ഓസ്ട്രേലിയയിലെ കുത്തിനോവിക്കാത്ത തേനീച്ചകളെ പരിചയപ്പെടുക
ഓസ്ട്രേലിയയിലെ കുത്തിനോവിക്കാത്ത തേനീച്ചകളെ പരിചയപ്പെടുക
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
വസന്തകാല ആരംഭത്തോടെ തൊടിയിലെ പൂക്കളിൽ വിരുന്നുണ്ണാനെത്തുന്ന തേനീച്ചകളുടെ മൂളിപ്പാട്ട് എന്നെങ്കിലും നിങ്ങൾക്ക് ഹരം പകർന്നിട്ടുണ്ടോ? പൂക്കൾതോറും തിരക്കിട്ടു പറന്നു നടക്കുന്ന ആ കൊച്ചു പ്രാണികളെ കൗതുകത്തോടെ നോക്കിനിൽക്കുന്നതിനിടയിൽ നിങ്ങൾ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: ‘കൊള്ളാം, ഈ തേനീച്ചകൾ രസികന്മാർ തന്നെ. പക്ഷേ അവയൊന്നു കുത്താതിരുന്നെങ്കിൽ!’
എന്നാൽ കുത്താത്ത തേനീച്ചകൾ ഉണ്ടെന്നു കേട്ടാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? അതിശയം തോന്നുമോ? അങ്ങനെയുള്ള തേനീച്ചകളുണ്ട് എന്നതാണു വാസ്തവം—ഓസ്ട്രേലിയയിലെ കൊമ്പില്ലാത്ത തേനീച്ചകൾ. കിഴക്കൻ ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും അവയെ കണ്ടെത്താനാകും. ഇനി, അവ എങ്ങനെയിരിക്കുമെന്നല്ലേ? നാലു മില്ലിമീറ്ററിലും അൽപ്പം കൂടെ നീളവും കറുപ്പു നിറവും ഉള്ള ഇവയുടെ വദനഭാഗത്തും പാർശ്വങ്ങളിലും വെള്ള നിറത്തിലുള്ള രോമങ്ങളുണ്ട്. പലതിനും ശരീരത്തിന്റെ മധ്യഭാഗത്തിന്റെ പിന്നരികുകളിൽ മഞ്ഞനിറത്തിലുള്ള കുഞ്ഞു പൊട്ടുകൾ ഉണ്ടാകും. ക്വീൻസ്ലാൻഡിന്റെ വടക്കേ അറ്റം മുതൽ ന്യൂ സൗത്ത്വെയിൽസിന്റെ തെക്കു ഭാഗം വരെയുള്ള തീരപ്രദേശത്തുടനീളം ഇവയുടെ പത്ത് ഇനങ്ങളെയെങ്കിലും കണ്ടെത്താനാകും. ഓസ്ട്രേലിയയിലെ നോർതേൺ ടെറിറ്ററിയിലും—ഇത് ഉഷ്ണമേഖലാ പ്രദേശമാണ്—ഇവയുടെ ചില ഇനങ്ങളെ കാണാനാകും
ഈ തേനീച്ചകളുടെ കൂട്ടിൽനിന്ന് തേനെടുക്കാൻ എന്ത് സൗകര്യമാണെന്നോ? തേനീച്ചയെ വളർത്തുന്ന ഒരാൾ ഇങ്ങനെ പറയുന്നു: “[മറ്റു തേനീച്ചകളുടെ] കൂട്ടിൽനിന്നു തേനെടുക്കുമ്പോൾ എനിക്ക് മുഖംമൂടിയും കഴുത്തുമൂടുന്ന കമ്പിളിയുടുപ്പും ഒക്കെ ധരിക്കേണ്ടി വരും. എന്നാൽ [കൊമ്പില്ലാത്ത തേനീച്ചകളുടെ] അടുത്തു പോകുമ്പോൾ ഇതൊന്നും ആവശ്യമില്ല. തേനീച്ചപ്പെട്ടി തുറന്ന് അഞ്ചു മിനിറ്റു കഴിഞ്ഞാലും അവ തങ്ങളുടെ പണിയിൽ വ്യാപൃതരായിരിക്കും. ഞാൻ അവിടെ ചെല്ലുന്നതൊന്നും അവയ്ക്കൊരു പ്രശ്നമേയല്ല.”
