോടി രൂപ— ചെലവഴിക്കാൻ ലോക ഗവൺമെന്റുകൾ തയ്യാറായിരുന്നെങ്കിൽ അനാവശ്യമായ എത്ര മരണങ്ങൾ ഒഴിവാക്കാമായിരുന്നു!
ഇത് വലിയൊരു തുകയാണെങ്കിലും മറ്റു കാര്യങ്ങൾക്കായി ലോകം ചെലവാക്കുന്ന പണത്തോടുള്ള താരതമ്യത്തിൽ വളരെ തുച്ഛമാണ്. ഉദാഹരണത്തിന് അടുത്ത കാലത്ത് ആഗോള സൈനിക ആവശ്യങ്ങൾക്കായി ഒരു വർഷം 38,88,000 കോടി രൂപ ചെലവഴിക്കുകയുണ്ടായി. അതായത് ഒരു വ്യക്തിക്ക് 6,480 രൂപ വെച്ച്. രോഗവ്യാപനം തടയുന്നതിനു വേണ്ടി ചെലവഴിക്കുന്നതിന്റെ എത്രയിരട്ടി പണമാണ് യുദ്ധ സജ്ജീകരണങ്ങൾക്കായി ചെലവാക്കുന്നതെന്ന് ചിന്തിക്കുക! സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുക എന്നത് ഒരുപക്ഷേ മനുഷ്യന്റെ കഴിവിന് അതീതമായിരിക്കാം—പണം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിനെക്കാൾ സങ്കീർണമായ മറ്റു കാരണങ്ങളാൽ. ശരിയായ മുൻഗണനകൾ വെക്കാനുള്ള കഴിവു പോലും മനുഷ്യ ഗവൺമെന്റുകൾക്കില്ലല്ലോ.(g01 7/22)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എക്‌സ്‌റേ: New Jersey Medical School—National Tuberculosis Center
ചുമയ്‌ക്കുന്ന മനുഷ്യന്റെ ചിത്രം: WHO/Thierry Falise