ഒന്നാമത്തേത് ഒരു നൂറ്റാണ്ടു മുമ്പ്
ഒന്നാമത്തേത് ഒരു നൂറ്റാണ്ടു മുമ്പ്
ഐക്യനാടുകളിലെ പെൻസിൽവേനിയയിൽ വെച്ച് 1884 ഡിസംബർ 15-നാണ് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ നിയമ ചാർട്ടർ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടത്. a അവിടെ സൊസൈറ്റിയുടെ ആസ്ഥാനം സ്ഥാപിതമായി. പിന്നീട്, 1900 ഏപ്രിൽ 23-ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ, സൊസൈറ്റിയുടെ ആദ്യത്തെ ബ്രാഞ്ച് ഓഫീസിനു വേണ്ടിയുള്ള വസ്തു വാങ്ങി. ലണ്ടന്റെ കിഴക്കു ഭാഗത്തുള്ള ഫോറസ്റ്റ് ഗേറ്റിലെ 131 ജിപ്സി ലെയ്നിലായിരുന്നു അത്.—ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.
നൂറു വർഷം മുമ്പ് ആദ്യത്തെ ആ ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടപ്പോൾ ഇംഗ്ലണ്ടിൽ ആകെയുണ്ടായിരുന്ന ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് ആ പേരിലാണ് അറിയപ്പെട്ടിരുന്നത്—എണ്ണം 138 ആയിരുന്നു. രണ്ടു വർഷം കഴിഞ്ഞ്, 1902-ൽ രണ്ടാമത്തെ ബ്രാഞ്ച് ജർമനിയിൽ സ്ഥാപിക്കപ്പെട്ടു. 1904 ആയപ്പോഴേക്കും ഓസ്ട്രേലിയയിലും സ്വിറ്റ്സർലൻഡിലും ബ്രാഞ്ചുകൾ സ്ഥാപിതമായി കഴിഞ്ഞിരുന്നു.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച വർഷമായ 1918-ൽ ലോകവ്യാപകമായി 3,868 ബൈബിൾ വിദ്യാർഥികൾ പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യുന്നുണ്ടായിരുന്നു. പിറ്റേ വർഷം, വാച്ച് ടവർ സൊസൈറ്റിയുടെ അഞ്ചാമത്തെ ബ്രാഞ്ച് കാനഡയിൽ സ്ഥാപിതമായി. തുടർന്ന്, ബൈബിൾ സന്ദേശത്തിന്റെ ഘോഷണം ഊർജിതപ്പെടാൻ തുടങ്ങിയതോടെ മറ്റു പല രാജ്യങ്ങളിലും പുതിയ ബ്രാഞ്ചുകൾ സ്ഥാപിതമായി. 1921-ൽത്തന്നെ ആറെണ്ണം സ്ഥാപിക്കപ്പെട്ടു.
ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന ബൈബിളധിഷ്ഠിത നാമം സ്വീകരിച്ച 1931-ഓടുകൂടി ലോകമെമ്പാടുമുള്ള ബ്രാഞ്ച് ഓഫീസുകളുടെ എണ്ണം 40 ആയിത്തീർന്നു. (യെശയ്യാവു 43:10-12) അടുത്ത മൂന്നു വർഷം കൊണ്ട് അത് 49 ആയി വർധിച്ചു! 1938-ൽ 52 രാജ്യങ്ങളിലായി 59,047 സാക്ഷികളുടെ ഒരു അത്യുച്ചം റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാൽ ആ സമയമായപ്പോഴേക്കും പല സ്ഥലങ്ങളിലും അവരുടെ ക്രിസ്തീയ പ്രവർത്തനത്തിന് എതിരെ ഉഗ്രമായ എതിർപ്പ് ഉയർന്നുവരാൻ തുടങ്ങിയിരുന്നു.