ഈ തേനീച്ചകളുടെ കൂട് മറ്റു തേനീച്ചകളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. മറ്റു തേനീച്ചകൾ തേനും പൂമ്പൊടിയും ശേഖരിച്ചുവെക്കുന്നത് ഷഡ്ഭുജാകൃതിയിലുള്ള തേനറകളിലാണെങ്കിൽ കൊമ്പില്ലാത്ത തേനീച്ചകൾ അവ ശേഖരിച്ചുവെക്കുന്നത് അണ്ഡാകൃതിയിലുള്ള തേൻകുടങ്ങളിലാണ്. ഈ കുടങ്ങളിൽ തേൻ നിറഞ്ഞുകഴിയുമ്പോൾ അവ ഭദ്രമായി അടച്ചുവെക്കുന്നു. എന്നിട്ട് ആ കുടങ്ങളുടെ മുകളിലും വശങ്ങളിലും ഒക്കെയായി മറ്റു കുടങ്ങൾ പണിയാൻ തുടങ്ങും.
കൂട്ടിനകത്തേക്ക്
നമുക്ക് ഈ തേനീച്ചകളുടെ കൂടിന്റെ അകം ഒന്ന് ചുറ്റിനടന്നു കാണാം. 15,000-ത്തോളം തേനീച്ചകളാണ് ഇതിനുള്ളിൽ പാർക്കുന്നത്. ഇതിലെ താമസക്കാരെ സൂക്ഷിക്കണേ, കാരണം കുത്തിനോവിക്കില്ലെങ്കിലും നിങ്ങൾക്കൊരു ചെറിയ കടി തരാൻ അവ മടിച്ചെന്നു വരില്ല.
കൂടിന്റെ ഇടനാഴിയിലൂടെ നീങ്ങവെ, തിരക്കുപിടിച്ചു ജോലിചെയ്യുന്ന തേനീച്ചകളെ നാം കാണുന്നു. കൂട്ടായ പ്രവർത്തനത്തിന്റെ
നല്ലൊരു മാതൃകയാണ് അവ. എവിടെ, എന്തു പണിയാണ് ചെയ്യേണ്ടതെന്ന് ആരും അവയ്ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. ഓരോ ഈച്ചയ്ക്കും കൃത്യമായി അതറിയാം. അതാ, അവിടെ ഒരു തേനീച്ചക്കുഞ്ഞൻ ഒരു പുതിയ തേൻകുടത്തിന് ആകൃതി വരുത്തി അതു മിനുക്കിയെടുക്കുകയാണ്. വിദഗ്ധമായ ഒരു രൂപരേഖ സസൂക്ഷ്മം പിൻപറ്റുന്നതുപോലെ അത്ര കൃത്യമാണ് അതിന്റെ ഓരോ നീക്കങ്ങളും. വേറെ നാലു തേനീച്ചകൾ വക്കോളം തേൻ നിറഞ്ഞിരിക്കുന്ന ഒരു തേൻകുടം അടയ്ക്കാനുള്ള ശ്രമത്തിലാണ്. ത്രിമാന ഘടനയുള്ള ഒരു വലിയ ചട്ടക്കൂടിന് അകത്താണ് തേൻകുടങ്ങളുടെ സ്ഥാനം. വിദഗ്ധമായ ഈ നിർമിതി തേനിന്റെ ഭാരം താങ്ങാൻ സഹായിക്കുന്നു. ഈ തേനീച്ചകൾ ഒന്നാന്തരം എഞ്ചിനീയർമാർ കൂടിയാണല്ലോ എന്നു നാം ഓർത്തുപോകുന്നു.നാമിപ്പോൾ അടുത്ത അറയിൽ എത്തിയിരിക്കുകയാണ്. മറ്റംഗങ്ങളെക്കാളൊക്കെ വലിപ്പമുള്ള ഒരു തേനീച്ചയാണ് അവിടത്തെ താമസക്കാരി, പ്രൗഢിയോടു കൂടി ‘വാണരുളുന്ന’ റാണി! എണ്ണക്കറുപ്പു നിറമുള്ള കുപ്പായവും സ്വർണ വളകളും അണിഞ്ഞ അവൾ കാഴ്ചയ്ക്ക് അതിസുന്ദരി തന്നെ! അവൾക്കു ചുറ്റുമായി വലിയ ഒരു ‘പരിചാരക’ വൃന്ദത്തെയും കാണാം. തനിക്കായി ഒരുക്കിവെച്ചിരിക്കുന്ന 60 അറകളിലും റാണിയിപ്പോൾ മുട്ടയിടാൻ തുടങ്ങുകയാണ്. തന്റെ കുഞ്ഞിനെ അത്യന്തം ശ്രദ്ധയോടെ തൊട്ടിലിൽ കിടത്തുന്ന ഒരു അമ്മയെ പോലെ അങ്ങേയറ്റം സൂക്ഷ്മതയോടും കൃത്യതയോടും കൂടെയാണ് അവൾ ഓരോ അറയിലും മുട്ടയിടുന്നത്. റാണി മുട്ടയിട്ടു കഴിയുമ്പോൾ ആ വേലക്കാർ എത്ര പെട്ടെന്നാണ് അറകൾ അടയ്ക്കുന്നതെന്നു നോക്കൂ. ഏതാനും മിനിട്ടുകൾക്കുള്ളിൽ പണി കഴിഞ്ഞു!
