“മരണ സംസ്കാരം” ഉന്നമിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്?
“മരണ സംസ്കാരം” ഉന്നമിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്?
“നീറിപ്പുകയുന്ന മനസ്സുകളുമായി കഴിയുന്ന കൊസൊവോയിലെ അഭയാർഥി കുട്ടികളും അക്രമത്തിനും വേദനാകരമായ മറ്റ് അനുഭവങ്ങൾക്കും വിധേയരാകുന്ന അമേരിക്കക്കാരായ കുട്ടികളും തമ്മിൽ ആയിരക്കണക്കിനു മൈലുകളുടെ അകലമുണ്ടായിരിക്കാം. പക്ഷേ, വൈകാരികമായി അവർക്കിടയിൽ വലിയ ദൂരമൊന്നും ഉണ്ടാകില്ല.”—മാർക് കോഫ്മാൻ, ദ വാഷിങ്
ടൺ പേസ്റ്റ്.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മരണം നേരിട്ടോ അല്ലാതെയോ നമ്മെയെല്ലാം ബാധിക്കുന്നുണ്ട്. ഭൂമിയുടെ ഏതു കോണിൽ താമസിക്കുന്നവരുടെ കാര്യത്തിലായാലും—അത് പൊരിഞ്ഞ പോരാട്ടം നടക്കുന്ന സ്ഥലമായാലും താരതമ്യേന വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലമായാലും ശരി—ഇതു സത്യമാണ്.
ആളുകൾക്കിടയിൽ ഇന്നു വർധിച്ച അളവിൽ കണ്ടുവരുന്ന വിഷാദം, കഠിനമായ മാനസികവേദന, മയക്കുമരുന്നാസക്തി, ഗർഭച്ഛിദ്രം, സ്വവിനാശകരമായ പെരുമാറ്റങ്ങൾ, ആത്മഹത്യ, കൂട്ടക്കൊലപാതകങ്ങൾ ഇവയിലെല്ലാം “മരണ സംസ്കാര”ത്തിന്റെ മുഖം ദർശിക്കാനാകും. മരണം എന്ന വിഷയത്തെ മുതലെടുക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് സംസാരിക്കവെ ഐക്യനാടുകളിലെ ടെക്സാസിൽ ഉള്ള സാൻ അന്റോണിയോയിലെ ട്രിനിറ്റി സർവകലാശാലയുടെ മാനവസമുദായ-നരവംശ ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറായ മൈക്കൽ കാൾ ഇപ്രകാരം പറഞ്ഞു: “ഇരുപതാം നൂറ്റാണ്ടിന്റെ ഇങ്ങേയറ്റത്തു [1999] നിന്നു നോക്കുമ്പോൾ, . . . ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്ക് ജീവനും ഓജസ്സും പകരുന്ന, അതിന്റെ ഘടനയ്ക്കു നിദാനമായിരിക്കുന്ന കേന്ദ്ര ശക്തി എന്ന നിലയിൽ മരണത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നതായി കാണാനാകും. മതങ്ങൾ, തത്ത്വശാസ്ത്രങ്ങൾ, രാഷ്ട്രീയ ആശയസംഹിതകൾ, കല, വൈദ്യശാസ്ത്രരംഗത്തെ സാങ്കേതികവിദ്യകൾ തുടങ്ങിയവയ്ക്കെല്ലാം പ്രചോദനശക്തിയാകുന്നതും മരണമാണ്. ദിനപ്പത്രങ്ങളും ഇൻഷ്വറൻസ് പോളിസികളും വിറ്റുപോകുന്നതും ടെലിവിഷൻ പരിപാടികളുടെ ഇതിവൃത്തങ്ങൾക്കു കൊഴുപ്പുകൂട്ടുന്നതും അതുപോലെ . . . നമ്മുടെ വ്യവസായങ്ങൾക്ക് ഇന്ധനം പ്രദാനം ചെയ്യുന്നതു പോലും മരണമാണ്.” മരണ സംസ്കാരം എന്നു പേരിട്ടിരിക്കുന്ന ഈ പ്രതിഭാസം ഇന്ന് വെളിപ്പെടുന്ന ഏതാനും ചില വിധങ്ങൾ നമുക്കു പരിശോധിക്കാം.
