വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്തേഷ്യയിലൂടെ
വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്തേഷ്യയിലൂടെ
പണ്ടൊക്കെ, എന്നുവെച്ചാൽ 1840-കൾക്കു മുമ്പ്, ശസ്ത്രക്രിയാ മുറിയിലേക്ക് പോകുന്ന രോഗികളുടെ മനസ്സിൽ വെറും ഉത്കണ്ഠയായിരുന്നില്ല, തീയായിരുന്നു! കാരണം അന്ന് അനസ്തേഷ്യ കൊടുക്കുന്ന രീതി കണ്ടുപിടിച്ചിട്ടില്ലായിരുന്നു. “നാം വേദനയെ കീഴ്പെടുത്തിയിരിക്കുന്നു” (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡെന്നിസ് ഫ്രാഡിൻ ഇങ്ങനെ പറയുന്നു: “രണ്ടു കയ്യിലും ഓരോ കുപ്പി വിസ്കിയും ആയിട്ടാണ് അന്നത്തെ ശസ്ത്രക്രിയാവിദഗ്ധർ ശസ്ത്രക്രിയാ മുറിയിലേക്ക് പ്രവേശിച്ചിരുന്നത്—ഒന്ന് രോഗിക്കും മറ്റേത് ഡോക്ടർക്കും. ഒരു കുപ്പി വിസ്കി അകത്താക്കിയാലേ ഡോക്ടർക്കു രോഗിയുടെ വലിയവായിലുള്ള കരച്ചിൽ സഹിക്കാനാകുമായിരുന്നുള്ളത്രെ!”
രോഗിയെ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ തളച്ചിട്ടുകൊണ്ട് . . .
അന്നത്തെ ഡോക്ടർമാരും ദന്തവൈദ്യന്മാരും രോഗികളും ശസ്ത്രക്രിയാ സമയത്തെ വേദന ലഘൂകരിക്കാനായി എന്തും പരീക്ഷിച്ചുനോക്കിയിരുന്നു. അതിനായി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കറുപ്പും ലഹരിപാനീയങ്ങളും വ്യാപകമായി ഉപയോഗിക്കുക പതിവായിരുന്നു. ഇന്ത്യയിലെയും ചൈനയിലെയും വൈദ്യന്മാർ മരിജ്വാനയും ഹഷീഷും ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീക്ക് വൈദ്യനായ ഡൈയൊസ്കോരിഡിസ്—“അനസ്തേഷ്യ” എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണെന്നു കരുതപ്പെടുന്നു—ദൂദായിച്ചെടിയുടെ വേരു ചതച്ചെടുത്ത നീരും വീഞ്ഞും കൂട്ടിക്കലർത്തിയുണ്ടാക്കുന്ന മിശ്രിതത്തിന് അനസ്തെറ്റിക് സ്വഭാവം (വേദന അറിയാതാക്കാനുള്ള കഴിവ്) ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. പിൽക്കാലങ്ങളിൽ ചില ഡോക്ടർമാർ ഹിപ്നോട്ടിസം പോലും പരീക്ഷിച്ചു നോക്കി.
എങ്കിലും, വേദനയ്ക്ക് കാര്യമായ കുറവൊന്നും സംഭവിച്ചിരുന്നില്ല. അതുകൊണ്ട് ശസ്ത്രക്രിയാവിദഗ്ധരും ദന്തവൈദ്യന്മാരും കഴിയുന്നത്ര പെട്ടെന്ന് തങ്ങളുടെ ജോലി തീർക്കാൻ ശ്രമിച്ചു. അവരുടെ കഴിവു വിലയിരുത്തുന്നതു പോലും വേഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ എത്ര വേഗത്തിൽ ചെയ്താലും രോഗിക്ക് കഠിന വേദന സഹിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ട്, മുഴയായാലും വായ് നിറയെ പുഴുപ്പല്ലായാലും ശസ്ത്രക്രിയയുടെയും പല്ലെടുപ്പിന്റെയും ഒക്കെ വേദന സഹിക്കുന്നതിലും ഭേദം അതൊക്കെ സഹിച്ചു ജീവിക്കുന്നതാണെന്ന് ആളുകൾ പൊതുവെ കരുതിയിരുന്നു.
