ഭീകരപ്രവർത്തനം എന്ന ഭീഷണിയെ നേരിടൽ
ഭീകരപ്രവർത്തനം എന്ന ഭീഷണിയെ നേരിടൽ
ആയിരത്തിത്തൊള്ളായിരത്തെൺപതുകളുടെ ഒടുവിൽ, ഭീകരപ്രവർത്തനം കുറഞ്ഞുവരുന്നതായി കാണപ്പെട്ടു. എന്നിരുന്നാലും, പുതിയ തരത്തിലുള്ള ഒരു ഭീകരപ്രവർത്തനം ഉദയം ചെയ്തിരിക്കുന്നു. സ്വന്തമായി ധനശേഖരണ ശൃംഖലകൾ സ്ഥാപിച്ചിരിക്കുന്ന തീവ്രവാദികളിൽ നിന്നാണ് ഇന്നു ഭീകരപ്രവർത്തനത്തിന്റെ ഭീഷണി ഏറ്റവും കൂടുതൽ ഉള്ളത്. മയക്കുമരുന്നു കള്ളക്കടത്ത്, സ്വകാര്യ ബിസിനസ്, സ്വകാര്യ സ്വത്ത്, ധർമസ്ഥാപനങ്ങൾ, പ്രാദേശികമായി ലഭിക്കുന്ന സാമ്പത്തിക പിന്തുണ എന്നിവയെല്ലാം ആ ശൃംഖലയിൽ പെടുന്നു. ഇത്തരം ഭീകരപ്രവർത്തകർ എന്നത്തെയും പോലെ കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തികളുമായി മുമ്പോട്ടു പോകുന്നു.
സമീപ വർഷങ്ങളിൽ കൊടിയ ഭീകരപ്രവർത്തനങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്റർ ബോംബു വെച്ചു തകർത്തപ്പോൾ 6 പേർ മരിക്കുകയും ഏകദേശം 1,000 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ടോക്കിയോയിലെ ഭൂഗർഭ റെയിൽപ്പാതയിൽ ഒരു വിശ്വാസി സംഘം സാറിൻ നാഡീവാതകം പ്രയോഗിച്ചതിന്റെ ഫലമായി 12 പേർ മരിച്ചു, 5,000-ത്തിലധികം പേർക്കു പരിക്കേറ്റു. ഒരു ഭീകരപ്രവർത്തകൻ ട്രക്ക്ബോംബ് ഉപയോഗിച്ച് ഒക്ലഹോമ നഗരത്തിലെ ഒരു ഗവൺമെന്റ് കെട്ടിടം തകർത്തപ്പോൾ മരിച്ചത് 168 പേരാണ്. നൂറുകണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തു. 4-ഉം 5-ഉം പേജുകളിലെ ചാർട്ട് കാണിക്കുന്നതുപോലെ, നാനാതരം ഭീകരപ്രവർത്തനങ്ങൾ ഇന്നും തുടരുന്നു.
പൊതുവേ പറഞ്ഞാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഭീകരപ്രവർത്തകർക്ക് ഇന്ന് ഏതു കൊടുംക്രൂരതയും ചെയ്യാൻ മടിയില്ലാത്തതായി കാണപ്പെടുന്നു.