ആയുധക്കച്ചവടം
ആയുധക്കച്ചവടത്തിൽ “മരണ സംസ്കാരം” നിത്യേന വെളിപ്പെടുന്നു. സൈനികരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് യുദ്ധായുധങ്ങൾ ഉപയോഗിക്കാറുള്ളത്. എന്നാൽ, മിക്കപ്പോഴും സാധാരണക്കാരാണ് അതിന്റെ ഇരകളാകുന്നത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ മനുഷ്യർ. യുദ്ധങ്ങളിൽ—അത് ആഭ്യന്തരമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ—മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാറില്ല. ഒന്നുമല്ലെങ്കിലും ഒരു ഘാതകനോ ഒളിപ്പോരാളിയോ ഉതിർക്കുന്ന വെടിയുണ്ടയ്ക്ക് പരമാവധി എന്തു വില വരും?
ചില രാജ്യങ്ങളിൽ പൊതുജനങ്ങൾക്ക് ആയുധങ്ങൾ കിട്ടാൻ ഒരു പ്രയാസവുമില്ല. ഇത്, ഒറ്റയ്ക്കോ കൂട്ടമായോ കൊലചെയ്യപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ പേടിപ്പെടുത്തുന്ന അളവിലുള്ള ഒരു സ്ഥിരമായ വർധനവിന് കാരണമായിരിക്കുന്നു. കൊളൊറാഡോയിലെ ലിറ്റിൽടണിലുള്ള ഹൈസ്കൂളിലെ വെടിവെയ്പ് ദുരന്തത്തിനു ശേഷം, വ്യാപകമായ ആയുധവിൽപ്പനയ്ക്കും പ്രായപൂർത്തിയെത്താത്തവർക്ക് അനായാസം ആയുധങ്ങൾ ലഭിക്കുന്നതിനും എതിരെ പ്രതിഷേധത്തിന്റെ അലകൾ ഉയർന്നു. ഐക്യനാടുകളിൽ, ക്രൂരമായ മരണത്തിന് ഇരകളാകുന്ന യുവജനങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്—ന്യൂസ്വീക്ക് മാസിക പറയുന്നത് അനുസരിച്ച് ആഴ്ചയിൽ ശരാശരി 40 പേർ. ഇവരിൽ ഏകദേശം 90 ശതമാനവും വെടിയേറ്റാണു മരിക്കുന്നത്. ഓരോ വർഷവും, ലിറ്റിൽടണിലെ കൂട്ടക്കൊല 150 തവണ ആവർത്തിക്കുന്നതിനോടു തുല്യമാണിത്!
വിനോദത്തിന്റെ ലോകം
മരണം എന്ന വിഷയത്തെ സിനിമകളും സമർഥമായി ഉപയോഗിക്കുന്നു. അധാർമികത, അക്രമം, നിയമവിരുദ്ധമായ മയക്കുമരുന്നു വ്യാപാരം, സംഘടിത കുറ്റകൃത്യം എന്നിവയ്ക്കെല്ലാം ഒരു ഗ്ലാമർ പരിവേഷം നൽകുന്ന തരം സിനിമകൾ വാസ്തവത്തിൽ ജീവന്റെയും ധാർമിക മൂല്യങ്ങളുടെയും വിലയിടിച്ചു കാണിക്കുകയാണു ചെയ്യുന്നത്. ചില സിനിമകൾ മരണത്തിന് ഒരു കാൽപ്പനിക പരിവേഷം നൽകുകപോലും ചെയ്യുന്നു. മരണത്തിനുശേഷവും ജീവിതമുണ്ടെന്ന സങ്കൽപ്പത്തെയും ജീവനോടിരിക്കുന്നവരെ സന്ദർശിക്കാൻ മരിച്ചവർ എത്തുന്നുവെന്ന വിശ്വാസത്തെയും ചിത്രീകരിക്കുന്ന ഇത്തരം സിനിമകൾ മരണത്തെ നിസ്സാരീകരിച്ചു കാണിക്കുകയാണു ചെയ്യുന്നത്.
ചില ടെലിവിഷൻ പരിപാടികളും സംഗീതവും ഇതുതന്നെയാണു ചെയ്യുന്നത്. ലിറ്റിൽടണിലെ ആ യുവഘാതകർ, ഒരു റോക്ക് ഗായകന്റെ ഭ്രാന്തരായ ആരാധകരായിരുന്നു എന്നാണു വാർത്താ റിപ്പോർട്ടുകൾ കാണിക്കുന്നത്. “മരണവും മത്സരവും വിഷയങ്ങളാകുന്ന” ഗാനങ്ങൾക്കും “സ്ത്രീപുരുഷ ലക്ഷണങ്ങൾ ഒത്തുചേർന്ന പൈശാചിക ചിത്രീകരണങ്ങൾക്കും” പ്രസിദ്ധി നേടിയ വ്യക്തിയാണ് അയാൾ.
