ഒറിജിനൽ പാനമാ തൊപ്പി ഇക്വഡോറിൽ ഉണ്ടാക്കിയതോ?
ഒറിജിനൽ പാനമാ തൊപ്പി ഇക്വഡോറിൽ ഉണ്ടാക്കിയതോ?
ഇക്വഡോറിലെ ഉണരുക! ലേഖകൻ
ആ ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടോ? കാഴ്ചക്കാരന് അങ്ങനെ തോന്നിയേക്കാം. ഒറിജിനൽ പാനമാ തൊപ്പിയാണെന്നു കരുതി 300 ഡോളറല്ലേ അയാൾ അതിന് എണ്ണിക്കൊടുത്തത്! പക്ഷേ “ഇക്വഡോറിൽ ഉണ്ടാക്കിയത്” എന്നെഴുതിയ ഒരു പെട്ടിയിൽനിന്നാണല്ലോ വിൽപ്പനക്കാരൻ അത് എടുത്തു കൊടുത്തത്! തട്ടിപ്പാണോ? തീർച്ചയായുമല്ല. വാസ്തവത്തിൽ, യഥാർഥ പാനമാ തൊപ്പി ഉണ്ടാക്കുന്നത് ഇക്വഡോറിൽ ആണ്. അപ്പോൾ എങ്ങനെയാണ് അതിന് ഒരു കള്ളപ്പേര് ലഭിച്ചത്? ഒരു തൊപ്പിക്ക് എങ്ങനെയാണ് നൂറുകണക്കിനു ഡോളർ വില വരുന്നത്?
സ്വർണവേട്ടക്കാർ 1800-കളുടെ മധ്യത്തിൽ പാനമാ കരയിടുക്കു വഴിയാണ് കാലിഫോർണിയയിൽ എത്തിയിരുന്നത്. ഇക്വഡോറിൽനിന്ന് ഇറക്കുമതി ചെയ്ത തൊപ്പികൾ അവർ അവിടെനിന്നു വാങ്ങി. പിൽക്കാലത്ത് ആ തൊപ്പികൾ, അവ ഉണ്ടാക്കുന്ന സ്ഥലത്തിന്റെ പേരിലല്ല, മറിച്ച് അത് എവിടെനിന്നു വാങ്ങുന്നുവോ ആ സ്ഥലത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി. കാര്യം എന്തായിരുന്നാലും, പാനമാ തൊപ്പി വളരെ പ്രസിദ്ധമായിത്തീർന്നു. ഉദാഹരണത്തിന്, 1849-ൽ 2,20,000-ത്തിലധികം തൊപ്പികളാണ് ഇക്വഡോറിൽനിന്നു കയറ്റി അയച്ചത്! പിന്നീട്, 1855-ൽ പാനമായിൽ ജീവിച്ചിരുന്ന
ഒരു ഫ്രഞ്ചുകാരൻ ഈ തൊപ്പികൾ പാരീസിൽ നടന്ന ഒരു ലോകമേളയിൽ പ്രദർശിപ്പിച്ചു. ഫാഷൻഭ്രമക്കാരായ ഫ്രഞ്ചുകാർക്ക് അതു നിർമിക്കാൻ ഉപയോഗിച്ച മൃദുലമായ വസ്തുവിൽ വളരെ മതിപ്പു തോന്നി. ചിലർ അതിനെ “കച്ചിത്തുണി” എന്നു പോലും വിളിച്ചു. അതിൽപ്പിന്നെ മറ്റേതെങ്കിലും സ്റ്റൈലിലുള്ള തൊപ്പി ധരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയായി എന്നു വേണമെങ്കിൽ പറയാം!ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കൻ പ്രസിഡന്റായ തിയോഡോർ റൂസ്വെൽട്ട് മനോഹരമായ ഒരു ഫിനോ തൊപ്പി ധരിച്ചുനിൽക്കുന്ന ചിത്രം ലോക പത്രങ്ങളിൽ വന്നതോടെ പാനമാ തൊപ്പിക്കു പ്രചാരമേറി. അഴകാർന്ന ഈ തൊപ്പിക്കു പ്രിയം വർധിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികൾ അവ വിതരണം ചെയ്യാൻ തുടങ്ങി. ടർക്കിയിൽ, ആധുനികവത്കരണത്തിന്റെ ഭാഗമായി 1925-ൽ നിലവിൽ വന്ന നിയമങ്ങൾ ഫെസ് തൊപ്പികൾ (വിളുമ്പില്ലാത്തതും ശിരസ്സുമായി പറ്റെ ചേരുന്നതുമായ ഒരിനം ചുവന്ന രോമത്തൊപ്പി) ധരിക്കുന്നതു നിരോധിക്കുകയും പകരം പാനമാ തൊപ്പികൾ ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു. 