സ്വീറ്റ് വിട്രിയോളും ചിരി വാതകവും
1275-ൽ സ്പാനീഷ് വൈദ്യനായ റെയ്മണ്ട് ലുള്ളസ് ചില രാസവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തവെ ബാഷ്പശീലവും ജ്വലനശേഷിയും ഉള്ള ഒരു ദ്രാവകം കണ്ടുപിടിച്ചു. അദ്ദേഹം അതിന് സ്വീറ്റ് വിട്രിയോൾ എന്നു പേരിട്ടു. 16-ാം നൂറ്റാണ്ടിൽ, പാരസെൽസസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വിറ്റ്സർലൻഡുകാരനായ ഒരു വൈദ്യൻ കോഴികളെ സ്വീറ്റ് വിട്രിയോൾ മണപ്പിച്ചുനോക്കി. അപ്പോൾ അവ ഉറങ്ങിപ്പോയെന്നു മാത്രമല്ല, അവയ്ക്ക് വേദന അറിയാനുള്ള പ്രാപ്തി താത്കാലികമായി നഷ്ടപ്പെടുകയും ചെയ്തതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ലുള്ളസിനെ പോലെതന്നെ അദ്ദേഹവും മനുഷ്യരിൽ അത് പരീക്ഷിച്ചു നോക്കിയില്ല. 1730-ൽ ജർമൻ രസതന്ത്രജ്ഞനായ ഫ്രോബേനിയുസ് ഈ ദ്രാവകത്തിന് “സ്വർഗീയം” എന്നർഥമുള്ള ഈഥർ എന്ന ഗ്രീക്ക് പേരു നൽകി. ആ പേരാണ് ഇന്നുവരെയും നിലനിൽക്കുന്നത്. എന്നാൽ ഈഥറിന്റെ അനസ്തെറ്റിക് പ്രാപ്തി പൂർണമായി വിലമതിക്കപ്പെടാൻ പിന്നെയും 112 വർഷങ്ങൾ എടുത്തു.
അതിനിടയിൽ, മറ്റൊരു സംഭവമുണ്ടായി. 1772-ൽ, ആംഗലേയ ശാസ്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റ്ലി നൈട്രസ് ഓക്സൈഡ് എന്ന വാതകം കണ്ടുപിടിച്ചു. ഇത് ചെറിയ അളവിൽ പോലും ശ്വസിക്കുന്നതു മാരകമാണെന്ന്
ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ അതിൽ എന്തെങ്കിലും കഥയുണ്ടോ എന്നറിയാൻ 1799-ൽ ബ്രിട്ടീഷ് രസതന്ത്രജ്ഞനും കണ്ടുപിടിത്തക്കാരനുമായ ഹംഫ്രി ഡേവി ആ വാതകം തന്നിൽത്തന്നെ പരീക്ഷിച്ചു നോക്കി. നൈട്രസ് ഓക്സൈഡ് ശ്വസിച്ച അദ്ദേഹം കുടുകുടാ ചിരിക്കാൻ തുടങ്ങി. അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അതിന് ചിരി വാതകം എന്ന് പേരിട്ടു. നൈട്രസ് ഓക്സൈഡിന് അനസ്തെറ്റിക് സവിശേഷതകൾ ഉണ്ടായിരുന്നേക്കാമെന്ന് ഡേവി എഴുതി. എന്നാൽ അക്കാലത്ത് ആരും അതിനെ കുറിച്ച് കൂടുതലായ അന്വേഷണം ഒന്നും നടത്തിയില്ല.ഈഥറും ചിരി വാതകവും വിനോദവേളകളിൽ
