ശരീരാലങ്കാരം—ന്യായബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യം
ബൈബിളിന്റെ വീക്ഷണം
ശരീരാലങ്കാരം—ന്യായബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യം
“പൊങ്ങച്ചം ന്യായബോധത്തെ ഗ്രസിക്കുന്ന മണൽച്ചുഴിയാണ്” എന്ന് ഒരു ഫ്രഞ്ച് നോവലിസ്റ്റ് എഴുതി. നൂറ്റാണ്ടുകളായി പൊങ്ങച്ചം കാണിക്കാൻവേണ്ടി മനുഷ്യർ കാട്ടിക്കൂട്ടിയിരിക്കുന്ന പല കാര്യങ്ങളിലും ന്യായബോധത്തിന് യാതൊരു സ്ഥാനവും ഉണ്ടായിരുന്നിട്ടില്ല. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിലെ ചില സ്ത്രീകൾ അരക്കെട്ടിന്റെ വണ്ണം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിൽ കോർസെറ്റ് ധരിച്ചിരുന്നു. അത് വേദനാജനകമായിരുന്നെന്നു മാത്രമല്ല, ശ്വാസോച്ഛ്വാസത്തെപ്പോലും വളരെയധികം തടസ്സപ്പെടുത്തിയിരുന്നു. 325 മില്ലിമീറ്റർ അരവണ്ണമുള്ളതായി ചിലർ അവകാശപ്പെട്ടു. ചില സ്ത്രീകളാണെങ്കിൽ, കോർസെറ്റ് ധരിച്ചതിന്റെ ഫലമായി വാരിയെല്ല് കരളിൽ തുളഞ്ഞുകയറി മരണമടയുകപോലും ചെയ്തിട്ടുണ്ട്.
സന്തോഷകരമെന്നു പറയട്ടെ, അത്തരം ഫാഷൻ ഭ്രമങ്ങളൊന്നും ഇന്നില്ല. എങ്കിലും, ആ ഭ്രമത്തിനു വഴിമരുന്നിട്ട ദുരഭിമാനത്തിന് ഇന്നും യാതൊരു കുറവുമില്ല. ആകാരത്തിന് മാറ്റം വരുത്താനായി സ്ത്രീപുരുഷന്മാർ ഇപ്പോഴും ബുദ്ധിമുട്ടേറിയതും അപകടകരം പോലുമായ നടപടികൾക്കു തങ്ങളെത്തന്നെ വിധേയരാക്കുന്നു. ഉദാഹരണത്തിന്, സമൂഹത്തിലെ, ധാർമികമായി അധഃപതിച്ച ആളുകൾ മാത്രം മുമ്പ് പതിവായി പൊയ്ക്കൊണ്ടിരുന്ന പച്ചകുത്ത്/കുത്തിത്തുളയ്ക്കൽ പാർലറുകൾ ഇപ്പോൾ ഷോപ്പിങ് സെന്ററുകളിലും നഗരപ്രാന്തങ്ങളിലും പൊട്ടിമുളയ്ക്കുകയാണ്. യഥാർഥത്തിൽ, കഴിഞ്ഞുപോയ വർഷങ്ങളിലൊന്നിൽ, ഐക്യനാടുകളിലെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായങ്ങളുടെ ഗണത്തിൽ ആറാം സ്ഥാനം പച്ചകുത്തിനായിരുന്നു.
കൂടുതൽ വിചിത്രമായ ശരീരാലങ്കാര രീതികളും വേരുപിടിക്കുകയാണ്, പ്രത്യേകിച്ചും യുവജനങ്ങൾക്കിടയിൽ. മുലക്കണ്ണ്, മൂക്ക്, നാക്ക്, എന്തിന് ജനനേന്ദ്രിയം പോലും കുത്തിത്തുളയ്ക്കുന്ന രീതിക്ക് പ്രചാരം ഏറിവരികയാണ്. ചിലരെ സംബന്ധിച്ചിടത്തോളം അത്തരം കുത്തിത്തുളയ്ക്കലിന്റെയും രസം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവർ ഇപ്പോൾ, ഇരുമ്പ് പഴുപ്പിച്ച് പൊള്ളിക്കൽ, കീറിമുറിക്കൽ, a ബോഡി സ്കൾപ്റ്റിങ്—ചർമത്തിനടിയിൽ വസ്തുക്കൾ കടത്തിവെച്ചുകൊണ്ട് സങ്കീർണമായ ദ്വാരങ്ങളും എഴുന്നു നിൽക്കുന്ന ഘടനകളും മറ്റും ഉണ്ടാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു—എന്നിങ്ങനെ കൂടുതൽ ഭയാനകമായ രീതികൾ അവലംബിക്കുകയാണ്.