താൻ ആഗ്രഹിച്ചത്ര ജനശ്രദ്ധ കിട്ടുന്നതിന് “കഴിയുന്നത്ര ആളുകളെ കൊല്ലാൻ” തീരുമാനിച്ചതായി 1995-ൽ ഒക്ലഹോമ നഗരത്തിലെ ഗവൺമെന്റ് കെട്ടിടത്തിന് ബോംബ് വെച്ചയാൾ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു. 1993-ൽ ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ബോംബാക്രമണത്തിനു കാരണക്കാരനായ വ്യക്തിയുടെ ആഗ്രഹം ആ ഇരട്ട കെട്ടിടത്തിൽ ഒന്ന് മറ്റേതിന്റെ പുറത്തേക്കു തകർത്തിടുകയും അങ്ങനെ രണ്ടു കെട്ടിടങ്ങളിലെയും ആളുകളെ എല്ലാം കൊല്ലുകയുമായിരുന്നു.ഇന്ന് ഭീകരപ്രവർത്തകരുടെ കൈവശമുള്ളത് പുതിയ തരം ആയുധങ്ങളാണ്. ഭീകരപ്രവർത്തനത്തെ കുറിച്ചു വിദഗ്ധ പഠനം നടത്തുന്ന ലൂയിസ് ആർ. മിസെൽ ജൂനിയർ ഇപ്രകാരം പ്രസ്താവിച്ചു: “സമഗ്രമായ നാശം വരുത്തിവെക്കാൻ കഴിയുന്ന ആണവ, രാസ, ജൈവ ആയുധങ്ങൾ ഉപയോഗത്തിലുള്ള, അചിന്തനീയമായ അളവിൽ രോഷം കത്തിക്കാളുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.” ജനശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന തീവ്രവാദികൾ പുതിയ സാങ്കേതിക വിദ്യയിലൂടെ ലഭ്യമായിരിക്കുന്ന കൂടുതൽ മാരകമായ ആയുധങ്ങളിലേക്കു തിരിയുകയാണ്.
കമ്പ്യൂട്ടർ വഴിയുള്ള ആക്രമണം
കമ്പ്യൂട്ടറുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യ ഉൾപ്പെട്ടതാണ് സൈബർ ഭീകരപ്രവർത്തനം. അതിന് ഉപയോഗിക്കുന്ന ഒരു ആയുധമാണ് കമ്പ്യൂട്ടർ വൈറസ്. അത് കമ്പ്യൂട്ടർ സംവിധാനങ്ങളിലെ വിവരങ്ങൾ നശിപ്പിക്കുകയോ അവയെ മരവിപ്പിക്കുകയോ ചെയ്യുന്നു. മറ്റൊന്നാണ് “ലോജിക് ബോംബുകൾ.” കമ്പ്യൂട്ടറുകൾക്കു നിർവഹിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനാകുമെന്ന് ധരിപ്പിച്ച് അവയെ കബളിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. തത്ഫലമായി കമ്പ്യൂട്ടറുകൾക്കു തകരാറ് സംഭവിക്കുന്നു. രാഷ്ട്രങ്ങളുടെ സമ്പത്തും സുരക്ഷിതത്വവും ഏറെയും കമ്പ്യൂട്ടർ ശൃംഖലകളിലെ വിവരങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, ഭീകരപ്രവർത്തകരുടെ അത്തരം ആക്രമണങ്ങൾക്ക് പൊതുജനങ്ങൾ കൂടുതൽ ഇരയാകുന്നു എന്നു പലരും കരുതുന്നു. ഒരു ആണവ യുദ്ധം നടക്കുന്ന സമയത്തു പോലും മിക്ക സൈന്യങ്ങൾക്കും ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നു. എന്നാൽ പൊതുജനങ്ങളുടെ പ്രയോജനത്തിനായുള്ള സംവിധാനങ്ങൾ—വൈദ്യുതി വിതരണ സംവിധാനങ്ങൾ, യാത്രാ സംവിധാനങ്ങൾ, സാമ്പത്തിക വിപണി എന്നിവ—അട്ടിമറിക്ക് വിധേയമാകാനുള്ള സാധ്യത ഏറെയാണ് എന്നതാണ് വാസ്തവം.
ഉദാഹരണത്തിന്, വൈദ്യുത സംവിധാനങ്ങൾ തകരാറിലാക്കി ജർമനിയിലെ ബെർലിൻ നഗരത്തെ അന്ധകാരത്തിൽ ആഴ്ത്താൻ ഒരു ഭീകരപ്രവർത്തകൻ ആഗ്രഹിക്കുന്നുവെന്നു കരുതുക. പണ്ടൊക്കെ അതിന് അയാൾ അവിടത്തെ ഒരു വൈദ്യുത നിലയത്തിൽ ജോലി സമ്പാദിക്കണമായിരുന്നു. എന്നാൽ കമ്പ്യൂട്ടർ വിദഗ്ധനായ ഒരു കുറ്റവാളിക്കു ലോകത്തിന്റെ മറുഭാഗത്ത് തന്റെ വീട്ടിലിരുന്ന് ആ നഗരത്തെ അന്ധകാരത്തിൽ ആഴ്ത്താൻ കഴിയുമെന്നു ചിലർ പറയുന്നു.
