നയാഗ്രാ വെള്ളച്ചാട്ടം—അത്യന്തം വിസ്മയകരമായ ഒരു അനുഭവം
നയാഗ്രാ വെള്ളച്ചാട്ടം—അത്യന്തം വിസ്മയകരമായ ഒരു അനുഭവം
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ—വളരെ അടുത്ത്—നയാഗ്രാ വെള്ളച്ചാട്ടം കാണാനുള്ള അവസരം എനിക്ക് അടുത്തയിടെ ലഭിച്ചു. തീർച്ചയായും അത്യന്തം വിസ്മയകരമായ ഒരു അനുഭവമാണത്. എന്റെ സുഹൃത്തുക്കളും ഞാനും കാനേഡിയൻ ഹോഴ്സ്ഷൂ (കുതിരലാടം) വെള്ളച്ചാട്ടം സന്ദർശിക്കുകയായിരുന്നു. കുതിരലാടത്തിന്റെ ആകൃതി ഉള്ളതിനാലാണ് അതിന് ആ പേരു ലഭിച്ചിരിക്കുന്നത്. 1958-ൽ ആണ് ഞാൻ ആദ്യമായി അവിടം സന്ദർശിച്ചത്. അതിനുശേഷം പല പ്രാവശ്യം ഞാൻ അവിടെ പോയിട്ടുണ്ട്. എന്നാൽ നദിയിലൂടെ യാത്ര ചെയ്ത് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തുവരെ പോകുന്നത് ഇതാദ്യമായിട്ടാണ്. 1848-ൽ ‘മെയ്ഡ് ഓഫ് ദ മിസ്റ്റ്’ ബോട്ടുകൾ ഉപയോഗിച്ചുള്ള ഉല്ലാസയാത്രകൾ തുടങ്ങിയ കാലം മുതൽ ദശലക്ഷക്കണക്കിന് ആളുകൾ ആവേശകരമായ ഈ യാത്ര നടത്തിയിട്ടുണ്ട്. ഇപ്പോൾ എന്റെ ഊഴമായി.
അമേരിക്കൻ തീരത്തുനിന്നും അതുപോലെ കാനഡയുടെ തീരത്തുനിന്നും ബോട്ടുകൾ പതിവായി പുറപ്പെടാറുണ്ട്. ഈ സവാരി നടത്താൻ എപ്പോഴും ആളുകളുടെ ക്യൂവാണ്. എല്ലാ പ്രായക്കാരും, കൊച്ചു കുട്ടികൾ പോലും, നീലനിറത്തിലുള്ള കനംകുറഞ്ഞ പ്ലാസ്റ്റിക് മഴക്കോട്ടുകളും ധരിച്ചു നിൽക്കുന്നതു കാണാം. (അമേരിക്കൻ വെള്ളച്ചാട്ടം സന്ദർശിക്കുന്നവർ മഞ്ഞനിറമുള്ള കോട്ടാണ് ഉപയോഗിക്കുന്നത്.) ചിതറിവീഴുന്ന വെള്ളം ദേഹത്തു പതിക്കാതിരിക്കാൻ ഇതു കൂടിയേ തീരൂ. മെയ്ഡ് ഓഫ് ദ മിസ്റ്റ് VII എന്ന ബോട്ടിൽ 582 പേർക്കുവരെ യാത്ര ചെയ്യാം. 145 ടൺ ഭാരമുള്ള അതിന് 24 മീറ്റർ നീളമുണ്ട്. അതിന്റെ ഏറ്റവും കൂടിയ വീതി 9 മീറ്ററാണ്. നിലവിൽ നാലു ബോട്ടുകൾ ഉപയോഗത്തിലുണ്ട്. മെയ്ഡ് ഓഫ് ദ മിസ്റ്റ് IV, V, VI, VII എന്നിവയാണ് അവ.