ഏകകക്ഷി മേധാവിത്വവും സ്വേച്ഛാധിപത്യവും പല രാജ്യങ്ങളിലും നിലവിൽ വന്നു. 1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകകൂടി ചെയ്തതോടെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകൾ ഒന്നിനു പുറകെ ഒന്നായി അടച്ചുപൂട്ടാൻ തുടങ്ങി. 1942 ആയപ്പോൾ 25 ബ്രാഞ്ചുകൾ മാത്രമേ പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ വിസ്മയാവഹമെന്നു പറയട്ടെ, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകമായ യുദ്ധം തേർവാഴ്ച നടത്തിയ ആ സമയത്തും യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി സജീവരായി നിലകൊണ്ടു. വാസ്തവത്തിൽ, യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തപ്പെട്ട കാലഘട്ടങ്ങളിൽ ഒന്നാണത്.
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചുകൊണ്ടിരിക്കെ, സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുകയും പുതിയവ
സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതൊക്കെ സംഭവിച്ചത് ലോകത്തിന്റെ പല ഭാഗങ്ങളും യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ടു കിടക്കുമ്പോഴാണെന്നോർക്കണം. 1946 ആയപ്പോഴേക്കും ലോകവ്യാപകമായി 57 ബ്രാഞ്ച് ഓഫീസുകൾ ഉണ്ടായിരുന്നു. സജീവരായ സാക്ഷികളുടെ എണ്ണമോ? 1,76,456! അതൊരു അത്യുച്ചമായിരുന്നു. 1938-ൽ ഉണ്ടായിരുന്നതിന്റെ ഏതാണ്ട് മൂന്നിരട്ടി!ആദ്യ ബ്രാഞ്ചുകൾ വികാസം പ്രാപിച്ച വിധം
1911-ൽ വാച്ച് ടവർ സൊസൈറ്റിയുടെ ലണ്ടൻ ബ്രാഞ്ചിന്റെ—സൊസൈറ്റിയുടെ ആദ്യത്തെ ബ്രാഞ്ച്—സ്ഥാനം 34 ക്രാവെൻ ടെറെസിലേക്കു മാറ്റി. അവിടെ കൂടുതൽ സ്ഥലസൗകര്യം ഉണ്ടായിരുന്നു. പിന്നീട്, ലണ്ടനിലെ മിൽഹില്ലിൽ ഒരു പുതിയ ബ്രാഞ്ച് പണിതു. 1959 ഏപ്രിൽ 26-ന് അതിന്റെ സമർപ്പണം നടന്നു. കുറെ നാൾ കഴിഞ്ഞ് അവിടത്തെ താമസസൗകര്യങ്ങൾ വിശാലമാക്കി. ഒടുവിൽ (1993-ൽ), വാച്ച് ടവർ ഹൗസിന് അടുത്തുതന്നെയായി പണിത 18,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അച്ചടിശാലയുടെയും കാര്യനിർവഹണ സമുച്ചയത്തിന്റെയും സമർപ്പണം നടന്നു. ഇവിടെ ഓരോ വർഷവും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 9 കോടിയിലധികം പ്രതികൾ 23 ഭാഷകളിലായി അച്ചടിക്കപ്പെടുന്നുണ്ട്.
സൊസൈറ്റിയുടെ രണ്ടാമത്തെ ബ്രാഞ്ചിന്റെ വികസനം ഏറെ ശ്രദ്ധേയമായിരുന്നു. 1923-ൽ ജർമനി ബ്രാഞ്ചിന്റെ സ്ഥാനം മാഗ്ഡെബർഗിലേക്കു മാറ്റി. അവിടെ സൊസൈറ്റിയുടെ അച്ചടിയന്ത്രത്തിൽനിന്ന് ആദ്യമായി പുറത്തിറങ്ങിയ പ്രസിദ്ധീകരണം 1923 ജൂലൈ 15 ലക്കം വീക്ഷാഗോപുരമായിരുന്നു. തുടർന്നു വന്ന ഏതാനും വർഷങ്ങളിൽ അവിടെ പല വികസനങ്ങളും നടന്നു. തൊട്ടുചേർന്നു കിടന്ന സ്ഥലം വാങ്ങി അതിൽ പുതിയ കെട്ടിടങ്ങൾ പണിതു. ബയൻഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കൂടുതലായ അച്ചടി യന്ത്രങ്ങളും സ്വന്തമാക്കി. എന്നാൽ, 1933-ൽ നാസികൾ ബ്രാഞ്ച് കണ്ടുകെട്ടുകയും സാക്ഷികളുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്തു. ജർമനിയിലെ സാക്ഷികളിൽ രണ്ടായിരം പേരെ തടങ്കൽപ്പാളയങ്ങളിലാക്കി.
