ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആഗോള വ്യാപാരം“ആഗോള വ്യാപാരം—അതു നിങ്ങളെ ബാധിക്കുന്ന വിധം” (സെപ്റ്റംബർ 8, 1999) എന്ന ലേഖനത്തിലെ വ്യക്തമായ വിവരങ്ങൾക്കു വളരെ നന്ദി. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള വലിയ വിടവിനു കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ കൂടുതൽ വ്യക്തമാണ്.
എം. ഇസെഡ്., ഇറ്റലി
ഞാൻ കോളേജിൽ ധനതത്ത്വ ശാസ്ത്രമാണു പഠിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തെ കുറിച്ചു ഞങ്ങൾ ഇപ്പോൾ പഠിച്ചു കഴിഞ്ഞതേയുള്ളു. ക്ലാസ്സിൽ ചർച്ച ചെയ്യാഞ്ഞ പല വിവരങ്ങളും നിങ്ങളുടെ ലേഖനത്തിൽ ഉണ്ടായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന എന്റെ പരീക്ഷയിൽ ഈ വിവരങ്ങൾ ഞാൻ ഉപയോഗിക്കും.
എച്ച്. എൻ., സിംബാബ്വേ
തെറ്റായ ലേസറോ? “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിലെ “വേദനിപ്പിക്കാത്ത ദന്തഡോക്ടറോ?” എന്ന ഭാഗത്ത് (ഒക്ടോബർ 22, 1999) ‘യെർബിയം: യാഗ് ലേസർ ഉപയോഗിച്ചു ദന്തശസ്ത്രക്രിയ നടത്തുന്നതിനെ’ കുറിച്ചു പറഞ്ഞിരുന്നു. “നിയോഡിമിയം: യാഗ്” എന്നായിരുന്നില്ലേ ശരിക്കും എഴുതേണ്ടിയിരുന്നത്?
ഡി. ബി., കാനഡ
ലേസർ ദന്തവൈദ്യശാസ്ത്ര അക്കാദമി, നിയോഡിമിയം: യാഗ് ലേസറിനെ ‘ദന്തവൈദ്യശാസ്ത്രത്തിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ലേസർ’ എന്നു വിശേഷിപ്പിക്കുന്നുണ്ട് എന്നതു ശരിയാണ്. എന്നാൽ അമേരിക്കൻ ദന്തവൈദ്യശാസ്ത്ര സമിതിയുടെ പത്രികയിൽ (ഇംഗ്ലീഷ്) (ആഗസ്റ്റ് 1997, വാല്യം 128, 1080-7 പേജുകൾ) ഞങ്ങളുടെ മാസികയിൽ പരാമർശിച്ച, “എഫ്ഡിഎ കൺസ്യൂമർ” മാഗസിനിലെ വിവരത്തോടുള്ള ചേർച്ചയിൽ യെർബിയം:യാഗ് ലേസറിന്റെ ഉപയോഗത്തെ കുറിച്ചു പറയുന്നുണ്ട്.—പത്രാധിപർ
മന്ത്രവാദം ഞാൻ ഒരു 13 വയസ്സുകാരനാണ്. എന്റെ സ്കൂളിൽ മന്ത്രവാദത്തിൽ വിശ്വസിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ഒരു ദിവസം ഞാൻ അതിനെക്കുറിച്ച് എന്താണു വിചാരിക്കുന്നതെന്ന് അവൾ എന്നോടു ചോദിച്ചു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും മന്ത്രവാദം ശരിയാണെന്നു വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. അതുകേട്ട് അവൾ ആകെ അസ്വസ്ഥയായി. അതിനുശേഷം പല പ്രാവശ്യം അവൾ ഈ വിഷയം എടുത്തിട്ടു. ഞാൻ യഹോവയോടു സഹായത്തിനായി പ്രാർഥിച്ചു. “ബൈബിളിന്റെ വീക്ഷണം: മന്ത്രവാദത്തിനു പിന്നിൽ എന്താണ്?” (നവംബർ 8, 1999) എന്ന ലേഖനത്തിന്റെ രൂപത്തിൽ യഹോവ സഹായം എത്തിച്ചുതന്നു. ഞാൻ ആ ലേഖനം അവൾക്കു നൽകി. അതു വായിച്ചതിൽപ്പിന്നെ ഈ വിഷയത്തെ കുറിച്ചുള്ള എന്റെ വീക്ഷണത്തെ ആ കുട്ടി ചോദ്യം ചെയ്തിട്ടില്ല.