സമീപക്കാഴ്ച
മറ്റുള്ളവരോടൊപ്പം ഞങ്ങളും വരിയായി നിന്നു. മെയ്ഡ് ഓഫ് ദ മിസ്റ്റ് VII-ൽനിന്ന് നനഞ്ഞുകുതിർന്ന ഒരു കൂട്ടം സഞ്ചാരികൾ ഇറങ്ങിയപ്പോൾ ഞങ്ങൾ അതിൽ പ്രവേശിച്ചു. ആവേശകരമായ യാത്രയ്ക്കുള്ള ഒരു പുറപ്പാടാണ് അതെന്ന് എനിക്കു മനസ്സിലായി. ഒരു കിലോമീറ്ററിലും അൽപ്പം കൂടെ അകലെ ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ വെള്ളം 52 മീറ്റർ താഴേക്കു പതിച്ചുകൊണ്ടിരുന്നു. 55 മീറ്റർ ആഴമുള്ള ഒരു ഗർത്തത്തിലേക്കാണ് വെള്ളം വീഴുന്നത്. ഞങ്ങളുടെ ബോട്ട് നദിയിൽ കടന്ന് അമേരിക്കൻ ഭാഗത്തേക്കു യാത്ര ആരംഭിച്ചു. 54 മീറ്റർ ഉയരമുള്ള അമേരിക്കൻ a ഞങ്ങളുടെ യാത്രയുടെ ഏറ്റവും ആവേശം കൊള്ളിക്കുന്ന ഘട്ടം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു ഞങ്ങൾ ചുഴിഞ്ഞുതിരിയുന്ന വെള്ളത്തിലൂടെ മെല്ലെ മുന്നോട്ടു നീങ്ങി.കുത്തിവീഴുന്ന വെള്ളത്തിന് അടുത്തേക്ക് പോകുംതോറും ഞങ്ങളുടെ ഹൃദയമിടിപ്പു കൂടിവന്നു. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാലും ജലകണികകൾ വായുവിൽ ചിതറി തെറിച്ചിരുന്നതിനാലും ഫോട്ടോ എടുക്കുക അസാധ്യമായിത്തീർന്നു. വെള്ളം പതിക്കുന്ന സ്ഥാനത്തേക്ക് ബോട്ട് അടുപ്പിക്കാൻ ഡ്രൈവർ വളരെയധികം സമയം എടുക്കുന്നതുപോലെ തോന്നി. അവിടെ ഓരോ മിനിട്ടിലും 1,68,000-ത്തിലധികം ഘനമീറ്റർ വെള്ളമാണ് താഴേക്കു പതിക്കുന്നത്. ബോട്ട് അതിന്റെ തൊട്ടു മുന്നിൽ പോയി നിന്നു! ഇടിമുഴക്കം പോലുള്ള ശബ്ദമാണ്. നിങ്ങൾ ഉറക്കെ കൂവിയാൽ പോലും കേൾക്കാനാവില്ല. എന്റെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങി. എനിക്കു വാസ്തവത്തിൽ തണുത്ത, ശുദ്ധമായ നയാഗ്രാ വെള്ളം രുചിച്ചറിയാൻ കഴിഞ്ഞു. തീർച്ചയായും അത് ആയുഷ്കാലത്ത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു!
ഡ്രൈവർ സാവധാനം ഞങ്ങളുടെ മെയ്ഡ് അപകട രേഖയിൽനിന്നു താഴേക്കു നീക്കി, അതിന് അനന്തമായ സമയം എടുക്കുന്നതുപോലെ എനിക്കു തോന്നി. ഒടുവിൽ ഞാൻ ആശ്വാസനിശ്വാസം ഉതിർത്തു. യാതൊരു അപകടവും കൂടാതെ ഞങ്ങൾ ആ സവാരി വിജയകരമായി പൂർത്തിയാക്കി. വാസ്തവത്തിൽ, ഈ ബോട്ടു സവാരി ക്രമീകരിച്ചിരിക്കുന്ന കമ്പനി ഇത്ര കാലമായിട്ടും ഒരു അപകടവും വരുത്തിയിട്ടില്ല. ഓരോ ബോട്ടിലും പരമാവധി ആളുകൾ കയറിയാൽ പോലും അവർക്കെല്ലാം ലൈഫ് ജാക്കറ്റുകളും റാഫ്റ്റുകളും കരുതിയിട്ടുണ്ടെന്ന് ആ സ്റ്റീംബോട്ട് കമ്പനിയുടെ ജനറൽ മാനേജരായ ഇമിൾ ബെൻഡി ഞങ്ങൾക്ക് ഉറപ്പു തന്നു. ടൈറ്റാനിക്കിനു സംഭവിച്ചതു പോലുള്ള ഒരു ദുരന്തം ഇവിടെ ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല്ല!
വെള്ളച്ചാട്ടത്തിന്റെ സ്ഥാനം പിന്നോട്ടു മാറുന്നു!
