ഘാനയിലെ ഒരു വന്യജീവി സങ്കേതം സന്ദർശിക്കുന്നു
ഘാനയിലെ ഒരു വന്യജീവി സങ്കേതം സന്ദർശിക്കുന്നു
ഘാനയിലെ ഉണരുക! ലേഖകൻ
രാത്രി പകലിനോട് വിടപറയുന്ന നേരം. ഞങ്ങളുടെ വണ്ടി ടാറിടാത്ത റോഡിലൂടെ മെല്ലെ നിരങ്ങി നീങ്ങുകയാണ്. 80 കിലോമീറ്റർ അകലെ, ഘാനയിലെ വടക്കൻ പ്രവിശ്യയിലുള്ള മോലെ ദേശീയ പാർക്കാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ചുറ്റുമുള്ള പുൽപ്പുറങ്ങളും കുറ്റിക്കാടുകളും ചെറുമരങ്ങളും ഞങ്ങളുടെ കണ്ണിനു വിരുന്നൊരുക്കുന്നു. വയ്‌ക്കോൽ മേഞ്ഞ കളിമൺകുടിലുകൾ ഉള്ള കൊച്ചു ഗ്രാമങ്ങൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ കൺമുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
എന്നാൽ ഡാമോങ്ഗോയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഞങ്ങളെ വരവേൽക്കുന്നത്. കടകളും ടാറിട്ട റോഡുകളും നിരവധി വാഹനങ്ങളും ഉള്ള തിരക്കേറിയ ഒരു ഗ്രാമീണ പട്ടണമാണ് ഡാമോങ്ഗോ. കാക്കിയും തവിട്ടും യൂണിഫോമുകൾ ധരിച്ച സ്‌കൂൾ കുട്ടികൾ. വിറക്, ആഹാരസാധനങ്ങൾ, വെള്ളം നിറച്ച കുടങ്ങൾ തുടങ്ങി പല തരത്തിലുള്ള സാധനങ്ങൾ തലയിൽ ചുമന്നുകൊണ്ടു പോകുന്ന, നിറപ്പകിട്ടാർന്ന വസ്‌ത്രങ്ങൾ അണിഞ്ഞ സ്ത്രീകൾ. സൈക്കിളുകൾ, ഹോൺ മുഴക്കുന്ന മോട്ടോർവാഹനങ്ങൾ. ഇനിയും 20 കിലോമീറ്റർ കൂടെ സഞ്ചരിക്കണം പാർക്കിൽ എത്താൻ.
മോലെ ദേശീയ പാർക്കിൽ
ഒടുവിൽ അതാ, പാർക്ക് എത്തിക്കഴിഞ്ഞു. സഖറിയ എന്നാണ് ഞങ്ങളുടെ ടൂർ ഗൈഡിന്റെ പേര്. 4,840 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത് 1971-ലാണത്രേ. ഇവിടെ 93 ഇനം സസ്തനികളും 9 ഇനം ഉഭയജീവികളും 33 ഇനം ഉരഗങ്ങളും ഉണ്ടായിരുന്നിട്ടുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ സിംഹം, പുള്ളിപ്പുലി, പുള്ളിയുള്ള കഴുതപ്പുലി, വെരുക്, ആന, ബോങ്‌ഗോ മാൻ, കുള്ളൻ കാട്ടുപോത്ത്, വാർട്ട് ഹോഗ് (കവിളിൽ മുഴയുള്ള ഒരിനം കാട്ടുപന്നി), വാട്ടർബക്ക്, ആഫ്രിക്കൻ കലമാൻ, ജെനറ്റ് (വെരുകിന്റെ ഒരു ബന്ധു), ഹാർട്ടിബിസ്റ്റ് മാൻ, കീരി, ബബൂൺ, വിവിധയിനം കുരങ്ങുകൾ, റോൺ മാൻ, മുള്ളൻപന്നി, മുതല, പെരുമ്പാമ്പുകൾ, പാമ്പുകളുടെ മറ്റിനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിനെല്ലാം പുറമേ, 300-ലധികം ഇനങ്ങളിൽപ്പെട്ട പക്ഷികളുടെയും കൂടെ വാസസ്ഥാനമാണ് ഇവിടം.