മുട്ട വിരിയുമ്പോൾ
മുട്ട വിരിഞ്ഞു പുറത്തുവരുന്ന ഓരോ ലാർവയും അറയിൽ അതിനുവേണ്ടി ഒരുക്കിവെച്ചിരിക്കുന്ന ആഹാരം അകത്താക്കുന്നു. തീറ്റതിന്നു വലുതാകുന്ന ലാർവയ്ക്ക് ഒടുവിൽ മെഴുകുകൊണ്ടുള്ള ആ കുഞ്ഞറ പോരാതാകുന്നു. അപ്പോൾ അത് പട്ടുനൂൽകൊണ്ട് സ്വന്തമായി ഒരു കൂട് (കൊക്കൂൺ) ഉണ്ടാക്കിയെടുക്കുന്നു. ഈ കൂട്ടിൽ വെച്ചാണ് അത് പ്യൂപ്പ ഘട്ടം പിന്നിട്ട് തേനീച്ചയായിത്തീരുന്നത്. പട്ടുനൂൽക്കൂട്ടിൽനിന്ന് പുറത്തുവരുന്ന കുട്ടിത്തേനീച്ചകൾ ആയമാരായ ഒരുകൂട്ടം തേനീച്ചകളുടെ പരിലാളനമേറ്റു വളരുന്നു. ഒടുവിൽ അതിന് പണിക്കിറങ്ങാനുള്ള നാൾ വന്നെത്തുന്നു. അപ്പോൾ ആ മെഴുകറകളുടെ കാര്യമോ? അവ ഉടൻതന്നെ ശേഖരിച്ച് അവയിലെ മെഴുക് വീണ്ടും ഉപയോഗപ്പെടുത്തുന്നു. തേനീച്ചകൾ കൊക്കൂണുകളിൽനിന്നു പുറത്തു വന്നു കഴിഞ്ഞാൽപ്പിന്നെ കൊക്കൂണുകളുടെയും ആവശ്യമില്ല. അവ അവിടെ ഇട്ടിരുന്നാൽ കൂട് ആകെ വൃത്തികേടാകും. അതുകൊണ്ട് ‘തൂപ്പുകാരായ’ ഒരു കൂട്ടം തേനീച്ചകൾ അതെല്ലാം നീക്കംചെയ്യുന്നു.
