മനുഷ്യ ജീവനു വിലയില്ലാതാകുകയാണോ?
മനുഷ്യ ജീവനു വിലയില്ലാതാകുകയാണോ?
“മനുഷ്യ ജീവന് വലിയ വിലയൊന്നുമില്ലാത്ത ഒരു ലോകമാണ് ഇത്. ഏതാനും പൗണ്ട് (നൂറിന്റെ) കൊടുത്താൽ മതി, ഒരാളുടെ കഥ കഴിക്കാൻ. ആ സേവനത്തിന് തയ്യാറുള്ളവർ എത്ര വേണമെങ്കിലും ഉണ്ടുതാനും.”—ദ സ്കോട്ട്സ്മാൻ.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ഏപ്രിലിൽ, ലോകത്തെ ഞെട്ടിച്ചുകളഞ്ഞ ഒരു സംഭവം നടന്നു. അക്രമാസക്തരായ രണ്ട് കൗമാരപ്രായക്കാർ കൊളമ്പൈൻ ഹൈസ്കൂളിന്റെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കി. ഐക്യനാടുകളിലെ കൊളൊറാഡോയിൽ ഉള്ള ലിറ്റിൽടൺ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ മൊത്തം 15 പേർക്ക് ജീവൻ നഷ്ടമായി. അക്രമികളിൽ ഒരാൾ തന്റെ വെബ് പേജിൽ ഇങ്ങനെ എഴുതിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു: “മരിച്ചവർ വാദിക്കില്ല!” അക്രമികൾ രണ്ടുപേരും ആ ദുരന്തത്തിൽ മരിച്ചു.
കൊലപാതകങ്ങൾ ലോകത്തെല്ലായിടത്തും നടക്കുന്നു. ഓരോ ദിവസവും ക്രൂരമായി കൊല്ലപ്പെടുന്നവരുടെ എണ്ണം കണക്കാക്കാൻകൂടി വയ്യാത്തത്ര കൂടുതലാണ്. 1995-ൽ കൊലപാതകങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒന്നാമതു നിന്നിരുന്നത് ദക്ഷിണാഫ്രിക്ക ആയിരുന്നു. 1,00,000 പേർക്ക് 75 എന്നതായിരുന്നു അവിടത്തെ കൊലപാതകനിരക്ക്. തെക്കേ അമേരിക്കയിൽ, ജീവന് ഒട്ടും വില കൽപ്പിക്കാത്ത ഒരു രാജ്യമുണ്ട്. 1997-ൽ മാത്രം 6,000-ത്തിലധികം രാഷ്ട്രീയ കൊലപാതകങ്ങളാണ് അവിടെ നടന്നത്. കൊലപാതകം നടത്തുന്നതിന് വാടകക്കൊലയാളികളെ ഉപയോഗിക്കുന്നത് അവിടെ സാധാരണം മാത്രം. അതേ രാജ്യത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “കുട്ടികളെ കൊലപ്പെടുത്തുന്നതും ക്രമാതീതമായി വർധിച്ചിരിക്കുകയാണ് എന്നുള്ളത് ഞെട്ടിക്കുന്ന കാര്യമാണ്. 1996-ൽ, 4,322 കുട്ടികളാണു കൊല്ലപ്പെട്ടത്. വെറും രണ്ടുവർഷംകൊണ്ട് 40 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു.” എന്നാൽ, ഇപ്പോൾ കുട്ടികളും ഘാതകരുടെ വേഷം അണിഞ്ഞുതുടങ്ങിയിരിക്കുന്നു. സ്വന്തം മാതാപിതാക്കളും മറ്റു കുട്ടികളുമൊക്കെയാണ് അവരുടെ ഇരകൾ. അതേ, മനുഷ്യ ജീവനു വിലയില്ലാതായിരിക്കുന്നു.