വിശന്നുവലഞ്ഞ് പറന്നടുത്ത കറുത്തീച്ചകളെ കൈത്തലം കൊണ്ട് അടിച്ചോടിച്ച് മുട്ടറ്റം പൊക്കമുള്ള പുല്ലുകൾക്കിടയിലൂടെ ഞങ്ങൾ നടന്നു നീങ്ങുകയാണ്. അതാ, ഒരു പറ്റം മാനുകൾ. ചുറ്റുപാടുകൾക്ക് ഇണങ്ങുന്ന നിറമായതുകൊണ്ടാവാം ആദ്യം അവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടു തോന്നിയത്. ഞങ്ങൾ അവയെ നോക്കുമ്പോൾ അവയും അതുപോലെതന്നെ ഞങ്ങളെ സൂക്ഷിച്ചു നോക്കുകയാണ്. അതു കണ്ടാൽ ആര് ആരെ
കാണാൻ ചെന്നിരിക്കുന്നു എന്നു സംശയം തോന്നും. പടം എടുത്തുകൊണ്ടു നിൽക്കുമ്പോൾ വലതു ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ഒരു മുക്കുറ. ഹോ, ഞെട്ടിപ്പോയി. എന്താണത്? ഒരു വലിയ ആൺ വാട്ടർബക്ക് സ്വകാര്യത നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് മുന്നിലുള്ള ഒരു കുറ്റിക്കാട്ടിലേക്ക് ഓടിമറയുന്നു.അടുത്തതായി ഞങ്ങൾ കാണുന്നത് അതികായരായ നാല് ആനകളെയാണ്. ഒരു മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന അവ തുമ്പിക്കൈ കൊണ്ട് മരക്കൊമ്പുകൾ ചായിച്ച് അവയിലെ മൃദുലമായ ഇലകൾ ശബ്ദമുണ്ടാക്കിക്കൊണ്ട് ചവച്ച് അകത്താക്കുകയാണ്. ഞങ്ങൾ അവയുടെ അടുത്തേക്കു നീങ്ങുന്നു. ഇപ്പോൾ ആനകൾക്കും ഞങ്ങൾക്കും ഇടയിൽ വെറും പത്തു മീറ്റർ അകലമേയുള്ളൂ. സഖറിയ ഞങ്ങളോടു പടമെടുക്കാൻ പറയുന്നു. അദ്ദേഹം തന്റെ കൈയിലിരിക്കുന്ന തോക്കിന്റെ പാത്തിയിൽ കൈത്തലംകൊണ്ട് തട്ടുന്നു. ആ ശബ്ദം കേട്ട് ആനകൾ മരച്ചുവട്ടിൽനിന്നു മാറിപ്പോകുന്നു. തന്മൂലം ഞങ്ങൾക്ക് കുറേക്കൂടി നല്ല പടങ്ങൾ എടുക്കാൻ സാധിക്കുന്നു. കുറച്ച് അകലെ എത്തുമ്പോൾ ആനകൾ ഒരു ചെളിക്കുണ്ട് കാണുന്നു. പിന്നെ അതിൽ കിടന്ന് കുളിയായി. ആനകൾ കുളിക്കുന്ന ചേറിന്റെ നിറമനുസരിച്ച് അവയുടെ നിറം കറുപ്പിൽനിന്ന് ചെമപ്പോ തവിട്ടോ ഒക്കെയായി മാറിയേക്കാം എന്ന് സഖറിയ വിശദീകരിക്കുന്നു.