കൊമ്പില്ലാത്ത തേനീച്ചകളുടെ പല ഇനങ്ങളും സെറൂമൻ എന്നു വിളിക്കപ്പെടുന്ന ഒരു നിർമാണ പദാർഥം ഉത്പാദിപ്പിക്കുന്നുണ്ട്. സ്വന്തം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെഴുക്, ചെടികളിൽനിന്നും മരങ്ങളിൽനിന്നും
ശേഖരിക്കുന്ന കറയും മെഴുകുമായി കൂട്ടിക്കലർത്തിയാണ് ഇത് ഉണ്ടാക്കുന്നത്. ഈ സെറൂമൻ ഉപയോഗിച്ചാണ് തേനീച്ചകൾ തൂണുകളും തുലാങ്ങളും ഉള്ള ചട്ടക്കൂട് നിർമിക്കുന്നത്, കുറുകെ അഴികൾ പിടിപ്പിച്ച ഈ ചട്ടക്കൂടിന്റെ ചേർപ്പുകളെല്ലാം നല്ല ബലമുള്ളവയാണ്. അവ ഈ ചട്ടക്കൂടിനുള്ളിൽ തേനും പൂമ്പൊടിയും ഇട്ടുവെക്കാനുള്ള കുടങ്ങൾ നിർമിക്കുന്നതും സെറൂമൻ ഉപയോഗിച്ചു തന്നെയാണ്. ഈ കുടങ്ങളുടെ നിർമാണവേളയിൽ തേനീച്ചകൾ അവയ്ക്കകത്ത് ഇറങ്ങി സെറൂമൻ അമർത്തുകയും ആകൃതിപ്പെടുത്തുകയും ഒക്കെ ചെയ്തുകൊണ്ട് തകൃതിയായ പണിയായിരിക്കും. കുടങ്ങളുടെ പണി കഴിയുമ്പോൾ തേനീച്ചകൾ അവയിൽ തേൻ നിറച്ച് ഭദ്രമായി സൂക്ഷിച്ചുവെക്കുന്നു. എല്ലാ ചെടികളും എല്ലായ്പോഴും പൂക്കാത്തതുകൊണ്ടും ചിലപ്പോഴൊക്കെ പണിക്കു പോകാൻ പറ്റാത്ത കാലാവസ്ഥ ഉണ്ടാകുന്നതുകൊണ്ടും തേൻ ശേഖരിച്ചുവെച്ചില്ലെങ്കിൽ പിന്നീട് പട്ടിണികിടക്കേണ്ടി വരുമെന്ന് സഹജജ്ഞാനമുള്ള ഈ തേനീച്ചകൾക്ക് അറിയാമെന്നു തോന്നുന്നു.തേനീച്ചകൾ കൂടിനു പുറത്തിറങ്ങുന്നത് നിർമാണപദാർഥങ്ങളും പൂന്തേനും പൂമ്പൊടിയും ഒക്കെ ശേഖരിക്കുന്നതിനു വേണ്ടിയാണ്. കൂടിനു പുറത്തിറങ്ങിക്കഴിഞ്ഞാൽ പിന്നെ തേനീച്ചകൾ ദിശാബോധമുള്ള ഒന്നാന്തരം വൈമാനികരാണ്. എന്തൊക്കെയാണു ശേഖരിക്കേണ്ടതെന്നും എവിടെയാണ് അവ ഉള്ളതെന്നും അവയ്ക്ക് കൃത്യമായി അറിയാം.
പുതിയ വീടു വെക്കുന്നു
കോളണി വളരുന്നതോടെ തേനീച്ചകൾക്ക് കൂട്ടിൽ ഇടംപോരാതാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്താണൊരു മാർഗം? “നമുക്ക് മറ്റൊരു വീടു പണിയണം” എന്ന് തേനീച്ചകൾ പരസ്പരം ‘പറഞ്ഞു’ തുടങ്ങുന്നു. ഒരു പൊത്ത് കൂടു വെക്കാൻ പറ്റിയതാണോ എന്ന് അന്വേഷിക്കാനായി ചില സമയങ്ങളിൽ ഒരു തേനീച്ചയ്ക്കു നിയമനം ലഭിക്കുന്നു. അതേത്തുടർന്ന് “എഞ്ചിനീയർമാർ” അങ്ങോട്ടു തിരിക്കും. സാധാരണഗതിയിൽ 30 മുതൽ 50 വരെ എഞ്ചിനീയർമാരാണ് കൂട്ടിനകം പരിശോധിക്കാനായി പോകുന്നത്. കുറ്റിയും ചങ്ങലയും ഉപയോഗിച്ച് സ്ഥലം അളന്നു തിരിക്കുന്ന സർവേക്കാരെപ്പോലെ, മണിക്കൂറുകളെടുത്ത് അവ പൊത്തിനകം പരിശോധിക്കുന്നു. അടിസ്ഥാനം തരക്കേടില്ലാത്തതാണെന്ന് ഉറപ്പു വരുത്തിയ ശേഷം ബാക്കിയുള്ളവരെ വിവരമറിയിക്കാനായി അവർ വീട്ടിലേക്കു മടങ്ങുന്നു. സാധാരണഗതിയിൽ 48 മണിക്കൂറിനുള്ളിൽ യഥാർഥ “പണിക്കാർ” എത്തും. ആയിരത്തിലേറെ പേരുണ്ടാകും പണിക്കാരുടെ സംഘത്തിൽ. എന്നാൽ അവരുടെ കൂട്ടത്തിൽ റാണി ഉണ്ടായിരിക്കില്ല. പണിസാധനങ്ങളും ആഹാരവും ഒക്കെ പഴയ കൂട്ടിൽനിന്ന് കൊണ്ടുവന്നുകൊണ്ട് അവർ ഉടൻതന്നെ പണി ആരംഭിക്കുകയായി.