ചിരി വാതകത്തിന്റെ സ്വാധീനത്തിൻ കീഴിൽ ഡേവി കാട്ടിക്കൂട്ടിയ വിക്രിയകൾ—അദ്ദേഹം കുറച്ചുകാലത്തേക്ക് അതിന് അടിമപ്പെട്ടുപോയിരുന്നു—നാടെങ്ങും പാട്ടായി. താമസിയാതെ, ഒരു രസത്തിനു വേണ്ടി ആളുകൾ അതു മണക്കാൻ തുടങ്ങി. നാടുതോറും സഞ്ചരിച്ച് വിനോദകലാപ്രകടനങ്ങൾ നടത്തുന്നവരുടെ കാര്യപരിപാടികളിൽ പോലും ഇതൊരു ഇനം ആയിത്തീർന്നു. ഈ പരീക്ഷണത്തിന് വിധേയരാകാൻ താത്പര്യമുള്ള കാണികളെ അവർ സ്റ്റേജിലേക്ക് ക്ഷണിച്ചുവരുത്തി അവർക്ക് നൈട്രസ് ഓക്സൈഡ് മണക്കാൻ കൊടുക്കുമായിരുന്നു. നൈട്രസ് ഓക്സൈഡ് ‘തലയ്ക്കു പിടിച്ചു കഴിഞ്ഞാൽ’ അവരുടെ സങ്കോചമൊക്കെ പറപറക്കും. പിന്നെ അവർ ഓരോരോ വിക്രിയകൾ കാട്ടി ആളുകളെ രസിപ്പിക്കാൻ തുടങ്ങും. അതോടെ സദസ്സിൽ ചിരിയുടെ ഒരു മാലപ്പടക്കം പൊട്ടുകയായി.
ഏതാണ്ട് ഇതേ സമയത്തുതന്നെ, ഈഥറും വിനോദത്തിന്റെ ലോകത്തേക്കു കടന്നുവന്നു. ഈഥറിന്റെ ലഹരിയിൽ ആയിരുന്ന തന്റെ കൂട്ടുകാർക്ക് പരിക്കുപറ്റിയിട്ടും വേദന അനുഭവപ്പെടാത്തതായി ഒരു ദിവസം ക്രോഫൊർഡ് ഡബ്ല്യു. ലോങ് എന്നു പേരുള്ള അമേരിക്കക്കാരനായ ഒരു യുവ ഡോക്ടർ ശ്രദ്ധിച്ചു. ശസ്ത്രക്രിയയിൽ അത് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് അദ്ദേഹം ഉടൻതന്നെ ചിന്തിച്ചത്. ശസ്ത്രക്രിയയിലുള്ള അതിന്റെ ഉപയോഗ സാധ്യത പരീക്ഷിച്ചറിയാൻ “ഈഥർ പാർട്ടികളിൽ” ഒന്നിൽ പങ്കെടുത്തുകൊണ്ടിരുന്ന ഒരാളെത്തന്നെ അദ്ദേഹത്തിന് ഒത്തുകിട്ടുകയും ചെയ്തു. ജെയിംസ് വെനബിൾ എന്നു പേരുള്ള ഒരു വിദ്യാർഥിയായിരുന്നു അത്. ശരീരത്തിലുണ്ടായിരുന്ന രണ്ടു മുഴകൾ നീക്കം ചെയ്യാൻ അവന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വേദന ഭയന്ന് ശസ്ത്രക്രിയ നീട്ടിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈഥർ നൽകിയിട്ട് ശസ്ത്രക്രിയ നടത്താമെന്നു ലോങ് പറഞ്ഞപ്പോൾ വെനബിൾ അതിനു സമ്മതിച്ചു. അങ്ങനെ 1842 മാർച്ച് 30-ാം തീയതി ആ വിദ്യാർഥി വേദനയില്ലാത്ത ഓപ്പറേഷനു വിധേയനായി. എങ്കിലും 1849 വരെ തന്റെ ഈ കണ്ടുപിടിത്തം ലോങ് പരസ്യപ്പെടുത്തിയില്ല.