ഞങ്ങൾ അൽപ്പം മുന്നോട്ടു നടക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് പാർക്കിന്റെ ഒരു ആകമാന വീക്ഷണം ലഭിക്കുന്നുണ്ട്. അക്കേഷ്യ മരങ്ങളുടെയും വെണ്ണമരങ്ങളുടെയുമൊക്കെ കൺകുളിർപ്പിക്കുന്ന ഒരു ദൃശ്യം. തിരിച്ചു പോകുമ്പോൾ ആനകൾ തിരഞ്ഞെടുത്ത അതേ പാതയിലൂടെ തന്നെ ഞങ്ങൾ സഞ്ചരിക്കുന്നു. ആനകൾ ഇപ്പോഴും ഏതാനും മീറ്റർ അകലെയാണ്. എന്നാൽ കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ള ആന ചെവികൾ
വട്ടംപിടിച്ച് ഒരു പോരിനുള്ള തയ്യാറെടുപ്പോടെ ഞങ്ങളുടെ അടുത്തേക്കു വരുന്നു. ആക്രമണത്തിനുള്ള ഒരുക്കമാണോ?പരിഭ്രമിക്കരുതെന്ന് സഖറിയ ഞങ്ങളോടു പറയുന്നു. അദ്ദേഹം തോളത്തുനിന്നു തോക്കെടുക്കുകയും ആനകൾ സഞ്ചരിക്കുന്ന പാതയിൽനിന്നു ഞങ്ങളെ മാറ്റിക്കൊണ്ടുപോകുകയും ചെയ്യുന്നു. ആവശ്യംവന്നാലുടൻ വെടിവെക്കാനുള്ള തയ്യാറെടുപ്പോടെ തോക്കേന്തി ഗൈഡ് നടപ്പു തുടരുന്നു, ക്യാമറയുമായി കൂടെ ഞങ്ങളും. താമസിയാതെ ഞങ്ങൾ ആനകളുടെ കാഴ്ചയിൽനിന്നു മറയുന്നു.
പാർക്കിലെ ആനകൾക്ക് മനുഷ്യരെ നല്ല പരിചയമാണെന്നും ചിലത് ആളുകളുടെ അടുത്തേക്കു വരിക പോലും ചെയ്യാറുണ്ടെന്നും സഖറിയ പറയുന്നു. കൂടെക്കൂടെ കാണുന്ന ആനകൾക്ക് ഗൈഡുകൾ പേരിടാറുണ്ട്. ഒരാനയുടെ പേര് നോബി എന്നായിരുന്നു. അതിന്റെ തൊലിയിൽ വലിയ ഒരു മുഴ (നോബ്) ഉണ്ടായിരുന്നതാണു കാരണം. മറ്റൊരു ആനയ്‌ക്ക് ഇട്ടിരുന്ന പേര് ആക്ഷൻ എന്നായിരുന്നു. ടൂറിസ്റ്റുകളെ വിരട്ടിയോടിക്കുന്നതിൽ വിരുതനായിരുന്നു അവൻ.
അടുത്തതായി ഞങ്ങൾ ഒരു കൂട്ടം ബബൂണുകളെ കാണുന്നു. അവ നിലത്തുകൂടെ ഓടിനടക്കുന്നതും മരക്കൊമ്പിൽ തൂങ്ങിയാടുന്നതുമൊക്കെ നോക്കി ഞങ്ങൾ ഒരേ നിൽപ്പാണ്. ഒരു കുഞ്ഞിനെ മുതുകത്തും മറ്റൊന്നിനെ മാറത്തും ചുമന്നുകൊണ്ടു നിൽക്കുന്ന ഒരു തള്ള ബബൂണിനെ ഗൈഡ് ഞങ്ങൾക്കു കാണിച്ചു തരുന്നു. അവ ഇരട്ടകളാണെന്ന് അദ്ദേഹം ഞങ്ങൾക്കു പറഞ്ഞുതരുന്നു.
ഞങ്ങൾ ഇന്നേ ദിവസം കുറെയേറെ വന്യജീവികളെ കണ്ടു. വരൾച്ച കാലത്ത്—ഏപ്രിൽ മുതൽ ജൂൺ വരെ —വന്യജീവികളെ കാണാൻ ജലാശയങ്ങളുടെ കരയ്‌ക്ക് ചെന്നു നിൽക്കുകയേ വേണ്ടൂ എന്ന് സഖറിയ പറയുന്നു. കാരണം വെള്ളം കുടിക്കാനായി മൃഗങ്ങൾ വലിയ പറ്റങ്ങളായി അവിടെ എത്തുമത്രേ. ഒരു നാലുചക്രവാഹനത്തിൽ പാർക്കിനുള്ളിലൂടെ സഞ്ചരിക്കുന്ന പക്ഷം കാട്ടുപോത്ത്, സിംഹം തുടങ്ങിയ മറ്റു പല മൃഗങ്ങളെയും കാണാനാകുമെന്നും അദ്ദേഹം ഞങ്ങളോടു പറയുന്നു.