1944 ആയതോടെ പാനമാ തൊപ്പി ഇക്വഡോറിന്റെ പ്രമുഖ കയറ്റുമതി ഇനമായി മാറി.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ, ആളുകൾക്ക് പൊതുവെ തൊപ്പികളോടുള്ള പ്രിയം കുറഞ്ഞു. എങ്കിലും, ഇക്വഡോറിൽ നിർമിക്കപ്പെടുന്ന ഈ വിശേഷപ്പെട്ട തൊപ്പികൾ അവയുടെ വൈശിഷ്ട്യം നിലനിറുത്തി. തീർച്ചയായും, ലോകമെമ്പാടുമുള്ള വിദഗ്ധ തൊപ്പി നിർമാതാക്കൾ ഏറ്റവും മികച്ചതരം പാനമാ തൊപ്പികൾ സമ്പാദിക്കാൻ മത്സരിക്കുന്നു. കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും പ്രമുഖർ പാനമാ തൊപ്പിയുടെ പ്രൗഢിയാൽ വശീകരിക്കപ്പെട്ടിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിൽ, നികിത ക്രൂഷ്ചോഫ്, ഹംഫ്രി ബോഗാർട്ട്, മൈക്കിൽ ജോർഡാൻ തുടങ്ങിയവരുടെയെല്ലാം ശിരസ്സുകളെ ഈ തൊപ്പി അലങ്കരിച്ചിട്ടുണ്ട്.
പാനമാ തൊപ്പിപോലെ തോന്നിക്കുന്ന വിലകുറഞ്ഞ ധാരാളം ഡൂപ്ലിക്കേറ്റ് തൊപ്പികൾ വൻതോതിൽ നിർമിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, അവയിൽ പലതും പൊട്ടിപ്പോകുന്നു; അല്ലെങ്കിൽ വായു കടക്കാത്തവയാണ്. നേരെ മറിച്ച് യഥാർഥ പാനമാ തൊപ്പി കനം കുറഞ്ഞതും വായു കടക്കുന്നതുമാണ്. അത് ഒരു ആയുഷ്കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഓരോന്നും കൈകൊണ്ട് നെയ്തുണ്ടാക്കുന്നത് ആയതിനാൽ തനതു പ്രത്യേകത ഉള്ളതുമാണ്. പരുക്കൻ തൊപ്പികൾക്ക് ഏതാനും ഡോളർ മാത്രം വിലവരുമ്പോൾ മോണ്ടെക്രിസ്റ്റിയിലെ അത്യന്തം അപൂർവമായ തരം സൂപ്പർഫിനോസ് തൊപ്പികൾക്ക് 1,000-ത്തിലധികം ഡോളർ വില കൊടുക്കേണ്ടിവരും. നെയ്ത്തിന്റെ ഗുണവും നേർമയും നിറപ്പൊരുത്തവും നോക്കിയാണു വില നിശ്ചയിക്കുന്നത്. എന്നാൽ എല്ലായ്പോഴും ഒരു കാര്യം ഓർക്കുക: ഒറിജിനൽ പാനമാ തൊപ്പി ഉണ്ടാക്കുന്നത് ഇക്വഡോറിലാണ്. (g01 5/8)
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പാനമാ തൊപ്പിയുടെ നിർമാണം