ശിലാദ്രവീകരണം വെള്ളച്ചാട്ടത്തെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ 12,000 വർഷംകൊണ്ട് നയാഗ്രാ വെള്ളച്ചാട്ടത്തിന് ഏകദേശം 11 കിലോമീറ്റർ സ്ഥാനഭ്രംശം സംഭവിച്ചാണ് ഇപ്പോഴത്തെ സ്ഥാനത്തു വന്നിരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഒരു സമയത്ത് ഈ ദ്രവിക്കലിന്റെ തോത് വർഷത്തിൽ ഏതാണ്ട് ഒരു മീറ്റർ ആയിരുന്നു. ഇപ്പോൾ അതു പത്തു വർഷത്തിൽ 36-ഓളം സെന്റിമീറ്ററായി കുറഞ്ഞിരിക്കുന്നു. ഈ ദ്രവിക്കലിന്റെ കാരണം എന്താണ്?
കട്ടികുറഞ്ഞ മണൽക്കല്ലിന്റെയും കളിമൺപാറയുടെയും അടുക്കുകൾക്കു മുകളിലുള്ള കട്ടിയേറിയ മഗ്നീഷ്യം ചുണ്ണാമ്പുകൽ പാറകൾക്കു മീതെ കൂടിയാണ് വെള്ളം ഒഴുകുന്നത്. അടിയിലുള്ള പാളികൾ ദ്രവിച്ചുപോകുമ്പോൾ, ചുണ്ണാമ്പുകൽ പാറകൾ താഴേക്കു തകർന്നുവീഴുന്നു.
വെള്ളം പാഴാക്കപ്പെടുന്നില്ല
ചെറിയ നയാഗ്രാ നദിയിലൂടെ (56 കിലോമീറ്റർ) ഒഴുകിവരുന്ന സമൃദ്ധമായ ജലം പഞ്ച മഹാതടാകങ്ങളിൽ നാലെണ്ണത്തിൽ നിന്നുള്ളതാണ്. ഈ നദി ഇയറി തടാകത്തിൽനിന്നു വടക്കോട്ട് ഒഴുകി ഒൺടേറിയോ തടാകത്തിൽ പതിക്കുന്നു. ഈ ഹ്രസ്വമായ യാത്രയ്ക്കിടയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ അത് ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെ കിട്ടുന്ന വൈദ്യുതി കാനഡയും ഐക്യനാടുകളും പങ്കിട്ടെടുക്കുന്നു. ഇത് ലോകത്തിലുള്ള ഏറ്റവും വലിയ ജലവൈദ്യുത സ്രോതസ്സുകളിൽ ഒന്നാണെന്നു പറയപ്പെടുന്നു. കനേഡിയൻ-യു.എസ്. വൈദ്യുത നിലയങ്ങളുടെ ഉത്പാദനശേഷി 42,00,000 കിലോവാട്ട് ആണ്. വെള്ളച്ചാട്ടത്തിൽ എത്തുന്നതിനു മുമ്പ് നയാഗ്രാ നദിയിൽനിന്ന് ആവശ്യമുള്ള വെള്ളം ടർബൈനുകളിലേക്കു തിരിച്ചുവിടുന്നു.
മധുവിധുവും നിശാദീപങ്ങളും
മധുവിധു ആഘോഷിക്കുന്ന ദമ്പതിമാരുടെ പ്രിയപ്പെട്ട സന്ദർശന സ്ഥലമാണ് നയാഗ്രാ വെള്ളച്ചാട്ടം. 1953-ലെ നയാഗ്രാ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രത്തിനു ശേഷം ഇതു വിശേഷാൽ സത്യമായിരുന്നു. രാത്രിയിൽ നിറദീപങ്ങൾ ഈ വെള്ളച്ചാട്ടത്തെ പ്രകാശപൂരിതമാക്കുന്നു. അപ്പോൾ നമ്മുടെ ഗ്രഹത്തിലെ ഈ അപൂർവ സ്ഥാനത്തിനു കൈവരുന്ന മനോഹാരിതയും ഗാംഭീര്യവും ഒന്നു വേറെതന്നെയാണ്. കാനഡയും ഐക്യനാടുകളും സന്ദർശിച്ചിട്ട് ലോകത്തിലെ ഈ അത്ഭുതം കാണാതിരുന്നാൽ ആ സന്ദർശനം തീർച്ചയായും അപൂർണമായിരിക്കും. നിങ്ങൾ ഒരൽപ്പം സാഹസം ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഇവിടത്തെ ബോട്ടിൽ സവാരി നടത്തുക! നിങ്ങൾക്ക് അതിൽ ഖേദിക്കേണ്ടിവരില്ല, ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും അത്.—സംഭാവന ചെയ്യപ്പെട്ടത്.(g01 7/8)
[അടിക്കുറിപ്പ്]
a “അമേരിക്കൻ വെള്ളച്ചാട്ടത്തിൽ, 21 മുതൽ 34 വരെ മീറ്റർ താഴെയുള്ള പാറയിലേക്കാണു വെള്ളം കുത്തനെ പതിക്കുന്നത്.”—ഒൺടേറിയോയിലെ നയാഗ്രാ പാർക്കുകൾ, ഇംഗ്ലീഷ്.