“മരണ സംസ്കാര”ത്തിന്റെ പിന്നിൽ
മുകളിൽ പരാമർശിച്ച വസ്തുതകളും കണക്കുകളും എന്താണു സൂചിപ്പിക്കുന്നത്? ആളുകൾക്ക് ജീവനോടുള്ള ആദരവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്. അധികാരമോഹികളും പണസ്നേഹികളുമായ മനുഷ്യർ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ആളുകളെ കൊന്നൊടുക്കുന്നു. മയക്കുമരുന്നു രാജാക്കന്മാർ, കുടുംബങ്ങളെ ഒന്നടങ്കം വകവരുത്താനാണു പിണയാളികൾക്കു നിർദേശം നൽകുന്നത്. “തട്ടിക്കളയുക,” “ഇടപാടു തീർക്കുക,” “കഥ കഴിക്കുക,” എന്നിങ്ങനെയുള്ള പദങ്ങളാണ് അവർ ഉപയോഗിക്കുന്നത്.
ഇതിനുപുറമേ, വംശഹത്യയും ‘വംശീയ ശുദ്ധീകരണ’വും മനുഷ്യ ജീവന്റെ വില കുത്തനെ ഇടിയാൻ ഇടയാക്കിയിരിക്കുന്നു. അതിന്റെ ഫലമായി, കൊലപാതകങ്ങൾ ലോകമെമ്പാടുമുള്ള ടെലിവിഷൻ വാർത്തകളിൽ നിത്യേന സ്ഥാനംപിടിച്ചിരിക്കുന്നു.അക്രമത്തെയും അംഗഭംഗം വരുത്തലിനെയും മറ്റും പുകഴ്ത്തുന്ന രീതിയിലുള്ള ടെലിവിഷൻ പരിപാടികളെയും സിനിമകളെയുംകൂടെ ഈ പട്ടികയിലേക്കു ചേർക്കേണ്ടതുണ്ട്. അങ്ങനെ, മരണത്തെ കേന്ദ്രീകരിച്ചുള്ള അനാരോഗ്യകരമായ ഒരു സംസ്കാരം നമ്മുടെ സമൂഹത്തെ ആവരണം ചെയ്തിരിക്കുന്നതായി കാണപ്പെടുന്നു. ഇതേക്കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “വിചിത്രമെന്നു പറയട്ടെ, 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മരണം ഏറെ പ്രചാരം നേടിയ ഒരു വിഷയമായിത്തീർന്നു. ഒരുപക്ഷേ അതിശയം തോന്നിയേക്കാമെങ്കിലും അതിനുമുമ്പ് ശാസ്ത്രീയമോ തത്ത്വശാസ്ത്രപരമോ ആയ സംവാദങ്ങളിലെ ഒരു വിഷയമെന്ന നിലയിൽപ്പോലും അതിനു പ്രചാരം ലഭിച്ചിരുന്നില്ല. കാറ്റലോണിയയിലെ സാംസ്കാരിക നരവംശശാസ്ത്ര പ്രൊഫസറായ ചോസെപ്പ് ഫെറിക്ഗ്ലാ പറയുന്നു: “വിലക്കപ്പെട്ട ഒരു വിഷയമാണ് മരണം എന്ന ധാരണയൊക്കെ നമ്മുടെ സമൂഹങ്ങളിൽനിന്ന് പൊയ്പോയിരിക്കുന്നു. ഇന്ന്, ആളുകളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശയ സംഹിതകളിൽ ഒന്ന് മരണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.”
അധികാരവും മേധാവിത്വവും പണവും ഉല്ലാസവും ഒക്കെ മനുഷ്യ ജീവനെക്കാളും ധാർമിക മൂല്യങ്ങളെക്കാളും ഏറെ വലുതാണെന്ന പരക്കെയുള്ള ധാരണയായിരിക്കാം ഒരുപക്ഷേ ഈ “മരണ സംസ്കാര”ത്തിന്റെ ഏറ്റവും പ്രമുഖമായ സവിശേഷത.