ഏറെക്കാലം മുമ്പൊന്നുമല്ല പിൻവരുന്ന സംഭവം നടന്നത്. സ്വീഡനിലെ ഒരു കമ്പ്യൂട്ടർ കുറ്റവാളി ഫ്ളോറിഡയിലെ ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ അതിക്രമിച്ചു കടക്കുകയും ഒരു മണിക്കൂർ നേരത്തേക്ക് അവിടത്തെ അടിയന്തിര സേവനസംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. അതിന്റെ ഫലമായി, പൊലീസ്, അഗ്നിശമന, ആംബുലൻസ് വിഭാഗങ്ങൾക്ക് ആളുകളുടെ അഭ്യർഥനയോടു പ്രതികരിക്കാനായില്ല.
“ഫലത്തിൽ, പൊലീസ് ഡിപ്പാർട്ട്മെന്റ് ഇല്ലാത്ത ഒരു ആഗോള ഗ്രാമം നാം സൃഷ്ടിച്ചിരിക്കുകയാണ്” എന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഇൻഫർമേഷൻ ടാസ്ക് ഫോഴ്സിന്റെ ഡയറക്ടറായ ഫ്രാങ്ക് ജെ. ചിലൂഫോ അഭിപ്രായപ്പെട്ടു. ഭീകരപ്രവർത്തകർ അത്യാധുനിക രീതികൾ ഉപയോഗിക്കുന്നെങ്കിൽ, “അവരുടെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമായ യാതൊരു ഏജൻസിയും ഇന്നു നിലവിലില്ല” എന്ന് മേൽപ്പറഞ്ഞ സ്ഥാപനത്തിലെ ഒരു മുതിർന്ന ഉപദേഷ്ടാവായ റോബർട്ട് കൂപ്പർമാൻ 1997-ൽ പ്രസ്താവിക്കുകയുണ്ടായി.
സുരക്ഷാ ഏജൻസികളുടെ ഏതൊരു സംരക്ഷണ ഉപാധികളെയും കടത്തിവെട്ടുന്ന സാങ്കേതിക ഉപകരണങ്ങൾ
കമ്പ്യൂട്ടർ ഭീകരപ്രവർത്തകരുടെ പക്കലുണ്ടെന്ന് ചില വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. “ഉദ്ദേശിക്കുന്ന വൈറസ് കടത്തിവിടാനോ കൃത്യമായ ഒരു കമ്പ്യൂട്ടർ ടെർമിനൽ ഉപയോഗിക്കാനോ കഴിവുള്ള ഒരുവന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവെക്കാൻ കഴിയും,” യു.എസ്. സെൻട്രൽ ഇന്റലിജെൻസ് ഏജൻസിയുടെ ഡയറക്ടറായ ജോർജ് ടെനറ്റ് പറയുകയുണ്ടായി.രാസവസ്തുക്കളും അണുക്കളും ഭീതി പരത്തുന്നു
രാസ, ജൈവ ആയുധങ്ങളുടെ ഉപയോഗവും ഭീതിദമാണ്. 1995-ന്റെ തുടക്കത്തിൽ ടോക്കിയോ ഭൂഗർഭ റെയിൽവേയിൽ ഉണ്ടായ വിഷവാതക ആക്രമണത്തെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ലോകം ഞെട്ടി. ഒരു അപ്പോക്കാലിപ്റ്റിക്ക് വിശ്വാസിസംഘത്തിന്റെ കറുത്ത കരങ്ങളായിരുന്നു ഇതിനു പിന്നിൽ എന്ന് പിന്നീടു കണ്ടെത്തപ്പെട്ടു.
