ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
വികലാംഗനായ സുവിശേഷ പ്രവർത്തകൻ “പ്രതിസന്ധിയിലും പ്രസന്നത കൈവിടാതെ” (ഫെബ്രുവരി 22, 2000) എന്ന കൊൺസ്റ്റൻട്യീൻ മറൊസോഫിന്റെ ജീവിതകഥ വായിച്ചപ്പോൾ എനിക്കു കരച്ചിൽ അടക്കാനായില്ല. രണ്ടു കുട്ടികളെ ഒറ്റയ്ക്കു വളർത്തിക്കൊണ്ടുവരുന്ന ഒരു അമ്മയാണു ഞാൻ. അത് അത്ര എളുപ്പമല്ല. എന്റെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുകയില്ലെന്ന് ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്. എങ്കിലും, കൊൺസ്റ്റൻട്യീനിന്റെ പ്രശ്നങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ എന്റേത് ഒന്നുമല്ല!
ഐ., റഷ്യ
ഞാൻ ഒരു മുഴുസമയ സുവിശേഷകയാണ്. നേത്രപടലത്തിന്റെ തകരാറു നിമിത്തം എനിക്കു വായിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഒരുപാടു വായിക്കുന്ന പ്രകൃതമായിരുന്നു എന്റേത്. എന്നാൽ, ഇപ്പോൾ അതിനു സാധിക്കാത്തതിനാൽ എനിക്കു ചിലപ്പോഴൊക്കെ നിരാശയും വിഷാദവും അനുഭവപ്പെടാറുണ്ട്. എന്നാൽ കൊൺസ്റ്റൻട്യീനിന്റെ അനുഭവം വെച്ചുനോക്കുമ്പോൾ എനിക്കു പരാതിപ്പെടാൻ യാതൊരു കാരണവും ഇല്ല. പർവതസമാന പ്രശ്നങ്ങൾ തരണം ചെയ്താണ് അദ്ദേഹം മുഴുസമയ സുവിശേഷകനായി സേവിക്കുന്നത്. യഹോവ പ്രദാനം ചെയ്യുന്ന ശക്തി അപാരംതന്നെ!
ഡബ്ല്യു. ഡബ്ല്യു., ഇന്ത്യ
പതിനാറാമത്തെ വയസ്സിൽ എന്റെ അരയ്ക്കു കീഴ്പോട്ടു തളർന്നുപോയി. കൊൺസ്റ്റൻട്യീനിനെ പോലെ ഞാനും ദിവസേന പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. എന്നാൽ വികലാംഗനായ ഒരു വ്യക്തിക്കും സമൂഹത്തിൽ സ്ഥാനമുണ്ടായിരിക്കാനും ദൈവസേവനത്തിൽ പങ്കുണ്ടായിരിക്കാനും കഴിയുമെന്നു തിരിച്ചറിയാൻ ലേഖനം എന്നെ സഹായിച്ചു. കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടെങ്കിലും തെരുവിൽ ഒരു ചുവരിനോടു ചേർത്തു വെച്ച ഒരു സ്റ്റൂളിൽ ഇരുന്ന് ഞാൻ ഒറ്റയ്ക്കു പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടാറുണ്ട്. കൊൺസ്റ്റൻട്യീനിന്റെ അർപ്പണബോധത്തെയും തീക്ഷ്ണതയെയും ഞാൻ അഭിനന്ദിക്കുന്നു.
ഡി. എഫ്., ഐവറി കോസ്റ്റ്
ആധുനിക അടിമത്തം പതിനാറു വയസ്സുള്ള ഒരു പെൺകുട്ടിയാണു ഞാൻ. നിങ്ങളുടെ ലേഖനം എന്നെ വളരെയധികം സ്പർശിച്ചു. ആധുനിക അടിമത്തത്തിന്റെ ഇരകളായ ചില കൊച്ചു പെൺകുട്ടികളെ എനിക്കറിയാം. തങ്ങൾ താമസിക്കുന്ന വീടുകളിൽ എല്ലുമുറിയെ പണി ചെയ്യേണ്ടി വരുന്ന അവർക്കു വിദ്യാഭ്യാസമോ സ്നേഹമോ ലഭിക്കുന്നില്ല. യഹോവ പെട്ടെന്നുതന്നെ പീഡിതരെ വിടുവിക്കും എന്നു ബൈബിളിൽനിന്നു വായിക്കാൻ കഴിഞ്ഞതു വളരെ ആശ്വാസപ്രദമായിരുന്നു.