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ മാഗ്ഡെബർഗിലെ—അന്ന് അത് പൂർവ ജർമനിയുടെ ഭാഗമായിരുന്നു—വസ്തു സൊസൈറ്റിക്കു തിരികെക്കിട്ടി. അങ്ങനെ ബ്രാഞ്ചിന്റെ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ, 1950 ആഗസ്റ്റ് 30-ന് കമ്മ്യൂണിസ്റ്റ് പൊലീസ്, ബ്രാഞ്ചിലേക്ക് ഇരച്ചുകയറുകയും അവിടെ ജോലി ചെയ്തുകൊണ്ടിരുന്നവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. പൂർവ ജർമനിയിൽ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടു. എന്നുവരികിലും, 1947-ൽ പശ്ചിമ ജർമനിയിലെ വീസ്ബാഡനിൽ ബ്രാഞ്ചിനു വേണ്ടി കുറെ സ്ഥലം വാങ്ങിയിരുന്നു. തുടർന്നു വന്ന ദശകങ്ങളിൽ സാഹിത്യങ്ങൾക്കുള്ള ആവശ്യം വർധിച്ചതോടെ അവിടെ പണിതുയർത്തിയ കെട്ടിടങ്ങൾ പല തവണ വലുതാക്കി പണിയേണ്ടി വന്നു.
വീസ്ബാഡനിൽ കൂടുതലായ വികസനത്തിന് ഇടം പോരാതായപ്പോൾ 1979-ൽ സെൽറ്റേഴ്സിനടുത്ത് 75 ഏക്കറോളം സ്ഥലം വാങ്ങി. ഏതാണ്ട് അഞ്ചു വർഷം നീണ്ടുനിന്ന നിർമാണ പ്രവർത്തനങ്ങൾക്കു ശേഷം 1984
ഏപ്രിൽ 21-ന് പുതിയ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. അതൊരു വലിയ ബ്രാഞ്ച് ആയിരുന്നു. അന്നു മുതൽ അത് പല തവണ വികസിപ്പിക്കുകയുണ്ടായി. ഇപ്പോൾ അവിടെ ആയിരത്തിലേറെ പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 30-ലേറെ ഭാഷകളിലായി 1.6 കോടിയിലധികം മാസികകളാണ് ഓരോ മാസവും സെൽറ്റേഴിലെ കൂറ്റൻ ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങളിൽ അച്ചടിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒരു വർഷത്തിൽ, ബൈബിളുകൾ ഉൾപ്പെടെ 1.8 കോടിയിലധികം പുസ്തകങ്ങൾ ഇവിടത്തെ ബയൻഡുശാലയിൽനിന്നു പുറത്തിറങ്ങി.അച്ചടി നടക്കുന്ന പ്രധാനപ്പെട്ട മറ്റു ബ്രാഞ്ചുകൾ
1927-ൽ ജപ്പാനിലെ കോബെയിൽ ആദ്യം ഒരു ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടു. എന്നാൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് സാക്ഷികൾക്കു നേരിടേണ്ടി വന്ന കഠിനമായ പീഡനം അവരുടെ പ്രവർത്തനത്തിനു മങ്ങലേൽപ്പിച്ചു. എങ്കിലും യുദ്ധം കഴിഞ്ഞ് അധികം താമസിയാതെ ടോക്കിയോയിൽ ബ്രാഞ്ച് പുനഃസ്ഥാപിക്കപ്പെട്ടു. അവിടെ കൂടുതലായ വികസനത്തിന് ഇടം പോരാതായപ്പോൾ നൂമാസൂവിൽ ഒരു പുതിയ ബ്രാഞ്ച് പണിതു. 1973-ലായിരുന്നു അതിന്റെ സമർപ്പണം. ഇവിടെയും പെട്ടെന്നുതന്നെ സ്ഥലം പോരാതായി. അതുകൊണ്ട് എബിനയിൽ പുതിയ ബ്രാഞ്ച് പണിതു. 1982-ൽ ആയിരുന്നു അതിന്റെ സമർപ്പണം. ഇവിടെ അടുത്തയിടെ ചില വികസന പരിപാടികൾ നടന്നു. തത്ഫലമായി ഇപ്പോൾ 900 പേർക്ക് താമസിക്കാൻ പറ്റിയ സൗകര്യം എബിന ബ്രാഞ്ചിലുണ്ട്. 1999-ൽ ജാപ്പനീസ് ഭാഷയിൽ മാത്രമായി വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ 9.4 കോടിയിലധികം പ്രതികളും ലക്ഷക്കണക്കിന് പുസ്തകങ്ങളും ഇവിടെ അച്ചടിക്കുകയുണ്ടായി.