ദന്തവൈദ്യന്മാരും അനസ്തേഷ്യ കണ്ടുപിടിക്കുന്നു
1844 ഡിസംബറിലാണ് സംഭവം. യു.എസ്.-ലെ ഒരു ദന്തവൈദ്യനായ ഹൊറേസ് വെൽസ് ഒരു പ്രദർശനത്തിൽ സംബന്ധിക്കാനായി പോയി. അവിടെ ഗാർഡ്നർ കോൾട്ടൻ എന്ന ഒരാൾ താത്പര്യമുള്ള കാണികളെ സ്റ്റേജിലേക്ക് ക്ഷണിച്ചുവരുത്തി നൈട്രസ് ഓക്സൈഡ് മണപ്പിക്കുന്നതു കണ്ടപ്പോൾ താനും അതിന് ആഗ്രഹിക്കുന്നെന്നു പറഞ്ഞ് അദ്ദേഹവും സ്റ്റേജിലേക്കു ചെന്നു. നൈട്രസ് ഓക്സൈഡ് മണത്തെങ്കിലും അദ്ദേഹത്തിന് സമനില പൂർണമായി നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്, സ്റ്റേജിൽ തന്നോടൊപ്പം ആ വാതകം മണത്ത ഒരാളുടെ കാലുകൾ ഒരു ബെഞ്ചിൽ ചെന്നിടിച്ച് രക്തമൊലിച്ചിട്ടും അയാൾ ഒരു ഭാവഭേദവുമില്ലാതെ നിൽക്കുന്നത് വെൽസിന് ശ്രദ്ധിക്കാൻ കഴിഞ്ഞു. തന്റെ ചികിത്സയിൽ നൈട്രസ് ഓക്സൈഡ് ഉപയോഗിക്കാൻ ആ രാത്രിതന്നെ വെൽസ് തീരുമാനിച്ചു. എങ്കിലും ആദ്യം സ്വന്തം ശരീരത്തിലാണ് അദ്ദേഹം അത് പരീക്ഷിച്ചുനോക്കിയത്. തനിക്ക് കുറച്ച് നൈട്രസ് ഓക്സൈഡ് എത്തിച്ചുതരാൻ അദ്ദേഹം കോൾട്ടനെ പറഞ്ഞ് ഏർപ്പാടാക്കി. എന്നിട്ട് തന്റെ കേടുവന്ന ജ്ഞാനപ്പല്ല് (wisdom tooth) പറിക്കാൻ സഹ ദന്തവൈദ്യനായ ജോൺ റിഗ്സിനെ ചട്ടം കെട്ടി. ആ ഉദ്യമം തികച്ചും വിജയകരമായിരുന്നു.