പണ്ടുമുതൽക്കേ നിലവിലുള്ളത്
ശരീരം അലങ്കരിക്കുകയും അതിനു രൂപഭേദം വരുത്തുകയും ചെയ്യുന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ, ഒരു പ്രത്യേക കുടുംബക്കൂട്ടങ്ങളെയോ ഗോത്രങ്ങളെയോ തിരിച്ചറിയിക്കാനായി എഴുന്നുനിൽക്കുന്നതരം മുറിപ്പാടുകൾ വീഴ്ത്തുകയും പച്ചകുത്തുകയും ചെയ്യുന്ന ആചാരം നൂറ്റാണ്ടുകളായി നിലവിലിരിക്കുന്നു. രസകരമെന്നു പറയട്ടെ, ഇപ്പോൾ ഇതിൽ പല രാജ്യങ്ങളിലും അത്തരം കാര്യങ്ങളെ വെറുപ്പോടെയാണ് ആളുകൾ വീക്ഷിക്കുന്നത്, മാത്രമല്ല അത്തരം പ്രവണത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
പച്ചകുത്തുകയും കുത്തിത്തുളയ്ക്കുകയും മുറിവുണ്ടാക്കുകയും ചെയ്യുന്ന രീതി ബൈബിൾ കാലങ്ങളിലും നിലവിലുണ്ടായിരുന്നു. തങ്ങളുടെ മതത്തോടുള്ള ബന്ധത്തിൽ പുറജാതികൾ അത്തരം സംഗതികൾ വ്യാപകമായി ചെയ്തിരുന്നു. അവരെ അനുകരിക്കരുതെന്നു യഹോവ തന്റെ ജനമായ യഹൂദരോട് കൽപ്പിച്ചത് ലേവ്യപുസ്തകം 19:28) അങ്ങനെ, ദൈവത്തിന്റെ “പ്രത്യേക സ്വത്ത്” എന്നനിലയിൽ യഹൂദർ അധമമായ വ്യാജമതാചാരങ്ങളിൽനിന്നു സംരക്ഷിക്കപ്പെട്ടു.—ആവർത്തനപുസ്തകം 14:2, NW.
എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. (ക്രിസ്തീയ സ്വാതന്ത്ര്യം
മോശൈക ന്യായപ്രമാണത്തിലെ ചില തത്ത്വങ്ങൾ പിൽക്കാലത്ത് ക്രിസ്തീയ സഭയിലേക്കു കൈമാറപ്പെട്ടെങ്കിലും ക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. (കൊലൊസ്സ്യർ 2:14) അതുകൊണ്ട്, അലങ്കാരത്തിന്റെ കാര്യത്തിൽ ഔചിത്യത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് ക്രിസ്ത്യാനികൾക്കു സ്വയം തീരുമാനമെടുക്കാൻ സാധിക്കും. (ഗലാത്യർ 5:1; 1 തിമൊഥെയൊസ് 2:9, 10) എങ്കിലും ഈ സ്വാതന്ത്ര്യത്തിനു പരിധിയുണ്ട്.—1 പത്രൊസ് 2:16.