ഐക്യനാടുകളിൽ, ടെലിവിഷൻ പരിപാടികൾ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്ന രീതിക്കുതന്നെ മാറ്റംവരുത്തി. യുവജനങ്ങളെ മോശമായി സ്വാധീനിച്ചേക്കാവുന്ന പരിപാടികൾ അവർ കാണാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പക്ഷേ ഉദ്ദേശിച്ചതിനു നേരെ വിപരീതമായ ഫലമാണ് ഉണ്ടായിരിക്കുന്നത്. ജോനാഥൻ ഓട്ടർ ന്യൂസ്വീക്കൽ ഇങ്ങനെ എഴുതി: “വിലക്കപ്പെട്ട കനിയോടു കുട്ടികൾക്കു കൂടുതൽ അഭിനിവേശം തോന്നാൻ ഇത് ഇടയാക്കിയേക്കാം.” മാധ്യമങ്ങളിൽ അക്രമത്തെ ഉന്നമിപ്പിക്കുന്നവരെ നാണംകെടുത്താനും അതിന്റെ അളവ് കുറയ്ക്കാൻ അവരെ നിർബന്ധിതരാക്കാനും വേണ്ടി, കത്തിക്കുത്തുകളും ‘ഗാങ്സ്റ്റാ റാപ്പ്’ സംഗീതവും ഉള്ള സിനിമകൾ നിർമിക്കുന്ന “വൻകമ്പനികളുടെ” മാത്രമല്ല കുട്ടികൾക്ക് “ആളുകളെ ‘ഫലത്തിൽ’ കൊല്ലാൻ” കഴിയുന്ന കമ്പ്യൂട്ടർ ഗെയിമുകൾ നിർമിക്കുന്ന “വൻകമ്പനികളുടെയും (അവരുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും) പേരുകൾ” പ്രസിഡന്റ് ക്ലിന്റൻ “പരസ്യമായി വായിക്കേണ്ടിവരുമെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.
മരണം—വീഡിയോ ഗെയിമുകളിലും ഇന്റർനെറ്റിലും
ഡെത്ത്മാച്ച് ഗെയിംസ് എന്ന പേരിൽ അറിയപ്പെടുന്ന കളികൾക്കു കൗമാരപ്രായക്കാരുടെ ഇടയിൽ ഉള്ള പ്രചാരത്തെക്കുറിച്ച് ദ ഡെത്ത്മാച്ച് മാനിഫെസ്റ്റോ എന്ന പുസ്തകത്തിൽ റോബർട്ട് വാറിങ് അപഗ്രഥനം നടത്തുന്നു. a ഈ പ്രതിഭാസത്തെ കേന്ദ്രീകരിച്ചു കളിക്കാരുടെ ഒരു അധോലോക സമൂഹംതന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈ കളികൾക്കു വിദ്യാഭ്യാസപരമായ മൂല്യം ഒന്നുമില്ല. ആളുകളെ എങ്ങനെ കൊല്ലാമെന്നു മാത്രമേ അവ പഠിപ്പിക്കുന്നുള്ളൂ. “ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുമുള്ള ഒരു എതിരാളിയുമായി പോരാട്ടം നടത്തി നിങ്ങളുടെ കഴിവു തെളിയിക്കാൻ ശ്രമിക്കുന്നത് ശക്തിയേറിയ ഒരു അനുഭവമാണ്. അതിന്റെ മോഹനവലയത്തിൽപ്പെട്ടു പോകുക വളരെ എളുപ്പമാണ്,” വാറിങ് അഭിപ്രായപ്പെടുന്നു. രക്തപങ്കിലമായ പോരാട്ടങ്ങൾക്കു പശ്ചാത്തലമാകുന്ന ത്രിമാനദൃശ്യങ്ങളുടെ ആകർഷണശക്തിയാണ് കൗമാരക്കാരെ വലയിൽ വീഴ്ത്തുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്ത ചിലർ, വീട്ടിലെ ടെലിവിഷനിൽ ഇട്ട് കളിക്കാൻ പറ്റുന്ന തരം വീഡിയോ ഗെയിമുകൾ വാങ്ങുന്നു. മറ്റു ചിലർ വീഡിയോ ഗെയിം മെഷീനുകൾ വാടകയ്ക്കു ലഭ്യമായിരിക്കുന്ന പൊതുസ്ഥലങ്ങളിൽ ക്രമമായി പോയി കളിക്കുന്നു. അങ്ങനെ, മറ്റ് എതിരാളികളുമായി ‘ഫലത്തിൽ’ മാരകമായ പോരാട്ടങ്ങളിൽ ഏർപ്പെടുന്നു.