ബ്രാഞ്ച് സൗകര്യങ്ങളുടെ വികസനം മിക്ക രാജ്യങ്ങളിലും സമാനമായിരുന്നിട്ടുണ്ട്. 1929-ൽ മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിൽ ഒരു ബ്രാഞ്ച് സ്ഥാപിക്കപ്പെട്ടു. പിന്നീട്, സാക്ഷികളുടെ എണ്ണം 60,000 ആയതോടെ ആ നഗരത്തിനു വെളിയിൽ വിശാലമായ ഒരു പുതിയ ബ്രാഞ്ച് പണിതു. 1974-ലായിരുന്നു അതിന്റെ സമർപ്പണം. 1985-ലും 1989-ലും അതിൽ വികസന പ്രവർത്തനങ്ങൾ നടന്നു. ഇപ്പോൾ ബൃഹത്തായ പുതിയ അച്ചടിശാലയുടെയും കൂടുതലായ താമസസൗകര്യങ്ങളുടെയും പണി പൂർത്തിയായി വരികയാണ്. അങ്ങനെ പെട്ടെന്നുതന്നെ മെക്സിക്കോ ബ്രാഞ്ചിൽ 1,200 അംഗങ്ങളെ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. ഇപ്പോൾത്തന്നെ, ആ ബ്രാഞ്ച് മെക്സിക്കോയിലുള്ള 5,00,000-ത്തിലധികം സാക്ഷികൾക്കും മറ്റ് കോടിക്കണക്കിന് ആളുകൾക്കും വേണ്ടി മാസികകളും പുസ്തകങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ, അടുത്തുള്ള രാജ്യങ്ങൾക്ക് ആവശ്യമായ പ്രസിദ്ധീകരണങ്ങളും അവിടെ അച്ചടിക്കുന്നുണ്ട്.
1923-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കപ്പെട്ടു. പിന്നീട് അവിടെ നല്ല സൗകര്യങ്ങളോടുകൂടിയ പുതിയ താമസസൗകര്യങ്ങൾ പണികഴിപ്പിച്ചു. എന്നാൽ, ബ്രസീലിന്റെ വാണിജ്യ-ഗതാഗത കേന്ദ്രം സാവൊ പൗലോ ആയതിനാൽ 1968-ൽ ആ നഗരത്തിൽ ഒരു പുതിയ ബ്രാഞ്ച് പണിതു. 1970-കളുടെ പകുതി ആയപ്പോഴേക്കും ബ്രസീലിലെ സാക്ഷികളുടെ എണ്ണം 1,00,000-ത്തോളം ആയിത്തീർന്നു. എന്നാൽ സാവൊ പൗലോയിൽ കൂടുതലായ വികസനം സാധ്യമല്ലായിരുന്നു. അതുകൊണ്ട് അവിടെനിന്ന് ഏതാണ്ട് 150 കിലോമീറ്റർ അകലെയുള്ള സെസാര്യൂ ലാൻഷയിൽ 285 ഏക്കർ സ്ഥലം വാങ്ങി. 1981 മാർച്ച് 21-ന് പുതിയ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. അവിടത്തെ സ്ഥലസൗകര്യം വർധിപ്പിച്ചതിന്റെ ഫലമായി ഇപ്പോൾ ആ ബ്രാഞ്ചിൽ 1,200-ഓളം പേർക്ക് താമസിക്കാനാകും. ബ്രസീൽ ബ്രാഞ്ച് തെക്കേ അമേരിക്കയുടെ ഭൂരിഭാഗത്തിനും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങൾക്കും ആവശ്യമായ മാസികകളും പുസ്തകങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.