“ഭീകരപ്രവർത്തനത്തിന്റെ രൂപഭാവത്തിനു മാറ്റം വന്നിരിക്കുന്നു,” ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസെസ് എന്ന സ്ഥാപനത്തിലെ ബ്രാഡ് റോബർട്സ് പറയുന്നു. “മുമ്പുള്ള ഭീകരപ്രവർത്തകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇന്നത്തെ ചില ഭീകരപ്രവർത്തക വിഭാഗങ്ങൾ പറയുന്നു. അതിനാൽ ജൈവ ആയുധങ്ങൾക്കാണു പ്രിയം.” അത്തരം ആയുധങ്ങൾ ലഭിക്കാൻ പ്രയാസമാണോ? സയന്റിഫിക് അമേരിക്കൻ മാസിക ഇപ്രകാരം പറയുന്നു: “ബിയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതു പോലുള്ള ഒരു സാധാരണ ഉപകരണവും സൂക്ഷ്മാണുക്കൾക്കു പെരുകാൻ ആവശ്യമായ ഒരു പോഷകമാധ്യമവും ഒരു ഗ്യാസ് മാസ്ക്കും പ്ലാസ്റ്റിക്കു കൊണ്ടുള്ള ഒരു പുറംകുപ്പായവും ഉണ്ടെങ്കിൽ, യാതൊരു ഹാനിയും കൂടാതെതന്നെ ഒരാൾക്ക് ശതസഹസ്രകോടിക്കണക്കിന് ബാക്ടീരിയകളെ ഉത്പാദിപ്പിക്കാനാകും.” ഈ അണുക്കളെ തയ്യാറാക്കി കഴിഞ്ഞാൽ, അവയെ പ്രയോഗിക്കാൻ താരതമ്യേന എളുപ്പമാണ്. അതിന് ഇരയാകുന്നവർ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞേ, എങ്ങനെയുള്ള ആയുധമാണു തങ്ങളുടെമേൽ പ്രയോഗിച്ചതെന്നു മനസ്സിലാക്കൂ. അപ്പോഴേക്കും തീരെ വൈകിപ്പോയിരിക്കും.
ഒരു ജൈവായുധം എന്ന നിലയിൽ ഭീകരപ്രവർത്തകർക്ക് ഏറ്റവും പ്രിയം അന്ത്രാക്സ് ആണെന്നു പറയപ്പെടുന്നു. കൽക്കരിക്കുള്ള ഗ്രീക്കു പദത്തിൽ നിന്നാണ്—അന്ത്രാക്സ് ബാധിച്ച വീട്ടുമൃഗങ്ങളുമായി സമ്പർക്കത്തിൽ വരുന്നവരുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന വ്രണങ്ങൾക്കു മീതെ സാധാരണ കാണുന്ന കറുത്ത നിറത്തിലുള്ള പൊറ്റനെ കുറിച്ചുള്ള പരാമർശം—ഈ രോഗത്തിന് ആ പേരു ലഭിച്ചിരിക്കുന്നത്. അന്ത്രാക്സ് ബീജാണുക്കളെ ശ്വസിക്കുന്നതു മൂലം ഉണ്ടാകുന്ന ശ്വാസകോശ പകർച്ചവ്യാധികൾ സംബന്ധിച്ച് പ്രതിരോധ ആസൂത്രകർ ഉത്കണ്ഠാകുലരാണ്. മനുഷ്യരിൽ, അന്ത്രാക്സ് ബാധ ഉണ്ടായാൽ മരണനിരക്ക് വളരെ കൂടുതൽ ആയിരിക്കും.
അന്ത്രാക്സ് എന്തുകൊണ്ടാണ് ഫലപ്രദമായ ഒരു ജൈവായുധം ആയിരിക്കുന്നത്? പ്രതിരോധശേഷി
കൂടിയ ഈ ബാക്ടീരിയയെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഈ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾ കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ആദ്യം പനിക്കുന്നതുപോലുള്ള തോന്നലും ക്ഷീണവും അനുഭവപ്പെടും. തുടർന്ന്, ചുമയും നെഞ്ചിൽ അൽപ്പം അസ്വസ്ഥതയും കണ്ടേക്കാം. പിന്നീട് കടുത്ത ശ്വാസതടസ്സവും ഷോക്കും ഉണ്ടാകുന്നു. മണിക്കൂറുകൾക്കുള്ളിൽ രോഗി മരിക്കുകയും ചെയ്യും.ഭീകരപ്രവർത്തകരുടെ കയ്യിൽ ആണവ ആയുധങ്ങളോ?