സഹപ്രവർത്തകരുടെ മുന്നിൽ ഒരു പ്രദർശനം കാഴ്ചവെച്ചുകൊണ്ട് തന്റെ കണ്ടുപിടിത്തം പരസ്യമാക്കാൻ വെൽസ് തീരുമാനിച്ചു. എങ്കിലും, പരിഭ്രാന്തി കാരണം അദ്ദേഹം രോഗിക്ക് വേണ്ടത്ര വാതകം കൊടുത്തില്ലായിരുന്നു. അതുകൊണ്ട് പല്ലു പറിച്ച സമയത്ത് രോഗി ഉറക്കെ
നിലവിളിക്കാൻ തുടങ്ങി. കണ്ടുനിന്നവരെല്ലാം വെൽസിനെ കളിയാക്കി. എന്നാൽ വേദനയുണ്ടായിരുന്നോ എന്ന് രോഗിയോട് അവർ നേരിട്ട് ചോദിക്കേണ്ടതായിരുന്നു. കാരണം താൻ ബഹളം വെച്ചെങ്കിലും തനിക്ക് ഒട്ടുംതന്നെ വേദന അനുഭവപ്പെട്ടിരുന്നില്ലെന്ന് പിന്നീട് അദ്ദേഹം വെൽസിനോടു പറഞ്ഞു.1846 സെപ്റ്റംബർ 30-ന് അമേരിക്കയിലെ തന്നെ മറ്റൊരു ദന്തവൈദ്യനായ വില്യം മോർട്ടൻ, ഈഥർ—1842-ൽ ലോങ് ഉപയോഗിച്ച അതേ സംയുക്തം—കൊടുത്തുകൊണ്ട് തെല്ലും വേദന അറിയാത്ത വിധത്തിൽ ഒരു രോഗിയുടെ പല്ലെടുത്തു. പ്രശസ്ത രസതന്ത്രജ്ഞനായ ചാൾസ് തോമസ് ജാക്ക്സണിന്റെ സഹായത്തോടെയാണ് മോർട്ടൻ ഈഥർ തയ്യാറാക്കിയത്. ലോങ്ങിൽനിന്നു വ്യത്യസ്തമായി മോർട്ടൻ, ഈഥറിന്റെ അനസ്തെറ്റിക് സ്വഭാവങ്ങൾ പൊതുജനസമക്ഷം പ്രദർശിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. 1846 ഒക്ടോബർ 16-ന് മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ വെച്ച് മോർട്ടൻ ഒരു രോഗിക്ക് ഈഥർ നൽകി. തുടർന്ന് ശസ്ത്രക്രിയാവിദഗ്ധനായ ഡോ. വാറൻ ആ രോഗിയുടെ താടിയെല്ലിന്റെ കീഴിൽനിന്ന് ഒരു മുഴ നീക്കം ചെയ്തു. ശസ്ത്രക്രിയ വൻ വിജയമായിരുന്നു. ഐക്യനാടുകളിലും യൂറോപ്പിലും ഉടനീളം ആ വാർത്ത കാട്ടുതീപോലെ പരന്നു.
കൂടുതലായ കണ്ടുപിടിത്തങ്ങൾ
വിസ്മയാവഹമായ ഈ കണ്ടുപിടിത്തങ്ങൾ വ്യത്യസ്ത പദാർഥങ്ങളുപയോഗിച്ച് പരീക്ഷണം തുടരാനുള്ള പ്രചോദനമേകി. 1831-ൽ കണ്ടുപിടിച്ച ക്ലോറോഫോം 1847-ൽ വിജയകരമായി പരീക്ഷിച്ചുനോക്കി. പെട്ടെന്നുതന്നെ അതിന് ചില സ്ഥലങ്ങളിൽ മറ്റ് അനസ്തെറ്റിക്കുകളെക്കാൾ പ്രചാരം ലഭിച്ചു. താമസിയാതെ ഗർഭിണികൾക്കു പ്രസവസമയത്ത് ക്ലോറോഫോം നൽകാൻ തുടങ്ങി. 1853 ഏപ്രിലിൽ ഇംഗ്ലണ്ടിലെ വിക്ടോറിയാ രാജ്ഞിക്കും അതു നൽകുകയുണ്ടായി.
സങ്കടകരമെന്നു പറയട്ടെ, ജനറൽ അനസ്തേഷ്യയുടെ ചരിത്രം വിവാദങ്ങളാൽ കളങ്കപ്പെട്ടതാണ്. ലോങ്, വെൽസ്, മോർട്ടൻ, മോർട്ടനെ സഹായിച്ച പ്രശസ്ത രസതന്ത്രജ്ഞനായ ജാക്ക്സൺ എന്നിവരിൽ ആരാണ് അനസ്തേഷ്യ (രാസസംയുക്തങ്ങളല്ല) കണ്ടുപിടിച്ചതിന് ഏറ്റവുമധികം ബഹുമതി അർഹിക്കുന്നത് എന്നതിനെ ചൊല്ലി ചൂടുപിടിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടു. അതു സംബന്ധിച്ച് ഇതുവരെയും ഒരു യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, അതിന്റെ ബഹുമതി നാലുപേർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ഇപ്പോൾ പലരും പറയുന്നുണ്ട്.