എങ്ങനെയാണ് പാനമാ തൊപ്പി ഉണ്ടാക്കുന്നത്? ടോക്കിയാ എന്നറിയപ്പെടുന്ന, പനപോലുള്ള ഒരു ചെടിയിൽനിന്നു ലഭിക്കുന്ന വഴക്കമുള്ളതും ഈടുനിൽക്കുന്നതുമായ നാരുകളാണ് ഈ തൊപ്പിയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഈ ചെടി തഴച്ചുവളരാൻ അനുയോജ്യമായ ചുറ്റുപാടുകളാണ് ഇക്വഡോറിലെ തീരദേശ സമതലപ്രദേശങ്ങളിൽ ഉള്ളത്. ഇക്വഡോറിലെ തൊപ്പി നിർമാതാക്കൾ ലോകത്തിലെ ഏറ്റവും മികച്ച നെയ്ത്തുകാരുടെ ഗണത്തിൽ വരുന്നതായി അറിയപ്പെടുന്നു. എത്ര ശ്രമകരമായ ഒരു വേലയാണ് അവർ ചെയ്യുന്നത്! വളരെ ഉയർന്ന ഗുണമേന്മയുള്ള ഒരു മോണ്ടെക്രിസ്റ്റി സൂപ്പർഫിനോ തൊപ്പി നെയ്തുണ്ടാക്കാൻ ആറു മാസംവരെ വേണ്ടിവന്നേക്കാം. ഓരോ തൊപ്പിയിലെയും നാരിന്റെ നീളം നന്നേ കുറവായിരിക്കും. എങ്കിലും ഒരു യഥാർഥ പാനമാ തൊപ്പിയിൽ ഒരു നാര് എവിടെ തുടങ്ങുന്നു അല്ലെങ്കിൽ എവിടെ അവസാനിക്കുന്നു എന്നു പറയാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ഇഴകൾ വളരെ അടുപ്പിച്ച് നെയ്തിരിക്കുന്നതിനാൽ അതിൽക്കൂടി വെള്ളം പോലും കടന്നുപോകുകയില്ല!
മോണ്ടെക്രിസ്റ്റി, കൈകൊണ്ട് നെയ്തുണ്ടാക്കിയ വിശിഷ്ടമായ തൊപ്പികൾക്കു പേരു കേട്ട പട്ടണമാണ്. അതിരാവിലെയോ വൈകുന്നേരമോ ആണ് അവിടത്തുകാർ തൊപ്പി നെയ്യുന്നത്. അതിനാൽ ഭൂമധ്യരേഖാ പ്രദേശത്തെ ചൂട്, നാരുകളുടെ വഴക്കത്തെ ബാധിക്കുകയില്ല. വൃത്താകാരത്തിലുള്ള മുകൾഭാഗം അതിസൂക്ഷ്മമായി, സങ്കീർണമായ ഊടും പാവും ഇട്ട് അവർ നെയ്തു തുടങ്ങുന്നു. ആവശ്യമായത്ര വ്യാസം കിട്ടുന്നതുവരെ ഇതു ചെയ്യുന്നു. തുടർന്ന് അത് സിലിണ്ടറിന്റെ ആകൃതിയുള്ള ഒരു തടിക്കട്ടയിന്മേൽ വെക്കുന്നു, എന്നിട്ട് തൊപ്പിയുടെ താഴേക്കുള്ള ഭാഗം വിദഗ്ധമായി നെയ്തുണ്ടാക്കുന്നു. അതുകഴിഞ്ഞ്, ആഴ്ചകൾക്കുശേഷം അനുയോജ്യമായ കോണത്തിൽ തൊപ്പിയുടെ വിളുമ്പ് നെയ്യാൻ തുടങ്ങുന്നു. എന്നിട്ട് അഗ്രം മുറിക്കുന്നു, കഴുകുന്നു, ബ്ലീച്ച് ചെയ്യുന്നു, വെയിലത്ത് ഉണങ്ങുന്നു. അതോടെ പ്രസിദ്ധമായ പാനമാ തൊപ്പി റെഡി.
[16-ാം പേജിലെ ചിത്രങ്ങൾ]
ഇലകളുടെ ചീകിയെടുത്ത നാരുകൾ നെയ്യുന്നതിനു മുമ്പ് പുഴുങ്ങി ഉണങ്ങുന്നു
[17-ാം പേജിലെ ചിത്രം]
പാനമാ തൊപ്പി ധരിച്ചിട്ടുള്ള അനേകം വിഖ്യാതരിൽ ഒരാളാണ് വിൻസ്റ്റൺ ചർച്ചിൽ
[കടപ്പാട്]
U.S. National Archives photo