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം, ആണവ ആയുധം മോഷ്ടിക്കപ്പെട്ട് കരിഞ്ചന്തയിൽ എത്തുമോ എന്നു ചിലർ സംശയിച്ചു. എന്നിരുന്നാലും, അതു സംഭവിക്കുമെന്ന് പല വിദഗ്ധരും കരുതുന്നില്ല. “ആണവ വസ്തു കൈവശമാക്കാൻ ഏതെങ്കിലും ഭീകരപ്രവർത്തക വിഭാഗം ശ്രമിച്ചതായി യാതൊരു തെളിവുമില്ല” എന്നു മുമ്പ് ഉദ്ധരിച്ച റോബർട്ട് കൂപ്പർമാൻ പറയുന്നു.
എന്നാൽ ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത് ആണവ ബോംബിനോട് ബന്ധമുള്ള ഒന്നാണ്—റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ. അതു പൊട്ടിത്തെറിക്കുന്നത് അല്ലാത്തതിനാൽ സ്ഫോടനമോ, ഉഗ്രതാപം മൂലമുള്ള നാശനഷ്ടങ്ങളോ ഉണ്ടാകുന്നില്ല. പകരം, അത് ഓരോ കോശത്തെയും നശിപ്പിക്കുന്ന വികിരണം പുറത്തുവിടുന്നു. അസ്ഥിമജ്ജയിലെ കോശങ്ങളെയാണ് ഇതു വിശേഷിച്ചും ബാധിക്കുന്നത്. കോശങ്ങൾ നശിക്കുന്നതിന്റെ അനന്തരഫലങ്ങൾ അനവധിയാണ്. രക്തവാർച്ചയും പ്രതിരോധ വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന തകരാറും അതിൽ ഉൾപ്പെടുന്നു. ഓക്സിജനുമായും ഈർപ്പവുമായും സമ്പർക്കത്തിൽ വരുമ്പോൾ നശിക്കുന്ന തരത്തിലുള്ള രാസായുധങ്ങളിൽനിന്നു വ്യത്യസ്തമായി റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ വർഷങ്ങളോളം ഹാനി വരുത്തിവെച്ചേക്കാം.
റേഡിയോ പ്രസരണം എത്ര മാരകമാണെന്ന് ബ്രസീലിന്റെ ദക്ഷിണ-മധ്യ മേഖലയിലുള്ള ഗോയിയാനിയയിൽ നടന്ന അത്യാഹിതം വ്യക്തമാക്കുന്നു. 1987-ൽ ഒരു മനുഷ്യൻ യാതൊന്നും സംശയിക്കാതെ, ഉപേക്ഷിക്കപ്പെട്ട ഒരു വൈദ്യ ഉപകരണത്തോടു ബന്ധിപ്പിച്ചിരുന്ന ഒരു ചെറിയ പെട്ടി തുറന്നുനോക്കി. ആ ചെറിയ പെട്ടിയിൽ സീസിയം-137 അടങ്ങിയിരുന്നു. താൻ കണ്ടെത്തിയ ആ കല്ലിന്റെ തിളങ്ങുന്ന നീല ജ്വാലയാൽ ആകൃഷ്ടനായ അദ്ദേഹം അത് സ്നേഹിതർക്കും കാട്ടിക്കൊടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ അവരിൽ ചിലർ രോഗികളായി സ്ഥലത്തെ ആശുപത്രിയിൽ ചെല്ലാൻ തുടങ്ങി. ആയിരക്കണക്കിനു പേർക്ക് വികിരണബാധ ഏറ്റതായി പരിശോധനയിൽ തെളിഞ്ഞു. നൂറോളം പേർ രോഗികളായി. അമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. നാലു പേർ മരിച്ചു. ഭീകരപ്രവർത്തകർ മനഃപൂർവം ആ സീസിയം വിതറിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന ചിന്തതന്നെ ഭീകരപ്രവർത്തനത്തിന് എതിരെ പോരാടുന്ന വിദഗ്ധർക്ക് ഒരു പേടിസ്വപ്നമാണ്.