1 കൊരിന്ത്യർ 6:12-ൽ (പി.ഒ.സി. ബൈബിൾ) പൗലൊസ് ഇങ്ങനെ എഴുതി: “എല്ലാം എനിക്കു നിയമാനുസൃതമാണ്: എന്നാൽ എല്ലാം പ്രയോജനകരമല്ല.” ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം മറ്റുള്ളവരെ പരിഗണിക്കാതെ തനിക്കു തോന്നുന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്നു പൗലൊസ് മനസ്സിലാക്കിയിരുന്നു. മറ്റുള്ളവരോടുള്ള സ്നേഹം അവന്റെ പെരുമാറ്റത്തെ സ്വാധീനിച്ചു. (ഗലാത്യർ 5:13) “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന് അവൻ ഉദ്ബോധിപ്പിക്കുകയുണ്ടായി. (ഫിലിപ്പിയർ 2:4) ശരീരാലങ്കാര രീതികളെ കുറിച്ചു ചിന്തിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും പൗലൊസിന്റെ നിസ്വാർഥ വീക്ഷണം ഒരു ഉത്തമ മാതൃകയാണ്.
പരിചിന്തിക്കാനുള്ള ബൈബിൾ തത്ത്വങ്ങൾ
ക്രിസ്ത്യാനികൾക്കു നൽകപ്പെട്ടിരിക്കുന്ന കൽപ്പനകളിൽ ഒന്ന്, സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. (മത്തായി 28:19, 20; ഫിലിപ്പിയർ 2:15) ആ സന്ദേശം കേൾക്കുന്നതിൽനിന്ന് ആളുകളുടെ ശ്രദ്ധ പതറിക്കാൻ തങ്ങളുടെ ആകാരം ഉൾപ്പെടെ യാതൊന്നിനെയും ക്രിസ്ത്യാനികൾ അനുവദിക്കുകയില്ല.—2 കൊരിന്ത്യർ 4:2.
ശരീരം കുത്തിത്തുളയ്ക്കലോ പച്ചകുത്തലോ പോലുള്ള അലങ്കാരങ്ങൾ ചില ആളുകൾക്കിടയിൽ സാധാരണമായിരുന്നേക്കാം. എങ്കിലും, ഒരു ക്രിസ്ത്യാനി സ്വയം ഇങ്ങനെ ചോദിക്കേണ്ടതാണ്: അത്തരമൊരു അലങ്കാരത്തോട് എന്റെ സ്ഥലത്തെ ആളുകൾ എങ്ങനെ പ്രതികരിക്കും? സമൂഹത്തിലെ ഏതെങ്കിലും വിചിത്രഗ്രൂപ്പിൽപ്പെട്ട ആളാണ് ഞാൻ എന്നു കരുതാൻ അത് ഇടയാക്കുമോ? എന്റെ മനസ്സാക്ഷി അതിന് അനുവദിച്ചാൽത്തന്നെ, കുത്തിത്തുളയ്ക്കലോ പച്ചകുത്തലോ സഭയിലെ മറ്റുള്ളവരെ എങ്ങനെ ബാധിക്കും? ‘ലോകത്തിന്റെ ആത്മാവിന്റെ’ ഒരു തെളിവായി അതു വീക്ഷിക്കപ്പെടുമോ? എന്റെ “സമചിത്തത”യെക്കുറിച്ച് അത് ആളുകളുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകുമോ?—1 കൊരിന്ത്യർ 2:12; 10:29-32; തീത്തൊസ് 2:12, പി.ഒ.സി. ബൈബിൾ.
ചിലതരത്തിലുള്ള ശരീരാലങ്കാരങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെക്കും. പച്ചകുത്താനായി ഉപയോഗിക്കുന്ന സൂചി കരൾവീക്കവും എയ്ഡ്സും പകരാൻ ഇടയാക്കിയേക്കാം. ഉപയോഗിക്കുന്ന ചായങ്ങൾ ചിലപ്പോൾ ചർമരോഗങ്ങൾ ഉണ്ടാകാനും കാരണമായേക്കാം. കുത്തിത്തുളച്ച ഭാഗം ഭേദമാകാൻ ചിലപ്പോൾ മാസങ്ങൾതന്നെ വേണ്ടിവരും. ആ സമയമത്രയും നല്ല വേദനയും കാണും. രക്തദൂഷ്യത്തിനും രക്തസ്രാവത്തിനും, രക്തം കട്ടപിടിക്കുന്നതിനും നാഡീത്തകരാറുകൾക്കും ഗുരുതരമായ അണുബാധയ്ക്കും അത് ഇടയാക്കിയേക്കാം. കൂടാതെ, ചില ശരീരാലങ്കാരങ്ങൾ എളുപ്പത്തിൽ നീക്കംചെയ്യാനും കഴിയില്ല. ഉദാഹരണത്തിന്, പച്ചകുത്തിയതു നീക്കംചെയ്യാൻ അതിന്റെ വലിപ്പത്തെയും നിറത്തെയും ആശ്രയിച്ച്, ചെലവേറിയതും വേദനാജനകവുമായ ലേസർ ചികിത്സകൾ പല പ്രാവശ്യം ചെയ്യേണ്ടിവന്നേക്കാം. കുത്തിത്തുളയ്ക്കലാണെങ്കിൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വടുക്കൾ അവശേഷിപ്പിക്കാൻ ഇടയുണ്ട്.