ഉച്ചയൂണിനുള്ള സമയമായി. ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വലിയ ബബൂൺ ഞങ്ങളുടെ കാറിന് അടുത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു പിക്ക്-അപ് വാനിന്റെ പിൻഭാഗത്തു വന്ന് ഇരിപ്പുറപ്പിക്കുന്നു. എന്തൊരു ധൈര്യമാണ് അതിന്, എന്റെ പൊതിയിൽനിന്ന് അത് കണ്ണെടുക്കുന്നില്ല! വേറെ ചില ബബൂണുകൾ അതുവഴി കടന്നുപോകുന്നുണ്ട്. ഏതാനും മാനുകളും ഒരു വാർട്ട് ഹോഗും ഉണ്ട് കൂടെ. ഒടുവിൽ അടുത്തുള്ള ഒരു കുന്നിന്റെ നെറുകയിൽ നാല് ആനകളും സ്ഥാനംപിടിക്കുന്നു. എന്തായാലും ഒരു കാര്യം മനസ്സിലായി. ഈ മൃഗങ്ങളുടെയെല്ലാം ഫോട്ടോ എടുക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ് തുറസ്സായ സ്ഥലത്തിരുന്ന് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്.
അങ്ങാടിയിൽ
മോലെ ദേശീയ പാർക്കിൽ ഞങ്ങൾ വളരെ കുറച്ചു സമയമേ ചെലവഴിക്കുന്നുള്ളൂ. അവിടെനിന്ന് ഞങ്ങളിപ്പോൾ സോലായിലേക്കു തിരിക്കുന്നു. ടാറിടാത്ത റോഡിലൂടെ രണ്ടു മണിക്കൂർ സഞ്ചരിച്ചു വേണം അവിടെയെത്താൻ. ലോബി എന്നു വിളിക്കപ്പെടുന്ന കർഷക ഗോത്രം അധിവസിക്കുന്ന ഒരു ഗ്രാമീണ പട്ടണമാണ് സോലാ. ഈ ഗോത്രത്തിലെ സ്ത്രീകൾക്ക് ചുണ്ടുകളുടെ വലിപ്പം കൃത്രിമമായി വർധിപ്പിക്കുന്ന വിചിത്ര
രീതിയുണ്ട്. ചെറുപ്പക്കാരികളായ സ്ത്രീകളുടെ ജീവിതത്തിൽ ആധുനിക പരിഷ്കാരം കടന്നു ചെല്ലാൻ തുടങ്ങിയതോടെ ഈ ശീലം ഇപ്പോൾ പതുക്കെ മൺമറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും പല സ്ത്രീകളും ഇപ്പോഴും തങ്ങളുടെ ചുണ്ടുകളുടെ വലിപ്പത്തിൽ അഭിമാനം കൊള്ളുന്നു. പുരുഷന്റേതു പോലെ ചെറിയ ചുണ്ടുകളാണ് ഉള്ളതെന്ന് ഒരു ലോബി സ്ത്രീയോടു പറയുന്നത് ആക്ഷേപമായി കണക്കാക്കപ്പെടുന്നു.ഒരു ഗ്രാമത്തിൽ എത്തിച്ചേരുന്ന ഞങ്ങൾ അവിടത്തെ അങ്ങാടിയിൽ കയറുന്നു. വയ്‌ക്കോൽ മേഞ്ഞ, മരക്കൊമ്പുകൾകൊണ്ടു നിർമിച്ച ഷെഡ്ഡുകളിൽ വെച്ചാണ് കച്ചവടം. അതാ, കറുത്തവരായ ആഫ്രിക്കക്കാരുടെ ഇടയിൽ ഒരു വെള്ളക്കാരൻ നിൽക്കുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലുന്നു. അദ്ദേഹം ലോബി ഭാഷയിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്താൻ അടുത്തയിടെ ഇവിടെ എത്തിച്ചേർന്നതാണത്രേ. ലോബി ഭാഷ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കുന്നതിനു വേണ്ടി അടുത്ത ഗ്രാമത്തിൽ ലോബി ഗോത്രക്കാരുടെ കൂടെത്തന്നെയാണ് അദ്ദേഹത്തിന്റെ താമസം. എനിക്കിപ്പോൾ റോബർട്ട് മോഫറ്റിന്റെ കാര്യമാണ് ഓർമ വരുന്നത്. 19-ാം നൂറ്റാണ്ടിൽ അദ്ദേഹം തെക്കൻ ആഫ്രിക്കയിലെ റ്റ്‌സ്വാന ഭാഷക്കാരുടെയിടയിൽ മിഷനറി പ്രവർത്തനം ആരംഭിക്കുകയും അവരുടെ ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്‌തു.