ഒടുക്കേണ്ടിവരുന്ന കനത്ത വില
കനത്ത ജീവനഷ്ടമാണ് ഭീകരപ്രവർത്തനത്തിന്റെ ഏറ്റവും പ്രകടമായ ഫലം. അതിനെക്കാൾ വ്യാപകമായ ദുരന്തഫലങ്ങളും ഉണ്ട്. ലോകത്തിലെ പ്രശ്നബാധിത സ്ഥലങ്ങളിലെ സമാധാന ശ്രമങ്ങളെ നശിപ്പിക്കാനോ അതിനു താമസം വരുത്താനോ ഭീകരപ്രവർത്തനത്തിനു കഴിയും. അതു പോരാട്ടങ്ങൾക്കു കാരണമാകുകയോ, അവയെ ദീർഘിപ്പിക്കുകയോ, ശക്തമാക്കുകയോ ചെയ്യുന്നു. മാത്രമല്ല, അക്രമത്തിന്റെ പരമ്പരയ്ക്ക് തിരി കൊളുത്തുകയും ചെയ്യുന്നു.
ദേശീയ സാമ്പത്തികാവസ്ഥയോടുള്ള ബന്ധത്തിലും ഭീകരപ്രവർത്തനം പ്രത്യാഘാതങ്ങൾ ഉളവാക്കും. അതിനെ ചെറുത്തുനിൽക്കുന്നതിന് ധാരാളം സമയവും വിഭവങ്ങളും മുടക്കാൻ ഗവൺമെന്റുകൾ നിർബന്ധിതമായിട്ടുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിൽ മാത്രം ഭീകരപ്രവർത്തനത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഗവൺമെന്റ് 1,000 കോടി രൂപയിലധികമാണ് 2000-ാം ആണ്ടിലേക്ക് വക കൊള്ളിച്ചത്.
നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും, ഭീകരപ്രവർത്തനം നമ്മെയെല്ലാം ബാധിക്കുന്നു. നാം യാത്ര ചെയ്യുന്ന വിധത്തെയും യാത്രയോടു ബന്ധപ്പെട്ട് നാം കൈക്കൊള്ളുന്ന തിരഞ്ഞെടുപ്പുകളെയും അതു സ്വാധീനിക്കുന്നു. പൊതുജന പ്രമുഖരുടെയും പൗരന്മാരുടെയും അതുപോലെതന്നെ യന്ത്രസംവിധാനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ കൂടുതൽ നികുതിപ്പണം ചെലവാക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നിർബന്ധിതരാകുന്നു.
ഉയർന്നുവരുന്ന ചോദ്യം ഇതാണ്: ഭീകരപ്രവർത്തനം എന്ന പ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? അടുത്ത ലേഖനം അതു ചർച്ച ചെയ്യുന്നതായിരിക്കും. (g01 5/22)
[7-ാം പേജിലെ ചതുരം/ചിത്രം]
പരിസ്ഥിതിയുടെ പേരിലുള്ള ഭീകരപ്രവർത്തനം
“പരിസ്ഥിതിയെയും അതിലെ ജീവികളെയും രക്ഷിക്കുന്നതിന്റെ പേരിൽ നടത്തുന്ന കൊള്ളിവയ്പും ബോംബാക്രമണവും അട്ടിമറിയും” ആണ് പുതിയ ഒരുതരം ഭീകരപ്രവർത്തനം എന്ന് ഓറിഗനിയൻ പത്രം പറയുന്നു. ഇത്തരം നാശകരമായ പ്രവൃത്തികളെ ആവാസ ഭീകരപ്രവർത്തനം എന്നു വിളിക്കുന്നു. 1980 മുതൽ ഇത്തരത്തിലുള്ള 100 വൻ ഭീകരപ്രവർത്തനങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമോ 428 ലക്ഷം ഡോളറിന്റെ നാശനഷ്ടവും. മരം മുറിക്കൽ, വനപ്രദേശങ്ങളുടെ വിനോദാർഥമുള്ള ഉപയോഗം, രോമത്തിനും ഭക്ഷണത്തിനും ഗവേഷണത്തിനും മൃഗങ്ങളെ ഉപയോഗിക്കൽ എന്നിവ തടയാൻ ഉദ്ദേശിച്ചുള്ളവയാണ് അത്തരം ആക്രമണങ്ങൾ.