അച്ചടി നടക്കുന്ന മറ്റൊരു വലിയ ബ്രാഞ്ചിന്റെ പണി, 1990-കളുടെ ആരംഭത്തിൽ കൊളംബിയയിലെ ബോഗൊട്ടോയ്ക്കു സമീപം പൂർത്തിയായി. തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഉടനീളം വിതരണം ചെയ്യുന്നതിനുള്ള വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഉത്പാദിപ്പിക്കുന്നത് ഈ ബ്രാഞ്ചാണ്.
വർഷന്തോറും കോടിക്കണക്കിനു മാസികകൾ അച്ചടിക്കുന്ന വേറെയും ബ്രാഞ്ചുകളുണ്ട്. അർജന്റീന, ഇറ്റലി, ഓസ്ട്രേലിയ, കാനഡ, കൊറിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഫിൻലൻഡ്, ഫിലിപ്പീൻസ്, സ്പെയിൻ എന്നിവിടങ്ങളിലാണ് അവ സ്ഥിതിചെയ്യുന്നത്. ഇറ്റലി ബ്രാഞ്ച് മാസികകൾക്കു പുറമേ, വർഷന്തോറും പല ഭാഷകളിലായി ബൈബിളുകൾ ഉൾപ്പെടെയുള്ള കോടിക്കണക്കിനു പുസ്തകങ്ങളും അച്ചടിക്കുന്നുണ്ട്. എന്നാൽ, വാർഷിക ഉത്പാദനത്തിൽ അധികവും—അതായത് 4 കോടിയിലേറെ പുസ്തകങ്ങളും 100 കോടിയിലേറെ മാസികകളും—ഇപ്പോഴും നിർവഹിക്കപ്പെടുന്നത് ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ആസ്ഥാനത്തിലും ന്യൂയോർക്കിന്റെ വടക്കുഭാഗത്തുള്ള അതിന്റെ അച്ചടിശാലയിലുമായാണ്.
വിസ്മയാവഹമെന്നു പറയട്ടെ, ഒരു നൂറ്റാണ്ടു മുമ്പ് വാച്ച് ടവർ സൊസൈറ്റിക്ക് ഒറ്റയൊരു ബ്രാഞ്ച് ഓഫീസാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലോകമെമ്പാടുമായി 109 ബ്രാഞ്ച് ഓഫീസുകൾ ഉണ്ട്. അവ 234 രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. 13,000-ത്തോളം സമർപ്പിത ക്രിസ്ത്യാനികളാണ് ഈ ബ്രാഞ്ചുകളിൽ സ്വമേധയാ സേവിക്കുന്നത്! അവരുടെയും സൊസൈറ്റിയുടെ ലോകാസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് 5,500-ഓളം സ്വമേധയാ സേവകരുടെയും പ്രവർത്തനം യേശുക്രിസ്തുവിന്റെ പിൻവരുന്ന പ്രവചനത്തിന്റെ നിവൃത്തിയിൽ മർമപ്രധാനമായ പങ്കു വഹിച്ചിരിക്കുന്നു. അത് ഇങ്ങനെ പറയുന്നു: ‘ദൈവരാജ്യത്തിന്റെ ഈ സുവിശേഷം അവസാനം വരുന്നതിനു മുമ്പായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.’—മത്തായി 24:14. (g00 12/22)
[അടിക്കുറിപ്പ്]
a സീയോന്റെ വാച്ച് ടവർ ട്രാക്റ്റ് സൊസൈറ്റി എന്ന പേരിലാണ് അന്ന് അത് അറിയപ്പെട്ടിരുന്നത്.
[28-ാം പേജിലെ ചിത്രം]
റ്റോം ഹാർട്ട്, ഇംഗ്ലണ്ടിലെ ആദ്യത്തെ ബൈബിൾ വിദ്യാർഥി ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു
[29-ാം പേജിലെ ചിത്രങ്ങൾ]
34 ക്രാവെൻ ടെറെസിലെ ലണ്ടൻ ബ്രാഞ്ച് (ഫോട്ടോയിൽ വലത്ത്)
[29-ാം പേജിലെ ചിത്രങ്ങൾ]
ഇപ്പോഴത്തെ ലണ്ടൻ ബ്രാഞ്ച്