അതിനിടയിൽ, സ്ഥാനിക അനസ്തേഷ്യയുടെ (local anesthesia) മേഖലയിൽ പുരോഗതികൾ ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു. രോഗിയെ അബോധാവസ്ഥയിലാക്കാതെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മരവിപ്പിക്കുന്നതിന് ഇന്ന് അനസ്തെറ്റിക്കുകൾ ഉപയോഗിച്ചുവരുന്നു. ഉദാഹരണത്തിന്, പല്ലിന്റെയോ മോണയുടെയോ ശസ്ത്രക്രിയ നടത്തുന്ന സമയത്ത് ദന്ത ശസ്ത്രക്രിയാവിദഗ്ധരും ചെറിയ ഓപ്പറേഷനുകൾ നടത്തുമ്പോഴും പരിക്കു ഭേദമാക്കുമ്പോഴുമൊക്കെ ഡോക്ടർമാരും സ്ഥാനിക അനസ്തേഷ്യ നൽകാറുണ്ട്. അനസ്തേഷ്യോളജിസ്റ്റുകൾ ഗർഭിണികൾക്ക് പ്രസവ സമയത്ത് സ്ഥാനിക അനസ്തേഷ്യ നൽകുന്നതും പതിവാണ്.
കാലം കടന്നു പോയതോടെ, അനസ്തേഷ്യോളജി ഒരു പ്രത്യേക വൈദ്യശാസ്ത്ര മേഖലയായി വികാസം പ്രാപിച്ചു. രോഗികളെ ശസ്ത്രക്രിയയ്ക്കു വേണ്ടി ഒരുക്കുന്നതിൽ ഇന്നത്തെ അനസ്തേഷ്യോളജിസ്റ്റുകൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനൂതനമായ സജ്ജീകരണങ്ങളും പല രാസപദാർഥങ്ങളുടെയും ഓക്സിജന്റെയും മിശ്രിതമായ സങ്കീർണമായ അനസ്തെറ്റിക്കുകളും ഉപയോഗിച്ചാണ് അവർ അനസ്തേഷ്യ കൊടുക്കുന്നത്. ഡോക്ടർ തനിക്ക് അനസ്തെറ്റിക് വാതകങ്ങൾ തന്നെന്ന് പല രോഗികളും അറിഞ്ഞെന്നു പോലും വരില്ല. കാരണം, ആദ്യം ഞരമ്പിലൂടെ അനസ്തേഷ്യ നൽകിയ ശേഷമേ പലപ്പോഴും ഈ വാതകങ്ങൾ നൽകാറുള്ളൂ. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന ലഘൂകരിക്കുന്നതിലും അനസ്തേഷ്യോളജിസ്റ്റ് ഒരു പങ്കു വഹിക്കുന്നുണ്ട്.
അതുകൊണ്ട് നിങ്ങൾക്ക് എന്നെങ്കിലും ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുന്നെങ്കിൽ അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ ശ്രമിക്കുക. ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പത്തെ പ്രാകൃത മാതൃകയിലുള്ള ഒരു ശസ്ത്രക്രിയാ മേശയിൽ കിടക്കുന്നതിനെ കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ. കതകു തുറക്കുന്നു. കയ്യിൽ രണ്ടു കുപ്പി വിസ്കിയുമായി ശസ്ത്രക്രിയാവിദഗ്ധൻ അകത്തേക്കു കടന്നുവരുന്നു. ഇനി ഇന്നത്തെ അനസ്തേഷ്യോളജിസ്റ്റിന്റെ അതിനൂതന സജ്ജീകരണങ്ങളെ കുറിച്ചു ചിന്തിച്ചു നോക്കുക. കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിരിക്കുന്നു, അല്ലേ?