കളിക്കാരുടെ പ്രായത്തിനനുസരിച്ചാണ് “ഡെത്ത്മാച്ച്” ഗെയിമുകൾ തരംതിരിച്ചിരിക്കുന്നത് എങ്കിലും അക്കാര്യത്തിൽ കർശനമായ നിയന്ത്രണമൊന്നും ഇല്ല എന്നതാണു സത്യം. ഐക്യനാടുകളിലെ പതിനാലു വയസ്സുകാരനായ എഡ്ഡി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നിനക്ക് അതു കളിക്കാനുള്ള പ്രായമായില്ല എന്നൊക്കെ എല്ലാവരും പറയും, പക്ഷേ [ഗെയിമുകൾ] വാങ്ങുന്നതിൽ നിന്നു നിങ്ങളെ ആരും തടയുകയൊന്നുമില്ല.” കൈത്തോക്ക് ഉപയോഗിച്ചു തലങ്ങുംവിലങ്ങും വെടിവെക്കുന്നതരം ഗെയിം അവന് വലിയ ഇഷ്ടമാണ്. അത് അവന്റെ മാതാപിതാക്കൾക്ക് അറിയാം. അവർക്ക് ഈ കളി ഒട്ടും ഇഷ്ടമില്ലെങ്കിലും അവൻ
അതു കളിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാൻ അവർ അങ്ങനെയൊന്നും മെനക്കെടാറില്ല. ഒരു കൗമാരപ്രായക്കാരൻ ഇങ്ങനെ പറഞ്ഞു: “നമ്മുടെ തലമുറപോലെ അക്രമത്തിന്റെ കാര്യത്തിൽ ഇത്രയധികം മനം തഴമ്പിച്ചുപോയ മറ്റൊരു തലമുറ ഉണ്ടായിട്ടില്ല. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇന്ന്, മാതാപിതാക്കളെക്കാളും വലിയ പങ്കുള്ളതു ടെലിവിഷനാണ്. കുട്ടികളുടെ മനസ്സിലെ അക്രമാസക്തമായ ഭാവനകളെ ഊട്ടിവളർത്തുന്നതിന് ആവശ്യമായതെല്ലാം ടെലിവിഷൻ നൽകുന്നു.” ജോൺ ലിലാൻഡ് ന്യൂസ്വീക്കിൽ ഇങ്ങനെ എഴുതി: “[ഐക്യനാടുകളിൽ] ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന കൗമാരപ്രായക്കാരുടെ എണ്ണം 11 ദശലക്ഷം ആയിരിക്കുന്നു. അങ്ങനെ, പല മാതാപിതാക്കൾക്കും നിയന്ത്രിക്കാൻ പറ്റാത്ത ഈ മേഖലയിൽ കുട്ടികൾ കൂടുതൽക്കൂടുതൽ സമയം ചെലവഴിക്കുന്നു.”മരണത്തിലേക്കു വലിച്ചിഴക്കുന്ന ജീവിത-ശൈലികൾ
“ഡെത്ത്മാച്ച്” ഗെയിമുകളുടെയും അക്രമാസക്തമായ ചലച്ചിത്രങ്ങളുടെയും കാര്യമൊക്കെ വിട്ടിട്ട് യഥാർഥ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാലോ? വിചിത്ര ജീവികളുമായി ആർക്കും മാരകമായ പോരാട്ടത്തിലൊന്നും ഏർപ്പെടേണ്ടിവരുന്നില്ല എന്നതു സത്യമാണ്. എങ്കിലും ഇന്ന് പലരും ആത്മഹത്യാപരമായ പെരുമാറ്റരീതികൾ ഉള്ളവരാണ്. ഉദാഹരണത്തിന്, കുടുംബാംഗങ്ങളുടെ സ്വാധീനമുണ്ടായിട്ടും അല്ലെങ്കിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആരോഗ്യപ്രവർത്തകരും മറ്റ് അധികൃതരും മുന്നറിയിപ്പു നൽകിയിട്ടും പുകവലിയും മയക്കുമരുന്നു ദുരുപയോഗവും വർധിച്ചുകൊണ്ടേയിരിക്കുകയാണ്. പലരുടെ കാര്യത്തിലും ഇവ അകാലമരണത്തിന് ഇടയാക്കുന്നു. നിയമവിരുദ്ധമായി വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി വൻതോതിലുള്ള ബിസിനസ് സംരംഭങ്ങളും നിയമവിരുദ്ധ മയക്കുമരുന്നു വ്യാപാരികളും ആളുകളുടെ ആശങ്കകളെയും നിരാശയെയും ആത്മീയ ദാരിദ്ര്യത്തെയും ചൂഷണം ചെയ്യുന്നതിൽ തുടരുന്നു.