[22-ാം പേജിലെ ചതുരം/ചിത്രം]
നയാഗ്രാ സ്പാനിഷ് എയ്റോ കാർ
വെള്ളച്ചാട്ടത്തിന്റെ സ്ഥാനത്തുനിന്ന് 4.5 കിലോമീറ്റർ താഴേക്കു ചെല്ലുമ്പോൾ “അതിശീഘ്രം വെള്ളം ഒഴുകുന്ന ഭാഗത്തിന്റെ ഒടുവിലായി” ഒരു വലിയ ചുഴി “രൂപംകൊണ്ടിരിക്കുന്നതു കാണാം. അവിടെ വെച്ച് മലയിടുക്ക് പെട്ടെന്നു വടക്കു കിഴക്കോട്ടു തിരിയുന്നു. ഇവിടത്തെ മരതകപ്പച്ച വർണത്തിലുള്ള വലിയ ചുഴിയിൽകിടന്ന് വട്ടംതിരിഞ്ഞ ശേഷം വെള്ളം മലയിടുക്കിലെ ഏറ്റവും ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെട്ടു പോകുന്നു.”—ഒൺടേറിയോയിലെ നയാഗ്രാ പാർക്കുകൾ.
ഈ ശ്രദ്ധേയമായ ചുഴിയുടെ ആകമാന വലിപ്പം മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച മാർഗം നയാഗ്രാ സ്പാനിഷ് എയ്റോ കാറിൽ (കേബിൾ കാർ) അതിനു മുകളിലൂടെ സവാരി നടത്തുന്നതാണ്. അതിൽ ഇരുന്നാൽ നദി ഒഴുകിവരുന്ന ദൃശ്യവും ഒഴുകിപ്പോകുന്ന ദൃശ്യവും നന്നായി കാണാൻ സാധിക്കും. എന്നാൽ എന്തുകൊണ്ടാണ് ഈ കേബിൾ കാറിനെ “സ്പാനിഷ്” എയ്റോ കാർ എന്നു വിളിക്കുന്നത്? ലേയോനാർദോ ടോറെസ് കേവേഥോ (1852-1936) എന്ന അതിവിദഗ്ധനായ സ്പാനിഷ് എഞ്ചിനിയറാണ് അതു രൂപസംവിധാനം ചെയ്ത് ഉണ്ടാക്കിയത്. 1916 മുതൽ അത് ഉപയോഗത്തിലിരിക്കുന്നു. അതുപോലുള്ള വേറൊന്ന് നിലവിലില്ല.
[22-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ശിലാദ്രവീകരണം മൂലം 1678-ന് ശേഷം വെള്ളച്ചാട്ടത്തിന്റെ സ്ഥാനം 300-ലധികം മീറ്റർ പിന്നിലേക്കു മാറിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു
1678
1764
1819
1842
1886
1996
[കടപ്പാട്]
ഉറവിടം: Niagara Parks Commission
[23-ാം പേജിലെ ഭൂപടങ്ങൾ]
കാനഡ
അമേരിക്കൻ ഐക്യനാടുകൾ
കാനഡ
അമേരിക്കൻ ഐക്യനാടുകൾ
ഇയറി തടാകം
നയാഗ്രാ വെള്ളച്ചാട്ടം
നയാഗ്രാ നദി
ഒൺടേറിയോ തടാകം
[21-ാം പേജിലെ ചിത്രം]
അമേരിക്കൻ വെള്ളച്ചാട്ടം
കനേഡിയൻ ഹോഴ്സ്ഷൂ വെള്ളച്ചാട്ടം ▸
[22-ാം പേജിലെ ചിത്രം]
നിശാദീപങ്ങളാൽ പ്രകാശപൂരിതമായ വെള്ളച്ചാട്ടത്തിന്റെ ശിശിരകാല ദൃശ്യം