ഇത്തരം അപകടസാധ്യതകൾ ഉൾപ്പെട്ടിരിക്കുന്ന ഒരു നടപടി സ്വീകരിക്കണമോ വേണ്ടയോ എന്നതു വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിൽ ദൈവത്തിനു പൂർണമായും തന്നെത്തന്നെ അർപ്പിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു എന്നു ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുവന് അറിയാം. നമ്മുടെ ശരീരങ്ങൾ ദൈവത്തിന് അർപ്പിക്കപ്പെട്ടിരിക്കുന്ന ജീവനുള്ള യാഗങ്ങളാണ്. (റോമർ 12:1) അതുകൊണ്ട്, പക്വതയുള്ള ക്രിസ്ത്യാനികൾ, സ്വന്ത ഇഷ്ടപ്രകാരം എന്തും ചെയ്യാവുന്ന ഒന്നായി തങ്ങളുടെ ശരീരത്തെ വീക്ഷിക്കുകയില്ല. പ്രത്യേകിച്ചും, സഭയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾക്കായി യോഗ്യത പ്രാപിക്കുന്നവർ മിതശീലത്തിനും, സുബോധത്തിനും, ന്യായയുക്തതയ്ക്കും സത്പേരുള്ളവരായിരിക്കും.—1 തിമൊഥെയൊസ് 3:2, 3.
ബൈബിൾ പരിശീലിത ന്യായബോധം വളർത്തിയെടുക്കുന്നതും പ്രാവർത്തികമാക്കുന്നതും ‘ദൈവത്തിന്റെ ജീവനിൽനിന്ന്’ അങ്ങേയറ്റം ‘അകന്നു’പോയ ഈ ലോകത്തിന്റെ അതിരുകടന്നതും സ്വശരീരത്തെ ദണ്ഡിപ്പിക്കുന്നതുമായ നടപടികൾ ഒഴിവാക്കാൻ ക്രിസ്ത്യാനികളെ സഹായിക്കും. (എഫെസ്യർ 4:18) അങ്ങനെ, അവരുടെ ന്യായയുക്തത സകല മനുഷ്യരും അറിയാൻ ഇടയാകും.—ഫിലിപ്പിയർ 4:5, NW.
[അടിക്കുറിപ്പ്]
a ചികിത്സാപരമോ സൗന്ദര്യവർധകം പോലുമോ ആയ ഉദ്ദേശ്യങ്ങൾക്കുവേണ്ടി മുറിവുണ്ടാക്കുന്നതും ചെറുപ്പക്കാർ പ്രത്യേകിച്ചും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ശക്തമായ സ്വപ്രേരണയാൽ ശരീരഭാഗങ്ങൾ കീറിമുറിച്ചോ ഛേദിച്ചുകളഞ്ഞോ മറ്റോ ശരീരം വികലമാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടാമതു പറഞ്ഞ സംഗതിക്ക് മിക്കപ്പോഴും കാരണം ഗുരുതരമായ മാനസിക പിരിമുറുക്കമോ വൈകാരിക ദ്രോഹമോ ആണ്. അതിന് വിദഗ്ധ ചികിത്സ വേണ്ടിവന്നേക്കാം.