ഈ പ്രവർത്തനങ്ങളിൽ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നടപടികൾക്കും പൊതു നയങ്ങൾക്കും മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന അക്രമങ്ങൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് അവയെ ഭീകരപ്രവർത്തനങ്ങളായി കണക്കാക്കുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളെയും മറ്റുമാണ് ഈ ഭീകരപ്രവർത്തകർ ലക്ഷ്യമിടാറുള്ളത്. മിക്കപ്പോഴും രാത്രിയിൽ ആയിരിക്കും ഇവരുടെ ആക്രമണം. തന്നെയുമല്ല, ആക്രമണശേഷം തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇവരെ പിടികൂടാൻ സാധിക്കാതെ വരുന്നു. അടുത്തകാലം വരെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളും അവ പ്രാദേശികമായി ഉളവാക്കുന്ന ഫലങ്ങളുടെ വ്യാപ്തിയും വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ അവ കാര്യമായ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. എന്നാൽ സമീപ വർഷങ്ങളിൽ ഈ ഭീകരപ്രവർത്തകരുടെ ആക്രമണ വ്യാപ്തി വർധിച്ചിരിക്കുന്നു. “പരിവർത്തനത്തിനായി തങ്ങൾ ഏതു തത്ത്വങ്ങൾക്കു വേണ്ടി നിലകൊള്ളുന്നുവോ അവയിലേക്ക് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുക എന്നതാണ് അവരുടെ ലക്ഷ്യം,” ദീർഘകാലമായി യു.എസ്. ഫോറസ്റ്റ് സെർവീസിൽ അന്വേഷണ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്ന ജയിംസ് എൻ. ഡാമിറ്റിയോ പ്രസ്താവിച്ചു. “തങ്ങൾക്കു വേണ്ട ശ്രദ്ധ കിട്ടാത്തതായി തോന്നുന്നെങ്കിൽ, അവർ മറ്റെന്തെങ്കിലുമൊക്കെ ചെയ്യും.”
[10-ാം പേജിലെ ചതുരം/ചിത്രം]
ഭീകരപ്രവർത്തനവും മാധ്യമങ്ങളും
“രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ അല്ലെങ്കിൽ ക്രമസമാധാനം തകർക്കാൻ നിഷ്കളങ്കരായ ആളുകൾക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരുടെ പ്രാഥമിക ലക്ഷ്യം പൊതുജന ശ്രദ്ധയാണ്, അവർ അതിനെ ഒരു ആയുധമായും ഉപയോഗിക്കുന്നു,” ലബനോണിൽ ഏകദേശം ഏഴു വർഷക്കാലം ഭീകരപ്രവർത്തകരുടെ പിടിയിൽ കഴിഞ്ഞ ടെറി ആൻഡേഴ്സൺ എന്ന പത്രപ്രവർത്തകൻ പറയുന്നു. “രാഷ്ട്രീയ തട്ടിക്കൊണ്ടുപോക്ക്, കൊലപാതകം, അല്ലെങ്കിൽ കനത്ത ബോംബാക്രമണം എന്നിവയെ കുറിച്ചുള്ള റിപ്പോർട്ട് പ്രത്യക്ഷപ്പെടുന്നതുതന്നെ ഭീകരപ്രവർത്തകന്റെ ആദ്യത്തെ വിജയമാണ്. ലോകത്തിന്റെ ശ്രദ്ധ കിട്ടാഞ്ഞാൽ, ഈ ക്രൂരകൃത്യങ്ങൾ നിരർഥകമായിത്തീരും.”
[8, 9 പേജുകളിലെ ചിത്രങ്ങൾ]
1. ഇസ്രായേലിലെ ജെറൂസലേമിൽ നടന്ന മനുഷ്യ ബോംബാക്രമണം
2. വംശീയ ഭീകരപ്രവർത്തകർ ശ്രീലങ്കയിലെ കൊളംബോയിലുള്ള ഒരു ബാങ്കിൽ നടത്തിയ ബോംബാക്രമണം
3. കെനിയയിലെ നയ്റോബിയിൽ ഉണ്ടായ ഒരു കാർബോംബ് സ്ഫോടനം
4. റഷ്യയിലെ മോസ്കോയിൽ നടന്ന ബോംബ് സ്ഫോടനത്തിന് ഇരയായ ഒരു കുടുംബം
[കടപ്പാട്]
Heidi Levine/Sipa Press
A. Lokuhapuarachchi/Sipa Press
AP Photo/Sayyid Azim
Izvestia/Sipa Press