ഈ “മരണ സംസ്കാരം” പടർന്നുപന്തലിക്കുന്നത് എങ്ങനെയാണ്? തങ്ങൾക്കു ചുറ്റുമുള്ള, തങ്ങളുടെ കുട്ടികളെ മോശമായി ബാധിക്കുന്ന, ഈ ദുഷിച്ച സ്വാധീനത്തെ ചെറുക്കാൻ മാതാപിതാക്കൾക്ക് എന്താണു ചെയ്യാൻ കഴിയുക? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഇതുപോലെയുള്ള ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
[4-ാം പേജിലെ ചതുരം/ചിത്രം]
ഒരു മനുഷ്യ ജീവന് എന്തു വിലയുണ്ട്?
◼“[ഇന്ത്യയിലെ മുംബൈയിൽ ഉള്ള] ഗുണ്ടാസംഘങ്ങളിലെ ചെറുപ്പക്കാർ പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്, വെറും 5,000 രൂപയ്ക്ക് [$115] ഒരാളെ കൊല്ലാൻ അവർ തയ്യാറാകും.”—വിദൂരപൂർവദേശ സാമ്പത്തിക പുനരവലോകനം (ഇംഗ്ലീഷ്).
◼“സിഗരറ്റ് ചോദിച്ചിട്ടു കൊടുക്കാഞ്ഞതിന് വഴിപോക്കനെ കൊലപ്പെടുത്തി.”—ചിലിയിലുള്ള സാന്റിയാഗോയിലെ ലാ ടെർസെറായുടെ തലക്കെട്ട്.
◼“റഷ്യയിൽ [1995-ൽ] ഒരു സാധാരണ വാടകക്കൊലയാളിയെ ഏർപ്പാടാക്കാൻ ഏകദേശം 7,000 ഡോളർ ചെലവുവരും . . . കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം, സമ്പദ്രംഗത്തുണ്ടായ മുന്നേറ്റത്തോടെ വാടകക്കൊലയാളികളെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു.”—മാസ്കോ ന്യൂസിൽ വന്ന ഒരു റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി റോയിറ്റേഴ്സ് റിപ്പോർട്ടു ചെയ്തത്.
◼“ഗർഭിണിയായ ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തുന്നതിനായി ഒരു കൗമാരപ്രായക്കാരനെ ഏർപ്പാടാക്കുകയും അവനുമായി പറഞ്ഞൊത്ത 1500 ഡോളറിന്റെ ഒരു ഭാഗം അവന് കൊടുക്കുകയും ചെയ്തതിന്റെ പേരിൽ ബ്രുക്ലിനിലെ ഒരു വസ്തു ഇടപാടുകാരൻ അറസ്റ്റിലായി.”—ദ ന്യൂയോർക്ക് ടൈംസ്.
◼‘ഇംഗ്ലണ്ടിൽ, കൊലപാതകത്തിന്റെ ചാർജ് കുറഞ്ഞുവരികയാണ്. അഞ്ചുവർഷം മുമ്പ് ഒരാളെ കൊല്ലുന്നതിന് 30,000 പൗണ്ട് ആയിരുന്നത് ഇപ്പോൾ 5,000-ത്തിനും 10,000-ത്തിനും ഇടയ്ക്കായിരിക്കുന്നു.’—ദ ഗാർഡിയൻ.
◼‘ബാൾക്കൻ ഗുണ്ടാസംഘങ്ങളുടെ മുന്നിൽ മാഫിയ ഒന്നുമല്ല എന്ന സ്ഥിതിയാണ്. പുതിയ നിയമങ്ങളും പുതിയ ആയുധങ്ങളും കൈവശമുള്ള പുതിയൊരു തരം കുറ്റവാളികളാണ് അവർ. സ്ഫോടനവസ്തുക്കളും മെഷീൻഗണ്ണുകളും ഉള്ള അവർ അവ ഉപയോഗിക്കാൻ മടികാണിക്കുന്നില്ല.’—ദ ഗാർഡിയൻ വീക്ക്ലി.