[22-ാം പേജിലെ ചതുരം]
അക്യുപങ്ചർ—കിഴക്കു നിന്നെത്തിയ വേദനാ സംഹാരി
വേദന അറിയാതാക്കുന്നതിനുള്ള ഒരു പുരാതന ചൈനീസ് ചികിത്സാ സമ്പ്രദായമാണ് അക്യുപങ്ചർ. ശരീരത്തിലെ ചില പ്രത്യേക ബിന്ദുക്കളിൽ—ഇവ പലപ്പോഴും ചികിത്സയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ശരീരഭാഗത്തിൽനിന്ന് അകലെയായിരിക്കും—സൂചി കുത്തിയിറക്കിയാണ് ഇത് നടത്തുന്നത്. സൂചി ഇറക്കിക്കഴിഞ്ഞ് അവ കറക്കുകയോ താഴ്ന്ന വോൾട്ടേജിലുള്ള വൈദ്യുതി കടത്തിവിടുകയോ ചെയ്യുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ശസ്ത്രക്രിയാ സമയത്ത് വേദന അറിയാതാക്കുന്നതിന് [അക്യുപങ്ചർ] ചൈനയിൽ പതിവായി ഉപയോഗിച്ചുവരുന്നു. അക്യുപങ്ചർ മാത്രം ഉപയോഗിച്ച് സ്ഥാനികമായി മരവിപ്പിച്ച, പൂർണ്ണ ബോധമുള്ള ചൈനാക്കാരായ രോഗികളുടെ ശരീരത്തിൽ സങ്കീർണമായ (സാധാരണഗതിയിൽ വേദനാജനകമായ) ശസ്ത്രക്രിയകൾ നടത്തുന്നത് പാശ്ചാത്യരായ സന്ദർശകർ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്.”
വൈദഗ്ധ്യവും പരിശീലനവും സിദ്ധിച്ച ഒരു ചികിത്സകൻ മാത്രമേ അക്യുപങ്ചർ ചികിത്സ പ്രയോഗിക്കാവൂ. എൻസൈക്ലോപീഡിയ അമേരിക്കാന ഇങ്ങനെ പറയുന്നു: “അക്യുപങ്ചർ സൂചികൾ ഹൃദയത്തിലും ശ്വാസകോശങ്ങളിലും മറ്റും കുത്തിക്കയറി വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അണുവിമുക്തമാക്കാത്ത സൂചികൾ ഉപയോഗിക്കുകവഴി കരൾ വീക്കം, അണുബാധ, സമാനമായ മറ്റു പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.” അങ്ങനെ നോക്കുമ്പോൾ, മറ്റ് അനസ്തേഷ്യകളും എല്ലായ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ല. ഇനി അനസ്തേഷ്യയെ മാറ്റിനിറുത്തി ചിന്തിച്ചാൽ, ശസ്ത്രക്രിയയിലും അപകടം ഉൾപ്പെട്ടിട്ടുണ്ട്.
[19-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
2-ഉം 19-ഉം പേജുകൾ: Reproduced from Medicine and the Artist (Ars Medica) by permission of the Philadelphia Museum of Art/Carl Zigrosser/ Dover Publications, Inc.
[21-ാം പേജിലെ ചിത്രങ്ങൾ]
ഇന്ന് അനസ്തേഷ്യോളജി ഒരു പ്രത്യേക വൈദ്യശാസ്ത്ര മേഖലയായി വികാസം പ്രാപിച്ചിരിക്കുന്നു
[കടപ്പാട്]
Courtesy of Departments of Anesthesia and Bloodless Medicine and Surgery, Bridgeport Hospital - CT