ഈ പുതിയ കൂട്ടിലെ റാണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പണിക്കാർ മുട്ടയിടാനുള്ള അറ ഒരുക്കുന്നു. ഏകദേശം 28 ഡിഗ്രി സെൽഷ്യസ് താപനില നിലനിറുത്താൻ പോന്നവിധത്തിലാണ് അവരത് പണിയുന്നത്. അതിനുവേണ്ടി വേലക്കാരായ ഈച്ചകൾ അറയെ ചുറ്റി സെറൂമൻ കൊണ്ടൊരു ഭിത്തി തീർക്കുന്നു. അറ കമ്പിളികൊണ്ട് പൊതിയുന്നതു പോലെയാണിത്. മുട്ടകൾക്ക് ചൂടുവേണമെന്ന് സഹജജ്ഞാനമുള്ള ഈ തേനീച്ചകൾക്ക് അറിയാം. ഒടുവിൽ റാണിയുടെ എഴുന്നള്ളത്തിനുള്ള സമയം വന്നെത്തുന്നു. എല്ലാം തയ്യാറായി കഴിയുമ്പോൾ, ഏതാണ്ട് 9-ാം ദിവസം പഴയ കൂട്ടിൽ പ്രത്യേക പരിരക്ഷണയിൽ കഴിഞ്ഞിരുന്ന പുതിയ റാണിയെ കൊട്ടാരത്തിലേക്ക് ആനയിക്കുകയായി. ഉടൻതന്നെ അവൾ തന്റെ കൊട്ടാരത്തിലെ അംഗസംഖ്യ വർധിപ്പിക്കാനായി മുട്ടയിടാൻ തുടങ്ങുന്നു.
പഴയ കൂട്ടിൽനിന്ന് പുതിയ കൂട്ടിലേക്ക് കുടിയേറിയ തേനീച്ചകൾ ചത്തൊടുങ്ങുന്നതോടെ, പുതിയ കൊട്ടാരത്തിൽ പിറവിയെടുത്ത പുതിയ തേനീച്ചകൾ അവയുടെ സ്ഥാനം ഏറ്റെടുക്കുന്നു. കുറെനാൾ കഴിയുമ്പോൾ ഈ കൂട്ടിലെ തേനീച്ചകൾക്കും മറ്റൊരു വീടു വെക്കേണ്ടതായി വരും. അങ്ങനെ അത്ഭുതകരമായ ആ പരിവൃത്തി തുടരും, അതിന്റെ കാരണഭൂതനായ സ്രഷ്ടാവിന് മഹത്ത്വം കരേറ്റിക്കൊണ്ടുതന്നെ!
[13-ാം പേജിലെ ചിത്രം]
കൊമ്പില്ലാത്ത തേനീച്ചകൾ ഷഡ്ഭുജാകൃതിയിലുള്ള തേനറകൾക്കു പകരം അണ്ഡാകൃതിയിലുള്ള തേൻകുടങ്ങളാണ് നിർമിക്കുന്നത്
[14-ാം പേജിലെ ചിത്രം]
കൊമ്പില്ലാത്ത തേനീച്ചകളുടെ പത്ത് ഇനങ്ങളെയെങ്കിലും ഓസ്ട്രേലിയയിൽ കണ്ടെത്താനാകും