അതാ, വലിപ്പം വർധിപ്പിച്ച ചുണ്ടുകളുള്ള പ്രായംചെന്ന ഒരു ലോബി സ്‌ത്രീ! അങ്ങാടിയിലെ ഒരു ഷെഡ്ഡിനകത്ത് ബഞ്ചിൽ ഇരിക്കുകയാണ് അവർ. പെരുവിരൽ നഖത്തിന്റെ അത്ര വലിപ്പമുള്ള, ഏതാണ്ട് വെളുത്ത നിറത്തിലുള്ള, മരംകൊണ്ടുള്ള രണ്ടു പ്ലെയിറ്റുകൾ അവരുടെ ഓരോ ചുണ്ടിലുമുള്ള ദ്വാരത്തിലേക്ക് തള്ളിക്കയറ്റി വെച്ചിരിക്കുന്നു. എനിക്ക് അവരുടെ ഒരു ഫോട്ടോ എടുക്കണമെന്നുണ്ട്. എന്നാൽ ഞാൻ ക്യാമറ ഉയർത്തേണ്ട താമസം, അവർ മാറിക്കളയുന്നു. ഫോട്ടോ എടുത്താൽ ആത്മാവ് ദണ്ഡിപ്പിക്കപ്പെടും എന്ന ഒരു വിശ്വാസം പ്രായംചെന്ന ലോബി ഗോത്രക്കാർക്കിടയിൽ ഉണ്ടെന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നു.
ഇനി തിരിച്ച് സോലായിലേക്ക്. അവിടെയാണ് ഞങ്ങൾ ഇന്നു രാത്രി തങ്ങുന്നത്. അവിടേക്കു മടങ്ങവേ, ദൈവത്തിന്റെ സൃഷ്ടികളിൽ ഞങ്ങൾ ദർശിക്കാനിടയായ ജ്ഞാനത്തെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. അവൻ മനുഷ്യരെയും ജന്തുക്കളെയും അതിവിദഗ്ധമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. സങ്കീർത്തനക്കാരന്റെ വാക്കുകൾ തീർച്ചയായും സത്യമാണ്. അവൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”—സങ്കീർത്തനം 104:24. (g01 5/8)
[24, 25 പേജുകളിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഘാന
[24-ാം പേജിലെ ചിത്രം]
വാർട്ട് ഹോഗ്
[24-ാം പേജിലെ ചിത്രം]
പുള്ളിയുള്ള കഴുതപ്പുലി
[25-ാം പേജിലെ ചിത്രം]
ആന
[25-ാം പേജിലെ ചിത്രം]
നീർക്കുതിരകൾ
[25-ാം പേജിലെ ചിത്രം]
മാൻകൂട്ടം
[26-ാം പേജിലെ ചിത്രം]
രണ്ടു കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഒരു തള്ള ബബൂൺ
[27-ാം പേജിലെ ചിത്രം]
ഹാർട്ടിബിസ്റ്റ് മാൻ
[27-ാം പേജിലെ ചിത്രം]
അങ്ങാടി