എ. ഒ., ബുർക്കിനാ ഫാസോ
ആത്മഹത്യ “ആത്മഹത്യ—ആരാണു മുൻപന്തിയിൽ? വൃദ്ധരോ യുവജനങ്ങളോ?” (ഫെബ്രുവരി 22, 2000) എന്ന ലേഖനപരമ്പര വളരെ സമയോചിതമായിരുന്നു. എട്ടു മാസം മുമ്പ് പെട്ടെന്ന് എന്റെ അമ്മ മരിച്ചു. അച്ഛൻ അപ്പോൾ സ്ഥലത്തില്ലായിരുന്നു. അമ്മ മരിക്കുമ്പോൾ അടുത്തില്ലായിരുന്നല്ലോ എന്നോർക്കുമ്പോൾ അച്ഛനു വലിയ കുറ്റബോധമാണ്. തനിക്കിനി ജീവിക്കണ്ട എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ആ ലേഖനങ്ങൾ വളരെ പ്രയോജനപ്രദമായി.
ആർ. ഇസെഡ്., ജർമനി
രണ്ടു വർഷം മുമ്പ് എന്റെ മുത്തച്ഛൻ ആത്മഹത്യ ചെയ്തു. ഇണയുടെ മരണത്തിനു ശേഷം മുത്തച്ഛൻ മാനസികമായി ആകെ തളർന്നിരുന്നു. സ്വയം ജീവനൊടുക്കാൻ മുത്തച്ഛനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നു മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനങ്ങൾ എന്നെ സഹായിച്ചു.
എ. എം., ഐക്യനാടുകൾ
48 വയസ്സുണ്ടായിരുന്ന എന്റെ ജ്യേഷ്ഠൻ കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ സ്മാരകശുശ്രൂഷയുടെ പിറ്റേന്ന് അച്ഛന്—അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളല്ല—ഉണരുക!യുടെ ഈ ലക്കം തപാലിൽ കിട്ടി. നിറകണ്ണുകളോടെ അതു ഞങ്ങളെ കാണിക്കവെ അദ്ദേഹത്തിന് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഞങ്ങളുടെ മുഴു കുടുംബത്തിനും സാന്ത്വനമേകിയ ഈ ലേഖനപരമ്പരയെപ്രതി ഞങ്ങൾ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.
ബി. ജെ., ഐക്യനാടുകൾ
ഞങ്ങളുടെ വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ വർഷം ആറു കുട്ടികൾ ആത്മഹത്യ ചെയ്തു. ആത്മഹത്യ ഗുരുതരമായ ഒരു പ്രശ്നമായിത്തീർന്നിരിക്കുന്നതിനാൽ ഇതു സംബന്ധിച്ച് നിതാന്ത ജാഗ്രത പുലർത്താൻ വിദ്യാഭ്യാസ ജില്ലയിലെ ഓരോ സ്കൂളിനും നിർദേശം ലഭിക്കുകയുണ്ടായി. സാധാരണഗതിയിൽ നമ്മുടെ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കാത്ത പ്രദേശങ്ങളിൽ ഈ മാസിക ഉപയോഗിച്ചു ഞങ്ങൾ പ്രവർത്തിച്ചു. അതിശയമെന്നു പറയട്ടെ, ചിലയിടങ്ങളിൽ ഞങ്ങൾക്കു അവതരണം പൂർത്തിയാക്കാൻ കഴിയുന്നതിനു മുമ്പുതന്നെ ആളുകൾ മാസികകൾ ഞങ്ങളുടെ കൈയിൽനിന്നു വാങ്ങി!
സി. സി., ഐക്യനാടുകൾ
കൗമാരപ്രായക്കാരിയായിരുന്ന ഞാൻ എന്റെ പിതാവിന്റെ മരണശേഷം രണ്ടുവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചു. “ആത്മഹത്യ” എന്ന വാക്ക് ഉച്ചരിക്കാൻ പോലും പാടില്ലാത്ത ഒന്നാണെന്നാണു പലരും കരുതുന്നത്. എന്നാൽ ഉണരുക!യുടെ പുറംതാളിൽത്തന്നെ അത് എഴുതിയതിന് നിങ്ങൾക്കു നന്ദി. വളരെ സമാനുഭാവത്തോടും യാഥാർഥ്യബോധത്തോടും കൂടി തയ്യാറാക്കിയ സത്യസന്ധമായ ലേഖനങ്ങളായിരുന്നു അവ.
എം. ജി., ഫ്രാൻസ്
സുഹൃദ്ബന്ധത്തിലെ പ്രശ്നങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ സുഹൃത്ത് എന്തിനാണ് എന്നെ വേദനിപ്പിച്ചത്?” (ഫെബ്രുവരി 22, 2000) എന്ന ലേഖനം വളരെ സഹായകമായിരുന്നു. ആറര വർഷം എന്റെ ഉറ്റ സുഹൃത്തായിരുന്ന വ്യക്തി എന്നെ വല്ലാതെ വേദനിപ്പിച്ചു. നിങ്ങളുടെ ലേഖനത്തിലെ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് കാര്യങ്ങൾ ശാന്തമായും സമാധാനപരമായും പറഞ്ഞുതീർക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇപ്പോൾ ഞങ്ങളുടെ ബന്ധം മുമ്പെന്നത്തേതിലും ശക്തമാണ്.
എം. എൽ., ഐക്യനാടുകൾ