ഇതിന്റെയെല്ലാം ചരടുവലിക്കുന്നത് ആരാണ്?
വിനോദത്തിനു പറ്റിയ ഒരു വിഷയമായിട്ടാണോ ബൈബിൾ മരണത്തെക്കുറിച്ചു പറയുന്നത്? മരണത്തിന് ഇടയാക്കുന്നതരത്തിലുള്ള ജീവിത-ശൈലികളെ ന്യായീകരിക്കാൻ കഴിയുമോ? ഇല്ല. ഇക്കാര്യത്തിൽ, സത്യക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസിന്റെ അതേ വീക്ഷണമാണുള്ളത്. അവർ മരണത്തെ ഒരു “ശത്രു”വായിട്ടാണു കാണുന്നത്. (1 കൊരിന്ത്യർ 15:26) ആകർഷകമായിട്ടോ തമാശയായിട്ടോ ഒന്നുമല്ല, മറിച്ച് തികച്ചും അസ്വാഭാവികമായ ഒരു സംഗതിയായിട്ടാണ് അവർ അതിനെ വീക്ഷിക്കുന്നത്. ദൈവത്തിനെതിരെയുള്ള പാപത്തിന്റെയും മത്സരത്തിന്റെയും പരിണതഫലമാണ് മരണം. (റോമർ 5:12; 6:23) മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിൽ മരണത്തിന് യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല.
“മരണത്തിന്റെ അധികാരി” പിശാചാണ്. അവനെ “ഒരു കുലപാതകൻ” എന്നാണ് ബൈബിൾ വിളിക്കുന്നത്. അത് അവൻ നേരിട്ട് കൊല നടത്തുന്നതുകൊണ്ട് ആയിക്കൊള്ളണം എന്നില്ല. മറിച്ച്, ചതിയിലൂടെയും ആളുകളെ പാപത്തിലേക്കു വശീകരിച്ചും മരണകരമായ നടത്തയെ ഉന്നമിപ്പിച്ചും പുരുഷന്മാരുടെയും സ്ത്രീകളുടെയും എന്തിന്, കുട്ടികളുടെ പോലും മനസ്സുകളിൽ കൊലപാതകത്തിനുള്ള ചായ്വുകൾ ഊട്ടിവളർത്തിക്കൊണ്ടും അതു ചെയ്യുന്നതു കൊണ്ടാണ്. (എബ്രായർ 2:14, 15; യോഹന്നാൻ 8:44; 2 കൊരിന്ത്യർ 11:3; യാക്കോബ് 4:1, 2) എന്നാൽ, എന്തുകൊണ്ടാണ് യുവജനങ്ങൾ സാത്താന്റെ മുഖ്യലക്ഷ്യമായിരിക്കുന്നത്? അവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
[അടിക്കുറിപ്പ്]
a “ഡെത്ത്മാച്ച്” ഗെയിമുകൾ എന്ന ത്രിമാന, നെറ്റ്വർക്ക് ഗെയിമുകളിൽ കളിക്കാർ പരസ്പരം കൊല്ലാൻ പ്രേരിതരായിത്തീരുകയാണ്” എന്ന് ആ പുസ്തകം പറയുന്നു.
[7-ാം പേജിലെ ചിത്രം]
“നമ്മുടെ തലമുറപോലെ അക്രമത്തിന്റെ കാര്യത്തിൽ ഇത്രയധികം മനം തഴമ്പിച്ചുപോയ മറ്റൊരു തലമുറ ഉണ്ടായിട്ടില്ല.”