കെ. ഇ., ഐക്യനാടുകൾ
ദുർഗന്ധം വമിക്കുന്ന വിശിഷ്ടഭോജ്യം “സൂർസ്റ്റ്രോമിങ്—ദുർഗന്ധം വമിക്കുന്ന ഒരു വിശിഷ്ടഭോജ്യം” (ജൂലൈ 8, 1999) എന്ന ലേഖനത്തിനു നന്ദി. സൂർസ്റ്റ്രോമിങ്ങിനെ കുറിച്ചു ഞങ്ങൾ ആദ്യമായി കേൾക്കുന്നത് ലേഖനം വായിച്ചപ്പോഴാണ്. അതുകൊണ്ട്, ഞങ്ങൾ സ്വീഡനിൽനിന്നുള്ള ഒരു സഹോദരിയോട് അതേക്കുറിച്ചു ചോദിച്ചു. നൂറു നാവായിരുന്നു സഹോദരിക്ക് അതിനെക്കുറിച്ചു വർണിക്കാൻ. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്, പിന്നീടു സഹോദരി രണ്ടു ടിൻ സൂർസ്റ്റ്രോമിങ്ങ് ഞങ്ങൾക്ക് തരികയും ചെയ്തു. ഞങ്ങളും പ്രാദേശിക സഭയിലെ കുറേപ്പേരും ഒരുമിച്ചിരുന്ന് അതു കഴിക്കാൻ തീരുമാനിച്ചു. ലേഖനത്തിലെ മുന്നറിയിപ്പു മനസ്സിൽപിടിച്ചുകൊണ്ട് ഞങ്ങൾ ടിൻ പുറത്തെ പൂന്തോട്ടത്തിൽ വെച്ചാണു തുറന്നത്. അതേതായാലും നന്നായി, ഞങ്ങളുടെ എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടുന്ന ദുർഗന്ധമാണ് അവിടെയെങ്ങും പരന്നത്! അതുകൊണ്ട് മുൻവിധി കൂടാതെ അതിന്റെ രുചി വിലയിരുത്തുക അസാധ്യമായിരുന്നു! ഏതായാലും ലേഖനത്തിനു വളരെ നന്ദി, അതു വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊരിക്കലും ഈ അവിസ്മരണീയ അനുഭവം ഉണ്ടാകുമായിരുന്നില്ല.
സി. ബി., ജർമനി
ആർഎസ്ഡി രണ്ടു വർഷത്തിനു മുമ്പുവന്ന “ആർഎസ്ഡി—കുഴപ്പിക്കുന്ന, വേദനാകരമായ ഒരു ആരോഗ്യപ്രശ്നം” (സെപ്റ്റംബർ 8, 1997) എന്ന ലേഖനത്തിന് ഇപ്പോഴെങ്കിലും ഞാൻ നന്ദി പറയട്ടെ. എന്റെ ഇടതു കൈയിൽ അനുഭവപ്പെട്ടിരുന്ന വേദനയും മറ്റും ആർഎസ്ഡി-യുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തുന്നതുവരെ ഞാൻ ഇതേക്കുറിച്ചു കേട്ടിട്ടുപോലുമില്ലായിരുന്നു. എന്നെ ചികിത്സിക്കുന്ന ഫിസിക്കൽ തെറാപ്പി വിദഗ്ധ പറഞ്ഞത് അവർ കോളേജിൽ പഠിച്ചതിനെക്കാൾ കൂടുതൽ വിവരങ്ങൾ ആ ലേഖനത്തിൽനിന്നു മനസ്സിലാക്കിയെന്നാണ്. അതിനു വളരെ നന്ദി. എന്റെ ആരോഗ്യപ്രശ്നവുമായി പൊരുത്തപ്പെട്ടുപോകാൻ അതെന്നെ വളരെയധികം സഹായിച്ചിരിക്കുന്നു.
എൽ. എം. കെ., ഐക്യനാടുകൾ